സൈദ്ധാന്തിക  പാഠം

Saidhanthika-Padangal-Logo-copy-e1762197843325.webp
Share

സൂക്ഷ്മവും തിരിച്ചറിയാൻ കഴിയാത്തതുമായ അളവിലുള്ള മാറ്റങ്ങളിൽനിന്ന് ഗുണപരമായ മാറ്റത്തിലേക്കുള്ള വികാസമാണ് ഏതൊരു വസ്തുവിന്റെയും പ്രതിഭാസത്തിന്റെയും മാറ്റത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്ന്

പദാർത്ഥഭരിതമായ ഈ പ്രപഞ്ചത്തിലെ ഓരോ വസ്തുവിലും പ്രതിഭാസത്തിലും വൈരുദ്ധ്യങ്ങൾ നിലനില്ക്കുന്നുവെന്നും ഈ വൈരുദ്ധ്യങ്ങൾ പരസ്പരം ഐക്യത്തോടെ നിലകൊള്ളുന്ന കാലത്തോളം വസ്തുക്കളും പ്രതിഭാസങ്ങളും അതതവസ്ഥയിൽ നിലകൊള്ളുമെന്നും വൈരുദ്ധ്യവാദം പറയുന്നു. ഇവ മറ്റൊരു വസ്തുവോ പ്രതിഭാസമോ ആകുന്നത്, ക്രമാനുഗതമായ മാറ്റങ്ങൾ ഒരു നിർണ്ണായക ബിന്ദുവിൽ വിപ്ലവകരമായ ഒന്നായി മാറുമ്പോഴാണ് എന്നും വൈരുദ്ധ്യവാദം സിദ്ധാന്തിക്കുന്നു.

ഹെഗലിയൻ വൈരുദ്ധ്യവാദത്തെ അതിന്റെ ഭൗതികാടിത്തറയിൽ നേരേനിർത്തി മാർക്സും ഏംഗൽസും അവതരിപ്പിച്ച വൈരുദ്ധ്യാത്മക ഭൗതികവാദത്തെ, ഏറ്റവും ലളിതമായി അവതരിപ്പിച്ച സൈദ്ധാന്തികനും ആചാര്യനുമായിരുന്നു സഖാവ് സ്റ്റാലിൻ. ‘ലെനിനിസത്തിന്റെ പ്രശ്നങ്ങൾ’ എന്ന കൃതിയിലെ ‘വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദം’ എന്ന അദ്ധ്യായത്തിൽ നിന്നുള്ള ഏതാനും ഭാഗങ്ങൾ, അളവിലുള്ള മാറ്റം ഗുണപരമായ മാറ്റത്തിലേക്ക് എന്ന പരികല്പനയെ വിശദീകരിക്കുന്നു.

“അതിഭൗതികവാദത്തിനു നേർവിപരീതമായി വൈരുദ്ധ്യാത്മക ഭൗതികവാദം വികാസപ്രക്രിയയെ, അളവിലുള്ള മാറ്റങ്ങൾ ഗുണപരമായ മാറ്റത്തിലേക്കു നയിക്കാത്ത ലളിതമായ വളർച്ചയുടെ ഒരു പ്രക്രിയയായിട്ടല്ല  മറിച്ച്,   തുച്ഛവും  തിരിച്ചറിയാൻ കഴിയാത്തതുമായ അളവിലുള്ള മാറ്റങ്ങളിൽനിന്ന്, തുറന്നതും അടിസ്ഥാനപരവുമായ, ഗുണപരമായ മാറ്റത്തിലേക്കുള്ള വികാസമായാണ്; ഒരു ഘട്ടത്തിൽനിന്ന് അടുത്തതിലേക്കുള്ള കുതിപ്പിന്റെ രൂപത്തിൽ, ക്രമാനുഗതമായല്ലാതെ വേഗത്തിലും പൊടുന്നനെയും നടക്കുന്ന വികാസമായാണ്; ആകസ്മികമായല്ലാതെ അളവിലുള്ള തിരിച്ചറിയാൻ കഴിയാത്തതും സാവധാനത്തിലുമുള്ള മാറ്റങ്ങളുടെ സ്വാഭാവികഫലമായാണ്  കാണുന്നത്. അതിനാൽ വൈരുദ്ധ്യാത്മകരീതി  വികാസത്തിന്റെ പ്രക്രിയയെ ഒരു വൃത്തത്തിലൂടെയുള്ള ചലനമായല്ല,  ഇതുവരെ നടന്നതിന്റെ ലളിതമായ ഒരു ആവർത്തനമായല്ല മറിച്ച്, മുന്നോട്ടും മുകളിലേക്കുമുള്ള ചലനമായി, ഗുണപരമായ പഴയ അവസ്ഥയിൽ നിന്ന് ഗുണപരമായ പുതിയ അവസ്ഥയിലേക്കുള്ള പരിവർത്തനമായി, ലളിതമായതിൽ നിന്ന് സങ്കീർണ്ണമായതിലേക്കുള്ള, താഴ്ന്നതിൽ നിന്ന് ഉയർന്നതിലേക്കുള്ള വികാസമായാണു കാണുന്നത്.”

