പതിനെട്ടാം നൂറ്റാണ്ടുവരെ ശാസ്ത്ര-സാങ്കേതിക മേഖലയിൽ മാറ്റങ്ങൾ ഉണ്ടായെങ്കിലും ജനങ്ങളുടെ ജീവിതനിലവാരത്തിൽ സമാനമായ മാറ്റം വന്നിരുന്നില്ല എന്ന് പല സാമ്പത്തിക വിദഗ്ദ്ധരും സമ്മതിക്കുന്നുണ്ട്. എന്നിരിക്കിലും കഴിഞ്ഞ രണ്ട് നൂറ്റാണ്ടായി നാം സുസ്ഥിരവികസനത്തിന് സാക്ഷ്യം വഹിക്കുന്നു എന്നുസമർത്ഥിക്കാനും സാമ്പത്തിക വിദഗ്ധർ വ്യഗ്രതകാട്ടുന്നുണ്ട്. ഒട്ടനവധി മനുഷ്യരെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റാനും മനുഷ്യവംശത്തിന് ആകെ സമൃദ്ധി കൈ വരുത്താനും ഈ കാലയളവിൽ സാധിച്ചത്രേ! വാദത്തിനുവേണ്ടി ഇത് സമ്മതിച്ചാൽത്തന്നെയും ദാരിദ്ര്യം യഥാർത്ഥത്തിൽ കുറഞ്ഞോ? ഇതിനൊരു വിശദീകരണം നൽകാനാണ് ഈ വർഷത്തെ അവാർഡ് ജേതാക്കൾ ശ്രമിക്കുന്നത്. അവരുടെ അഭിപ്രായത്തിൽ സാങ്കേതിക മുന്നേറ്റം ബ്രിട്ടനിൽനിന്ന് ആരംഭിച്ച് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചതോടെ ശാസ്ത്ര-സാങ്കേതികവിദ്യയിലുണ്ടായ നവീന മുന്നേറ്റങ്ങൾ നിരന്തരമായ പുരോഗതിക്കും കണ്ടുപിടുത്തങ്ങൾക്കും വഴിയൊരുക്കി. സുസ്ഥിരവും തുടർച്ചയായതുമായ പുരോഗതിക്ക് ഇത് കാരണമായി. അതിനടിത്തറയായി വർത്തിക്കുന്നത് സാങ്കേതിക മേഖലയിൽ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്ന പുതിയ ആശയങ്ങളും ഉപകരണങ്ങളുമാണ്. പുതിയ സാങ്കേതികവിദ്യ പഴയതിനെ മാറ്റിവയ്ക്കുമ്പോൾ സാമ്പത്തിക മേഖല സദാ വളർന്നുകൊണ്ടിരിക്കുന്നു. ഇതിനെയാണ് അവർ സൃഷ്ടിപരമായ നശീകരണം (creative distruction)എന്നു വിളിക്കുന്നത്. സാങ്കേതിക മുന്നേറ്റത്തിന്റെ അടിത്തറയിൽവരുന്ന ഭൗതികവും സാമ്പത്തികവുമായ മൂലധനം സാമ്പത്തികമേഖലയിൽ വളർച്ചയ്ക്ക് കാരണമാകുന്നു എന്നിവർ പറയുന്നു. ഇത്തരമൊരു സിദ്ധാന്തത്തിന്മേൽ കെട്ടിപ്പടുത്ത ഗണിതശാസ്ത്ര മാതൃക ഉപയോഗിച്ചുകൊണ്ട് വ്യാവസായിക വിപ്ലവത്തിനുശേഷമുണ്ടായ സുസ്ഥിരവികസനത്തെ വിശദീകരിക്കാനാണ് ഈ വർഷത്തെ അവാർഡ് നേതാക്കൾ ശ്രമിക്കുന്നത്. എന്നാൽ ഈ വികസനം മുഴുവൻ ജനങ്ങളുടെയും വികസനമാണോ അതോ കേവലം ഒരുപിടിവരുന്ന അതിസമ്പന്നരുടേതാണോ എന്നത് അവർ വ്യക്തമാക്കുന്നില്ല.
1940കളിൽ തന്നെ ജോസഫ് ഷുംപ്സ്റ്റർ എന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ, മുതലാളിത്തത്തെ, ഇത്തരം സദാ പരിണമിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥയായി അവതരിപ്പിച്ചിരുന്നു. പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്ന സംരംഭകർ, അതുവഴി സാമ്പത്തിക പുരോഗതി കൊണ്ടുവരുന്നു എന്നും ഇത്തരം പുതിയ സാങ്കേതികവിദ്യകൾ സൃഷ്ടിപരമായ നശീകരണംവഴി പഴയ സാങ്കേതികവിദ്യകളെ, വ്യവസായങ്ങളെ എല്ലാം മാറ്റിമറിക്കുന്നു എന്നും അന്നുതന്നെ അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇതിന് ആധാരമായി വിപണി പൂർണമായും സ്വതന്ത്രമാണെന്നും തുറന്ന മത്സരത്തിനുള്ള സാധ്യതകളുണ്ടെന്നും സ്വകാര്യ നിക്ഷേപകരുടെ പ്രവർത്തനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുക മാത്രമാണ് ഭരണകൂടത്തിന്റെ കർത്തവ്യമെന്നും അദ്ദേഹം അനുമാനിച്ചു. കുത്തക മുതലാളിത്തത്തിന്റെ ഇക്കാലത്ത് ഇവയെല്ലാം തെറ്റാണെന്ന് പറയേണ്ടതില്ലല്ലോ. ഇക്കാലത്ത് വൻ കുത്തകകൾ വിപണി പിടിച്ചെടുത്തു കഴിഞ്ഞു. അവർ ചെറിയ നിക്ഷേപകരെ വിപണിയിൽനിന്ന് പുറന്തള്ളിക്ക ഴിഞ്ഞു. അവരുടെ വളര്‍ച്ചക്കനുകൂലമായ സാഹചര്യം സൃഷ്ടിക്കലാണ് ഭരണകൂടത്തിന്റെ കര്‍ത്തവ്യം.
