2024 പാർലമെന്റ് തിരഞ്ഞെടുപ്പ് : വോട്ടിംഗ് മെഷീന്റെ സോഫ്റ്റ്‌വെയ‍ർ തിരഞ്ഞെടുപ്പ് ഫലം നിർണ്ണയിച്ചതെങ്ങനെ ?

India-Election-Results-2024-Live-1536x733-1.jpg
Share

2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ, രഹസ്യ സോഫ്റ്റ്‌വെയർ ഇടപെടലുകൾ വഴി ഡിജിറ്റൽ കൃത്രിമം നടത്താൻ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷൻ സൗകര്യമൊരുക്കി എന്ന് ഞെട്ടിക്കുന്ന ഒരു പൗരസമൂഹ റിപ്പോർട്ട് കുറ്റപ്പെടുത്തി. ഈ ആരോപിക്കപ്പെടുന്ന കൃത്രിമത്തിലൂടെ 79 മണ്ഡലങ്ങളിലെ മത്സരത്തെ ഒരു ‘കോഡ് അട്ടിമറി’യാക്കി മാറ്റി. സാങ്കേതികവിദ്യ, ഉദ്യോഗസ്ഥമേധാവിത്വം, ഫാസിസ്റ്റ് സ്വേച്ഛാധിപത്യ രാഷ്ട്രീയം എന്നിവ, ഇന്ന് ബിജെപി സർക്കാർ ഏറ്റവും വിനീതസേവകനായി നടപ്പിലാക്കുന്ന മുതലാളിത്ത ഭരണത്തിൽ എങ്ങനെ ലയിച്ചുചേർന്നിരിക്കുന്നു എന്ന് ഇത് തുറന്നുകാട്ടുന്നു.

സംഖ്യകൾ മാറിമറിഞ്ഞ രാത്രി

2024 ജൂണിൽ, 18-ാമത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്കുകൾ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. ഭരണകക്ഷിയായ ബിജെപി തങ്ങളുടെ സഖ്യകക്ഷികളോടൊപ്പം കഷ്ടിച്ച് ഭൂരിപക്ഷം നേടി. എന്നാൽ, ഒഡീഷ മുതൽ മഹാരാഷ്ട്ര വരെയുള്ള വോട്ടെണ്ണൽ മുറികളിൽ, പ്രതിപക്ഷ ഏജന്റുമാർ അസാധാരണമായ ഒരു കാര്യം ശ്രദ്ധിച്ചു: പോളിംഗ് ദിവസം പുറത്തുവിട്ട താൽക്കാലിക പോളിംഗ് കണക്കുകൾക്കും പിന്നീട് പ്രഖ്യാപിച്ച “അന്തിമ” കണക്കുകൾക്കും ഇടയിൽ, ലക്ഷക്കണക്കിന് പുതിയ വോട്ടുകൾ എവിടെ നിന്നൊക്കെയോ പ്രത്യക്ഷപ്പെട്ടിരുന്നു.

നേരം പുലർന്നതോടെ, ചില വിരമിച്ച ഉന്നത ഉദ്യോഗസ്ഥർ, സാങ്കേതിക വിദഗ്ധർ, അക്കാദമിക് വിദഗ്ധർ എന്നിവരടങ്ങിയ ഒരു സ്വതന്ത്ര ശൃംഖല—അവർ സ്വയം ‘വോട്ട് ഫോർ ഡെമോക്രസി’(വിഎഫ്ഡി) പ്രവർത്തകരെന്ന പേരു സ്വീകരിച്ചു—തെളിവുകൾ ശേഖരിക്കാൻ തുടങ്ങി. അൽ ജസീറക്ക് ലഭിച്ച, 2024 ജൂലൈയിലെ അവരുടെ റിപ്പോർട്ട്, ഒരു ഡിജിറ്റൽ കുറ്റകൃത്യത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പോലെ നമുക്ക് വായിക്കാനാകും. 79 പാർലമെന്റ് മണ്ഡലങ്ങളിൽ ഇലക്ട്രോണിക് വോട്ട് കൃത്രിമവുമായി പൊരുത്തപ്പെടുന്ന “വോട്ട് ഡമ്പിംഗും”, സോഫ്റ്റ്‌വെയർ ക്രമക്കേടുകളും, ബാക്കെൻഡ് കൃത്രിമങ്ങളും ദൃശ്യമാകുന്നതായി റിപ്പോർട്ട് അവകാശപ്പെടുന്നു.

