ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎയുടെ കൊട്ടിഘോഷിക്കപ്പെട്ട വിജയം പലരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. കാരണം, ബിജെപി-ജെഡി(യു) സർക്കാരിന്റെ ദുർഭരണത്തിനെതിരെയുള്ള പരാതികൾ അത്രത്തോളം കുമിഞ്ഞു കൂടിയിട്ടുണ്ടെന്നും അത് വോട്ടെടുപ്പിൽ ഭരണവിരുദ്ധ വികാരമായി പ്രതിഫലിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ, രാജ്യത്തെ തിരഞ്ഞെടുപ്പുകൾ ഇപ്പോൾ ജനാധിപത്യ രീതിയിലല്ല നടക്കുന്നതെന്നും, മറിച്ച് പണം, പേശീബലം, മാധ്യമങ്ങൾ, ഭരണകൂട അധികാരം എന്നിവ ഉപയോഗിച്ച് സമർത്ഥമായി കൃത്രിമം കാണിക്കുകയാണെന്നും അറിയുന്നവർക്ക് പ്രതിപക്ഷത്തിന്റെ ഈ തകർച്ച വലിയ അത്ഭുതമുണ്ടാക്കിയിട്ടില്ല. ഭരണവർഗത്തിലെ കുത്തക മുതലാളിമാർ ബിജെപിക്ക് പിന്നിൽ ഉറച്ചുനിൽക്കുകയാണ്; കാരണം ബിജെപി അവരുടെ താല്പര്യങ്ങൾ കൃത്യമായി സംരക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ബിജെപിയുടെ അധികാരാരോഹണം സുഗമമാക്കുന്നതിന് ആവശ്യമായ എല്ലാ ചതിക്കുഴികളും തന്ത്രങ്ങളും കുതന്ത്രങ്ങളും അവർ സ്വീകരിക്കുന്നു.
ജനകീയ പ്രശ്നങ്ങൾ സ്പർശിക്കാത്ത, കൃത്രിമങ്ങളുടെ കഥയായി ബീഹാർ തിരഞ്ഞെടുപ്പ് മാറി
കുതിച്ചുയരുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ദരിദ്രരുടെ കുടിയേറ്റം, അധ്വാനിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതനിലവാരത്തിലുണ്ടായ വൻ ഇടിവ്, 36% ദാരിദ്ര്യം, ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് മൂലം തകർന്ന ആരോഗ്യ പരിരക്ഷാ സംവിധാനം, ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെയും ഉപകരണങ്ങളുടെയും അഭാവം, മരുന്നുകളുടെ ദൗർലഭ്യത, സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടങ്ങിയ ജനകീയ പ്രശ്നങ്ങളൊന്നും തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ചർച്ചയായില്ല. പകരം, ഭരണകക്ഷിയായ ബിജെപി-ജെഡി(യു)കൂട്ടുകെട്ട് മാത്രമല്ല, പ്രതിപക്ഷ സഖ്യമായ മഹാസഖ്യവും ജാതി സമവാക്യങ്ങളെ അടിസ്ഥാനമാക്കിയാണ് തങ്ങളുടെ തിരഞ്ഞെടുപ്പ് കണക്കുകൂട്ടലുകൾ നടത്തിയത്. ഇത് ജന്മിത്ത വ്യവസ്ഥയുടെ ശാപമായി നാടിനു ലഭിച്ച ജാതി വിഭജനത്തിന് കൂടുതൽ കരുത്തുപകർന്നു. ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു കേന്ദ്രമന്ത്രി, ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ് ഒരു പൊതുവേദിയിൽ നടത്തിയ വിവാദ പ്രസംഗത്തിൽ തനിക്ക് “നമക് ഹറാം” (നന്ദികെട്ടവർ) ങ്ങളുടെ വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ചു. ഇത് മുസ്ലീം സമുദായത്തെ ലക്ഷ്യം വെച്ചുള്ള പരാമർശമാണെന്ന് കരുതപ്പെടുന്നു.