ഇപ്രാവശ്യത്തെ നൊബേൽ ജേതാക്കൾ ഷുംപ്സ്റ്ററുടെ സിദ്ധാന്തത്തെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ പുതിയ സാങ്കേതികവിദ്യകൾക്ക് ചരിത്രപരമായി സുസ്ഥിരവികസനം കൊണ്ടുവരാൻ സാധിക്കാത്തതെന്തുകൊണ്ട് എന്ന ചോദ്യത്തിന് അവർക്കുത്തരമില്ല. നൊബേൽ ജേതാക്കൾ പുരോഗതിയെ രണ്ടു ഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്-വൻകുതിച്ചുചാട്ടങ്ങളും ചെറിയ മെച്ചപ്പെടലുകളും (macro inventions, micro inventions). വൻ കുതിച്ചുചാട്ടങ്ങളെന്നാൽ സാങ്കേതികവിദ്യയിലുണ്ടാകുന്ന വമ്പൻ മുന്നേറ്റമാണ്. മനുഷ്യരുടെ അറിവിനെയും ജീവിതത്തെയും മാറ്റിമറിക്കാൻ ശേഷിയുള്ള അത്തരത്തിലുള്ള പുതിയ സാങ്കേതിക വിദ്യകളാണ് ഇവ. ചിലപ്പോൾ ചെറിയ സാങ്കേതിക മുന്നേറ്റങ്ങൾപോലും നിലനിൽക്കുന്ന വ്യത്യസ്തങ്ങളായ ആശയങ്ങളെ ഒരു പുതിയ വെളിച്ചത്തിൽ കാണിച്ചുതരികയും അത് വലിയ മാറ്റങ്ങളിലേക്ക് നയിക്കുകയും ചെയ്തേക്കാം. അത്തരം മുന്നേറ്റങ്ങളും മാക്രോ ഇൻവെൻഷന്റെ ഭാഗമാണ്. ചെറിയ മെച്ചപ്പെടുത്തലുകൾ വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് സംഭവിക്കുന്ന ചെറിയ മാറ്റങ്ങളാണ്. നിത്യജീവിതവുമായി അഭേദ്യമായ ബന്ധമുള്ളവയാണ് ഇത്തരം മൈക്രോ ഇൻവെൻഷനുകൾ. സാങ്കേതികവിദ്യയും സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെടുന്നത് ഇത്തരം മൈക്രോ ഇൻവെൻഷനാണ്.
അറിവിനെയും ഇവർ രണ്ടുതരമായി തിരിച്ചിട്ടുണ്ട്. പ്രസ്താവ്യരൂപത്തിലുള്ള അറിവും (propositional knowledge) നിർദ്ദേശരൂപത്തിലുള്ള അറിവും (prescriptive kanowledge). മാക്രോ ഇൻവെൻഷൻസ് ആണ് പ്രസ്താവ്യരൂപത്തിലുള്ള അറിവ് നിർമ്മിക്കുന്നത്. മൈക്രോ ഇൻവെൻഷൻ ആകട്ടെ നിത്യജീവിതത്തിന് ആവശ്യമായ നിർദ്ദേശരൂപത്തിലുള്ള അറിവ് നിർമ്മിക്കുന്നു. ഈ രണ്ടുതരം അറിവുകളും ഉദ്ഗ്രഥിക്കാതെ നിരന്തരമായ വികസനവും പുതിയ കണ്ടുപിടുത്തങ്ങളും സാധ്യമല്ല. അതുകൊണ്ടാണ് സാങ്കേതികവിദ്യയിൽ സമൂലമായ മാറ്റങ്ങൾ വന്നാലും അത് സുസ്ഥിരമായ പുതിയ മുന്നേറ്റങ്ങളിലേക്ക് നയിക്കാത്തത്. പലപ്പോഴും പുതിയ സാങ്കേതികവിദ്യകൾ വരുന്നത് വ്യവസായ വിപ്ലവകാലത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ്. എന്നാൽ അവയൊന്നുംതന്നെ സമാഹരിക്കപ്പെട്ട് നിരന്തരവും സുസ്ഥിരവുമായ സാമ്പത്തിക-സാങ്കേതിക വികാസത്തിന് വഴിയൊരുക്കുന്നില്ല. ആത്യന്തികമായി അത്തരം വികസനത്തിന് വഴിയൊരുക്കുന്നത് ഉപയോഗമുള്ള അറിവാണത്രേ (1971 ലെ നൊബേൽ ജേതാവ് കുസ്നറ്റ്ആണ് ഈ പദം ആദ്യമായി ഉപയോഗിക്കുന്നത്). ഈ വിശദീകരണം തികച്ചും അക്കാദമികമാണെന്ന് കാണാം. എങ്കിലും ഇതിനകത്തെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാണിക്കാനാണ് ഇവിടെ എടുത്തുചേർക്കുന്നത്.
