കോർപ്പറേറ്റുകാല ചൂഷണത്തിന് വീഥിയൊരുക്കാൻ ; തൊഴിലുറപ്പ് പദ്ധതിയെതകർക്കുന്ന മോദിഭരണം

MGNAEGA-Logo.jpg
Share

2025 ഡിസംബർ 18ന് നരേന്ദ്ര മോദി സർക്കാർ പാർലമെന്റിൽ ഒരു നിയമം പാസ്സാക്കിയെടുത്തു. അതിശയിപ്പിക്കുന്ന വേഗതയിൽ, അവതരിപ്പിച്ച് കേവലം മൂന്നു ദിവസത്തിനുള്ളിൽത്തന്നെ അത് പാസാക്കിയെടുത്തു എന്നത് ചില ചോദ്യങ്ങൾ ഉയർത്തുന്നു. ഒട്ടും വൈകാതെ തന്നെ രാഷ്ട്രപതി ഒപ്പിട്ടുകൊടുത്ത് അത് നിയമമായി നടപ്പിൽ വരികയും ചെയ്തിരിക്കുന്നു. രണ്ട് പതിറ്റാണ്ടായി രാജ്യത്തെ ഗ്രാമീണ തൊഴിൽശക്തിയെ നിലനിർത്തുന്നതിലും, തൊഴിൽ ഒരു അവകാശമായി സ്ഥാപിച്ചെടുക്കുന്നതിലും സഹായിച്ച മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തെ (എംജിഎൻആ‍ർഇജിഎ) ഇല്ലാതാക്കിക്കൊണ്ട്, പകരം വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ (ഗ്രാമീൺ) ആക്ട് അഥവാ വിബി-ജിറാംജി എന്ന വിചിത്രമായ പേരോടുകൂടിയ നിയമമാണ് അങ്ങനെ നിലവിൽ വന്നിരിക്കുന്നത്.

