വംശീയ അതിക്രമങ്ങൾ സുഡാനെന്ന ആഫ്രിക്കൻ രാജ്യത്ത് സൃഷ്ടിക്കുന്ന സാമൂഹ്യ പ്രതിസന്ധി

Sudan-refug-1200.jpg
Share

എണ്ണ, പ്രകൃതിവാതകം, സ്വർണ്ണം, മറ്റ് ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ഒരു കിഴക്കൻ ആഫ്രിക്കൻ രാജ്യമാണ് സുഡാൻ. അവിടെ 2023 ഏപ്രിൽ മുതൽ സുഡാനീസ് ആംഡ് ഫോഴ്സസ്(SAF)ഉം റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ്(RSF) എന്ന വിമത സേനയും തമ്മിലുള്ള ആഭ്യന്തരയുദ്ധം നടന്നു വരികയാണ്. റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് വളർന്നുവന്നത് 2019ലെ അട്ടിമറിക്ക് ശേഷമാണ്. സുഡാന്റെ ഇന്നത്തെ ഭരണാധികാരിയായ ജനറൽ അബ്ദുൽ ഫത്താഹ് അൽ-ബുർഹാനും ആർഎസ്എഫിന്റെ നേതാവും യുദ്ധപ്രഭുവുമായ മുഹമ്മദ് ഹംദാൻ ദഗാലോയും തമ്മിലുള്ള അധികാര വടംവലിയാണ് ഈ ആഭ്യന്തരയുദ്ധത്തിന് തീകൊളുത്തിയത്.

ദക്ഷിണ സുഡാനിലെ ദാർഫൂറിൽ വംശഹത്യാപരമായ കൊലപാതകങ്ങളുടെയും ബലാത്സംഗത്തിന്റെയും പേരിൽ കുപ്രസിദ്ധമായ ജാൻജവീഡ് എന്ന കൂലിപ്പട്ടാളത്തിൽ നിന്നാണ് ആർഎസ്എഫ് രൂപം കൊണ്ടത്. രാജ്യത്തുടനീളം നടക്കുന്ന ഈ സംഘർഷത്തിൽ 1,50,000ത്തിലധികം ആളുകൾ മരിക്കുകയും ഏകദേശം 14 ദശലക്ഷം ആളുകൾ വീടുകൾ വിട്ട് പലായനം ചെയ്യുകയും ചെയ്തു. 3 ദശലക്ഷം ആളുകൾ ചാഡ്, എത്യോപ്യ, ദക്ഷിണ സുഡാൻ തുടങ്ങിയ അയൽ രാജ്യങ്ങളിലേക്ക് പലായനം ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഏകദേശം 50 ദശലക്ഷം വരുന്ന, ജനസംഖ്യയുടെ പകുതിയിലധികം പേരും കടുത്ത വിശപ്പിന്റെ പിടിയിലാണ്. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങൾ തകർന്നു. കൂടാതെ, 12 ദശലക്ഷത്തിലധികം പെൺകുട്ടികളും സ്ത്രീകളും ലൈംഗിക അതിക്രമങ്ങൾ നേരിട്ടു. ഒരുകാലത്ത് സജീവ തലസ്ഥാനമായിരുന്ന ഖാർത്തൂം ഇപ്പോൾ വളരെ ശോചനീയമായ അവസ്ഥയിലാണ്. ഗസയ്‌ക്കൊപ്പം സുഡാനും, അധിനിവേശത്തിന്റെയും കൊള്ളയുടെയും സാമ്രാജ്യത്വ കുതന്ത്രങ്ങൾകൊണ്ട് കടുത്ത മാനുഷിക പ്രതിസന്ധി നേരിടുകയാണ്.

സാമ്രാജ്യത്വ സ്രാവുകളുടെ ലക്ഷ്യങ്ങളിലൊന്ന്

സുഡാൻ 1899 മുതൽ 1955 വരെ ഒരു ബ്രിട്ടീഷ് കോളനി ആയിരുന്നു. 1956 ജനുവരി 1ന് അത് സ്വാതന്ത്ര്യം നേടി. നൂറ്റാണ്ടുകളായി സൗഹാർദ്ദത്തോടെ ജീവിക്കുകയും, പരസ്പരം വിവാഹം കഴിക്കുകയും, പൊതുവായ സാംസ്കാരിക-മതപരമായ പ്രത്യേകതകൾ പങ്കുവെക്കുകയും ചെയ്ത  വംശീയ വൈവിധ്യമുള്ള ഒരു രാജ്യമായിരുന്നു സുഡാൻ എന്ന് എടുത്തുപറയേണ്ടതുണ്ട്. എന്നാൽ, ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തിന്റെ ദീർഘകാലത്തെ അടിച്ചമർത്തലിനുകീഴിൽ, അതിന്റെ  വിഭവങ്ങൾ വിദേശ ഭരണാധികാരികളാൽ കൊള്ളയടിക്കപ്പെട്ടു. രാജ്യം അവികസിതമായും ദരിദ്രമായും തുടർന്നു. ക്ഷാമം, വരൾച്ച, മറ്റ് ദുരിതങ്ങൾ ഇവ കടുത്ത ഭക്ഷ്യക്ഷാമത്തിന് കാരണമാവുകയും രാജ്യത്ത് വ്യാപകമായ പട്ടിണിയും പോഷകാഹാരക്കുറവും ഉണ്ടാവുകയും ചെയ്തു.

