കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയും സെന്റർ ഫോർ പ്രൊട്ടക്ഷൻ ഓഫ് ഡമോക്രാറ്റിക് റൈറ്റ്സ് ആന്റ് സെക്യൂലറിസ (CPRDS)വും കോഴിക്കോട് സംഘടിപ്പിച്ച പൗരാവകാശ സംരക്ഷണ പ്രതിജ്ഞാ സമ്മേളനത്തിൽ ഡോ.പറകാല പ്രഭാകർ നടത്തിയ പ്രഭാഷണത്തിന്റെ സംക്ഷിപ്തരൂപം
നമ്മുടെ റിപ്പബ്ലിക്ക് വളരെ വളരെ പ്രയാസകരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്ത് നടക്കുന്ന കാര്യങ്ങളിൽ ഇത്രയധികം അസ്വസ്ഥനാക്കുന്നത് എന്താണെന്ന് ഇവിടെവന്ന് ഹൃദയം തുറന്ന്, നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിച്ചു. എന്നെ ഒരു പരിഭ്രാന്തി പരത്തുന്നവനായി (alarmist) ദയവായി തെറ്റിദ്ധരിക്കരുത്. ഇത്തരത്തിലുള്ള ഒത്തുചേരലുകൾ അസാധ്യമല്ലെങ്കിൽ പോലും, വളരെ അപൂർവമായിക്കൊണ്ടിരിക്കുകയാണെന്ന് ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ആഗ്രഹിക്കുന്നു. എവിടെയും എന്തും സംഭവിക്കാം, പക്ഷേ ഇന്ത്യയിൽ സംഭവിക്കില്ല എന്ന് നമ്മൾ ചിന്തിച്ചേക്കാം. ഇന്ത്യയിൽ എന്തും സംഭവിക്കാം, പക്ഷേ കേരളത്തിൽ സംഭവിക്കില്ല എന്നും നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ അതു ശരിയല്ല. എല്ലാം ശരിയാണെന്ന് വിശ്വസിക്കാൻ, ചോദിക്കാതെതന്നെ തയ്യാറുള്ള ഒരുപാടുപേരെ ഞാൻ കണ്ടിട്ടുണ്ട്. ഇന്ന് നടക്കുന്നത് ഏറ്റവും അനുയോജ്യമായ കാര്യമാണെന്നും അത് സംഭവിക്കേണ്ടതാണെന്നും പലരും കരുതുന്നു.
എസ്ആർആർ (Special Roll Revision) എന്താണ് തെറ്റെന്ന് ചോദിച്ച നിരവധി പേരുണ്ട്. നമ്മൾ വോട്ടർ പട്ടിക ശുദ്ധീകരിക്കേണ്ടതില്ലേ? തീർച്ചയായും വേണം. മരിച്ചവർ വോട്ടർ പട്ടികയിൽ ഉണ്ടാകണമെന്ന്, കുടിയേറിയവർ വോട്ടർ പട്ടികയിൽ ഉണ്ടാകണമെന്ന്, വോട്ടർ പട്ടികയിൽ പേരുകൾ ആവർത്തിക്കപ്പെടണമെന്ന്, സ്ഥലത്തില്ലാത്തവർ പട്ടികയിൽ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ടോ? ഇല്ല. ഇത് കേവലം ശുദ്ധീകരണം മാത്രമാണെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. അപ്പോൾ പിന്നെ അതിൽ എന്താണ് തെറ്റ്?
എസ്ഐആർ ബീഹാറിലാണ് തുടങ്ങിയതെന്ന് നമുക്കറിയാം. അവിടെ എന്താണ് സംഭവിച്ചതെന്ന് സൂക്ഷ്മമായി പഠിച്ചാൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വോട്ടർ പട്ടിക ശുദ്ധീകരണം എത്തരത്തിലുള്ളതാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. നമുക്ക് തുടക്കം മുതൽ ആരംഭിക്കാം. സ്പെഷ്യൽ സമ്മറി റിവിഷൻ (SSR) എന്നൊരു കാര്യമുണ്ട്. അത് പതിവായി ചെയ്യുന്ന ഒന്നാണ്. ഓരോ തിരഞ്ഞെടുപ്പിനു ശേഷമോ ഓരോ വർഷമോ വോട്ടർ പട്ടിക പരിശോധിച്ച് ചില മാറ്റങ്ങളും ഒഴിവാക്കലുകളും കൂട്ടിച്ചേർക്കലുകളും നടത്തുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം, 2024 ഒക്ടോബർ മുതൽ 2025 ജനുവരി അവസാനംവരെ ബീഹാറിലും SSR നടത്തി. ദയവായി ഇതിന്റെ കാലക്രമം ശ്രദ്ധിക്കുക.
ഈ ഘട്ടത്തിൽ എനിക്ക് പറയാനുള്ളത്, ഇന്ന് ഇവിടെ പറയുന്ന ഓരോ വാക്കിനും മറുപടി പറയാൻ ഞാൻ തയ്യാറാണ് എന്നാണ്. ‘മൻ കി ബാത്തിൽ’ വിശ്വസിക്കുന്ന ഒരാളല്ല ഞാൻ. ഞാൻ സംവാദത്തിൽ വിശ്വസിക്കുന്നു. എന്റെ വസ്തുതകളോ നിഗമനങ്ങളോ തെറ്റാണെങ്കിൽ, ഞാൻ തെറ്റായ പാതയിലാണെന്ന് നിങ്ങൾക്ക് എന്നെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ, അത് സമ്മതിക്കുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കും. ഉത്തരവാദിത്തത്തോടെയാണ് ഞാൻ ഇന്ന് സംസാരിക്കുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളോ ഡാറ്റയും അനുഭവവും സാക്ഷ്യപ്പെടുത്താത്ത നിഗമനങ്ങളോ ഞാൻ പറയില്ല.
