ഈ കഴിഞ്ഞ നവംബർ 7ന് വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തിന്റെ 150 വിവിധ പ്രദേശങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. ആ അവസരത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു: “സ്വാതന്ത്ര്യസമര സമയത്ത് വന്ദേമാതരം രാജ്യമെമ്പാടും ആവേശമുയർത്തി. എന്നാൽ നിർഭാഗ്യവശാൽ 1937ൽ വന്ദേമാതരത്തിലെ പ്രധാന ശ്ലോകങ്ങൾ മുറിച്ച് മാറ്റി, പല കഷണങ്ങളാക്കി, അതിന്റെ സത്ത തകർത്തു. വന്ദേമാതരത്തിന്റെ വിഭജനമാണ് രാജ്യത്തിന്റെ വിഭജനത്തിനുള്ള വിത്തുപാകിയത്.” പ്രധാനമന്ത്രിയുടെ നിരീക്ഷണങ്ങൾ അത്ഭുതകരമെന്നേ പറയാനാകൂ. നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തെക്കുറിച്ച് തികഞ്ഞ അജ്ഞതയാണ് ഇത് കാണിക്കുന്നത്. ആർഎസ്എസും ഹിന്ദു മഹാസഭയും(ബിജെപിയുടെ മുൻഗാമികൾ) ആയിരുന്നു സ്വാതന്ത്ര്യ സമരത്തിന്റെ കേന്ദ്രബിന്ദുവെന്നും സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭത്തിന്റെ സമര ഗീതമായിരുന്നു വന്ദേമാതരം എന്നും പറഞ്ഞുനടക്കുന്നത് ഈ അജ്ഞതകൊണ്ടു മാത്രമല്ല. അതിന്റെ ഉദ്ദേശങ്ങൾ നമുക്ക് വഴിയെ പരിശോധിക്കാം.
വന്ദേമാതരത്തിന്റെ ചരിത്രം
1875 നവംബർ 7നാണ് വിഖ്യാത എഴുത്തുകാരൻ ബങ്കിംചന്ദ്ര ചാറ്റർജി ‘ബംഗദർശൻ’ എന്ന സാഹിത്യ മാസികയിൽ വന്ദേമാതരം ആദ്യമായി പ്രസിദ്ധീകരിക്കു ന്നത്. പിന്നീട് 1882ൽ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ ആനന്ദമഠം എന്ന നോവലിൽ ഈ ഗാനം കൂട്ടിച്ചേർക്കുകയുണ്ടായി. 1950 ജനുവരി 24ന് നമ്മുടെ നിയുക്തപാർലമെന്റ് ജനഗണമനയെ ദേശീയ ഗാനമായും വന്ദേമാതരത്തെ ദേശീയ ഗീതമായും സ്വീകരിച്ചു. ആർഎസ്എസും ബിജെപിയും സ്വാതന്ത്ര്യ സമരത്തോട് മുഖംതിരിച്ചു നിന്നപ്പോൾ നമ്മുടെ സ്വാതന്ത്ര്യസമര പോരാളികൾ ബ്രിട്ടീഷ് അധികാരികളെ നേരിട്ടത് ഈ ഗാനങ്ങൾ പാടിക്കൊണ്ടായിരുന്നു. അക്കാലത്ത് ആർഎസ്എസിന്റെ സൈദ്ധാന്തികർ പറഞ്ഞുകൊണ്ടിരുന്നത് ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരം പിന്തിരിപ്പനാണ് എന്നായിരുന്നു. ഭൗമാതിർത്തിയെ അടിസ്ഥാനമാക്കിയ ദേശീയതയല്ല മറിച്ച് ഹൈന്ദവ ദേശീയതയാണ് നമുക്ക് വേണ്ടതെന്നായിരുന്നു അവരുടെ പക്ഷം.
ഈയിടെ, ബിജെപി-ആർഎസ്എസ് നേതാവായ റാംമാധവ് എഴുതിയ ഒരു ലേഖനത്തിൽ ആരോപിക്കുന്നത് വന്ദേമാതരത്തിലെ രണ്ട് ശ്ലോകങ്ങൾ മാത്രം സ്വീകരിച്ചതിന് പിറകിൽ മുസ്ലീങ്ങൾ ആണ് എന്നാണ്. 1937ലെ തിരഞ്ഞെടുപ്പിന് മുസ്ലിം വോട്ട് ലഭിക്കാൻവേണ്ടി കോൺഗ്രസ് നേതൃത്വം അവസരവാദ നിലപാടെടുത്തതാണത്രെ. 1937ൽ കോൺഗ്രസ് അങ്ങനെയൊരു തീരുമാനമെടുത്തിരുന്നു എന്നത് നേരാണ്. അതിനു പക്ഷേ തക്കതായ കാരണങ്ങൾ ഉണ്ടായിരുന്നു താനും. അത് മനസ്സിലാകണമെങ്കിൽ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം നാം അറിയണം.
