കഴിഞ്ഞ ജൂൺ മുതൽ ആരംഭിച്ച ഡോക്ടർമാരുടെ സമരം വിവിധ ഘട്ടങ്ങൾ പിന്നിട്ട് ഫെബ്രുവരി 2ഓടെ ഒപി ബഹിഷ്കരണത്തിൽ എത്തിനിൽക്കുകയാണ്. ജനുവരി 27ന് ഈ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിനുമുന്നിൽ സൂചനാ സമരവും നടത്തിയിരുന്നു. 2016 മുതൽ നടപ്പിലാക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണം ഏകദേശം നാലുവർഷം വൈകി 2020 ഒക്ടോബർ മാസത്തിലാണ് ഒന്നാം പിണറായി സർക്കാർ നടപ്പിലാക്കിയത്. സംസ്ഥാനത്ത് ഇപ്പോൾ 1160 ഡോക്ടർമാരുടെയും 978 നഴ്സുമാരുടെയും 716 പാരാമെഡിക്കൽ ജീവനക്കാരുടെയും ഒഴിവുകൾ നികത്താനുണ്ടെന്നാണ് മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിറ്റിഎ ചൂണ്ടിക്കാണി ക്കുന്നത്. 2021 മുതൽ പല ഘട്ടങ്ങളായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും സമരപ്രഖ്യാപനങ്ങൾ നടത്തിയിട്ടും സർക്കാരിന്റെ അവഗണന 2026ലെ ബജറ്റിലും തുടർന്നതിനാലാണ് ഗത്യന്തരമില്ലാതെ ഒപി ഡ്യൂട്ടികളും അധ്യാപനവും ബഹിഷ്കരിക്കുന്ന സമരമുറ സ്വീകരിക്കാൻ ഡോക്ടർമാർ നിർബന്ധിതരായത്.
2026ൽ അടുത്ത ശമ്പളപരിഷ്കരണത്തിനുള്ള സമയമായിട്ടും പത്തു വർഷംമുമ്പ് ലഭിക്കേണ്ട ആനുകൂല്യങ്ങൾക്കായി ഡോക്ടർമാർ സമരം ചെയ്യേണ്ടിവന്നിരിക്കുന്നു. രോഗികളോടുള്ള പ്രതിബദ്ധത മാത്രമാണ് ഇത്രകാലം അവരെ പ്രത്യക്ഷസമരത്തിൽനിന്ന് പിന്തിരിപ്പിച്ചത്. എന്നാൽ സർക്കാരാകട്ടെ ക്രൂരമായ അവഗണന തുടർന്നുകൊണ്ടേയിരിക്കുകയാണ്. ഡോക്ടർമാർ നിർബന്ധിക്കുമ്പോൾ കൂടിക്കാഴ്ചക്ക് തയ്യാറാകുന്നതല്ലാതെ സമരം അവസാനിപ്പിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നീക്കവും ഉണ്ടാകുന്നില്ല. സമരംചെയ്യുന്ന മെഡിക്കൽ കോളേജ് ഡോക്ടർമാരുമായി ആരോഗ്യമന്ത്രിയും ധനമന്ത്രിയും ഫെബ്രുവരി 24ന് നടത്തിയ ചർച്ചയും സർക്കാരിന്റെ പിടിവാശികൊണ്ട് പരാജയപ്പെട്ടിരിക്കുന്നു. ഇതിനിടെ ഡയസ് നോൺ പ്രഖ്യാപിച്ച് ഭീഷണിപ്പെടുത്തി ഡോക്ടർമാരെ വരുതിക്ക് നിർത്താനുള്ള നീക്കമുണ്ടായെങ്കിലും അതും പരാജയപ്പെട്ടു.
