യുഎസ്-ഇസ്രയേൽ യുദ്ധവെറിയന്മാരെ ഒറ്റപ്പെടുത്തുക

Share

ജൂൺ 22ന് എസ്‌യുസിഐ(സി) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ്
പുറപ്പെടുവിച്ച പ്രസ്താവന

കല അന്തർദേശീയ നിയമങ്ങളെയും മര്യാദകളെയും ലംഘിച്ചുകൊണ്ടും അന്തർദേശീയ ആണവോർജ ഏജൻസി(IAEA)യുടെ മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ടും സമാധാനകാംക്ഷികളായ ലോക ജനതയുടെ അഭിപ്രായങ്ങളെ അവജ്ഞയോടെ തള്ളിക്കളഞ്ഞുകൊണ്ടും അമേരിക്കൻ  സാമ്രാജ്യത്വം ഇറാനുമേൽ നടത്തിയ കിരാതമായ സൈനിക ആക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. 

പൈശാചികശക്തികളായ അമേരിക്കൻ സാമ്രാജ്യത്വം തങ്ങളുടെ ബ്രാഞ്ച് ഓഫീസ് ആയ ഇസ്രയേലിനെ സഹായിച്ചുകൊണ്ടും പ്രേരിപ്പിച്ചുകൊണ്ടും ഗാസയിൽ വംശഹത്യ നടത്തുകയും പാലസ്തീനിലെ നിരപരാധികളും നിസ്സഹായരുമായ ലക്ഷങ്ങളെ കൊന്നൊടുക്കുകയും ചെയ്യുകയാണ്. അതിന് പിന്നാലെ ഇപ്പോൾ ഇറാനുമേൽ യാതൊരു പ്രകോപനവുമില്ലാതെ മാരകമായ സൈനിക ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. ആ മേഖലയിലാകെ ആധിപത്യം വ്യാപിപ്പിക്കുവാനും മേധാവിത്വപരമായ പദ്ധതി വെല്ലുവിളികളില്ലാതെ ഉറപ്പിച്ചെടുക്കാനുമായി അമേരിക്കയുടെ ആജ്ഞകൾക്ക് മുന്നിൽ ഇറാനെ വിധേയപ്പെടുത്തുവാനും ഉദ്ദേശിച്ചു കൊണ്ടാണീ നീക്കങ്ങൾ. പക്ഷേ ഇറാനിലെ ജനത കാഴ്ചവച്ച ധീരമായ പ്രതിരോധത്തിന്റെ മുന്നിൽ ഈ ഹീനമായ ഗൂഢാലോചന പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇസ്രയേൽ നടത്തിയ സൈനികാക്രമണത്തിലൂടെ ഇറാനെ തങ്ങളുടെ വരുതിക്കു കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടതോടെ യുഎസ്, ഇപ്പോൾ ഇറാനെ നേരിട്ട് ആക്രമിച്ചിരിക്കുകയാണ്.

ഇറാനുമേലുള്ള മൃഗീയമായ സൈനിക ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് അമേരിക്കൻ സാമ്രാജ്യത്വത്തോട് ഞങ്ങൾ ആവശ്യപ്പെടുന്നു. ഞങ്ങളുടെ അഭിപ്രായത്തിൽ ഈ ആക്രമണം ഇറാനെതിരെ മാത്രമുള്ളതല്ല, മുഴുവൻ മനുഷ്യരാശിക്കും ലോകസമാധാനത്തിനും എതിരെയുള്ളതാണ്. പൈശാചികമായ അമേരിക്കൻ സാമ്രാജ്യത്വശക്തികൾ നടത്തുന്ന, കൊടിയ കുറ്റകൃത്യമെന്ന് കണക്കാക്കാവുന്ന ഈ അധിനിവേശ യുദ്ധത്തിനെതിരെ അണിനിരക്കാനും പ്രതിഷേധ ശബ്ദമുയർത്താനും ലോകത്തെമ്പാടുമുള്ള സമാധാനകാംക്ഷികളായ ജനങ്ങളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Share this post

scroll to top