ലേബർ കോഡുകൾക്കായി കരട് ചട്ടം തയ്യാറാക്കി മുതലാളിത്ത  ഇംഗിതത്തിന് കൂട്ടുനിൽക്കുന്ന എൽഡിഎഫ് സർക്കാർ

labourcodes-1764103546383-0a8a66fa-f3b1-4a7f-84fa-cd9487a83a0f-900x500-1.webp
Share

നാലു ലേബർ കോഡുകൾ സംസ്ഥാനങ്ങളിൽ നടപ്പിലാക്കാൻ ആവശ്യമായ സംസ്ഥാന റൂളുകൾ ഉണ്ടാക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. തൊഴിൽ, കൺകറന്റ് ലിസ്റ്റിൽ പെട്ടതാണെന്നിരിക്കെ സംസ്ഥാനങ്ങൾക്ക് ശക്തമായ നിലപാടെടുക്കാൻ കഴിയുന്നതാണ്. ഫെഡറലിസത്തിനുനേരെ കേന്ദ്രസർക്കാർ നടത്തുന്ന കടന്നുകയറ്റത്തെ എതിർക്കുന്നവരാണ് ബിജെപി ഇതര സംസ്ഥാന സർക്കാരുകൾ. ആ പ്രതിരോധസാധ്യത ഉപയോഗപ്പെടുത്തി ലേബർ കോഡിനെതിരെ എൽഡിഎഫ് സർക്കാർ  യാതൊരു നീക്കങ്ങളും നടത്തിയില്ല.

കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട ഉടന്‍ 2021 ഡിസംബർ മാസത്തിൽ നാലു ലേബർ കോഡുകൾക്കും സംസ്ഥാന  റൂളുകൾ ഉണ്ടാക്കി കേന്ദ്രത്തിന് അയച്ചുകൊടുക്കുകയാണ് ഉണ്ടായത്. ഇപ്പോൾ, നവംബർ 21ന് 4 ലേബർ കോഡുകളും നടപ്പിലാക്കാനുള്ള കേന്ദ്രവിജ്ഞാപനം വന്നപ്പോൾ കേരളത്തിൽ ലേബർകോഡുകൾക്ക് സംസ്ഥാന  റൂളുകൾ രൂപീകരിച്ച പ്രശ്നം മാധ്യമങ്ങൾ ചർച്ചയാക്കുകയുണ്ടായി. പിഎംശ്രീ പദ്ധതി സംസ്ഥാനത്ത് മുന്നണിയിലോ ഘടകകക്ഷികളുമായോ ആലോചിക്കാതെ ഒളിച്ചുകടത്തിയ പോലെയാണ് ലേബർ കോഡുകൾക്ക് സംസ്ഥാനത്ത് റൂളുകൾ ഉണ്ടാക്കിയത്.