മഹാത്മാ ഗാന്ധിയുടെ പേരുമാറ്റി, ഹിന്ദിയും ഇംഗ്ലീഷും കൂട്ടിക്കുഴച്ച് നിർമ്മിച്ചെടുത്ത പുതിയപേരിലെ വൈചിത്ര്യം ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു മുഖ്യപ്രതി പക്ഷമായ കോൺഗ്രസിന്റെ പ്രതിഷേധം. എന്നാൽ കേവലം പേരുമാറ്റത്തിനപ്പുറം ആഴത്തിലുള്ള കാര്യങ്ങൾ കൂടി ഈ പുതിയ നിയമനിർമ്മാണത്തിൽ ഉൾപ്പെട്ടിരിക്കുന്നത് വിവിധ കോണുകളിൽ നിന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പക്ഷേ, ഇതും അതുപോലെ തന്നെ ആണവമേഖലയെ സ്വകാര്യമേഖലയിലേക്ക് നയിക്കുന്ന ‘ശാന്തി’ ബില്ലും സെലക്ട് കമ്മിറ്റിക്കുപോലും വിടാതെ, പാ‍ർലമെന്റ് അംഗങ്ങൾക്കോ പൊതുസമൂഹത്തിനോ പഠിച്ച് അഭിപ്രായം പറയാൻ അവസരം നൽകാതെ ശരവേഗത്തിൽ സർക്കാർ പാസ്സാക്കിയെടുക്കുകയായിരുന്നു. പാർലമെന്റിനെ വെറും പ്രഹസനമാക്കിത്തീർക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ നാൾക്കുനാൾ രൂക്ഷമാകുന്ന ജനാധിപത്യവിരുദ്ധതയുടെ പ്രത്യക്ഷ തെളിവുകളായി മാറുകയാണ് ഇത്തരം നിയമനിർമ്മാണങ്ങൾ.
നിരവധി പാളിച്ചകളുണ്ടെങ്കിലും ഇന്ത്യയിലെ ഗ്രാമീണ ജീവിതങ്ങളെ ഏറെ സഹായിച്ച ഒന്നായിരുന്നു ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. കാർഷികമേഖലയിലെ പ്രതിസന്ധികളിലും പിന്നീട് കോവിഡ് കാലത്തെ പ്രതിസന്ധിയിലും പിടിച്ചുനിൽക്കാൻ രാജ്യത്തെ ഗ്രാമീണ തൊഴിലാളികൾക്ക് ഒരു പിടിവള്ളിയായത് ഈ പദ്ധതിയായിരുന്നു. യഥാർത്ഥത്തിൽ കൊടുക്കേണ്ട മിനിമം കൂലിയിൽനിന്നും താഴ്ത്തി നിശ്ചയിച്ചിട്ടുപോലും തൊഴിലുറപ്പിലൂടെ കിട്ടുന്ന കൂലി നൽകിയ പരിമിതമായ സ്വയംപര്യാപ്തത, ഗ്രാമങ്ങളിലെ വൻകിട  കർഷകരുടെയും വട്ടിപ്പലിശക്കാരുടെയും കാലങ്ങളായുള്ള ചൂഷണത്തെ അല്പമെങ്കിലും പ്രതിരോധിക്കാൻ അവരെ  സഹായിച്ചിട്ടുണ്ട്. കൃഷിയെമാത്രം ആശ്രയിച്ചിരുന്ന ഗ്രാമീണ തൊഴിൽശക്തിയെയും വീടുകൾക്കുള്ളിൽ തളച്ചിടപ്പെട്ട സ്ത്രീകളെയും തൊഴിൽസേനയുടെ ഭാഗമാക്കുന്നതിൽ ഈ പദ്ധതി കുറച്ചെങ്കിലും സഹായിച്ചിട്ടുണ്ട് എന്നത് നിസ്തർക്കമാണ്. തൊഴിൽ നിയമപരമായ അവകാശമാക്കുന്നതായിരുന്നു തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാനമെന്നത്, അതിനെ മുതലാളിവർഗ്ഗത്തിന്റെ കണ്ണിലെ കരടാക്കിയിരുന്നു എന്നതും വസ്തുതയാണ്. പക്ഷേ, ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആഗോളമുതലാളിത്തം നേരിട്ട, ഇനിയും അവസാനിക്കാത്ത കമ്പോള പ്രതിസന്ധിയുടെ ആരംഭത്തിൽ, മുതലാളിവർഗത്തിന് അവരുടെ നിലനിൽപ്പിന്റെ താത്പര്യാർത്ഥം നടപ്പാക്കേണ്ടിവന്ന ഒത്തുതീർപ്പ് പദ്ധതികളിൽ ഒന്നായി വേണം ദേശീയ തൊഴിലുറപ്പ് പദ്ധതിയെ മനസ്സിലാക്കാൻ. ഇന്ന്, കൂടുതൽ കുത്തക സ്വഭാവമാർജ്ജിക്കുകയും മരണമടുത്തിരിക്കുകയും ചെയ്തിരിക്കുന്ന ഇന്ത്യയിലെ മുതലാളിവർഗ്ഗം, തൊഴിൽശക്തിയെ സമ്പൂർണ്ണമായും അടിച്ചമർത്തി ചൂഷണം ചെയ്ത് സ്വന്തം ആയുസ്സ് നീട്ടാനാണ് ശ്രമിക്കുന്നത്. അതിന്റെ പ്രതിഫലനമാണ്, അങ്ങേയറ്റം തൊഴിലാളിവിരുദ്ധമായ പുതിയ തൊഴിൽ കോ‍ഡുകളും തൊഴിലുറപ്പ് പദ്ധതിയുടെ ഈ പൊളിച്ചെഴുത്തും. അല്ലാതെ കേവലം ഒരു പേരുമാറ്റമോ പരിഷ്കരണമോ ആയി മാത്രം ഇതിനെ കാണാൻ പാടില്ല.


മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി


ഈ നൂറ്റാണ്ടിന്റെ തുടക്കകാലത്ത് ഇന്ത്യയുടെ ഗ്രാമീണ കാർഷിക മേഖല നേരിട്ടിരുന്ന ഗുരുതര പ്രതിസന്ധികളുടെയും കർഷക ആത്മഹത്യകളുടെയും പശ്ചാത്തലത്തിലാണ്, യുപിഎ സർക്കാരിന്റെ ആരംഭകാലത്ത്, 2005ൽ ദേശീയ തൊഴിലുറപ്പ് നിയമം പാർലമെന്റ് പാസ്സാക്കിയത്. 2009ൽ ഇതിനെ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് നിയമമെന്ന് പുനർനാമകരണം ചെയ്തു. തൊഴിൽ ലഭിക്കുകയെന്നത് നിയമപരമായ അവകാശമായി സ്ഥാപിക്കുന്ന ഒരു നിയമമായി ഇത് മാറി. അതുപ്രകാരം, ഓരോ ഗ്രാമീണ കുടുംബത്തിനും ഒരു വർഷം 100 തൊഴിൽ ദിനങ്ങൾ നൽകാൻ സർക്കാർ ബാദ്ധ്യസ്ഥമായി. 2025-26ൽ 241 രൂപ (നാഗാലാന്റിലും അരുണാചൽ പ്രദേശിലും) തൊട്ട് 400 രൂപ വരെയാണ് വിവിധ സംസ്ഥാനങ്ങളിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള കൂലി. തൊഴിൽ നൽകേണ്ടത് ആവശ്യപ്പെടുന്നതനുസരിച്ചാകണം. അതായത്, ഒരു പ്രദേശത്ത്, തൊഴിലെടുക്കാൻ തയ്യാറുള്ള 100 പേർ തൊഴിൽ ആവശ്യപ്പെടുകയാണെങ്കിൽ 100 പേ‍ർക്കും തൊഴിൽ നൽകാൻ സർക്കാർ ബാദ്ധ്യസ്ഥമാണ്. അതിനനുസരിച്ചാണ് ഫണ്ട് നൽകേണ്ടതും. ജാതി, മത, ലിംഗഭേദങ്ങൾ പരിഗണിക്കാതെ സാർവത്രികമായാണ് തൊഴിൽ നൽകുന്നത്. ചെലവിന്റെ 90 ശതമാനവും കേന്ദ്രസർക്കാരായിരുന്നു നൽകിയിരുന്നത്.
ഏറ്റവും ഒടുവിലത്തെ ലഭ്യമായ കണക്കുകൾ പ്രകാരം, 12.61 കോടി ആളുകൾ തൊഴിലുറപ്പ് പദ്ധതിയിൽ സജീവമായി ഉൾപ്പെട്ടിരുന്നു. ഇതിൽ പകുതിയിലേറെയും, അതായത്, ഏകദേശം 58% പേർ വനിതകളായിരുന്നു. സർവ്വേകൾ പ്രകാരം, തൊഴിലുറപ്പ് പദ്ധതി വരുന്നതിനുമുമ്പ്, ഒരു തൊഴിലിലും ഏർപ്പെടാതിരിക്കുകയോ, അല്ലെങ്കിൽ കുടുംബത്തിന്റെ കൃഷിയിടത്തിൽ മാത്രം പണിയെടുക്കുകയോ ചെയ്തവരായിരുന്നു തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ സ്ത്രീകളിൽ 45% പേരും. മൊത്തം തൊഴിലാളികളിൽ 35% പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ളവരും. പദ്ധതി വന്നതിനുശേഷം ദളിത്-ആദിവാസി കുടുംബങ്ങളിൽ കാർഷികവൃത്തിയില്ലാത്ത കാലങ്ങളിലെ ഉപഭോഗത്തിൽ 30% വരെ വർദ്ധനവുണ്ടായതായി ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. കോവിഡ്-19 മഹാമാരിയുടെ സമയത്ത് എങ്ങനെയാണ് തൊഴിലുറപ്പ് പദ്ധതി ഇന്ത്യയുടെ ദരിദ്രഗ്രാമങ്ങൾക്ക് തുണയായതെന്നും രേഖപ്പെടുത്തിയിട്ടുള്ളതാണ്. പല കുടുംബങ്ങളേയും തൊഴിലിനായുള്ള കുടിയേറ്റത്തിന്റെ ആവശ്യകതയിൽ നിന്നും സംരക്ഷിച്ചതും ഈ പദ്ധതിയായിരുന്നു. തൊഴിലാളികളുടെ വരുമാനം ഉയരുന്നതിനും, ദാരിദ്ര്യം കുറക്കുന്നതിനും സ്കൂൾ എൻറോൾമെന്റ് വർധിപ്പിക്കുന്നതിനും പദ്ധതി സഹായിച്ചു എന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. നടപ്പാക്കലിലെ പാളിച്ചകളും, അഴിമതിക്കുള്ള സാധ്യതകളും നിലനിന്നിരുന്നു എങ്കിലും, സോഷ്യൽ ഓഡിറ്റിനുള്ള അവസരവും, ഓരോ നടപടിയും രേഖപ്പെടുത്താനും പരിശോധിക്കാനുമുള്ള സംവിധാനവും പദ്ധതി ഉണ്ടാക്കിയെടുത്തിരുന്നു. തൊഴിലെടുക്കുന്നവരിൽ ബഹുഭൂരിപക്ഷവും സംഘടിത തൊഴിൽമേഖലകൾക്കും സാമൂഹ്യസുരക്ഷാ പദ്ധതികൾക്കും പുറത്ത് നിൽക്കുന്ന നമ്മുടെ രാജ്യത്ത്, മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ, തൊഴിലിനെ ഏറ്റവും ഫലപ്രദവും അന്തസ്സാ‍ർന്നതുമായ ഒരു സാമൂഹ്യസുരക്ഷയായി അംഗീകരിക്കുകയായിരുന്നു.