19-ാം നൂറ്റാണ്ടിൽ ഇന്ത്യൻ നവോത്ഥാന പ്രസ്ഥാനത്തിന്റെ പുഷ്കലകാലത്ത് ലോകമെമ്പാടും ബൂർഷ്വാ മാനവാദവും ജനാധിപത്യ സങ്കൽപ്പങ്ങളും അതിന്റെ ചെറുപ്പകാലം കഴിഞ്ഞ് പിന്തിരിപ്പനായി മാറിക്കഴിഞ്ഞിരുന്നു. ഇന്ത്യയിൽ മുതലാളിത്തം ഉദയം ചെയ്യുന്നതേ ഉണ്ടായിരുന്നുള്ളു എങ്കിലും ലോകത്ത് മുതലാളിത്തം തികച്ചും പ്രതിലോമകരമായ ഒരു വ്യവസ്ഥയായി മാറിക്കഴിഞ്ഞിരുന്നു. മുതലാളിത്തത്തിന്റെ ഉദയകാലത്ത് അത് കാലഹരണപ്പെട്ട വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും മാതാന്ധതക്കുമേതിരെ, ജന്മിത്വത്തിനെതിരെ തികച്ചും സന്ധിയില്ലാത്ത സമരം നടത്തിയിരുന്നുവെങ്കിൽ പിൽക്കാലത്ത് അത് ജന്മിത്ത മൂല്യങ്ങളോട് അനുരഞ്ജനത്തിൽ ഏർപ്പെടാൻ തുടങ്ങി. അങ്ങനെ ഇന്ത്യയിൽ മുതലാളിത്തം ഉള്ളിൽനിന്ന് തന്നെ വീര്യം നഷ്ടപ്പെട്ട അവസ്ഥയിലാണ് ആരംഭിക്കുന്നത്. മതേതര മാനവവാദത്തെ കലർപ്പില്ലാതെ ഉൾക്കൊള്ളാൻ സാധിച്ചത് അക്കാലത്ത് ഈശ്വരചന്ദ്ര വിദ്യാസാഗറിന് മാത്രമായിരുന്നു. അദ്ദേഹം എല്ലാ മതചിന്തകളെയും നിരാകരിച്ചു. ഒരു പ്രകൃത്യാതീത ശക്തിയെയും അംഗീകരിക്കാൻ തയ്യാറായില്ല. എന്നാൽ ഇന്ത്യൻ നവോത്ഥാനത്തിന്റെ മുഖ്യധാര അങ്ങനെ ആയിരുന്നില്ല.
പിന്തിരിപ്പൻ ജന്മിത്ത ആശയങ്ങളുമായുള്ള ഈ അനുരഞ്ജന നിലപാട് സാഹിത്യസൃഷ്ടികളിലും പ്രകടമായിരുന്നു. സ്വാതന്ത്ര്യസമരത്തിലെ ഈ അനുരഞ്ജന നിലപാടിന്റെ സാഹിത്യ മേഖലയിലെ മികച്ച പ്രതിനിധി ആയിരുന്നു ബങ്കിംചന്ദ്ര ചാറ്റർജി. രാജ്യം വിദേശശക്തികളിൽ നിന്ന് മോചിക്കപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എന്നാൽ അതേസമയം മതനവീകരണ ചിന്തകൾ അദ്ദേഹത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു. ഒട്ടനവധി വിദ്യാസമ്പന്നരായ ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് ഭരണത്തിൻ കീഴിലെ ജീവിതം അപമാനകരമായി തോന്നിയിരുന്നു. ജനങ്ങളുടെ മനസ്സിൽ ബ്രിട്ടീഷ് ആധിപത്യത്തോടുള്ള