സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിലെത്തി നിൽക്കുമ്പോഴാണ്, ധനമന്ത്രി കെ.എൻ. ബാലഗോപാൽ എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. പുറമേക്ക് നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളുടെയും പദ്ധതികളുടെയും പാക്കേജ് എന്നു തോന്നാമെങ്കിലും, എന്താണ് യാഥാർത്ഥ്യം? നിയമസഭയുടെയും സർക്കാരിന്റെയും കാലാവധി മേയിൽ അവസാനിക്കുകയാണ്. മാർച്ചിലോ ഏപ്രിലിലോ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കാം. കാലാവധി ഏറെക്കുറെ കഴിഞ്ഞ സർക്കാരുകൾ സാധാരണഗതിയിൽ ഇങ്ങനെ അവസാന മാസങ്ങളിൽ സമ്പൂർണബജറ്റുകൾ അവതരിപ്പിക്കാറില്ല. വോട്ട് ഓൺ അക്കൗണ്ട് പാസാക്കി, അടുത്ത സർക്കാർ ബജറ്റ് അവതരിപ്പിക്കുകയാണ് പതിവ്. ആ പതിവ് തെറ്റിച്ച് ഇത്തവണ ഇത്രയധികം വാഗ്ദാനങ്ങൾ നിറഞ്ഞ, നടപ്പാക്കാൻ യാതൊരു സാധ്യതയുമില്ലാത്ത പൂർണബജറ്റ് അവതരിപ്പിച്ചത്, തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നിലവാരമില്ലാത്ത ഒരു രാഷ്ട്രീയക്കളി മാത്രമാണ്.
ഊതിപ്പെരുപ്പിച്ച കണക്കുകളും പൊള്ളയായ വാഗ്ദാനങ്ങളും കൊണ്ടുള്ള ഒന്നാന്തരം ജനവഞ്ചനകൂടിയാണ് ധനമന്ത്രി അവതരിപ്പിച്ച ബജറ്റ്. ബജറ്റിന്റെ അടിസ്ഥാന കണക്കുകളിലൂടെ കടന്നുപോകുമ്പോൾ നമുക്കിത് മനസ്സിലാകും. പത്തുകൊല്ലമായി അധികാരത്തിലിരുന്നിട്ടും, വാഗ്ദാനംചെയ്ത യാതൊന്നും നടപ്പിലാക്കാതെ, അങ്ങേയറ്റം ജനവിരുദ്ധമായി പ്രവർത്തിച്ച ഒരു സർക്കാർ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ അതേ വാഗ്ദാനങ്ങൾ പൊടിതട്ടിയെടുത്തു കൊണ്ടുവരുന്നത് ആരുടെ കണ്ണിൽ പൊടിയിടാനാണ്? സംസ്ഥാനത്തിന്റെ പൊതുകടം ബജറ്റിൽ കാണിച്ചിരിക്കുന്നത് 4,11,303.17 കോടി രൂപയാണ്. മുൻവർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള, 3,59,924.68 കോടിയിൽനിന്നും ഇത് വളരെയധികം വർദ്ധിച്ചിരിക്കുന്നു. കിഫ്ബി വഴിയുള്ള കടം ഇതിൽ ഉൾപ്പെടുന്നില്ല. വളരുന്ന ഒരു സമ്പദ്ഘടനയെ സംബന്ധിച്ചിടത്തോളം കടമെന്നത് ഒഴിവാക്കാനാകണമെന്നില്ല. പക്ഷേ, അതിനെ വിലയിരുത്തേണ്ടത് സാമൂഹ്യവും സാമ്പത്തികവുമായി അത് ജനത്തിന് എത്രത്തോളം പ്രയോജനകരമായി പരിവർത്തനപ്പെടുന്നു എന്നതിനെ അടിസ്ഥാനമാക്കിയാകണം. ഇവിടെ സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാനാണ് കടമെടുത്ത് കൂട്ടുന്നത് എന്ന സ്ഥിരം പല്ലവിയാണ് സർക്കാർ വൃത്തങ്ങളും ചില പണ്ഡിതരും മാധ്യമങ്ങളുമടക്കം പ്രചരിപ്പിക്കുന്നത്. എന്താണ് ഇതിന്റെ യാഥാർത്ഥ്യം? 