ബീഹാർ തിരഞ്ഞെടുപ്പിലെ കഴുകൻ കണ്ണുകൾ
കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ബീഹാറിനായി ഒട്ടേറെ പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നത് ഇവിടെ ഓർക്കേണ്ടതാണ്. ബജറ്റ് പ്രസംഗത്തിൽ ബീഹാർ എന്ന പേര് പലതവണ ആവർത്തിച്ചിരുന്നു. ജനങ്ങളെ മുൻകൂട്ടി വശത്താക്കാതെ അധികാരം നിലനിർത്തുക എളുപ്പമാകില്ലെന്ന് ബിജെപിക്ക് അറിയാമായിരുന്നു എന്നാണ് ഇതിനർത്ഥം. രണ്ടാമതായി, ബിജെപി അതിന്റെ വർഗീയ ഹിന്ദുത്വ അജണ്ടയും പൂർണ്ണമായി നടപ്പിലാക്കുന്നുണ്ട്. മുസ്ലീം ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങൾ നടത്തുക, ബംഗാളി സംസാരിക്കുന്ന മുസ്ലീം പൗരന്മാരെ അയൽരാജ്യമായ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തി പീഡിപ്പിക്കുക, അതുവഴി വോട്ടർമാരെ മതപരമായി ധ്രുവീകരിക്കുകയും ഹിന്ദു വോട്ട് ബാങ്ക് ഏകീകരിക്കുകയും ചെയ്യുക എന്നതാണ് ഈ അജണ്ടയുടെ പ്രധാന ലക്ഷ്യം. ബീഹാർ തിരഞ്ഞെടുപ്പിലും ഈ പദ്ധതി സജീവമായിരുന്നു. അതോടൊപ്പം, ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലീങ്ങളുടെ അനധികൃത നുഴഞ്ഞുകയറ്റം എന്ന വിഷയം അവർ ഒരു തന്ത്രമായി ഉന്നയിച്ചു. രാജ്യത്ത് നിയമവിരുദ്ധമായി കഴിയുന്ന “ലക്ഷക്കണക്കിന്” നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി പുറത്താക്കുക എന്നതാണ് പ്രധാന പ്രശ്നം എന്ന തരത്തിൽ ബിജെപി നേതാക്കളും സഖ്യകക്ഷികളും പ്രചാരണം നടത്തി. എന്നാൽ, മുസ്ലീങ്ങൾ “നുഴഞ്ഞുകയറ്റക്കാർ” ആണെന്ന അവകാശവാദങ്ങൾക്ക് വസ്തുതാപരമായ അടിസ്ഥാനമില്ലെന്നും, മറ്റ് സമുദായങ്ങളേക്കാൾ വേഗത്തിൽ മുസ്ലീങ്ങൾക്കിടയിലെ പ്രജനന നിരക്ക് കുറഞ്ഞുവരികയാണെന്നും വസ്തുതാന്വേഷകർ ചൂണ്ടിക്കാട്ടുന്നു.
എസ്ഐആർ – ഒരു ചതിക്കുഴി
തിരഞ്ഞെടുപ്പ് പട്ടിക “ശുദ്ധീകരിക്കുന്നതിനായി” അസാധാരണമായ ധൃതിയോടെ ‘സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ (SIR) എന്ന പേരിൽ ഒരു നടപടി ആരംഭിച്ചു. സാധാരണഗതിയിൽ മാസങ്ങളോളം എടുക്കുന്ന ഈ പ്രക്രിയ വെറും 30 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി. 2025 നവംബർ 15-ലെ ‘പ്രൊലിറ്റേറിയൻ ഇറ’യിൽ ഞങ്ങൾ ചർച്ച ചെയ്തതുപോലെ, ഭരണകൂടത്തിന്റെ ഒരു അനുബന്ധമായി മാറിയിരിക്കുന്ന ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കല്പനകൾ പാലിച്ചില്ലെങ്കിൽ വോട്ടവകാശം നഷ്ടപ്പെടുമെന്ന ഭീതി പരത്തുകയായിരുന്നു ഇതിന്റെ യഥാർത്ഥ ലക്ഷ്യം. കൂടാതെ, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുക എന്ന വ്യാജേന മുസ്ലീം ന്യൂനപക്ഷങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാനും ലക്ഷ്യമിട്ടിരുന്നു. ഭരണസഖ്യത്തെ എതിർക്കുമെന്ന് കരുതുന്ന വോട്ടർമാരെ നീക്കം ചെയ്യുകയായിരുന്നു ഇതിന്റെ പിന്നിലെ പ്രധാന ഉദ്ദേശ്യം.
