സൈദ്ധാന്തിക പാഠം : നിഷേധത്തിന്റെ നിഷേധം

Saidhanthika-Padangal-Logo-copy-e1762197843325.webp
Share

ഫ്രെഡറിക് ഏംഗൽസിന്റെ പ്രസിദ്ധമായ “ആന്റി ഡ്യൂറിംഗ്” എന്ന കൃതിയിലെ
നിഷേധത്തിന്റെ നിഷേധം(Negation of the Negation) എന്ന അദ്ധ്യായത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ

“…എന്താണ് ഹെർ ഡ്യൂറിംഗിന്റെ ജീവിതത്തെ ഇത്രമാത്രം കയ്പ്പുള്ളതാക്കി മാറ്റുന്ന, ക്രിസ്തുമതത്തിലെ പരിശുദ്ധാത്മാവിനെതിരെയുള്ള പാപംപോലെ അദ്ദേഹത്തിന് അക്ഷന്തവ്യമായ കുറ്റമായി തോന്നുന്ന ഈ ഭയാനകമായ ‘നിഷേധത്തിന്റെ നിഷേധം’?”
പഴയ ഐഡിയലിസ്റ്റ് (ആശയവാദ) തത്വചിന്ത നിഗൂഢതയുടെ മൂടുപടത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ചിരുന്നതും, ഹെർ ഡ്യൂറിംഗിന്റെ നിലവാരത്തിലുള്ള നിസ്സഹായരായ അതിഭൗതികവാദികൾക്ക് ഒളിപ്പിച്ചുവെക്കാൻ താല്പര്യമുള്ളതുമായ ആ നിഗൂഢത നീക്കംചെയ്താൽ ഏതൊരു കുട്ടിക്കും മനസ്സിലാക്കാവുന്ന ലളിതമായ ഒരു പ്രക്രിയയാണിത്. നമുക്കൊരു ബാർലി ധാന്യമണി ഉദാഹരണമായി എടുക്കാം. ശതകോടിക്കണക്കിന് ബാർലിമണികൾ പൊടിക്കപ്പെടുകയോ, തിളപ്പിക്കപ്പെടുകയോ, മദ്യമുണ്ടാക്കാൻ ഉപയോഗിക്കുകയോ, ഉപഭോഗം ചെയ്യപ്പെടുകയോ ചെയ്യുന്നു. എന്നാൽ അത്തരമൊരു ബാർലിമണിക്ക് അനുയോജ്യമായ സാഹചര്യങ്ങൾ ലഭിച്ചാൽ, അതായത് പാകമായ മണ്ണിൽ വീഴുകയും ചൂടിന്റെയും ഈർപ്പത്തിന്റെയും സ്വാധീനം ലഭിക്കുകയും ചെയ്താൽ, അതിൽ ഒരു പ്രത്യേക മാറ്റം സംഭവിക്കുന്നു; അത് മുളയ്ക്കുന്നു. അവിടെ ധാന്യമണി എന്ന നിലയിലുള്ള അതിന്റെ നിലനിൽപ്പ് അവസാനിക്കുന്നു, അത് നിഷേധിക്കപ്പെടുന്നു. അതിന് പകരമായി അതിൽനിന്ന് ഉത്ഭവിച്ച സസ്യം പ്രത്യക്ഷപ്പെടുന്നു—ഇത് ധാന്യമണിയുടെ നിഷേധമാണ്. എന്നാൽ ഈ സസ്യത്തിന്റെ സാധാരണ ജീവിത പ്രക്രിയ എന്താണ്? അത് വളരുന്നു, പൂക്കുന്നു, പരാഗണം നടക്കുന്നു, ഒടുവിൽ വീണ്ടും ബാർലി മണികൾ ഉല്പാദിപ്പിക്കുന്നു; ഇവ വിളഞ്ഞാലുടൻ ചെടി നശിക്കുന്നു, അത് വീണ്ടും നിഷേധിക്കപ്പെടുന്നു. ഈ നിഷേധത്തിന്റെ നിഷേധത്തിന്റെ ഫലമായി നമുക്ക് വീണ്ടും പഴയ ബാർലി ധാന്യമണിതന്നെ ലഭിക്കുന്നു, പക്ഷേ, അത് ഒന്നായല്ല, മറിച്ച് പത്തോ ഇരുപതോ മുപ്പതോ ഇരട്ടിയായിട്ടാണ്. ധാന്യവർഗ്ഗങ്ങൾ വളരെ സാവധാനത്തിലാണ് മാറുന്നത്, അതിനാൽ ഇന്നത്തെ ബാർലി ഒരു നൂറ്റാണ്ട് മുമ്പത്തെപ്പോലെതന്നെയാണ്. എന്നാൽ നമ്മൾ ഒരു ഡാലിയയോ ഓർക്കിഡോപോലുള്ള ഒരു സസ്യത്തെ കൃഷിശാസ്ത്രപരമായ വൈദഗ്ധ്യത്തോടെ പരിപാലിക്കുകയാണെങ്കിൽ, ഈ നിഷേധത്തിന്റെ നിഷേധത്തിന്റെ ഫലമായി നമുക്ക് കൂടുതൽ വിത്തുകൾ മാത്രമല്ല, ഗുണപരമായി വികസിച്ച വിത്തുകൾകൂടി ലഭിക്കുന്നു; അവ കൂടുതൽ മനോഹരമായ പൂക്കൾ നൽകുന്നു. ഈ പ്രക്രിയയുടെ ഓരോ ആവർത്തനവും, ഓരോ പുതിയ നിഷേധത്തിന്റെ നിഷേധവും ഈ ഗുണപരമായ വികാസത്തെ വർദ്ധിപ്പിക്കുന്നു.