അതായത് ബീഹാറിൽ SSR നടത്തി, ഭേദഗതികൾ വരുത്തിയിരുന്നു. പിന്നാലെയാണ് തീവ്രമായ പരിഷ്കരണം (intensive revision) നടത്താൻ പോകുന്നു എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വരുന്നത്. സമ്മറി റിവിഷനുശേഷം എന്തിനാണ് ഇന്റൻസീവ് റിവിഷൻ? ഉടനെ ഉയരുന്ന ചോദ്യമാണത്. കമ്മീഷൻ പറഞ്ഞു, സമ്മറി റിവിഷനുശേഷം ഒരു സംഘടനയെ പഠിക്കാൻ ഏൽപ്പിച്ചിരുന്നുവെന്നും, അവരുടെ റിപ്പോർട്ട് പ്രകാരം തീവ്രമായ പരിഷ്കരണം ആവശ്യമാണെന്നും. ഒരു വിദഗ്ദ്ധ സമിതി അങ്ങനെ പറയുന്നുണ്ടെങ്കിൽ അതിൽ എനിക്ക് എതിർപ്പില്ല. എന്നാൽ ഈ പഠനം നടത്തിയത് ആരാണെന്ന് ചിലർ കമ്മീഷനോട് ചോദിച്ചു. റിപ്പോർട്ടിന്റെ പകർപ്പ് നൽകാമോ? ശുപാർശകൾ എന്താണെന്ന് പറയാമോ? സുഹൃത്തുക്കളേ, ആ പഠനം ആരു നടത്തി, എന്തായിരുന്നു ആ റിപ്പോർട്ട്, ശുപാർശകൾ എന്തായിരുന്നു എന്ന് വെളിപ്പെടുത്താൻ ഇന്നുവരെ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായിട്ടില്ല. കമ്മീഷൻ ഇത് വെളിപ്പെടുത്താത്ത സാഹചര്യത്തിൽ, അങ്ങനെയൊരു പഠനമോ റിപ്പോർട്ടോ ശുപാർശയോ ഉണ്ടായിരുന്നില്ല എന്ന് ഞാൻ സംശയിച്ചാൽ അത് തെറ്റാണോ?
അപ്പോൾ കമ്മീഷൻ പറഞ്ഞു, ‘ഇത് പുതിയ കാര്യമല്ല, 2003ലും ഇത് നടത്തിയിട്ടുണ്ട്, അത് വീണ്ടുംചെയ്യുന്നു എന്നുമാത്രം, എന്താണ് നിങ്ങളുടെ പ്രശ്നം? 2003ൽ നിങ്ങളിൽ എത്രപേർ വോട്ടർമാരായിരുന്നു എന്ന് എനിക്കറിയില്ല. നിങ്ങളിൽ വലിയൊരു വിഭാഗം അന്ന് വോട്ടർമാരായിരുന്നു, ഞാനും ആയിരുന്നു. എത്രപേർക്ക് അന്ന് കെട്ടുകണക്കിന് സർട്ടിഫിക്കറ്റുകളുമായി പോയി സ്വയം തെളിയിക്കേണ്ടി വന്നിട്ടുണ്ട്? ഓർക്കുന്നുണ്ടോ? ഇവിടെ ഇരിക്കുന്നവർ മാത്രമല്ല, രാജ്യത്തൊട്ടാകെയുള്ള ആളുകളോടാണ് ഈ ചോദ്യം. ‘2003ൽ ഞാൻ ഈ രേഖകളുമായി പോയി ഞാൻ ഈ രാജ്യത്തെ അർഹനായ വോട്ടറാണെന്ന് തെളിയിച്ചു’ എന്ന് പറയാൻ ആർക്കെങ്കിലും കഴിയുമോ? ആർക്കെങ്കിലും ഓർമ്മയുണ്ടോ? അതിന്റെ അർത്ഥം ഒന്നുകിൽ അങ്ങനെ ഒന്ന് സംഭവിച്ചിട്ടില്ല, അല്ലെങ്കിൽ ഇന്ന് നടക്കുന്നത് പോലെയല്ല അന്നു നടന്നത്. അതായത് രണ്ട് കാര്യങ്ങൾ വ്യക്തമാണ്: ഒന്ന്, റിപ്പോർട്ടോ പഠനമോ ഉണ്ടായിരുന്നില്ല; രണ്ട്, 2003ൽ ഇത് നടന്നുവെന്ന വാദം പൂർണ്ണമായും ശരിയല്ല.
