മുതലാളിമാരുടെ ലാഭം വർദ്ധിപ്പിക്കാൻ ഡൽഹിയെ ഗ്യാസ് ചേംബർ ആക്കുന്നു

Delhi-fog-1.jpg
Share

മഞ്ഞുകാലം വരുന്നതോടെ രാജ്യ തലസ്ഥാനമായ ഡൽഹി വായു മലിനീകരണംമൂലം ഒരു ഗ്യാസ് ചേമ്പറായി മാറുകയാണ്. കഴിഞ്ഞ നവംബർ, ഡിസംബര്‍ മാസങ്ങളിലും സ്ഥിതി ഒട്ടും വ്യത്യസ്തമായിരുന്നില്ല, മറിച്ച്് വഷളായെങ്കിലേയുള്ളൂ. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, കണ്ണെരിച്ചിൽ, തൊണ്ട വരളുന്ന സ്ഥിതി ഒക്കെയുണ്ട്. നട്ടുച്ചയ്ക്കും 100 മീറ്റർ അകലെയുള്ള വീടുകൾപോലും ദൃശ്യമല്ല. രാവിലെ സംസ്ഥാനത്തിന്റെ വടക്കുഭാഗം മുഴുവൻ മൂടൽമഞ്ഞ് നിറഞ്ഞിരിക്കും. പല സ്ഥലത്തും ഒന്നും കാണാനാവില്ല. ട്രെയിൻ, വിമാനയാത്രകൾ ഒക്കെ തടസ്സപ്പെടുന്നു. ഡൽഹിക്കും അനന്തവിഹാറിനും ഇടയിൽ ട്രെയിനുകൾ രണ്ട് മുതൽ ഒമ്പത് മണിക്കൂർ വരെ വൈകി ഓടുന്നു. ശരിക്കും ഒരു ഗ്യാസ് ചേമ്പർ തന്നെ.

ഗ്യാസ് ചേമ്പറിന്റെ വാതുക്കൽ ഹിറ്റ്ലർ – ഗോറിംഗ്‌- ഗീബൽസുമാർ ഒന്നുമില്ല. എന്നാൽ ഡൽഹി നിവാസികൾക്ക് ഈ ഗ്യാസ് ചേമ്പറിൽനിന്ന് ജീവനോടെ പുറത്തു കടക്കാനാവില്ല. വിഷവായുശ്വസിച്ച് അവരുടെ ആയുസ്സ് കുറഞ്ഞു കൊണ്ടിരിക്കുകയാണ്. വായു ഗുണനിലവാര സൂചിക 400ന് മുകളിലാണെങ്കിൽ അത് ഗുരുതരമായാണ് കണക്കാക്കുക. എന്നാൽ ഡൽഹിയിൽ പല സ്ഥലത്തും ഇത് മാരകമാംവിധം 800നും 1200നും ഇടയിലാണ് എന്ന് സ്വിറ്റ്സർലൻഡിലെ എയർ ടെക്നോളജി കമ്പനിയായ ഐക്യു എയർ പറയുന്നു. അനന്തവിഹാർ, ദ്വാരക സെക്ടർ 8, വസന്ത വിഹാർ ബ്ലോക്ക് സി എന്നിവിടങ്ങളിൽ ഇത് യഥാക്രമം 1105, 1057, 1041 എന്നിങ്ങനെയാണ്. ഒരു ദിവസം വൈകുന്നേരം ഇത് 1700നു മുകളിലേക്ക് ഉയർന്നു. ഇതുമൂലം ഓക്സിജന്റെ അളവ് കുറയുകയും പൊടിയുടെയും കാർബണിന്റെയും അളവ് കൂടുകയും ചെയ്യും. പുകയടങ്ങിയ മൂടൽമഞ്ഞ് ശ്വസിക്കുമ്പോൾ ശ്വാസകോശത്തിൽ എത്തുന്ന വായു, ഹൃദയസംബന്ധമായതടക്കം മാരക രോഗങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞ ഒരു ദശാബ്ദകാലമായി ഇത് തുടരുകയാണ്. മൂന്നു കോടിയിലേറെ ആളുകൾ പാർക്കുന്ന ഒരു നഗരത്തിൽ ഈ സ്ഥിതി മാസങ്ങളോളം തുടരുമ്പോൾ ന്യൂറോ സംബന്ധമായ രോഗങ്ങൾ, ഹൃദ്രോഗം, ശ്വാസതടസ്സം, ശ്വാസകോശത്തിന് ശേഷിക്കുറവ്, എന്തിന് ക്യാൻസർപോലും വരാൻ സാധ്യതയുണ്ട്. അസമത്വം നിലനിൽക്കുന്ന ഒരു സമൂഹത്തിൽ, ഇത് സാമൂഹികമായ അസമത്വങ്ങൾ വർധിക്കാനും ഇടയാക്കുന്നു. അയൽ സംസ്ഥാനമായ ഹരിയാനയിൽ മലിനീകരണ നിരക്ക് 631 ആണ്. അതായത് ഒരു ദിവസം 33.25 സിഗരറ്റ് വലിക്കുന്നതിന് തുല്യം. ഇത് അപായകരമല്ല, ഭീകരമായ അവസ്ഥയാണ്. കഴിഞ്ഞ നവംബർ 18ന് ഇത് അങ്ങേയറ്റം അപകടകരമായ നിലയിലെത്തി. മലിനീകരണത്തെ നേരിടാനുള്ള ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ മൂന്നാം ലെവൽ നടപടികളാണ് ഡൽഹി അതുവരെ കൈക്കൊണ്ടിരുന്നത്. എന്നാൽ അന്ന് നാലാം ലെവൽ പദ്ധതി ആവിഷ്കരിക്കേണ്ടിവന്നു. എന്നിട്ടും കാര്യമായ പുരോഗതി ഉണ്ടായില്ല.