പ്രതിഷേധവും അന്തസ്സോടെ സ്വതന്ത്രരായി ജീവിക്കാനുള്ള ആഗ്രഹവും നാൾക്കുനാൾ വർദ്ധിച്ചുവന്നു. എന്നാൽ ഈ പ്രതിഷേധാഗ്നി പ്രകടമായത് ഒരു ആത്മീയ മുന്നേറ്റമായും പാരമ്പര്യത്തിലേക്കുള്ള തിരിച്ചുപോക്കായുമാണ്. വിദേശ ചങ്ങലയിൽനിന്ന് മോചിതരായി അന്തസ്സോടെ തലയുയർത്തി നിൽക്കാനുള്ള ഭാരതീയരുടെ അഭിലാഷത്തെ ഉയർത്തിക്കാട്ടാൻ ബങ്കിംചന്ദ്ര ആശ്രയിച്ചത് ഹൈന്ദവ പാരമ്പര്യത്തെയാണ്. ഈ ഒരു പശ്ചാത്തലത്തിലാണ് ആനന്ദമഠം എഴുതുന്നത്. നമ്മുടെ നാട്ടിൽ ദേശീയതയുടെ ആദ്യ ബഹിർസ്‌ഫുരണങ്ങൾ സാഹിത്യത്തിൽ പ്രകടമാകുന്നത് ആനന്ദമഠത്തിലൂടെ ആണെന്ന് പറയാം. 1772-73ൽ ഉത്തരബംഗാളിൽ വാറൻ ഹേസ്റ്റിംഗിന്റെ സമയത്ത് നടന്ന സന്യാസി കലാപമാണ് നോവലിന്റെ ഇതിവൃത്തം. നമ്മുടെ നാട്ടിൽ ജനങ്ങളുടെ മനസ്സിൽ സ്വാതന്ത്ര്യത്തോടുള്ള വാഞ്ഛ ഉണർത്തുന്നതായിരുന്നു നോവൽ. എങ്കിൽപോലും അത് ഹിന്ദുമത പരിഷ്കരണത്തിൽ ഊന്നിയതായിരുന്നു എന്നത് കാണാതിരുന്നുകൂടാ. ഭാരതം എന്നാൽ എല്ലാവരുടെയും പൊതു രാഷ്ട്രം എന്നതിന് പകരം ആരാധിക്കപ്പെടേണ്ട ഒരു മതാവായാണ്, ദേവതയായാണ് നോവലിൽ വരുന്നത്. നോവലിൽ ഉടനീളം വരുന്ന ദുർഗ്ഗാമാതാവും ബ്രഹ്മചാരികളായ പോരാളികളും ഹിന്ദുമതത്തിന്റെ ഉയർച്ചയ്ക്കായുള്ള ആഹ്വാനങ്ങളും നോവലിന്റെ പശ്ചാത്തലത്തിൽ ഒതുങ്ങി നൽക്കുന്നതല്ല. കഥയുടെ നട്ടെല്ല് തന്നെ ഈ ചിഹ്നങ്ങളാണ്.
വന്ദേമാതരം ഗാനമാരംഭിക്കുന്നത് വളരെ സൗമ്യമായാണ്. ഭാരതത്തിന്റെ ഭൂമിയുടെ സമ്പന്നതയും ഹരിതാഭയുമാണ് അത് വർണ്ണശഭളവും മൃദുവുമായ സംസ്കൃത പദങ്ങൾ ഉപയോഗിച്ച് വരച്ചു വയ്ക്കുന്നത്. എന്നാൽ പൊടുന്നനെ അത് വാളുകളുടെ ശീൽക്കാരവും ആക്രോശങ്ങളും നിറഞ്ഞ ഒരു രണഭേരിയായി രൂപാന്തരം പ്രാപിക്കുന്നു. ശത്രുവിനെതിരായുള്ള സംഹാരതാണ്ഡവം അതിന്റെ വരികളിലും താളത്തിലും ഉറഞ്ഞുകൂടുന്നു. ഭൂമി പത്തു കൈകളിലും ആയുധമേന്തിയ, ശത്രുസംഹാരത്തിനായി ദാഹിക്കുന്ന കാളിയായി മാറുന്നു.
