സിനിമയെ വിദ്വേഷ പ്രചാരണത്തിനുള്ള ആയുധമാക്കുന്ന സംഘപരിവാർ

graphic-design.png
Share

ശാസ്ത്ര സാങ്കേതിക രംഗത്തെ വളർച്ചയും കലാസാഹിത്യ മേഖലയിലെ വികാസവുമൊക്കെ മാനവരാശിയുടെ പൊതുസ്വത്താണ്. മനുഷ്യസമൂഹത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കപ്പെടേണ്ടതുമാണ്. എന്നാൽ അധികാരം ഫാസിസ്റ്റുകളുടെ കൈകളിലെത്തുമ്പോൾ ഇവയൊക്കെയും മനുഷ്യത്വത്തെ മുരടിപ്പിക്കാനായി പ്രയോഗിക്കപ്പെടുന്നു. ഇതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ‘കേരള സ്റ്റോറി’ എന്ന സിനിമയും അതിന് അധികാരസ്ഥാനങ്ങളിൽനിന്ന് ലഭിക്കുന്ന പ്രോത്സാഹനവും.

റെനി റീഫൻസ്റ്റാൾ എന്ന സംവിധായികയുടെ ഏറ്റവും പ്രശസ്തമായ ചിത്രമാണ് ‘ദ ട്രയംഫ് ഓഫ് ദ വിൽ’. അഡോൾഫ് ഹിറ്റ്ലറുടെ കാൽക്കീഴിൽ അമർന്നു തുടങ്ങിയ ജർമ്മനിയിൽ 1935ൽ പുറത്തിറങ്ങിയ ഈ ചിത്രം നാസി പാർട്ടിയെയും ഹിറ്റ്ലറെയും സിനിമയിലൂടെ മഹത്വവൽക്കരിക്കാനുള്ള ഏറ്റവും പേരുകേട്ട ശ്രമമായി ഇന്നും വിലയിരുത്തപ്പെടുന്നു. ഇന്നത്തെപ്പോലെ കലാ-സാങ്കേതിക രംഗങ്ങള്‍ വളർച്ച നേടിയിട്ടില്ലാത്ത അക്കാലത്തുതന്നെ, ശാസ്ത്രവും സാങ്കേതികവിദ്യയും സമ്മാനിച്ച, സിനിമയെന്ന കലാരൂപത്തിന്റെ സാധ്യതകളും ശക്തിയും നാസികൾ മനസ്സിലാക്കിയിരുന്നു. നാസി ആശയങ്ങൾ പ്രചരിപ്പിക്കാനും, ഹിറ്റ്ലറെ പുകഴ്ത്താനും മാത്രമല്ല, ജൂതവിഭാഗത്തിനെതിരെ വെറുപ്പ് പടർത്താനും വളരെ ബോധപൂർവം ഹിറ്റ്ലറും ഗീബൽസും നാസികളും  അന്ന് സിനിമയെ ഉപയോഗിച്ചു. ഇതനുസരിച്ച് നിരവധി സിനിമകൾ അവർ നിർമ്മിച്ചുകൂട്ടി. ജർമ്മൻ സമൂഹത്തില്‍ നാസി ദർശനങ്ങൾക്ക് വേരാഴ്ത്തുന്നതിലും ഹിറ്റ്ലറോട് അന്ധമായ വിധേയത്വം സൃഷ്ടിക്കുന്നതിലും, കമ്മ്യൂണിസ്റ്റുകളും ജൂതരുമടക്കം നാസികൾ ശത്രുപക്ഷത്ത് നിർത്തിയവർക്കെതിരേയുള്ള കള്ളപ്രചാരണങ്ങൾക്ക് സാധാരണക്കാരുടെ മനസ്സിൽ സ്വാധീനമുണ്ടായതിലും ഈ ചലച്ചിത്രങ്ങൾക്കും പങ്കുണ്ട്.  ഫാസിസ്റ്റ് നടപടികളിലൂടെ പരുവപ്പെടുത്തിയ സമൂഹം സൃഷ്ടിച്ച വിനാശത്തിന്റെ അനുഭവം ലോകത്തിനു മുന്നിലുണ്ട്.