എന്തായിരുന്നു SIR-ന്റെ ഫലം? 2025 ജൂണിൽ 7.89 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം 2025 സെപ്റ്റംബറിൽ 7.42 കോടിയായി കുറഞ്ഞു – ഏകദേശം 47 ലക്ഷം വോട്ടർമാരുടെ കുറവ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ ബുള്ളറ്റിൻ പ്രകാരം കരട് പട്ടികയിൽ നിന്ന് 65 ലക്ഷം പേരുകൾ നീക്കം ചെയ്തു, അന്തിമ പട്ടികയിൽ നിന്ന് 3.66 ലക്ഷം പേരെ കൂടി ഒഴിവാക്കി. വെറും 21.5 ലക്ഷം പേരെ മാത്രമാണ് പുതുതായി ചേർത്തത്. വോട്ടർമാരെ പരിശോധിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമായും ആശ്രയിച്ചത് പേര് ഒത്തുനോക്കലും താമസസ്ഥലം തെളിയിക്കലുമാണ്.
ക്രമക്കേടുകളുടെ പെരുമഴ
വോട്ടർ പട്ടിക ശുദ്ധീകരിച്ചുവെന്ന അവകാശവാദങ്ങൾക്കിടയിലും SIR-ന് ശേഷം പ്രസിദ്ധീകരിച്ച പട്ടികയിൽ നിരവധി ക്രമക്കേടുകൾ ഉണ്ടായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ‘റിപ്പോർട്ടേഴ്സ് കളക്റ്റീവ്’ കണ്ടെത്തിയത് ഒരേ മണ്ഡലത്തിൽ തന്നെ രണ്ടുതവണ വോട്ട് ചെയ്യാൻ ഒരാൾക്ക് രണ്ട് തിരിച്ചറിയൽ രേഖകൾ നൽകിയ 34,392 കേസുകളാണ്. ഈ കേസുകളിലെല്ലാം വോട്ടറുടെ പേരും ബന്ധുവിന്റെ പേരും ഒന്നുതന്നെയായിരുന്നു, വയസ്സിലാകട്ടെ 1 മുതൽ 5 വയസ്സ് വരെയുള്ള വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റ് 13,898 കേസുകളിൽ ഒരേ പേരും ബന്ധുവിന്റെ പേരും ഉള്ള വ്യക്തികൾക്ക് രണ്ട് വോട്ടർ ഐഡികൾ നൽകിയിട്ടുണ്ട്, ഇവിടെ പ്രായത്തിൽ 5-10 വർഷത്തെ വ്യത്യാസമുണ്ട്. അത്യാധുനിക കമ്പ്യൂട്ടർ പ്രോഗ്രാമുകളും നേരിട്ടുള്ള പരിശോധനകളും ഉപയോഗിച്ച് ഇത്തരം ഇരട്ട വോട്ടർമാരെ കണ്ടെത്തേണ്ടതായിരുന്നു. എന്നാൽ അത് ചെയ്യാതെ, 7 ലക്ഷം ഇരട്ട വോട്ടർമാരെ നീക്കം ചെയ്തതായും ഇനി ശുദ്ധീകരിക്കാനൊന്നു മില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അവകാശപ്പെട്ടു. ഉദാഹരണത്തിന്, ലൗകാഹ മണ്ഡലത്തിൽ 19 കാരനായ അങ്കിത് കുമാർ എന്ന യുവാവിന് രണ്ട് വോട്ടർ ഐഡികളുണ്ട് (ZQQ3191681, ZQQ3217643). പിതാവിന്റെ പേരും ബൂത്ത് നമ്പറും (371) രണ്ടിലും ഒന്നുതന്നെയാണ്.
ബീഹാറിലെ 39 നിയമസഭാ മണ്ഡലങ്ങളിൽ ഒരേ പേരും ബന്ധുവിന്റെ പേരും ഉള്ള വ്യക്തികൾ ഒരേ മണ്ഡലത്തിൽ തന്നെ രണ്ടുതവണ രജിസ്റ്റർ ചെയ്ത 1,87,643 കേസുകളുണ്ട്. ഇതിൽ 1.02 ലക്ഷം കേസുകളിൽ പേര് ഒന്നാവുകയും പ്രായത്തിൽ 5 വർഷത്തിൽ താഴെ മാത്രം വ്യത്യാസം വരികയും ചെയ്യുന്നു. 25,862 കേസുകളിൽ പേര്, ബന്ധുവിന്റെ പേര്, പ്രായം എന്നിവയെല്ലാം പൂർണ്ണമായും ഒത്തുപോകുന്നവയാണ്. ഈ 39 മണ്ഡലങ്ങളിലെ മാത്രം സംശയാസ്പദമായ വോട്ടുകളുടെ എണ്ണം 3.76 ലക്ഷമാണ്.