34,376 കോടി രൂപ, കടങ്ങളുടെ പലിശയിനത്തിലാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 34,586.66 കോടി രൂപയാണ് ബജറ്റിൽ കാണിച്ചിരിക്കുന്ന റവന്യൂ കമ്മി. ശമ്പളവും പെൻഷനും നൽകേണ്ടത് ഒരു ജനാധിപത്യ ഭരണസംവിധാനത്തിന്റെ നടത്തിപ്പിന്റെ ഭാഗമായ അനിവാര്യമായ ചെലവാണ്. സർക്കാർ ഓഫീസുകൾ ജനങ്ങൾക്ക്പലവിധ സേവനങ്ങൾ നൽകാനുള്ള സ്ഥാപനങ്ങളാണ്. എന്നാൽ മേൽപ്പറഞ്ഞ കണക്കുകാണുമ്പോൾ ഇവിടെ ശമ്പളം നൽകാനല്ല, പഴയ ബാധ്യതകളുടെ പലിശയടയ്ക്കാനാണ് കടം വാങ്ങുന്നത് എന്നതല്ലേ കുറച്ചുകൂടി വ്യക്തമായ വസ്തുത?
കണക്കിലെ കളികൾ
സംസ്ഥാന സർക്കാരല്ല ഓണറേറിയം കൂട്ടേണ്ടത് എന്ന് ആശാ സമരകാലത്ത് സിപിഐ(എം) നേതാക്കൾ ധാർഷ്ട്യത്തോടെ ആവർത്തിച്ചെങ്കിൽ, ഇപ്പോൾ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ബജറ്റിൽ ആശമാർക്ക് 1000 രൂപ ഓണറേറിയം വർധന പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ പത്തുവർഷവും ജീവനക്കാരുടെ ആനുകൂല്യങ്ങൾ പിടിച്ചുവെക്കുന്നതിലും വെട്ടിച്ചുരുക്കുന്നതിലും മാത്രം ശ്രദ്ധിച്ചിരുന്ന സർക്കാർ ഇപ്പോൾ 12-ാം ശമ്പളപരിഷ്കരണ കമ്മീഷൻ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുലക്ഷം കോടിയോളം രൂപയാണ് സർക്കാർ, ജീവനക്കാർക്ക് നൽകാനുള്ളത്. ക്ഷാമബത്ത ജീവനക്കാരന്റെ അവകാശമല്ല എന്ന അങ്ങേയറ്റം തൊഴിലാളിവിരുദ്ധ നിലപാട് ഹൈക്കോടതിയിൽ രേഖാമൂലം സമർപ്പിച്ച സർക്കാർ, അത് നിലനിൽക്കേതന്നെ, ഡിഎ കുടിശ്ശിക മുഴുവൻ ഫെബ്രുവരി മാസത്തെ ശമ്പളം തൊട്ടുതന്നെ ഘട്ടംഘട്ടമായി കൊടുത്തുതീർക്കും എന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുകയാണ്. തൊഴിലാളിവിരുദ്ധമായ പങ്കാളിത്ത പെൻഷൻ പദ്ധതി നിർത്തലാക്കുമെന്നത് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിലെത്തിയശേഷം ഇതേപ്പറ്റി മിണ്ടാട്ടമില്ലായിരുന്നു. ഇപ്പോൾ അധികാരമൊഴിയാറായപ്പോൾ ജീവനക്കാർക്ക് ഉറപ്പായ പെൻഷൻ നൽകാനുള്ള പുതിയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. എന്നാൽ, ഇത് കേന്ദ്രസർക്കാർ നിലവിലെ എൻപിഎസിനും പകരമായി അവതരിപ്പിച്ച യുപിഎസ് എന്ന പുതിയ രൂപത്തിലുള്ള പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ വകഭേദം തന്നെയല്ലേ? അതുപോലും തിരഞ്ഞെടുപ്പ് അടുത്ത ഈ അവസാനമാസങ്ങളിൽ പ്രഖ്യാപിച്ചിരിക്കു ന്നത് ജീവനക്കാരുടെ കണ്ണിൽ പൊടിയിടാനല്ലേ? ജീവനക്കാരുടെ യഥാർത്ഥ ആവശ്യമായ പഴയ പെൻഷൻ പദ്ധതി തിരിച്ചുകൊണ്ടുവരുന്ന കാര്യത്തിൽ ഇവർ തന്ത്രപൂർവ്വം ഒഴിഞ്ഞുമാറിയിരിക്കുന്നു.