സിനിമ ഇപ്പോൾ എൻഡിഎ ഭരണത്തിനു കീഴിൽ ഇന്ത്യയിലും നിരന്തരവിവാദങ്ങളുടെ ഒരു വിഷയമായിരിക്കുന്നു. ഒരുവശത്ത്, ഭരണകൂടത്തിന്റെയും ഭരണപക്ഷത്തിന്റെയും താല്പര്യങ്ങളിൽ നിന്ന് അല്പമെങ്കിലും വ്യതിചലിച്ചു എന്നു തോന്നുന്ന സിനിമകൾക്കും ചലച്ചിത്രപ്രവർത്തകർക്കും നിരന്തരം പ്രതിബന്ധങ്ങളുണ്ടാകുന്നു. പ്രദർശനം തന്നെ തടയുന്നു. സെൻസർ ബോർഡാകട്ടെ, സംഘപരിവാർ ഏജന്റിനെപ്പോലെ പലപ്പോഴും പെരുമാറുന്നു. മറുവശത്ത്, യാതൊരു മര്യാദയുമില്ലാതെ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന വിഷലിപ്തമായ ഒട്ടനവധി ചലച്ചിത്രങ്ങൾ ഒന്നിനുപിന്നാലെ ഒന്നായി ഇപ്പോൾ പുറത്തുവരുന്നു. എത്ര കള്ളങ്ങൾ പ്രചരിപ്പിച്ചാലും എന്ത് വിദ്വേഷപ്രചാരണം നടത്തിയാലും ഇവയ്ക്ക്, സെൻസറിങ്ങ് ബാധകമാവുന്നില്ല. ബിജെപിയും ആർഎസ്എസ്സും പരസ്യമായി ഇവയെ പിന്തുണച്ച് രംഗത്തുവരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇത്തരം സിനിമകൾക്ക് പലപ്പോഴും നികുതിയിളവും നൽകുന്നു.


ഇങ്ങനെ, സംഘപരിവാർ ശത്രുപക്ഷത്ത് നിർത്തിയിട്ടുള്ള കേരളത്തിനെതിരെയും മുസ്ലീം മതവിഭാഗത്തിനെതിരെയും വളരെ ഹീനമായ വ്യാജപ്രചാരണം നടത്തിയ ചിത്രമായിരുന്നു വിപുൽ അമൃത്‌ലാൽ ഷാ നിർമ്മിച്ച് സുദീപ്തോ സെൻ സംവിധാനം ചെയ്ത ‘കേരള സ്റ്റോറി.’ ഇപ്പോൾ, അതിന്റെ രണ്ടാം ഭാഗമെന്ന നിലയിൽ ‘കേരള സ്റ്റോറി-2’ എന്ന ചിത്രവുമായി വരികയാണ് ഇതിന്റെ നിർമ്മാതാക്കൾ. അങ്ങേയറ്റം വിദ്വേഷപ്രചാരണമാണ് നടത്തുക എന്നത് ഈ ചിത്രത്തിന്റെ ട്രെയിലറിൽനിന്നുതന്നെ ബോധ്യം വന്നതിനാൽ അതിരൂക്ഷമായ എതിർപ്പാണ് ചിത്രത്തിനെതിരെ കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതെഴുതുമ്പോൾ, ചിത്രത്തിന്റെ പ്രദർശനം തടഞ്ഞ കേരള ഹൈക്കോടതി സിംഗിൾ ബഞ്ച് വിധിക്കെതിരെ നിർമ്മാതാക്കൾ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീൽ അംഗീകരിച്ചുകൊണ്ട് ചിത്രത്തിന്റെ പ്രദർശനം കോടതി അനുവദിച്ചിരിക്കുകയാണ്