എന്നാൽ മോദി സർക്കാർ 2014ൽ അധികാരമേറ്റപ്പോൾ മുതൽ ഈ പദ്ധതിയോട് പ്രതിലോമകരമായ സമീപനമാണ് കൈക്കൊണ്ടത്. തുടർച്ചയായി ഫണ്ട് വെട്ടിക്കുറച്ചതിലൂടെ കൂലി നൽകുന്നതും തുടർച്ചയായി വൈകിത്തുടങ്ങി. ബജറ്റ് നിയന്ത്രണങ്ങൾ വന്നപ്പോൾ ജോലികളും നിയന്ത്രിതമാക്കാൻ ഉദ്യോഗസ്ഥ‍ർ നിർബന്ധിതരായി. പുതുതായി കൊണ്ടുവന്ന, ഹാജർ ആപ്പുകളും സങ്കീർണമായ പേയ്മെന്റ് സംവിധാനവും പോലെയുള്ള അതാര്യമായ സാങ്കേതികമാർഗങ്ങൾ തൊഴിലാളികളും ഉദ്യോഗസ്ഥരും തമ്മിലുള്ള അകലം വർദ്ധിപ്പിക്കുകയും തൊഴിൽ അവകാശങ്ങളും സമയത്തുള്ള കൂലിയും നിഷേധിക്കുന്നതിലേക്കും നയിച്ചു. സോഷ്യൽ ഓഡിറ്റ് സംവിധാനങ്ങളെ ദുർബലപ്പെടുത്തി. നവംബറിൽ പുറത്തുവന്ന ഒരു റിപ്പോർട്ട് പ്രകാരം, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ പട്ടികയിൽ നിന്നും തൊട്ടുമുന്നേയുള്ള ഒരു മാസത്തെ കാലയളവിനുള്ളിൽ 27 ലക്ഷം പേരെയാണ് നീക്കം ചെയ്തിരുന്നത്. അതേ കാലയളവിൽ 10.5 ലക്ഷം തൊഴിലാളികളെ മാത്രമാണ് പുതുതായി കൂട്ടിച്ചേർത്തത്. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഇ-കെവൈസി (ഉപഭോക്താവിനെ തിരിച്ചറിയുന്ന ഡിജിറ്റൽ വിവരങ്ങൾ) നടത്തുന്നതിനായി ചെലുത്തിയ സമ്മർദ്ദവും ഇതിനോട് കൂട്ടിവായിക്കണം. അനർഹരെ ഒഴിവാക്കാനെന്ന പേരിൽ യഥാർത്ഥത്തിൽ അർഹരായ ഒട്ടനവധി പേരെ  ഇത്തരം നടപടികളിലൂടെ പട്ടികയിൽ നിന്നും പുറത്താക്കി എന്നത് വസ്തുതയാണ്. ഇന്ത്യയുടെ ഗ്രാമീണ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാതെ, ഇ-കെവൈസി പോലെയുള്ള നടപടികൾ അടിച്ചേൽപ്പിക്കുന്നത് ദരിദ്രരായ തൊഴിലാളികളെ സഹായിക്കാനല്ല എന്നത് വ്യക്തമാണ്.  തൊഴിലുറപ്പ് പദ്ധതിയോട് മോദി സർക്കാർ തുടക്കംതൊട്ടേ വെച്ചുപുല‍ർത്തിയ താൽപ്പര്യമില്ലായ്മയ്ക്ക് ഒരു ദൃഷ്ടാന്തം മാത്രമാണിത്. പദ്ധതിക്കായുള്ള ബജറ്റ് വിഹിതം നിരന്തരം വെട്ടിക്കുറച്ചിരുന്നത് മറ്റൊരു ഉദാഹരണം.
വർഗപരമായി, ആഗോളതലത്തിൽ നേരിട്ടുകൊണ്ടിരുന്ന കമ്പോള പ്രതിസന്ധിയുടെ കാലത്ത്, അടിസ്ഥാനജനവിഭാഗങ്ങൾക്ക് ഏറ്റവും ചുരുങ്ങിയ ക്രയശേഷി നിലനിർത്താനും, പ്രതിസന്ധിഘട്ടത്തിൽ അസംഘടിത തൊഴിലാളി ശക്തി, വർഗപരമായി ഐക്യപ്പെട്ട് ഭീഷണിയായി മാറുന്നതിനെതിരെയുള്ള പ്രതിരോധമെന്ന നിലയിലും അന്ന് മുതലാളിവർഗം അനുവദിച്ച ഒത്തുതീർപ്പായി തൊഴിലുറപ്പ് നിയമത്തെ കാണാം. സംഘടിത വ്യവസായമേഖലയ്ക്കോ നിർമ്മാണമേഖലയ്ക്കോ നേരിട്ട് വെല്ലുവിളി ഉയർത്തുന്നുമില്ല. ഒപ്പം, പല സംസ്ഥാനങ്ങളിലും നിലവിൽ അവിടെ പൊതുവിലുള്ള കുറഞ്ഞ കൂലിയേക്കാൾ കുറഞ്ഞതായിരുന്നു തൊഴിലുറപ്പിലൂടെ നിശ്ചയിക്കപ്പെട്ട കൂലി. എന്നാൽ ഇതിലൂടെ തൊഴിൽ രഹിതരായ ഗ്രാമീണ തൊഴിൽശക്തിയുടെ വിലപേശൽ ശക്തി വർദ്ധിച്ചു എന്നത്, തീർച്ചയായും വൻഭൂവുടമകൾക്കും, സമ്പന്ന കർഷകർക്കും, കോർപ്പറേറ്റ് കാർഷിക സ്ഥാപനങ്ങൾക്കും ഭീഷണിയായിരുന്നു. കോർപ്പറേറ്റുകാലത്തെ അതിനിന്ദ്യമായ ചൂഷണത്തിന് പ്രതികൂലമായ ഘടകങ്ങൾ സൃഷ്ടിക്കുന്ന  ഒന്നായി ദേശീയ തൊഴിലുറപ്പ് പദ്ധതി മാറിയിരുന്നു. അതും ഈ പദ്ധതി പൊളിച്ചെഴുതാൻ പ്രധാനപ്പെട്ട ഒരു കാരണമായി മാറി.  