ദേശീയ വികാരത്താൽ പ്രചോദിതമായ സ്വതന്ത്ര സുഡാൻ, അതിന്റെ സാമ്പത്തിക വിഭവങ്ങൾ സ്വതന്ത്രമായി വികസിപ്പിക്കാനുള്ള ഒരു നയം പിന്തുടരാൻ ദീർഘകാലമായി ശ്രമിച്ചിരുന്നു. എന്നാൽ, ആ ശ്രമത്തെ പരാജയപ്പെടുത്തുന്നതിനായി, അമേരിക്കൻ-ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളും അവരുടെ കൂട്ടാളികളും പഴയ കോളനിയുടെ വിഭവങ്ങളിലും രാഷ്ട്രീയത്തിലും നിയന്ത്രണം നിലനിർത്താൻ വേണ്ടി, തങ്ങളുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം പിന്തുടർന്നു. അവർ വിവിധ വംശീയ വിഭാഗങ്ങൾക്കിടയിൽ അവിശ്വാസവും ഭിന്നിപ്പും വളർത്തുകയും ദാരിദ്ര്യത്തിൽ വലയുന്ന പട്ടിണിക്കോലങ്ങളായ സുഡാനീസ് ജനതയ്ക്കിടയിൽ, പ്രത്യേകിച്ച് തെക്കൻ സുഡാനിലെ ഗോത്രവർഗ്ഗ സമൂഹങ്ങൾക്കിടയിൽ, കലാപത്തിന് കാരണമായേക്കാവുന്ന, ഊറിക്കൂടിയ പരാതികളെ ആളിക്കത്തിക്കുകയും ചെയ്തു. അങ്ങനെ സുഡാനീസ് ജനത ആഭ്യന്തര കലഹങ്ങളിൽ അകപ്പെടുകയും, എന്നും ദരിദ്രരും, അവികസിതരും, ദുർബലരുമായി തുടരുകയും ചെയ്തു. ഈ സാമ്രാജ്യത്വ സ്രാവുകൾ വിവിധ വിമത ഗ്രൂപ്പുകൾക്ക് രഹസ്യമായി സാമ്പത്തിക- സൈനിക സഹായം നൽകിക്കൊണ്ട് സുഡാനിലെ കലാപങ്ങളും, സാമുദായിക- വംശീയ സംഘർഷങ്ങളും കൂടുതൽ ശക്തമാക്കുന്നത് തുടർന്നു.

തൽഫലമായി, മുസ്ലീം-അറബ് സ്വാധീനമുള്ള വടക്കൻ സുഡാനും ആഫ്രിക്കൻ ക്രിസ്ത്യൻ സ്വാധീനമുള്ള തെക്കൻ സുഡാനും, ഒരു രാഷ്ട്രമായിരുന്നിട്ടും, ഫലത്തിൽ വേർപിരിഞ്ഞുനിന്നു. അങ്ങനെ സുഡാൻ, ദുഷ്ടലാക്കോടെയുള്ള സാമ്രാജ്യത്വ ഗൂഢാലോചനകളുടെ വിളനിലമായി തുടരുകയും, തുടർച്ചയായ വംശീയ സംഘർഷങ്ങളാലും ഏറ്റുമുട്ടലുകളാലും തകർക്കപ്പെടുകയും, സാധാരണ ജീവിതം താറുമാറാവുകയും ചെയ്തു.