ഏംഗൽസ് പറയുന്നു, “പ്രകൃതി വൈരുദ്ധ്യാത്മകതയുടെ പരിശോധനയാണ്, ആധുനിക പ്രകൃതിശാസ്ത്രം ഈ പരിശോധനക്കായുള്ള അങ്ങേയറ്റം സമ്പന്നവും ദിനംതോറും വർദ്ധിച്ചു വരുന്നതുമായ വസ്തുതകൾ നൽകുന്നുവെന്നു പറയണം, അങ്ങനെ, അന്തിമ വിശകലനത്തിൽ പ്രകൃതി പ്രക്രിയകൾ അതിഭൗതികവാദപരമല്ലെന്നും വൈരുദ്ധ്യാധിഷ്ഠിതമാണെന്നും  ചിരന്തനമായി ഒരേ രൂപത്തിലുള്ള, സ്ഥിരമായി ആവർത്തിക്കപ്പെടുന്ന ഒരു വൃത്തത്തിലൂടെയല്ല ചലിക്കുന്നതെന്നും അതു തെളിയിച്ചിട്ടുണ്ട്. ഇന്നത്തെ ജീവലോകം, സസ്യജന്തുജാലങ്ങൾ, അങ്ങനെ മനുഷ്യർ ഇവയെല്ലാം ദശലക്ഷക്കണക്കിനു വർഷങ്ങളിലെ വികാസപ്രക്രിയയുടെ ഫലമായി ഉണ്ടായതാണെന്നു തെളിയിച്ച്, പ്രകൃതിയെക്കുറിച്ചുള്ള അതിഭൗതികവാദപരമായ സങ്കല്പനത്തിന് കനത്ത പ്രഹരമേല്പിച്ച ഡാർവിനെ ഇത്തരുണത്തിൽ പ്രധാനമായും പരാമർശിക്കേണ്ടതാണ്.” [സോഷ്യലിസം: സാങ്കല്പികവും ശാസ്ത്രീയവും]

അളവിലുള്ള മാറ്റങ്ങളിൽ നിന്ന് ഗുണപരമായ മാറ്റത്തിലേക്കുള്ള പരിവർത്തനമായി വൈരുദ്ധ്യാത്മകവികാസത്തെ വിശദീകരിച്ചുകൊണ്ട് ഏംഗൽസ് പറയുന്നു: “ഭൗതികത്തിൽ…ഒരു വസ്തുവിൽ നിലനില്ക്കുന്നതോ അതിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതോ ആയ,   നിശ്ചിത രൂപത്തിലുള്ള ചലനത്തിന്റെ, അളവിലെ   മാറ്റത്തിന്റെ ഫലമെന്ന നിലയിൽ ഏതൊരു മാറ്റവും അളവിൽ നിന്നു ഗുണത്തിലക്കുള്ള മാറ്റമാണ്. ഉദാഹരണത്തിന്, വെള്ളത്തിന്റെ താപനിലയ്ക്ക് തുടക്കത്തിൽ അതിന്റെ ദ്രാവകാവസ്ഥയുടെ മേൽ  യാതൊരു സ്വാധീനവുമില്ല; എന്നാൽ, ദ്രാവകാവസ്ഥയിലെ വെള്ളത്തിന്റെ താപനില ഉയരുകയോ താഴുകയോ ചെയ്യുമ്പോൾ, അതിന്റെ സംയോജിതാവസ്ഥ മാറുന്ന നിമിഷമെത്തുകയും വെള്ളം നീരാവിയോ ഐസോ ആയി മാറുകയും ചെയ്യും… ഒരു പ്ലാറ്റിനം കമ്പിയെ ദീപ്തമാക്കാൻ ഒരു നിശ്ചിത അളവിലുള്ള കറന്റ് ആവശ്യമാണ്; ഏതൊരു ലോഹത്തിനും അതിന്റെ ഉരുകൽ താപനിലയുണ്ട് (meIting temper-ature);  ഒരു നിശ്ചിത മർദ്ദത്തിൽ ഏതൊരു ദ്രാവകത്തിനും അതിന്റെ നിശ്ചിത ഉറയൽ താപനിലയും (freezing temperature) തിളയ്ക്കൽ താപനില(boiling point)യുമുണ്ട്, വേണ്ട അളവിലുള്ള ആ താപനില കൈവരിക്കാനുള്ള മാർഗ്ഗങ്ങൾ നമ്മുടെ വരുതിയിലുള്ളിടത്തോളം; അവസാനമായി, ഏതൊരു വാതകത്തെയും ഉചിതമായ മർദ്ദവും തണുപ്പിക്കലും കൊണ്ട്  ദ്രാവകാവസ്ഥയിലേക്കു മാറ്റാവുന്ന അതിന്റെ നിർണ്ണായകഘട്ടവുമുണ്ട്… ഭൗതികത്തിലെ സ്ഥിരാങ്കങ്ങളെന്ന് അറിയപ്പെടുന്നവ (ഒരു അവസ്ഥ മറ്റൊന്നിലേക്കു മാറുന്ന ഘട്ടം – ജെ.സ്റ്റാലിൻ) മിക്ക സന്ദർഭങ്ങളിലും ചലനത്തിന്റെ അളവിലുള്ള ഒരു (മാറ്റം) കൂടലോ കുറയലോ ഒരു വസ്തുവിന്റെ അവസ്ഥയിലുള്ള ഗുണപരമായ ഒരു മാറ്റത്തിനു  കാരണമാകുകയോ തൽഫലമായി, അളവ് ഗുണമായി മാറുകയോ ചെയ്യുന്ന നിർണ്ണായകബിന്ദുവിനെ സൂചിപ്പിക്കുന്നവയാണ്.” [പ്രകൃതിയുടെ വൈരുദ്ധ്യാത്മകത ]