മരിച്ചവരെയും മറ്റും പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിനോട് നിങ്ങൾക്ക് എന്താണ് ഇത്ര തർക്കം എന്ന് പലരും ചോദിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിന് ‘SADD’ എന്നൊരു രസകരമായ ചുരുക്കപ്പേര് നൽകിയിട്ടുണ്ട്. എന്താണെന്ന് അറിയാമോ? Shifted (സ്ഥലം മാറിയവർ), Absentee (സ്ഥലത്തില്ലാത്തവർ), Deceased (മരിച്ചവർ), Duplicate (രണ്ടിടത്ത് പേരുള്ളവർ). എനിക്ക് പ്രശ്നമില്ല. പക്ഷേ ബീഹാറിൽ എന്താണ് സംഭവിച്ചതെന്ന് നോക്കാം. ഒരുപാട് പേർ ഇതിനെക്കുറിച്ച് പഠിച്ചു. മുഖ്യധാരാ മാധ്യമങ്ങളൊന്നും ഇതിന് വലിയ പ്രാധാന്യം നൽകിയതായി തോന്നുന്നില്ല. ഒന്നുരണ്ട് അപവാദങ്ങൾ ഒഴിച്ചുനിർത്തിയാൽ ആരും ഇത് പിന്തുടരുന്നില്ല. സർക്കാരിനെ ഭയമില്ലാത്ത സ്വതന്ത്ര ഡിജിറ്റൽ മാധ്യമങ്ങൾ എന്താണ് കണ്ടെത്തിയത്? ബീഹാറിലെ മൂന്ന് മണ്ഡലങ്ങൾ അവർ തീവ്രമായി പഠിച്ചു. ഈ മൂന്ന് മണ്ഡലങ്ങളിൽ മാത്രം 80,000 വോട്ടർമാർ വ്യാജമായോ തെറ്റായോ ഉള്ള വിലാസങ്ങളിൽ രജിസ്റ്റർ ചെയ്തതായി അവർ കണ്ടെത്തി. ബീഹാറിലെ പിപ്ര എന്ന മണ്ഡലത്തിലെ ഒരു വിലാസത്തിൽ മാത്രം 509 പേരാണ് വോട്ടർമാരായി ഉള്ളത്. മറ്റൊരു വിലാസത്തിൽ 409 പേർ. വിലാസം തെറ്റാണെന്ന് മാത്രമല്ല, അങ്ങനെയൊരു വീടുതന്നെ നിലവിലില്ല! ക്രമക്കേടുകൾ ഒഴിവാക്കാനാണ് ഈ തീവ്രമായ പരിഷ്കരണമെങ്കിൽ, വെറും മൂന്ന് മണ്ഡലങ്ങളിൽ എങ്ങനെ 80,000 വ്യാജ വോട്ടർമാർ വരും? ഈ പരിഷ്കരണത്തിന്റെ പവിത്രത എന്താണ്?
മറ്റൊരു മണ്ഡലത്തിൽ, ഒമ്പത് വീടുകളിൽ ഓരോന്നിലും നൂറിലധികം വോട്ടർമാരുണ്ട്. ഈ രാജ്യത്ത് എവിടെയെങ്കിലും നൂറിലധികം വോട്ടർമാരുള്ള വീട് കാണാൻ കഴിയുമോ? നമ്മുടെ രാജ്യം സാർവത്രിക പ്രായപൂർത്തി വോട്ടവകാശമുള്ള രാജ്യമാണ്. മറ്റുചില രാജ്യങ്ങളെപ്പോലെ നമ്മൾ പൗരത്വരേഖകൾ കൈവശം വെക്കാറില്ല. ആരാണ് നിങ്ങളോട് പൗരത്വരേഖ ചോദിക്കുന്നത്? വിദേശ രാജ്യങ്ങൾ ചോദിക്കും. ഇന്ത്യയുടെ ചരിത്രത്തിൽ ഒരിക്കലും നമ്മുടെ സർക്കാർ ‘പ്രൊഫസർ മത്തായി, നിങ്ങൾ ആരാണ്? പറയൂ’ എന്ന് ചോദിച്ചിട്ടില്ല. ഇന്ത്യയിൽ ആരെങ്കിലും നിങ്ങളോട് ചോദിച്ചിട്ടുണ്ടോ? നിങ്ങൾ വിദേശത്ത് പോകുമ്പോൾ ഗേറ്റിൽവെച്ച് അവർ ചോദിക്കും, ‘നിങ്ങളുടെ ഐഡി കാണിക്കൂ, പാസ്‌പോർട്ട് കാണിക്കൂ, നിങ്ങൾ ഇന്ത്യയിലെ പൗരനാണെന്ന് തെളിയിക്കുന്ന രേഖ കാണിക്കൂ’. എന്നാൽ നമ്മുടെ തഹസിൽദാരോ കളക്ടറോ സെക്രട്ടറിമാരോ സർക്കാരോ നിങ്ങളോട് ചോദിച്ചിട്ടുണ്ടോ? നമ്മുടെ ആഭ്യന്തര മന്ത്രിപോലും ചോദിച്ചിട്ടില്ല.
