കൂലിക്കൂടുതലിനും മറ്റവകാശങ്ങൾക്കുമായി തുടക്കംകുറിച്ച ആശമാരുടെ അവകാശപ്പോരാട്ടം അടിസ്ഥാനപരമായി ഒരു തൊഴിലാളി സമരമാണ്. എന്നാൽ ഇന്ന് കേരളീയ സമൂഹത്തെ ആകമാനം സ്പർശിക്കുന്ന ഒരു സാമൂഹ്യ-സാംസ്കാരിക പ്രസ്ഥാനമായി അത് വളർന്നിരിക്കുന്നു. ഒട്ടനവധി സാമൂഹ്യനിരീക്ഷകരും പണ്ഡിതരും ചരിത്രവിദ്യാർത്ഥികളും ഇപ്രകാരം ഒരേസ്വരത്തിൽ ശരിയായി വിലയിരുത്തുന്നു. 130 ദിവസത്തിലധികമായി അണുവിടപോലും തളരാതെ മുന്നേറുന്ന ആശാസമരം നമ്മുടെ സംസ്ഥാനത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ രാഷ്ട്രീയ-സാമൂഹ്യ മണ്ഡലത്തിൽ പുരോഗമനത്തിന്റെ ദിശയിൽ സൃഷ്ടിച്ചിട്ടുള്ള സ്വാധീനം അവഗണിക്കാനാവാത്ത അളവിലുള്ളതാണ്.
നമ്മുടെ സംസ്ഥാനത്തിന്റെ ജനാധിപത്യവൽക്കരണ പ്രക്രിയയുടെ ഉദാത്തമായ ദൗത്യമാണ് ഇന്ന് ആശാസമരം നിറവേറ്റുന്നത്. ജാതി-മത-സങ്കുചിത രാഷ്ട്രീയ ഭേദങ്ങൾക്കെല്ലാം അതീതമായി എല്ലാ നല്ല മനുഷ്യരും ആശാസമരം എന്ന വിശാലവേദിയിൽ ഐക്യപ്പെട്ടിരിക്കുന്നു. ഐക്യദാർഢ്യം പ്രകടിപ്പിക്കുക എന്ന കടമയാലൊതുങ്ങുകയല്ല, മറിച്ച് പൊതുസമൂഹം ആശാസമരത്തിൽ അണിചേരുകയാണ്. ഏതെങ്കിലും ഒരു തൊഴിലാളി സമരത്തെ ഇപ്രകാരം പിന്തുണയ്ക്കുകയും അതിന്റെ ഭാഗമാവുകയും ചെയ്ത ഒരനുഭവവും സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. കൂലിക്കൂടുതലിനുവേണ്ടിയുള്ള അവകാശസമരം, സ്ത്രീസമൂഹ ത്തിന്റെ ഉയിർത്തെഴുന്നേൽപ്പായി മാറുന്ന, നീതിയുടെയും നേരിന്റെയും ചേരിയിൽ അടിയുറച്ചുനിൽക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന, അങ്ങിനെ അടിമുടി സമൂഹചേതനയെ തട്ടിയുണർത്തുന്ന ഒന്നായി വളർന്നിരിക്കുന്നു. കാവൽശക്തിയായും തിരുത്തൽ ശക്തിയായും ഉയരുകയെന്ന ജനാധിപത്യകടമ നിറവേറ്റാൻ ജനങ്ങളെ പ്രാപ്തരാക്കുകയാണ് ആശാ സമരം.