ഡോക്ടർമാരുടെ സമരം തുടങ്ങിയതോടെ സാധാരണക്കാരുടെ ഏക ആശ്രയമായ സർക്കാരാശുപത്രികളുടെ പ്രവർത്തനം ഏതാണ്ട് മരവിച്ച മട്ടിലാണ്. ഒപിയിൽ എത്തുന്നവരുടെയും കിടത്തി ചികിത്സക്ക് പ്രവേശിപ്പിക്കുന്നവരുടെയും എണ്ണം ഗണ്യമായി കുറഞ്ഞു. അടിയന്തര ശസ്ത്രക്രിയകളല്ലാതെ മറ്റൊന്നും നടക്കുന്നില്ല. ഹൗസ് സർജൻമാരെയും പിജി വിദ്യാർത്ഥികളെയും സീനിയർ റസിഡന്റുമാരെയും ഉപയോഗിച്ചാണ് ഇപ്പോൾ ഒപി നടത്തുന്നത്. സീനിയർ ഡോക്ടർമാരുടെ സേവനം രോഗികൾക്ക് നിഷേധിക്കപ്പെടുകയാണ്. ജീവനക്കാരുടെ കുറവും അവശ്യമരുന്നുകളുടെയും ആരോഗ്യപരിരക്ഷാ ഉപകരണങ്ങളുടെയും അഭാവവും നിമിത്തം കേരളത്തിലെ സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന സംഭവങ്ങൾ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ദിവസവും നാലായിരത്തിലധികം രോഗികളെത്തുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്ഥിതി അത്യന്തം ഗുരുതരമാണ്. ‘സിസ്റ്റത്തിന്റെ തകരാർ’ എന്ന് ആരോഗ്യമന്ത്രിതന്നെ സമ്മതിച്ചിട്ടും അതിന് പരിഹാരംകാണാൻ ശ്രമിക്കാതെ, ആരോഗ്യപ്രവർത്തകരെ പൊതുജനത്തിന്റെ രോഷത്തിനു വിട്ടുകൊടുത്തും സർക്കാരിന്റെ മുഖം രക്ഷിക്കാനായി ഡോക്ടർക്കെതിരെ ശിക്ഷാനടപടികൾ എടുത്തും ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറുകയാണ് സർക്കാർ.
ആരോഗ്യമേഖലയുടെ ഫലപ്രദമായ പ്രവർത്തനം ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന് അത്യന്താപേക്ഷികമാണ്. അതിന് അവശ്യം ഉറപ്പാക്കേണ്ടകാര്യമാണ് അവിടെ പണിയെടുക്കുന്നവർക്ക് ന്യായമായ പ്രതിഫലവും അവകാശങ്ങളും ഉറപ്പാക്കുക എന്നത്. ഇതിൽ വീഴ്ച വരുത്തുന്ന സർക്കാരാണ് ഇവിടെ കുറ്റകരമായ നിലപാടെടുത്തിരിക്കുന്നത്.
സർക്കാർ ആശുപത്രികളുടെയും മെഡിക്കൽ കോളേജുകളുടെയും വർദ്ധിച്ചുവരുന്ന പ്രശ്നങ്ങൾ പരിഹരിക്കാതെ ജനങ്ങളെ സ്വകാര്യ മേഖലയിലേക്കു തള്ളിവിട്ടുകൊണ്ടിരിക്കുകയാണ് സർക്കാർ. വിദേശമൂലധനശക്തികളെ ചുവന്ന പരവതാനിവിരിച്ച് കേരളത്തിലേക്കു ക്ഷണിക്കുന്നത് തങ്ങളുടെ അഭിമാന പദ്ധതിയായിട്ടാണ് സർക്കാർ കണക്കാക്കുന്നത്. ഈ നയങ്ങൾതന്നെയാണ് ഏതാണ്ട് 6000 കോടി രൂപയുടെ വിദേശനിക്ഷേപം കേരളത്തിലെ ആരോഗ്യമേഖലയിലേക്കെത്തിച്ചത്. സുശക്തമായ ഒരു പൊതുജനാരോഗ്യ സംവിധാനം ഇവിടെ നിലനില്ക്കാൻ പാടില്ല എന്നത് ഈ സ്വകാര്യനിക്ഷേപകരുടെ താല്പര്യമാണ്. രോഗികളെ ഇൻഷുറൻസിന്റെ വലയിൽപ്പെടുത്തിയും ‘കാരുണ്യ’ പോലുള്ള പദ്ധതികളുടെ പണം കൊടുക്കാതെയും