യഥാർത്ഥത്തിൽ അതാണ് നമ്മുടെ റിപ്പബ്ലിക്കിന്റെ അടിസ്ഥാനം. ഞാൻ അതിലേക്കുവരാം. പക്ഷേ, തിരഞ്ഞെടുപ്പ് കമ്മീഷനെയും ഈ ആശങ്കകളെയും കുറിച്ച് ആദ്യം പറയാം. സാർവത്രിക പ്രായപൂർത്തി വോട്ടവകാശം എന്നാൽ എന്താണ്? ഒരു ഗ്രാമത്തിൽ 18 വയസ്സിനു മുകളിൽ പ്രായമുള്ള പത്തുപേരുണ്ടെങ്കിൽ, വോട്ടർ പട്ടികയിൽ ആ പത്തുപേരും ഉണ്ടാകണം. എന്തെങ്കിലും ചെറിയ പിശക് സംഭവിച്ചാൽ അത് ഒമ്പത് പേരാകാം. പട്ടികയിൽ പതിനൊന്നു പേരുണ്ടെങ്കിൽ ഒരാളെ ഒഴിവാക്കാം. എന്നാൽ പത്തു മുതിർന്നവർ ഉള്ളിടത്ത് 6 വോട്ടർമാർ മാത്രം ഉണ്ടാകുന്ന സാഹചര്യം അംഗീകരിക്കാൻ കഴിയുമോ? ബീഹാറിൽ 18 വയസ്സിനു മുകളിലുള്ള ജനസംഖ്യ 8.22 കോടിയാണ്. തീവ്രമായ പരിഷ്കരണത്തിനു ശേഷം കമ്മീഷൻ പുറത്തുവിട്ട കണക്ക് 7.42 കോടിയാണ്. അതായത് ഏകദേശം 80 ലക്ഷം ആളുകൾ വോട്ടർ പട്ടികയ്ക്ക് പുറത്തായി. ഇതിനെ ‘പ്രത്യേക തീവ്ര പരിഷ്കരണം’ എന്ന് വിളിക്കുമ്പോൾ അതിന്റെ ഉദ്ദേശ്യത്തെ ഞാൻ സംശയിക്കുന്നത് തെറ്റാണോ? ഞാൻ സംശയിക്കുന്നത് തെറ്റാണെന്ന് തെളിയിച്ചാൽ ഞാൻ ഇപ്പോൾ തന്നെ നിർത്താം.
മുതിർന്നവരിലെ സ്ത്രീ-പുരുഷ അനുപാതം നോക്കൂ. തീവ്ര പരിഷ്കരണത്തിനുശേഷം ബീഹാറിലെ സ്ത്രീ വോട്ടർമാരുടെ എണ്ണത്തിൽ 16 ലക്ഷത്തിന്റെ കുറവുണ്ടായി. ഇത് നല്ല ഉദ്ദേശ്യത്തോടെയുള്ളതാണെന്ന് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല. സാധാരണ കണക്കുകൾ പ്രകാരം ബീഹാറിലെ മുസ്ലീം ജനസംഖ്യ 17% ആണ്. എന്നാൽ പരിഷ്കരണത്തിനുശേഷം മുസ്ലിം വോട്ടർമാരുടെ എണ്ണത്തിലുണ്ടായ കുറവ് 25% ആണ്. സ്ത്രീകളും ന്യൂനപക്ഷങ്ങളുമാണ് ലക്ഷ്യമെന്ന് സംശയിക്കാൻ ന്യായമായ കാരണങ്ങളുണ്ട്. ആദിവാസി, ദളിത് വോട്ടർമാരുടെ കാര്യത്തിലേക്ക് ഞാൻ ഇപ്പോൾ കടക്കുന്നില്ല. പിന്നീട് നടന്ന ഒരു ചെറിയ ഘട്ടത്തിലെ പരിഷ്കരണത്തിൽ, ഒഴിവാക്കപ്പെട്ട മുസ്ലീം വോട്ടർമാരുടെ അനുപാതം 17 ശതമാനത്തിന് പകരം 33 ശതമാനമായി വർദ്ധിച്ചു. അപ്പോൾ ഇതിൽ ലക്ഷ്യംവെക്കലുകൾ (targeting) നടക്കുന്നു എന്ന് ഞാൻ സംശയിക്കുന്നതിൽ എന്താണ് തെറ്റ്? ഒരു പത്രം നടത്തിയ പഠനത്തിൽ മരിച്ചവർ എന്ന പേരിൽ ഒഴിവാക്കപ്പെട്ടവരെക്കുറിച്ച് അവർ അന്വേഷിച്ചു. അവരിൽ ഭൂരിഭാഗവും 30, 35, 40 വയസ്സുള്ളവരായിരുന്നു. 30 വയസ്സിൽ ആരും മരിക്കില്ല എന്നല്ല ഞാൻ പറയുന്നത്, പക്ഷേ പൊതുവിൽ ഈ പ്രായത്തിലുള്ളവർ ഇത്രയധികം മരിക്കാറില്ല. മരണത്തിന്റെ പേരിൽനടന്ന ഈ ഒഴിവാക്കൽ ജനസംഖ്യാ പ്രവണതകളുമായി ഒത്തുപോകുന്നില്ല. ഇതൊരു അപകടസൂചനയാണ്.