കമ്പോളവ്യവസ്ഥയുടെ അനിവാര്യദുഷ്ഫലങ്ങളിൽ ആണ്ടുമുങ്ങിക്കിടക്കുന്ന സമൂഹത്തിൽ അത് നേരിന്റെയും ധർമ്മത്തിന്റെയും കുളിർവായു പ്രവഹിപ്പിക്കുന്നു. നിരവധി മനുഷ്യരിലേക്ക് ഉയർന്ന സംസ്കാരവും നീതിബോധവും അത് പ്രസരിപ്പിക്കുന്നു. സഹജീവികളുടെ പ്രശ്നങ്ങളോട് മുഖം തിരിച്ചുനിൽക്കുന്ന മുഖ്യപ്രവണതയുള്ള ഒരു സമൂഹത്തിൽ അത് ആർദ്രതയുടെയും കരുണയുടെയും സഹാനുഭൂതിയുടെയും വൈകാരികത ഉണർത്തിയിരിക്കുന്നു. കേരളത്തിന്റെ സമീപകാല ചരിത്രത്തിലൊന്നും കണ്ടിട്ടില്ലാത്തവിധമുള്ള സമരസാഹോദര്യം സംസ്ഥാനമെമ്പാടും രൂപപ്പെട്ടിരിക്കുന്നു. നീതിനിഷേധിക്കപ്പെടുന്ന തികച്ചും ദരിദ്രരായ ഈ സ്ത്രീകളോട് ഹൃദ്യമായ ആദരവും കളങ്കമില്ലാത്ത േസ്നഹവും പ്രഖ്യാപിക്കാൻ അനേകായിരങ്ങൾ മുന്നോട്ടുവരുന്നു. തിരുവനന്തപുരത്തെ സമരകേന്ദ്രത്തിന് ലഭിക്കുന്ന പിന്തുണയും 45 ദിവസം നീണ്ടുനിന്ന രാപകൽ സമരയാത്രയ്ക്കു് ലഭിച്ച വൈകാരികമായ വരവേൽപ്പും പൊതുസമൂഹം ഈ സമരത്തെ നെഞ്ചോട് ചേർത്തുനിർത്തുന്നു എന്നതിന്റെ വിളംബരമായി മാറി.
കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നയിക്കുന്ന ആശാ സമരം, ഇന്ന് ട്രേഡ് യൂണിയനുകൾക്ക് അതീതമായ വിശാലമായ ഒരു സമരവേദിയായി വളർന്നു കഴിഞ്ഞു. സർക്കാർ പ്രചരിപ്പിക്കുന്നതുപോലെ ഇത് ഒരു വിഭാഗം ആശമാരുടെ സമരമല്ല. കേരളത്തിലെ 26,000 ആശമാരും, ഈ സമരം ഉയർത്തുന്ന ആവശ്യങ്ങളെ ഒരൊറ്റ മനസ്സോടെ അംഗീകരിച്ചിരിക്കുന്നു. അതിനാൽ മുഴുവൻ ആശമാരുടെയും മാൻഡേറ്റ് ആശാസമരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ടെന്നത് അനിഷേധ്യമായ വസ്തുതയാണ്. പണിയെടുക്കുന്നവരുടെ ഉരുക്കുപോലുള്ള ഐക്യം ഈ സമരം നേടിക്കഴിഞ്ഞു. എന്തെങ്കിലും കാരണത്താൽ തെരുവിലിറങ്ങാൻ കഴിയാതെ പോകുന്ന ആശമാരും സമരചേരിയിൽ അടിയുറച്ചുനിൽക്കുന്നവരാണെന്ന് ഇനിയെങ്കിലും സർക്കാരിന്റെ ശക്തികൾക്ക് തിരിച്ചറിവ് ഉണ്ടാകണം. കേരളത്തിലെ ആശാപ്രവർത്തകരിലൊരാളു പോലും ഈ സമരത്തിനെതിരല്ല എന്നും മനസ്സിലാക്കണം. സർക്കാരിന്റെയും സർക്കാരിനെ താങ്ങുന്ന യൂണിയന്റെയും സമചിത്തത നഷ്ടപ്പെട്ട ചെയ്തികളും ഭീഷണികളും ഫലമുണ്ടാക്കുമെന്നത് ഒരു വ്യാമോഹം മാത്രമാണ്. ആശാ സമരം സൃഷ്ടിച്ചിട്ടുള്ള തൊഴിലാളിവർഗ്ഗ സബോധത അത്രമേൽ ആഴമാർന്നതാണ്. വരാനിരിക്കുന്ന നിർണ്ണായകമായ തൊഴിലാളി പ്രക്ഷോഭങ്ങളുടെ ഊർജ്ജഉറവിടമായി ആശാ സമരം മാറുന്നത് അതിനാലാണ്.