അടിയന്തര നടപടികളൊക്കെ നിഷ്ഫലമായി


2019 മാർച്ചിൽ, ഡൽഹിയിലെ വായു മലിനീകരണത്തെ നേരിടാൻ വനം- പരിസ്ഥിതി-കാലാവസ്ഥാവ്യതിയാനം വകുപ്പ് സമഗ്രമായ ഒരു കർമ്മപദ്ധതി തയ്യാറാക്കുകയുണ്ടായി. വാഹനങ്ങൾ പുറന്തള്ളുന്ന പുക, റോഡിലുള്ള വാഹനങ്ങളുടെ എണ്ണം, നിർമ്മാണ മേഖലയിൽ പുറന്തള്ളുന്ന പൊടി തുടങ്ങിയവയുടെയൊക്കെ കാര്യത്തിൽ പല നിയന്ത്രണങ്ങളും ഏർപ്പെടുത്തി. എന്നിട്ടും പ്രകടമായ മാറ്റമൊന്നും ഉണ്ടായില്ല. 2019 നവംബറിൽ, ഈ വിഷയത്തിൽ സുപ്രീം കോടതി പറഞ്ഞത് ഡൽഹി ഒരു ഗ്യാസ് ചേംബറിന് സമാനമായിരിക്കുന്നു, ഇവിടെ ജീവിക്കാതിരിക്കുകയാണ് ഭേദം എന്നാണ്. കർമ്മ പദ്ധതി പ്രകാരം ഇനി എന്താണ് ചെയ്യാനുള്ളത് ? മലിനീകരണം നിയന്ത്രിക്കാൻ എന്തു ചെയ്യാൻ കഴിയും?നടപടികൾ കാര്യക്ഷമമല്ല എന്നൊക്കെ കോടതി അഭിപ്രായപ്പെട്ടു. ലോകാരോഗ്യ സംഘടന പറയുന്ന പരമാവധി നിലയേക്കാൾ 20 മടങ്ങ് അധികമായിരുന്നു അന്ന് മലിനീകരണം. സ്കൂളുകൾ അടച്ചു. നിർമ്മാണ പ്രവൃത്തികൾ നിർത്തിവച്ചു. ഡീസൽ കാറുകൾ നിരോധിച്ചു. മിക്കവാറും ഗവൺമെന്റ് ബസ്സുകളും ഓട്ടോറിക്ഷകളും നാല് ചക്ര വാഹനങ്ങളുമൊക്കെ പ്രകൃതി വാതകം (സിഎൻജി) ഉപയോഗിച്ചാണ് ഓടുന്നത്. അല്ലാത്ത കാറുകൾ പെട്രോളിലും. മെട്രോ റെയിൽ ഡൽഹിയിൽ എല്ലായിടത്തും ഉണ്ട്. പടക്കങ്ങൾപോലും നിരോധിച്ചിരിക്കുന്നു. കർമ്മപദ്ധതി നടപ്പിലാക്കുന്നത് വൈകിപ്പിക്കുന്നതിന്റെ പേരിൽ സുപ്രീംകോടതി ഡൽഹിയിലെ ആം ആദ്മി ഗവൺമെന്റിനെയും കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിനെയും ശാസിക്കുകയുണ്ടായി. മലിനീകരണ ലെവൽ 400 ആയാൽ ഗ്രേഡ് ഫോർ സുരക്ഷാക്രമീകര ണങ്ങൾ പിന്തുടരണം എന്നാണ് കോടതിയുടെ വിധി. അതായത് 10, 12 ക്ലാസുകൾ ഒഴികെയുള്ളവ ഓൺലൈനിൽ ആയിരിക്കണം. നിർമ്മാണ പ്രവർത്തനങ്ങളൊക്കെ നിർത്തിവയ്ക്കണം. അടിയന്തര സേവനങ്ങൾക്ക് അല്ലാതെ ചരക്ക് വാഹനങ്ങൾ ഒന്നും തലസ്ഥാനനഗരിയിലേക്ക് പ്രവേശിക്കരുത്. 50% സർക്കാർ ജീവനക്കാർ ‘വർക്ക് ഫ്രം ഹോം’ ആയിരിക്കണം. എന്നാൽ മലിനീകരണം ജനങ്ങളെ ഭവനങ്ങളിൽ ഒതുങ്ങിക്കൂടാൻ നിർബന്ധിതരാക്കുകയും തൊഴിൽരഹിതരാക്കുകയും ചെയ്യും എന്നതൊരു വസ്തുതയാണ്. തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, ചെറുകിട കച്ചവടക്കാർ, ഓഫീസ് ജീവനക്കാർ, അവശ്യ മേഖലകളിൽ പണിയെടുക്കുന്നവർ, ട്രാഫിക് പോലീസ് തുടങ്ങിയവരെയാണ് ഇത് ഏറ്റവുമധികം ബാധിച്ചത്. എന്നാൽ ഈ കർമ്മ പദ്ധതികൾക്ക് സാഹചര്യം മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടോ ? ഇല്ലെന്നു മാത്രമല്ല, സാഹചര്യം വഷളായി കൊണ്ടിരിക്കുകയുമാണ്. അസഹനീയമായ നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. ജനങ്ങളിൽ അസംതൃപ്തി പടരുകയാണ്.