മുൻ സുഡാൻ പ്രസിഡന്റ് ബാഷിർ യുഎസ് സാമ്രാജ്യത്വവാദികളുടെ കോപത്തിന് ഇരയായി

ഇത്തരമൊരു പ്രക്ഷുബ്ധമായ സാഹചര്യത്തിൽ, 1989ൽ അധികാരമേറ്റ സുഡാൻ പ്രസിഡന്റ് ഒമർ ഹസ്സൻ അൽ-ബാഷിർ, യുഎസ്-യുകെ സാമ്രാജ്യത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങാതെ ഉറച്ചുനിന്നു. അദ്ദേഹം തന്റെ രാജ്യത്തെ എണ്ണ വിഭവങ്ങളിൽ യുഎസിന് പ്രവേശനം അനുവദിച്ചില്ല, അതുപോലെ ഇറാഖിനെതിരായ യുഎസ് അധിനിവേശ യുദ്ധത്തെ പിന്തുണച്ചുമില്ല. അതിനാൽ, അദ്ദേഹം യുഎസ് സാമ്രാജ്യത്വ ഭരണകൂടത്തിന്റെ കോപത്തിന് പാത്രമായി. 1998ൽ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വേണ്ടി, സുഡാനിലെ ആഭ്യന്തര ഉപഭോഗത്തിനുള്ള മരുന്നുകളുടെ 60%വും  ഉത്പാദിപ്പിച്ചിരുന്ന ഏറ്റവും വലിയ ഫാർമസ്യൂട്ടിക്കൽ പ്ലാന്റുകളിലൊന്നിൽ, രാസായുധങ്ങൾ നിർമ്മിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് അമേരിക്ക മിസൈൽ ആക്രമണം നടത്തി. കൂടാതെ, പ്രതികാര നടപടിയെന്ന നിലയിൽ, പ്രസിഡന്റ് സദ്ദാം ഹുസൈന്റെ പക്കൽ വൻ നശീകരണ ശേഷിയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നു എന്ന വ്യാജ കാരണം പറഞ്ഞ് സ്വതന്ത്ര പരമാധികാര ഇറാഖിനെ ആക്രമിക്കുകയും കൈവശപ്പെടുത്തുകയും ചെയ്തതുപോലെ, പെന്റഗണിലെ ഭരണാധികാരികൾ 2008ൽ സുഡാൻ പ്രസിഡന്റിനെതിരെ കെട്ടിച്ചമച്ച ആരോപണങ്ങൾ ഉയർത്തി. പടിഞ്ഞാറൻ സുഡാനിലെ ദാർഫൂറിൽ നടന്നുവെന്നു പറയപ്പെടുന്ന വൻതോതിലുള്ള കൊലപാതകങ്ങൾ ചൂണ്ടിക്കാട്ടി, അവരുടെ കൽപ്പനകൾക്ക് വഴങ്ങുന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ(ICC) ഇടപെടൽ ആവശ്യപ്പെട്ട്, യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും അദ്ദേഹത്തെ പ്രതിചേർത്തു. 30 വർഷത്തിലധികം നീണ്ടുനിന്ന ഉപരോധങ്ങളാൽ രാജ്യത്തെ ഞെരുക്കിക്കൊണ്ട്, സുഡാനെ അസ്ഥിരപ്പെടുത്തുന്നതിലും വിഭജിക്കുന്നതിലും യുഎസ് ശ്രദ്ധ കേന്ദ്രീകരിച്ചു. യുഎസിന്റെ റബ്ബർ സ്റ്റാമ്പായി മാറിയ യുഎന്നും ദാർഫൂറിലെ അക്രമ സംഭവങ്ങളോട് പ്രതികരിച്ച് സുഡാനുമേൽ ആയുധ ഉപരോധം, ആസ്തി മരവിപ്പിക്കൽ, യാത്രാ വിലക്ക് എന്നിവ ഏർപ്പെടുത്തി.

മറുവശത്ത്, ചൈനയും റഷ്യയും സ്വന്തം സാമ്രാജ്യത്വ താല്പര്യാർത്ഥം സുഡാനെ തങ്ങളുടെ നിയന്ത്രണത്തിൽ നിർത്താനാണ് ശ്രമിക്കുന്നത്. അതിനാൽ  അവർ സുഡാനെതിരായ യുഎസ് ഉപരോധങ്ങളെയും, ദാർഫൂറിലെ യുദ്ധക്കുറ്റങ്ങൾ ആരോപിച്ചുള്ള ഒമർ അൽ ബാഷിറിനെതിരായ ഐസിസി അറസ്റ്റ് വാറണ്ടിനെയും എതിർത്തു. റഷ്യയും ചൈനയും ഇറാനും പോർട്ട് സുഡാനിൽ സാന്നിധ്യം സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. ചൈന അടിസ്ഥാന സൗകര്യ വികസനത്തിൽ വൻതോതിൽ നിക്ഷേപം നടത്തുകയും പോർട്ട് സുഡാനിൽ സ്വന്തമായി ഒരു കേന്ദ്രം സ്ഥാപിക്കുന്നതിൽ “താൽപര്യം പ്രകടിപ്പിക്കുകയും” ചെയ്തു. റഷ്യ അവിടെ ഒരു സൈനിക താവളം സ്ഥാപിക്കുന്നതിന് കൂടുതൽ പരിശ്രമം നടത്തി. ഒരു റഷ്യൻ നാവിക താവളം സ്ഥാപിക്കുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്ന് സുഡാനീസ് വിദേശകാര്യ മന്ത്രി അലി യൂസഫ് ഫെബ്രുവരിയിൽ പ്രസ്താവിച്ചത് പല പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളെയും ആശങ്കപ്പെടുത്തി. ഈ കരാർ പ്രകാരം, റഷ്യക്ക് 300 ഉദ്യോഗസ്ഥരെയും യുദ്ധക്കപ്പലുകളെയും, കൂടാതെ മുങ്ങിക്കപ്പലുക ളെയും ഉൾപ്പെടുത്തി ഒരു നാവിക താവളം സ്ഥാപിക്കാൻ കഴിയും. ഇത് റഷ്യക്ക് മേഖലയിൽ തങ്ങളുടെ ശക്തി പ്രയോഗിക്കാനും, പാശ്ചാത്യ താൽപ്പര്യങ്ങളെ പ്രതിരോധിക്കാനും, ആഗോള സമുദ്ര വ്യാപാര പാതകളെ സ്വാധീനിക്കാനും, നാറ്റോയുടെ തെക്കൻ ഭാഗത്തിനുപോലും ഭീഷണിയാകാനും കഴിയും.