ഇതുമായി ബന്ധപ്പെട്ട് പരസ്പരവിരുദ്ധമായ അഭിപ്രായങ്ങളും വാദഗതികളുമാണ് പുറത്തുവന്നത്. തങ്ങൾ ലേബർ കോഡുകൾ ഒളിച്ചു കടത്തിയിട്ടില്ലെന്നും സംസ്ഥാനത്തെ ട്രേഡ് യൂണിയനുകളുമായി നാലുവർഷംമുമ്പുതന്നെ കൂടിയാലോചന നടത്തിയിട്ടുണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി തെളിവുകൾ സഹിതം മാധ്യമങ്ങളോട് പറയുകയുണ്ടായി. അതേസമയം സിഐറ്റിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, ഞങ്ങൾക്കൊന്നുമറിയില്ല, പറഞ്ഞവരോട് ചോദിക്കൂ എന്നും, കരട് വിജ്ഞാപനം എന്നൊരു സംഭവം കേരളത്തിൽ ഇല്ല എന്നും ഉണ്ടാവുകയുമില്ല എന്നുമാണ് പറഞ്ഞത്. സിഐറ്റിയു സംസ്ഥാന പ്രസിഡന്റും എൽഡിഎഫ് കൺവീനറുമായ ടി.പി. രാമകൃഷ്ണൻ ആകട്ടെ, അങ്ങനെയൊരു ചർച്ച നടന്നിട്ടേയില്ല എന്നാണ് പറഞ്ഞത്.  അതേസമയം ഇവർ ലേബർ വകുപ്പ് ഉദ്യോഗസ്ഥരാണ് കരട് റൂളുകൾ രൂപീകരിച്ചതെന്നും പറയുന്നുണ്ട്. എഐറ്റിയുസി നേതാവ് കെ. പി.രാജേന്ദ്രൻ പറയുന്നത്, തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചകളിലെല്ലാം തൊഴിൽ കോഡുകൾക്കെതിരെയാണ് സർക്കാർ നിലപാട് എടുത്തത് എന്നാണ്. മന്ത്രി വി.ശിവൻകുട്ടി ലേബർ വകുപ്പ് ഉദ്യോഗസ്ഥരെ തള്ളിപ്പറയാൻ തയ്യാറല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുമ്പോൾ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറയുന്നത്, വരയ്ക്കപ്പുറം ഉദ്യോഗസ്ഥർ സഞ്ചരിക്കുമ്പോൾ എങ്ങിനെ  വരയ്ക്കുള്ളിൽ നിർത്താമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അറിയാമെന്നാണ്.

ഇങ്ങനെ പരസ്പരവിരുദ്ധവും അഴകൊഴമ്പനുമായ നിലപാടുകൾ ഉത്തരവാദത്തപ്പെട്ട മന്ത്രിയും നേതാക്കളും വിളിച്ചു പറയുന്നതിൽനിന്നുതന്നെ കള്ളക്കളി വെളിവാകുന്നുണ്ട്. സംസ്ഥാനത്തെ തൊഴിലാളികളെയും ഇടതുപക്ഷ വിശ്വാസികളെയും തെറ്റിദ്ധരിപ്പിക്കാനും, സർക്കാർ നടത്തിയ തൊഴിലാളി വഞ്ചന കൈയോടെ പിടിക്കപ്പെട്ടപ്പോൾ ഉണ്ടായ ജാള്യത മറച്ചു പിടിക്കാനുമാണ് ഈ ഉരുണ്ടുകളികളെല്ലാം.

എന്താണ് യഥാർത്ഥ വസ്തുത? 2019-20 കാലയളവിൽ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട ലേബർ കോഡുകളെ, അഖിലേന്ത്യാതലത്തിൽ ബിഎംഎസ് ഒഴികെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായി എതിർക്കുകയും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ പ്രക്ഷോഭണം നടത്തി വരികയുമായിരുന്നു. ഇത്തരം സമരങ്ങളുടെകൂടി പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ തന്നെ കോഡുകൾക്ക് സെൻട്രൽ റൂൾസ് ഉണ്ടാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വേഗത കുറച്ചു. അതേസമയം, ലേബർ കോഡുകളിൽ സംസ്ഥാന റൂളുകൾ രൂപീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

