ചെറുകിട ആശുപത്രികൾ സമ്പൂർണ്ണമായി തുടച്ചുനീക്കി, ആഗോളകുത്തകകൾക്ക് ആരോഗ്യരംഗം തീറെഴുതുന്നതാണ് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്. ആരോഗ്യരംഗത്തെ സ്വകാര്യവത്ക്കരണ നടപടികൾ ക്രമാനുഗതമായി വളർന്നാണ് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിൽ എത്തിയിരിക്കുന്നത്. ആഗോളവത്ക്കരണ നയങ്ങൾ സേവനമേഖലയിലേക്ക് കടന്നുകയറിയതോടെയാണ് ആരോഗ്യരംഗവും മൂലധനത്തിന്റെ പിടിയിലമർന്നത്.
2010ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ആക്ട് 2018ൽ കേരളത്തിലും പ്രാബല്യത്തിൽവന്നു. ആരോഗ്യം കൺകറന്റ് ലിസ്റ്റിൽ പെട്ടതായിരിക്കെ, ആക്ടിന്റെ പ്രത്യാഘാതങ്ങൾ പരിഗണിക്കാതെ കേരളത്തിൽ നടപ്പിലാക്കിയതിലൂടെ കേരളത്തിലെ ഇടതുപക്ഷ സർക്കാർ രാജാവിനെ വെല്ലുന്ന രാജഭക്തിയാണ് തെളിയിച്ചിരിക്കുന്നത്. 1304 ഒപി സ്ഥാപനങ്ങളും 444 കിടത്തിചികിത്സ സ്ഥാപനങ്ങളും ഉൾപ്പെടെ അഞ്ചുവർഷത്തിനിടെ 1750 ചെറുകിട ആശുപത്രികൾ പൂട്ടപ്പെട്ടുവെന്ന് ഐഎംഎയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കിടത്തിചികിത്സ നടത്തുന്ന 1708 സ്ഥാപനങ്ങിൽ 1018 സ്ഥാപനങ്ങളും 20ൽതാഴെ കിടക്കകളുള്ളവയാണ്. രോഗികളുടെ അവകാശം സംരക്ഷിക്കാനെന്നപേരിൽ, മധുരത്തിൽ പൊതിഞ്ഞ്, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് മുന്നോട്ടുവക്കുന്ന നിർദ്ദേശങ്ങളും നിയമങ്ങളും ചെറുകിടസ്ഥാപനങ്ങളുെട അന്ത്യം കുറിക്കുമെന്നുമാത്രമല്ല, പൊതുജനാരോഗ്യസംവിധാനത്തിന്റെതന്നെ മരണമണിയാണ്. അടച്ചുപൂട്ടുകയല്ലാതെ ഇവക്കുമുന്നിൽ വേറെ മാർഗ്ഗമില്ല. ലോക ശ്രദ്ധ നേടിയ കേരള മോഡൽ ആരോഗ്യ സംവിധാനത്തെ നിലനിർത്തി പോരുന്നതിൽ നിർണ്ണായകമായ പങ്കുവഹിക്കുന്നതാണ് കേരളത്തിലെ ചെറുകിട, ഇടത്തരം ആശുപത്രികൾ. മിതമായ നിരക്കിൽ സാധാരണ ജനങ്ങൾക്ക് ചികിത്സ നൽകിയിരുന്നത് ഇത്തരം സ്ഥാപനങ്ങളാണ്. ഗ്രാമപ്രദേശങ്ങളിൽ ജനങ്ങൾക്ക് മതിയായ അളവിൽ ചികിത്സ നൽകുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്ന സാഹചര്യത്തിൽ ചെറുകിട ആശുപത്രികൾ അടച്ചുപൂട്ടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തും. ജനം ചികിത്സ കിട്ടാതെ വലയും.