എന്തുകൊണ്ട് വിബി-ജി റാംജി


2005ൽനിന്നും 2025ൽ എത്തുമ്പോൾ ഇന്ത്യയിലെ മുതലാളിത്തം കൂടുതൽ കുത്തകസ്വഭാവവും സാമ്രാജ്യത്വസ്വഭാവവും ആർജ്ജിച്ചിരുന്നു. തൊഴിൽ രഹിത സേന ക്ഷയിക്കുന്നതും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതും ഇന്നത്തെ മുതലാളിത്തത്തിന് ഒരു ബാധ്യതയാണ്. തൊഴിലുറപ്പ് നിയമം മുന്നോട്ടു വെക്കുന്ന തൊഴിൽ എന്ന അവകാശവും, തൊഴിലാളിക്ക് അതിലൂടെ ലഭ്യമായ വർധിച്ച വിലപേശൽ ശക്തിയും ഇന്നത്തെ മുതലാളിത്ത താത്പര്യത്തിന് തികച്ചും വിരുദ്ധമായി മാറിയിരിക്കുന്നു. കൂടുതൽ കേന്ദ്രീകൃത നിയന്ത്രണവും, സാമ്പത്തിക വ്യക്തതയും കാംക്ഷിക്കുന്ന ഇന്നത്തെ മുതലാളിത്ത ഭരണകൂടത്തിന്റെ താത്പര്യങ്ങളുമായി, പ്രാദേശികതലങ്ങളിൽ ആവശ്യാധിഷ്ഠിതമായി തൊഴിലവസരങ്ങൾ നിശ്ചയിക്കപ്പെടുന്ന തൊഴിലുറപ്പ് പദ്ധതി ഒത്തുപോകുന്നില്ല. ഈ സാഹചര്യത്തിലാണ് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സ്ഥാനത്ത്, വിബി-ജി റാംജി പദ്ധതി കൊണ്ടുവരുന്നത്. ആവശ്യകതയ്ക്കനുസരിച്ച്, അവകാശമായി തൊഴിൽ നൽകുക എന്ന ഉത്തരവാദിത്തമായിരുന്നു തൊഴിലുറപ്പ് നിയമമെങ്കിൽ, ഒരു നിശ്ചിത നീക്കിയിരിപ്പിനുള്ളിൽ വീതംവെച്ചു നൽകേണ്ട ഒരു ക്ഷേമപദ്ധതിയായി അതിനെ പരിവർത്തനപ്പെടുത്തുകയാണ് ഈ പുതിയ നിയമം.
നിയമത്തിന്റെ 5(1) വകുപ്പ് പ്രകാരം, എവിടെ, എങ്ങനെ, എന്ത് തൊഴിലുകൾ ചെയ്യണമെന്നത് നിശ്ചയിക്കാനുള്ള അധികാരം ഇനി കേന്ദ്രസർക്കാരിനായിരിക്കും. അതായത്, പഞ്ചായത്തുകളിൽ നിന്നും ഈ അവകാശം എടുത്തുമാറ്റി, തീരുമാനങ്ങൾ കേന്ദ്രീകരിക്കുന്നു. പുതിയ നിയമത്തിന്റെ വകുപ്പ് 4(5) പ്രകാരം, ഓരോ സംസ്ഥാനത്തിനും നൽകേണ്ട വിഹിതവും ‘നി‍ർദ്ദിഷ്ട മാനദണ്ഡങ്ങളനുസരിച്ച്’ കേന്ദ്രം തീരുമാനിക്കും. അതായത്, മറ്റ് പല പദ്ധതികളിലും നാം കാണുന്നതുപോലെ കേന്ദ്രസർക്കാരിന്റെ സങ്കുചിത താത്പര്യത്തിനനുസരിച്ച് നൽകുന്ന ഔദാര്യമായി ഈ പദ്ധതിക്കുള്ള വിഹിതവും മാറും. മാത്രവുമല്ല, തൊഴിലുറപ്പ് പദ്ധതിയിൽ നേരത്തേ ചെലവിന്റെ 90% കേന്ദ്രം വഹിച്ച സ്ഥാനത്ത്, പുതിയ നിയമത്തിന്റെ വകുപ്പ് 22 പറയുന്നതനുസരിച്ച്, ചില സംസ്ഥാനങ്ങൾക്കൊഴികെ, കേന്ദ്രം 60 ശതമാനവും സംസ്ഥാനം 40 ശതമാനവും ചെലവ് വഹിക്കണമെന്നാണ്. കൂടാതെ മുൻനിശ്ചയിച്ചതിനു മീതെ ചെലവുണ്ടായാൽ അതും സംസ്ഥാനത്തിന്റെ തന്നെ ഉത്തരവാദിത്തമായിരിക്കും. നിലവിൽ തന്നെ സാമ്പത്തിക പ്രതിസന്ധിയിലാണ്ടു മുങ്ങുന്ന വിവിധ സംസ്ഥാനങ്ങൾക്ക് ഈ അധികഭാരം ഏൽപ്പിക്കുന്ന ആഘാതം പറയേണ്ടതില്ലല്ലോ! ഫലത്തിൽ പദ്ധതി ക്രമേണ ദുർബ്ബലമാവുകയും അസ്തമിക്കുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും.