യുഎസ്-യുകെ നീക്കത്തെ പ്രതിരോധിക്കാൻ, 1990കളിൽ രാജ്യത്തിന്റെ എണ്ണ മേഖലയുടെ വികസനത്തിൽ പ്രധാന പങ്ക് വഹിക്കുന്നതിനായി പ്രസിഡന്റ് ബാഷിർ ചൈനയുമായും ഇന്ത്യയുമായും അടുത്ത ബന്ധം സ്ഥാപിച്ചത് ഓർക്കേണ്ടതുണ്ട്. പ്രതിവിപ്ലവത്തിനുശേഷം റഷ്യ ഒരു സാമ്രാജ്യത്വ രാജ്യമായി മാറുകയും, പ്രത്യേകിച്ച് ഒരു സൈനിക ശക്തിയെന്ന നിലയിൽ യുഎസ് സാമ്രാജ്യത്വത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത ആഗോള ആധിപത്യത്തെ ക്രമേണ വെല്ലുവിളിക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ, സാങ്കേതികവും സൈനികവുമായ പിന്തുണയ്ക്കായി ഒമർ അൽ ബാഷിർ പുടിന്റെ റഷ്യയുമായി പെട്ടെന്ന് അടുത്ത ബന്ധം സ്ഥാപിച്ചു. മുതലാളിത്ത അനുകൂല സൈനിക സ്വേച്ഛാധിപത്യ ഭരണമായിരുന്നിട്ടും, 2010ഓടെ, ബാഷിർ യുഎസ് സാമ്രാജ്യത്വ വിരുദ്ധ നിലപാടുകൾ കാരണം അറബ് ലോകത്തും ആഫ്രിക്കയിലും ഒരു വീരനായകനായി ഉയർന്നുവന്നു.

രാജ്യത്തിന്റെ വിഭജനം

തുടർന്ന്, പെന്റഗണിലെ ഭരണാധികാരികളുടെ നിർദ്ദേശപ്രകാരം, തങ്ങളുടെ രാജ്യത്തിന്റെ ഭരണരീതി തീരുമാനിക്കാനുള്ള പ്രാദേശിക ജനതയുടെ അനിഷേധ്യമായ അവകാശത്തെ അട്ടിമറിച്ച്, 2011ൽ സുഡാനെ വടക്കൻ സുഡാനെന്നും തെക്കൻ സുഡാനെന്നും വിഭജിച്ചു. പടിഞ്ഞാറൻ സുഡാനിലെ ദാർഫൂറിൽ സംഭവിച്ചതുപോലെ, വിഘടന ശ്രമങ്ങളെ പിന്തുണയ്ക്കുന്നത് ഉൾപ്പെടെയുള്ള യുഎസ് തന്ത്രങ്ങൾ രാജ്യത്തെ വിഭജിക്കുന്നതിന് കാരണമായി. രാജ്യം വിഭജിക്കപ്പെട്ടിട്ടും, ജനങ്ങൾക്കിടയിലെ ഭിന്നിപ്പ് വർദ്ധിക്കുകയും, യുഎസ് സാമ്രാജ്യത്വവാദികൾക്കും അവരുടെ സഖ്യകക്ഷികൾക്കും സന്തോഷം നൽകിക്കൊണ്ട് സഹോദര ജനങ്ങളുടെ രക്തച്ചൊരിച്ചിൽ തടസ്സമില്ലാതെ തുടരുകയും ചെയ്തു.

വിഭജനത്തിനുശേഷം ബാഷിർ വടക്കൻ സുഡാൻ ഭരിച്ചു. യുഎസ് സൈനിക ഇടപെടൽ തടയാൻ, ചെങ്കടലിലെ പോർട്ട് സുഡാനിൽ ഒരു നാവിക താവളം നിർമ്മിക്കാൻ റഷ്യയെ അനുവദിച്ചുകൊണ്ട് ബാഷിർ 2019ൽ ഒരു കരാറിൽ ഒപ്പുവച്ചു.   ഇത് യുഎസ് സാമ്രാജ്യത്വ ഭരണാധികാരികളുടെ കടുത്ത അനിഷ്ടത്തിന് കാരണമായി.

യുഎസ് സൈനിക ദൂതന്മാർ എസ്എഎഫിലെ(സുഡാൻ സായുധ സേന) ചില ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും, അതിനു തൊട്ടുപിന്നാലെ, ജനറൽ ബുർഹാൻ നയിക്കുന്ന എസ്എഎഫും, ഹെമദ്തി നയിക്കുന്ന റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസുമായി(ആർഎസ്എഫ്) ചേർന്ന് 2019 ഏപ്രിൽ 11ന് പ്രസിഡന്റ് ഒമർ അൽ ബാഷിറിനെ പുറത്താക്കാൻ സംയുക്തമായി ഒരു സൈനിക അട്ടിമറി സംഘടിപ്പിക്കുകയും ചെയ്തു. ബാഷിറിനെ പുറത്താക്കിയ ശേഷം സുഡാനിൽ വീണ്ടും സൈനിക ഭരണം ഏർപ്പെടുത്തി. യുഎസ് സാമ്രാജ്യത്വവാദികളുടെ പിന്തുണയോടെയുള്ള സുഡാനിലെ ഇടക്കാല സൈനിക കൗൺസിൽ അധികാരം പിടിച്ചെടുക്കുകയും, വാഗ്ദാനം ചെയ്ത പൗരഭരണം ആവശ്യപ്പെട്ട് ഖാർത്തൂമിൽ പ്രതിഷേധിച്ചിരുന്ന സമാധാനപരമായ ജനാധിപത്യ അനുകൂല പ്രക്ഷോഭകർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുകയും ചെയ്തു.