അയൽ സംസ്ഥാനമായ ഉത്തർപ്രദേശിലെയും ബീഹാറിലെ അതിർത്തി മണ്ഡലമായ വാൽമീകി നഗറിലെയും വോട്ടർ പട്ടികയിൽ ഒരേസമയം പേരുള്ള 5,000 വോട്ടർമാരെ കണ്ടെത്തി. സ്വന്തം മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ട്, അന്തിമ പട്ടികയിലെ ക്രമക്കേടുകൾ കണ്ടെത്താനുള്ള സോഫ്റ്റ്‌വെയറുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിച്ചില്ല എന്നത് ശ്രദ്ധേയമാണ്. അങ്ങനെ ബീഹാറിലെ 243 മണ്ഡലങ്ങളിലായി 14.35 ലക്ഷം സംശയാസ്പദമായ ഇരട്ട വോട്ടുകൾ നിലനിന്നു. ഇതിൽ 3.4 ലക്ഷം എണ്ണം പേര്, ബന്ധുവിന്റെ പേര്, പ്രായം എന്നിവയിൽ പൂർണ്ണമായും ഒത്തുപോകുന്നവയാണ്. ഇത്തരം വ്യാജ വോട്ടുകൾക്ക് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ സാധിക്കും. ബീഹാർ തിരഞ്ഞെടുപ്പ് പട്ടികയിൽ ‘വിദേശികൾ’ ഉണ്ടെന്ന് ജൂൺ 24-ന് കമ്മീഷൻ പറഞ്ഞിരുന്നെങ്കിലും എത്ര പേരെ കണ്ടെത്തിയെന്ന കൃത്യമായ കണക്ക് നൽകിയിട്ടില്ല. ബീഹാറിൽ ആകെ കണ്ടെത്തിയ 313 നുഴഞ്ഞുകയറ്റക്കാരിൽ 78 പേർ മാത്രമാണ് മുസ്ലീങ്ങൾ. ഇത് ‘ലക്ഷക്കണക്കിന് ബംഗ്ലാദേശി മുസ്ലീം കുടിയേറ്റക്കാർ’ ഉണ്ടെന്ന ബിജെപിയുടെ പ്രചാരണം വെറും വ്യാജമാണെന്ന് തെളിയിക്കുന്നു.
കൂടാതെ, അന്തിമ പട്ടികയിൽ 1.32 കോടി വോട്ടർമാരെ സംശയാസ്പദമായതോ വ്യാജമായതോ ആയ വിലാസങ്ങളിൽ കൂട്ടമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 20 വീടുകളിലായി 650-ലധികം ആളുകളെ വീതം തെറ്റായി ചേർത്തിട്ടുണ്ട്. 39 മണ്ഡലങ്ങളിലെ കരട് പട്ടികയിൽ 16,375 കേസുകളിൽ ഒരേ വോട്ടർ ഐഡി വിവരങ്ങളുള്ള വ്യക്തികളെ ഒരേ വിലാസത്തിലോ അടുത്തുള്ള ബൂത്തുകളിലോ രണ്ടുതവണ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഒന്നാം ഘട്ട വോട്ടെടുപ്പിന് ശേഷം, ബിജെപിയുമായി ബന്ധപ്പെട്ട വോട്ടർമാർ ബീഹാറിലും മറ്റ് സംസ്ഥാനങ്ങളിലും വോട്ട് ചെയ്തതായി മാധ്യമങ്ങൾ കണ്ടെത്തി. രണ്ടാമത്തെ ഘട്ടത്തിന് ശേഷം, ഒന്നിലധികം സംസ്ഥാനങ്ങളിൽ പേരുള്ള വോട്ടർമാർ രണ്ട് സംസ്ഥാനങ്ങളിൽ വോട്ട് ചെയ്ത നാല് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒരാൾ ബീഹാർ, ഡൽഹി, ഹരിയാന എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ വോട്ട് ചെയ്തു.