പഴിചാരൽ വ്യായാമം


ആരാണ് ഈ സ്ഥിതിക്ക് ഉത്തരവാദി എന്ന കാര്യത്തിൽ ബിജെപിയും പ്രതിപക്ഷത്തുള്ള എഎപിയും കോൺഗ്രസും പരസ്പരം പഴിചാരുകയാണ്. കേന്ദ്രം ബിജെപി ഭരിക്കുന്നു. ഡൽഹിയാണ് അവരുടെ തലസ്ഥാനം. ക്രമസമാധാന ചുമതല സംസ്ഥാന സർക്കാരിന് കൊടുക്കാൻ അവർ തയ്യാറല്ല. മൂന്നുതവണ തുടർച്ചയായി ഡൽഹി ഭരിക്കുന്നത് ആം ആദ്മി പാർട്ടിയാണ്. ഗതാഗതം, വ്യവസായം, പരിസ്ഥിതി-മലിനീകരണ നിയന്ത്രണ വകുപ്പുകൾ ഒക്കെ അവരുടെ കൈയിലാണ്. ഇവർ പരസ്പരം കുറ്റാരോപണം നടത്തുന്നു. ബിജെപി നിയമിച്ച ഡൽഹി ലെഫ്റ്റനന്റ് ജനറൽ വി.കെ.സക്സേന പറയുന്നത് ഈ സ്ഥിതിക്ക് കാരണം എഎപി സർക്കാരിന്റെ തികഞ്ഞ അനാസ്ഥ ആണെന്നത്രേ. ബിജെപി നേതാവ് ഷഹസാദ് പൂനെവാല പറയുന്നു: “ഡൽഹി ഒരു ഗ്യാസ് ചേമ്പർ ആയിരിക്കുന്നു. പഞ്ചാബിൽ കർഷകർ വിളവെടുപ്പ് കഴിഞ്ഞ് ചെടികളുടെ കച്ചി കത്തിക്കുന്നതാണ് പ്രശ്ന കാരണം എന്നാണ് എഎപി പറയുന്നത്. പഞ്ചാബിൽ ഇത്തരം 6000 സംഭവങ്ങളുണ്ട്. എന്നാൽ അവർ മൗനം പാലിക്കുന്നു. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് ഹരിയാനയെയും യുപിയെയുമൊക്കെയാണ് അവർ കുറ്റപ്പെടുത്തുന്നത്. എന്നാൽ ആഭ്യന്തര കാരണങ്ങളെക്കുറിച്ച് അവർ മിണ്ടുന്നില്ല. ഡൽഹിയിലെ വായു മലിനീകരണത്തിന്റെ കാര്യമായാലും യമുനാ നദിയിലെ മാലിന്യത്തിന്റെ കാര്യമായാലും എഎപി ആണ് ഉത്തരവാദികൾ.” എന്നാൽ എഎപി മുഖ്യമന്ത്രി അഷിതി മർലേന കേന്ദ്രഗവൺമെന്റിനെയാണ് കുറ്റപ്പെടു ത്തുന്നത്. “കേന്ദ്രത്തിന്റെ നിഷ്ക്രിയത്വംമൂലം