“ഈ തിരഞ്ഞെടുപ്പ് ഫലം തീരുമാനിച്ചത് ജനങ്ങളല്ല,” അന്വേഷണത്തിന് ഏകോപനം നൽകിയ മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ എം.ജി.ദേവസഹായം പറയുന്നു. “അത് അൽഗോരിതം ആയിരുന്നു.”

കൃത്രിമത്വത്തിന്റെ ക്രമം

15 സംസ്ഥാനങ്ങളിലായി,  വിഎഫ്ഡിയുടെ വിശകലന വിദഗ്ധർ സമാനമായ വർദ്ധനവുകൾ കണ്ടെത്തി—പോളിംഗ് അവസാനിച്ചതിന് മണിക്കൂറുകൾക്ക് ശേ ഷമോ ദിവസങ്ങൾക്ക് ശേഷമോ 3 മുതൽ 12 ശതമാനം വരെയാണ് പോളിംഗ് ശതമാനത്തിലുണ്ടായ വർദ്ധനവ്. ഓരോ കേസിലും, ഈ കുതിച്ചുചാട്ടം ബിജെപിക്കോ അവരുടെ സഖ്യകക്ഷികൾക്കോ അനുകൂലമായി ഫലങ്ങൾ മാറ്റിമറിച്ചു. ഒഡീഷ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് ഈ അപാകതകൾ ഏറ്റവും ശക്തമായി കണ്ടത്—മൊത്തത്തിൽ ഇത് ദേശീയ ഫലം നിർണ്ണയിക്കാൻ മതിയായതായിരുന്നു.

ഒരു ഉദാഹരണം: മഹാരാഷ്ട്രയിലെ അകോള മണ്ഡലത്തിൽ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക റിപ്പോർട്ട് 58 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രണ്ട് ദിവസത്തിന് ശേഷം അത് 66 ശതമാനമായി മാറി. 90,000 വരുന്ന അധിക വോട്ടുകൾ, ബിജെപി സ്ഥാനാർത്ഥിക്ക് നേരിയ ഭൂരിപക്ഷത്തിലുള്ള വിജയം നേടിക്കൊടുത്തു. ബാലൂർഘട്ട് (പശ്ചിമ ബംഗാൾ), ഫത്തേപൂർ സിക്രി (യുപി), പുരി (ഒഡീഷ) എന്നിവിടങ്ങളിലും സമാനമായ “വോട്ട് ഡമ്പുകൾ” പ്രത്യക്ഷപ്പെട്ടു, ഇത്, ക്രമരഹിതമായ പിശകിനേക്കാൾ ഒരു ഏകോപിത ഡിജിറ്റൽ ഓപ്പറേഷനാണ് നടന്നതെന്ന് സൂചിപ്പിക്കുന്നു.

സോഫ്റ്റ്‌വെയ‍ർ ഉപയോഗിച്ചുള്ള കൃത്രിമം

ഇന്ത്യയുടെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ (ഇവിഎം) കൃത്രിമം നടത്താൻ കഴിയാത്തവയാണെന്നാണ് അവകാശവാദം. എന്നാൽ ഓരോ യന്ത്രത്തിലും വോട്ടുകൾ “ബേൺഡ് മെമ്മറിയിൽ” (burnt memory) സംഭരിക്കുന്ന ഒരു മൈക്രോകൺട്രോളർ ചിപ്പ് ഉണ്ട്. 2024 ഏപ്രിലിൽ സുപ്രീംകോടതി ഈ ചിപ്പുകളുടെ 5 ശതമാനം ക്രമരഹിതമായി പരിശോധിക്കാൻ നിർദ്ദേശിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് നിശബ്ദമായി അവഗണിച്ചു. 

പകരം, ജില്ലകളിലെ കൺട്രോൾ യൂണിറ്റുകളിൽനിന്ന് കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (എൻഐസി) പ്രവർത്തി പ്പിക്കുന്ന കേന്ദ്ര ടാബുലേഷൻ സോഫ്റ്റ്‌വെയറിലേക്ക് വോട്ടുകളുടെ ആകെത്തുക കൈമാറ്റം ചെയ്യപ്പെടുന്നതിനിടയിൽ ഫേംവെയർ കൃത്രിമവും (firmware manipulation) ബാക്കെൻഡ് ഡാറ്റാ ഫീഡിൽ ഇടപെടലും സംഭവിച്ചു എന്നാണ് വിഎഫ്ഡി വിദഗ്ധർ ആരോപിക്കുന്നത്. 