വലതുപക്ഷ പ്രചാരണ സ്ഥാപനമായ ‘ഒപി ഇന്ത്യ’യുടെ എഡിറ്റർ അജിത് ഝാ, 2025 നവംബർ 11-ന് ബീഹാറിലെ ബെനിപ്പട്ടി മണ്ഡലത്തിൽ വോട്ട് ചെയ്ത ശേഷം ഒരുചിത്രം പങ്കുവെച്ചു. ഇദ്ദേഹം നേരത്തെ 2024 ഒക്ടോബറിൽ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലും 2022 ഡിസംബറിൽ ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തതിന്റെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ബിജെപി ഡൽഹി ഹോക്കർ സെൽ കോ-കൺവീനറായ സഞ്ജയ് ഝാ ദർഭംഗ റൂറൽ മണ്ഡലത്തിൽ വോട്ട് ചെയ്തതായി നവംബർ 6-ന് അറിയിച്ചു. ഇദ്ദേഹം 2025 ഫെബ്രുവരിയിൽ ഡൽഹി നിയമസഭയിലേക്കും 2024 മെയ് മാസത്തിൽ ലോക്സഭയിലേക്കും വോട്ട് ചെയ്തതായി മുൻപ് പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. ബീഹാറിലും കർണാടകയിലും വോട്ടവകാശമുള്ള ഉദയ് കുമാർ എന്ന വ്യക്തിയും ഇത്തരത്തിൽ വോട്ട് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്ക് രണ്ട് തിരിച്ചറിയൽ നമ്പറുകൾ (UAO0928291 – ബീഹാർ, SOH4526935 – കർണാടക) ഉള്ളതായും നിരവധി ബിജെപി നേതാക്കളുമായി ബന്ധമുള്ളതായും ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
‘നിയമവിധേയമായി മാറിയ’ കൈക്കൂലി
2022 ജൂലൈ 16ന്, ഉത്തർപ്രദേശിലെ ജലൗനിൽ ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേയുടെ ഉദ്ഘാടന വേളയിൽ സംസാരിക്കവേ, വോട്ടിനായി സൗജന്യങ്ങൾ വിതരണം ചെയ്യുന്ന “റെവ്‌റി സംസ്കാരം” നവഭാരതത്തെ ഇരുട്ടിലേക്ക് നയിക്കുമെന്ന് മോദി പറഞ്ഞിരുന്നു. പ്രതിപക്ഷത്തെ ലക്ഷ്യം വെച്ചുകൊണ്ട്, “അത്തരം ധനസഹായങ്ങൾ നൽകി ജനങ്ങളെ വിലയ്ക്കെടുക്കാമെന്ന് റെവ്‌റി സംസ്കാരമുള്ളവർ കരുതുന്നു. നമ്മൾ ഒന്നിച്ചുനിന്ന് ഈ ചിന്താഗതിയെ പരാജയപ്പെടുത്തേണ്ടതുണ്ട്. രാജ്യത്തെ രാഷ്ട്രീയത്തിൽ നിന്ന് റെവ്‌റി സംസ്കാരം നീക്കം ചെയ്യപ്പെടണം” എന്നും പ്രസ്താവിച്ചു. എന്നാൽ ഇതേ പ്രധാനമന്ത്രി മോദി തന്നെയാണ് 2025 സെപ്റ്റംബർ 26ന് ബീഹാറിലെ ‘മുഖ്യമന്ത്രി മഹിളാ റോസ്ഗർ യോജന’ ഉദ്ഘാടനം ചെയ്തത്. ഇതിലൂടെ ബീഹാറിലെ 1.25 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10,000 രൂപ വീതം ക്രെഡിറ്റ് ചെയ്യുമെന്ന് വാഗ്ദാനം ചെയ്തു. ഏകദേശം 7,500 കോടി രൂപയാണ് ഇതിനായി കണക്കാക്കിയ ചെലവ്. കൂടാതെ, ആറ് മാസത്തിന് ശേഷം ചെറുകിട ബിസിനസ്സ് ആരംഭിക്കുന്നതിനായി ഓരോരുത്തർക്കും 2 ലക്ഷം രൂപ കൂടി നൽകുമെന്നും പ്രഖ്യാപിച്ചു.