കുത്തകകൾക്കുവേണ്ടി രൂപകൽപ്പന ചെയ്ത നിബന്ധനകൾ
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യണം. നിലവില്‍ ഒരു തവണ രജിസ്ട്രേഷന് എടുത്താല്മതിയാകും. എന്നാല്‍ പുതിയ നിയമത്തില്‍ സ്ഥിരരജിസ്ട്രേഷൻ എടുത്തിരിക്കുന്നവപോലും മൂന്നുവർഷം കൂടുമ്പോൾ വീണ്ടും രജിസ്റ്റർ ചെയ്യണം. എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിതവിഭാഗവും സേവനങ്ങളും, അത്യാസന്നനിലയിൽ എത്തുന്ന രോഗികളെ സൗജന്യമായി സുരക്ഷിതമായി ഉയർന്ന റഫറൽ സ്ഥലത്തേക്ക് എത്തിക്കുവാനുള്ള ചുമതല തുടങ്ങിയവയും നിർബന്ധമായും ഉണ്ടായിരിക്കണം. ചികിത്സാരീതികൾ നിരീക്ഷിക്കുന്നതിനും രോഗികളുടെ രഹസ്യസ്വഭാവമുള്ള രേഖകൾ പിടിച്ചെടുക്കാനും നിയമത്തിൽ അനുവാദമുണ്ട്. മെഡിക്കൽ നെഗ്ലിജൻസ് ആരോപണങ്ങളുടെ പേരിൽ ആശുപത്രികൾ അടച്ചുപൂട്ടാൻ നിയമം വ്യവസ്ഥചെയ്യുന്നു. നേഴ്സിനെയും ഫാർമസിസ്റ്റിനെയും പല ഷിഫ്റ്റുകളിലായി നിയമിക്കേണ്ടിവരും, മുറികളുടെ വിസ്തീർണ്ണം നിബന്ധനകൾക്ക് അസരിച്ച് വര്‍ദ്ധിപ്പിക്കേണ്ടിവരും. ഇങ്ങനെപോകുന്ന നിബന്ധനകളിൽ ബഹുഭൂരിപക്ഷവും വമ്പൻ സ്വകാര്യ ആശുപത്രികൾക്ക് മാത്രം സാധ്യമാകുന്നവയാണ്. ഇതുപോലെയുള്ള പല നിബന്ധനകളും ചെറുതും ഇടത്തരവുമായ ആശുപത്രികളുടെ നടത്തിപ്പിൽ വലിയ വിഘ്നം സൃഷ്ടിക്കുമെന്നതിന് സംശയമില്ല. അല്ലെങ്കിൽ ഈ നിരക്കിൽ ക്രമീകരണങ്ങൾ ഒരുക്കുന്നതിനും ഫൈൻ അടക്കുന്നതിനും രോഗികളിൽനിന്നും വൻതുക ഈടാക്കേണ്ടിവരും. വമ്പൻ ഫീസ് വാങ്ങുന്ന ആശുപത്രികളെയും വ്യാജചികിത്സകരെയും നിയന്ത്രിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ അതിന് ഈ നിയമം പോരാതെ വരുമെന്നത് തർക്കമില്ലാത്ത കാര്യമാണ്. ഇത്തരം നിബന്ധനകൾ വൻകിട കോർപ്പറേറ്റ് ആശുപത്രികൾക്കും, ഇൻഷുറൻസ് കമ്പനികൾക്കുംവേണ്ടിയുമുള്ള വീഥി ഒരുക്കലാണ് എന്നതാണ് യാഥാർത്ഥ്യം.
ആരോഗ്യരംഗത്ത് ഇൻഷുറൻസ് പിടിമുറുക്കുന്നു
മൂന്നുപതിറ്റാണ്ടുകൾക്കുമുമ്പ് ആരോഗ്യരംഗത്ത് ഇൻഷുറൻസ് പദ്ധതിയെപറ്റി നാം കേട്ടിരുന്നില്ല. സുസജ്ജവും സുഘടിതവുമായ ഒരു പൊതുജനാരോഗ്യ സംവിധാനം ഇവിടെ നിലനിന്നിരുന്നു. എന്നാൽ എൻആർഎച്ച്എം എന്ന ലോകബാങ്ക് പദ്ധതി സർക്കാരുകൾ ഏറ്റെടുത്തതോടെ ആരോഗ്യരംഗം മുതൽമുടക്കിന്റെയും കഴുത്തറപ്പൻ കച്ചവടത്തിന്റെയും വിപണന രംഗമായി മാറി. ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ സർക്കാർതന്നെ ജനങ്ങളെ പഠിപ്പിച്ചു. എന്നാൽ, ഇൻഷുറൻസ് രംഗപ്രവേശം ചെയ്തതോടെ, ഒരാൾ മുടക്കിയ മുതലിന് നിരക്കുന്ന തരത്തിലുള്ള സേവനം ലഭ്യമാക്കുമെന്ന് ഉറപ്പ് കൊടുക്കുക, ഇതിനായി സ്ഥാപനങ്ങളെ ഗുണനിലവാരമനു സരിച്ച് തരം തിരിക്കുക, ഒരേ നിലവാരമുള്ള സ്ഥലങ്ങളിൽ ഒരേ നിരക്കിൽ സേവനം കച്ചവടം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഉടലെടുത്തു. ഈ തരംതിരിക്കൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ പ്രധാന ഭാഗമാണ്.