ഈ തെളിവുകൾ സെർവർ തലത്തിലുള്ള കൃത്രിമത്തിലേക്ക് വിരൽചൂണ്ടുന്നു: വോട്ട് ഫയലുകൾ തിരുത്തിയെഴുതപ്പെട്ടു, പോളിംഗ് വിവരങ്ങൾ പെരുപ്പിച്ചു കാണിക്കപ്പെട്ടു, ഓരോ ബൂത്തിലും രേഖപ്പെടുത്തിയ വോട്ടുകളുടെ നിയമാനുസൃത രേഖയായ ഫോം 17സി നിഷേധിച്ചതിലൂടെ പൊരുത്തക്കേടുകൾ മറച്ചുവെക്കപ്പെട്ടു. സംസ്ഥാനങ്ങളിലുടനീളമുള്ള പ്രതിപക്ഷ സ്ഥാനാർത്ഥികൾക്ക് ഈ നിർണ്ണായക രേഖയുടെ പകർപ്പുകൾ നിഷേധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇത് സ്വതന്ത്രമായ പരിശോധന അസാധ്യമാക്കി. 

“17സി ഡാറ്റ ഇല്ലാതെ, വോട്ടെണ്ണൽ ഒരു ഇരുളടഞ്ഞ ദുരൂഹതയായി മാറുന്നു.”– വിഎഫ്ഡി റിപ്പോർട്ടിന്റെ സഹരചയിതാക്കളിൽ ഒരാളായ ഡോ.പ്യാേരലാൽ ഗാർഗ് പറയുന്നു. “കൃത്രിമം ഒളിഞ്ഞിരിക്കുന്നത് യന്ത്രത്തിലല്ല, മറിച്ച് യന്ത്രത്തിനും കമ്മീഷനും ഇടയിലുള്ള സോഫ്റ്റ്‌വെയറിലാണ്.”

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പങ്കാളിത്തം

ഈ സംഭവം കേവലം ഭരണപരമായ വീഴ്ചയിൽനിന്ന് ഒരു അഴിമതിയുടെ തലത്തിലേക്ക് ഉയരുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സംശയമുണർത്തുന്ന പങ്കോടെയാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ “സജീവ ഒത്തുകളിയും മറച്ചുവെക്കലും” നടത്തിയതായി വിഎഫ്ഡി റിപ്പോർട്ട് ആരോപിക്കുന്നു. അതിൽ ചൂണ്ടിക്കാണിക്കുന്നത്:

1. ദശാബ്ദങ്ങളുടെ കീഴ്‌വഴക്കം ലംഘിച്ച്, കൃത്യസമയത്ത് പോളിംഗ് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ പരാജയപ്പെട്ടു.

2. കോടതി ഉത്തരവുകൾ ഉണ്ടായിട്ടും ഇവിഎം മൈക്രോകൺട്രോളറുകൾ ഓഡിറ്റ് ചെയ്യാൻ വിസമ്മതിച്ചു.

3. സുതാര്യത നിഷേധിച്ചുകൊണ്ട് പ്രതിപക്ഷ പാർട്ടികൾക്ക് ഫോം 17സി പകർപ്പുകൾ നൽകുന്നത് തടഞ്ഞുവെച്ചു.

4. തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച “സാങ്കേതിക തിരുത്തലുകൾ” എന്ന പേരിൽ പല വോട്ടെണ്ണൽ കേന്ദ്രങ്ങളിലും വോട്ടെടുപ്പിന് ശേഷമുള്ള ഡാറ്റ തിരുത്തി.

മാധ്യമപ്രവർത്തകർ ബന്ധപ്പെട്ടപ്പോൾ, “എല്ലാ നടപടിക്രമങ്ങളും കൃത്യമായി പാലിച്ചു” എന്ന ഒരു ലളിത മറുപടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയത്. എന്നാൽ ഈ നിശ്ശബ്ദത സംശയം വർദ്ധിപ്പിച്ചതേയുള്ളൂ. മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ.ഖുറേഷി പോലും, ഒരു സ്വതന്ത്ര ഫോറൻസിക് ഓഡിറ്റിനായി ആഹ്വാനം ചെയ്തു. “ഇന്ത്യയുടെ ജനാധിപത്യത്തിലുള്ള പൊതുവിശ്വാസം ഇതിന് മുമ്പൊരിക്കലും ഇത്രയും താഴ്ന്നിട്ടില്ല” എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