ആദ്യമായി ശ്രദ്ധിക്കേണ്ടത്, മുതലാളിത്തത്തിൽ ഒരു ജഡാവസ്ഥയുണ്ടായിരിക്കുന്നു എന്നിവർ സമ്മതിക്കുന്നുണ്ട് എന്നതാണ്. സാമ്പത്തിക മാന്ദ്യം, വർദ്ധിക്കുന്ന ദാരിദ്ര്യം, തൊഴിൽ നഷ്ടം അങ്ങനെയുള്ള പ്രശ്നങ്ങളെ കുറിച്ചാണ് അവർ പറയുന്നത്. നിരന്തരമായ നവീകരണത്തിന് കാലാകാലങ്ങളിൽ സൃഷ്ടിപരമായ നശീകരണം ആവശ്യമാണെന്നാണ് ഇവരുടെ വാദം. സാങ്കേതികവിദ്യയോടുള്ള വിമുഖത ചരിത്രത്തിലുടനീളം കാണാം. അതു വരുന്നത് നിക്ഷിപ്തതാൽപര്യക്കാരിൽ നിന്നാണുതാനും. കുത്തകകൾ പല സൂത്രപ്പണികളിലൂടെ കൈയടക്കിെവച്ചിരിക്കുന്ന കമ്പോളത്തെ പുതിയ കണ്ടുപിടിത്തങ്ങൾ പുനഃക്രമീകരി ക്കുന്നുണ്ട്. പ്രത്യേകിച്ചും ജ്ഞാനോദയത്തിന്റെ കാലത്ത് പുതിയ സ്ഥാപനങ്ങൾ ഉണ്ടായിവരികയും അത് തൽപരകക്ഷികൾക്കിടയിൽ മത്സരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരം മത്സരങ്ങളിൽ വിജയിക്കുന്നവർ തോറ്റവർക്ക് നഷ്ടപരിഹാരം കൊടുക്കുകയും ചെയ്യുമായിരുന്നു. അത്തരം കാര്യങ്ങൾ തീരുമാനിക്കാൻ വേണ്ടിയാണ് എല്ലാവരും ഒരുമിച്ചിരിക്കുന്ന പാർലമെന്റുകൾ സ്ഥാപിച്ചത്.
ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നു
ബൂർഷ്വാ സാമ്പത്തിക ശാസ്ത്രജ്ഞർ പറയുന്നത് ദാരിദ്ര്യം കുറഞ്ഞുവരുന്നു എന്നാണ്. ഇതിലും വലിയ ഒരു നുണയില്ല. ഇത്തരം കാപട്യങ്ങളെ ന്യായീകരിക്കാൻവേണ്ടി അവർ പലപ്പോഴും ദരിദ്രരുടെ വരുമാനവും ചെലവും കണക്കാക്കുന്നതിന്റെ മാനദണ്ഡങ്ങൾ മാറ്റാറുണ്ട്. മുപ്പതുവർഷംമുമ്പ് ഒരാൾക്ക് കഷ്ടിച്ച് ജീവിക്കാൻ 32 രൂപ മതിയായിരുന്നെങ്കിൽ അതിൽ കൂടുതൽ വരുമാനം ഉള്ളവരെ ദരിദ്രരായി പരിഗണിച്ചിരുന്നില്ല. എന്നാൽ പണപ്പെരുപ്പം കാരണം രൂപയുടെ മൂല്യം വളരെയധികം ഇടിഞ്ഞാലും ഇതേ തുക തന്നെയാണ് ദാരിദ്ര്യരേഖ നിശ്ചയിക്കുന്നത് എന്നുവന്നാലോ? മുതലാളിത്തത്തിൽ ഉല്പാദനോപാധികളുടെ നിയന്ത്രണം ഏതാനും വ്യക്തികളുടെ കൈയിലാണ്. എന്നാൽ ഉല്പാദനമാകട്ടെ ഒട്ടനവധി തൊഴിലാളികളുടെ പങ്കാളിത്തത്തോടെ സാമൂഹ്യമായാണ് നടക്കുന്നത്. സമൂഹത്തിന്റെ മൊത്തം ആവശ്യകത നിറവേറ്റാനാണ് അത് ഉപയോഗിക്കേണ്ടത്.
ഒന്നാമതായി, നൊബേൽ സമ്മാനം ലഭിക്കുന്ന സാമ്പത്തിക ശാസ്ത്ര സിദ്ധാന്തങ്ങൾ ഒന്നുംതന്നെ പ്രായോഗികതലത്തിൽ പരിശോധിച്ച് ശരിയാണെന്ന് തെളിയിക്കപ്പെട്ടവയല്ല. രണ്ടാമതായി ഈ സിദ്ധാന്തങ്ങളെല്ലാം സാമ്പത്തികശാസ്ത്രത്തിലെ മാർക്സിസ്റ്റ് സമീപനത്തെ തള്ളിക്കളയുന്നതും മുതലാളിത്തത്തെ ന്യായീകരിക്കുന്നവയുമാണ്, ഉപോദ്ബലകമായ തെളിവുകളൊന്നും അവർക്കില്ലെങ്കിലും. അടിത്തറയും, (സാമ്പത്തിക വ്യവസ്ഥയും ഉൽപാദന ബന്ധങ്ങളും) ഉപരിഘടനയും (സാമ്പത്തികേതരമായ സ്ഥാപനങ്ങളും ആശയങ്ങളും-നിയമം, രാഷ്ട്രീയം, മതം, സംസ്കാരം എന്നിവ) തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഈ വർഷത്തെ നൊബേൽ ജേതാക്കളും മൗനം പാലിക്കുകയാണ്. മനുഷ്യചരിത്രത്തിൽ എല്ലാക്കാലത്തും മുതലാളിത്തം ആയിരുന്നില്ല സാമ്പത്തികാടിത്തറ. ആദ്യനാളുകളിലെ പ്രാകൃത കമ്മ്യൂണിസത്തിനുശേഷം ഉൽപാദന ഉപകരണങ്ങളും ഉത്പാദനബന്ധങ്ങളും സാമൂഹ്യവിപ്ലവങ്ങളിലൂടെ മാറുന്നതിനനുസരിച്ച് അടിമവ്യവസ്ഥ, ഫ്യൂഡൽ സമ്പ്രദായം, മുതലാളിത്തം എന്നിങ്ങനെ വ്യത്യസ്ത ഘട്ടങ്ങളായാണ് മനുഷ്യവംശം പുരോഗമിച്ചത്. മനുഷ്യമസ്തിഷ്കവും പുറം ലോകവുമായുള്ള വൈരുദ്ധ്യാത്മക ഇടപെടലുകളിലൂടെ ആശയങ്ങളും ചിന്തകളും രൂപംകൊള്ളുന്നു. അവ സാപേക്ഷികമായി സ്വതന്ത്രമാണെങ്കിലും അവയ്ക്ക് സാമ്പത്തിക അടിത്തറയെ സ്വാധീനിക്കാനും തിരിച്ച് സാമ്പത്തിക അടിത്തറയ്ക്ക് ചിന്തകളെ സ്വാധീനിക്കാനും കഴിയും. സമൂഹത്തിന്റെ പുരോഗതി, സാമ്പത്തികവ്യവസ്ഥ കാരണം തടസ്സപ്പെടുന്നെങ്കിൽ ഈ സാമ്പത്തിക വ്യവസ്ഥ മാറി ഗുണപരമായി വ്യത്യസ്തമായ പുതിയ വ്യവസ്ഥ വരണമെന്ന സാമൂഹിക ആവശ്യവും സമൂഹത്തിന്റെ ചിന്തയുടെ ഭാഗമായിത്തീരുന്നു. ഈ പ്രക്രിയയിൽ എല്ലാ ഉൽപാദനശക്തികളും-മനുഷ്യാധ്വാനവും, ഉപകരണങ്ങളും, കെട്ടിടങ്ങളും അന്നുവരെയുള്ള അറിവും എല്ലാം – ഉൽപാദന സമ്പ്രദായത്തെ മാറ്റുന്നതിനുള്ള പ്രക്രിയയിൽ പങ്കാളികളാകുന്നു.