മുസ്ലീം-അറബ് സ്വാധീനമുള്ള ഖാർത്തൂം ആസ്ഥാനമായുള്ള വടക്കൻ സുഡാനുമായി വേർപിരിയാനുള്ള ആഫ്രിക്കൻ ക്രിസ്ത്യൻ സ്വാധീനമുള്ള തെക്കൻ സുഡാനിലെ രാഷ്ട്രീയ ശക്തികളുടെ ആവശ്യത്തെ യുഎസ് പിന്തുണച്ചു. അതേ സമയം, എല്ലാത്തരം വംശീയ-വർഗ്ഗീയ ഭ്രാന്തും, ക്രിസ്ത്യൻ, ഇസ്ലാമിക മൗലികവാദവും ആളിക്കത്തിക്കുന്നത് അവർ തുടർന്നു. തങ്ങളുടെ വിശാലമായ സാമ്പത്തിക സ്വാധീനം, ആഗോള സൈനിക ശക്തി, ഇന്റലിജൻസ് ഏജൻസികൾ, ബൂർഷ്വാ മാധ്യമങ്ങൾ, കൂടാതെ സർക്കാർ ഇതര സ്ഥാപനങ്ങളുടെയും(NGOs) മറ്റ് മികച്ച സാമ്പത്തിക പിന്തുണയുള്ള സംഘടനകളുടെയും വലയം എന്നിവ ഉപയോഗിച്ച്, കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാനും, നേരായി ചിന്തിക്കുന്ന  സുഡാനീസ് ജനതയുടെ എല്ലാ സാമ്രാജ്യത്വവിരുദ്ധ, ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളെയും തടയാനും അവർ ശ്രമിച്ചു.

വിഭജനത്തിനുശേഷം, വടക്കൻ സുഡാനിൽ യുഎസിന്റെ പിന്തുണയുള്ള അബ്ദുല്ല ഹംദോക് പ്രധാനമന്ത്രിയായി. അതേസമയം, തെക്കൻ സുഡാൻ സാൽവാ കീർ മയാർദിത്ത് തലവനായുള്ള ഫെഡറൽ പ്രസിഡൻഷ്യൽ റിപ്പബ്ലിക് ആയി മാറി, ജൂബ തലസ്ഥാനവുമായി.

സുഡാനിൽ യുഎസ് ആഗ്രഹിച്ചത് അവർക്കു വഴങ്ങുന്ന ഒരു ഭരണകൂടത്തെയാണ്

മറ്റ് പല രാജ്യങ്ങളെയും പോലെ, പെന്റഗൺ ഭരണാധികാരികൾ സുഡാനിലും ജനാധിപത്യമെന്ന വ്യാജേന അവർക്കു് വഴങ്ങുന്ന ഒരു ഭരണകൂടം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്ന് വ്യക്തമായിരുന്നു. ധാരാളം പ്രകൃതിവിഭവങ്ങൾക്കുപുറമെ, സുഡാന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനവും യുഎസ് സാമ്രാജ്യത്വവാദികൾക്ക് തന്ത്രപ്രധാനമായിരുന്നു. ചെങ്കടലിലൂടെയുള്ള 500 മൈൽ തീരദേശത്ത് സുഡാനുള്ള പ്രവേശനം, ആഗോള കടൽ വ്യാപാരത്തിന്റെ ഏകദേശം 12% വരുന്നതിനാൽ, ബൃഹത്തായ മിഡിൽ ഈസ്റ്റിലും ആഗോള വ്യാപാരത്തിലും യുഎസ് സാമ്രാജ്യത്വത്തിന് ഉടനടി സാമ്പത്തികവും രാഷ്ട്രീയപരവും സൈനികപരവുമായ സ്വാധീനം നേടിക്കൊടുക്കാൻ അത് സാഹചര്യമുണ്ടാക്കും.

യുഎസ് സാമ്രാജ്യത്വവാദികളും അവരുടെ സഖ്യകക്ഷികളും ഒരു വിഭാഗത്തെ മറ്റൊന്നിനെതിരെ തിരിച്ചുവിട്ട് വംശീയ അതിക്രമങ്ങൾ സജീവമാക്കി നിർത്തുകയാണ്. വടക്കൻ സുഡാനെ ആകർഷിക്കാൻ, യുഎസ്, സുഡാന്റെ തകർന്ന സമ്പദ്‌വ്യവസ്ഥയിൽ അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) വിനാശകരമായ ഇടപെടൽ പുനഃസ്ഥാപിക്കുന്നതിനെ പിന്തുണച്ചു. ജൂണിൽ ഇന്ധനത്തിനും ഭക്ഷണത്തിനുമുള്ള സബ്‌സിഡികൾ നിർത്തലാക്കണമെന്ന് ഐഎംഎഫ് സുഡാനോട് ആവശ്യപ്പെട്ടു, ഇത് പെട്രോളിന്റെയും ഡീസലിന്റെയും വില ഒറ്റരാത്രികൊണ്ട് ഇരട്ടിയാക്കുകയും, ഭക്ഷണത്തിന്റെയും അവശ്യ സാധനങ്ങളുടെയും വില വർദ്ധിപ്പിക്കുകയും, പണപ്പെരുപ്പം കുതിച്ചുയരാൻ കാരണമാവുകയും ചെയ്തു. ഈ വംശീയ അതിക്രമങ്ങളുടെയും സാമ്പത്തിക തകർച്ചയുടെയും ഭാരം പേറുന്നത് സാധാരണക്കാരായ, നിരപരാധികളായ സുഡാനീസ് പൗരന്മാരാണ്.