രസതന്ത്രത്തിലേക്കു കടന്നുകൊണ്ട് എംഗൽസ് തുടരുന്നു:

“സംയുക്തങ്ങളുടെ  അളവിലുള്ള മാറ്റങ്ങളുടെ ഫലമായി, വസ്തുക്കളിൽ സംഭവിക്കുന്ന ഗുണപരമായ മാറ്റത്തിന്റെ ശാസ്ത്രമെന്നു രസതന്ത്രത്തെ വിളിക്കാവുന്നതാണ്. ഹെഗലിന് ഇത് മുമ്പുതന്നെ അറിയാമായിരുന്നു… ഓക്സിജനെ എടുക്കുക: തന്മാത്രയിൽ സാധാരണ കാണുന്ന രണ്ട് ആറ്റങ്ങൾക്കുപകരം  മൂന്ന് ആറ്റങ്ങളുണ്ടെങ്കിൽ മണത്തിലും പ്രതിപ്രവർത്തന ത്തിലും ഓക്സിജനിൽ നിന്നു തീർത്തും വ്യത്യസ്തമായ ഓസോൺ ആണു ലഭിക്കുക. നൈട്രജനോ സൾഫറോ ആയി ഓക്സിജൻ സംയോജിക്കുന്ന വിവിധ അനുപാതങ്ങളെക്കുറിച്ചും ഓരോന്നിന്റെയും ഫലമായി ഉണ്ടാകുന്ന ഗുണപരമായി തികച്ചും വ്യത്യസ്തമായ ഉല്പന്നങ്ങളെക്കുറിച്ചും നാമെന്തു പറയും!” [പ്രകൃതിയുടെ വൈരുദ്ധ്യാത്മകത]

അവസാനമായി, ഹെഗലിന്റെ മഹത്വത്തിനു നിദാനമായ എല്ലാറ്റിനേയും നിന്ദിക്കുകയും, അചേതനവസ്തുക്കളുടെ ലോകത്തുനിന്ന് സചേതനവസ്തുക്കളുടെ ലോകത്തിലേക്കും അജൈവവസ്തുക്കളുടെ ലോകത്തുനിന്ന് ജൈവവസ്തുക്കളുടെ ലോകത്തിലേക്കുമുള്ള പരിവർത്തനം പുതിയൊരു അവസ്ഥയിലേക്കുള്ള  കുതിപ്പാണെന്ന അദ്ദേഹത്തിന്റെ സിദ്ധാന്തം ഗോപ്യമായി എടുത്തുപയോഗിക്കുകയും ചെയ്യുന്ന ദൂറിങ്ങിനെ വിമർശിച്ചു കൊണ്ട് ഏംഗൽസ് പറയുന്നു:

“നിശ്ചിതമായ ചില നിർണ്ണായകബിന്ദുക്കളിൽ, അളവിലുള്ള  കൂടലോ കുറയലോ ഗുണപരമായ ഒരു കുതിപ്പിനു ജന്മം കൊടുക്കുന്ന, അളവുബന്ധങ്ങളെക്കുറിച്ചുള്ള ഹെഗലിയൻ നിർണ്ണായകരേഖ തന്നെയാണ് കൃത്യമായും ഇത്. ഉദാഹരണത്തിന്, ചൂടാക്കുകയോ തണുപ്പിക്കുകയോ ചെയ്യുന്ന വെള്ളത്തിന്റെ തിളയ്ക്കൽ നിലയും (boiling point) ഉറയൽ നിലയും, (freezing point) സാധാരണ മർദ്ദത്തിൽ പുതിയൊരു ആകമാനാവസ്ഥയിലേക്കുള്ള കുതിപ്പ് സംഭവിക്കുകയും തൽഫലമായി അളവ് ഗുണമായി മാറുകയും ചെയ്യുന്ന നിർണ്ണായകബിന്ദുക്കൾ തന്നെയാണ്.” [ദൂറിങ്ങിനെതിരെ]

Share this post

scroll to top