വാട്ടർഗേറ്റ് 2.0 – ഇന്ത്യയുടെ ഡിജിറ്റൽ അഴിമതി

1972ൽ നടന്ന വാട്ടർഗേറ്റ് അഴിമതി ഓർമ്മിക്കുന്നത് ഉചിതമാണ്. 1972ൽ വാഷിംഗ്ടൺ ഡി.സി.യിലെ വാട്ടർഗേറ്റ് ഓഫീസ്-അപ്പാർട്ട്‌മെന്റ്-ഹോട്ടൽ കോംപ്ലക്‌സിലുള്ള ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി (ഡിഎൻസി) ആസ്ഥാനത്ത് അഞ്ച് കള്ളന്മാരെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് വെളിപ്പെട്ടതാണിത്. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്‌സന്റെ ഭരണകൂടവുമായി ബന്ധപ്പെട്ട രാഷ്ട്രീയ അഴിമതിയായിരുന്നു അത്. 1972ൽ നിക്‌സന്റെ ആളുകൾ രേഖകൾ മോഷ്ടിക്കുന്നതിനായി ഡെമോക്രാറ്റിക് ഓഫീസുകളിൽ അതിക്രമിച്ച് കടന്നു. ഒടുവിൽ, അഴിമതി മറച്ചുവെച്ചതിലെ പങ്ക് കാരണം ഇംപീച്ച്‌മെന്റിന് സാധ്യത നേരിട്ടതോടെ, 1974 ഓഗസ്റ്റ് 9ന് നിക്‌സൺ രാജി വെച്ചു. അങ്ങനെ രാജിവെയ്ക്കുന്ന ഏക അമേരിക്കൻ പ്രസിഡന്റായി അദ്ദേഹം.

സാങ്കേതികവിദ്യ, രഹസ്യാത്മകത, അധികാരം എന്നിവ സംയോജിച്ച് ഉത്തരവാദിത്തബോധത്തെ അട്ടിമറിച്ച നിമിഷത്തിൽ, വാട്ടർഗേറ്റ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തിന് എന്തായിരുന്നോ, അത് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന് സംഭവിക്കാം. നിക്‌സന്റെ ഏജന്റുമാർ എതിരാളികളായ ഡെമോക്രാറ്റിക് പാർട്ടിയുടെ ഓഫീസിൽനിന്ന് രേഖകൾ മോഷ്ടിച്ചതുപോലെ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൂകസാന്നിധ്യത്തിൽ, അല്ലെങ്കിൽ ഒരുപക്ഷേ അവർ പ്രോത്സാഹിപ്പിക്കുന്ന കാഴ്ചക്കാരന്റെ പങ്ക് ഏറ്റെടുക്കുമ്പോൾ, ഇന്നത്തെ ഭരണകക്ഷിയുടെ പ്രവർത്തകർ ഡാറ്റാബേസുകളിലും സോഫ്റ്റ്‌വെയറുകളിലും നുഴഞ്ഞുകയറിയിരിക്കാം. ഉപകരണങ്ങൾ വ്യത്യാസപ്പെടുന്നു, എന്നാൽ കുറ്റവാളികൾക്ക് ശിക്ഷയില്ല എന്ന അടിസ്ഥാന നിയമം നിലനിൽക്കുന്നു. വാട്ടർഗേറ്റിനെപ്പോലെ, ഈ മറച്ചുവെക്കൽ കുറ്റകൃത്യത്തേ ക്കാൾ കൂടുതൽ വിനാശകരമാണെന്ന് തെളിഞ്ഞേക്കാം.

തിരഞ്ഞെടുപ്പ് കമ്മീഷൻ അവരുടെ സോഫ്റ്റ്‌വെയർ, ഓഡിറ്റിനായി തുറന്നുകൊടുക്കാൻ വിസമ്മതിക്കുന്നത് “അദൃശ്യമായ കൃത്രിമത്തിനായുള്ള ശാശ്വതമായ ഒരു രൂപകൽപ്പന” സൃഷ്ടിക്കുന്നു എന്ന് വിഎഫ്ഡി റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ആധുനിക ബൂർഷ്വാ റിപ്പബ്ലിക്കുകളിൽ, വിരലടയാളങ്ങൾ അവശേഷിപ്പിക്കാത്ത അട്ടിമറിയാണ് ഏറ്റവും അപകടകരമായ അട്ടിമറി.

