നടി ആക്രമിക്കപ്പെട്ട കേസിൽ 8-ാം പ്രതിയായിരുന്ന നടൻ ദിലീപിനെ, ഗൂഢാലോചന സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല എന്ന കാരണത്താൽ വിടുതൽ ചെയ്തത് ഒരു വ്യക്തിയുടെ നിയമവിജയമോ മറ്റൊരു വ്യക്തിയുടെ പരാജയമോ മാത്രമായി വിലയിരുത്താനാകില്ല. ജീവിതത്തിലനുഭവിച്ച വിവരിക്കാനാകാത്ത യാതനകൾക്കു പിന്നാലെ, കോടതികളിൽ നേരിടേണ്ടിവരുന്ന അനുതാപമില്ലാത്ത വിചാരണാപീഡനത്തിനുശേഷവും തനിക്കു നീതികിട്ടിയില്ല എന്ന് അതിജീവിതക്കു പറയേണ്ടിവരുന്നത് എന്തുകൊണ്ടായിരിക്കാം?
വിചാരണ നടക്കുന്ന അവസരത്തിൽത്തന്നെ ഈ കോടതിയിൽനിന്നു തനിക്കു നീതിലഭിക്കില്ല കോടതി മാറ്റണം എന്ന അതിജീവിതയുടെ അപേക്ഷ മേൽക്കോടതികളെല്ലാം തള്ളിയതും കോടതിയുടെ കസ്റ്റഡിയിലിരുന്ന മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതായി തെളിയിക്കപ്പെട്ടിട്ടും അതിന്മേൽ നടപടിയില്ലാതെപോയതും ഈയൊരു കേസിന്റെമാത്രം അപഭ്രംശം കൊണ്ടല്ല. മറിച്ച് നമ്മുടെ നീതിനിർവ്വഹണ പ്രക്രിയയിൽ അന്തർഭവിച്ചിട്ടുള്ള ഗൗരവതരമായ ചില അടിസ്ഥാനപ്രശ്നങ്ങൾ കാരണമാണ്.
തെളിവുകളുടെ അഭാവത്തിൽ പ്രതികൾ ശിക്ഷയിൽനിന്ന് രക്ഷപ്പെടുന്നത് ഇന്ത്യയിൽ ആദ്യമൊന്നുമല്ല. ക്യാമറകൾക്കു മുന്നിൽനിന്ന് ബാബറി മസ്ജിദ് പൊളിച്ചുകളഞ്ഞവരെയും വിദ്യാർത്ഥികൾക്കു മുന്നിൽവെച്ച് അധ്യാപകനെ കൊലപ്പെടുത്തിയവരെയും വെറുതെവിട്ടതു നാം കണ്ടിട്ടുണ്ട്. തെളിവുകളുടെ ശാസ്ത്രീയമായ ശേഖരണത്തിലൂടെ സംശയതീതമായി കുറ്റം തെളിയിക്കുമ്പോഴേ ഒരാളെ കുറ്റവാളിയായി വിധിക്കാൻ പറ്റൂ എന്നതു ശരിയാണ്. പക്ഷേ സ്ത്രീകൾ ഇരയായി വരുമ്പോൾ തെളിവുകൾ എന്തുകൊണ്ടില്ലാതെയാകുന്നു? അല്ലെങ്കിൽ, തെളിവുകളെ കൂട്ടിയിണക്കുന്നതു തടയുന്നവിധത്തിൽ സാക്ഷികൾ കൂറുമാറുന്നതെങ്ങനെയാണ്? 28 പ്രോസിക്യൂഷൻ സാക്ഷികൾ ഈ കേസിൽ കൂറുമാറിയത് വെറും സാധാരണമോ?
യഥാർത്ഥത്തിൽ ഈ വിധി, നീതിനിർവ്വഹണത്തിന്റെ പ്രക്രിയയിൽ നിഹിതമായിരിക്കുന്ന ചില വർഗ്ഗാഭിമുഖ്യങ്ങളെ പുറത്തു കൊണ്ടുവരുന്നുണ്ട്. ഒരാൾ കുറ്റക്കാരനോ നിരപരാധിയോ ആയി തെളിയിക്കപ്പെടുന്നുണ്ടോ എന്നതല്ല മറിച്ച്, ഇന്ത്യൻ ക്രിമിനൽ നീതിവ്യവസ്ഥ ഏതു വർഗ്ഗത്തിന്റെ, ഏത് അധികാരകേന്ദ്രത്തിന്റെ, ഏതു സാമൂഹ്യബന്ധങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നു എന്ന അടിസ്ഥാന ചോദ്യമാണ് ഇവിടെ ഉയരുന്നത്.
‘നിയമം എല്ലാവരെയും തുല്യരായി കാണുന്നു’ എന്നത് ആധുനിക ലിബറൽ സ്റ്റേറ്റിന്റെ ഏറ്റവും ശക്തമായ അവകാശവാദങ്ങളിലൊന്നാണ്. ‘നിയമവാഴ്ച’ (Rule of Law) എന്ന ആശയം, നിയമം വ്യക്തികളുടെ വ്യക്തിഗതവും ഇഷ്ടാനുസൃതവുമായ അധികാരപ്രയോഗത്തെ തടയുന്നു. പകരം, സാമൂഹ്യമായ പെരുമാറ്റത്തിന് സ്റ്റേറ്റ് എല്ലാവർക്കുമായി ഒരു പൊതുമാനദണ്ഡം കൊണ്ടുവരുന്നു.
എല്ലാ പൗരന്മാരെയും ഒരേ മാനദണ്ഡത്തിൽ പരിഗണിക്കുന്നു എന്ന ധാരണയിലാണ് ഇത് നിലനിൽക്കുന്നത്. എന്നാൽ, നിയമം എന്നത് ഒരു ശൂന്യമായ പ്രതലത്തിൽ പ്രവർത്തിക്കുന്ന നിഷ്പക്ഷ ഉപകരണമല്ല. അത് നിലനിൽക്കുന്ന സാമൂഹിക– സാമ്പത്തിക–സാംസ്കാരിക ഘടനകളാൽ ആഴത്തിൽ സ്വാധീനിക്കപ്പെടുന്ന ഒരു അധികാരോപകരണം കൂടിയാണ്. അത് പ്രവർത്തിക്കുന്നത് നിലവിലുള്ള വർഗ്ഗബന്ധങ്ങളുടെയും അധികാരഘടനകളുടെയും ഉള്ളിലൂടെയാണ്.