സർക്കാർ സൗജന്യചികിത്സയുടെ വഴിയടച്ചിട്ട് കാലം കുറേയായി. ഇന്ത്യയിൽ ആരോഗ്യപരിരക്ഷയ്ക്കായി സ്വന്തം കൈയിൽനിന്ന് ഏറ്റവും കൂടുതൽ പണം മുടക്കേണ്ട സംസ്ഥാനമായിരിക്കുന്നു കേരളം. കേന്ദ്ര സർക്കാരിന്റെ നിയമത്തിനനുസരിച്ച് ‘കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റ്’ നടപ്പാക്കുന്നതിലൂടെ, അപ്രായോഗികമായ നിബന്ധനകൾ അടിച്ചേല്പിച്ച് ജനങ്ങൾക്കു താങ്ങായിരുന്ന ചെറുകിട ആശുപത്രികളെ ശ്വാസംമുട്ടിച്ച് പൂട്ടിക്കുകയുമാണ് ഇതോടൊപ്പം. 1304 ഒപി സ്ഥാപനങ്ങളും 444 കിടത്തിചികിത്സ സ്ഥാപനങ്ങളും ഉൾപ്പെടെ അഞ്ചുവർഷത്തിനിടെ 1750 ചെറുകിട ആശുപത്രികൾ പൂട്ടപ്പെട്ടുവെന്ന് ഐഎംഎയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അങ്ങനെ രോഗികളെ വൻകിട സ്വകാര്യ ആശുപത്രി ബിസിനസ്സുകാരുടെ കഴുത്തറുപ്പൻ ചൂഷണത്തിന് എറിഞ്ഞു കൊടുക്കുകയാണ് സർക്കാർ.
ഒരുവശത്ത്, കേരള മോഡൽ എന്ന് പുകഴ്‌പെറ്റ കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം ആസൂത്രിതമായി തകർക്കപ്പെടുകയാണ്. കോർപ്പറേറ്റ് താല്പര്യം മുൻനിർത്തി ആരോഗ്യരംഗത്തുവന്നുകൊണ്ടിരിക്കുന്ന നയങ്ങൾ കേരളത്തിലും പതിറ്റാണ്ടുകളായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. അത്യാവശ്യ മരുന്നുകളോ ശസ്ത്രക്രിയാ ഉപകരണങ്ങളോ ഇല്ലാതെ ഡോക്ടർമാർ അനുഭവിക്കുന്ന സമ്മർദ്ദം ഡോ.ഹാരിസ് ചിറക്കലിനെപോലുള്ളവർ ഇതിനകം വെളിവാക്കിയതാണ്. സാമൂഹ്യപ്രതിബദ്ധതകൊണ്ട് സർക്കാർ സർവ്വീസിൽ തുടരുന്ന ഡോക്ടർമാരെയും എവ്വിധവും പുറത്താക്കാനുള്ള പരിശ്രമമാണ് മറുവശത്ത് നടക്കുന്നത്. ഈ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ തികച്ചും ന്യായമായ ആവശ്യങ്ങൾ നിരാകരിക്കുന്നത് കേവലമായ ഒരു ഭരണവീഴ്ച്ചയോ ‘സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധി’ എന്ന പതിവുവാദംകൊണ്ട് ന്യായീകരിക്കാവുന്നതോ അല്ല. സർക്കാർ സർവ്വീസിലെ പ്രതിബദ്ധതയുള്ള, സേവനതല്പരരായ സീനിയർ ഡോക്ടർമാരെ പുകച്ചു പുറത്തുചാടിച്ച് സ്വകാര്യ കോർപ്പറേറ്റ് ആശുപത്രികളിലേക്കെത്തിക്കുകയാണ് സർക്കാർ. തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ആരോഗ്യമന്ത്രി നടത്തുന്ന നാടകങ്ങൾകൊണ്ട് ഈ ‘സിസ്റ്റത്തിന്റെ പ്രശ്നങ്ങൾ’ പരിഹരിക്കാനും കഴിയില്ല. ഈ സാഹചര്യത്തിൽ ഡോക്ടർമാരുടെ സമരം വിജയത്തിലെത്തിച്ച് ആരോഗ്യമേഖലയുടെ പ്രവർത്തനം പഴയനിലയിലെങ്കിലുമാക്കാൻ പൊതുജനങ്ങളൊന്നടങ്കം പിന്തുണ നൽകേണ്ടിയിരിക്കുന്നു.
