ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണി സർക്കാരിനെ സംബന്ധിച്ചിടത്തോളം തലയ്ക്കടിയേറ്റതുപോലെയായിരുന്നു. ജനരോഷം എത്രത്തോളമെന്ന് അളക്കാൻ, സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ച് നാട്ടുകാരെ വശത്താക്കാൻ, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പേതന്നെ തങ്ങളുടെ രാഷ്ട്രീയപ്രചാരണം വീടുവിടാന്തരം ആരംഭിക്കാൻ ഇടതുമുന്നണി തീരുമാനിച്ചതിന്റെ പശ്ചാത്തലം അതായിരുന്നു. എന്നാൽ, അതിനുവേണ്ടി അങ്ങേയറ്റം കുത്സിതമായ ഒരു നീക്കമാണ് ഇടതുമുന്നണി, വിശേഷിച്ചും സിപിഐ(എം) നേതൃത്വം കൈക്കൊണ്ടത്. പൊതുഖജനാവ് ഉപയോഗിച്ച് ഔദ്യോഗികമായി അത്തരമൊരു സർവ്വേ നടത്താം എന്ന കുബുദ്ധിയാണ് ഇവിടെ പ്രയോഗിക്കപ്പെട്ടത്.
‘നവകേരള സർവ്വേ’ എന്ന ആകർഷകമായ പേരുനൽകി സംസ്ഥാന സർക്കാരിന്റെ പേരിൽ ആരംഭിച്ച ഈ സ്പെഷ്യൽ പിആർ ക്യാമ്പയിൻ ഒക്ടോബർ 10നാണ് ഔ ദ്യോഗികമായി പ്രഖ്യാപിക്ക പ്പെട്ടത്. അതിനായി 20 കോടി രൂപയാണ് പൊതു ഖജനാവിൽ നിന്ന് നീക്കിവയ്ക്കാൻ ഉത്തരവുണ്ടായത്. സർക്കാരിന്റെ തന്നെ സാമ്പത്തികകാര്യ-ആസൂത്രണ വിഭാഗങ്ങൾക്ക് സർവ്വേയിൽ പങ്കില്ല. പകരം, പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പേരിലാണ് സർവ്വേ. കോടികൾ ധൂർത്തടിച്ച് സർക്കാർ നടത്തിവരുന്ന പിആർ ക്യാമ്പയിന്റെ മറ്റൊരു നടപടിയായി നവകേരളസർവ്വേ മാറുകയായിരുന്നു.
സർവ്വേ, പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കീഴിൽ നടത്താൻ തീരുമാനിച്ചതോടെ 20 കോടി എളുപ്പത്തിൽ വകയിരുത്തി നേടാനുള്ള വഴിയൊരുക്കുകയായിരുന്നു സർക്കാർ. ബജറ്റിന് പുറത്തുള്ള ധനവിനിയോഗ വിഷയങ്ങളിൽ പാലിക്കേണ്ടുന്ന മാനദണ്ഡങ്ങൾ അട്ടിമറിച്ചിട്ടാണ്, ബജറ്റ് മാന്വലിനും സഭയുടെ റൂൾസ് ഒാഫ് ബിസിനസിനും വിരുദ്ധമായിട്ടാണ് സർവ്വേയുമായി സർക്കാർ മുന്നോട്ടുപോയത്. ഒക്ടോബർ 8ന്റെ മന്ത്രിസഭയുടെ തീരുമാനം സഭയുടെ മുന്നിൽ അവതരിപ്പിച്ചതുമില്ല.
പിആർഡിയുടെ പ്രത്യേക പ്രചാരണ ഫണ്ടെന്ന ഹെഡിൽ 20 കോടി രൂപയിൽ മുഴുവൻ തുകയും അനുവദിച്ച് ഉടനെ ഉത്തരവ് ഇറങ്ങി. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനോ ക്ഷേമപെൻഷൻ നൽകാൻപോലുമോ ഖജനാവിൽ പണമില്ലെന്ന് വിലപിക്കുന്ന സർക്കാരാണ്, സർക്കാരിന്റെ പൊള്ളയായ അവകാശവാദങ്ങൾ ജനങ്ങളിൽ എത്തിക്കാൻ പിആർ പ്രവർത്തനങ്ങൾക്കുവേണ്ടി കോടികൾ ധൂർത്തടിക്കുന്നത്. ഒരൊറ്റ മാസംകൊണ്ട് സർവ്വേ പൂർത്തിയാക്കാൻ 85,000ത്തോളം വോളണ്ടിയർമാരെ നിയോഗിക്കാനും 85 ലക്ഷം വീടുകൾ കവർ ചെയ്യാനുമാണത്രേ തീരുമാനിച്ചിരുന്നത്.
എന്തിനുവേണ്ടി, ആർക്കുവേണ്ടി?