പ്രായോഗികമായി നോക്കിയാൽ, നിയമം എല്ലാവർക്കും ഒരു പോലെ ബാധകമാണെന്ന് പറയുമ്പോഴും, നിയമത്തിലേക്കുള്ള പ്രവേശനത്തിനുപോലും തുല്യഅവസരമില്ല. പ്രഗത്ഭരായ അഭിഭാഷകരെ നിയമിക്കാൻ കഴിയുന്ന സാമ്പത്തികശേഷി, വർഷങ്ങളോളം നീളുന്ന വിചാരണ നേരിടാനുള്ള വിഭവങ്ങൾ, തെളിവുകൾ ശേഖരിക്കാനും സംരക്ഷിക്കാനുമുള്ള ശക്തി ഇവയെല്ലാം നിയമത്തിന്റെ പ്രയോഗത്തെ നിർണ്ണായകമായി സ്വാധീനിക്കുന്നു. അതിനാൽത്തന്നെ നിയമം ഉപയോഗിക്കുന്ന പ്രതലം തുല്യനിലയിലുള്ളതല്ല.
ഇപ്പറഞ്ഞ നിരീക്ഷണങ്ങൾക്ക് ഏറ്റവും കൃത്യമായ ഉദാഹരണമാണ് നടി ആക്രമിക്കപ്പെട്ട കേസ്. ഒരു സാധാരണ പൗരന് അസാധ്യമായ പല സൗകര്യങ്ങളും ഇവിടെ പ്രതിക്ക് ഉണ്ടായിരുന്നു, പ്രമുഖ ക്രിമിനൽ അഭിഭാഷകരുടെ സേവനം, നീണ്ടുനിൽക്കുന്ന വിചാരണകളെ നേരിടാൻ ആവശ്യമായ സാമ്പത്തിക–മാനസിക ശേഷി, തെളിവുകളെ ദുർബ്ബലമാക്കാനുള്ള സ്വാധീനം, ഒന്നു രണ്ടുമല്ല, 28 സാക്ഷികളെയും നിശ്ശബ്ദമാക്കാനോ കൂറുമാറ്റാനോ ഉള്ള സാമൂഹ്യമണ്ഡലത്തിലെ പദവി, എല്ലാത്തിലുമുപരി മാധ്യമ-സാംസ്കാരിക-സാമൂഹ്യ ഇടങ്ങളിലുള്ള സ്വാധീനം. ഇവയെല്ലാം നിയമപരമായ അവകാശങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും യഥാർത്ഥത്തിൽ അവ വർഗ്ഗാധിഷ്ഠിതമായ അവകാശങ്ങൾ (class privileges) ആണ്. ഒരേ നിയമം, വ്യത്യസ്തമായ ശക്തികളാൽ കൈകാര്യം ചെയ്യപ്പെടുമ്പോൾ, ഫലം ഒരുപോലെയാവില്ല.
ഇവിടെയാണ് ‘നിയമവാഴ്ച’ ക്രമേണ ‘ബലത്തിന്റെ വാഴ്ച’(Rule by Power) ആയി മാറുന്നത്. നിയമം നിലനിൽക്കുന്നുവെന്ന തോന്നൽ-മിഥ്യ-സൃഷ്ടിക്കുന്നുണ്ടെങ്കിലും, നിയമത്തിന്റെ ഫലം നിർണ്ണയിക്കുന്നത് തെളിവുകളുടെ സാങ്കേതിക ഗുണമേന്മ മാത്രമല്ല, മറിച്ച് ആ തെളിവുകളെ നിർമ്മിക്കാനും, തകർക്കാനും, നീട്ടിക്കൊണ്ടുപോകാനും കഴിയുന്ന അധികാര ശേഷിയുമാണ്. അതുകൊണ്ടുതന്നെ ‘വിടുതൽ’ (acquittal) എന്നത് നിർബന്ധമായും ‘നിയമം ശരിയായി പ്രവർത്തിച്ചു’ എന്നതിന്റെ തെളിവല്ല, മറിച്ച് നിയമം ആരുടെ പക്ഷത്താണ് കൂടുതൽ സൗകര്യപ്രദമായി പ്രവർത്തിച്ചത്, ആർക്കാണ് നിയമത്തിന്റെ എല്ലാ സംരക്ഷണങ്ങളും പൂർണ്ണമായി ലഭിച്ചത്, ആർക്കാണ് അത് വെറും ഭാരമായത് എന്നതിന്റെയാണ്.
ഈ ചോദ്യങ്ങൾ ഉന്നയിക്കുന്നത് ജുഡീഷ്യറിയെ അവഹേളിക്കാനോ ജഡ്ജിയെ വ്യക്തിപരമായി ആക്രമിക്കാനോ അല്ല. മറിച്ച്, നിയമം പ്രവർത്തിക്കുന്ന സാമൂഹ്യഘടന എന്താണെന്ന് വെളിവാക്കാനാണ്. ഒരു സംവിധാനം, ശക്തരായവർക്ക് ആശ്വാസവും, ദുർബലർക്കു കൂടുതൽ ഭാരവും നൽകുന്നുവെങ്കിൽ, അവിടെ നിയമം നിഷ്പക്ഷമല്ല എന്ന് നമ്മൾ കാണണം. അത് അധികാരത്തിന്റെ ഭാഷയിലാണ് സംസാരിക്കുന്നത്. അതുകൊണ്ടാണ് ഈ വിടുതൽ ഒരു വ്യക്തിയുടെ രക്ഷപ്പെടലിന്റെ കഥ മാത്രമല്ല എന്നു പറയേണ്ടി വരുന്നത്; നിയമം അധികാരവുമായി ചേർന്ന് പ്രവർത്തിക്കുന്ന രീതി, എങ്ങനെ നീതി എന്ന ആശയത്തെ തന്നെ ഇല്ലാതാക്കുന്നു എന്നതിന്റെ രാഷ്ട്രീയ രേഖയാണിത് കാണിച്ചു തരുന്നത്. ഇവിടെയാണ് Rule of Law എന്ന ആദര്‍ശം തകർന്നു വീഴുകയും Rule by Power എന്ന അപകടകരമായ പുതിയ സമ്പ്രദായം ഉടലെടുക്കുകയും ചെയ്യുന്നത്.
ലൈംഗികാതിക്രമ കേസുകളിൽ നിയമത്തിന്റെ നിശ്ശബ്ദത അടയാളപ്പെടുത്തുന്നത് എന്താണ്?
സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം ഒരു വ്യക്തിക്കെതിരായ ആക്രമണം മാത്രമല്ല, അത് സ്ത്രീയുടെ ശരീരത്തെ സമൂഹം എങ്ങനെ കാണുന്നു, നിയന്ത്രിക്കുന്നു, വിധിക്കുന്നു എന്നതിന്റെ ഒരു തീർപ്പുകൂടിയാണ്. ലൈംഗികാക്രമണം എന്നത് ഒരു വ്യക്തിഗത കുറ്റകൃത്യമെന്നതിലപ്പുറം, പുരുഷാധിപത്യ മാനസികഘടന സ്ത്രീയുടെ ശരീരത്തിനുമേൽ നടത്തുന്ന അധികാരപ്രയോഗത്തിന്റെ ഏറ്റവും ക്രൂരമായ രൂപവുമാണ്.
ഇന്ത്യൻസമൂഹത്തിൽ സ്ത്രീയുടെ ശരീരം ഒരിക്കലും അവളുടെ സ്വന്തം ആയിരുന്നിട്ടില്ല. ആധുനിക ജനാധിപത്യത്തിന്റെ ധാരണകളല്ല, ഫ്യൂഡൽ സാംസ്കാരിക മൂല്യങ്ങളാണ് ഇന്നും സാമൂഹ്യബന്ധങ്ങളെ നിയന്ത്രിക്കുന്നത്. കുടുംബത്തിന്റെ മാനത്തിന്റെയും സമൂഹത്തിന്റെ നയപരമായ ‘നീതിബോധത്തിന്റെയും’ രാഷ്ട്രത്തിന്റെ സദാചാര മാതൃകയായും മാത്രം സ്ത്രീ നിലനിൽക്കുന്നു. അതിനാൽ തന്നെ, സ്ത്രീക്കുനേരെയുള്ള ലൈംഗികാതിക്രമം സംഭവിക്കുമ്പോൾ വിചാരണ ചെയ്യപ്പെടുന്നത് കുറ്റവാളിയല്ല, മറിച്ച് സ്ത്രീ തന്നെയായി മാറുന്നു.
അതുകൊണ്ടാണ് ഈ കേസിൽ ‘വിശ്വാസ്യത’ (credibility) എന്ന പുരുഷമാനദണ്ഡത്തിലൂടെ അതിജീവിതയുടെ മൊഴികളെ അളക്കുന്നത് ആവർത്തിച്ചുകണ്ടത്. എത്ര തവണ അവൾ സംഭവത്തെ ഓർത്തെടുത്തു? മൊഴിയിൽ എന്തെങ്കിലും ചെറിയ വ്യത്യാസമുണ്ടോ? അവൾ എങ്ങനെ പ്രതികരിച്ചു? എന്തുകൊണ്ട് അങ്ങനെ പ്രതികരിച്ചു? ഇവയെല്ലാം കീറിമുറിച്ചു പരിശോധിക്കപ്പെട്ടു. ശാരീരികമായും മാനസികമായും ആക്രമിക്കപ്പെട്ട സ്ത്രീക്ക് ഏൽക്കേണ്ടി വന്ന ആഘാതത്തിന്റെ (Trauma) ഭാഷയോ ആഴമോ നിയമപുസ്തകത്തിന് പരിചയമില്ല. സമചിത്തതയുടെ അടിസ്ഥാനം അത്രമേൽ ഉലഞ്ഞ ഒരാൾക്ക് ആ ട്രോമ വള്ളിപുള്ളി വ്യത്യാസമില്ലാതെ ഓരോ സന്ദർഭത്തിലും ആവർത്തിക്കാനാവുന്നതല്ല. ആവർത്തനങ്ങളിൽ ഒരേപോലെ പുനരാവിഷ്കരിക്കപ്പെടുകയുമില്ല.
എന്നാൽ നിയമം കാർക്കശ്യത്തോടെ ആവശ്യപ്പെടുന്നത് ഓർമ്മയുടെ, വീണ്ടെടുക്കലിന്റെ സ്ഥിരത, പ്രതികരണത്തിന്റെ ‘യുക്തിഭദ്രത’, മൊഴിയിലെ സമ്പൂർണ്ണ സാദൃശ്യം എന്നിവയൊക്കെയാണ്. ഇവയെല്ലാം പുരുഷകേന്ദ്രിതമായ യുക്തിയുടെ ഉല്പന്നങ്ങളാണ്.ഇവിടെ ഇരയുടെ ട്രോമ തന്നെ തെളിവിന്റെ ദുർബലത (evidentiary weakness) ആയി മാറുന്നു. അവളുടെ മനസ്സിന്റെ തകർച്ച, ഓർമ്മയുടെ ഇടവേളകൾ, വൈകാരിക പ്രതികരണങ്ങൾ—ഇവയെല്ലാം അവൾ നേരിട്ട അതിക്രമത്തിന്റെ തെളിവാകേണ്ടതിനു പകരം അവളുടെ വിശ്വാസ്യതയെ സംശയിക്കാനുള്ള ആയുധങ്ങളാകുന്നു.
നിയമം സ്ത്രീയെ വിശ്വസിക്കുന്നു എന്നു ബോധ്യപ്പെടുത്താത്തത് ആകസ്മിക പക്ഷപാതിത്വം (accidental bias) എന്ന നിലയ്ക്കല്ല. മറിച്ച് അത് ഘടനാപരമായി പുരുഷാധിപത്യത്തിൽ (structural patriarchy) നിലനിൽക്കുന്നു എന്നതുകൊണ്ടാണ്. ‘യുക്തിപരതയുള്ള വ്യക്തി’ (reasonable person) എന്ന മാനദണ്ഡംപോലും പുരുഷാനുഭവത്തിൽ നിന്നാണ് നിർമ്മിച്ചത്. കോടതിമുറിയിലെ പെരുമാറ്റച്ചട്ടങ്ങൾ സ്ത്രീകളുടെ ‘ട്രോമയെ’ ഉൾക്കൊള്ളുന്നവയല്ല. അതിനാൽ, സ്ത്രീ കോടതിയിൽ സംസാരിക്കുമ്പോൾ അവൾക്ക് തന്റെ അനുഭവം പറഞ്ഞാൽ മാത്രം പോരാ. അത് പുരുഷബോധ്യമായ ഭാഷയിലേക്ക് വിവർത്തനം ചെയ്യേണ്ടിയും വരും. അത് സാധിച്ചില്ലെങ്കിൽ, അവളുടെ മൊഴി ‘വിശ്വാസ്യതയില്ലാത്തത്’ആയി മാറുന്നു.