കേന്ദ്രസർക്കാരിന്റെ ഈ അറിയിപ്പ് ലഭിച്ച ഉടൻ അനുകൂലമായി പ്രതികരിച്ച സംസ്ഥാനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമായി കേരളം മാറി. ലേബർ കോഡുകൾ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് രൂപീകരിച്ച സംസ്ഥാന റൂളുകളിൽ അഭിപ്രായം അറിയിക്കുന്നതിനായി 2022 ജൂലൈ 2ന് തിരുവനന്തപുരം ദർബാർ ഹാളിൽ സംസ്ഥാന സർക്കാർ ട്രേഡ് യൂണിയൻ നേതാക്കളുടെയും തൊഴിലുടമകളുടെയും ഒരു യോഗം വിളിച്ചുചേർക്കുന്ന വിധം വേഗത്തിലായിരുന്നു ഇത്. നാല് ലേബർ കോഡുകൾക്കും സംസ്ഥാന ലേബർ വകുപ്പ് തയ്യാറാക്കിയ കരട് റൂളുകളുടെ വിജ്ഞാപനത്തിന് അന്തിമാനുമതി തേടിക്കൊണ്ടായിരുന്നു ഈ യോഗം വിളിച്ചിരുന്നത്. കേന്ദ്ര ട്രേഡ് യൂണിയനുകളിൽ ഒന്നായ എഐയുറ്റിയുസി അതിൽ പങ്കെടുത്തിരുന്നു.

“അസാധാരണം” എന്നും “ആധികാരികമായി പ്രസിദ്ധം ചെയ്യുന്നത്” എന്നും തലക്കെട്ടോട് കൂടിയ കേരള ഗസറ്റ്  വിജ്ഞാപനമായാണ്  4 ലേബർ കോഡുകൾക്കും കരട് റൂളുകൾ സർക്കാർ വിജ്ഞാപനം ചെയ്തത്. കോഡ് ഓൺ വേജ്-2019 (2021 ഡിസംബർ 15 നും) ഒക്യുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആന്റ്  വർക്കിംഗ് കണ്ടീഷൻസ് കോഡ്-2020 (2021 ഡിസംബർ 17 നും) കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി-2020 (2021 ഡിസംബർ 16നും)  ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്-2020 (2020 ഡിസംബർ 30നും) ആണ് സംസ്ഥാന ഗസറ്റ് മുഖാന്തരം വിജ്ഞാപനം ചെയ്തത്. വിജ്ഞാപനം ചെയ്യപ്പെട്ട് 45 ദിവസത്തിനകം ഭേദഗതികൾ സമർപ്പിക്കണമെന്നും വിജ്ഞാപനത്തിലുണ്ട്.

പ്രസ്തുത യോഗത്തിൽ എഐയുറ്റിയുസി 4 കരട് റൂളുകളും ആവശ്യമായ സമയത്തിനുള്ളിൽ യൂണിയനുകൾക്ക് ലഭ്യമാക്കാത്തതിൽ വിമർശനം രേഖപ്പെടുത്തുകയുണ്ടായി. മാത്രമല്ല, കേന്ദ്ര റൂളുകൾ പോലും  അന്തിമമാക്കാത്ത സാഹചര്യത്തിൽ സംസ്ഥാനം ഇത്രമാത്രം വേഗത്തിൽ സംസ്ഥാന കരട് റൂളുകൾ വിജ്ഞാപനം ചെയ്തതിലുള്ള എതിർപ്പും രേഖപ്പെടുത്തിയിരുന്നു. സംസ്ഥാന സർക്കാർ ലേബർ കോഡുകൾക്കെതിരാണെന്ന് ഒരുഭാഗത്ത് പറയുമ്പോൾ തന്നെ അതിന് സംസ്ഥാന റൂളുകൾക്ക് രൂപം കൊടുക്കുന്ന ഇരട്ടത്താപ്പിനെ കുറിച്ചും സൂചിപ്പിക്കുകയുണ്ടായി. 

സിഐറ്റിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം കേന്ദ്രസർക്കാർ ലേബർ കോഡുകൾ അന്തിമമാക്കാൻ രൂപീകരിച്ച പാർലമെന്ററി കമ്മിറ്റി അംഗമെന്ന നിലയിൽ, സംസ്ഥാന റൂളുകൾ ഉണ്ടാക്കുന്നതിൽ കേരളം ഇത്രയധികം വേഗത കാണിക്കേണ്ടതില്ലെന്നു ഉപദേശിക്കുകയുണ്ടായി.