ജനങ്ങൾക്ക് ശ്വാസം മുട്ടുകയാണ്. ഉത്തരേന്ത്യയിലെ നഗരങ്ങളും മലിനീകരണം നേരിടുന്നു. എന്നാൽ കേന്ദ്രം എന്തു ചെയ്യുന്നു. എഎപി ഭരിക്കുന്ന പഞ്ചാബ് മാത്രമാണ് കുറ്റി കത്തിക്കുന്നത് കുറച്ചിട്ടുള്ളത്. മറ്റുള്ളവർക്കെതിരെ കേന്ദ്രം എന്തുകൊണ്ട് നടപടി എടുക്കുന്നില്ല?”


എന്തുകൊണ്ട് മലിനീകരണം


എന്തുകൊണ്ട് മലിനീകരണം ഉണ്ടാകുന്നു എന്നതാണ് അടിസ്ഥാന കാര്യം. പഞ്ചാബിലും ഹരിയാനയിലും കച്ചിക്കുറ്റി കത്തിക്കുന്നത് ഒന്നാമത്തെ കാരണമായി കണക്കാക്കുന്നു. എന്നാൽ ഡൽഹി കേന്ദ്രമാക്കിയുള്ള സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് പഠനം പറയുന്നത് ഇത് മലിനീകരണത്തിന്റെ എട്ട് ശതമാനത്തിനു മാത്രമേ കാരണം ആകുന്നുള്ളൂ എന്നാണ്. ഡിസംബർ മാസത്തിൽ കച്ചി കത്തിക്കുന്നില്ല. എന്നിട്ടും അന്തരീക്ഷ മലിനീകരണമുണ്ട്. വാഹനങ്ങളുടെ പുകയുടെ കാര്യവും ഇങ്ങനെതന്നെയാണ്. കാരണം ഡീസൽ ഉപയോഗിക്കുന്ന വാഹനങ്ങൾ നിരത്തിലില്ല. മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉല്പാദിപ്പിക്കുന്നതിനായി കോൺഗ്രസ് ഭരണകാലത്ത് തുടങ്ങിയ പ്ലാന്റുകൾ മലിനീകരണം നടത്തുന്നുണ്ട്. പടക്കം പൊട്ടിക്കുമ്പോൾ വിഷപ്പുക ഉണ്ടാകുന്നുണ്ട്. ഉത്സവകാലത്തുവരുന്ന ആഘോഷങ്ങളിലെല്ലാം പടക്കം പൊട്ടിക്കലുണ്ട്. സമ്പന്നരുടെ വിവാഹങ്ങളിലും ഇതൊരു ആചാരമായിട്ടുണ്ട്. എന്തൊക്കെ നിയന്ത്രണങ്ങളും വിലക്കുകളും ഉണ്ടെങ്കിലും ഇത് നിർബാധം തുടരുന്നു. ഇത് മലിനീകരണത്തിന്റെ നിർണായകമായ ഒരു പങ്കുവഹിക്കുന്നു.