നിയമം പലപ്പോഴും നേരിട്ട് സ്ത്രീവിരുദ്ധമാകുന്നില്ല എന്ന് നമുക്ക് തോന്നാം. എന്നാൽ, അത് പലപ്പോഴും നിശ്ശബ്ദമാകുന്നു. ലൈംഗികാക്രമണത്തിന്റെ മാനസിക–ശാരീരിക സങ്കീർണ്ണതകളെ നിയമവ്യവസ്ഥയിൽ ഉൾപ്പെടുത്താൻ അതിന് സാധിക്കുന്നില്ല. ഈ നിശ്ശബ്ദത തന്നെ പിതൃസത്താപരമായ മൂല്യബോധത്തിന്റെ ഏറ്റവും ശക്തമായ ഭാഷയാണ്. കാരണം, നിയമം ഒന്നും പറയാതിരുന്നാലും, അതിന്റെ ചട്ടങ്ങളും മാനദണ്ഡങ്ങളും സ്ത്രീയുടെ ശബ്ദം പതുക്കെ മായ്ക്കുന്നു. പക്ഷേ, വീണ്ടും നമ്മൾ ഓർക്കേണ്ടത്, നിയമം സ്ത്രീയെ വിശ്വസിക്കാത്തത് അതിന്റെ പിഴവായി കാണാൻ ആവില്ല. അത് നിയമത്തിന്റെ ഘടനാപരമായ സ്വഭാവമാണ്. അതുകൊണ്ടുതന്നെ, നീതി നേടാനുള്ള പോരാട്ടം ഒരു കേസ് ജയിക്കുകയോ തോൽക്കുകയോ ചെയ്യുന്ന കാര്യത്തിൽ അവസാനിക്കുന്നില്ല.
കൂറുമാറിയ സാക്ഷികൾ: സിസ്റ്റം സമൂഹത്തിന് പകരുന്ന നൈതിക- സാംസ്കാരിക ദൗർബല്യത്തിന്റെ പ്രതിഫലനം
ഈ കേസിൽ കൂറുമാറിയ 28 സാക്ഷികൾ (Hostile Witnesses) ഉണ്ടായി എന്ന വസ്തുതയെ വെറും ‘നിയമപരമായ വീഴ്ച’യായി മാത്രം കാണാൻ കഴിയില്ല. അത് നിയമവും ഭരണകൂടതാല്പര്യങ്ങളും സമൂഹത്തിലേക്ക് പകർന്നുകൊടുക്കുന്ന നൈതിക–ധാർമ്മിക–സാംസ്കാരിക ബോധത്തിന്റെ ഒരു പ്രതിഫലനം കൂടിയാണ്.
നിയമവ്യവസ്ഥ ‘ന്യായവിചാരത്തിന്റെ ഘടന’ (adjudication mechanism) മാത്രമല്ല; അത് വ്യക്തികളെ രക്ഷിക്കുന്നതിലും, ശിക്ഷിക്കുന്നതിലും കൂടുതലായി, സമൂഹത്തിന് ചില പാഠങ്ങൾ പകർന്നു നൽകുന്നുമുണ്ട്. ഏതുതരം പെരുമാറ്റം ആദരിക്കപ്പെടണം, ഏത് പ്രവൃത്തിയാണ് അപകടകരം, ഏത് നിലപാടാണ് ‘സുരക്ഷിതം’ എന്താണ് ‘ബുദ്ധിമുട്ട് ഒഴിവാക്കാനുള്ള സുരക്ഷിതമായ വഴി’ എന്നിവയെക്കുറിച്ചുള്ള നിശ്ശബ്ദപാഠങ്ങളാണ് നിയമം സമൂഹത്തിന് നൽകുന്നത്.
ഉദാഹരണത്തിന്, സത്യം പറയാനുള്ള പ്രേരണ അത് വ്യക്തികൾക്ക് നൽകുന്നില്ല. അത്തരമൊരു വ്യവസ്ഥിതിയും അതിന്റെ നിയമവും ഒരിക്കലും വ്യക്തിയെയും സമൂഹത്തെയും ഉയർത്തുന്നില്ല എന്നതാണ് യഥാർത്ഥ്യം. ‘കോടതിയിൽ സത്യം പറഞ്ഞാൽ സംരക്ഷണം ഉണ്ടാകില്ല’,‘ശക്തരെ എതിർത്താൽ അപകടം വർധിക്കും’, ‘നിശ്ശബ്ദത സുരക്ഷിതമാണ് ‘, ‘വഴങ്ങുന്നത് ബുദ്ധിമുട്ടില്ലാത്ത മാർഗ്ഗമാണ് ’, ‘കേസ് കാര്യമാക്കരുത് എന്നതാണ് വിവേകം’ എന്നിങ്ങനെയുള്ള ധാരണകളാണ് കൂറുമാറുന്ന സാക്ഷികളെ നയിക്കുന്നത്. അതുമല്ലെങ്കിൽ പ്രതിയുടെ ശക്തമായ രാഷ്ട്രീയ, സാമൂഹ്യബന്ധങ്ങളും സാമ്പത്തികശേഷിയുമാകാം. ഇത് വ്യക്തമായ പാഠമാണ് സമൂഹത്തിന് നൽകുന്നത്. അതായത്, സത്യം ഒരു മൂല്യമല്ല, അതിൽ ഉറച്ചുനില്ക്കുന്നത് ഒരു റിസ്ക് മാത്രമാണ്. നൈതികതയുടെ സ്വകാര്യവൽക്കരണമാണ് ഇതിലൂടെ മറ്റൊരർത്ഥത്തിൽ സംഭവിക്കുന്നത്. ‘നൈതികത’ (ethics) എന്നത് വ്യക്തിയുടെ സാമൂഹ്യഉത്തരവാദിത്തത്തിൽനിന്ന് മാറി സ്വകാര്യമായ അതിജീവനതന്ത്രം (survival strategy) മാത്രമായി ചുരുങ്ങുന്നു. സത്യം പറയുന്നതാകട്ടെ ഒരു പൊതുമൂല്യമായി കണക്കാക്കപ്പെടുന്നേയില്ല; അത് വ്യക്തിയുടെ ധൈര്യപരീക്ഷയായി മാറ്റപ്പെടുന്നു.
‘ഒരാൾ സത്യം പറഞ്ഞു’ എന്നത് സമൂഹത്തിന്റെയോ സിസ്റ്റത്തിന്റെയോ വിജയമായി കണക്കാക്കുന്നില്ല. മറിച്ച്, ആ വ്യക്തി ‘ധൈര്യം പ്രകടിപ്പിച്ചു’ എന്ന റൊമാന്റിക് വ്യക്തിവാദമായി ചുരുങ്ങുന്നു. ഇത് അപകടകരമാണ്. കാരണം, അങ്ങനെ സംഭവിക്കുമ്പോൾസാമൂഹ്യഘടനതന്നെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നു. സമൂഹത്തിൽ ധാർമ്മികതയും നിയമവും തമ്മിലുള്ള വേർപിരിയൽ എന്നേ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. മുൻകാലങ്ങളിൽ നിയമം ധാർമ്മികതയുടെ ഒരു പൊതുവേദിയായി കണക്കാക്കിയിരുന്നു. ഇന്ന് ആ ബന്ധം തകർച്ചയുടെ പാരമ്യത്തിലാണ്.