ഏറ്റവും പ്രധാനപ്പെട്ട കാര്യം, കമ്മീഷൻ ആശയവിനിമയം നടത്തുന്നില്ല എന്നതാണ്. മുമ്പ്, നിങ്ങളെയോ എന്നെയോ പോലെയുള്ളവർക്ക് ഇലക്ഷൻ കമ്മീഷന്റെ ഓഫീസിൽ പോയി ഉദ്യോഗസ്ഥരെ കാണാമായിരുന്നു. സംഘടനയാണെങ്കിൽ ചീഫ് ഇലക്ഷൻ കമ്മീഷണറെയോ വരെ കാണാമായിരുന്നു. എന്നെപ്പോലെ ആരുമല്ലാത്ത ഒരാൾക്ക് പരാതി സ്വീകരിക്കുന്ന ഉദ്യോഗസ്ഥനെയെങ്കിലും കാണാമായിരുന്നു. എന്നാൽ ഇന്ന് നിങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിന്റെ ഗേറ്റുപോലും കടക്കാൻ അനുവാദമില്ല. ഗേറ്റിൽ ഒരു ചെറിയ ജനൽ പോലെയുള്ള സുഷിരമുണ്ട്. അതിലൂടെ പരാതി ഉള്ളിലേക്ക് നൽകാം, ഒരു കൈ വന്ന് അത് വാങ്ങും. അത് എന്ത് ചെയ്യുന്നു എന്ന് ആർക്കും അറിയില്ല.
അവർ സംസാരിക്കില്ല. എന്നാൽ ‘സ്രോതസ്സുകൾ’ വഴി കമ്മീഷൻ ചിന്തിക്കുന്നത് എന്താണെന്ന് നിങ്ങൾക്ക് അറിയാൻ കഴിയും. ആയിരക്കണക്കിന്, ലക്ഷക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെയും വിദേശികളെയും വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കി എന്ന് ഈ സ്രോതസ്സുകൾ നമ്മോട് പറയും. ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വിദേശി നമ്മുടെ രാഷ്ട്രീയ പ്രക്രിയയിൽ ഇടപെടുന്നതിൽ എനിക്കും താല്പര്യമില്ല. അത് ന്യായമായ ആശങ്കയാണ്.
തുടർന്ന് ആളുകൾ കോടതിയിൽ പോയി. ‘നിങ്ങൾ 65 ലക്ഷം പേരെ ഒഴിവാക്കുകയാണ്. എന്താണ് നിങ്ങൾ പിന്തുടരുന്ന നടപടിക്രമം?’ കമ്മീഷന്റെ മാനുവൽ പ്രകാരം ഒരാളുടെ പേര് ഒഴിവാക്കുന്നതിനുമുമ്പ് അയാൾക്ക് നോട്ടീസ് നൽകണം. നിങ്ങൾ എത്ര നോട്ടീസുകൾ നൽകി? ഒഴിവാക്കിയവരുടെ പട്ടികയും കാരണവും എന്താണ്? പട്ടിക നൽകേണ്ടതില്ലെന്ന് സുപ്രീംകോടതിയിൽ കമ്മീഷൻ വാദിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ കോടതി നിർബന്ധിച്ചപ്പോൾ അവർ പട്ടിക നൽകി. പക്ഷേ അത് മനസ്സിലാക്കാൻ പ്രയാസമുള്ള രീതിയിലായിരുന്നു. വളരെ കഠിനാധ്വാനികളായ ചിലർ ആ വിവരങ്ങൾ ശേഖരിച്ചു. വിശ്വസിക്കൂ, വിദേശി എന്ന കാരണത്താൽ പേര് നീക്കം ചെയ്യപ്പെട്ട ഒരാൾ പോലും ആ പട്ടികയിൽ ഉണ്ടായിരുന്നില്ല. അപ്പോൾ പിന്നെ എവിടെയാണ് ഈ ലക്ഷക്കണക്കിന് ‘നുഴഞ്ഞുകയറ്റക്കാർ’?
നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ വേണമെങ്കിൽ ഞാൻ പറയാം. ആകെ 3.75 ലക്ഷം ആക്ഷേപങ്ങളാണ് ഉയർന്നത്. അതിൽ ‘വിദേശി’ എന്ന പേരിൽ ഉന്നയിക്കപ്പെട്ടത് വെറും 1087 എണ്ണമാണ്. അതിൽതന്നെ സ്വയം പ്രഖ്യാപനം ശരിയായത് 390 എണ്ണം. സിമാഞ്ചൽപോലെ ഒരുപാട് വിദേശികളുണ്ടാകാൻ സാധ്യതയുണ്ടെന്ന് കരുതുന്ന ഒരിടത്ത് ആകെ മുസ്ലീം വിദേശികൾ 76 ആയിരുന്നു. അതിൽ 10 പേർ സിമാഞ്ചലിൽ. അവരിൽ 5 പേർ മുസ്ലിംകൾ. അതിൽ രണ്ടുപേർ മരിച്ചുപോയി. അതായത് ജീവിച്ചിരിക്കുന്ന വിദേശികൾ വെറും 3 പേർ! ഇതാണ് ആ ‘നുഴഞ്ഞുകയറ്റ’ കഥ. വസ്ത്രംകൊണ്ട് തിരിച്ചറിയാൻ കഴിയുന്നവർ, നിങ്ങളുടെ ‘മിട്ടി, റൊട്ടി, ബേട്ടി’ (മണ്ണ്, ഭക്ഷണം, മകൾ) എന്നിവ തട്ടിയെടുക്കുന്നവർ. അവർ എത്രപേരായിരുന്നു? മൂന്നുപേർ! നിലവിലെ സർക്കാർ വിദേശികളെക്കുറിച്ച് ഇത്രയധികം ആശങ്കാകുലരാണെങ്കിൽ, ഇവർ എത്രപേരെ നാടുകടത്തി എന്ന് നോക്കാം. ദില്ലി പോലീസ് കഴിഞ്ഞവർഷം കണ്ടെത്തി നാടുകടത്തിയത് 120 പേരെയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ രാജ്യത്താകെ നാടുകടത്തിയത് 15,000 പേരെയാണ്. ഇതിൽ രസകരമായ കാര്യം ഏറ്റവും കൂടുതൽ നാടുകടത്തപ്പെട്ടവർ നൈജീരിയക്കാരാണ് എന്നതാണ്. രോഹിംഗ്യകളോ ബംഗ്ലാദേശികളോ മുസ്ലീംകളോ അല്ല. രണ്ടാമതാണ് ബംഗ്ലാദേശികൾ വരുന്നത്.