ഒറ്റനോട്ടത്തിൽ ജനക്ഷേമത്തിന് ഊന്നൽ കൊടുക്കുന്ന ഒരു ബജറ്റാണിതെന്ന് തോന്നാം. 2,17,559 കോടി രൂപയുടെ റവന്യൂ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റിൽ, 19,385 കോടിയാണ് മൂലധന ചെലവ്. പ്രതീക്ഷിക്കുന്ന റവന്യൂ വരുമാനം 1,82,972 കോടി രൂപയാണ്. തനത് നികുതി വരുമാനം വർധിക്കുന്നതായി സർക്കാർ അവകാശപ്പെടുന്നു. അതേസമയം തന്നെ, കേന്ദ്രം പദ്ധതിവിഹിതം നൽകുന്നില്ല, കടമെടുക്കാൻ അനുവദിക്കുന്നില്ല എന്നൊക്കെ നിരന്തരം മുറവിളി കൂട്ടുന്നു. കേരളത്തിനുണ്ടാകുന്ന സാമ്പത്തികബുദ്ധിമുട്ടുകളുടെ കാരണമായി ചൂണ്ടിക്കാട്ടുന്നതും ഇതാണ്. ഇനി നമുക്ക് ഇത്തവണത്തെ ബജറ്റിൽ പറഞ്ഞിരിക്കുന്നതെന്താണെന്ന് നോക്കാം. ഓരോ വർഷം കഴിയുന്തോറും ബജറ്റിലെ പലിശയിനം വർധിച്ചുകൊണ്ടേയിരിക്കുന്നു. 2023-24ൽ 26986 കോടി ആയിരുന്നത്, 2025-26 ന്റെ പുതുക്കിയ കണക്കിൽ 31816 കോടിയും ഇത്തവണത്തെ ബജറ്റിൽ 34376 കോടിയായും കണക്കാക്കിയിരിക്കുന്നു. അതായത് റവന്യു വരുമാനത്തിന്റെ 19 ശതമാനത്തോളം പലിശയ്ക്കായി മാത്രം വകയിരുത്തുന്നു. ഇതിൽ കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങൾ സംസ്ഥാന സർക്കാരിന്റെ ഗ്യാരന്റിയിൽ എടുത്തിട്ടുള്ള ബാധ്യതകൾ ഉൾപ്പെടുന്നില്ല.