വന്ദേമാതരത്തിന്റെ ഈ ഒരു മുഖം ആദ്യമായി തിരിച്ചറിഞ്ഞത് രവീന്ദ്രനാഥ ടാഗോർ തന്നെയാണ്. തന്റെ ചെറുപ്പകാലത്ത് ഈ ഗാനം പാടിയാണ് അദ്ദേഹം വളർന്നത്. ഗാനത്തിൽ വരുന്ന ‘ദുർഗ്ഗാദശയേകരണ ധരണി’ എന്ന 10 കൈകളിലും 10 ആയുധങ്ങളുമായി ശത്രുസംഹാരത്തിന് തയ്യാറെടുക്കുന്ന ദേവി ബങ്കിംചന്ദ്രന്റെ ഭാവന സൃഷ്ടിയായിരുന്നു. എന്നാൽ ഈ ദേവീസങ്കല്പം ഹൈന്ദവർ ഏറ്റെടുത്തതോടെ ഈ ഗാനം ഹിന്ദുക്കൾ അല്ലാത്ത വലിയൊരു ജനവിഭാഗത്തെ സ്വാതന്ത്ര്യ സമരത്തിൽ നിന്നും അകറ്റി നിർത്തുമെന്ന് ടാഗോർ തിരിച്ചറിഞ്ഞു. അദ്ദേഹം കോൺഗ്രസ് നേതൃത്വത്തിന് എഴുതി. “വന്ദേമാതരം അതിന്റെ മുഴുവൻ രൂപത്തിൽ നോവലിൽ വരുന്ന സന്ദർഭം കൂടി പരിഗണിച്ചാൽ, അത് മുസ്ലിം വിഭാഗത്തെ വേദനിപ്പിക്കാൻ ഇടയുണ്ട് എന്നത് ഞാൻ സമ്മതിക്കുന്നു. എന്നാൽ അതിന്റെ ആദ്യത്തെ രണ്ട് ശ്ലോകങ്ങളെ അടിസ്ഥാനമാക്കി ഒരു ദേശീയഗീതം ഉണ്ടാക്കിയാൽ അത് മുഴുവൻ പദ്യത്തെയോ യാദൃശ്ചികമായി ആ ഗാനവുമായി ചേർക്കപ്പെട്ട കഥയോ ഓർമ്മിപ്പിക്കണമെന്നില്ല.” (അമൃത ബസാർ പത്രിക, 02-11-1937)
വന്ദേമാതരത്തിലെ ദേശീയ വികാരത്തെയും അതിലെ ഭക്തിയുടെ ഘടകത്തെയും രണ്ടു വ്യത്യസ്ത ഘടകങ്ങളായാണ് ടാഗോർ ദർശിച്ചത്. “വന്ദേമാതരത്തിന് ഒരു ദേശീയ ഗാനം ആവാൻ സാധിക്കില്ല അതിലെ വാക്കുകൾ മുഴുവൻ ഹൈന്ദവമയമാണ്; അത് മുസ്ലിം വിഭാഗത്തിന് അഹിതകരമാവാൻ സാധ്യതയുണ്ട്. രാഷ്ട്രം എന്നത് ഏതെങ്കിലും ഒരു മതവിഭാഗത്തിന്റേത് മാത്രമല്ല.” 1937 ലെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ പ്രസ്താവന ടാഗോറിന്റെ വാദം ഉൾക്കൊള്ളുന്നതായിരുന്നു. തന്റെ ഗരെബൈരെ(1915) എന്ന നോവലിൽ ആനന്ദമഠത്തിന്റെ വർഗീയതയെക്കുറിച്ച് ടാഗോർ പറയുന്നുണ്ട്. എന്നാൽ, എല്ലാ ഇന്ത്യക്കാരേയും ഒറ്റച്ചരടിൽ കൂട്ടിച്ചേർക്കാനുള്ള വന്ദേമാതരത്തിന്റെ കഴിവിനെ അദ്ദേഹം അംഗീകരിക്കുകയും ചെയ്തു. “ഏക് സൂത്രേ ബന്ദിയാച്ചി സഹസ്രതി മോൻ, ഏക് കർജേ സൊപിയാച്ചി സഹസ്ര ജീബൻ, വന്ദേമാതരം(ആയിരം മനസ്സുകളെ ഒന്നിച്ചു കോർത്ത ഒറ്റ ചരട്, ആയിരം ജീവനുകൾ ഒന്നിക്കുന്ന ഒരൊറ്റ ദൗത്യം… വന്ദേമാതരം)… ആയിരക്കണക്കിന് പ്രതിബന്ധങ്ങളെയും രൂക്ഷമായ വെള്ളപ്പൊക്കത്തെയും നാം നേരിടും, നാം, ആയിരക്കണക്കിന് മനുഷ്യർ, ഭയപ്പെടില്ല വന്ദേമാതരം…”
ബങ്കിംചന്ദ്ര തന്നെ തന്റെ അവസാന നോവലായ ‘സീതാറാമി’ൽ ഹിന്ദുരാഷ്ട്രത്തിന്റെ അർത്ഥശൂന്യത തുറന്നു കാണിക്കുന്നുണ്ട്. മുസ്ലിം ശത്രുക്കളെ തോൽപ്പിച്ച് ആദർശശാലിയായ ഒരു ഹിന്ദു രാജാവ് ഒരു ഹൈന്ദവരാഷ്ട്രം സ്ഥാപിക്കുന്നതാണ് ഇതിലെ പ്രമേയം. എന്നാൽ, പിന്നീട് അതേ രാജാവ് തന്നെ മുസ്ലീങ്ങളിൽ ആരോപിക്കുന്ന എല്ലാ തിന്മകളുടെയും കേന്ദ്രമായി മാറുന്നു. രാജാവിന്റെ കിങ്കരന്മാർ അയാളെ ഉപേക്ഷിച്ചു പോകുന്നു. ഏറ്റവുമവസാനം വിട്ടുപോകുന്നത് ഒരു ഫക്കീറാണ്. ഹിന്ദുരാഷ്ട്രത്തിൽ ജീവിക്കാൻ ഇനി സാധ്യമല്ല എന്ന തിരിച്ചറിവോടെയാണ് ആ ഫക്കീർ സ്ഥലംവിടുന്നത്.