ഭൂരിഭാഗം പ്രാണികളിലും, ബാർലി ധാന്യത്തിന്റെ കാര്യത്തിലെന്നപോലെ ഈ പ്രക്രിയ ഒരേ രീതിയിൽ തുടരുന്നു. ഉദാഹരണത്തിന്, ചിത്രശലഭങ്ങൾ മുട്ടയുടെ നിഷേധത്തിലൂടെ മുട്ടയിൽനിന്ന് രൂപം കൊള്ളുന്നു, ലൈംഗിക പക്വത പ്രാപിക്കുന്നതുവരെ മാറ്റങ്ങളിലൂടെ കടന്നുപോകുന്നു, ഇണചേരുന്നു, വീണ്ടും നിഷേധിക്കപ്പെടുന്നു; ഇണചേരൽ പൂർത്തിയാക്കി പെൺശലഭം മുട്ട ഇട്ടു കഴിഞ്ഞാലുടൻ അവ ചത്തുപോകുന്നു. സസ്യ-ജന്തു ലോകങ്ങളിൽ നിഷേധത്തിന്റെ നിഷേധം യഥാർത്ഥത്തിൽ സംഭവിക്കുന്നുണ്ടെന്ന് കാണിക്കുക മാത്രമാണ് ഇവിടെ ലക്ഷ്യം.
മാത്രമല്ല, ഭൗമശാസ്ത്രം (Geology) തന്നെ നിഷേധിക്കപ്പെട്ട നിഷേധങ്ങളുടെ ഒരു പരമ്പരയാണ്; പഴയ ശിലാപടലങ്ങൾ തകരുകയും പുതിയവ രൂപപ്പെടുകയും ചെയ്യുന്ന ഒരു പരമ്പര. ദ്രാവകാവസ്ഥ യിൽനിന്ന് തണുത്തുറഞ്ഞപ്പോൾ ഉണ്ടായ ഭൂമിയുടെ പ്രാഥമിക ഉപരിതലം സമുദ്രങ്ങളുടെയും അന്തരീക്ഷത്തിന്റെയും പ്രവർത്തനഫലമായി തകർക്കപ്പെടുകയും സമുദ്രതട്ടിൽ പുതിയ പാളികളായി അടിഞ്ഞുകൂടുകയും ചെയ്തു. സമുദ്രതട്ടിലെ ഉയർച്ചകൾ ഈ പാളികളെ വീണ്ടും മഴയുടെയും താപനിലയുടെയും വായുവിന്റെയും സ്വാധീനത്തിന് വിധേയമാക്കി. ഇത്തരത്തിൽ ദശലക്ഷക്കണക്കിന് നൂറ്റാണ്ടുകളിലൂടെ പുതിയ പാളികൾ രൂപപ്പെടുകയും അവ നശിപ്പിക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. എന്നാൽ ഈ പ്രക്രിയയുടെ ഫലം വളരെ ഗുണപരമായിരുന്നു: വിവിധ രാസഘടകങ്ങളുടെ മിശ്രിതമായ മണ്ണ് രൂപപ്പെടുകയും അത് വൈവിധ്യമാർന്ന സസ്യലതാദികൾക്ക് സാദ്ധ്യതയൊരുക്കുകയും ചെയ്തു…
ചരിത്രത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. എല്ലാ പരിഷ്കൃത സമൂഹങ്ങളും ഭൂമിയുടെ പൊതു ഉടമസ്ഥതയിൽനിന്നാണ് തുടങ്ങുന്നത്. കൃഷിയുടെ വികാസത്തോടെ ഈ പൊതു ഉടമസ്ഥത ഉല്പാദനത്തിന് ഒരു തടസ്സമായി മാറുകയും അത് നിഷേധിക്കപ്പെട്ട് സ്വകാര്യ സ്വത്തായി മാറുകയും ചെയ്യുന്നു. എന്നാൽ കൃഷി കൂടുതൽ വികസിക്കുമ്പോൾ ഈ സ്വകാര്യ സ്വത്തുടമസ്ഥത ഉല്പാദനത്തിന് വിഘാതമായി മാറുന്നു. അതിനാൽ അത് വീണ്ടും നിഷേധിക്കപ്പെടേണ്ടി വരുന്നു; അത് വീണ്ടും പൊതു ഉടമസ്ഥതയിലേക്ക് മാറ്റപ്പെടണം. എന്നാൽ ഇത് പ്രാകൃത പൊതുഉടമസ്ഥതയിലേക്കുള്ള മടങ്ങിപ്പോക്കല്ല, മറിച്ച് ആധുനിക കണ്ടുപിടുത്തങ്ങളെ പ്രയോജനപ്പെടുത്താൻ കഴിയുന്ന, ഉല്പാദനത്തെ സകല തടസ്സങ്ങളിൽനിന്നും മോചിപ്പിക്കുന്ന ഉന്നതമായ മറ്റൊരു രൂപത്തിലുള്ള പൊതുഉടമസ്ഥതയിലേക്കുള്ള മാറ്റമാണ്.

Share this post

scroll to top