‘സത്യം പറയുക’ എന്നുപറയുന്നതിനോടൊപ്പം, വ്യക്തി നേരിടുന്ന സാമൂഹികസമ്മർദ്ദങ്ങളെ അതിജീവിക്കാൻ അവരെ പ്രാപ്തരാക്കുകയോ സംരക്ഷണം നൽകുകയോ ചെയ്യുന്നില്ല നമ്മുടെ സാമൂഹ്യവ്യവസ്ഥിതി. ഈ വൈരുദ്ധ്യമാണ് സമൂഹത്തിന്റെ ധാർമ്മികബോധത്തെ തകർക്കുന്നതിന് പ്രധാന കാരണമാകുന്നത്. അതുകൊണ്ട്, സ്റ്റേറ്റ് അതിന്റെ പൗരന്മാരോട് ധാർമ്മികത ആവശ്യപ്പെടുന്നുണ്ടെങ്കിൽ, അതിന് പൗരനെ പ്രാപ്തനാക്കാൻ ആവശ്യമായ സാമൂഹികബാധ്യതയും സ്റ്റേറ്റ് തന്നെ നിർവഹിക്കണം. അത് സംഭവിക്കാത്തപ്പോഴാണ് ധാർമ്മിക-നൈതിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകാത്ത ഒരു തലമുറ ഉയർന്നു വരുന്നത്. അതു കൊണ്ടു തന്നെ ‘കൂറുമാറിയ സാക്ഷി’ (hostile witness) എന്നത് നൈതികമായി ദുർബലനായ ഒരു ‘വ്യക്തി‘(individual) അല്ല. മറിച്ച് ഒരു ലാഭാധിഷ്ഠിത സമൂഹത്തിന്റെ ഒരു സംസ്കാരിക ഉല്പന്നമാണ്. അതുകൊണ്ടുതന്നെ, Hostile witnesses എന്നത് നിയമത്തിന്റെ സാങ്കേതിക തകരാർ (technical failure) കൊണ്ടു മാത്രമല്ല ഉണ്ടാകുന്നത്; അത് സമൂഹത്തിന്റെ നൈതികബോധത്തെ, സ്റ്റേറ്റിന്റെ താല്പര്യങ്ങൾ തകർത്തതിന്റെ ഒരു പ്രതിഫലനമാണ്. ഒരു സമൂഹത്തിൽ സത്യംപറയുന്നത് അപവാദമാകുമ്പോൾ, നിശ്ശബ്ദത ധാർമ്മികതയാകുമ്പോൾ— അവിടെ നിയമം സാങ്കേതികമായി നിലനിൽക്കുന്നു എന്നു പറയാം, പക്ഷേ നീതി നടപ്പാകുകയില്ല. വ്യക്തിപരമായ പക്ഷപാതിത്വത്തിന് അപ്പുറത്ത് നിയമവ്യവസ്ഥയുടെ ഘടനാപരമായ പരിമിതിയാണ് കുറ്റവാളികൾ രക്ഷപ്പെടാൻ കാരണമെന്നത് വലിയ രാഷ്ട്രീയമായി പ്രധാന്യമുള്ള വിഷയമാണ്.
ഈ വിടുതലിനെ ജഡ്ജിയുടെ വ്യക്തിതാല്പര്യങ്ങളോ വ്യക്തിഗതപക്ഷപാതമോ ഒരു പങ്ക് വഹിച്ചിട്ടുണ്ടാകാം. എന്നാൽ ഇത്തരമൊരു വിധിയുടെ കാരണത്തെ അതിലേക്കുമാത്രമായി ചുരുക്കുന്നത് ശരിയായ സമീപനമല്ല. നീതി നടപ്പാകാതെ പോകുന്നത് വ്യക്തികളുടെ ദുഷ്ടബുദ്ധികൊണ്ടല്ല, നീതിന്യായവ്യവസ്ഥയുടെ ഘടനാപരമായ പരിമിതികൾകൊണ്ടാണ് എന്ന തിരിച്ചറിവിലേക്ക് നമ്മൾ എത്തണം. ഒരു ജഡ്ജി തെറ്റായി വിധിച്ചു അതുകൊണ്ട് കൊടും കുറ്റവാളി രക്ഷപ്പെട്ടു എന്നവാദം വളരെ ലളിതവൽക്കരിച്ച പ്രസ്താവനയാണ്.
യഥാർത്ഥ പ്രശ്നം എന്താണ്?
നമ്മുടെ നീതിന്യായവ്യവസ്ഥ, ശക്തരായ പ്രതികൾ ഉൾപ്പെട്ട കേസുകളിൽ നീതി നടപ്പാക്കാൻ ഘടനാപരമായി ശേഷിയുള്ളതാണോ അല്ലെങ്കിൽ, അതിന് തയ്യാറാകാത്തതാണോ എന്ന് പരിശോധിക്കപ്പെടണം. ഒരു ട്രയൽ ജഡ്ജി പ്രവർത്തിക്കുന്നത് ചില കർശനമായ പരിധികൾക്കുള്ളിലാണ്. പ്രോസിക്യൂഷൻ കോടതിയിൽ കൊണ്ടുവന്ന തെളിവുകൾ, അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ച മെറ്റീരിയൽ തെളിവുകൾ, സാക്ഷികളുടെ മൊഴികൾ, തെളിവുകളുടെ ക്രമപരവും ക്രമാനുഗതവുമായ ശൃംഖല, നിയമപരമായ തെളിവ് മാനദണ്ഡങ്ങൾ എന്നിവയാണ് ജഡ്ജിക്ക് മുന്നിൽ എത്തുന്നത്. ഇവയിൽ ഒരു ഘടകവും ജഡ്ജിയുടെ നിയന്ത്രണത്തിലല്ല. ജഡ്ജി അന്വേഷണം നടത്തുന്നില്ല. തെളിവുകൾ ശേഖരിക്കുന്നില്ല. സാക്ഷികളെ സംരക്ഷിക്കുന്നില്ല. ഡിജിറ്റൽ തെളിവുകൾ tamper-proof ആയി സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ സൃഷ്ടിക്കുന്നില്ല. അതുകൊണ്ടുതന്നെ, പരാജയപ്പെട്ട ഒരു സംവിധാനത്തിന്റെ ഫലമായുണ്ടാകുന്ന വിധിയെ മുൻനിർത്തി ജഡ്ജിയെ ആക്രമിക്കുന്നത്, പൊതുവിൽ സ്വീകാര്യമാകില്ല. എന്നാൽ കുറ്റമറ്റ നിലയിൽ പ്രോസിക്യൂഷൻ ഉത്തരവാദിത്തങ്ങൾ നിറവേറ്റിയാലും നിയമത്തിന്റെ അന്തസത്തയെ നിരാകരിക്കത്തക്കവിധമുള്ള വിധികൾ ജഡ്ജിമാരുടെ അപചയത്തിൽ നിന്നുമുണ്ടാകില്ല എന്നു പറയാനാവില്ല. മുതലാളിത്ത വ്യവസ്ഥിതിയുടെ അപചയത്തിന്റെ സ്വാധീനം എവിടെയും ദൃശ്യമായിരിക്കുമ്പോൾ പ്രത്യേകിച്ചും.