മരിച്ചവരെ ഒഴിവാക്കുന്നു, നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കുന്നു എന്ന് നിങ്ങൾ എന്നെ വിശ്വസിപ്പിക്കാൻ നോക്കുന്നു. പക്ഷേ ഒരു വിലാസത്തിൽ 509 പേരുണ്ട്. വോട്ടർ പട്ടികയിൽ ബ്രസീലിയൻ മോഡലിന്റെ ചിത്രമുണ്ട്. ഇത് പട്ടിക ശുദ്ധീകരിക്കാനാണെന്ന് നിങ്ങൾ പറയുമ്പോൾ അതിൽ സംശയം തോന്നുന്നത് തെറ്റാണോ?
മരിച്ചവരെയോ ആവർത്തനങ്ങളെയോ ഒഴിവാക്കലല്ല ലക്ഷ്യം. കാരണം, ‘ഡീ-ഡ്യൂപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ’ (de-duplication software) ഉപയോഗിച്ചിട്ടില്ലെന്ന് കമ്മീഷൻ തന്നെ രേഖാമൂലം സമ്മതിച്ചിട്ടുണ്ട്. മരിച്ചവരുടെ കാര്യം നോക്കിയാൽ, ചില സന്നദ്ധ സംഘടനകൾ ആളുകളെ സുപ്രീംകോടതിയിൽ നേരിട്ട് ഹാജരാക്കി പറഞ്ഞു, “സർ, ഞങ്ങൾ ജീവിച്ചിരിപ്പുണ്ട്, പക്ഷേ ഇവർ ഞങ്ങളെ മരിച്ചവരുടെ പട്ടികയിൽ പെടുത്തിയിരിക്കുകയാണ്”. ഇതൊരു തമാശയാക്കാൻ എനിക്ക് താല്പര്യമില്ല. വോട്ടർമാരുടെ അച്ഛന്റെയും ഭർത്താവിന്റെയും പേരിന്റെ സ്ഥാനത്ത് ‘ABCDEFGH’ എന്നും ‘XYZ’ എന്നും രേഖപ്പെടുത്തിയിരിക്കുന്നു. അത് തീർന്നപ്പോൾ ചിലരുടെ അച്ഛന്റെ പേര് ‘ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ’ എന്നാണ്! ഇത് തമാശയല്ല, ഗൗരവകരമായ കാര്യമാണ്.
ബീഹാർ തിരഞ്ഞെടുപ്പിലേക്ക് വരാം. എന്തുകൊണ്ടാണ് ഞങ്ങൾ ഇതിൽ ആശങ്കപ്പെടുന്നത്? തീവ്ര പരിഷ്കരണം (SIR) വിജയകരമായി പൂർത്തിയാക്കി എന്നും ബീഹാറിലെ വോട്ടർമാരുടെ എണ്ണം 7.42 കോടിയാണെന്നും കമ്മീഷൻ അറിയിച്ചു. എന്നാൽ ആ കണക്കിന് മുന്നിൽ ഏകദേശം (around) എന്നതിനെ സൂചിപ്പിക്കുന്ന ~ എന്ന ചിഹ്നമുണ്ടായിരുന്നു. തീവ്ര പരിഷ്കരണം കഴിഞ്ഞാൽ കണക്ക് കൃത്യമായിരിക്കണ്ടേ? ആറ് ദിവസത്തിനു ശേഷം സർവീസ് വോട്ടർമാരെ ചേർത്തു എന്നുപറഞ്ഞ് അത് 7.43 കോടിയായി വർദ്ധിപ്പിച്ചു. പരിഷ്കരണവേളയിൽ ഈ സർവീസ് വോട്ടർമാർ എവിടെയായിരുന്നു?
തിരഞ്ഞെടുപ്പു കഴിഞ്ഞ് ഫലം പ്രഖ്യാപിച്ച് ആറ് ദിവസത്തിനുശേഷം കമ്മീഷൻ മറ്റൊരു രേഖ പുറത്തിറക്കി. അതിൽ വോട്ടർമാരുടെ എണ്ണം 7.46 കോടിയാണ്. 7.42ൽ തുടങ്ങി 7.46ൽ എത്തി. ദി ക്വിന്റ് (The Quint) നടത്തിയ പഠനപ്രകാരം, ഈ പരിഷ്കരണം കാരണം ബീഹാറിൽ 75 സീറ്റുകളിൽ ഫലം മാറിമറിഞ്ഞു. ഇതിൽ എനിക്ക് ആശങ്ക തോന്നരുത് എന്ന് പറയുന്നതെങ്ങനെ?