സാങ്കേതികവിദ്യയും ഫാസിസ്റ്റ് സ്വേച്ഛാധിപത്യ ഭരണകൂടവും

ആഗോളവൽക്കരണത്തിന് ശേഷമുണ്ടായ ടെക്നോക്രസിയെ സ്വേച്ഛാധിപത്യ രാഷ്ട്രീയവുമായി ഇന്ത്യയിലെ മുതലാളിത്ത ഭരണകൂടം എങ്ങനെ സമന്വയിപ്പിച്ചു എന്നതാണ് ഇതിന്റെ പിന്നിലെ ആഴത്തിലുള്ള കഥ. 2014 മുതൽ, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ “ഡിജിറ്റൽ ഇന്ത്യ” എന്ന പദ്ധതിക്ക് പ്രാധാന്യം നൽകിക്കൊണ്ട് ബയോമെട്രിക് തിരിച്ചറിയൽ കാർഡുകൾ, ഡിജിറ്റൽ ക്ഷേമം, ഇലക്ട്രോണിക് ഭരണം എന്നിവ നടപ്പിലാക്കി. പക്ഷേ, ഇതേ അടിസ്ഥാന സൗകര്യങ്ങൾ പൗരരുടെ ഡാറ്റയുടെ മേലുള്ള നിയന്ത്രണത്തെ കേന്ദ്രീകരിക്കുന്നു. കൂടാതെ, വിമർശകർ വാദിക്കുന്നതുപോലെ, അതിലൂടെ, തിരഞ്ഞെടുപ്പുകളുടെ മേലുള്ള നിയന്ത്രണവും കേന്ദ്രീകരിക്കുന്നു.

എതിർപ്പ് കുറ്റകരമാക്കുകയും ഭരണാധികാരികളുടെ ഭാഗത്തുനിന്നുള്ള നിരീക്ഷണം സാധാരണമാക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിൽ, കോഡ് പുതിയ അടിച്ചേൽപ്പിക്കലായി മാറുന്നു. ആധുനിക സാങ്കേതികവിദ്യയുടെ പ്രതീകമായി വിപണനം ചെയ്യപ്പെട്ട ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം (ഇവിഎം) ഒരു രാഷ്ട്രീയ ആയുധമായി പരിണമിച്ചു കഴിഞ്ഞു. വെളിപ്പെടുത്താത്ത, ഓഡിറ്റ് ചെയ്യാൻ കഴിയാത്ത, ഭരണകൂടത്തിന്റെ കുത്തകയിലുള്ള ഒന്ന്. “ജനാധിപത്യം നിർത്തിവെച്ചിട്ടില്ല; അത് പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നു,” എന്ന് വിഎഫ്ഡി റിപ്പോർട്ട് പരിഹാസത്തോടെ ഉപസംഹരിക്കുന്നു.

ബൂത്ത് പിടിച്ചെടുക്കലിൽനിന്നും കോഡ് പിടിച്ചെടുക്കലിലേക്ക്

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കൃത്രിമത്തിന് ഒരു ചരിത്രമുണ്ട്. 1970കളിൽ, “ബൂത്ത് പിടിത്തം” എന്നാൽ സായുധ സംഘങ്ങൾ പോളിംഗ് സ്റ്റേഷനുകൾ പിടിച്ചെടുക്കുകയും ഏതെങ്കിലും ഒരു ബൂർഷ്വാ പാർട്ടിക്ക് അനുകൂലമായി ബാലറ്റ് പേപ്പറുകളിൽ കൂട്ടത്തോടെ മുദ്ര കുത്തുകയും ചെയ്യുക എന്നതായിരുന്നു. ഇന്ന്, അത് അൽഗോരിതം ഉപയോഗിച്ചുള്ള കൈയടക്കലാണ് —വടികളുള്ള മനുഷ്യർക്ക് പകരം കോഡിന്റെ വരികൾ. സമാനതകൾ ശ്രദ്ധേയമാണ്.

1975-77 കാലഘട്ടത്തിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ സമയത്ത്, അന്നത്തെ കോൺഗ്രസ് ഭരണാധികാരികൾ പ്രതിഷേധത്തിന്റെ ശബ്ദം അടിച്ചമർത്താനും, ബലാൽക്കാരേണയുള്ള അനുസരിപ്പിക്കൽ ശക്തമാക്കാനും, പൗര-ജനാധിപത്യ അവകാശങ്ങളെ നിശ്ചലമാക്കാനും, ജനാധിപത്യ നിയമങ്ങളെയും മാനദണ്ഡങ്ങളെയും പ്രവർത്തനരഹിതമാക്കാനും, വഴങ്ങുന്ന ഉദ്യോഗസ്ഥരെയും പോലീസിനെയും ഉപയോഗിച്ചു. ബിജെപി ഭരണത്തിലാകട്ടെ, “ഡിജിറ്റൽ അടിയന്തരാവസ്ഥയിലൂടെ” ജനാധിപത്യത്തെ ഒരു പ്രഹസനമാക്കി മാറ്റാൻ സെർവറുകളും മൈക്രോചിപ്പുകളും ഉപയോഗിക്കുന്നു. ഇവ രണ്ടിനെയും ബന്ധിപ്പിക്കുന്നത് അധികാരത്തിന്റെ കേന്ദ്രീകരണമാണ്—ഒരുകാലത്ത് എക്സിക്യൂട്ടീവിന്റെ അധികാരം പരിധിവിടുന്നതിനെ നിയന്ത്രിച്ചിരുന്ന സ്വതന്ത്രവും സ്വയംഭരണപരവുമായ സ്ഥാപനങ്ങളുടെ ശോഷണമാണിത്.