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ (RPA) സെക്ഷൻ 123(1) പ്രകാരം, വോട്ടറെ സ്വാധീനിക്കാൻ പണമോ മറ്റ് പാരിതോഷികങ്ങളോ നൽകുന്നത് അഴിമതിയായി കണക്കാക്കുന്നു. 2025 ഒക്ടോബർ 6ന്, ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ച ദിവസം തന്നെ അവിടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ഈ ചട്ടം നിലനിൽക്കുകയും ബീഹാറുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങളിൽ കേന്ദ്ര സർക്കാരിനും ഇത് ബാധകമായി. ‘പുതിയ പദ്ധതികളോ പരിപാടികളോ ആനുകൂല്യങ്ങളോ സാമ്പത്തിക ഗ്രാന്റുകളോ പ്രഖ്യാപിക്കുന്നതോ, വോട്ടർമാരെ ഭരണകക്ഷിക്ക് അനുകൂലമായി സ്വാധീനിക്കാൻ ഇടയുള്ള വാഗ്ദാനങ്ങൾ നൽകുന്നതോ തറക്കല്ലിടൽ നടത്തുന്നതോ നിരോധിച്ചിരിക്കുന്നു’ എന്ന് പെരുമാറ്റച്ചട്ടം വ്യക്തമാക്കുന്നു. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലും ഇത് വ്യക്തമായിപറഞ്ഞിട്ടുണ്ട്.
2011-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത്, പെരുമാറ്റച്ചട്ടം നിലവിലിരുന്നതിനാൽ തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരിനോട് സൗജന്യ കളർ ടിവി വിതരണം നിർത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടത് ഇവിടെ ഓർക്കേണ്ടതാണ്. 2024 മെയ് മാസത്തിലെ വോട്ടെടുപ്പിന് തൊട്ടുമുമ്പ് കർഷർക്കുള്ള സഹായം ഉൾപ്പെടെയുള്ള ആറ് ക്ഷേമപദ്ധതികൾക്കായി ഏകദേശം 14,000 കോടി രൂപ വിതരണം ചെയ്യുന്നതിൽ നിന്ന് കമ്മീഷൻ സംസ്ഥാന സർക്കാരിനെ വിലക്കിയിരുന്നു. എന്നാൽ ബീഹാർ തിരഞ്ഞെടുപ്പിൽ ബിജെപി-ജെഡി(യു) സഖ്യം ഈ ചട്ടങ്ങൾ പരസ്യമായി ലംഘിക്കുകയും വോട്ടെടുപ്പിന് യഥാക്രമം 6 ദിവസവും 4 ദിവസവും മാത്രം ബാക്കിനിൽക്കെ സ്ത്രീ വോട്ടർമാരുടെ അക്കൗണ്ടുകളിലേക്ക് 10,000 രൂപ വീതം കൈമാറുകയും ചെയ്തു. അത് മാത്രമല്ല, 10,000 രൂപ വീതം ലഭിച്ച 1.80 ലക്ഷം സ്ത്രീകളെ ‘ജീവിക ദേവി’ എന്ന പേരിൽ തിരഞ്ഞെടുപ്പ് ജോലിക്ക് വൊളന്റിയർമാരായി നിയമിച്ചു. ഭരണസഖ്യത്തിന് അനുകൂലമായി വോട്ടർമാരെ സ്വാധീനിക്കാൻ വേണ്ടിയായിരുന്നു ഇത്. കൂടാതെ ആറ് മാസത്തിന് ശേഷം ഓരോ സ്ത്രീക്കും 2 ലക്ഷം രൂപ കൂടി നൽകുമെന്ന വാഗ്ദാനം നൽകി സ്ത്രീ വോട്ടർമാരെ ഭരണസഖ്യത്തിന് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചു.