ഫ്യൂഡൽ സമ്പ്രദായം വികേന്ദ്രീകൃതമായ, കൃഷി അടിസ്ഥാനമായുള്ള സമ്പദ്‌വ്യവസ്ഥയായിരുന്നു. അവിടെ ഭൂമി തന്നെയായിരുന്നു സമ്പത്തിന്റെയും അധികാരത്തിന്റെയും പ്രാഥമികമായ ഉറവിടം. രാജാവ്, പൗരപ്രമുഖർക്ക് അവരുടെ വിധേയത്വത്തിനും പിന്തുണയ്ക്കും പകരമായി ഭൂമി വിതരണം ചെയ്തു. ഭൂമിയുടെ ഉടമസ്ഥതയായിരുന്നു ജന്മിത്തവ്യവസ്ഥയുടെ കാതൽ. കർഷകര്‍ ഭൂമിയുമായി ബന്ധിക്കപ്പെട്ടിരുന്നു. ഭൂവുടമയുടെ അനുമതിയില്ലാതെ അവർക്ക് സ്ഥലം വിട്ടുപോകാനോ മറ്റു തൊഴിലുകൾ സ്വീകരിക്കാനോ സാധിക്കുമായിരുന്നില്ല. അങ്ങനെ ഭൂമിയുമായി ബന്ധിക്കപ്പെട്ട ഒരു തൊഴിൽസേന ഫ്യൂഡലിസത്തിലുണ്ടാ യിരുന്നു. ഫ്യൂഡലിസം കാലഹരണപ്പെട്ടപ്പോൾ തല്‍സ്ഥാനത്ത് മുതലാളിത്തം വന്നു. ആധുനിക സമൂഹത്തിന്റെ സാമ്പത്തിക അടിത്തറ മുതലാളിത്തത്തിന്റേതാണ്. മുതലാളിത്തത്തിന്റെ വികാസത്തിന്റെ ഭാഗമായാണ് ന്യൂട്ടോണിയൻ ചലന നിയമങ്ങളെക്കുറിച്ച് നാം മനസ്സിലാക്കുന്നത്. മുതലാളിത്തം പുരോഗമിക്കുന്നതിനനുസരിച്ച് പഴയ പല സാങ്കേതികവിദ്യകളും കാലഹരണപ്പെടുകയോ പുതിയ ആവശ്യങ്ങൾക്കനുസരിച്ച് മാറിത്തീരുകയോ ചെയ്തു. ഈ പ്രക്രിയ തന്നെയല്ലേ നൊബേൽ ജേതാക്കൾ സൃഷ്ടിപരമായ നശീകരണം എന്ന ഓമനപ്പേരിട്ട് വിളിക്കുന്നത്?
ഫ്യൂഡലിസത്തിൽ ഉത്പാദനം സ്വകാര്യമായ ഒരു പ്രവർത്തനമായിരുന്നു, അതും സ്വകാര്യആവശ്യങ്ങൾക്കുവേണ്ടി. മുതലാളിത്തത്തിൽ സാമൂഹ്യ ആവശ്യങ്ങൾക്കവേണ്ടി കൂട്ടായി ചെയ്യുന്ന പ്രവർത്തനമായി ഉത്പാദന പ്രക്രിയ മാറി. എന്നാൽ ഉല്പാദനത്തിന്റെ ലക്ഷ്യമാകട്ടെ മുതലാളിക്ക് പരമാവധി ലാഭം ഉണ്ടാക്കുകയാണുതാനും. മുതലാളിത്തത്തിന്റെ ആദ്യനാളുകളിൽ സമ്പദ്‌വ്യവസ്ഥ സ്വതന്ത്രമത്സരം പ്രോത്സാഹിപ്പിച്ചിരുന്നു. അന്ന് വിപണിയിൽ മത്സരിക്കാൻവേണ്ടി ലാഭംകുറയ്ക്കാൻ മുതലാളിമാർ നിർബന്ധിതരായി. അക്കാലത്ത് സമൂഹത്തിൽ പുരോഗതി ഉണ്ടായി. വ്യവസായങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും പണിയെടുത്ത് തൊഴിലാളികൾക്ക് അവശ്യവസ്തുക്കൾ വാങ്ങിക്കാനും ജന്മിത്ത കാലഘട്ടത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട രീതിയിൽ ജീവിക്കാനും സാധിച്ചു. ലോകമെമ്പാടും രാജ്യങ്ങളുടെ ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) വലിയ പുരോഗതിയുണ്ടായി. ജനങ്ങളുടെ ജീവിതനിലവാരം അതിനനുസരിച്ച് മെച്ചപ്പെട്ടു. എന്നാല്‍ പിന്നീട് മുതലാളിത്ത ഉത്പാദനരീതി പ്രതിസന്ധി സൃഷ്ടിച്ചു.