വോട്ടുകൾ കൂട്ടിക്കലർത്തി വോട്ടിംഗ് പാറ്റേണിലെ ബൂത്ത് തിരിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ച്, വോട്ടർമാരുടെ രഹസ്യസ്വഭാവം സംരക്ഷിക്കുന്ന ഒരു സംവിധാനമായ ടോട്ടലൈസർ സിസ്റ്റം 2007ൽ മുന്നോട്ട് വെച്ചപ്പോൾ, ബിജെപി സർക്കാർ അതിന്റെ രാജ്യവ്യാപകമായ നടപ്പാക്കൽ തടഞ്ഞു. ഇതിന്റെ കാരണം വിശകലന വിദഗ്ധർ ഇപ്പോൾ മനസ്സിലാക്കുന്നു: ടോട്ടലൈസറുകൾ ബൂത്ത് തലത്തിലുള്ള വോട്ടിംഗ് രീതി കണ്ടെത്തുന്നത് തടയുന്നു. അതില്ലാതെ മാത്രമേ ലക്ഷ്യമിട്ട ഡാറ്റാ കൃത്രിമം നടത്താൻ കഴിയൂ.

അൽഗോരിതം ഉപയോഗിച്ചുള്ള സ്വേച്ഛാധിപത്യം – ആഗോളമാതൃക

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ഡിജിറ്റലൈസ്ഡ് കൃത്രിമം ഒറ്റപ്പെട്ട ഒരു പിഴവല്ല. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഓഷ്യാനിയ എന്നിവിടങ്ങളിലെ ബൂർഷ്വാ സർക്കാരുകൾ—ബോൾസോനാരോയുടെ ബ്രസീൽ, ഡ്യൂട്ടേർട്ടെയുടെ ഫിലിപ്പീൻസ്, എൽ സാൽവഡോറിലെ നായിബ് ബുക്കേലെ— ഇവരെല്ലാം ജനകീയ വിധി അട്ടിമറിക്കാൻ സാങ്കേതികവിദ്യയെ ആയുധമാക്കാൻ പഠിച്ചിട്ടുണ്ട്. എന്നാൽ ഈ മാതൃകയുടെ സ്ഥാപനവൽക്കരണത്തിൽ ഇന്ത്യ വേറിട്ട് നിൽക്കുന്നു. ഇവിടെ, സാമ്രാജ്യത്വ-മുതലാളിത്ത ഭരണകൂടം തന്നെ ഡിജിറ്റൽ കൃത്രിമത്തിന്റെ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നു.

കോഡ്, കോർപ്പറേറ്റ് മൂലധനം, ദേശീയത എന്നിവയുടെ ഈ ലയനം പണ്ഡിതന്മാർ “അൽഗോരിതത്തിലൂടെയുള്ള സ്വേച്ഛാധിപത്യം” (algorithmic authoritarianism) എന്ന് വിളിക്കുന്ന ഒന്നിലേക്ക് നയിക്കുന്നു. സ‍ർക്കാരുകൾക്ക് ബൂർഷ്വാ ജനാധിപത്യത്തിന്റെ ഒരു മുഖം, അതുപോലെ അതിന്റെ ‘കളങ്കമില്ലാത്ത’ വോട്ടിംഗ് പ്രക്രിയ എന്നിവ വ്യാജമായി പ്രദർശിപ്പിക്കാൻ ഇത് അനുവദിക്കുന്നു. അതേസമയം, വോട്ടെടുപ്പ് വിധികളെ തകിടം മറിക്കുന്നതിനുള്ള ഡിജിറ്റലൈസ്ഡ് നിയന്ത്രണ സംവിധാനം പൂർണ്ണ രഹസ്യാത്മകതയിൽ നിലനിർത്തുകയും ചെയ്യുന്നു. നൂതന വിവരസാങ്കേതികവിദ്യയുടെയും ചിപ്പുകളുടെയും ക്ലൗഡിന്റെയും യുഗത്തിൽ, ബൂർഷ്വാസിക്ക് തങ്ങൾക്കിഷ്ടപ്പെട്ട ശക്തിയെ അധികാരത്തിൽ പ്രതിഷ്ഠിക്കാൻ ഇനി പേശീബലം പ്രയോഗിക്കേണ്ട ആവശ്യമില്ല. അവർക്ക് വേണ്ടത് ഡിജിറ്റൽ മൊഡ്യൂളിലേക്കുള്ള പ്രവേശനമാണ്.

