ഒഡിഷയിലെ ദരിദ്രകർഷകരുടെ  ജിൻഡാൽ-പോസ്‌കോ വിരുദ്ധ സമരം : സഖാവ് സത്യവാനെ ആക്രമിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു 

595891770_720607664419577_2465708763213892069_n.jpg
Share

സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) ദേശീയ നേതാവും ഓൾ ഇന്ത്യ കിസാൻ ഖേത് മസ്ദൂർ സംഘടനയുടെ (AIKKMS) പ്രസിഡന്റുമായ സഖാവ് സത്യവാനും മറ്റ് കർഷക നേതാക്കൾക്കും  നേരെ ഒഡിഷയിലെ കിയോഞ്ജർ ജില്ലയിലുണ്ടായ ആക്രമണത്തെ എസ്‌കെഎം ശക്തമായി അപലപിച്ചു. ആർഎസ്എസ്-ബിജെപി ഗുണ്ടകൾ നടത്തിയ ഈ ആക്രമണം, രാജ്യസ്നേഹികളായ കർഷകരെ ഭീഷണിപ്പെടുത്തി, പോ സ്‌കോ, ജിൻഡാൽ കമ്പനികളുടെ നിർബന്ധിത ഭൂമി ഏറ്റെടുക്കലിനെതിരായ സമരത്തിൽനിന്ന് പിന്തിരിപ്പിക്കാനുള്ള ഹീനപദ്ധതിയാണ്.

ലാത്തികളും മറ്റായുധങ്ങളുമായി എത്തിയ ഗുണ്ടകൾ സത്യവാൻ ഉൾപ്പെടെയുള്ള നേതാക്കളെയും പ്രവർത്തകരെയും  ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. ഗുണ്ടകൾ ഇവരെ ബലംപ്രയോഗിച്ച് തുറുമുങ്കാ പോലീസ് സ്റ്റേഷനിലെത്തിച്ചു.  പോലീസിന്റെ സാന്നിധ്യത്തിലും ഗുണ്ടകൾ നേതാക്കളെ ആക്രമിക്കുകയുണ്ടായി. പോലീസ് ഇവരെ മണിക്കൂറുകളോളം നിയമവിരുദ്ധമായി തടങ്കലിൽ വെച്ചതിനു ശേഷമാണ് വിട്ടയച്ചത്. 

കുറ്റവാളികളെ അറസ്റ്റുചെയ്ത് അവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും, ക്രമസമാധാനം ഉറപ്പാക്കണമെന്നും, പ്രതിഷേധിക്കാനുള്ള പൗരരുടെ ജനാധിപത്യപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിക്ക് കത്തയച്ചു.

ജിൻഡാൽ-പോസ്‌കോ പ്രതിരോധ് മഞ്ചിന്റെ ബാനറിൽ പോസ്‌കോ, ജിൻഡാൽ കമ്പനികളുടെ നിർബന്ധിത ഭൂമി ഏറ്റെടുക്കലിൽനിന്ന് തങ്ങളുടെ ഫലഭൂയിഷ്ഠമായ കൃഷിഭൂമി സംരക്ഷിക്കാൻ സമരം ചെയ്യുന്ന ഗ്രാമവാസികളുടെ ഒരു പൊതുയോഗത്തിൽ സംസാരിച്ച് ഡിസംബർ 9, 2025ന് കിയോഞ്ജർ ജില്ലയിലെ ജാമുനപോസി ഗ്രാമത്തിൽനിന്ന് മടങ്ങുകയായിരുന്ന സഖാവ് സത്യവാനും മറ്റുംനേരെയാണ് ഈ ഹീനമായ ആക്രമണമുണ്ടായത്. ജിൻഡാൽ കുടുംബം ബിജെപി കുടുംബത്തിന്റെ ഭാഗമാണ്, പോസ്‌കോ ഒരു കൊറിയൻ ബഹുരാഷ്ട്ര കമ്പനിയാണ്.

ഗ്രാമങ്ങൾ തങ്ങളുടെ പരമ്പരാഗത വാസസ്ഥലമാണെന്നും, തങ്ങളുടെ ജീവിതവും ഉപജീവനമാർഗ്ഗവും സ്വത്വവും ഗ്രാമവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, ഒരു കാരണവശാലും ഈ ബഹുരാഷ്ട്ര കമ്പനികൾക്കുവേണ്ടി തങ്ങളുടെ ഭൂമി വിട്ടുകൊടുക്കില്ലെന്നും അവസാനംവരെ പോരാടുമെന്നുമാണ് ഗ്രാമീണരുടെ തീരുമാനം.

സമരം ചെയ്യുന്ന ഗ്രാമവാസികളുടെ മനോവീര്യം തകർക്കാൻ പോലീസ് സേനയും സാമൂഹ്യവിരുദ്ധരും ചേർന്ന് പലതവണ ഗ്രാമീണരെ ആക്രമിച്ചു. നവംബർ 26ന് അർദ്ധരാത്രിയിൽ ഒരു വലിയ പോലീസ് സംഘം ഗ്രാമങ്ങൾ വളയുകയും ജിൻഡാൽ-പോസ്‌കോ പ്രതിരോധ് മഞ്ച് സെക്രട്ടറിയായ സഖാവ് ബേണുധർ സർദാർ ഉൾപ്പെടെ 5 നേതാക്കളെ അറസ്റ്റുചെയ്യുകയും വ്യാജകേസുകൾ ചുമത്തുകയും ചെയ്തു. അവർ ഇപ്പോൾ ജയിലിലാണ്. സഖാവ് സത്യവാനും മറ്റ് നേതാക്കളും ഗ്രാമവാസികളുടെ യോഗത്തിൽ പങ്കെടുക്കുകയും എസ്‌കെഎമ്മിന്റെ പേരിൽ അവർക്ക് പിന്തുണ നൽകുകയും ചെയ്തു.

ഗ്രാമീണരെ സ്വന്തം മണ്ണിൽനിന്ന് പിഴുതെറിയാൻ അനുവദിക്കില്ലെന്ന് നേതാക്കൾ പ്രഖ്യാപിച്ചു. രാജ്യത്തിന്റെയും ജനങ്ങളുടെയും ആസ്തികൾ വിദേശ ചൂഷകർക്കും അവരുടെ നാട്ടിലെ സുഹൃത്തുക്കൾക്കും വിൽക്കാനുള്ള ഹീന പദ്ധതികൾ പുറത്തുവരുമെന്നും ഭയന്നാണ് ആർ എസ്എസ്-ബിജെപി പരസ്യമായി ഇത്തരമൊരു നിയമവിരുദ്ധമായ നടപടി കൈക്കൊണ്ടത്. ഈ സംഘടിത ക്രിമിനൽ പ്രവർത്തനങ്ങൾ, ഭൂമി വിട്ടുകൊടുക്കാൻ താൽപര്യമില്ലാത്ത കർഷകരിൽനിന്ന് ഭൂമി തട്ടിയെടുക്കുന്നതിന് വഴിയൊരുക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് ഞങ്ങൾ ഉറച്ചുവിശ്വസിക്കുന്നു. ഇത് ജനാധിപത്യ പ്രസ്ഥാനത്തിന് നേരെ മാത്രമല്ല, സാധാരണക്കാരായ പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തിനുകൂടി നേരെയുള്ള ഹീനമായ ആക്രമണമാണ്. ഫാസിസ്റ്റ് ബിജെപി സർക്കാരിന്റെയും ബഹുരാഷ്ട്ര കമ്പനികളുടെയും സംയുക്ത ആക്രമണത്തെ ധീരതയോടെ ചെറുത്തുതോൽപ്പിക്കാൻ ജനാധിപത്യ ശക്തികളോടും കഷ്ടപ്പെടുന്ന ജനങ്ങളോടും സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) ആഹ്വാനം ചെയ്തു.

Share this post

scroll to top