എന്തുകൊണ്ടാണ് ‘കേരള സ്റ്റോറി’ എതിർക്കപ്പെടേണ്ട ചിത്രമായി മാറുന്നത്? 2023ൽ പുറത്തിറങ്ങിയ ‘കേരള സ്റ്റോറി’യുടെ ആദ്യഭാഗം, വളരെ വ്യക്തമായും കേരളം എന്ന സംസ്ഥാനത്തിനെതിരെയും മുസ്ലീം ജനവിഭാഗത്തിനെതിരെയും വെറുപ്പും വിദ്വേഷവും സൃഷ്ടിക്കാനും വളർത്താനുമുള്ള ബോധപൂർവമായ ശ്രമമായിരുന്നു. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയ സിനിമ എന്നാണ് നിർമ്മാതാക്കൾ ചിത്രത്തിലടക്കം അവകാശപ്പെട്ടത്. ലവ് ജിഹാദ് എന്ന പേരിൽ, സവർണ ഹിന്ദു-ക്രിസ്ത്യൻ വിഭാഗങ്ങളിലെ പെൺകുട്ടികളെ, മുസ്ലീം യുവാക്കൾ പ്രണയം നടിച്ച് വശീകരിച്ച് വിവാഹം കഴിച്ച് മതംമാറ്റാനുള്ള ആസൂത്രിതശ്രമം വളരെ വ്യാപകമായി നടത്തുന്നു എന്നത് കുറച്ചുകാലമായി സംഘപരിവാർ ശക്തികൾ ആവർത്തിക്കുന്ന പ്രചാരണമാണ്. വസ്തുതാപരമായി യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യാജപ്രചാരണമാണിതെന്ന് കോടതികളിലടക്കം പലതവണ തെളിയിക്കപ്പെട്ടിട്ടും സംഘപരിവാർ ജിഹ്വകളും, പിന്നെ അടുത്തകാലത്തായി, മുസ്ലീം വിരോധത്തിലൂന്നി ക്രിസ്ത്യൻ വിഭാഗങ്ങളിലെ ചില മതമേലധ്യക്ഷന്മാരടക്കമുള്ള ചെറുവിഭാഗവും ആവർത്തിക്കുന്നു. ഇങ്ങനെ, ലവ് ജിഹാദിലൂടെ ഹിന്ദുപെൺകുട്ടികളെ വഞ്ചിച്ച് വിവാഹംചെയ്ത് അവരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ തീവ്രവാദപ്രവർത്തനങ്ങൾക്കായി സിറിയയിലേക്ക് കടത്തുന്നു എന്നതാണ് ‘കേരള സ്റ്റോറി’യുടെ ആദ്യഭാഗത്തിൽ അവതരിപ്പിക്കുന്നത്. ഇങ്ങനെ 32000 ലധികം ഹിന്ദു-ക്രിസ്ത്യൻ പെൺകുട്ടികളെ വഞ്ചിച്ചുകടത്തി എന്ന കണക്കാണ് സിനിമയിലൂടെ യഥാർത്ഥ സംഭവമാക്കി അവതരിപ്പിക്കുന്നത്. കൂടാതെ, കേരളം അപകടത്തിലാണ്, സംസ്ഥാനത്തെ അതിവേഗം ഇസ്ലാമിക് സ്റ്റേറ്റാക്കി പരിവർത്തനപ്പെടുത്തുന്നു എന്നു സ്ഥാപിക്കാനും