ഇപ്പോൾ രണ്ടാംഘട്ട പരിഷ്കരണം 12 സംസ്ഥാനങ്ങളിൽ നടക്കുന്നു. ഇത് ബീഹാറിനേക്കാൾ ഭീകരമാണെന്നാണ് വിവരങ്ങൾ. ഉത്തർപ്രദേശിൽ ഏകദേശം 3 കോടി (2.93 കോടി) പേരെ ഒഴിവാക്കാൻ ലക്ഷ്യമിടുന്നു. തമിഴ്‌നാട്ടിൽ 80 ലക്ഷം, ഗുജറാത്തിൽ 72 ലക്ഷം, പശ്ചിമ ബംഗാളിൽ 58 ലക്ഷം, കേരളത്തിൽ 21 ലക്ഷം!
ഇവർ ആരാണ്? ഉത്തർപ്രദേശിൽ വോട്ടു ചെയ്യാൻ അർഹതയില്ലാത്ത 3 കോടി ആളുകൾ ഉണ്ടോ? കഴിഞ്ഞ തവണ വോട്ടു ചെയ്തവരിൽ 18 ശതമാനത്തെയാണ് യുപിയിൽ ഒഴിവാക്കാൻ ലക്ഷ്യമിടുന്നത്. നമ്മൾ സമരം ചെയ്താൽ അത് 18ൽ നിന്ന് 15 ശതമാനമായി കുറച്ചേക്കാം. അത് വലിയൊരു ഔദാര്യമായി അവർ അവതരിപ്പിക്കും. 18% ജിഎസ്‌ടി ഏർപ്പെടുത്തിയിട്ട് അത് 12% ആക്കുമ്പോൾ നമ്മൾ സന്തോഷിക്കുന്നതും ഇതുപോലെയാണ്.
സുഹൃത്തുക്കളേ, ഇതൊരു വെറും തിരഞ്ഞെടുപ്പ് പ്രശ്നമായി കാണരുത്. ഏത് പാർട്ടി ജയിക്കുന്നു തോൽക്കുന്നു എന്നതല്ല കാര്യം. ഇത് ഇന്ത്യൻ രാഷ്ട്രത്തിന്റെ സ്വഭാവം മാറ്റാനുള്ള ശ്രമമാണ്. 1648ലെ വെസ്റ്റ്ഫാലിയ ഉടമ്പടി മുതൽ യൂറോപ്പിൽ രാഷ്ട്രങ്ങളുടെ (nation-states) രൂപീകരണം തുടങ്ങി. ‘ആരാണ് നമ്മുടെ രാഷ്ട്രത്തിന്റെ ഭാഗമാകേണ്ടത്’ എന്നതായിരുന്നു അവരുടെ പ്രധാന ചോദ്യം. ഒരേ വംശം, ഒരേ സംസ്കാരം, ഒരേ ഭാഷ, ഒരേ നിറം – ഇവർ മാത്രമാണ് രാഷ്ട്രം. ന്യൂനപക്ഷങ്ങൾ ഉണ്ടെങ്കിൽ അവർക്ക് താഴെക്കിടയിലുള്ള പൗരന്മാരായി അവിടെ ജീവിക്കാം. എന്നാൽ ഇന്ത്യ അത് ചെയ്തില്ല. നമ്മൾ മൂന്ന് വർഷം ഭരണഘടന ചർച്ച ചെയ്തു. നമ്മൾ ആരെയും ഒഴിവാക്കിയില്ല. വിദ്യാഭ്യാസം, നികുതി, സ്വത്ത്, ജാതി, മതം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിൽ ആർക്കും വോട്ടവകാശം നിഷേധിച്ചില്ല. ഈ മണ്ണിലുള്ള എല്ലാവരും തുല്യരായ പൗരന്മാരാണ്. അതായിരുന്നു ‘പ്രൊജക്റ്റ് ഇന്ത്യ’.