ഇൻഷുറൻസ് രംഗത്ത് 100% വിദേശ നിക്ഷേപം ഇതിനകം കേന്ദ്രസർക്കാർ അനുവദിച്ചുകഴിഞ്ഞു. ഇതിന്റെ ചുവടുപിടിച്ച് ആസ്റ്റർ മെഡിസിറ്റി, കിംസ്, ബേബി മെമ്മോറിയൽ തുടങ്ങിയ ആശുപത്രികൾ അമേരിക്കൻ കമ്പനികളായ കെകെആറും ബ്ലാക്സ്റ്റോണും ഏറ്റെടുത്തു. ഇതിനുംപുറമേ പല ആശുപത്രികളും വൻകിട കമ്പനികൾ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. (കെകെആർ, ബ്ലാക് സ്റ്റോൺ തുടങ്ങിയ കമ്പനികളാകട്ടെ ആരോഗ്യരംഗവുമായി ബന്ധമുള്ള കമ്പനികളല്ല, മറിച്ച് മൂലധനനിക്ഷേപകർ മാത്രമാണ്. കേരളത്തിലെ ആരോഗ്യരംഗത്ത് മുതൽമുടക്കാൻ തയ്യാറാകുന്നത് കച്ചവടസാധ്യത മുന്നിൽകണ്ടുമാത്രമാണ്.) ഈ പശ്ചാത്തലം മനസ്സിലാക്കിയിട്ടുവേണം ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് വായിച്ചു തുടങ്ങാൻ.
അറുപതുകളിൽ അമേരിക്കയിൽ ക്വാളിറ്റി കൺട്രോൾ വന്നതിലൂടെ ചെറുകിട നേഴ്സിംഗ് ഹോംപോലെയുള്ള സ്ഥാപനങ്ങൾ ഇല്ലാതെയായി. ഇന്ന്, അമേരിക്കയിൽ ഇൻഷുറൻസ് എടുക്കാൻ പണമില്ലാത്ത എട്ട് കോടിയോളംവരുന്ന സാധാരണക്കാർക്ക് ചികിത്സ ലഭിക്കാത്ത അവസ്ഥയിലെത്തി. കോവിഡ് കാലത്ത് അമേരിക്കയിലുണ്ടായ ഉയർന്ന മരണനിരക്ക് ഇതിന്റെ പ്രത്യാഘാതമായിരുന്നു.