നിലവിലെ സാഹചര്യം

SAFഉം RSFഉം തമ്മിലുള്ള നിലവിലെ യുദ്ധം 2023 ഏപ്രിൽ 15ന് പൊട്ടിപ്പുറപ്പെട്ടു. അതിന്റെ ആരംഭം മുതൽ, സുഡാൻ യുദ്ധം ലോകത്തിലെ ഏറ്റവും വിനാശകരമായ സംഘർഷങ്ങളിൽ ഒന്നായി മാറി. പടിഞ്ഞാറൻ സുഡാനീസ് മേഖലയായ ദാർഫൂറിൽ വംശഹത്യ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

സംഘർഷം യുദ്ധക്കുറ്റങ്ങളാൽ നിറഞ്ഞിരിക്കുന്നു. SAF-ഉം RSF-ഉം കൂട്ടക്കൊലകൾ നടത്തുകയും, കുട്ടികളെ സൈനികരാക്കുകയും, സാധാരണക്കാരെയും തടവുകാരെയും പീഡിപ്പിക്കുകയും, മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ജീവൻ അപകടപ്പെടുത്തുന്നവിധത്തിൽ ക്ഷാമം പെരുകിയിരിക്കുന്നു. സാധാരണക്കാർ പതിവായി ആക്രമണങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും വിധേയരാവുകയാണ്.  രാജ്യത്തിന്റെ ആരോഗ്യ പരിപാലന സംവിധാനം തകർന്നു. മാനുഷിക സഹായ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ കാരണം ലോകത്തിലെ ഏറ്റവും ദുർബലരും അശരണരുമായ ഒരു ജനവിഭാഗത്തിന് സഹായം അപ്രാപ്യമായിത്തീർന്നിരിക്കുന്നു.

വൻതോതിൽ ആളുകൾ ഇവിടെനിന്ന് പലായനം ചെയ്യപ്പെടുകയും അവിടെ കുടുങ്ങുകയും ചെയ്യുന്ന രീതിയിൽ, സുഡാൻ ലോകത്തിൽ ഇന്നേവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും വലുതും വേഗതയേറിയതുമായ പലായന പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ദാർഫൂറിൽ ആവശ്യങ്ങൾ രൂക്ഷമാണ്: രാജ്യത്തെ ഏറ്റവും വലിയ നഗരമായ എൽ ഫാഷറിൽ നിന്ന് ആയിരക്കണക്കിന് കുടുംബങ്ങൾ പലായനം ചെയ്യുന്നു, അയൽപ്രദേശമായ തവിലയിൽ സുരക്ഷയും മാനുഷിക സേവനങ്ങളും തേടുന്ന പലായനം ചെയ്യപ്പെട്ട 4,00,000ത്തോളം ആളുകളോടൊപ്പം ചേരുന്നതിനുവേണ്ടി. ‘‘ഈ ചെറിയ കുട്ടികൾ തനിച്ചെത്തുന്ന കാഴ്ച-ബാക്കിയുള്ള അവരുടെ കുടുംബാംഗങ്ങളുടെ സ്ഥാനമോ വിധിയോ അറിയാതെയാണ്-അത് വേദനാജനകമാണ്,” ‘ഇന്റർനാഷണൽ റെസ്‌ക്യൂ കമ്മിറ്റി’ (IRC) പറയുന്നു. ‘‘അങ്ങേയറ്റം അസ്വസ്ഥജനകമായ റിപ്പോർട്ടുകളും ഉപഗ്രഹ ചിത്രങ്ങളും സ്ഥിരീകരിക്കുന്നത് ആളുകൾക്ക് അൽ ഫാഷറിൽ നിന്ന് തവില പോലുള്ള സുരക്ഷിത സ്ഥലങ്ങളിലേക്ക് പലായനം ചെയ്യാൻ കഴിയുന്നില്ല എന്നാണ്. അതിനർത്ഥം അവർ കുടുങ്ങിക്കിട ക്കുകയോ, തടങ്കലിൽ ആക്കപ്പെടുകയോ അല്ലെങ്കിൽ  തീരെ മോശമായ അവസ്ഥയിലോ ആണ്,” അവർ കൂട്ടിച്ചേർത്തു.

സുഡാനിലെ 70%ത്തിലധികം ആശുപത്രികൾ നശിപ്പിക്കപ്പെട്ടു. ഒരുവശത്ത് രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് വർധിക്കുമ്പോൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് അത്യാവശ്യ വൈദ്യ പരിചരണം ലഭ്യമല്ലാതാക്കി. ആരോഗ്യ പരിരക്ഷ പരിമിതമായതോടെ, സുഡാനിലുടനീളം കോളറ പടർന്നു, 1,20,000ത്തിലധികം സ്ഥിരീകരിച്ച കേസുകളും 3,000ത്തിലധികം മരണങ്ങളും ഉണ്ടായി. 2023 ഏപ്രിലിൽ യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനുമുൻപ് പോലും, 1.58 കോടി ആളുകൾക്ക് സഹായം ആവശ്യമുള്ള ഒരു കടുത്ത മാനുഷിക പ്രതിസന്ധി സുഡാൻ അഭിമുഖീകരിക്കുകയായിരുന്നു. രണ്ടുവർഷത്തിലേറെ നീണ്ട ആഭ്യന്തര യുദ്ധം സുഡാനെ തകർത്തു, 1.2 കോടിയിലധികം ആളുകളെ പലായനം ചെയ്യിക്കുകയും 3.04 കോടി ആളുകളെ—സുഡാനിലെ ജനസംഖ്യയുടെ പകുതിയിലധികം പേരെ—മറ്റ് മനുഷ്യരുടെ പിന്തുണ ആവശ്യമുള്ളവരാക്കിത്തീർക്കുകയും ചെയ്തു.