വർഷം 125 തൊഴിൽദിനങ്ങൾ പുതിയ നിയമത്തിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷേ, നിലവിലുളള നിയമം അനുസരിച്ചുള്ള 100 തൊഴിൽ ദിനങ്ങൾ തന്നെ പൂർണ്ണമായി നൽകാൻ സാധിക്കുന്നില്ല എന്ന വസ്തുനിഷ്ഠ യാഥാർത്ഥ്യം മുന്നിൽ നിൽക്കുമ്പോഴാണ് ഈ പരിഹാസ്യമായ വാഗ്ദാനം. മറ്റൊരു പ്രധാനകാര്യം, പുതിയ നിയമത്തിന്റെ വകുപ്പ് 6(2) പ്രകാരം, കാർഷിക സീസണിലെ 60 ദിവസങ്ങളിൽ തൊഴിൽ നൽകാൻ പാടില്ല എന്നതാണ്. അതായത്, ഭൂരഹിത കർഷകർക്കും കർഷകത്തൊഴിലാളികൾക്കും ഗ്രാമീണസ്ത്രീകൾക്കും വർഷത്തിന്റെ ഏതു സമയത്തും തൊഴിൽ ലഭിക്കാനുണ്ടായിരുന്ന അവസരത്തെ ഇല്ലാതാക്കുന്നു. അവരുടെ വിലപേശൽ ശേഷിയെ തകർക്കാൻ മാത്രമല്ല, തൊഴിലുറപ്പ് നിയമം ഒരു പരിധിവരെ ഇല്ലാതാക്കാൻ സഹായിച്ച, ഭൂവുടമസ്ഥപരവും ജാതിപരവും ലിംഗപരവുമായ അസമത്വങ്ങളെ ഈ പുതിയ വകുപ്പ് പുനരുജ്ജീവിപ്പിക്കുകയാണ്. ധനികകർഷകരുടെയും വൻഭൂവുടമകളുടേയും കാ‍ർഷികമേഖലയിൽ കാലെടുത്തുവെച്ചിരിക്കുന്ന അദാനി അടക്കമുള്ള കോ‍ർപ്പറേറ്റുകളുടേയും താത്പര്യമാണിതെന്ന് ആർക്കാണ് മനസ്സിലാകാത്തത്? എന്നും അവരുടെ ഔദാര്യങ്ങൾ കാത്ത് കാൽക്കീഴിൽ കിടക്കേണ്ടവർ മാത്രമായി ഗ്രാമീണതൊഴിൽശക്തിയെ വീണ്ടും മാറ്റിത്തീർക്കാനല്ലേ ഈ ശ്രമം?