ഇവിടെ ‘നിയമം പ്രവർത്തിച്ചു’ എന്നത് മിഥ്യയാണ്. ഈ വിടുതൽ ‘നിയമവാഴ്ച്ച പ്രവർത്തിച്ചു’ എന്നതിന് തെളിവല്ല.
ഇത് നിയമവാഴ്ച്ച എവിടെയാണ് തകരുന്നത് എന്നതിന്റെ തെളിവാണ്.
കൂറുമാറിയ 28 സാക്ഷികൾ (hostile witnesses ), ക്രിമിനൽ ഗൂഢലോചന തെളിയിക്കാൻ ആവശ്യമായ തെളിവുകളുടെ അഭാവം, ഡിജിറ്റൽ തെളിവുകളുടെ സുരക്ഷയിൽ ഉണ്ടായ ഗുരുതരവീഴ്ച, ശക്തനായ പ്രതിക്കെതിരെ ശരിയായ രീതിയിൽ അന്വേഷണം നടത്താനുള്ള ശേഷിക്കുറവ്, ലഭ്യമായ തെളിവുകൾ കാര്യക്ഷമമായി കോടതിയെ ധരിപ്പിക്കാനുള്ള പ്രോസിക്യൂഷന്റെ വൈഭവക്കുറവ് – ഇവയെല്ലാം ചേർന്നുണ്ടാകുന്ന ഒരു അവസ്ഥയിലാണ് ജഡ്ജി പ്രവർത്തിച്ചത്. ഇവിടെ നീതി പരാജയപ്പെടുന്നത് വിധി എഴുതുന്ന മേശയിൽ എത്തിയപ്പോൾ മാത്രമല്ല, അതിന് മുമ്പുള്ള മുഴുവൻ ഘട്ടങ്ങളിലും ആണ്. അതിനാലാണ് ഈ വിടുതൽ (acquittal) അപകടകരമാകുന്നത്. അവസാന കണ്ണിയെ മാത്രം കുറ്റപ്പെടുത്തി ഈ ചങ്ങലയുടെ ഇതര കണ്ണികളെ കുറ്റവിമുക്ത മാക്കാനാവില്ല. അങ്ങിനെ ചെയ്യുമ്പോൾ നിയമനിർവ്വഹണത്തിന്റെ യഥാർത്ഥ പ്രശ്നങ്ങളെ തമസ്കരിക്കുകയായിരിക്കും സംഭവിക്കുക.
ക്രിമിനൽ ഗൂഢാലോചനയിലെ നിയമം
ഇന്ത്യൻ ക്രിമിനൽ നിയമത്തിലെ ഗൂഢാലോചന (criminal conspiracy) എന്ന ആശയം പുസ്തകത്തിൽ നോക്കിയാൽ ‘നിഷ്പക്ഷം’(neutral) ആയി തോന്നാം. എന്നാൽ നിയമം എങ്ങനെ പ്രയോഗിക്കപ്പെടുന്നു എന്നത് പരിശോധിച്ചാൽ, ഗൂഢാലോചനയ്ക്കു മാത്രമല്ല ഏതൊരു നിയമ ആശയത്തിനും വ്യക്തമായ വർഗ്ഗസ്വഭാവം (class character) ഉണ്ടെന്നത് മറയ്ക്കാനാവില്ല.
സാധാരണക്കാർ, രാഷ്ട്രീയ പ്രവർത്തകർ, സാമ്പത്തിക ശേഷിയില്ലാത്തവർ എന്നിവർ ഉൾപ്പെടുന്ന യുഎപിഎ, രാജ്യദ്രോഹ, ക്രിമിനൽ ഗൂഢാലോചന കേസുകളുടെ സമീപകാല ചരിത്രം മാത്രം പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. ഇവയിൽ ഒരു ക്രിമിനൽ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടാൻ വെറുതെ കൂട്ടുചേർന്നാലോ (mere association), സർക്കാറിന് ഇഷ്ടമല്ലാത്ത ഒരു പുസ്തകം കൈയിൽവെച്ചാലോ (literature possession ), ഫോൺ കോളുകളോ മതിയാകും. അവിടെ പ്രത്യയശാസ്ത്ര പരമായ അടുപ്പം (ideological proximity ), പെരുമാറ്റ രീതി (pattern of conduct) എന്നിവ പറഞ്ഞു കൊണ്ട് ശിക്ഷാവിധിയെ ന്യായീകരിക്കുന്നത് കാണാം. ‘സാഹചര്യാനുമാനത്തിലൂടെയുള്ള കുറ്റം ചുമത്തൽ’(inferential guilt) ആണ് പ്രതിയെ ശിക്ഷിക്കാനുള്ള മാനദണ്ഡം. ‘ഇവൻ ഇവരോടൊപ്പം നിൽക്കുന്നു; ഇവരുടെ പുസ്തകങ്ങൾവായിക്കുന്നു, അതിനാൽ ഗൂഢാലോചനയിൽ പങ്കാളിയാണ്’ എന്ന തർക്കശാസ്ത്രം ഉന്നയിക്കപ്പെടും.