ചാഡ്, ദക്ഷിണ സുഡാൻ തുടങ്ങിയ അയൽരാജ്യങ്ങൾ സംഘർഷത്തിൽനിന്ന് പലായനം ചെയ്യുന്ന സുഡാനീസ് അഭയാർത്ഥികൾക്ക് താമസസൗകര്യം നൽകിയിട്ടുണ്ടെങ്കിലും, അന്താരാഷ്ട്ര പിന്തുണയില്ലാതെ, അതിർത്തി കടന്നെത്തുന്നവരുടെ അടിയന്തര മാനുഷിക ആവശ്യങ്ങൾ നിറവേറ്റാനുള്ള വിഭവങ്ങൾ അവർക്കില്ല. അതേസമയം, പ്രസിഡന്റ് ട്രംപിന്റെ കീഴിലുള്ള യുഎസ് നടത്തുന്ന സഹായ വെട്ടിക്കുറക്കലുകൾ പ്രതിസന്ധി രൂക്ഷമാക്കി, ഇത് അഭയാർത്ഥികൾക്ക്, പ്രത്യേകിച്ചും ദക്ഷിണ സുഡാനിൽ നൽകിവന്ന, ചില അത്യാവശ്യ സേവനങ്ങൾ കുറയ്ക്കാൻ സംഘടനകളെ നിർബന്ധിതമാക്കി.

ആരാണ് പോരാടുന്ന സംഘങ്ങളെ ആയുധമണിയിക്കുന്നത്?

സുഡാനെപ്പോലെ പതിറ്റാണ്ടുകളായി കലഹങ്ങൾ നിറഞ്ഞതും, പട്ടിണി ബാധിച്ചതുമായ ഒരു രാജ്യത്തിന് വംശീയ സംഘർഷം നിലനിർത്താൻ ആവശ്യമായ ആയുധങ്ങൾ നിർമ്മിക്കാൻ കഴിയില്ല എന്നത് പറയേണ്ടതില്ലല്ലോ.  അങ്ങനെയെങ്കിൽ, ആരാണ് അവർക്ക് ആയുധം നൽകുന്നത്?

റിപ്പോർട്ടുകൾ പ്രകാരം, സുഡാൻ സായുധ സേനയ്ക്ക് (SAF) ഇറാൻ, ഈജിപ്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ആയുധങ്ങൾ ലഭിക്കുന്നുണ്ട്. മറുവശത്ത്, യുകെയിൽ നിന്ന് നിരവധി ആയുധങ്ങൾ വാങ്ങിക്കൂട്ടുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) ആണ് ദ്രുത പിന്തുണ സേനയ്ക്ക് (RSF) ആയുധം നൽകുന്നതായി പറയപ്പെടുന്നത്. യു.കെ. നിർമ്മിത സൈനിക ഉപകരണങ്ങൾ സുഡാനിൽ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. യുഎഇയുമായി RSFന് ദീർഘകാലമായി സൈനിക ബന്ധങ്ങളുണ്ട്. ദാർഫുറിലെ സ്വർണ്ണ ഖനികളിൽ എമിറേറ്റ്സിന് താൽപ്പര്യങ്ങളുമുണ്ട്.

എമിറേറ്റ്സ് സർക്കാർ ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ടെങ്കിലും, ചാഡ്, ദക്ഷിണ സുഡാൻ  വഴി ഡ്രോണുകൾ, ആയുധങ്ങൾ, വൈദ്യസഹായം എന്നിവ നൽകി യുഎഇ RSFന്റെ സൈനിക ശേഷി ഗണ്യമായി വർദ്ധിപ്പിച്ചു. യുഎഇ RSFന് നൽകിയ പല ബോംബുകളും ഹോവിറ്റ്സറുകളും ചൈനയിൽ നിർമ്മിച്ചവയാണ് എന്ന് ആംനസ്റ്റി ഇന്റർനാഷണൽ സ്ഥിരീകരിച്ചു. ഈ ആരോപണങ്ങളെ തുടർന്ന് യുഎഇ-യിലേക്കുള്ള യുഎസ് ആയുധ വിൽപ്പന തടയാൻ നിരവധി യുഎസ് സെനറ്റർമാർ ആവർത്തിച്ച് ശ്രമിച്ചു എന്നതും ശ്രദ്ധേയമാണ്.