ഇന്ന് നടക്കുന്നത് ആ മഹത്തായ ആശയത്തിന് നേർവിപരീതമായ കാര്യമാണ്. നീതി, സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, മതേതരത്വം-ഈ മൂല്യങ്ങളാണ് നമ്മൾ ചർച്ചചെയ്തത്. എല്ലാ മതങ്ങളും പ്രതിനിധീകരിക്കപ്പെടുന്ന ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണ്. ഇത്രയധികം വൈവിധ്യങ്ങളുള്ള ജനങ്ങളെ എങ്ങനെ തുല്യരായി കാണാം, എങ്ങനെ സാഹോദര്യം വളർത്താം എന്നതായിരുന്നു ഭരണഘടനാ ശില്പികളുടെ ചിന്ത. ഇന്ന്, ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരായ പോരാട്ടത്തിൽ യാതൊരു പങ്കുമില്ലാത്തവർ തങ്ങൾ വലിയ ദേശസ്നേഹികളാണെന്ന് അവകാശപ്പെടുന്നു. അവർ ഈ ഭരണഘടനയെയും അതിന്റെ മൂല്യങ്ങളെയും തകർക്കാൻ ശ്രമിക്കുന്നു. പൗരത്വത്തിന് പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരാനുള്ള ശ്രമമാണ് ഈ പരിഷ്കരണം. 2019ൽ പൗരത്വ ഭേദഗതി നിയമം (CAA) വഴി അവർ ഇതിന് ശ്രമിച്ചു. ജനരോഷം കാരണം അത് മാറ്റിവെച്ചു. ഇപ്പോൾ പിൻവാതിലിലൂടെ നടപ്പിലാക്കുകയാണ്. അതുകൊണ്ടാണ് ഈ പരിഷ്കരണത്തെ ‘രക്തരഹിതമായ രാഷ്ട്രീയ വംശഹത്യ’ (bloodless political genocide) എന്ന് ഞാൻ വിളിക്കുന്നത്. എന്താണ് വംശഹത്യ? ഒരാളെ ശാരീരികമായി ഇല്ലാതാക്കുകയോ ആട്ടിയോടിക്കുകയോ ചെയ്യുക. ഇവിടെ നിങ്ങൾ ഒരു പൗരനെ കൊല്ലുന്നത് കത്തികൊണ്ട് കുത്തിയോ വെടിവെച്ചോ അല്ല, പകരം അയാളുടെ വോട്ടവകാശം കവർന്നെടുത്തുകൊണ്ടാണ്. വോട്ടവകാശം പോയാൽ നിങ്ങളുടെ പൗരത്വം പോയി. രാഷ്ട്രീയ സമൂഹത്തിന്റെ ഭാഗമല്ലാതായാൽ നിങ്ങൾ കൊല്ലപ്പെട്ടു എന്നാണർത്ഥം. ഇത് മതപരമായ, വംശപരമായ,രാഷ്ട്രീയമായ ഉന്മൂലനമാണ് (political cleansing). വോട്ടർമാരെ വെട്ടിച്ചുരുക്കുമ്പോൾ ഭരണാധികാരികൾക്ക് ആ ബാക്കിയുള്ള കുറച്ചുപേരെമാത്രം തൃപ്തിപ്പെടുത്തിയാൽ മതിയാകും. വോട്ടവകാശമില്ലാത്ത ആദിവാസിയെയോ സ്ത്രീയെയോ ന്യൂനപക്ഷത്തെയോ ആരെങ്കിലും പരിഗണിക്കുമോ?
അവസാനിപ്പിക്കുന്നതിനുമുമ്പ്, നമുക്ക് എന്തു ചെയ്യാൻ കഴിയും എന്ന് ഞാൻ പറയാം. ഒന്നാമതായി, ‘കാഴ്ചക്കാരന്റെ മനോഭാവം’ (spectator syndrome) ഉപേക്ഷിക്കുക. നമ്മൾ വെറും കാഴ്ചക്കാരല്ല. ക്രിക്കറ്റ് മത്സരം കാണുന്നത് പോലെ രാഷ്ട്രീയത്തെ കാണരുത്. ഇത് നമ്മുടെയും നമ്മുടെ മക്കളുടെയും ജീവിതമാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളെയും ബഹുമാനിച്ചുകൊണ്ട് തന്നെ പറയട്ടെ, ജനാധിപത്യത്തിന്റെ സംരക്ഷണം രാഷ്ട്രീയ പാർട്ടികളെ മാത്രം ഏൽപ്പിക്കരുത്. ജനാധിപത്യവിരുദ്ധമായ രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടികൾക്ക് ജനാധിപത്യത്തെ സംരക്ഷിക്കാൻ കഴിയില്ല. നമ്മൾതന്നെ അത് ഏറ്റെടുക്കണം. ഗ്രാമസഭകളിലും വാർഡ് സഭകളിലും ഈ പരിഷ്കരണപ്രക്രിയ സുതാര്യമായി നടക്കുന്നു എന്ന് ഉറപ്പുവരുത്തുക. കമ്മീഷനോട് പറയുക, ‘നിങ്ങൾക്ക് വോട്ടർ പട്ടിക ശുദ്ധീകരിക്കണമെങ്കിൽ ഞങ്ങളുടെ മുന്നിലിരുന്ന് ചെയ്യൂ’. ‘ഇന്നയാൾ മരിച്ചു എന്ന് നിങ്ങൾ പറയുന്നു, അയാൾ ഇവിടെയുണ്ടല്ലോ’ എന്ന് നമുക്ക് അവിടെവെച്ച് പറയാൻ കഴിയണം. സുതാര്യതക്കുവേണ്ടി നിർബന്ധം പിടിക്കുക. കേരളത്തിൽനിന്ന് ഈ സന്ദേശം രാജ്യം മുഴുവൻ പടരട്ടെ. ഭരണഘടനയുടെ മൂല്യങ്ങളെ തകർക്കാൻ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ഒരു സൈന്യമുണ്ട്. ആ മൂല്യങ്ങളെ സംരക്ഷിക്കാൻ നമുക്കൊരു സൈന്യമുണ്ടോ? ആ മൂല്യങ്ങളെ സംരക്ഷിക്കാൻ കേരളത്തിൽനിന്ന് ഒരു സൈന്യം രൂപപ്പെടുന്നു എന്ന് അറിഞ്ഞാൽ എനിക്ക് വലിയ അഭിമാനമായിരിക്കും. ആ സമ്മാനമാണ് നിങ്ങൾ എനിക്ക് നൽകേണ്ടത്. നന്ദി.