ഇത്രയും പറഞ്ഞത് വന്ദേമാതരത്തിലെ ശ്ലോകങ്ങളെ നീക്കം ചെയ്തതിന് പിന്നിൽ മുസ്ലീങ്ങൾ ആയിരുന്നു എന്ന വാദത്തെ തുറന്നു കാണിക്കാനാണ്. അന്നത്തെ കോൺഗ്രസ് സ്വാതന്ത്ര്യ വാഞ്ഛയുള്ള എല്ലാ മനുഷ്യരുടെയും ഒരു പൊതുവേദി ആയിരുന്നു. വന്ദേമാതരത്തിലെ വർഗീയ ഉള്ളടക്കം തിരിച്ചറിഞ്ഞ ടാഗോറിനെ പോലെയുള്ളവരാണ് അതിലെ രാജ്യസ്നേഹത്തെ പ്രചോദിപ്പിക്കുന്ന ഭാഗങ്ങൾ മാത്രം ഉൾപ്പെടുത്തി ഒരു ദേശീയഗീതം രൂപപ്പെടുത്താൻ മുൻകൈ എടുത്തത്.
ഇന്ത്യയെ വിഭജിച്ചതിന് ആരാണ് ഉത്തരവാദി
പ്രധാനമന്ത്രി പറയുന്നത് ‘വന്ദേമാതരത്തിന്റെ വിഭജനമാണ് ഭാരതത്തിന്റെ വിഭജനത്തിന് വിത്തിട്ടത്’ എന്നാണ്. വന്ദേമാതരത്തിന്റെ രണ്ട് ശ്ലോകങ്ങൾ മാത്രം ദേശീയഗീതത്തിന് തിരഞ്ഞെടുക്കുന്നത് 1937ലാണ്. എന്നാൽ 1923ൽ തന്നെ ഹിന്ദുമഹാസഭയുടെ നേതാവായിരുന്ന സവർക്കർ തന്റെ ‘എസ്സെൻഷ്യൽസ് ഓഫ് ഹിന്ദുത്വ’ എന്ന പുസ്തകത്തിൽ ദ്വിരാഷ്ട്രവാദം ഉയർത്തുന്നുണ്ട്. 1937ൽ ഒരു കോൺഫറൻസിൽ ഹിന്ദു മഹാസഭ ഇത് തങ്ങളുടെ ഔദ്യോഗിക നയമായി പ്രഖ്യാപിക്കുന്നുണ്ട്. 1939ലാണ് മുസ്ലിം ലീഗ് ദ്വിരാഷ്ട്രവാദത്തെ പിന്തുണയ്ക്കുന്നത്. ഹിന്ദുമഹാസഭയുടെ അക്കാലത്തെ നേതാവും ബംഗാളിൽ മുസ്ലിം ലീഗുമൊത്തുള്ള സഖ്യകക്ഷി ഭരണത്തിന്റെ തലവനുമായിരുന്ന ശ്യാമപ്രസാദ് മുഖർജി 1947ൽ, അന്നത്തെ വൈസ്രോയായിരുന്ന മൗണ്ട് ബാറ്റൺ പ്രഭുവിന് എഴുതിയത് ഇന്ത്യയെ വിഭജിച്ചില്ലെങ്കിൽ പോലും ബംഗാളിനെ വിഭജിച്ചേ മതിയാവു എന്നാണ്. ഇതേ മാന്യദ്ദേഹമാണ് 1942 ജൂലൈ 26ന് ക്വിറ്റ് ഇന്ത്യാ സമരത്തെ എങ്ങനെ അടിച്ചൊതുക്കാം എന്ന് ഉപദേശിച്ച് ബംഗാൾ ഗവർണർ ജനറലിന് കത്തെഴുതിയതും.
അപ്പോൾ വന്ദേമാതരത്തിന്റെ രണ്ട് ശ്ലോകങ്ങൾ മാത്രമായി തിരഞ്ഞെടുത്തതാണ് രാജ്യത്തിന്റെ വിഭജനത്തിലേക്ക് നയിച്ചത് എന്ന് ദുഷ്‌പ്രചാരണം അഴിച്ചുവിടുന്നത് ഈ ഹീനമായ ചരിത്രം മറച്ചുവെക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ്.
ഇവർക്ക് വന്ദേമാതരത്തോട് പൊടുന്നനെ സ്നേഹമുണ്ടായത് എപ്പോൾ?