മുതലാളിത്ത പ്രതിസന്ധി മുതലാളിത്തത്തിനകത്തു തന്നെയുള്ള പരിഷ്കരണങ്ങളിലൂടെ പരിഹരിക്കാനാണ് നൊബേൽ ജേതാക്കൾ ഉൾപ്പെടെയുള്ള ബൂർഷ്വ സാമ്പത്തികവിദഗ്ദ്ധർ എല്ലാം തന്നെ ശ്രമിക്കുന്നത്. പ്രതിസന്ധിയുടെ മൂലകാരണം മുതലാളിത്തം തന്നെയാണ് എന്നത് ചികഞ്ഞെടുക്കാൻ അവർക്ക് താല്പര്യമില്ല. ഈ സാമ്പത്തിക വിദഗ്ദ്ധർ കരുതുന്നത് മുതലാളിത്തത്തിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ല എന്നാണ്. ഈ പണ്ഡിതന്മാർ ഉണ്ടാക്കിയെടുത്ത മോഡലുകൾ ഏതെങ്കിലും തരത്തിൽ പരീക്ഷിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ എന്താണ് അതിന്റെ റിസൾട്ട് എന്ന് നമുക്കറിയില്ല. എന്നാൽ നമുക്കറിയാവുന്ന ഒരു കാര്യം അമർത്യസെന്നിന്റെ ‘കഴിവുകളുടെ വികാസവും’ സ്റ്റിഗ്‌ലിറ്റ്സിന്റെ ‘ആഗോളവൽക്കരണത്തിന്റെ സാമ്പത്തികശാസ്ത്രവും’ അഭിജിത് ബാനർജിയുടെ ‘ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള പരീക്ഷണങ്ങളും’ എല്ലാം ഉണ്ടായിട്ടും കാര്യങ്ങൾ ഒട്ടും മെച്ചപ്പെട്ടിട്ടില്ല എന്നുമാത്രമല്ല കൂടുതൽ വഷളായിരിക്കുകയാണ് എന്നതാണ്.
സാമ്പത്തിക പുരോഗതിയുടെ അളവുകോലായി ബൂർഷ്വ സാമ്പത്തിക വിദഗ്ദ്ധർ എടുത്തുകാട്ടുന്ന ജിഡിപിയോ (മൊത്തം ആഭ്യന്തര ഉൽപാദനം) അല്ലെങ്കിൽ ആളോഹരി വരുമാനമോ (സാമ്പത്തിക വിതരണത്തിലെ അസമത്വം കണക്കിലെടുക്കാതെയുള്ള ശരാശരി വരുമാനം) യഥാർത്ഥ സാഹചര്യത്തെ അളക്കുന്നതല്ല. മുതലാളിത്തം സൃഷ്ടിക്കുന്ന ഭീമാകാരമായ സാമ്പത്തിക അസമത്വം, ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം, സമ്പത്ത് വലിയതോതിൽ ഏതാനും ആളുകളുടെ കൈയിൽ കുമിഞ്ഞു കൂടുകയും ബഹുഭൂരിപക്ഷം ജനങ്ങളും പരമ ദരിദ്രരായി തുടരുകയും ചെയ്യുന്നത്-ഇതൊന്നും ജിഡിപിയിലോ ആളോഹരി വരുമാനത്തിലോ പ്രതിഫലിക്കുന്നില്ല. ലോകമെമ്പാടും നോക്കിയാൽ വരുമാനത്തിന്റെ പകുതിയും പോകുന്നത് പത്തു ശതമാനം ആളുകളിലേക്കാണ്. അതിൽത്തന്നെ ആകെ വരുമാനത്തിന്റെ എട്ടു ശതമാനം മാത്രമേ താഴെക്കിടയിലുള്ള 50% ജനങ്ങൾക്കാകെ ലഭിക്കുന്നുള്ളൂ. സമ്പത്തിന്റെ വിതരണം ഇതിലും അസന്തുലിതമാണ്. 88% സമ്പത്തും കേവലം 10 ശതമാനം ആളുകളുടെ കൈയിലാണ് ഇരിക്കുന്നത്. ഇതിൽതന്നെ ഭൂരിഭാഗവും അതിസമ്പന്നരായ ഒരു ശതമാനത്തിന്റെ കൈവശമാണുതാനും. ഇനി, താഴേക്കിടയിലുള്ള 50% പങ്കുവയ്ക്കുന്നത് ആകെ സമ്പത്തിന്റെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. ഇതിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം, അതിസമ്പന്നർ തങ്ങളുടെ സമ്പത്ത് വളരെയധികം വർദ്ധിപ്പിച്ചത് സാമ്പത്തിക പ്രതിസന്ധിയുടെയും പകർച്ചവ്യാധിയുടെയും കാലങ്ങളിലാണെന്നതാണ്. അതായത് സാധാരണ ജനങ്ങൾ ജീവിച്ചുപോകാൻ കഷ്ടപ്പെടുന്ന നാളുകളിലാണ് അവർ തങ്ങളുടെ സ്വത്ത് കുമിഞ്ഞു കൂട്ടിയത്. ഈ ഭീകരമായ സാമ്പത്തിക അസമത്വവും സാധാരണ ജനങ്ങളുടെ വരുമാനത്തിലുണ്ടായിരിക്കുന്ന വലിയ ഇടിവും ജനങ്ങളുടെ ക്രയശേഷി വല്ലാതെ ശോഷിപ്പിച്ചിരിക്കുന്നു. അത് കമ്പോളത്തെ നന്നായി ചുരുക്കുകയും ചെയ്യുന്നു. ഇത് മുതലാളിത്തത്തെ ആകെ അപരിഹാര്യമായ ഒരു പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. ഇതാണ് മുതലാളിത്ത പ്രതിസന്ധിയുടെ മൂലകാരണം. സാമ്പത്തികമേഖലയിൽ പുറമേക്കുകാണുന്ന എല്ലാ പ്രശ്നങ്ങളും ഉടലെടുക്കുന്നത് ഈ കമ്പോളപ്രതിസന്ധിയിൽ നിന്നാണ്.