ഇതിൽനിന്നും ഒരു കാര്യം വ്യക്തമാകുന്നുണ്ട്. സംസ്ഥാന സർക്കാർ ലേബർ കോഡിനെതിരെ ഒരു ഭാഗത്ത് പറയുന്നുണ്ടെങ്കിലും, പ്രവർത്തിയിൽ കോഡ് സംസ്ഥാനത്ത് നടപ്പിലാക്കാനുള്ള വ്യഗ്രതയാണ് കാണിക്കുന്നത്. മറ്റേത് സംസ്ഥാനത്തേക്കാളും ധൃതിയിൽ സംസ്ഥാന കരടു റൂളുകൾക്ക് രൂപം കൊടുക്കുകയും അത് കേന്ദ്രത്തിന് അയച്ചു കൊടുക്കുകയും ചെയ്തു. ഫെഡറലിസത്തിന്റെമേൽ കേന്ദ്രം കൈയേറ്റം നടത്തുന്നുണ്ടെന്ന് വിലപിക്കുന്ന സർക്കാർ അക്കാര്യത്തിൽ ചെറുവിരൽ അനക്കാൻപോലും തയ്യാറായില്ല.

യഥാർത്ഥത്തിൽ ലേബർ കോഡുകളിൽ പറഞ്ഞിട്ടുള്ള തൊഴിലാളി വിരുദ്ധ നിർദ്ദേശങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കാൻ എൽഡിഎഫ് സർക്കാർ തുടക്കം മുതൽ മുൻകൈ എടുക്കുകയുണ്ടായി. ലേബർ കോഡിന്റെ മുഖ്യ മുദ്രാവാക്യം “ഈസ് ഓഫ് ഡൂയിങ് ബിസിനസ് ” ആണെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളസർക്കാരും മുഖ്യമന്ത്രിയും എപ്പോഴും ഉയർത്തിപ്പിടിച്ചതും ഉരുവിട്ടതും “ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ” ആണ്. തൊഴിലാളികളെ ഒരു ഉപാധിയും ഇല്ലാതെ ചൂഷണം ചെയ്യുന്നതിനുള്ള നിയമപരമായ ഉറപ്പാണ് ഈ പദ്ധതി. അത് കോർപ്പറേറ്റുകളുടെയും മുതലാളികളുടെയും താല്പര്യമാണ്. അതിനനുസരിച്ചാണ് ലേബർ കോഡുകളുടെ രൂപീകരണം എന്ന് ഏവർക്കും അറിയുകയും ചെയ്യാം. എന്നാൽ, ”ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ” രാജ്യത്ത് നടപ്പിലാക്കുന്നതിൽ ഒന്നാം സ്ഥാനം രണ്ട് തവണയും കേരളം നേടിയിരിക്കുന്നു! കേന്ദ്രസർക്കാരിൽ നിന്നും ഇതിന്റെ ബഹുമതിപത്രം വാങ്ങിയതിനെ അഭിമാനപൂർവ്വം കൊട്ടിഘോഷിക്കുകയാണ് ഇടതുപക്ഷത്തിന്റെ പേരിൽ ഭരിക്കുന്ന സംസ്ഥാന മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും!

ലേബർ കോഡിലെ മറ്റു തൊഴിലാളിവിരുദ്ധ വ്യവസ്ഥകളായ ഫിക്സഡ് ടേം എംപ്ലോയ്‌മെന്റ്, തൊഴിൽസമയം വർധിപ്പിക്കൽ, തൊഴിലിന്റെ കരാർവൽക്കരണം, സ്ഥിരം തൊഴിൽ ഇല്ലാതാക്കൽ, മിനിമം കൂലി നിയമം അസാധുവാക്കൽ, തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ നിന്നും ഉദ്യോഗസ്ഥരെ ഒഴിവാക്കൽ, തൊഴിലിടങ്ങളിലെ പരിശോധന വേണ്ടെന്നുവെക്കൽ, ട്രേഡ് യൂണിയൻ രജിസ്റ്റർ ചെയ്യുന്നതിന് നിലവിലുള്ള ഫീസ് പത്തുമടങ്ങായി വർദ്ധിപ്പിക്കൽ തുടങ്ങിയവയെല്ലാം സംസ്ഥാനത്ത് എൽഡിഎഫ് ഗവൺമെന്റ് നടപ്പിലാക്കിയിട്ടുണ്ട്. കെഎസ്ആർടിസി, കെഎസ്ഇബി തുടങ്ങിയ സംഘടിതമേഖലയിലും അസംഘടിത മേഖലയിലും ഈ വ്യവസ്ഥകൾ സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്.