ആർഎസ്എസുകാർ ഒരുകാലത്തും തങ്ങളുടെ ശാഖകളിലോ ഓഫീസുകളിലോ ‘വന്ദേമാതരമോ’ ‘ജനഗണമനയോ’ ആലപിക്കാറില്ല. തങ്ങളുടെ വർഗീയ വിഷപ്പല്ലുകൾ പുറത്തുകാട്ടുന്ന ‘നമസ്തേ സദാ വത്സലേ’ എന്ന ഗാനമായിരുന്നു അവർ ആലപിക്കാറ്. പൊടുന്നനെ അവർക്ക് ‘വന്ദേമാതര’ത്തോട് സ്നേഹം വഴിഞ്ഞൊഴുകുന്നത് എന്തുകൊണ്ടാണ്? നമ്മുടെ സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ വൈവിധ്യമാർന്ന ചരിത്രത്തിലെ ഒരു ഏട് മാത്രമായല്ല അവർ വന്ദേമാതരത്തെ കാണുന്നത്. വർഗീയ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോടുള്ള കൂറ് തെളിയിക്കുന്ന ഗാനമായി അവർ വന്ദേമാതരത്തെ പുനർസൃഷ്ടിച്ചിരിക്കുകയാണ്.
ബിജെപി രവീന്ദ്രസംഗീതം നിരോധിക്കുന്നു
ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് അസമിലെ ബിജെപി ഗവൺമെന്റ് രവീന്ദ്രനാഥ ടാഗോർ എഴുതിയ ദേശഭക്തിഗാനം നിരോധിച്ചത്. അത് ബംഗ്ലാദേശിന്റെ ദേശീയ ഗാനമാണെന്നും അത് ആലപിക്കുന്നത് രാജ്യദ്രോഹത്തിന് തുല്യമാണെന്നുമാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ പറയുന്നത്. മുഴുവൻ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണ് എന്ന ബംഗ്ലാദേശിന്റെ അവകാശവാദത്തെ ന്യായീകരിക്കുന്നതാണത്രേ ഈ ഗാനം. എന്തൊരു വിചിത്ര വാദം!
ഈ ഗാനത്തിന് പിന്നിൽ ഒരു വീരചരിത്രമുണ്ട്. 1905ൽ കൾസൺ പ്രഭു അവിഭക്ത ബംഗാളിനെ വിഭജിക്കാൻ ഉത്തരവിട്ടപ്പോൾ അതിനെതിരെ വലിയ പ്രതിഷേധം ഉയർന്നുവന്നിരുന്നു. സ്വാതന്ത്ര്യ സമരത്തിന് ആക്കം വർദ്ധിപ്പിക്കാൻ ഈ പ്രതിഷേധത്തിന് സാധിച്ചു. ആ അവസരത്തിൽ രവീന്ദ്രനാഥ ടാഗോർ രചിച്ചതാണ് ‘അമർ സോനാർ ബംഗ്ലാ, അമി തൊമേയ് ഭലോബഷി’ (എന്റെ സുവർണ്ണ ബംഗാൾ, ഞാൻ നിന്നെ സ്നേഹിക്കുന്നു) എന്ന ഗാനം. അക്കാലത്ത് എല്ലാവരുടെയും ചുണ്ടുകളിൽ ആ ഗാനമായിരുന്നു. ദേശീയ വികാരം ഉണർത്താനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ജനരോഷത്തെ പ്രതിഫലിപ്പി ക്കാനും ആ ഗാനത്തിന് കഴിഞ്ഞു. ബംഗാൾ വിഭജനമാണ് പശ്ചാത്തലം എങ്കിലും ആ ഗാനം ബംഗാളിന്റെ അതിർത്തികളെ ഭേദിച്ച് ഇന്ത്യ ഒട്ടാകെ പരന്നു. പിന്നീട് സ്വാതന്ത്ര്യത്തിനുശേഷം പാകിസ്ഥാൻ ഗവൺമെന്റ് ഉറുദു ഒരേയൊരു ദേശീയ ഭാഷയായി പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ ബംഗാളി സംസാരിക്കുന്ന കിഴക്കൻ പ്രവിശ്യകളിലെ ജനങ്ങൾക്കിടയിൽ പ്രതിഷേധം ഉയർന്നു. 1952 ഫെബ്രുവരി 21ന് ധാക്കയിൽ വിദ്യാർത്ഥികളും മറ്റു പ്രവർത്തകരും ഒരു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പോലീസ് വെടിവെപ്പിൽ ഒട്ടനവധി പേർ മരിച്ചു. അതേതുടർന്ന് പ്രതിഷേധം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു. ഒടുവിൽ പാക്കിസ്ഥാൻ ഭരണാധികാരികൾക്ക് അടിയറവ് പറയേണ്ടി വന്നു. കിഴക്കൻ പാക്കിസ്ഥാനിലെ ഔദ്യോഗിക ഭാഷയായി ബംഗാളി അംഗീകരിച്ചുകൊണ്ട് 1956ൽ അവർ ഉത്തരവിട്ടു. ഈ ഭാഷാ പ്രക്ഷോഭം ബംഗാളി ജനതയെ ഒന്നിപ്പിക്കാനും പിന്നീട് കൂടുതൽ സാംസ്കാരികവും രാഷ്ട്രീയവുമായ ഇടം നേടാനുമുള്ള വിശാല സമരത്തിലേക്ക് അവരെ നയിക്കാനും ഹേതുവായി. ഇതാണ് ഒടുവിൽ 1971ൽ ബംഗ്ലാദേശിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. ആ സമയത്താണ് ടാഗോറിന്റെ ‘അമർ സോനാർ ബംഗ്ലാ’ അവർ ദേശീയഗാനമായി സ്വീകരിക്കുന്നത്. ഇന്ത്യയിലും ബംഗ്ലാദേശിലും വളരെ വികാരവായ്പോടെ ആലപിക്കുന്ന ഗാനമാണിത്. ബംഗാളിലെ ജനങ്ങളെ ആകർഷിക്കാൻവേണ്ടി തിരഞ്ഞെടുപ്പ് റാലിയിൽ ഈ ഗാനമാലപിക്കാൻ പ്രധാനമന്ത്രി മോദിയും ശ്രമിക്കുകയുണ്ടായി.
