നോർത്ത് ബംഗളുരുവിലെ കിരാതമായ കുടിയൊഴിപ്പിക്കൽ അപലപനീയം

bengaluru-kogilu-layout-demolition.jpg
Share

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കര്‍ണാടക സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവന

നോർത്ത് ബാംഗ്ലൂർ കോർപ്പറേഷൻ പരിധിയിലെ യെലഹങ്ക ഹോബ്ലിയിലുള്ള കോഗിലു ബണ്ടെയിൽ, പാവപ്പെട്ട തൊഴിലാളികള്‍ താമസിച്ചിരുന്ന ഷെഡ്ഡുകൾ തകർക്കുകയും 3,000ത്തോളംപേർ അടങ്ങുന്ന 500ലധികം കുടുംബങ്ങളെ തെരുവിലേക്ക് തള്ളുകയും ചെയ്ത ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ്, ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജിബിഎ) എന്നിവരുടെ അങ്ങേയറ്റം ക്രൂരമായ നടപടിയെ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) ശക്തമായി അപലപിക്കുന്നു.
ബാംഗ്ലൂരിലെ കഠിനമായ തണുപ്പിനെതിരെയും പടരുന്ന വൈറൽ പനികൾക്കെതിരെയും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകുന്ന സർക്കാർ നൂറുകണക്കിന് പാവപ്പെട്ട തൊഴിലാളികളുടെ സുരക്ഷിതമായ വീടുകൾ തകർത്തെറിഞ്ഞ്, കൊച്ചുകുട്ടികളും ഗർഭിണികളും അടക്കം നൂറുകണക്കിന് പാവപ്പെട്ട മനുഷ്യരെ കഠിനമായ തണുപ്പിലേക്ക് ഇറക്കിവിട്ടത് അങ്ങേയറ്റം ഹൃദയശൂന്യമായ പ്രവൃത്തി യാണ്. കഴിഞ്ഞ 15-20 വർഷങ്ങളായി കോഗിലു ബണ്ടെ പ്രദേശത്ത് ചെറിയ വീടുകൾ നിർമ്മിച്ച് താമസിച്ചുവരികയായിരുന്നു ഈ പാവപ്പെട്ട ജനങ്ങൾ. യാതൊരുവിധ മുൻകൂർ നോട്ടീസും നൽകാതെ, 2025 ഡിസംബർ 20ന് പുലർച്ചെ 4 മണിയോടെ ജെസിബികളുമായെത്തിയ ഉദ്യോഗസ്ഥർ പോലീസ് സംരക്ഷണത്തിൽ വീടുകൾ നിലംപരിശാക്കി. നൂറുകണക്കിന് ഏക്കർ പൊതുഭൂമി കൈയേറി കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വമ്പൻ കെട്ടിടങ്ങളും സമുച്ചയങ്ങളും അപ്പാർട്ടുമെന്റുകളും നിർമ്മിച്ച വമ്പന്മാരെ കണ്ടില്ലെന്ന് നടിക്കുമ്പോൾ, നിത്യജീവിതത്തിനായി കഷ്ടപ്പെടുന്ന പാവപ്പെട്ട തൊഴിലാളികളുടെ കുടിലുകൾ നശിപ്പിക്കാൻ സർക്കാർ കാണിക്കുന്ന ആവേശം അപലപനീയമാണ്.
മാപ്പർഹിക്കാത്ത ഈ നടപടിക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും തകർന്ന വീടുകളിൽ കഴിയുന്ന ജനങ്ങൾക്ക് അടിയന്തരമായി  പാര്‍പ്പിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കണമെന്നും ഒരു നഷ്ടപരിഹാര നിധി പ്രഖ്യാപിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥിരമായ ഭവന പദ്ധതി നടപ്പിലാക്കണമെന്നും എസ്‌യുസിഐ(സി) ആവശ്യപ്പെടുന്നു.

Share this post

scroll to top