ഇപ്രകാരം തൊഴിൽമേഖലയിൽ നാനാതരം അവകാശനിഷേധങ്ങൾ നടപ്പിലാക്കുമ്പോഴും അതിനെതിരെ യാതൊരു സമരവും ഉയർന്നുവരാതിരിക്കാൻ സർക്കാർ ജാഗ്രത പുലർത്തുന്നു. അതിനായി സിഐറ്റിയു, എഐറ്റിയുസി തുടങ്ങിയ യൂണിയനുകളുടെ നേതൃത്വങ്ങളെ ഉപയോഗിക്കുകയാണ്. തൊഴിലാളി സമരങ്ങളോട് ഒരു ഇടതുപക്ഷ സർക്കാർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത സമീപനമാണ് ഈ സർക്കാർ വച്ചുപുലർത്തുന്നത്. സമീപകാലത്ത് നടന്ന ആശാസമരം 266 ദിവസം നീണ്ടുപോയത് സർക്കാരിന്റെ ഈ തൊഴിലാളി വിരുദ്ധ സമീപനം ഒന്നുകൊണ്ടുമാത്രമാണ്. ഇത് കേവലം യാദൃശ്ചികമായി ഉണ്ടാകുന്നതല്ല എന്ന് തൊഴിലാളികൾ തിരിച്ചറിയണം. അദാനി-അംബാനി- യൂസഫലിമാരുടെ പറുദീസയായി കേരളത്തെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് സർക്കാർ നയങ്ങൾ രൂപീകരിക്കുന്നത്. സ്വാഭാവികമായും കോർപ്പറേറ്റുകൾക്ക് അനുകൂല നിലപാടെടുക്കുകയെന്നാൽ തൊഴിലാളികൾക്കും തൊഴിൽ അവകാശങ്ങൾക്കുമെതിരെ നിൽക്കുക എന്നുതന്നെയാണ്. തൊഴിലാളിവർഗ്ഗത്തെക്കുറിച്ച് പ്രസംഗിക്കുന്നുണ്ടെങ്കിലും മുതലാളി വർഗ്ഗത്തിന്റെ നിലപാടാണ് സർക്കാരിനുള്ളത്. 

കേന്ദ്രസർക്കാരിന്റെ നവലിബറൽ നയങ്ങളും നടപടികളും എല്ലാ രംഗത്തും സംസ്ഥാനത്ത് നടപ്പിലാക്കാൻ എൽഡിഎഫ് സർക്കാർ കാണിക്കുന്ന വ്യഗ്രത ഇന്ന് കൃത്യമായും ഏവർക്കും മനസ്സിലാകുന്നുണ്ട്. ഇത് സർക്കാരിന്റെയും അതിനെ നയിക്കുന്ന സിപിഐ(എം), സിപിഐ പാർട്ടികളുടെയും വർഗ്ഗപരമായ നിലപാട് തന്നെയാണ്. എന്തൊക്കെ കൗശലങ്ങൾ പ്രയോഗിച്ചാലും അത് മറച്ചുപിടിക്കാൻ കഴിയാത്തവിധം തെളിഞ്ഞുവരികയാണ്.

Share this post

scroll to top