എന്നാൽ ഭരണകക്ഷികളൊക്കെ യഥാർത്ഥ കാരണം മൂടിവയ്ക്കുന്നു. ഡൽഹിയിലും ചുറ്റിലുമുള്ള ഫാക്ടറികളിൽ നിന്ന് പുറന്തള്ളുന്ന വിഷപ്പുകയാണ് പ്രധാനകാരണം. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഇത്തരം ഫാക്ടറികളുടെ എണ്ണം വളരെ വർധിച്ചിട്ടുണ്ട്. മുന്ദ്ക വ്യവസായ മേഖല, നൻഗ്ലോയ്, ദ്വാരക തുടങ്ങിയ സ്ഥലങ്ങളിലൊക്കെ പുതുതായി ധാരാളം ഫാക്ടറികൾ വരികയും അത് സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്തിട്ടുണ്ട്. ഫരീദാബാദ് വ്യവസായ മേഖലയും ഡൽഹിക്കടുത്താണ്. മലിനീകരണ നിയന്ത്രണ കാര്യത്തിൽ യാതൊരു വ്യവസ്ഥയുമില്ലാതെ വ്യവസായങ്ങൾ ആരംഭിക്കാൻ അനുമതി നൽകുന്നു. അവർ മലിനീകരണ നിയന്ത്രണ വ്യവസ്ഥകൾ കാറ്റിൽപറത്തി വിലസുന്നു. ഭരണകക്ഷികൾ കാഴ്ചക്കാരായി നിൽക്കുന്നു. പുതിയ വ്യവസായങ്ങൾ ആരംഭിക്കാനായി പരിസ്ഥിതി സംരക്ഷണ നിയമങ്ങൾപോലും ഭേദഗതി ചെയ്യുന്നു. മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കുന്ന തിനുള്ള ചിലവ് ഒഴിവാക്കി മുതലാളിമാർ ലാഭം പെരുപ്പിക്കുന്നു.
രണ്ടാമത്തെത് ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ്. നദീതീരങ്ങളിൽ വായു സഞ്ചാരം കുറവായിരിക്കും. ചൂടുള്ള വായുവിന്റെ മുകളിൽ ഒരു പുതപ്പുപോലെ ഈർപ്പമുള്ള വായു തങ്ങിനിൽക്കുന്നു. അതുകൊണ്ട് ഇർപ്പം കുറഞ്ഞ വായുവിന്റെ മലിനീകരണം വർദ്ധിക്കുന്നു. മൂന്നാമത്തേത് താപനിലയങ്ങളുടെ സാന്നിധ്യമാണ്. നാലാമത്തേത്, ഗാസിപൂർ മേഖലയിൽനിന്ന് മൂന്നു മില്യൻ മാലിന്യവും മേഖലയിൽ നിന്ന് രണ്ടു മില്യൻ മാലിന്യവും നീക്കം ചെയ്യാൻ ഉതകുന്ന ബയോ മൈനിംഗ് പ്രോജക്ടിന് അനുമതി നൽകാത്തതാണ്. അഞ്ചാമതായി അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പല വാഹനങ്ങളും ഇപ്പോഴും നിയന്ത്രണം ലംഘിച്ച് സഞ്ചരിക്കുന്നു. കോവിഡ് 19ന്റെ ലോക്ക് ഡൗൺ കാലത്ത് ഡൽഹിയിൽ വായുമലിനീകരണം ഒട്ടും ഉണ്ടായിരുന്നില്ല. ഇത് വ്യക്തമാക്കുന്നത് ഫാക്ടറികളിൽ നിന്നുള്ള മലിനീകരണം, മാലിന്യനിർമാർജനം, വാഹന ഗതാഗതം തുടങ്ങിയ ആഭ്യന്തര കാരണങ്ങളാണ് മലിനീകരണത്തിനിടയാക്കുന്നത് എന്നത്രേ. ഈ ഘടകങ്ങളെല്ലാം ചേർന്നാണ് ഡൽഹിയെ ഒരു ഗ്യാസ് ചേംബർ ആക്കുന്നത്, ഇതിന്റെകെടുതികൾ അനുഭവിക്കുന്നതാകട്ടെ സാധാരണ ജനങ്ങളും.