സാമ്രാജ്യത്വ ശക്തികൾ യുദ്ധം സൃഷ്ടിക്കുകയും മനുഷ്യത്വം ചവുട്ടിമെതിക്കുകയും ചെയ്യുന്നു

ഓരോ സാമ്രാജ്യത്വ ശക്തിക്കും അതിന്റെ സഖ്യകക്ഷികൾക്കും അവരുടേതായ ലക്ഷ്യങ്ങളുണ്ട്. സാമ്പത്തിക-രാഷ്ട്രീയ താൽപ്പര്യങ്ങൾ നിറവേറ്റാനായാണ് അവർ അവിടെ ഇടപെടുന്നത്. സുഡാനെ നിയന്ത്രിക്കുക എന്നാൽ സബ്-സഹാറൻ പ്രദേശത്തു മുഴുവൻ സ്വാധീനം ചെലുത്തുക എന്നാണ് അർത്ഥമാക്കുന്നത്. അതിനാൽ, സുഡാൻ ഒരു പരോക്ഷ യുദ്ധഭൂമിയായി മാറിയിരിക്കുന്നു, ഇത് വിവിധ സാമ്രാജ്യത്വ ശക്തികളുടെ താൽപ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഗുരുതരമായ, പരിഹരിക്കാനാവാത്ത കമ്പോള പ്രതിസന്ധിയിൽ അകപ്പെട്ട ഈ ശക്തികൾക്ക് സമ്പദ്‌വ്യവസ്ഥയെ സൈനികവൽക്കരിക്കുക, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രാദേശികവും ഭാഗികവും പൂർണ്ണവുമായ യുദ്ധങ്ങൾക്ക് തിരികൊളുത്തി ആയുധ ശേഖരങ്ങൾ വിറ്റഴിക്കുക, ഉപരോധങ്ങൾ, ഗൺബോട്ട് നയതന്ത്രം, താരതമ്യേന ദുർബലമായ രാജ്യങ്ങളെ ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്തുൽ തുടങ്ങിയ രൂപങ്ങളിൽ സാമ്പത്തിക-രാഷ്ട്രീയ സമ്മർദ്ദം ചെലുത്തി മറ്റുള്ളവരുടെ വിഭവങ്ങൾ കൊള്ളയടിക്കുക എന്നിവയല്ലാതെ മറ്റ് വഴികളില്ല. വർഷങ്ങളായുള്ള ഭീകരമായ അക്രമങ്ങൾ സുഡാനെ ദുർബലപ്പെടുത്തുകയും, അതിന്റെ നിലനിൽപ്പിനെത്തന്നെ അപകടപ്പെടുത്തുകയും, അവിടുത്തെ ജനസംഖ്യയെ കൂടുതൽ ദുർബലവും ദുരിതപൂർണ്ണവുമായ അവസ്ഥയിലേക്ക് തള്ളിവിടുകയും ചെയ്തുിരിക്കുന്നു.

സുഡാനിലെ സാഹചര്യം എത്ര ഗുരുതരമാണെങ്കിലും, അവരുടെ സ്വന്തം വിധി തീരുമാനിക്കേണ്ടത് സുഡാനിലെ ജനങ്ങളാണ് എന്ന കാര്യത്തിൽ രണ്ടാമതൊരു അഭിപ്രായമില്ല. അവരാണ് അവരുടെ രാജ്യത്തിന്റെ ഏക അവകാശികൾ. അവരുടെ മാതൃരാജ്യത്തിന്റെ വിധി തീരുമാനിക്കാൻ അവർക്ക് മാത്രമേ  അവകാശമുള്ളൂ. സാമ്രാജ്യത്വ ഇടപെടലുകൾക്കും, പ്രത്യേകിച്ച് യുഎസ്, യുകെ സാമ്രാജ്യത്വവാദികളുടെ രാഷ്ട്രീയ ഭീഷണിക്കും എതിരെ പ്രതിഷേധിക്കുകയും, തങ്ങളുടെ മാതൃരാജ്യത്തിന്റെ അഭിമാനവും അന്തസ്സും സംരക്ഷിക്കാൻ ദൃഢനിശ്ചയം ചെയ്ത സമാധാനകാംക്ഷികളായ സുഡാനിലെ ജനങ്ങളോടൊപ്പം നിലകൊള്ളുകയും ചെയ്യേണ്ടത്, ജനാധിപത്യ ചിന്താഗതി പേറുന്ന എല്ലാ സാമ്രാജ്യത്വ വിരുദ്ധ പക്ഷങ്ങളുടെയും ശക്തികളുടെയും സംഘടനകളുടെയും കടമയാണ്.

യുദ്ധത്തിന്റെയും മുതലാളിത്ത-സാമ്രാജ്യ ത്വ ചൂഷണത്തിന്റെയും വിപത്തിൽനിന്ന് അന്തിമമായി മോചനം നേടുന്നതിനായുള്ള വിപ്ലവ പാതയിലൂടെ ഒരു തീവ്രമായ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം അനിവാര്യമാണ്. അതിന് ശരിയായ വിപ്ലവ നേതൃത്വംകൂടിയേ തീരൂ. അതിലൂടെ മാത്രമേ തങ്ങളുടെ നീണ്ടുനിൽക്കുന്ന ദുരിതത്തിന് ആശ്വാസം കണ്ടെത്താൻ കഴിയൂ എന്ന സത്യം സുഡാനിലെ ജനങ്ങൾ മനസ്സിലാക്കണം. ആ പോരാട്ടത്തിന് ഐക്യദാർഢ്യവും പിന്തുണയും നൽകാൻ ലോകത്തെ പൊരുതുന്ന തൊഴിലാളിവർഗ്ഗം ബാധ്യസ്ഥമാണ്.

Share this post

scroll to top