എന്നാൽ, ബംഗ്ലാദേശിൽ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഷേക്ക് ഹസീന രാജ്യം വിട്ട് ഇന്ത്യയിൽ അഭയം തേടുകയും മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിൽ പുതിയ ഗവൺമെന്റ് അധികാരത്തിൽ വരികയും ചെയ്തതോടെ ബിജെപി ഗവൺമെന്റും അവരുമായുള്ള ബന്ധം ഉലഞ്ഞിരിക്കുകയാണ്. ഇന്ത്യയിലെ ഹിന്ദു ഭൂരിപക്ഷ വർഗീയതയ്ക്ക് മറുപടി എന്നോണം ബംഗ്ലാദേശിൽ മുസ്ലിം ഭൂരിപക്ഷ വർഗീയതയും വളർന്നുവരുന്നുണ്ട്. ഇതേ തുടർന്ന് ന്യുനപക്ഷ ഹിന്ദുക്കൾക്കെതിരെ ആക്രമണങ്ങൾ നടക്കുന്നു. മോദി ഗവൺമെന്റ് ആരോപിക്കുന്നത് ഇത് ബംഗ്ലാദേശ് അധികാരികളുടെ സമ്മതത്തോടെയാണെന്നാണ്. ആർഎസ്എസും ബിജെപിയും ഈ അവസരം മുതലെടുത്ത് ബംഗ്ലാദേശിനെ ഉപയോഗിച്ച് ഇന്ത്യയിൽ മുസ്ലിംവിരുദ്ധ വികാരം ആളിക്കത്തിക്കാൻ ശ്രമിക്കുന്നു. ഇതാണ് രവീന്ദ്രനാഥ ടാഗോറിന്റെ ‘അമർ സോനാർ ബംഗ്ലാ’ നിരോധിക്കുന്നതിന്റെ പശ്ചാത്തലം. എന്നാൽ ഇന്ത്യയിലെ ജനങ്ങൾക്ക് ഇത് അംഗീകരിക്കാൻ സാധിക്കുമോ?
ബിജെപിക്കാർ റാംമോഹൻ റായിയെ ബ്രിട്ടീഷ് ഏജന്റായി ചിത്രീകരിക്കുന്നു
ഇന്ത്യൻ നവോത്ഥാനത്തിലെ മറ്റ് അധികായരായ നേതാക്കളെയും ബിജെപിക്കാർ വെറുതെ വിടുന്നില്ല. ബിജെപി നേതാവും മധ്യപ്രദേശിലെ വിദ്യാഭ്യാസ മന്ത്രിയുമായ ഇന്ദർസിംഗ് വർമാർ രാജാ റാംമോഹൻ റായിയെ ബ്രിട്ടീഷ് ഏജന്റ് എന്ന് വിളിച്ച് അധിക്ഷേപിച്ചു. ഇന്ത്യയിൽ മതപരിവർത്തനത്തിന് തുടക്കമിട്ടത് റാംമോഹൻ റായ് ആണത്രേ. ബ്രിട്ടീഷുകാർ ഇത്തരം ആളുകളെ കപട സാമൂഹ്യപരിഷ്കർത്താക്കളെ ഉയർത്തിക്കാട്ടി എന്നും അത് അവരുടെ മതപരിവർത്തന അജണ്ടയെ സഹായിക്കാനാ യിരുന്നുവെന്നും ഇയാൾ പറഞ്ഞുവെച്ചു. ഇന്ത്യൻ നവോത്ഥാനത്തിന്റെ അഗ്രഗാമിയായിരുന്ന, ഫ്യൂഡൽ യാഥാസ്ഥിതികത്വത്തിൽ നിന്നും ഇന്ത്യയെ മോചിപ്പിച്ച് ആധുനിക മനുഷ്യരാക്കി നമ്മെ മാറ്റിയ മഹാനായ സാമൂഹ്യ പരിഷ്കർത്താവിനെതിരെ ഇത്രയും നീചമായി സംസാരിച്ചപ്പോൾ ഇന്ത്യയെങ്ങും ആളുകൾ അതിനോട് രൂക്ഷമായി പ്രതികരിച്ചു ഇത് മനസ്സിലാക്കി ബിജെപി നേതാവ് ഒടുവിൽ മലക്കം മറിഞ്ഞ് അത് തന്റെ നാക്കിന്റെ പിഴയാണ് എന്ന് പറഞ്ഞ് തടിതപ്പി. ഇത്രയും വലിയ പിഴവ് ഏതെങ്കിലും നാവിന് വരുന്നത് നമ്മൾ ആദ്യമായി കാണുകയാണ്.