ഇനി നമുക്ക് ബജറ്റിലെ വരവിന്റെ ഭാഗത്തേക്ക് ശ്രദ്ധിക്കാം. 1,82,972.10 കോടി രൂപയുടെ റവന്യൂ വരവ് പ്രതീക്ഷിക്കുന്ന ബജറ്റിൽ മൂലധന വരവ് പ്രതീക്ഷിക്കുന്നത് 56,935.04 കോടി രൂപയാണ്. റവന്യൂ വരവിൽ 68613.86 കോടി രൂപ, കേന്ദ്രസർക്കാരിൽനിന്ന് ലഭിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 94,002.47 കോടി കണക്കാക്കുന്നുണ്ട്. നികുതിയേതര വരുമാനം പ്രതീക്ഷിക്കുന്നത് 20355.77 കോടിയും. ഇനി യാഥാർത്ഥ്യത്തിലേക്ക് വരുമ്പോൾ, 2025-26ൽ ബജറ്റിലെ വരുമാനം കണക്കാക്കിയത് 152351.67 കോടിയായിരുന്നെങ്കിൽ, പിന്നീട് പുതുക്കിയ കണക്കിൽ ഇത് 137082.61 കോടിയായി കുറച്ചു. മുൻവർഷങ്ങളിൽ ഈ ഇനത്തിലെ യഥാർത്ഥ വരുമാനം 1.25 ലക്ഷം കോടി രൂപയിൽ താഴെയായിരുന്നു. കേന്ദ്രസർക്കാരിൽനിന്നും മുൻവർഷത്തിൽ 41691.40 കോടി പ്രതീക്ഷിച്ചിട്ട് അത് 34590.93 ആയി കുറച്ചു നിശ്ചയിക്കേണ്ടിവന്ന അനുഭവം മുന്നിലുള്ളപ്പോഴാണ്, ഇത്തവണത്തെ ബജറ്റിൽ ഇത് 68613.86 എന്ന് കണക്കാക്കിയിരിക്കുന്നത്. എന്ത് അടിസ്ഥാനത്തിലാണ് ഈ വർധന പ്രതീക്ഷിക്കുന്നത് എന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടില്ല. മുൻവർഷങ്ങളിലെ അനുഭവം മുൻനിർത്തി പരിശോധിച്ചാൽ, ബജറ്റിൽ കണക്കാക്കുന്നതിലും എത്രയോ കുറവാണ് കേരളത്തിന്റെ നികുതി-നികുതിയേതര വരുമാനവും കേന്ദ്രവിഹിതവും. കേന്ദ്രം നൽകുന്ന ഗ്രാന്റ്-ഇൻ എയിഡിൽ മുൻവർഷത്തെ ബജറ്റിൽ 13074.90 കോടി കണക്കാക്കിയിട്ട് പുതുക്കിയ കണക്കിൽ 7208.87 കോടിയായി കുറയ്ക്കേണ്ടി വന്നു. എന്നിട്ടും ഇത്തവണത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്നത് 26499.54 കോടി എന്നു കാണുമ്പോൾ ഇതിന് എന്ത് യാഥാർത്ഥ്യബോധമുണ്ട്? ചുരുക്കിപ്പറഞ്ഞാൽ ഊതിപ്പെരുപ്പിച്ച കണക്കുകളാണ് ബജറ്റിൽ സംസ്ഥാനത്തിന്റെ വരുമാനമായി കാണിച്ചിരിക്കുന്നത്. എന്നിട്ട് അതു മുൻനിർത്തി ക്രമാതീതമായി ചെലവുയർത്തുന്നു. ഇതിൽ പറയുന്നതുപോലെ വരുമാനവർധനവിനുള്ള ഭാവനാപൂർണമായ പദ്ധതികളോ വഴികളോ ബജറ്റിലില്ല. സാമ്പത്തികസാഹചര്യവുമില്ല. 2025-26ലെ പുതുക്കിയ എസ്റ്റിമേറ്റു് പ്രകാരമുള്ള വരുമാനംവെച്ച് ഇത്തവണത്തെ ബജറ്റിലെ കണക്കുകളെ നമ്മൾ വീണ്ടുമൊന്ന് കണക്കുകൂട്ടി പരിശോധിച്ചാൽ, റവന്യൂകമ്മി എൺപതിനായിരം കോടിയിലധികം ഉയരുമെന്ന് കാണാം. തിരഞ്ഞെടുപ്പ് ആസന്നമായ ഈ സന്ദർഭമായിരുന്നില്ലെങ്കിൽ ഒരുപക്ഷേ പലതരം നികുതികൾ ജനത്തിനു മീതെ ബജറ്റിൽ അടിച്ചേൽപ്പിച്ചേനേ. കേരളത്തിന്റെ സമ്പദ്ഘടനയിൽ വന്നുചേർന്നിരിക്കുന്ന ദൗർബല്യം കൂടിയാണ് നമുക്കിവിടെ കാണാനാവുന്നത്.