നമ്മുടെ നാട്ടിലെ തൊഴിലാളി വിഭാഗത്തെ അസാധാരണമായ നിലയിൽ വരിഞ്ഞുമുറുക്കുന്ന നയങ്ങൾക്കും നടപടികൾക്കുമെതിരെ രാജ്യം മുഴുവൻ ആഞ്ഞടിക്കേണ്ട പ്രക്ഷോഭം ഉയർന്നുവരേണ്ടത് അടിയന്തര ആവശ്യകതയാണ്. എങ്ങിനെയാണ് അത് ഉയിർകൊള്ളുക? ഇതാണ് ഏറ്റവും അടിസ്ഥാനപരമായ ചോദ്യം. കെഎസ്ആർറ്റിസി തൊഴിലാളികൾക്ക് ശമ്പളവും പെൻഷനും കഴിഞ്ഞ മൂന്നു വർഷത്തിന്നിടയിൽ എത്രയോ മാസങ്ങളിൽ മുടങ്ങി. ഒരു ചെറുപ്രതിഷേധം പോലും ഉയർത്താനാകാതെ നിശ്ശബ്ദമായി സഹിച്ച് തൊഴിലാളികൾ പണിയെടുക്കുന്നത് നാം കണ്ടു. സിഐറ്റിയു അടക്കമുള്ള യൂണിയനുകൾ മാനേജുമെന്റിനോടൊപ്പം നിന്നുകൊണ്ട് അവിടെ അപകടകരമായ ഒരു കീഴ്‌വഴക്കം സൃഷ്ടിക്കുന്നതും നാം കണ്ടു. സ്ഥാപനത്തിന്റെ നിലനിൽപ്പിന്റെയും ഭാവിയുടെയും പേരുപറഞ്ഞ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി, കീഴ്പ്പെട്ട് പണിയെടുക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ല എന്ന് ഭയപ്പെടുത്തി, അവരുടെ ധാർമ്മികബലത്തെ ആവോളം ചോർത്തി കൂലിയില്ലാതെ പണിയെടുപ്പിക്കുന്ന സമ്പ്രദായം നടപ്പാക്കി. അർഹതപ്പെട്ട വേതനം ഒരു ദിവസത്തേക്കുപോലും വൈകാൻ അനുവദിക്കരുതെന്ന് പഠിപ്പിക്കേണ്ട യൂണിയൻ നേതൃത്വങ്ങൾ, മാനേജുമെന്റിന്റെ ഭാഷ്യങ്ങൾ ആവർത്തിക്കുന്ന വഞ്ചനയുടെ പങ്ക് നിർവഹിച്ചു. കരാർ നിയമനം മാത്രം ലക്ഷ്യമിട്ട് കെഎസ്ആർറ്റിസിക്കുള്ളിൽ സ്വിഫ്റ്റ് എന്ന പേരിൽ പുതിയ കമ്പനി തുടങ്ങി. ഇതിനെല്ലാം അംഗീകൃത യൂണിയനുകൾ ഒത്താശ ചെയ്തു. ഈ ദയനീയമായ പതനത്തിലേക്ക് നയിച്ച തൊഴിലാളി സംഘടനകളാണ് ഇന്ന് ആശമാർക്ക് ഇടതുസർക്കാരിന്റെ പാരമ്പര്യത്തെ സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നത്.
