നടി ആക്രമിക്കപ്പെട്ട കേസിലെ കോടതിവിധി നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യതയെ തകർക്കുന്നു

Share

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപടക്കം നാല് പ്രതികളെ കുറ്റവിമുക്തരാക്കിയ സെഷൻസ് കോടതിവിധി അങ്ങേയറ്റം നീതിരഹിതവും സ്ത്രീവിരുദ്ധവു മാണെന്ന് അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടന സംസ്ഥാന പ്രസിഡന്റ്‌ എസ്.സൗഭാഗ്യ കുമാരി, സെക്രട്ടറി കെ.എം. ബീവി എന്നിവർ അഭിപ്രായപ്പെട്ടു.  കോടതിയിലും നീതിന്യായ സംവിധാനത്തിലും ജനങ്ങൾക്കുള്ള വിശ്വാസത്തെ  തകർക്കുന്ന ഒരു വിധി പ്രസ്താവമാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ഇത് സമൂഹത്തിൽ അരാജകത്വം വളർത്തുകയും തെറ്റായ സന്ദേശം നൽകുകയും ചെയ്യും. 

ഈ കേസിന്റെ നാൾവഴികളിലൂടനീളം നടന്ന കാര്യങ്ങൾ വച്ച് കേസ് അട്ടിമറിക്കപ്പെടാൻ സാദ്ധ്യതയുള്ളതായി അതിജീവിതയും പൊതുസമൂഹവും സംശയിച്ചിരുന്നു. പ്രതികളുടെ ഉന്നതതലത്തിലുള്ള സ്വാധീനം പ്രകടമായിരുന്നു.

കുറ്റകൃത്യങ്ങള്‍ക്കും കുറ്റവാളികള്‍ക്കും വിധി പ്രോത്സാഹനം നല്‍കും. അതിക്രമങ്ങള്‍ക്കിരയാക്കപ്പെടുന്ന പെണ്‍കുട്ടികള്‍ ആജീവനാന്തം അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്നു എന്ന ദുര്യോഗം തുടരുകയാണ്.

അടുത്ത കാലത്ത് നടന്ന പോക്സോ അടക്കമുള്ള പീഡന കേസുകളിൽ പോലീസും കോടതിയും രാഷ്ട്രീയ നേതാക്കളും സ്വാധീനശേഷിയുള്ള  കുറ്റവാളികളോ ടോപ്പം നിൽക്കുന്നതായാണ് പൊതുവിൽ കാണുന്നത്.  ഇത് ഒരു ജനാധിപത്യ സമൂഹത്തിന് ഒട്ടും ഉചിതമല്ല. സ്ത്രീകൾക്ക് സുരക്ഷയും ജനാധിപത്യ അവകാശങ്ങളും ഉറപ്പാക്കേണ്ടത് ഭരിക്കുന്ന സർക്കാരാണ്. എത്രയും വേഗം അതിജീവിതക്ക് നീതി ഉറപ്പാക്കുവാൻ വേണ്ടി നിയമപരമായ ഇടപെടൽ  നടത്താൻ തയ്യാറാകണമെന്ന് സർക്കാരിനോട് അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന ശക്തമായി ആവശ്യപ്പെടുന്നു.

Share this post

scroll to top