സമ്പന്ന കർഷക-കാർഷിക കോർപ്പറേറ്റ് താത്പര്യങ്ങൾ മാത്രമല്ല ഈ പുതിയ നിയമത്തിൽ പ്രതിഫലിക്കുന്നത്. ആഗോളതലത്തിൽ മാനുഫാക്ച്ചറിങ്ങ് ഹബ്ബായി ഇന്ത്യയെ മാറ്റാനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ. ചൈനയോട് മത്സരിച്ച് അങ്ങനെ വ്യാവസായിക ഉത്പാദനം വർദ്ധിപ്പിക്കണമെങ്കിൽ, മുതലാളിത്ത കുത്തകകൾക്ക് കൂടുതൽ കൊള്ളലാഭമുണ്ടാക്കാനുള്ള അവസരം സൃഷ്ടിക്കണം. അതിനുള്ള മാർഗം തൊഴിലാളികളെ കൂടുതലായി ചൂഷണം ചെയ്യാനുള്ള അവസരമുണ്ടാക്കുക എന്നതാണ്. തൊഴിലാളികളുടെ സംഘടിതശേഷിയെ തളർത്തി, വിലപേശൽശക്തി വെട്ടിക്കുറയ്ക്കുക എന്നത് ഇതിന്റെ ഭാഗമാണ്. തൊഴിലുറപ്പു പദ്ധതിയുടെ കൂലിയേക്കാൾ താഴ്ന്ന ഒരു തുക നിശ്ചയിച്ച്, പ്രാദേശിക ഉൽപ്പാദനയൂണിറ്റുകളുടെ ബൃഹത്തായ ഒരു ശൃംഖല സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന കോർപ്പറേറ്റുശക്തികൾക്കു നിലവിലുണ്ടായിരുന്ന  പദ്ധതി ഒരു വെല്ലുവിളിയായിരുന്നു. ഈ ലക്ഷ്യം മുൻനിർത്തിലേബർ കോഡുകളുടെ മറുവശമാണ് വിബി-ജി റാം ജി എന്ന് നിസ്സംശയം പറയാം.


കൂടാതെ മഹാമാരിക്കുശേഷം രാജ്യത്ത് പൊതുകടം വൻതോതിൽ വർദ്ധിച്ചുകൊണ്ടേയിരിക്കുകയാണ്. നാൾക്കുനാൾ രൂക്ഷമാകുന്ന ആഗോള സാമ്പത്തിക  സ്ഥിതിയിലും അനിശ്ചിതത്വങ്ങളുണ്ട്. ഇവിടെ, സാമ്പത്തികപ്രതിസന്ധിയുടെ ഭാരം പേറേണ്ടിവരുന്ന സാധാരണക്കാരുടെ താത്പര്യം സംരക്ഷിക്കാനല്ല, മറിച്ച് പ്രതിസന്ധി സൃഷ്ടിക്കുകയും രൂക്ഷമാക്കുകയും ചെയ്യുന്ന കുത്തക മുതലാളിത്ത ത്തിന്റെ താത്പര്യങ്ങളുടെ സംരക്ഷകരായാണ്, വാചാടോപമെന്തായാലും ഈ രാജ്യത്തെ മുതലാളിത്ത ഭരണകൂടങ്ങളുടെ നിലനിൽപ്പും കേന്ദ്ര-സംസ്ഥാന ഭേദമന്യേ നാളിതുവരെ കൈകൊണ്ട നയപരിപാടികളും തൊഴിലുറപ്പ് പോലെയുള്ള പദ്ധതികൾക്കായി പണം നീക്കിവെക്കാനല്ല, അതുകൂടി മുതലാളിത്ത ഭീമന്മാരുടെ പണപ്പെട്ടിയിലേക്ക് ഒഴുക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഇന്ത്യയിലെ കുത്തക മുതലാളിത്തത്തിന്റെ ഏറ്റവും വിശ്വസ്ത സേവകരായ നരേന്ദ്രമോദി സർക്കാരും ബിജെപിയും ഇത്തരം നിയമനിർമ്മാണം, എല്ലാ ജനാധിപത്യമര്യാദകളേയും കാറ്റിൽപ്പറത്തി നടത്തുന്നത് ആ താത്പര്യം അനുസരിച്ചാണ്. ‘വികസിത് ഭാരത്’ എന്ന മുദ്രാവാക്യം മോദി സർക്കാർ ഉയർത്തുമ്പോൾ ആരുടെ വികസനം എന്ന് ഈ രാജ്യത്തെ തൊഴിലാളികളും സാധാരണക്കാരും ചോദിക്കേണ്ടിവരികയാണ്.
ഇതോടൊപ്പം തന്നെ ഫെഡറൽ ഘടനയെ ദുർബ്ബലമാക്കി, സ്റ്റേറ്റിന്റെ മുഴുവൻ അധികാരവും ഘട്ടംഘട്ടമായി കേന്ദ്രീകരിക്കുന്ന പ്രവണത, ഈ നിയമത്തിലും കൂടുതൽ ദൃശ്യമാവുകയാണ്. പഞ്ചായത്ത് തലത്തിൽ നടത്തിക്കൊണ്ടിരുന്ന പ്രവർത്തനങ്ങൾ പോലും കേന്ദ്രത്തിന്റെ നിയന്ത്രണത്തിനും തീരുമാനത്തിനും വിധേയമാക്കുന്നത് മോദി സർക്കാരിന്റെ രാഷ്ട്രീയസമീപനം കൂടിയാണ് തെളിയിക്കുന്നത്. തൊഴിലാളികൾക്ക് എല്ലാ സുരക്ഷിതത്വവും നിഷേധിച്ച്, ജീവിതം നിലനിർത്താനൊരു തൊഴിലിനായി പല നാടുകളിലേക്ക് കുടിയേറാൻ നിർബന്ധിതരാക്കി, തുച്ഛമായ കൂലിക്ക് പണിയെടുക്കേണ്ടിവരുന്ന, പ്രതിഷേധിക്കാൻ മറന്ന കൂലിയടിമകളാക്കി അവരെ മാറ്റാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ കൂടി ഭാഗമാണ് ഈ വിബി-ജി റാം ജി.