ധാർമ്മിക വിധിനിർണയം

ഇന്ത്യയിലെ 97 കോടി വോട്ടർമാരെ സംബന്ധിച്ചിടത്തോളം ചോദ്യം വളരെ വ്യക്തമാണ്: സോഫ്റ്റ്‌വെയറിന് വോട്ട് തിരുത്തിയെഴുതാൻ കഴിയുമെങ്കിൽ, ബൂർഷ്വാ പാർലമെന്ററി ജനാധിപത്യത്തിൽ എന്ത് ബാക്കിയുണ്ടാകും? തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആധികാരികതയെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ട് പൗരസമൂഹ കൂട്ടായ്മകൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനിലെ തിരഞ്ഞെടുപ്പ് നിരീക്ഷകരും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ പണ്ഡിതരും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിരീക്ഷകർ സുതാര്യതയ്ക്കായി അഭ്യർത്ഥിച്ചിട്ടുണ്ട്.

എങ്കിലും, തിരഞ്ഞെടുപ്പ് കമ്മീഷൻ ക്രമക്കേടുകൾ നിഷേധിക്കുന്നത് തുടരുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരാകട്ടെ, വിമർശനങ്ങളെ “രാജ്യവിരുദ്ധ പ്രചാരണം” എന്ന് മുദ്രകുത്തിയിരിക്കുകയാണ്. എല്ലാ ഫോം 17സികളും പരസ്യമാക്കുക, ഇവിഎം ചിപ്പുകൾ ഓഡിറ്റ് ചെയ്യുക, വോട്ട് ടാബുലേഷൻ സോഫ്റ്റ്‌വെയർ തേർഡ്-പാർട്ടി റിവ്യൂവിന് വിധേയമാക്കുക, എന്നിവ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ, ഈ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

ഗ്ലോബൽ സൗത്ത്‌  രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികൾ 

ഇന്ത്യയിലെ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആരോപിക്കപ്പെടുന്ന അഴിമതി രാജ്യത്തിന്റെ അതിർത്തികൾക്കപ്പുറം പ്രതിധ്വനിക്കുന്നു. വികസ്വര രാജ്യങ്ങൾ തങ്ങളുടെ തിരഞ്ഞെടുപ്പുകൾ ഡിജിറ്റലൈസ് ചെയ്യുമ്പോൾ, ഇന്ത്യ ഒരു മാതൃകയും മുന്നറിയിപ്പുമായി മാറിയിരിക്കുന്നു. ഇന്ത്യയുടെ ‘ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യ വികസന പരിപാടി’ (Digital Public Infrastructure programme) വഴി ഇപ്പോൾ കയറ്റുമതി ചെയ്യുന്ന ഇതേ സോഫ്റ്റ്‌വെയർ ശൈലി, ഏഷ്യയിലും ആഫ്രിക്കയിലും സമാനമായ അപകടസാധ്യതകൾ ഉറപ്പിച്ചേക്കാം. 140 കോടി ജനങ്ങളുള്ള ഒരു ജനാധിപത്യ രാജ്യത്തെ നിശ്ശബ്ദമായി പുനഃപ്രോഗ്രാം ചെയ്യാൻ കഴിയുമെങ്കിൽ, ഈ കീഴ്‌വഴക്കം മറ്റ് ഭൂഖണ്ഡങ്ങളിലെ തിരഞ്ഞെടുപ്പിന്റെ പരമാധികാരത്തെയും അപകടപ്പെടുത്തും.