ഈ സർവ്വേയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ തുടക്കംമുതലേ സംശയാസ്പദമായിരുന്നു. ജനുവരി 31ന്സർവ്വേ പൂർത്തിയാക്കാൻ കഴിഞ്ഞാൽ പോലും രണ്ടു മാസങ്ങൾമാത്രം അവശേഷിക്കുന്ന ഒരു സർക്കാർ, പൊതുഖജനാവ് ഉപയോഗിച്ച് സർവ്വേ നടത്തുന്നതെന്തിന് എന്ന ചോദ്യം ഉയർന്നുവന്നു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്ട്രീയ ലക്ഷ്യത്തോടെ സർക്കാർ നടത്തുന്ന ഒരു ദുരുദ്ദേശ സർവ്വേയാണിതെന്ന് പലരും ചൂണ്ടിക്കാണിച്ചു.
സർവ്വോപരി, 2025 ഒക്ടോബർ എട്ടിന് മന്ത്രിസഭായോഗം അംഗീകരിച്ച ഒരു പദ്ധതിയുടെ വിശദാംശങ്ങൾ-അതിനുമേറെ മുമ്പേ സെപ്റ്റംബർ 23-ാം തീയതി സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ജില്ലാ കമ്മിറ്റികൾക്ക് അയച്ച കത്തിൽ ഉണ്ടായിരുന്ന വിവരം പുറത്തുവരികയുണ്ടായി. “വികസന ക്ഷേമ പ്രവർത്തനങ്ങളെ സംബന്ധിച്ച് ജനാഭിപ്രായം രൂപീകരിക്കുന്നതിനായി സർക്കാർ സർവ്വേ സംഘടിപ്പിക്കുന്നത് അറിയിച്ചിരുന്നല്ലോ… നവകേരള കർമ്മസേനയിലേക്ക് എൽഡിഎഫ് അനുഭാവികളെ റിക്രൂട്ട് ചെയ്യണം…” തുടങ്ങിയവയായിരുന്നു എം.വി. ഗോവിന്ദന്റെ കത്തിലെ വാചകങ്ങൾ.
അപ്പോൾ, സംസ്ഥാന സർക്കാരിനെക്കാൾ ഉപരി, ഇടതുമുന്നണിയും സിപിഐ(എം)ഉം പ്രത്യേകമായി ആസൂത്രണം ചെയ്ത ഒരു പദ്ധതിയാണിതെന്ന് വ്യക്തമാക്കപ്പെടുകയായിരുന്നു. പ്രതിഷേധം വ്യാപകമായി. ദുരുപദിഷ്ഠ സർവ്വേക്കെതിരെ ഹൈക്കോടതിയിൽ പ്രതിപക്ഷം ഹർജി ഫയൽചെയ്തു. 2026 ഫെബ്രുവരി 17ന്, നവകേരള സർവ്വേ നടപടികൾ തടഞ്ഞുകൊണ്ട് ഹൈക്കോടതി വിധി പ്രസ്താവിച്ചു. ഭരണകക്ഷിയുടെ രാഷ്ട്രീയ പ്രചാരണത്തിന് പൊതു ഖജനാവിലെ ധനം വിനിയോഗിക്കാൻ അനുവദിക്കരുതെന്ന ഹർജിയിലെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ജനങ്ങളുടെ പണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്താനുള്ള ഇടതുമുന്നണിയുടെ അങ്ങേയറ്റം സങ്കുചിതമായ രാഷ്ട്രീയ ഗൂഢാലോചനക്ക് തിരിച്ചടിയായി ഹൈക്കോടതി വിധി.
കബളിപ്പിക്കാൻ എന്തും ചെയ്യും
എന്നാൽ, 24 മണിക്കൂറിനുള്ളിൽ ആ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുവാൻ ഇടതുമുന്നണി സർക്കാർ തീരുമാനിച്ചത് മറ്റൊരു വെല്ലുവിളിയായി. നിർഭാഗ്യകരം എന്നു പറയട്ടെ നവകേരള സർവ്വേ സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു കളഞ്ഞു. കേന്ദ്രത്തിലെ നരേന്ദ്രമോദി സർക്കാരും സമാനമായ വിധത്തിൽ ജനങ്ങളുടെ താൽപര്യങ്ങളെ തെല്ലും പരിഗണിക്കാതെ പിആർ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന ഒരു സർക്കാരാണ്. ജനദ്രോഹങ്ങളെ മറയ്ക്കാൻ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന തന്ത്രങ്ങൾ നിരന്തരം പയറ്റുന്ന മോദി സർക്കാരിന്റെ തട്ടിപ്പുവിദ്യകൾ പലതും വിദഗ്ധമായി സംസ്ഥാനത്തും പയറ്റുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. കേന്ദ്രവും സംസ്ഥാനവും ഒരേ രാഷ്ട്രീയ വിദ്യകൾ ജനങ്ങളുടെമേൽ മാറിമാറി പരീക്ഷിക്കുകയാണ്.