വ്യവസായശാലകളിലും നിർമ്മാണ രംഗത്തുമൊക്കെയായി ധാരാളം ഇതര സംസ്ഥാന തൊഴിലാളികൾ, ഡൽഹിയിൽ പണിയെടുക്കുന്നുണ്ട്. ധാരാളം ചെറുകിട കച്ചവടക്കാരും വഴിവാണിഭക്കാരുമൊക്കെയുണ്ട്.ഇവരൊക്കെ ഈ വായു മലിനീകരണം മൂലം രോഗികളായിക്കൊണ്ടിരിക്കുകയാണ്. “ഈ നരകത്തിൽ ജീവിക്കുന്നതും പണിയെടുക്കുന്നതും ഇവിടുത്തെ വിഷപ്പുകശ്വസിക്കുന്നതുപോലെ കഠിനമായി തീർന്നിരിക്കുന്നു” എന്നാണ് ദരിദ്രനായ ഒരു തൊഴിലാളി പറഞ്ഞത്. നാട്ടിലേക്ക് മടങ്ങിച്ചെന്നാൽ തൊഴിലില്ല എന്നതിനാൽ ഇവർക്ക് ഡൽഹി വിട്ടു പോകാനുമാകുന്നില്ല. മാത്രമല്ല, പണിയില്ലാതായാൽ കുടുംബവും പട്ടിണി കിടന്ന് മരിക്കുകയെ നിവൃത്തിയുള്ളൂ. നാലുമണിക്കൂർ മുന്നറിയിപ്പിൽ നഗരം അടച്ചിട്ടപ്പോൾ ഇവരുടെ ദുരിതം നമ്മൾ കണ്ടതാണ്. അന്ന് അനേകായിരങ്ങൾ വിശന്നു വലഞ്ഞു പൊരിവെയിലത്ത് ചെരിപ്പുപോലുമില്ലാതെ പലായനം ചെയ്യുന്നത്, കൊടുംകാട്ടിലൂടെയും മറ്റും ജീവൻ തൃണവൽഗ്ഗണിച്ച്, രോഗങ്ങളെ പോലും അവഗണിച്ച് നടന്നത് രാജ്യം കണ്ടുനിന്നു. എന്നാൽ ഇതിലും എത്രയോ ഇരട്ടി പേരാണ് നാട്ടിലേക്ക് പോകാതെ നഗരങ്ങളിൽ ആട്ടിൻപറ്റങ്ങളെ പോലെ കൊടിയ യാതനകളുമായി കഴിഞ്ഞു കൂടിയത്. മുതലാളിത്ത ഇന്ത്യയിൽ ദരിദ്രന്റെ സ്ഥിതി,ഡൽഹിയിൽ മാത്രമല്ല ഏതു നഗരത്തിലും ഇതൊക്കെ തന്നെയാണ്. ഇന്ത്യയിൽ ഒരു വർഷം 2.18 ദശലക്ഷം പേർ വായു മലിനീകരണം മൂലം മരിക്കുന്നുണ്ട് എന്നാണ് കണക്ക്. ഇന്ത്യയുടെ ജനസംഖ്യയിൽ 40 ശതമാനം അതായത് 51 കോടിയാളുകൾ ഉത്തരേന്ത്യയിൽ വസിക്കുന്നു. ഇവർക്ക് ശരാശരി 76 വർഷത്തെ ആയുസ്സ് ആകുന്നുണ്ട്. മറ്റുള്ളവർ സൃഷ്ടിക്കുന്ന മലിനീകരണത്തിന്റെ കെടുതികൾ അധികവും താങ്ങേണ്ടിവരുന്നത് ദരിദ്രർക്കാണെന്നും 2021ൽ യേൽ സ്കൂൾ ഓഫ് ദി എന്‍വേൺമെന്റിലെ അസോസിയേറ്റ് പ്രൊഫസറായ നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള പഠനം വ്യക്തമാക്കുന്നു.