ഭീഷണിപ്പെടുത്തിയും സമരം ചെയ്താലുണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ കാട്ടി പിന്തിരിപ്പിച്ചും സിഐറ്റിയു സംഘടനയ്ക്ക് സ്വാധീനമുള്ള ഏതാണ്ട് എല്ലാ തൊഴിലാളി മേഖലയിലും തൊഴിലാളികളെ നിശ്ശബ്ദമാക്കുകയാണ് ചെയ്യുന്നത്. സങ്കുചിതമായ രാഷ്ട്രീയലക്ഷ്യങ്ങളോടെ നടത്തുന്ന നീചമായ നീക്കങ്ങൾ ദീർകാലാടിസ്ഥാനത്തിൽ തൊഴിലാളി മുന്നേറ്റങ്ങൾക്കും വർഗ്ഗസമരത്തിന് ആകെത്തന്നെയും ഏൽപ്പിക്കുന്ന ആഘാതംവളരെ വലുതാണ്. ഒരു തരം അടിച്ചമർത്തലിനെയും വകവയ്ക്കാത്ത നിർഭയത്വവും ഉയർന്ന ധാർമ്മികബലവുമുള്ള തൊഴിലാളിയുടെ സ്ഥാനത്ത് ഭീരുക്കളും സന്ധിമനോഭാവക്കാരുമായ തൊഴിലാളികളെ സൃഷ്ടിക്കുന്നു. അവിടംകൊണ്ടും അവസാനിക്കുന്നില്ല, എല്ലാ സമീകളും ലംഘിച്ച തൊഴിലാളിദ്രോഹത്തെ വെള്ളപൂശാനും സർക്കാരിന് അനുകൂലമായി കല്ലുവച്ചനുണകൾ പ്രചാരിപ്പിക്കാനും വ്യാജപ്രസ്താവനകൾ നടത്താനും ഇതേ തൊഴിലാളികളെ ശാസിച്ചും ഭയപ്പെടുത്തിയും നിർബന്ധിതമാക്കുകയും ചെയ്യുന്നു. ആത്മനിന്ദയുടെ എത്ര വേദനാകരമായ പതനത്തിലേക്കാണ് ഇവർ തൊഴിലാളികളെ തള്ളിയിട്ടിരിക്കുകയാണ്.
ഇന്ത്യൻ റെയിൽവേയിൽ ജോലിഭാരം നിമിത്തം ലോക്കോ പൈലറ്റുമാർ എൻജിൻ റൂമുകളിൽ കുഴഞ്ഞുവീണുമരിക്കുന്നു. പങ്കാളിത്ത പെൻഷൻ അടിച്ചേൽപ്പിച്ച് രാജ്യമെമ്പാടും ജീവനക്കാർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിഷേധിച്ചു. ലാഭം കൊഴുപ്പിക്കാൻ മുതലാളിമാർ അന്ന സെബാസ്റ്റ്യൻമാരുടെ ജീവനെടുക്കുന്നു. തൊഴിലാളി പ്രക്ഷോഭത്തിന്റെ ശബ്ദം ഒരിടത്തും ഉയരുന്നില്ല. സ്ഥിരജോലി ഏതാണ്ട് പൂർണ്ണമായും അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്നു. അപ്രസന്റിഷിപ്പ്, പഠനത്തിനിടയിൽ ജോലി, ഇന്റേൺഷിപ്പ്, ഫിക്സഡ് ടേം എപ്ലോയ്‌മെന്റ് തുടങ്ങിയ പേരുകളിൽ തുഛപ്രതിഫലം നൽകി യുവാക്കളെ നഗ്നമായ തൊഴിൽചൂഷണത്തിനിരയാക്കുന്ന പുതിയ തൊഴിലുകൾ മാത്രമേ ഇപ്പോഴുള്ളൂ. പിടിച്ചുലക്കുന്ന ഒരു പ്രക്ഷോഭത്തിനായി രാജ്യം മുഴുവൻ കേഴുമ്പോൾ, തൊഴിലാളിവിരുദ്ധമായ ഒരു ചെറുനടപടിയെപ്പോലും തടയാനാകാതെ, ശിരസ്സുകുനിച്ച് സർവ്വാർത്ഥത്തിലും കീഴടങ്ങി പണിയെടുക്കുകയാണ് തൊഴിലാളികൾ.
വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ ചേരിയിൽ നിലയുറപ്പിച്ചുകൊണ്ട് ആശാസമരത്തിനെതിരെ പ്രചാരണം നടത്തുന്ന ഇടതുസുഹൃത്തുക്കളോടും സാംസ്കാരികവ്യക്തിത്വങ്ങളോടും വിനയപൂർവ്വം ഞങ്ങളുയർത്തുന്ന ചോദ്യം, അടിമുടി തൊഴിലാളി വിരുദ്ധമായ ഈ ദുഃസ്ഥിതിയെ തടയാനുള്ള മാർഗ്ഗമെന്താണെന്നതാണ്. തൊഴിലാളികളുടെ പോരാട്ടവീര്യവും ആത്മവിശ്വാസവും വീണ്ടെടുക്കാൻ എന്താണ് വഴി? വ്യവസ്ഥാപിത ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളിൽ വിശ്വാസമർപ്പിച്ച് കാത്തിരുന്നാൽ മതിയോ? വലതുപക്ഷ ട്രേഡ് യൂണിയനുകളിൽ നിന്ന് ഈ നയങ്ങൾക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം പ്രതീക്ഷിക്കാനാവില്ലല്ലോ. പിന്നെ അവശേഷിക്കുന്നത് സിഐറ്റിയു, എഐറ്റിയുസി തുടങ്ങി ഇടതുപക്ഷ യൂണിയനുകൾ എന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്നവരാണല്ലോ. ഒരു മുൻവിധിയും കൂടാതെ, വസ്തുനിഷ്ഠമായി ഇക്കൂട്ടരുടെ ചെയ്തികളെ നാം വിലയിരുത്തിയേ മതിയാകൂ.
നിയോലിബറൽ സാമ്പത്തിക നയങ്ങളുടെ ഭാഗമായി മൂലധനനിക്ഷേപത്തിന് അനുകൂലമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക എന്ന നയമാണ് എല്ലാ സർക്കാരുകളും സ്വീകരിച്ചിട്ടുള്ളത്. അതിന്റെ പേരാണ് ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്’. ഏതാണ്ട് എല്ലാ വ്യവസ്ഥാപിത ട്രേഡ് യൂണിയൻ സംഘടനകളുടെയും നിയോ ലിബറൽ കാലത്തെ ട്രേഡ് യൂണിയൻ പ്രവർത്തനത്തിന്റെ അടിസ്ഥാന സമീപനം മുതലാളിമാർക്ക് പ്രയാസമുണ്ടാക്കാതിരിക്കുക എന്നതാണ്. മൂലധന നിക്ഷേപത്തിനും മൂലധന ശക്തികൾക്കും ഹിതകരമല്ലാത്ത ഒരു നടപടിയും ട്രേഡ് യൂണിയൻ സംഘടനകളിൽനിന്ന് ഉണ്ടാകില്ലെന്ന ഉറപ്പ് നൽകിയാണ് ഈ സംഘടനകൾ നിലകൊള്ളുന്നത്. അതിനാലാണ് കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടയിൽ മൂലധനശക്തികളുടെ അഭീഷ്ടപ്രകാരം നടപ്പാക്കിയ തൊഴിലാളിദ്രോഹ നയങ്ങളിൽ ഒന്നിനെപ്പോലും പരാജയപ്പെടുത്തത്തക്കവിധമുള്ള ഒരു പ്രക്ഷോഭം ഉയർന്നുവരാതിരുന്നത്. രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായി ഒരനുഷ്ഠാനംപോലെ നടത്തുന്ന സമരമല്ല ഇവിടെ വേണ്ടുന്നത്. തിരശ്ശീലക്കു പിന്നിൽ ലോബിയിംഗിലൂടെ യൂണിയൻ നേതൃത്വവും ഭരണാധികാരികളും തമ്മിലുണ്ടാക്കുന്ന ഒത്തുതീർപ്പ് സമരങ്ങളുടെ സ്ഥാനത്ത് തൊഴിലാളിദ്രോഹനയങ്ങളെ പരാജയപ്പെടുത്തിയേ പിൻവാങ്ങൂ എന്ന് പ്രഖ്യാപിക്കുന്ന അചഞ്ചലമായ സമരമാണിവിടെ ഉയരേണ്ടുന്നത്. എവിടെയും അത്തരം പ്രക്ഷോഭങ്ങൾ നാം കാണുന്നില്ല.