എന്നാൽ, ഇത് ഒരു പിഴവൊന്നുമല്ല. ആർഎസ്എസിന്റെ രാഷ്ട്രീയം ഇന്ത്യയുടെ നവോത്ഥാന മൂല്യങ്ങൾക്ക് നേർവിപരീതമാണ്. കാലഹരണപ്പെട്ട വിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും നമ്മെ മോചിപ്പിച്ച് ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായ ആധുനിക രാഷ്ട്രം കെട്ടിപ്പടുക്കുകയായിരുന്നു ഇന്ത്യൻ നവോത്ഥാനത്തിന്റെ ലക്ഷ്യം. എന്നാൽ, ബിജെപി നിലകൊള്ളുന്നതാവട്ടെ പഴഞ്ചൻ വിശ്വാസപ്രമാണങ്ങൾക്കും ആചാരങ്ങൾക്കും വേണ്ടിയാണ്. കൽക്കട്ടയിൽ സംസ്കൃത കോളേജ് ആരംഭിക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് ശ്രമിച്ചപ്പോൾ അതിനെ എതിർത്ത് ആധുനിക വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന കോളേജ് (ഇന്നത്തെ പ്രസിഡൻസി കോളജ്) ആരംഭിച്ചു. അങ്ങനെ താഴ്ന്ന ജാതിക്കാരെ ഹിന്ദു ജാതിവ്യവസ്ഥിതിയുടെ കരാളഹസ്തങ്ങളിൽനിന്ന് മോചിപ്പിക്കാൻ ശ്രമിച്ച മഹാനാണ് റാംമോഹൻ റായ്. തികച്ചും മനുഷ്യത്വഹീനമായ സതി നിർത്തലാക്കാൻ ബ്രിട്ടീഷ് ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തിയതും റാംമോഹൻ ആയിരുന്നു. അന്നത്തെ ഹിന്ദുമതത്തിന്റെ വക്താക്കൾ അദ്ദേഹത്തെ ശത്രുപക്ഷത്ത് നിർത്തിയതാണ്. അപ്പോൾ പിന്നെ ഇതെങ്ങനെ നാക്കുപിഴയാകും. ഇന്ത്യൻ നവോത്ഥാനത്തിന്റെ നായകരെ കരിവാരിത്തേക്കുന്ന ഒരു പ്രചരണ പരിപാടി ബിജെപി-ആർഎസ്എസ് നടപ്പിലാക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. നവോത്ഥാന മൂല്യങ്ങൾ ഇല്ലാതാക്കി തങ്ങൾക്കുവേണ്ട പഴഞ്ചൻ മതമൂല്യങ്ങൾ തിരിച്ചുകൊണ്ടുവരാനും അതുവഴി ജനങ്ങളെ അജ്ഞതയിൽ തളച്ചിടാനും വേണ്ടിയാണ് അവരിത് ചെയ്യുന്നത്. ഇന്ത്യൻ മുതലാളി വർഗ്ഗത്തിന്റെ വിശ്വസ്ത സേവകരായ ആർഎസ്എസും ബിജെപിയും ഇതുവഴി മുതലാളിത്തത്തിന് ആയുസ്സ് വർദ്ധിപ്പിച്ചെടുക്കാമെന്ന് കണക്കുകൂട്ടുന്നു. ഈ ഗൂഢപദ്ധതി തിരിച്ചറിയണമെന്നാണ് ഞങ്ങൾക്ക് ജനങ്ങളോട് പറയാനുള്ളത്.