മുതലാളിവ‍ർഗത്തിന്റെ ഏജന്റ് മാത്രമായി ഭരണ നേതൃത്വം മാറുന്നു


അമിതമായി സാങ്കേതികവിദ്യയിൽ ഊന്നുന്നവയായി സർക്കാരിന്റെ ഓരോ പരിപാടിയും മാറുന്ന കാഴ്ച ഇവിടെയും കാണാം. സുതാര്യത, കാര്യക്ഷമത എന്നൊക്കെയുള്ള ലക്ഷ്യങ്ങൾ പറയുമെങ്കിലും വാസ്തവത്തിൽ ഉള്ള സുതാര്യതയും ഭരണത്തിന്റെ മാനുഷികമുഖത്തെ തന്നെയും ഇല്ലാതാക്കുകയാണ് എന്നതല്ലേ വാസ്തവം? സാങ്കേതികവിദ്യയുപയോഗിക്കുന്നത്, ആനുകൂല്യങ്ങൾ നിഷേധിക്കാനും, മുട്ടാപ്പോക്കുകൾ ഉന്നയിച്ച് അർഹരെയടക്കം പുറത്തുനിർത്താനുമാണ് എന്നതല്ലേ സമീപകാല യാഥാർത്ഥ്യം? ഇത്തരം ഡിജിറ്റൽ സങ്കേതങ്ങൾ തൊഴിലാളിയെ കൂടുതലായി അവനവനിലേക്ക് ചുരുക്കി സംഘടിതശേഷിയെ ക്രമമായി ഇല്ലാതാക്കുകയും ചെയ്യുന്നു എന്ന വസ്തുതയുമുണ്ട്. മറുവശത്ത് ഇതേ സങ്കേതങ്ങളിലൂടെ മുതലാളിവർഗതാത്പര്യങ്ങൾ അടിച്ചേൽപ്പിക്കപ്പെടുന്നു. സാമൂഹികക്ഷേമവും സാമൂഹികനീതിയും മുതലാളിത്ത താത്പര്യങ്ങൾക്കായി ബലികഴിക്കുന്നു. തൊഴിലാളികളെ കൂടുതലായി ചൂഷണം ചെയ്തുകൊണ്ട്, മുതലാളിത്ത താത്പര്യത്തിനു മാത്രം മുൻഗണന നൽകിയ ഒരു രാജ്യവും സംവിധാനവും അസ്ഥിരമാകാതെയിരിക്കില്ല എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
രാജ്യത്തിന്റെ ആകമാന താത്പര്യത്തേക്കാളേറെ പ്രധാനം തങ്ങളുടെ യജമാനന്മാരായ മുതലാളിത്ത കുത്തകകളുടെ താത്പര്യങ്ങൾ മാത്രമാണെന്ന് പച്ചയായി പ്രഖ്യാപിച്ച്, പാർലമെന്റിനെ നോക്കുകുത്തിയാക്കി സ്വേച്ഛാധിപത്യത്തിലേക്ക് വഴുതി മുന്നേറുന്ന മോദി സർക്കാർ ഈ രാജ്യത്തെ സാധാരണജനത്തിന്റെ നിലനിൽപ്പിനെക്കൂടിയാണ് ദുരിതത്തിലേക്ക് തള്ളിവിടുന്നത്. കുത്തക മുതലാളിവർഗ്ഗത്തിന്റെ മാത്രം വിശ്വസ്ത സേവകരാണ് തങ്ങളെന്ന് ഭരണനേതൃത്വം മറയില്ലാതെ വെളിവാക്കുമ്പോൾ, അവരിൽ നിന്നും യാതൊന്നും ഇനി പ്രതീക്ഷിക്കാനി ല്ലെന്ന് രാജ്യത്തെ സാധാരണ ജനങ്ങളും തൊഴിലാളികളും ജാതിമത-കക്ഷിരാഷ്ട്രീയ ഭേദങ്ങൾക്കപ്പുറം ഇന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

Share this post

scroll to top