എന്തുകൊണ്ടാണ് സമ്പദ്‌വ്യവസ്ഥ ജഡാവസ്ഥയിൽ നിൽക്കുന്നത്
മുതലാളിത്ത സമ്പദ്‌വ്യവസ്ഥ ചലനമറ്റ്, ജഡാവസ്ഥയിലെത്തി നിൽക്കുകയാണിന്ന്. ഇത് വിശദീകരിക്കാനാണ് ഈ വർഷത്തെ നൊബേൽ ജേതാക്കൾ തങ്ങളുടെ ‘സൃഷ്ടിപരമായ നശീകരണ’ സിദ്ധാന്തവുമായി വന്നിരിക്കുന്നത്. മുതലാളിത്തത്തിന്റെ ചൂഷണയന്ത്രം പ്രവർത്തിപ്പിക്കുന്ന സംരംഭകർ ആണത്രേ ഇത് ചെയ്യാൻ പോകുന്നത്. എന്നാൽ ഈ സിദ്ധാന്തത്തിന് സാമൂഹ്യവികാസത്തിന്റെ നിയമങ്ങളുമായി ബന്ധമില്ല. സാമൂഹ്യ ആവശ്യങ്ങൾക്കനുസരിച്ച് ഉത്പാദന സമ്പ്രദായം മാറ്റുന്നതിനെക്കുറിച്ച് അത് മിണ്ടുന്നില്ല. സാമ്പത്തിക രംഗത്തെ വർദ്ധിച്ചുവരുന്ന പ്രതിസന്ധിയെക്കുറിച്ച് അവർ ഗൗരവമായി ചിന്തിച്ചിരുന്നെങ്കിൽ മുതലാളിത്തം തന്നെയാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത് എന്നത് കാണാതെ പോകില്ലായിരുന്നു. മുതലാളിത്തം സാമൂഹ്യപുരോഗതിക്ക് വിലങ്ങുതടിയായി നിൽക്കുന്നു. ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും അത് നീതിപൂർവ്വമായി വിതരണം ചെയ്യുന്നതിനും തടസ്സം നിൽക്കുന്നത് മുതലാളിത്ത സാമ്പത്തികക്രമം തന്നെയാണ്. ഒരുപിടിവരുന്ന സമ്പന്നർ വീണ്ടും പണമുണ്ടാക്കുന്നു. ദരിദ്രർ കൂടുതൽ ദരിദ്രരായിക്കൊണ്ടിരിക്കുന്നു. നൊബേൽ ജേതാക്കൾതന്നെ സൂചിപ്പിക്കുന്നതുപോലെ സാമ്പത്തിക പുരോഗതിയുടെ യഥാർത്ഥ അളവുകോൽ ജനങ്ങളുടെ ജീവിതനിലവാരമാണ്.
മുതലാളിത്ത പ്രതിസന്ധി വിശകലനം ചെയ്ത് കാരണങ്ങൾ ചൂണ്ടിക്കാട്ടിയത് കാൾ മാർക്സ് ആണ്. എല്ലാവരെയും കുഴക്കിയിരുന്ന ചോദ്യമാണ് മുതലാളിമാരുടെ ലാഭം എവിടെനിന്ന് വരുന്നു എന്നത്. മനുഷ്യചരിത്രത്തിൽ ഉടനീളം നിലനിന്ന ഉൽപാദന പ്രക്രിയകൾ മാർക്സ് വിശകലനം ചെയ്തു. മനുഷ്യർ അവരുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവശ്യമായ പ്രവര്‍ത്തനം നടത്തുന്ന രീതിയെ ‘ഉത്പാദന രീതി’ (mode of production)എന്ന് വിളിക്കുന്നു. അതിനുപയോഗിക്കുന്ന ഉപകരണങ്ങളും അതുപയോഗിച്ച് ഉത്പാദനം നടത്തുന്ന ആളുകളും ചേർന്നതാണ് ഉത്പാദന ശക്തികൾ. ഉത്പാദന രീതിയുടെ ഒരു പ്രധാനപ്പെട്ട വശം ഉത്പാദന പ്രക്രിയയിൽ ഉൾപ്പെട്ട ആളുകൾ തമ്മിലുള്ള ബന്ധമാണ്. ഇതിനെ ഉത്പാദനബന്ധം എന്നു വിളിക്കുന്നു.