അപകടങ്ങൾക്ക്, ക്യാൻസർപോലെയുള്ള അസുഖങ്ങൾക്ക്, സാധാരണ ചികിത്സക്ക് എന്നിങ്ങനെ നമ്മുടെ നാട്ടിലും ആരോഗ്യ ഇൻഷുറൻസ് പലവിധമുണ്ട്. ആശുപത്രി നടത്തിപ്പും ഇൻഷുറൻസും ഒരേ കോർപ്പറേറ്റ് കമ്പനിതന്നെ ചെയ്യുമ്പോൾ ഒരു തവണ ചികിത്സാ ഫീസ് വർദ്ധിപ്പിക്കുകയും, പിന്നെ അതിന്റെപേരിൽ ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് സംഭവിക്കാൻ പോകുന്നത്. വരുമാനം ഓരോ ദിവസവും കുറഞ്ഞുകൊണ്ടിരിക്കുന്ന സാധാരണക്കാരൻ ഈ ഇൻഷുറൻസിനുവേണ്ടുന്ന തുക എങ്ങനെ കണ്ടെത്താനാകും? ഇങ്ങനെ വരുമ്പോൾ ഇന്ന് അമേരിക്കയിലെ സാധാരണക്കാർക്ക് സംഭവിക്കുന്നത് സമീപഭാവിയിൽ നമുക്കും സംഭവിക്കും. അമേരിക്കയിൽ രോഗികൾ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു സ്പെഷ്യലിസ്റ്റിനെ കാണാൻ മാസങ്ങൾ കാത്തിരിക്കേണ്ടിവരുന്നു. ഇൻഷുറൻസ് ഇല്ലാത്തവർക്ക് ചികിത്സ ഇല്ല എന്ന അവസ്ഥവരും. അതുള്ളവർക്കുപോലും പല സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ചികിത്സ നിഷേധിക്കപ്പെടും. ഇന്‍ഷുറന്‍സില്ലെങ്കില്‍ ചികിത്സയില്ലെന്നു മാത്രമല്ല, ഇന്‍ഷുറന്‍സില്ലെങ്കില്‍ ചികിത്സക്ക് യോഗ്യതയില്ല എന്ന പൊതുബോധവും ഇതിലൂടെ സൃഷ്ടിക്കപ്പെടുകയാണ്. ഈ അനുഭവങ്ങൾ നമ്മൾക്കും വരാതിരിക്കാൻ ഇൻഷുറൻസിനു വേണ്ടിയും കോർപ്പറേറ്റുകൾക്കുവേണ്ടിയും രൂപകല്പന ചെയ്യുന്ന ഇത്തരം നയങ്ങളെ ചെറുത്തേ മതിയാകൂ. ആരോഗ്യപരിപാലനം ജനങ്ങളുടെ അവകാശമാണ്, ആരുടെയും ഔദാര്യമല്ല. ചികിത്സാ രംഗത്തുനിന്നും ഇൻഷുറൻസ് കമ്പനികളെ ഒഴിവാക്കി ആരോഗ്യമേഖലക്കുള്ള ബജറ്റ് വിഹിതം വർദ്ധിപ്പിച്ച് പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുകയാണ് സർക്കാർ അടിയന്തരമായി ചെയ്യേണ്ടത്.
കോഴ്സ് പൂർത്തിയാക്കി പുറത്തിറങ്ങുന്ന മെഡിക്കൽ, നഴ്സിംഗ്, പാരാമെഡിക്കൽ വിദ്യാർത്ഥികൾ തൊഴിലെടുക്കുകയും പ്രവൃത്തിപരിചയം നേടുകയും ചെയ്തിരുന്ന ചെറുകിട സ്ഥാപനങ്ങൾ പൂട്ടപ്പെടുന്നതോടെ അവരുടെ ഭാവിയും ഇരുളടഞ്ഞതാകും എന്നൊരു പ്രത്യാഘാതവും കൂടെയുണ്ട്. ഇതിനുംപുറമേ ധാരാളം ആളുകൾക്ക് തൊഴിൽ ഉറപ്പാക്കിയിരുന്ന മേഖലയുമാണിത്.
ഈ ആക്ട് നടപ്പിലാക്കാൻ ശ്രമിച്ചപ്പോ ഴൊക്കെ പല സംസ്ഥാനങ്ങളിലും അതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നുവന്നിരുന്നു. കേവിഡിന്റെയുംകൂടെ പശ്ചത്തലത്തിൽ നിയമം നടപ്പിലാക്കുന്നതിൽ തടസ്സം നേരിട്ടിരുന്നെങ്കിലും വർദ്ധിതവീര്യത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടപ്പിലാക്കിത്തുടങ്ങിയിരിക്കുകയാണ്. ഇത് ഡോക്ടർമാരെയോ ആരോഗ്യപ്രവർത്തകരെയോ മാത്രം ബാധിക്കുന്ന പ്രശ്നമല്ല, മറിച്ച് പൊതുജനാരോഗ്യരംഗം നേരിടാൻപോകുന്ന അതീവ ഗുരുതരമായ പ്രശ്നമാണ്. ജനതാത്പര്യത്തിന് തികച്ചും എതിരായ ഈ നിയമം പിൻവലിക്കുകയും കുത്തകകളെ ആരോഗ്യരംഗത്തുനിന്നും പുറത്താക്കി പൊതുജനാരോഗ്യസംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യാൻ സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണം.