കഠിനമായ വേദനയോടെ ഞങ്ങൾ പറയട്ടെ; ഇടതെന്ന പേരിൽ പ്രവർത്തിക്കുന്ന സിഐറ്റിയു എഐറ്റിയുസി തുടങ്ങിയ തൊഴിലാളി സംഘടനകൾ എസ്റ്റാബ്ലിഷ്മെന്റിനോട് പൂർണ്ണമായും വിധേയപ്പെട്ട് അതിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു തൊഴിലാളി സമരത്തിന്റെ ഫലം പരാജയമാണെങ്കിൽത്തന്നെയും വിട്ടുവീഴ്ചയില്ലാത്ത ഒരു ചെറുത്തുനിൽപ്പിന്റെ മാർഗ്ഗം കാട്ടുക എന്നതാണ് ഏതൊരു തൊഴിലാളി സംഘടനയുടെയും കടമ.
ആശാ സമരം ഐതിഹാസികമെന്ന് രേഖപ്പെടുത്തപ്പെടുന്നത് ഈ ചരിത്രകടമ നിറവേറ്റുന്നതിനാലാണ്. മുൻകൂർ രചിക്കുന്ന തിരക്കഥ പ്രകാരം ആടുന്ന പതിവ് നാടകത്തിന്റെ ഗണത്തിൽ ആശാസമരം വരില്ല. അധികാരത്തിൽ സ്വാധീനം ചെലുത്തി, യൂണിയൻ നേതാക്കളുടെ മുഖം രക്ഷിക്കാനായുള്ള ഒത്തുതീർപ്പുകളുടെ പേരിൽ അവസാനിപ്പിക്കാനുള്ള സമരമല്ലിത്. വിട്ടുവീഴ്ചയില്ലാത്ത തൊഴിലാളി സമരത്തിന്റെയും തളരാത്ത പോരാട്ടവീര്യത്തിന്റെ മഹത്തായ മാതൃകയാണീ സമരം. ഏപ്രിൽ മൂന്നിന്റെ ചർച്ചാ നാടകത്തിന്റെ ക്ലൈമാക്സിൽ പ്രഖ്യാപിക്കപ്പെട്ട ‘പ്രശ്നങ്ങൾ പഠിക്കാനായി വിദഗ്ദ്ധസമിതി’ എന്ന പതിവ് പരിഹാരഫോർമുലയിൽ ഈ സമരം കീഴടങ്ങാതിരുന്നത് അതിനാലാണ്. ആ പരിഹാര ഫോർമുലയുടെ പൊള്ളത്തരം കൃത്യതയോടെ മനസ്സിലാക്കിയ നേതൃത്വത്തിന്റെ തൊഴിലാളി വർഗ്ഗബോധമാണ് ആശാസമരത്തെ നയിക്കുന്നത്.
എത്രതന്നെ ക്ലേശങ്ങൾ സഹിക്കേണ്ടി വന്നാലും എന്തുതന്നെ നഷ്ടപ്പെടേണ്ടി വന്നാലും തൊഴിലവകാശങ്ങൾ ഹനിക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ല എന്നൊരു നിലപാട് സ്വീകരിക്കാൻ വ്യവസ്ഥാപിത യൂണിയൻ നേതൃത്വങ്ങളൊന്നും തയ്യാറാകുന്നില്ല. ഇടതുസുഹൃത്തുക്കൾ നമ്മോടാവശ്യപ്പെടുന്നത് സമ്പൂർണ്ണമായി കീഴടങ്ങാനാണോ? സമരങ്ങൾ മൂലധനനിക്ഷേപത്തെ അകറ്റിക്കളയും, ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സി’ന്റെ താൽപ്പര്യങ്ങൾക്കെതിരാണ്, വ്യവസായങ്ങൾ സംസ്ഥാനം വിടും ഈ വാദങ്ങൾ ഉയർത്തുന്നവർ ഈ സംസ്ഥാനത്തെ തൊഴിലാളികളോട് ആവശ്യപ്പെടുന്നത് എന്താണ്? ഇന്ന് ഈ ദ്രോഹങ്ങളെല്ലാം സഹിച്ച് നാവടക്കി, നടുവൊടിഞ്ഞ് പണിയെടുത്താൽ നാളെകളിൽ ഇവയെല്ലാം പരിഹരിക്കപ്പെടുമെന്നാണോ ഇക്കൂട്ടർ നമ്മെ പഠിപ്പിക്കുന്നത്? മനുഷ്യനായിപ്പോലും തൊഴിലാളികളെ ഗണിക്കാത്ത, നിർദ്ദയമായ കോർപ്പറേറ്റ് ചൂഷണത്തെ അവസാനിപ്പിക്കാൻ ഒരു പ്രക്ഷോഭം ഏതെങ്കിലും മേഖലയിൽ ഉയർന്നുവന്നേ പറ്റൂ. ഇത്തരമൊരു സാഹചര്യത്തിൽ പടുത്തുയർത്തപ്പെടുകയും കീഴടങ്ങാതെ മുന്നോട്ടു പോവുകയും ചെയ്യുന്നു എന്നതാണ് ആശാസമരം നിറവേറ്റുന്ന അതീവപ്രധാനമായ ചരിത്രകടമ. ഇടതെന്ന് സാക്ഷ്യപ്പെടുത്തുന്ന ഏതൊരു ശക്തിയും ഒരു നിമിഷം പോലും വൈകാതെ, ഒരു വമ്പൻ തൊഴിലാളി മുന്നേറ്റമാക്കി അതിനെ വിജയത്തിലേക്ക് വളർത്തിയെടുക്കാൻ മുഴുവൻ പ്രയത്നവും സമാഹരിക്കുകയാണ് വേണ്ടുന്നത്.
ആശാ സമരം വിജയതീരമണഞ്ഞാൽ സംഘടിത തൊഴിലാളി മുന്നേറ്റത്തിന് അത് പകരുന്ന ഗതിവേഗം നിയോലിബറൽ കാലത്തെ ചൂഷണത്തിന് കനത്ത ആഘാതം സൃഷ്ടിക്കും. തൊഴിലിനെ സന്നദ്ധ പ്രവർത്തനമാക്കി പരിവർത്തനപ്പെടുത്തി ലക്ഷക്കണക്കിന് തൊഴിലാളികളുടെ പ്രത്യേകിച്ചും സ്ത്രീകളുടെ അദ്ധ്വാനത്തെ ദയാരഹിതമായി അപഹരിക്കുന്ന സമ്പ്രദായത്തെ എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ അത് വഴി തെളിക്കും. ആശാ സമരം നിർവ്വഹിക്കുന്നത് ചരിത്രപ്രധാനമായ ഈ രാഷ്ട്രീയ കടമയാണ്. തൊഴിലാളി മുന്നേറ്റങ്ങൾക്ക് നിർണ്ണായകമായ മേൽക്കൈയും നായകത്വവും ലഭിക്കുന്ന സാഹചര്യം ആശാ സമരത്തിന്റെ വിജയം സൃഷ്ടിക്കും. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി നാം പുരോഗമനവിശ്വാസികൾ കാത്തിരിക്കുന്നത് ഇത്തരമൊരു പ്രക്ഷോഭത്തിന്റെ വിജയത്തിനുവേണ്ടിയാണ്. ഇടതുരാഷ്ട്രീയം അപരാജിതമായ ഒന്നായി ഉയർന്നുവരാൻ ആശാസമരം വഴിയൊരുക്കുകയാണെന്ന ചരിത്രവസ്തുത തിരിച്ചറിയാൻ സിപിഐ(എം)ന്റെ സത്യസന്ധരായ അണികളോട് ഞങ്ങൾ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. ആശാ സമരത്തെ ശത്രുതാമനോഭാവത്തോടെ എതിർക്കുന്ന സിപിഐ(എം) നേതൃത്വത്തിന്റെ സമീപനം, ഇടതുരാഷ്ട്രീയത്തോട് പൊതുവിലും തൊഴിലാളിപക്ഷത്തോട് സവിശേഷമായും തങ്ങൾക്ക് ഒരു പ്രതിബദ്ധതയുമില്ലെന്ന് അസന്നിഗ്ദ്ധമായി തെളിയിക്കുകയാണ്. അങ്ങിനെ രാജ്യത്തെ യഥാർത്ഥ ഇടതു സമര ശക്തികൾ ആരാണെന്ന് തിരിച്ചറിയാനിടവരുത്തുന്ന ഒന്നായും ആശാ സമരം മാറുകയാണ്.