ഉൽപ്പന്നങ്ങൾക്ക് രണ്ടുതരത്തിലുള്ള മൂല്യങ്ങളാണ് എന്ന് മാർക്സ് കാണിച്ചു. ഒന്ന്, അതിന്റെ ഉപയോഗമൂല്യം(use value). മറ്റൊന്ന് വിപണനമൂല്യം (exchange value). ഓരോ ഉൽപ്പന്നത്തിന്റെമേലും ചിലവഴിച്ച അധ്വാനസമയമാണ് വിപണന മൂല്യത്തെ നിർണയിക്കുന്നത്. വിപണന മൂല്യമാണ് വിശകലനത്തിന്റെ അടിസ്ഥാനമെങ്കിലും വിപണിയിൽ ഒരു വസ്തുവും അതിന്റെ യഥാർത്ഥ വിപണനമൂല്യത്തിൽ അല്ല വിറ്റുപോകുന്നത്. അത് വിപണിയിലെ ആവശ്യത്തിന്റെയും ലഭ്യതയുടെയും (ഡിമാൻഡ് ആൻഡ് സപ്ലൈ) അടിസ്ഥാനത്തിൽ മാറിക്കൊണ്ടിരിക്കും. വിപണന മൂല്യം എന്നത് ഉത്പന്നത്തിന്റെ വിലയല്ല. മറിച്ച്, ഉത്പന്നത്തിന് പകരമായി മറ്റേതൊക്കെ ഉത്പന്നങ്ങൾ വാങ്ങാൻ പറ്റും എന്നതാണ് അത് സൂചിപ്പിക്കുന്നത്.
ഓരോ ഉല്പന്നത്തിലും അന്തർലീനമായിട്ടുള്ളത് മനുഷ്യാധ്വാനമാണ്-മൂർത്തമായതും അമൂർത്തമായതും. മൂർത്തമായ അധ്വാനം എന്നാൽ ഒരു ഉത്പന്നത്തിന് ഉപയോഗിച്ച പ്രത്യേക രൂപത്തിലുള്ള മനുഷ്യാധ്വാനമാണ്. അതാണ് ഉല്പന്നത്തിന്റെ വിപണനമൂല്യം നിർണയിക്കുന്നത്. എല്ലാ ഉത്പന്നങ്ങൾക്കും പൊതുവായുള്ളത് അവയെല്ലാം മനുഷ്യാധ്വാനത്തിലൂടെ രൂപംകൊള്ളുന്നതാണ് എന്നതാണ്. ഒരു ഉല്പന്നത്തിനുമേൽ കൂടുതൽ മനുഷ്യാധ്വാനം വേണ്ടിവന്നാൽ അതിന്റെ വിപണനമൂല്യം കൂടുന്നു. അതുകൊണ്ടാണ് അവശ്യഭക്ഷണപദാർത്ഥങ്ങളേക്കാൾ വിപണനമൂല്യം ഒരു കാറിന് വരുന്നത്. ഒരു കപ്പലിന് തോണിയെക്കാൾ മൂല്യമേറുന്നതും അതുകൊണ്ടുതന്നെ. ഒരു കപ്പൽ ഉണ്ടാക്കാൻ വേണ്ടിവരുന്ന മനുഷ്യാധ്വാനം കൂടുതൽ വൈദഗ്ദ്ധ്യമുള്ളതാകണം. അത്തരം വിദഗ്ദ്ധ തൊഴിലാളികളുടെ ജീവിതനിലവാരവും ഉയർന്നതായിരിക്കും. അവർക്ക് നൈപുണി ആർജ്ജിക്കാനും അത് നിലനിർത്താനും വീണ്ടും മനുഷ്യാധ്വാനം ചെലവഴിക്കേണ്ടതുണ്ട്. അതുംകൂടെ ആ ഉല്പന്നത്തിന് ആവശ്യമായ മനുഷ്യാധ്വാനത്തിൽപെട്ടതാണ്. അതുകൊണ്ടുതന്നെ വിദഗ്ദ്ധ തൊഴിലാളികളെ ആവശ്യമുള്ള ഉല്പന്നങ്ങൾക്ക് വിപണനമൂല്യം കൂടും. മാർക്സ് ഇതും പറഞ്ഞു, “വിപണന മൂല്യം ഇല്ലാതായാൽപോലും സമ്പത്തിന്റെ സത്തയെന്ന നിലയിലും അത് ഉണ്ടാക്കിയെടുക്കാനുള്ള ചെലവ് എന്ന നിലയിലും അധ്വാനസമയം പരിഗണിക്കേണ്ടിവരും.” (Theories of surplus value, CW, vol.3) “അധ്വാനം ലഘൂകരിക്കാൻ ഉപയോഗിക്കുന്ന യന്ത്രങ്ങളും നിർമ്മിക്കുന്നത് അധ്വാനം വഴിയാണ്. അതുകൊണ്ടുതന്നെ യന്ത്രങ്ങളിലുള്ളതും മറച്ചുവയ്ക്കപ്പെട്ടിട്ടുള്ള മനുഷ്യാധ്വാനമാണ്” എന്ന് മാർക്സ് പറഞ്ഞു.
തങ്ങളുടെ അധ്വാനത്തിൽനിന്ന് അത് നിലനിർത്താനാവശ്യമായ മിനിമം ചെലവ് കഴിച്ചു തൊഴിലാളികൾ ഉല്പാദിപ്പിക്കുന്നതാണ് മിച്ചമൂല്യം എന്ന് മാർക്സ് കാണിച്ചു. ഇത് സൃഷ്ടിക്കുന്നത് തൊഴിലാളികള്‍ അധികമായി നടത്തുന്ന അധ്വാനമാണ്. ഇതാണ് മുതലാളിയുടെ ലാഭം. ഈ മിച്ചമൂല്യം മുതലാളി കൈയടക്കുന്നു. അതായത് മിച്ചമൂല്യമെന്നത് തൊഴിലാളിയുടെ കൂലി കിട്ടാത്ത അധ്വാനമാണ്. ഈ മിച്ചമൂല്യം നിക്ഷേപിച്ച് എന്തെങ്കിലും പുതിയ കണ്ടുപിടിത്തം വരുന്നുണ്ടെങ്കിൽ അതിന്റെ യഥാർത്ഥ അവകാശി തൊഴിലാളികളാണ്, മൂലധന നിക്ഷേപകരല്ല.