യാഥാർത്ഥ്യത്തിനു നിരക്കാത്ത ഊതിപ്പെരുപ്പിച്ച വരുമാനക്കണക്കുണ്ടാക്കുക. അതിന്റെ അടിസ്ഥാനത്തിൽ ജനത്തെ തെറ്റിദ്ധരിപ്പിച്ച്, തിരഞ്ഞെടുപ്പ് നേട്ടം മാത്രം മുന്നിൽകണ്ട് പുതിയ പദ്ധതികൾ പ്രഖ്യാപിക്കുക. ഇതാണ് ഈ ബജറ്റിൽ സംഭവിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തന്നെ വാഗ്ദാനം ചെയ്തിരുന്ന കാര്യങ്ങൾ അനുവദിച്ചുകിട്ടുന്നതിനായി വിവിധ വിഭാഗം ജനങ്ങൾ സമരത്തിനിറങ്ങേണ്ടിവന്നത് ഈ ഭരണത്തിൽ നമ്മൾ കണ്ടതാണ്. ഇത്തവണ ബജറ്റിൽ വാഗ്ദാനം ചെയ്ത കാര്യങ്ങളും സമാനമായി, തിരഞ്ഞെടുപ്പിനുശേഷം വിസ്മൃൃതിയിലേക്ക് പോകും. അല്ലെങ്കിൽ അടുത്ത സർക്കാർ മാറി വരികയും അവർ വീണ്ടും പുതിയ ബജറ്റ് അവതരിപ്പിക്കുകയും ചെയ്താലും ഈ പ്രഖ്യാപനങ്ങൾ ഉപേക്ഷിക്കപ്പെടാം. എന്നിട്ടും എന്ത് ധൈര്യത്തിലാണ് ഈ ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചത്? എൽഡിഎഫ് സർക്കാർ ഇവിടെ സാധാരണ ജനത്തിനെ മണ്ടന്മാരാക്കി ആരുടെ താത്പര്യമാണ് സംരക്ഷിക്കുന്നത്.
സർക്കാരിന്റെ പ്രതിബദ്ധത ആരോട്?
വിഴിഞ്ഞം പദ്ധതിക്കായി 1000 കോടി വകയിരുത്തിയിട്ടുണ്ട്. 5595.34 കോടി രൂപയാണ് പദ്ധതിക്കായി ഇതിനകം സംസ്ഥാനം മുടക്കിയിട്ടുള്ളത്. പരോക്ഷമായിട്ടുള്ളത് ഇതിൽ ഉൾപ്പെടുന്നില്ല. ജിഎസ്‍ടി വരുമാനം സംസ്ഥാനത്തിന് ലഭിക്കുന്നു എന്നതിനപ്പുറം കേരളത്തിന് ഈ പദ്ധതിയിൽ വലിയ പങ്കില്ല എന്നത് വസ്തുതയാണ്. 2034ൽ വരുമാനത്തിന്റെ ഒരു ശതമാനം ലഭിച്ചേക്കാം എന്നു മാത്രം. അതായത് നിലവിലെ കണക്കിൽ 12.33 കോടി രൂപ! ഇതിനായി മൂലധനച്ചെലവിന്റെ സിംഹഭാഗവും കേരള സർക്കാർ വഹിക്കുന്നു. അതിന്റെ ഭാരവും പരിസ്ഥിതി നാശത്തിന്റെ തിക്തഫലങ്ങളും കേരളത്തിലെ ജനങ്ങളും പേറുന്നു, ലാഭമെല്ലാം അദാനിക്കും. കൊട്ടിഘോഷിക്കുന്ന തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നില്ലെങ്കിൽ പദ്ധതിയുടെ ഗുണഭോക്താവ് ആരാണ്. ഉറപ്പാക്കപ്പെടുന്നത് ആരുടെ വികസനമാണ്?