ഡിഎ അവകാശമല്ല എന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുവാൻ ഒരു മടിയുമില്ല ഇടത് സർക്കാരിന്. പിന്നീട്, ഒരു രാഷ്ട്രീയ ഔദാര്യംപോലെ ഡിഎ കുടിശ്ശിക തീർക്കാൻ, കൗശലപൂർവം സർക്കാർ ഉത്തരവിറക്കും. ക്ഷേമ പെൻഷൻ സർക്കാരിന്റെ ഭിക്ഷപോലെ അല്പംനൽകും. അല്ലെങ്കിൽ പാവപ്പെട്ടവർക്ക് ഒരു ഭക്ഷ്യകിറ്റ് നൽകും. അതും ഔദാര്യം പോലെ. എന്നിട്ട് അതിന് പ്രത്യുപകാരമായി തിരഞ്ഞെടുപ്പിൽ വോട്ട് ആവശ്യപ്പെടും.
അതിനായി, നിലവിലുള്ള എല്ലാ ചട്ടങ്ങളും സർക്കാർ കാറ്റിൽപ്പറത്തി. സ്വകാര്യതയിലേക്ക് കടന്നുകയറി, ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരം ചോർത്തി, വാട്ട്സ്ആപ്പ് സന്ദേശങ്ങൾ സർക്കാർ ജീവനക്കാർക്കുവരെ അയച്ചുകൊണ്ടിരിക്കുകയാണ് പിണറായി സർക്കാർ. ജീവനക്കാർക്ക് നിയമാനുസൃതം അവകാശപ്പെട്ട ഡിഎ കുടിശ്ശിക വരുത്തിയ സർക്കാർ, മേൽ കുടിശ്ശികയിൽ 10% അനുവദിച്ച് ഉത്തരവിറക്കിയതിന് പിന്നാലെ എന്തോ ഔദാര്യം ജീവനക്കാർക്ക് അനുവദിച്ചു എന്ന മട്ടിൽ മുഖ്യമന്ത്രിയുടെ പേരിൽ വ്യക്തിപരമായി “ജീവനക്കാരുടെ അവകാശവും ക്ഷേമവും സംരക്ഷിക്കാൻ ഈ സർക്കാർ എന്നും ഒപ്പമുണ്ട്, വരും നാളുകളിലും ഈ കരുതൽ തുടരുമെന്നും” ഒക്കെയുള്ള സന്ദേശങ്ങൾ ലക്ഷക്കണക്കിന് പേർക്ക് അയച്ചുകൊണ്ടിരിക്കുകയാണ്.
അവരുടെ സ്വകാര്യ ഫോൺ നമ്പറുകളിലേക്ക് എങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കടന്നുകയറിയത് എന്ന് അറിയേണ്ടതുണ്ട്. സർക്കാർ അധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകുന്ന സോഫ്റ്റ്വെയർ ആണ് സ്പാർക്ക്. സ്പാർക്കിൽ ഔദ്യോഗികമായും സുരക്ഷിതമായും സൂക്ഷിക്കുന്നതാണ് ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ. ധനവകുപ്പിലെ സ്പാർക്ക് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിന് മാത്രമാണ് വാസ്തവത്തിൽ സ്പാർക്ക് സോഫ്റ്റ്വെയറിൽ ആക്സസ് ഉള്ളത്. ആ സോഫ്റ്റ്വെയറിൽ നിന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ്, ജീവനക്കാരുടെ ഫോൺ നമ്പറുകൾ ചോർത്തിയതെങ്കിൽ അത് ഗുരുതരമായ കുറ്റകൃത്യമാണ്. നമ്മുടെ രാജ്യത്ത് നിലവിലുള്ള വ്യക്തിവിവര സംരക്ഷണ നിയമത്തിന്റെ നഗ്നമായ ലംഘനമാണത്.