പ്രശ്നം അപരിഹാര്യമല്ല


വ്യവസായശാലകളിൽ മലിനീകരണ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തണമെന്ന നിയമം കർശനമായി നടപ്പിലാക്കണം. താപവൈദ്യുത നിലയങ്ങൾ കഴിവതും വേഗം അടച്ചുപൂട്ടി, വൈദ്യുതി ഉൽപാദനത്തിന് പാരമ്പര്യേതര സ്രോതസ്സുകൾ ഉപയോഗപ്പെടുത്തണം. മാലിന്യ നിർമാർജനത്തിലും കച്ചിക്കുറ്റി കത്തിക്കുന്ന കാര്യത്തിലും ശാസ്ത്രീയമായ മാർഗങ്ങൾ അവലംബിക്കണം. ഇങ്ങനെയൊക്കെ ചെയ്താൽ, ഈ മരണ കിണറിൽനിന്ന് കരകയറാവുന്നതേയുള്ളൂ. എന്നാൽ തലസ്ഥാനനഗരിയിലെ ഈ മാരകമായ മലിനീകരണത്തിന്റെ കാര്യത്തിൽ നരേന്ദ്രമോദി നയിക്കുന്ന ബിജെപി ഗവൺമെന്റിന് യാതൊരു പരിഗണനയുമില്ല. പുതിയ പാർലമെന്റ് മന്ദിരം പ്രദർശിപ്പിക്കുന്നതിലും വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കുന്നതിലും മെട്രോ റെയിൽ യാത്ര സാധാരണക്കാരന് താങ്ങാന്‍ കഴിയാത്തതാക്കും വിധം ചാർജ് കുത്തനെ കൂട്ടുന്നതിലും ഫ്ലൈ ഓവറുകൾ പണിയുന്നതിലും റോഡ് നിർമ്മാണത്തിൽ അത്യാധുനിക മാർഗ്ഗങ്ങൾ അവലംബിക്കുമെന്ന് വീമ്പിളക്കുന്നതിലുമൊക്കെയാണ് മോദിക്ക് കൂടുതൽ താല്പര്യം.
വെള്ളം തളിക്കുക, നഗരത്തിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രങ്ങള്‍ ഏർപ്പെടുത്തുക എന്നീ താല്‍ക്കാലിക നടപടികളാണ് ഗവൺമെന്റ് കൈക്കൊള്ളുന്നത്. ഗുരുതരമായ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കുന്ന നടപടികളൊന്നും കൈക്കൊള്ളുന്നില്ല. പ്രധാനമന്ത്രിയെ വിശ്വഗുരു എന്ന വാഴ്ത്തുകയാണിപ്പോൾ. എന്നാൽ തലസ്ഥാന നഗരി ലോകത്തെ ഏറ്റവും മലിനമായ നഗരമായി രേഖപ്പെടുത്തപ്പെട്ടതിൽ ഈ വാഴ്ത്തുപാട്ടുകാർക്ക് ലജ്ജയേതുമില്ല. 1952 ഡിസംബർ 5 മുതൽ 9 വരെ ലണ്ടൻ നഗരത്തിൽ സംഭവിച്ച ഭീകരമായ ദുരന്തം നമുക്ക് മറക്കാനാവില്ല. വ്യവസായശാലകളിൽ നിന്നുള്ള മാലിന്യങ്ങളും കാലാവസ്ഥ ഘടകങ്ങളും ചേർന്ന് സൃഷ്ടിച്ച ആ പുകമഞ്ഞ് ദുരന്തത്തിൽ, 10000 മുതൽ 12000 പേർ വരെയാണ് മരിച്ചത്. ഇന്ത്യയിലും ഇത്തരം ഒരു ദുരന്തത്തിലേക്ക് ജനങ്ങളെ നയിക്കാനാണോ നമ്മുടെ ഗവൺമെന്റ് ശ്രമിക്കുന്നത്? മുതലാളിമാരുടെ ലാഭം പെരുക്കുന്നതിനാണോ കോടിക്കണക്കിനു മനുഷ്യരുടെ ജീവനാണോ,ഏതിനാണ് കൂടുതൽ പ്രാധാന്യം കൽപ്പിക്കേണ്ടത്?

Share this post

scroll to top