ഉല്പാദനമേഖലയിൽ മുതൽമുടക്ക് വളരെ കുറവായ സംസ്ഥാനമാണ് ഇപ്പോഴും കേരളം.കാർഷികരംഗത്തോ വ്യവസായികരംഗത്തോ ഉണ്ടാകുന്ന വളർച്ച വാസ്തവത്തിൽ വളരെ കുറവാണ്. അടിസ്ഥാന സൗകര്യവികസനം എന്ന പേരിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും റിയൽ എസ്റ്റേറ്റ് വികസനവും, സേവനമേഖലയിലുള്ള സംരംഭങ്ങളും മാത്രമാണ് നടക്കുന്നത്. അത് സർക്കാരിന് ജിഎസ്‍ടി വിഹിതം വർധിപ്പിക്കുമായിരിക്കും. പക്ഷേ, തൊഴിലവസരങ്ങളായോ, ഉത്പാദനപരമായോ അത് വികാസമുണ്ടാക്കുന്നില്ല. കേരളം പോലെയൊരു സംസ്ഥാനത്ത് സർക്കാർ ഏറ്റവും ശ്രദ്ധ കൊടുക്കേണ്ട കാർഷികമേഖലയിലും പൊതുവിദ്യാഭ്യാസ മേഖലയിലും പൊതുജനാരോഗ്യമേഖലയിലും ആഗോള സാമ്പത്തിക മൂലധനശക്തികൾ കടന്നുവരുന്നു, നിയന്ത്രണം കൈയടക്കുന്നു. സർക്കാർ ഇത് നിയന്ത്രിക്കുന്നതിൽ പരാജയമാണെന്ന് മാത്രമല്ല, ഈ മേഖലകളിലെ പൊതുസംവിധാനങ്ങളുടെ കാര്യശേഷിയെ തളർത്താൻ ബോധപൂർവം ശ്രമിക്കുകയും ചെയ്യുന്നു. ബജറ്റിലടക്കം ഈ മേഖലകൾക്ക് നൽകുന്ന ശ്രദ്ധയും പ്രാധാന്യവും പരിശോധിച്ചാൽ ഇത് ബോധ്യമാവും. വിദ്യാലയങ്ങൾക്കും ആശുപത്രികൾക്കും കെട്ടിടം പണിയുന്നതല്ല വികസനം. അവിടങ്ങളിൽ മതിയായ ജീവനക്കാരെ നിയമിച്ച് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. പക്ഷേ, ആനുകൂല്യങ്ങൾ നൽകി ജനത്തെ വശത്താക്കാൻ ശ്രമിക്കുന്ന പൊടിക്കൈകളല്ലാതെ, കേരളം നേരിടുന്ന കാതലായ സാമ്പത്തിക-സാമൂഹ്യപ്രശ്നങ്ങളെ ഉൾക്കൊള്ളാനും, വിശകലനം ചെയ്യാനും, പരിഹരിക്കാനുമുള്ള യാതൊരു ശ്രമവും ഈ ബജറ്റിലോ എൽഡിഎഫ് സർക്കാരിന്റെ നയസമീപനത്തിലോ ഉണ്ടായിട്ടില്ല. പുറമേക്ക് ഇടതുപക്ഷമേലങ്കി അണിയുമെങ്കിലും, അകത്തും പുറത്തും മുതലാളിവർഗ്ഗ താത്പര്യത്തിനൊപ്പംമാത്രം നിലകൊണ്ട സർക്കാരാണിത്. ജനത്തിന് തുച്ഛമായ ആനുകൂല്യങ്ങളുടെ അപ്പക്കഷണങ്ങൾ എറിഞ്ഞുനൽകി, പിന്നണിയിൽ സാമ്പത്തിക മൂലധനത്തിന്റെ താത്പര്യങ്ങൾ വിശ്വസ്തതയോടെ നിറവേറ്റുകയായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ. അതിന്റെ പ്രതിഫലനം തന്നെയാണ് ഈ ബജറ്റും. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ട്, ഇത്തരം തട്ടിപ്പുകൾക്ക് വശംവദരാകാതെ തികഞ്ഞ രാഷ്ട്രീയ ബോധ്യത്തോടെ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ച് നേടിയെടുക്കാനായി മുന്നോട്ടു വരികയാണ് ജനങ്ങളടെ കടമ.