ഇതുകൊണ്ടും തീർന്നില്ല. ഹരിയാനയിൽ നിന്ന് ബീഹാറിലേക്ക് വോട്ട് ചെയ്യാൻ ആളുകളെ എത്തിക്കാൻ നാല് പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തി. യാത്രയുടെയും ഭക്ഷണത്തിന്റെയും താമസത്തിന്റെയും മുഴുവൻ ചെലവും ബിജെപിയാണ് വഹിച്ചത്. എബിപി ന്യൂസ് പ്രതിനിധികളോട് വോട്ടർമാർ തന്നെ ക്യാമറയ്ക്ക് മുന്നിൽ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. വോട്ടർമാരെ വോട്ട് ചെയ്യുന്നതിനായി വാഹനത്തിലോ മറ്റോ എത്തിക്കുന്നത് അഴിമതിയായി കണക്കാക്കപ്പെടുമെന്ന് ജനപ്രാതിനിധ്യ നിയമം (1961) വ്യക്തമായി പറയുന്നുണ്ട്.
പോളിംഗ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങളുടെ ലഭ്യതയില്ലായ്മ
തിരഞ്ഞെടുപ്പ് ചട്ടം (1961) 93(2)(a) പ്രകാരം ചില തിരഞ്ഞെടുപ്പ് രേഖകൾ പൊതുജനങ്ങൾക്ക് പരിശോധിക്കാൻ അനുവാദമുണ്ട്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ പങ്കുവെക്കാൻ പഞ്ചാബ്-ഹരിയാന ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ഉത്തരവിട്ടിരുന്നു. ഇത് തടയാനായി ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ ചട്ടം 93 ഭേദഗതി ചെയ്യുകയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ പരിശോധിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ഈ ഭേദഗതി തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെയും ഉത്തരവാദിത്തത്തെയും ബാധിച്ചു എന്നതിൽ സംശയമില്ല. കൂടാതെ, ഇവിഎമ്മുകളിലെ മൈക്രോ കൺട്രോളർ ചിപ്പുകൾ പരിശോധിക്കണമെന്ന സുപ്രീം കോടതിയുടെ 2024 ഏപ്രിലിലെ നിർദ്ദേശം തിരഞ്ഞെടുപ്പ് കമ്മീഷൻ അവഗണിച്ചു. വോട്ടിംഗ് വിവരങ്ങൾ അടങ്ങുന്ന ഫോം 17C പരസ്യപ്പെടുത്തണമെന്നോ ഇവിഎം ചിപ്പുകൾ ഓഡിറ്റ് ചെയ്യണമെന്നോ ഉള്ള ആവശ്യങ്ങളൊന്നും ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. എന്തെങ്കിലും ഒളിച്ചുവെക്കാനില്ലെങ്കിൽ സർക്കാർ എന്തിനാണ് ഇതിനെ ഭയപ്പെടുന്നത്?
കേന്ദ്രത്തിനു വിധേയമായ തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകക്ഷിയായ ബിജെപിക്ക് വിധേയമാണെന്ന് തെളിയിക്കാൻ മൂന്ന് കാരണങ്ങളുണ്ട്. ഒന്നാമതായി, കമ്മീഷണറെ തിരഞ്ഞെടുക്കുന്ന രീതിയിൽ മാറ്റം വരുത്തി. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന ഒരു ക്യാബിനറ്റ് മന്ത്രിയും അടങ്ങുന്ന സമിതിയെ നിയമിച്ചു. ഇതുവഴി തങ്ങൾക്ക് വിധേയരായവരെ നിയമിക്കാൻ സർക്കാരിന് സാധിക്കുന്നു. രണ്ടാമതായി, തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കെതിരെ സിവിൽ-ക്രിമിനൽ നടപടികൾ പാടില്ലെന്ന നിയമവും 2023-ൽ പാസാക്കി. മൂന്നാമതായി, തിരഞ്ഞെടുപ്പ് സമയത്തെ ഉദ്യോഗസ്ഥരുടെ നിയമനങ്ങളിൽ ഭരണകക്ഷിക്ക് അനുകൂലമായ നടപടികളുടെ സാധ്യത വർദ്ധിച്ചു.