പൗരന്റെ ഭക്ഷ്യസുരക്ഷയും ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസ അവകാശവും തൊഴിലും മറ്റ് ജീവിതാവകാശങ്ങളും ഉറപ്പാക്കാൻ ബാധ്യതപ്പെട്ട സർക്കാരുകൾ അത് നിർവ്വഹിക്കാതിരിക്കുകയും തിരഞ്ഞെടുപ്പുകാലത്ത് ചില സൗജന്യങ്ങൾ പ്രഖ്യാപിച്ച് ജനങ്ങളെ പാട്ടിലാക്കുകയും ചെയ്യുന്ന അന്തഃസാരശൂന്യമായ ബൂർഷ്വാ രാഷ്ട്രീയമാണ് ഇന്ത്യയിൽ എവിടെയും ഭരണവർഗ്ഗ പാർട്ടികൾ അനുവർത്തിക്കുന്നത്. തമിഴ്നാട്ടിൽ ദീർഘകാലം എംജിആറും ജയലളിതയും ബീഹാറിൽ നിതീഷ് കുമാറും ഗുജറാത്തിൽ മോദിയും ഒക്കെ ചെയ്ത അതേ ദുഷ്ടബുദ്ധി രാഷ്ട്രീയം കേരളത്തിൽ മറയില്ലാതെ അനുവർത്തിക്കുന്ന പിണറായി സർക്കാർ അഴുകിയ ബൂർഷ്വാ രാഷ്ട്രീയത്തിന്റെ കെട്ട പ്രതിനിധികൾ ആണെന്ന് തുറന്ന് വിളിച്ചോതുകയാണ്. ജനങ്ങൾക്ക് തൊഴിലുകൾ നൽകി ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനു പകരം തിരഞ്ഞെടുപ്പ് സമയത്ത് തുണിയും സ്കൂട്ടറും ഭക്ഷണവും ഖജനാവിലെ പണം വിനിയോഗിച്ച് നൽകുന്ന രാഷ്ട്രീയം രാജ്യപുരോഗതിക്ക് പ്രയോജനം ചെയ്യില്ലെന്നും തിരുത്തണമെന്നും സുപ്രീംകോടതി അടുത്തിടെ ഒരു കേസിൽ നിരീക്ഷിക്കുകയുണ്ടായി.
എന്തായാലും, എല്ലാ വിഭാഗം ജനങ്ങളുടെയും വെറുപ്പിനും വിദ്വേഷത്തിനും പാത്രമായിക്കഴിഞ്ഞ പിണറായി സർക്കാർ നിലനിൽപ്പിനായുള്ള നെട്ടോട്ടത്തിലാണ്. ഇല്ലാത്ത കാര്യങ്ങൾ അവകാശവാദങ്ങളായി, നട്ടാൽ കുരുക്കാത്ത പെരുംനുണകളായി, തങ്ങളുടെ പിആർ ഏജൻസികളിലൂടെ പ്രചരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കാമെന്ന വ്യാമോഹത്തിലാണ് പിണറായി സർക്കാരും സംഘവും മേൽപ്പറഞ്ഞ പൊറാട്ട് നാടകങ്ങൾ എല്ലാം നടത്തുന്നത്. ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് ജനങ്ങളുടെ ഫണ്ട് ഉപയോഗിക്കുന്ന സാഹചര്യം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. അതുകൊണ്ടുതന്നെ, നവകേരള സർവ്വേ അങ്ങേയറ്റത്തെ അധികാര ദുർവിനിയോഗമാണ്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സർവ്വേ നടത്തണം എന്ന വാദം തന്നെ കാപട്യമാണ്. ഖജനാവിലെ പണം ജനങ്ങൾക്ക് ഏതെങ്കിലും അളവിൽ സഹായകരമായി ഉപയോഗിച്ചിരുന്നെങ്കിൽ, വിലക്കയറ്റം തടഞ്ഞിരുന്നെങ്കിൽ, ക്ഷേമപെൻഷനുകൾ യഥാസമയം നൽകിയിരുന്നെങ്കിൽ, ചൂരൽമല ദുരന്തത്തിൽ പെട്ടവരെ പുനഃരധിവസിപ്പിച്ചിരുന്നെങ്കിൽ അതൊരാശ്വാസമാകുമായിരുന്നു.
എത്രയൊക്കെ സർവ്വേ നടത്തിയാലും ഒരു ദശാബ്ദക്കാലം പിണറായി സർക്കാർ ജനങ്ങൾക്കെതിരെ നടത്തിയ എണ്ണിയാൽ ഒടുങ്ങാത്ത ജനദ്രോഹങ്ങൾ മായ്ക്കാനോ മറക്കാനോ കഴിയുമോ. ഇനി ജനരോഷം അളക്കാനാണ് സർവ്വേയെങ്കിൽ എത്രവട്ടം അത് തിരിച്ചറിഞ്ഞുകഴിഞ്ഞു. ഓരോ സന്ദർഭത്തിലും തിരുത്തും തിരുത്തും എന്ന് പ്രഖ്യാപിക്കുമ്പോഴും സിപിഐ(എം) അടിക്കടി വഷളായ രാഷ്ട്രീയംതന്നെ കൈയാളിക്കൊണ്ടിരിക്കുന്നു എന്നതല്ലേ നമ്മുടെ അനുഭവം. ഒരു തിരുത്തൽ അസാധ്യമാംവിധം അവർ ഒരു പതനത്തിലേക്കെത്തുകയാണോ എന്ന് ഇടതുപക്ഷ വിശ്വാസികൾ ഗൗരവപൂർവം ചിന്തിക്കേണ്ടിയിരിക്കുന്നു.
