എഐകെകെഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൾ അസീസും സംസ്ഥാന സെക്രട്ടറി എൻ.വിനോദ് കുമാറും ചേർന്ന് പുറപ്പെടുവിച്ച പ്രസ്താവന
കാർഷിക മേഖലയിലെ ഉൽപ്പാദനവും സംഭരണ-വിതരണ രംഗങ്ങളും സ്വദേശ -വിദേശ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ പൂർണ്ണ നിയന്ത്രണത്തിലാക്കുവാൻ അവസരം ഒരുക്കുന്നതിന് കേന്ദ്രത്തിലെ ബിജെപി യുടെ മോദി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് കേന്ദ്ര കൃഷി, കർഷക ക്ഷേമ വകുപ്പ് മന്ത്രാലയം 2025 നവംബർ 12ന് വിജ്ഞാപനം ചെയ്ത വിത്ത് ബിൽ -2025.
കാർഷിക ഉല്പാദനത്തിന് ആവശ്യമായ സാമഗ്രികളിൽ ഏറ്റവും അടിസ്ഥാന ഘടകമായിട്ടുള്ള വിത്തും സസ്യ വൈവിധ്യങ്ങളും നിലവിൽ 1966ലെ വിത്തു നിയമത്തിന്റെയും, 1968 ൽ രൂപീകരിച്ച അതിന്റെ ചട്ടങ്ങളുടെയും, തുടർന്ന് 1983 ൽ ഇറക്കിയ വിത്ത് നിയന്ത്രണ ഉത്തരവിന്റെയും ( Seed Control Order -1983) നിയന്ത്രണത്തിൻ കീഴിലായിരുന്നു കൈകാര്യം ചെയ്തിരുന്നത്. അവശ്യ വസ്തുക്കൾ നിയമം-1955ൽ ഉൾപ്പെടുന്ന വിത്ത് നിർദ്ദിഷ്ട വിത്തു ബിൽ നിയമമാകുന്നതോടെ വിത്തിന്റെ ഉല്പാദന – വിതരണ – വ്യാപാര രംഗങ്ങളിൽ ഇതിനകം ചുവടുറപ്പിച്ചിട്ടുള്ള അഗ്രിബിസിനസ്സ് ഭീമന്മാർക്കും ഇടനിലക്കാർക്കും ഈ രംഗം മുഴുവൻ കൈയടക്കാനും അതുവഴി കാർഷിക വിളകളുടെ ഉല്പാദന ചെലവ് അതിഭീമമായി വർദ്ധിക്കുവാനും ഇടവരുത്തും. അനന്തരഫലമെന്നോണം പതിറ്റാണ്ടുകളായി ഇന്ത്യയിലെ കാർഷികരംഗത്ത് നിലനില്കുന്ന പ്രതിസന്ധികളും അങ്ങേയറ്റം രൂക്ഷമാക്കും എന്നതിനാൽ ഈ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
കാർഷിക ഉല്പാദന ചെലവ് തുടർച്ചയായി വർഷംതോറും ഭീമമായി വർദ്ധിച്ചുകൊണ്ടേയിരിക്കുകയാണ്. എന്നാൽ ഉല്പാദന ചെലവുമായി ബന്ധപ്പെടുത്തിയ ന്യായവില (C2 + 50 % നിരക്കിൽ) കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ലഭ്യമാക്കുന്നതിനോ കുറ്റമറ്റ രീതിയിൽ യഥാസമയം സംഭരിക്കുന്നതിനോ നിലവിൽ സംവിധാനങ്ങളില്ല. അതിനാൽ ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള കർഷകർക്ക് ന്യായവില ലഭിക്കാറില്ല. വിളവെടുപ്പു കാലത്ത് നേരിടുന്ന വിലത്തകർച്ചയും വില്പന പ്രതിസന്ധികളും കർഷകരെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്നത് ഒരു പ്രതിഭാസമായി മാറിയിരിക്കുന്നു. ഇന്ത്യയിലെ മൊത്തം കർഷകരിൽ 86.2 ശതമാനത്തിലധികവും (2015-16ലെ കാർഷിക സെൻസസ് പ്രകാരം) ചെറുകിട, നാമമാത്ര കർഷകരാണ്. ഗ്രാമീണ മേഖലയിലെ ഈ മഹാഭൂരിപക്ഷത്തെയാണ് കാർഷിക പ്രതിസന്ധി ഏറ്റവും രൂക്ഷമായി പിടിമുറുക്കിയിരിക്കുന്നത്. നിലവിലുള്ള ദുരിതപൂർണ്ണമായ ഈ സാഹചര്യത്തെ അങ്ങേയറ്റം കൊടുമ്പിരിക്കൊള്ളിക്കുന്ന വിത്തു ബിൽ-2025 കേന്ദ്ര സർക്കാർ ഉടൻ പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