തിരഞ്ഞെടുപ്പിനെ ബാധിച്ച മറ്റ് ഘടകങ്ങൾ
ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾ ഇപ്പോൾ അഴിമതി രഹിതമല്ല. വോട്ടർമാരെ സൗജന്യങ്ങൾ നൽകി സ്വാധീനിക്കുന്നതും പണം വിതരണം ചെയ്യുന്നതും മദ്യവും ഭക്ഷണവും നൽകുന്നതും മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നതും ഇതിൽ ഉൾപ്പെടുന്നു. ബിജെപിയുടെ മുസ്ലീം വിരുദ്ധ പ്രചാരണം അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു. വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ പ്രജ്ഞാ സിംഗ് താക്കൂർ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കമ്മീഷൻ ഒരു നടപടിയും എടുത്തില്ല. “ഗവൺമെന്റ് ആനുകൂല്യങ്ങൾ വാങ്ങുന്നവർക്ക് ഭരണകക്ഷിക്ക് വോട്ട് ചെയ്യാൻ ധാർമ്മിക ഉത്തരവാദിത്തമുണ്ട്” എന്ന് ഗിരിരാജ് സിംഗ് പ്രസംഗിച്ചു. പ്രധാനമന്ത്രി മോദി “നുഴഞ്ഞുകയറ്റക്കാർ” (Ghuspaithiya) എന്ന പ്രയോഗം തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉപയോഗിച്ചു.
ബീഹാറിലെ തിരഞ്ഞെടുപ്പ് ബിജെപി-ജെഡി(യു) സഖ്യവും മഹാസഖ്യവും തമ്മിലുള്ള പോരാട്ടമായാണ് മാധ്യമങ്ങൾ ചിത്രീകരിച്ചത്. ബീഹാറിൽ ജാതി രാഷ്ട്രീയത്തിനാണ് മുൻഗണന. ജനങ്ങളെ ജാതീയ ചിന്താഗതിയിൽ നിന്ന് മോചിപ്പിക്കേണ്ടതിന് പകരം എല്ലാ പാർട്ടികളും ജാതി സമവാക്യങ്ങളെയാണ് ആശ്രയിക്കുന്നത്. മഹാസഖ്യത്തിന് ഐക്യത്തോടെ പോരാടാൻ കഴിഞ്ഞില്ല. രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിദേശത്തേക്ക് പോയതും വോട്ടർമാരെ ബാധിച്ചു. ഈ ഘടകങ്ങളെല്ലാം ബിജെപി സഖ്യത്തിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചു.
ഇന്നത്തെ ആവശ്യകത
ഇടതുപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ ഒരു വലിയ ജനകീയ സമരപ്രസ്ഥാനം കെട്ടിപ്പടുക്കേണ്ട സമയമായിരുന്നു ഇത്. എന്നാൽ സിപിഐ(എംഎൽ), സിപിഐ(എം), സിപിഐ തുടങ്ങിയ പാർട്ടികൾ ഞങ്ങളുടെ ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ മാനിച്ചില്ല. പകരം അവർ ജാതി രാഷ്ട്രീയത്തിന്റെ ഭാഗമായി കോൺഗ്രസിനൊപ്പവും ആർജെഡിക്കൊപ്പവും ചേരാനാണ് താല്പര്യപ്പെട്ടത്. ഇത് പല ഇടതുപക്ഷ അനുഭാവികൾക്കും ഇഷ്ടപ്പെട്ടില്ല. ഒരു യഥാർത്ഥ ഇടതുപക്ഷ ബദൽ ഉണ്ടായിരുന്നെങ്കിൽ ജനങ്ങൾക്ക് ഈ മുതലാളിത്ത വോട്ട് വ്യാപാരികൾക്ക് പകരം മറ്റൊരു വഴിയുണ്ടാകുമായിരുന്നു. നമ്മുടെ പാർട്ടി 39 മണ്ഡലങ്ങളിൽ ഒറ്റയ്ക്ക് മത്സരിക്കുകയും വിപ്ലവകരമായ ഇടതുപക്ഷ ലൈൻ ഉയർത്തിക്കാട്ടുകയും ചെയ്തു. കോൺഗ്രസിനെയും മറ്റ് ജാതി-വർഗീയ പാർട്ടികളെയും ഉപേക്ഷിച്ച് ജനകീയ പ്രശ്നങ്ങളിൽ ഊന്നിയുള്ള പോരാട്ടത്തിന് തയ്യാറാകാൻ ഞങ്ങൾ മറ്റ് ഇടതുപക്ഷ പാർട്ടികളോട് അഭ്യർത്ഥിക്കുന്നു. എങ്കിൽ മാത്രമേ ഈ പിന്തിരിപ്പൻ വോട്ട് വ്യാപാരികളുടെ വിനാശകരമായ നീക്കം തടയാൻ സാധിക്കൂ.