യന്ത്രത്തിന്റെ ദുരുപയോഗത്തിൽ നിന്നും ജനാധിപത്യത്തെ തിരിച്ചുപിടിക്കാൻ

വാട്ടർഗേറ്റിന് ശേഷം അമേരിക്കയിലെ മാധ്യമപ്രവർത്തനം സ്വയം നവീകരിക്കുകയുണ്ടായി. അന്വേഷണാത്മകവും, വിമർശനാത്മകവും, അധികാരത്തെ ഭയക്കാത്തതുമായ ഒരു രീതിയിലേക്ക് അത് മാറി. ഇന്ത്യയും ഇപ്പോൾ സമാനമായ ഒരു നിർണ്ണായക ഘട്ടത്തിലാണ് നിൽക്കുന്നത്. വിഎഫ്ഡി റിപ്പോർട്ട് ഒരു പുതിയ ഉത്തരവാദിത്ത പ്രസ്ഥാനത്തിന്റെ തുടക്കമായേക്കാം. ഡിജിറ്റൽ സംവിധാനങ്ങൾ സുതാര്യവും, ഓഡിറ്റ് ചെയ്യാവുന്നതും, പൗരന്മാർക്ക് പരിശോധിക്കാവുന്നതും ആയിരിക്കണമെന്ന് അത് ആവശ്യപ്പെടുന്നു. ഈയിടെ പ്രസിദ്ധീകരിച്ച ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ചില കാര്യങ്ങൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് എസ്ഐആർ പൂർത്തിയായപ്പോൾ വോട്ടർമാരുടെ അന്തിമ എണ്ണം 7,43,55,976 ആയിരുന്നു. എന്നാൽ വോട്ടെടുപ്പ് സമയമായപ്പോഴേക്കും അത് 7,45,26,858 ആയി ഉയർന്നു. അതായത്, 1,70,882 വോട്ടുകളുടെ വിശദീകരിക്കാനാകാത്ത വർദ്ധനവ് ഉണ്ടായി. ബീഹാറിൽ നീക്കം ചെയ്യപ്പെട്ട 65 ലക്ഷത്തിലധികം വോട്ടർമാരുടെ കാര്യത്തിൽ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ മണ്ഡലാടിസ്ഥാനത്തിലുള്ള പട്ടികയുടെ വിശദമായ പരിശോധനയിൽ നിരവധി അപാകതകൾ വെളിപ്പെടുന്നു. കൂടുതൽ ആഴത്തിലുള്ള അന്വേഷണം ആവശ്യപ്പെടുന്ന ഗുരുതരമായ പ്രശ്നങ്ങളിലേക്കാണ് ഈ പാറ്റേണുകൾ വിരൽ ചൂണ്ടുന്നത്.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ രൂപകൽപ്പന ഓപ്പൺ സോഴ്സ് ആക്കണമെന്നും, തിരഞ്ഞെടുപ്പ് വിവരങ്ങൾ സ്വതന്ത്രമായി ഓഡിറ്റ് ചെയ്യണമെന്നും സാങ്കേതിക വിദഗ്ധരും ആക്ടിവിസ്റ്റുകളും ഇതിനകം ആവശ്യപ്പെടുന്നുണ്ട്. പേപ്പർ ബാലറ്റുകളിലേക്കുള്ള തിരിച്ചുപോക്കല്ല ഇതിന്റെ ലക്ഷ്യം, മറിച്ച് കോഡുകളുടെ മേൽ ജനാധിപത്യപരമായ മേൽനോട്ടം ഉറപ്പാക്കുക എന്നതാണ്. സാങ്കേതികവിദ്യ പൗരന്മാരെയാണ് സേവിക്കേണ്ടത്, അല്ലാതെ അടിച്ചമർത്തുന്ന ബൂർഷ്വാ ഭരണാധികാരികളെയല്ല.

പുതുക്കിയെഴുതപ്പെടുന്ന ബൂ‍ർഷ്വാ പാർലമെന്ററി ജനാധിപത്യം

2024ൽ സംഭവിച്ചത് കേവലം പാളിപ്പോയ ഒരു തിരഞ്ഞെടുപ്പായിരുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ ബൂർഷ്വാ പാർലമെന്ററി ജനാധിപത്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു സംവിധാനത്തെ ഇഞ്ചോടിഞ്ച് തിരുത്തിയെഴുതിയ സംഭവമായിരുന്നു അത്. സാങ്കേതികവിദ്യയ്ക്ക് മുന്നിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സുതാര്യതയെ അടിയറവെച്ചു. ഇത്, പൊതുസമ്മതത്തിൽ നിന്ന് കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന കണക്കുകൂട്ടലിലേക്ക് ഇന്ത്യയിലെ ബൂർഷ്വാ ജനാധിപത്യം കടന്ന, തിരിച്ചുവരാനാവാത്ത നിമിഷത്തെ അടയാളപ്പെടുത്തുന്നു. വിഎഫ്ഡി റിപ്പോർട്ട് നിരീക്ഷിച്ചതിങ്ങനെയാണ്: “ബാലറ്റ് കോഡായി മാറിയിരിക്കുന്നു, ആ കോഡ് ഭരണകൂടത്തിന്റേതാണ്.”

Share this post

scroll to top