ബൂർഷ്വാ സാമ്പത്തിക ശാസ്ത്രജ്ഞരുടെ തെറ്റായ വിശകലനം
ബൂർഷ്വാ സാമ്പത്തിക ശാസ്ത്രജ്ഞർ പറയുന്നത് ഉത്പാദനം നടക്കണമെങ്കിൽ മൂലധനവും അധ്വാനവും വേണമെന്നാണ്. എന്നാൽ മാർക്സ് പറയുന്നത് മൂലധനം എന്നത് പണത്തിന്റെ സഞ്ചയമാണ്-ഉത്പന്നങ്ങളുടെ വിനിമയത്തിലൂടെ പണത്തിന്റെ ബന്ധം വരുന്നതുവരെ മൂലധനത്തിന് രൂപംകൊള്ളാൻ കഴിയുമായിരുന്നില്ല. തൊഴിലാളിയെ ചൂഷണംചെയ്ത് മിച്ചമൂല്യം സൃഷ്ടിക്കുന്ന പണമാണ് മൂലധനം. ഒരു രക്തരക്ഷസിനെപ്പോലെ, ജീവിക്കുന്ന അധ്വാനത്തിന്റെ ചോരയൂറ്റിക്കൊണ്ടുമാത്രമാണ് അതിന്റെ നിലനിൽപ്പ്. കൂടുതൽ ചോരയൂറ്റാൻ കഴിയുമ്പോൾ അത് കൂടുതൽ നിലനിൽക്കുന്നു എന്ന് മാർക്സ് പറഞ്ഞു.
“കുത്തകമൂലധനം ഉല്പാദന പ്രക്രിയ തടസ്സപ്പെടുത്തുന്നതാണ്. ഉല്പാദന പ്രക്രിയക്കിടയിലൂടെയാണ്, അതോടൊപ്പംതന്നെയാണ് കുത്തക മൂലധനം രൂപം കൊള്ളുന്നതും പുഷ്ടിപ്പെടുന്നതും. എന്നാൽ കുത്തകസ്വഭാവമാർജ്ജിക്കുന്നതോടെ ഉത്പാദന ശക്തികളെയാകെ കേന്ദ്രീകരിച്ചും അധ്വാനത്തെ സാമൂഹ്യവൽക്കരിച്ചും ഒരു ഘട്ടമെത്തുമ്പോൾ അത് മുതലാളിത്ത പുറംതോടിന് വിരുദ്ധമായി വരുന്നു. പുറന്തോട് ഉള്ളിൽനിന്നുതന്നെ പൊളിയാൻ തുടങ്ങുന്നു. മുതലാളിത്ത സ്വകാര്യസ്വത്തിന്റെ മരണമണി മുഴക്കുന്നു. പിടിച്ചുപറിക്കാർ തന്നെ പിടിച്ചെടുക്കലിന് വിധേയരാകുന്നു. പൂര്‍ണ്ണവളര്‍ച്ചയെത്തിയ കുത്തകമുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ഘട്ടംകാണാന്‍ മാര്‍ക്സ് ജീവിച്ചിരുന്നില്ല.
മാര്‍ക്സിന്റെ അര്‍ഹനായ പിന്‍ഗാമിയായ മഹാനായ ലെനിനാണ് കുത്തക മൂലധനത്തിന്റെ ഈ ഘട്ടത്തില്‍ ഉല്പാദനത്തിന്റെ ലക്ഷ്യം കേവലലാഭമല്ല, പരമാവധി ലാഭമുണ്ടാക്കുകയാണ് എന്ന് വിശദീകരിത്. അതായത് പരമാവധി ചൂഷണം. വിപണി പിടിച്ചെടുക്കാനും മുതലാളിത്ത പ്രതിസന്ധിയെ അതിജീവിക്കാനുമുള്ള തത്രപ്പാടിൽ മുതലാളിത്ത സമ്പദ്‌വ്യവസ്ഥ കൂടുതൽ സൈനികവൽക്കരിക്കപ്പെടുന്നത് യുദ്ധങ്ങൾക്ക് കാരണമാകുന്നതായും ലെനിൻ തുറന്നു കാണിച്ചു. സാമ്പത്തികശാസ്ത്രത്തിന്റെ നിഷേധിക്കാനാകാത്ത സത്യം ഇതാണ്. ഉല്പാദന ശക്തികളെ ഏതാനും സ്വകാര്യവ്യക്തികൾക്ക് വിട്ടുകൊടുക്കാതെ, സാമൂഹ്യമായി നിയന്ത്രിക്കുന്ന, ഉല്പാദനത്തിന്റെ ലക്ഷ്യം പരമാവധി ലാഭമാകാത്ത, സാമൂഹ്യനന്മയാകുന്ന സമ്പദ്‌വ്യവസ്ഥയാണ് സോഷ്യലിസം. സോഷ്യലിസം നിലനിന്നിരുന്ന കാലത്ത് അതിന്റെ അപ്രമാദിത്വം തെളിയിച്ചതാണ്. മുതലാളിത്ത സാമ്പത്തിക പ്രതിസന്ധിയെ വർണ്ണാഭമായ വാക്കുകൾകൊണ്ട് വിശദീകരിക്കാൻ ബൂർഷ്വാ സാമ്പത്തിക ശാസ്ത്രജ്ഞര്‍ എത്രകണ്ട് ശ്രമിച്ചാലും ഒരു കാര്യം ഉറപ്പാണ്, പ്രതിസന്ധിയുടെ മൂലകാരണം മുതലാളിത്തം തന്നെയാണ്. ഉല്പാദനത്തിന്റെ ലക്ഷ്യം ഒരുപിടി വരുന്ന കുത്തകകൾക്ക് പരമാവധി ലാഭം എന്നതിനു പകരം പരമാവധി മനുഷ്യരുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുക എന്നതാവണം. അതല്ലാതെയുള്ള എല്ലാ പരിഹാരങ്ങളും കാപട്യമാണ്.