എന്നാൽ വിധിപ്രസ്താവം നടത്തേണ്ടത് സമൂഹത്തിലെ ശക്തർക്കെതിരെയാണെങ്കിൽ ഉദാഹരണത്തിന് കോർപ്പറേറ്റ് കുറ്റകൃത്യങ്ങൾ, രാഷ്ട്രീയ കുറ്റകൃത്യങ്ങൾ, ഉന്നതരുടെ ലൈംഗിക അതിക്രമങ്ങൾ എന്നിവയിലാകുമ്പോൾ ഇവിടെ ഉടനടി നിയമം ‘ശുദ്ധം’(pure) ആകുന്നത് കാണാം. ആ സമയം കുറ്റം തെളിയാൻ നേരിട്ടുള്ള തെളിവ് (direct evidence) വേണം; പൊട്ടാത്ത ചങ്ങല (unbroken chain) വേണം;പൂർണ്ണമായ സ്ഥിരീകരണം (absolute corroboration) വേണം; സംശയത്തിനതീതം (beyond doubt) ആയിരിക്കണം. ഇവിടെ ‘തെളിവിന്റെ പൂർണത’ (perfection of proof ) ആണ് മാനദണ്ഡമായി വരിക.
ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടെന്നാൽ, ഇതൊരു നിയമവൈരുധ്യമല്ല എന്നതുകൊണ്ടാണ്. മറിച്ച് ഇത് വർഗ്ഗനീതിയാണ് (class justice). ഇന്ത്യൻ ക്രിമിനൽ നീതിനിർവ്വഹണചരിത്രം ഒരു വ്യക്തമായ വൈരുദ്ധ്യം കാണിക്കുന്നു: നിയമം വലിച്ചു നീട്ടാവുന്നത് (elastic) ആകുന്നിടം അത് എല്ലായ്പ്പോഴും സാധാരണക്കാരന്റെ ജീവിതത്തിലേക്കാണ് നീളുന്നത്. സാധാരണക്കാർക്കെതിരെയുള്ളക്രിമിനൽ ഗൂഢാലോചനാകേസുകളിൽ ‘പ്രത്യയശാസ്ത്ര ചേർച്ച’ (ideological agreement) എന്നത് ‘സമാനമനസ്കരുടെ ഒത്തുചേരൽ’(meeting of minds)ആകും, ‘വെറും സാന്നിധ്യം’ (mere presence) എന്നത് ‘പരസ്യമായ കൃത്യം’ (overt act) ആയി മാറുന്നു; ഒരു വ്യക്തിയുടെ ‘രാഷ്ട്രീയ വിശ്വാസം’(political belief) എന്നത് ‘കുറ്റകൃത്യത്തിനുള്ള ഉദ്ദേശ്യം’ (intent) ആയി മാറുന്നു. അങ്ങനെ ഗൂഢാലോചനയിൽ പങ്കെടുക്കാതെതന്നെ അതിൽ ഉൾപ്പെട്ടെന്ന കേസിൽപെടുത്തി അകത്താക്കിയ എത്രയോ പേരുടെ കഥകൾ നമുക്ക് കാണാം.
അതേസമയം, ശക്തരായ പ്രതികൾ വരുന്നപക്ഷം meeting of minds തെളിയിക്കപ്പെടാൻ നേരിട്ടുള്ള തെളിവ് (direct proof) ആവശ്യമായി വരുന്നു. overt actന് നേരിട്ടുള്ള പങ്കാളിത്തം (physical participa-tion) വേണ്ടിവരുന്നു. intentന് ശക്തമായ തെളിവ് വേണ്ടി വരുന്നു.
ഇത് നിയമത്തിന്റെ സാങ്കേതികതയായി കാണാൻ സാധ്യമല്ല; മറിച്ച് ലാഭാധിഷ്ഠിത സാമൂഹ്യക്രമത്തിലെ വർഗ്ഗാധിഷ്ഠിത നിയമപ്രയോഗമാണ്. എന്തുകൊണ്ട് അങ്ങിനെ സംഭവിക്കുന്നു? വർഗ്ഗാധിഷ്ഠിതമായ ഉൾക്കാഴ്ചയുണ്ടെങ്കിൽ ഉത്തരം ലളിതമാണ്. അതായത്, ദരിദ്രരും, ആദിവാസികളും, തൊഴിലാളികളും ഭരണകൂടശക്തിയെ പല കാര്യങ്ങളിൽ നിരന്തരം ചോദ്യംചെയ്യുന്നു. അഥവാ ചോദ്യം ചെയ്യേണ്ടിവരുന്നു. അവരുടെ താത്പര്യങ്ങൾ ഭരണകൂടതാല്പര്യവുമായി യോജിക്കാത്തതുകൊണ്ടുതന്നെ നിയമം അവർക്കെതിരെ ‘ശക്തമായ ആയുധം’ (weapon) ആകുന്നു.
എന്നാൽ, സമൂഹത്തിലെ ഉയർന്ന സാമ്പത്തികവിഭാഗങ്ങൾ ഭരണകൂടതാല്പര്യത്തിന്റെ ഭാഗമാണ്. അതുകൊണ്ട് നിയമം അവർക്കെതിരെ കേവല നടപടിക്രമം (procedural maze) മാത്രമായി ഒതുങ്ങുന്നു.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, അന്വേഷണത്തിലെ അസമത്വം (Investigative asymmetry) ആണ്. സാധാരണ മനുഷ്യർക്കെതിരെ അന്വേഷണ ഏജൻസികൾ ഭയപ്പെടുത്തിയും പലതരം സമ്മർദ്ദതന്ത്രം ഉപയോഗിച്ചുമാണ് തെളിവുകൾ ഉണ്ടാക്കുന്നത്. നിർബന്ധിത അന്വേഷണം, നിർബന്ധിത കുറ്റസമ്മതം, കെട്ടിച്ചമച്ച തെളിവുകൾ (coercive investigation , forced confessions, planted evidence) എന്നിവയാണ് സാധാരണ കണ്ടുവരാറ്. എന്നാൽ അത് പ്രബലർക്കെതിരെ ആകുമ്പോൾ മടിച്ചു നിൽക്കുന്ന അന്വേഷണത്തിലേക്കും സ്ഥാപനപരമായ ഭയം, രാഷ്ട്രീയസമ്മർദ്ദം (hesitant investigation, institutional fear, political pressure) എന്നിവയിലേക്കും ചുവടുമാറുന്നത് കാണാനാകും. അതിനാൽ തെളിവുകളുടെ അഭാവം (lack of evidence) അതിൽ ഒരു സ്വാഭാവികഫലമാകുന്നു.
കുറ്റവാളിയല്ലെന്ന അനുമാനവും കുറ്റവാളിയാണെന്ന അനുമാനവും (Presumption of innocence vs. Presumption of guilt)
Presumption of Innocence എന്നത്, കുറ്റം സംശയാതീതമായി തെളിയിക്കപ്പെടുന്നതുവരെ ഒരാൾ നിരപരാധിയാണെന്ന നിയമധാരണയാണ്. കുറ്റം തെളിയിക്കാനുള്ള ബാധ്യത പ്രോസിക്യൂഷനാണ്. അവിടെ സംശയത്തിന്റെ പ്രയോജനം പ്രതിക്കാണ്. പ്രതി തന്റെ നിരപരാധിത്വം തെളിയിക്കേണ്ടതില്ല. ഇത് നീതിവ്യവസ്ഥയുടെ അടിസ്ഥാന സിദ്ധാന്തമാണ്.
എന്നാൽ യാഥാർത്ഥ്യമെന്താണ്? ഈ അവകാശം എല്ലാവർക്കും ഒരുപോലെ നമ്മുടെ സമൂഹത്തിൽ ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. ‘ജാമ്യമാണ് തത്വം, ജയിൽ അസാധാരണവും’(Bail is the rule and Jail is an exception) എന്ന നിയമ ആപ്തവാക്യവും പ്രവർത്തിക്കുന്നത് ഈ വൈരുദ്ധ്യത്തിലാണ്. അവിടെ പ്രബലന് ജാമ്യം rule ആകുമ്പോൾ സാധാരണക്കാരന് ജയിൽ rule ആയി മാറുന്നത് നമ്മൾ നിരന്തരം സാക്ഷ്യം വഹിക്കുന്ന ഒന്നാണ്. ലൈംഗികാക്രമണക്കേസുകളിൽ അതിജീവിതയുടെ വാക്കിന് ‘presumption of truth’ എന്ന അർത്ഥം ഇല്ല. അതിനാൽ തന്നെ പ്രശ്നം സിദ്ധാന്തത്തിൽ അല്ല, അത് പ്രയോഗിക്കപ്പെടുന്ന സാമൂഹിക–വർഗ്ഗപരമായ അസമത്വത്തിലാണ്.
Presumption of Guilt എന്നത് കുറ്റം തെളിയിക്കപ്പെടുന്നതിന് മുൻപേ തന്നെ ഒരാൾ കുറ്റക്കാരനാണെന്ന ധാരണയോടെയുള്ള നിയമ–സാമൂഹിക സമീപനം ആണ്. ഇത് നിയമത്തിന്റെ ഔദ്യോഗികസിദ്ധാന്തമല്ല. പക്ഷേ പ്രായോഗിക യാഥാർത്ഥ്യമായി പല കേസുകളിലും പ്രവർത്തിക്കുന്നു.
ഇത് നിയമപരമായ യാദൃച്ഛികതയല്ല. മറിച്ച് നിയമത്തിലെ വർഗ്ഗാധിഷ്ഠിത അധികാരത്തിന്റെ പ്രകടിതരൂപമാണ്.
ശക്തർക്കെതിരെ ‘നിരപരാധിത്വ അനുമാനം’ (innocence) കർശനമായി സംരക്ഷിക്കും, ദുർബലർക്കെതിരെ ‘കുറ്റം’ (guilt) മുൻകൂട്ടി വിധിക്കും. ഈ അർത്ഥത്തിൽ, വർഗ്ഗാധിഷ്ഠിത സമൂഹത്തിൽ ഏതൊരു നിയമവും ഒരു രാഷ്ട്രീയ ഉപകരണം (political tool)ആയി മാറുന്നതും നമ്മൾ കാണുന്നു.
അതിനാൽ മനുഷ്യപക്ഷത്തുനിന്നു പരിശോധിക്കുമ്പോൾ നിയമം (ഗൂഢാലോചന നിയമം ഉൾപ്പെടെ) വർഗ്ഗപരമായി നിഷ്പക്ഷം (class-neutral) അല്ല എന്നു പറയേണ്ടിവരും. ഇതുമൂലം ഉണ്ടാകുന്ന വീഴ്ച ഒരു നിയമപ്രക്രിയയുടെ ഫലം (legal outcome) മാത്രമല്ല; ഇത് സമൂഹത്തോടുപറയുന്ന ഒരു സന്ദേശമിതാണ്: ‘നിങ്ങൾ ശക്തരല്ലെങ്കിൽ, നിങ്ങളുടെ തെളിവുകൾ ദുർബലം( fragile) ആണ്, നിങ്ങൾ ഉന്നതനെ ചോദ്യം ചെയ്താൽ, സത്യം തന്നെ വില പേശാവുന്ന ഒന്നായി (truth itself negotiable)മാറും. അത്തരം സാഹചര്യത്തിൽ സാങ്കേതികവിദ്യയും സ്റ്റേറ്റിന്റെ സംവിധാനങ്ങളും (technology & State machinery) നിങ്ങളെ രക്ഷിക്കാൻ ഉണ്ടാകില്ല; അഥവാ ഭരണകൂട അധികാരം (state power) നിങ്ങളെ നിയന്ത്രിക്കാൻ ആണ്’- അത് താഴെ നിൽക്കുന്നവർക്കെതിരെ കടുപ്പമുള്ളതും; മുകളിൽ നിൽക്കുന്നവർക്കെതിരെ മൃദുവുമായ ഒരു വർഗ്ഗനിയമ ഉപകരണം ആണ്. അതുകൊണ്ട് ചോദ്യം നിയമത്തെക്കുറിച്ചല്ല, നിയമം ആരുടെ പക്ഷത്താണ് പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ചാണ് ഉന്നയിക്കപ്പെടേണ്ടത്. നിയമം എഴുതപ്പെട്ടിരിക്കുന്നത് സമത്വത്തിന്റെ ഭാഷയിൽ ആയിരിക്കാം.പക്ഷേ അത് പ്രയോഗിക്കപ്പെടുന്നത് അസമത്വത്തിന്റെ രാഷ്ട്രീയത്തിലൂടെയാണ്.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വിചാരണ ചെയ്യപ്പെടേണ്ടത് അതിജീവിതമാരോടുള്ള അനുകമ്പാപൂർണ്ണമായ പരിസരത്തിലാകണം എന്നു ഉറപ്പക്കേണ്ടതുണ്ട്. നിയമവ്യവസ്ഥ നീതിക്കൊപ്പം നില്‍ക്കുന്നുവെന്നും നിയമം പീഡിതര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുംവേണ്ടി നിലകൊള്ളുന്നു എന്നും ഉറപ്പാക്കപ്പെടേണ്ടതുണ്ട്. ഉയര്‍ന്ന ജനാധിപത്യധാരണയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ നടത്തുന്ന സക്രിയമായ ഇടപെടലിലൂടെയേ ഇത് സാധ്യമാകൂ.