ചിത്രം ശ്രമിക്കുന്നു. കേരളത്തിൽ നിന്നുള്ള നാലു പെൺകുട്ടികൾ ഇങ്ങനെ മതപരിവർത്തനംചെയ്ത് ഭർത്താക്കന്മാരോടൊപ്പം ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമാകാൻ അഫ്ഗാനിസ്ഥാനിലേക്ക് പോയി എന്ന വാർത്തയെ അടിസ്ഥാനമാക്കിയാണ് ഈ പ്രചാരണം. ഇങ്ങനെ ഇന്ത്യയിൽ നിന്നു പോയ 127 പേരിൽ, ഈ വനിതകളടക്കം 21 പേരാണ് കേരളത്തിൽനിന്ന് ഉണ്ടായിരുന്നതായി കണ്ടെത്തിയത്. കേരളത്തിൽ നിന്നുമാത്രമല്ല, ഇന്ത്യയൊട്ടാകെനിന്ന് സ്ത്രീകളും പുരുഷന്മാരുമായി 200ഓളം പേരാണ് ഐസിസിനൊപ്പം ഇതുവരെ പോയതായി ഇന്ത്യയിലെ സർക്കാർ സംവിധാനങ്ങൾ നൽകിയിട്ടുള്ള വിവരം. വേൾഡ് പോപ്പുലേഷൻ റിവ്യൂ നൽകിയ കണക്കനുസരിച്ച് ഔദ്യോഗികമായി 23 പേരും അനൗദ്യോഗികമായി 45 പേരുമാണ് ഇതുവരെയുള്ള ഇന്ത്യക്കാരായ ഐസിസ് റിക്രൂട്ടുകൾ. ഫ്രാൻസിൽനിന്ന് 1700 പേരും ജർമ്മനിയിൽനിന്നും 760 പേരും ഈ കണക്കിലുണ്ട്. വസ്തുതകൾ ഇതായിരിക്കെയാണ് 32000 പേർ കേരളത്തിൽനിന്നുപോയി എന്ന കള്ളക്കണക്കിനെ സത്യമായി അവകാശപ്പെട്ടുകൊണ്ട് ‘കേരള സ്റ്റോറി’ വരുന്നത്. അത് ഒട്ടും നിഷ്കളങ്കമായ ആവിഷ്കരണമല്ല. സംഘപരിവാറിന്റെ വിഭജനരാഷ്ട്രീയത്തോട് കാലങ്ങളായി മുഖംതിരിച്ചു നിൽക്കുന്ന കേരളത്തിന്റെ പൊതുസമൂഹത്തോടുള്ള അവരുടെ വെറുപ്പ്, കള്ളങ്ങളെ സത്യങ്ങളായി പ്രചരിപ്പിച്ച് കേരളീയ സമൂഹത്തിൽ പരസ്പര സംശയത്തിന്റെ വിത്തുകൾ പാകി തങ്ങളുടെ മുസ്ലീംവിരുദ്ധ രാഷ്ട്രീയത്തിന് ഇവിടെ വേരുപിടിപ്പിക്കാൻ ശ്രമിക്കുക, സംഘപരിവാറിനെതിരെ നിലകൊള്ളുന്ന കേരളവും തമിഴ്‌നാടുംപോലെയുള്ള സംസ്ഥാനങ്ങൾ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയചിന്തകൾ മറ്റിടങ്ങളിലേക്കുകൂടി വ്യാപിക്കാതിരിക്കാൻ ഈ സംസ്ഥാനങ്ങളെയും ഇവിടെനിന്നുള്ളവരെയും ഒറ്റപ്പെടുത്തുക–ഇങ്ങനെയെല്ലാമുള്ള ഗൂഢോദ്ദേശ്യങ്ങൾ വളരെ വ്യക്തമായി ഈ ചലച്ചിത്രത്തിൽ പ്രകടമാണ്.


ഇതിനെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കള്ളിയിൽപെടുത്താനാകില്ല. മറിച്ച് ആസൂത്രിതമായ രാഷ്ട്രീയ പ്രൊപ്പഗാൻഡയാണ്. 2019 തൊട്ടുള്ള ഇന്ത്യയിലെ സിനിമകൾ, വിശേഷിച്ചും ഹിന്ദി സിനിമകൾ പരിശോധിച്ചാൽ, അംഗീകരിക്കപ്പെട്ട വസ്തുതകളും ചരിത്രവുമൊക്കെ വളച്ചൊടിച്ചുകൊണ്ട്, സംഘപരിവാർ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയവും അവരുടെ വ്യാഖ്യാനങ്ങളും (narratives) പ്രത്യക്ഷമായിതന്നെ ചിത്രീകരിക്കുന്ന സിനിമകൾ വളരെയധികം പുറത്തിറങ്ങുന്നു എന്നു കാണാം. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വിരുദ്ധതയെയും വളരെ പച്ചയായിത്തന്നെ അവതരിപ്പിക്കുന്ന ചിത്രങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. മറുവശത്ത്, തങ്ങളുടെ താല്പര്യങ്ങൾക്ക് അല്പമെങ്കിലും എതിരായ ചിത്രങ്ങളെയും കലാകാരന്മാരെയും തടയുന്നു. 2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സർജിക്കൽ സ്ട്രൈക്ക് പ്രമേയമാക്കി പുറത്തിറക്കിയ ‘ഉറി’ എന്ന ചിത്രം, തീവ്രദേശാഭിമാനത്തെ ഉണർത്തുകയും അതിന്റെ പതാകവാഹകരായി ഒന്നാം നരേന്ദ്രമോദി സർക്കാരിനെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നുകാണാം. മോദിയുടെ തിരിച്ചുവരവിന് ഈ ചിത്രവും പ്രചാരവേല ചെയ്തിട്ടുണ്ട്. തുടർന്ന് പ്രൊപ്പഗാൻഡ ചിത്രങ്ങളുടെ തുറന്ന കടന്നുവരവാണ് കാണാനാകുന്നത്. വിവേക് അഗ്നിഹോത്രിയുടെ ‘കശ്മീർ ഫയൽസും’, ‘കേരള സ്റ്റോറി’യുമാണ് ഇതിന്റെ ഏറ്റവും ദുഷിച്ച ഉദാഹരണങ്ങൾ. ഒരു സംസ്ഥാനത്തെയും മതവിഭാഗത്തെയും കള്ളപ്രചാരണങ്ങളിലൂടെ ഇത്ര മോശമാക്കി ചിത്രീകരിക്കാൻ ശ്രമിച്ച ‘കേരള സ്റ്റോറി’ എന്ന നെറികെട്ട സിനിമയെ നികുതി ഒഴിവാക്കി നൽകിയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾ പ്രോത്സാഹിപ്പിച്ചത്. ഒരു സിനിമ എന്ന നിലയിൽ വിലയിരുത്തിയാൽപോലും കലാപരമായോ സാങ്കേതികമായോ യാതൊരു നിലവാരവുമില്ലാത്ത സൃഷ്ടിയാണ് ഈ ചിത്രം. പക്ഷേ, മികച്ച സംവിധായകനുള്ള പുരസ്കാരമടക്കം രണ്ട് ദേശീയ അവാർഡുകൾ നൽകിയാണ് കേന്ദ്രസർക്കാർ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. തങ്ങളുടെ സ്വന്തക്കാർക്കുവേണ്ടി മാത്രമുള്ള വീതംവെപ്പാക്കി ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളെ മാറ്റിക്കഴിഞ്ഞ മോദി സർക്കാരിൽനിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ! എന്തായാലും, കേരളത്തെയും മുസ്ലീം ജനവിഭാഗത്തെയും ഒറ്റപ്പെടുത്തുന്നതിനും വിദ്വേഷം വളർത്തുന്നതിനുംവേണ്ടി സംഘപരിവാർ ബുദ്ധികേന്ദ്രങ്ങ ളിൽനിന്നും ബോധപൂർവ്വം ആസൂത്രിതമായി സൃഷ്ടിക്കപ്പെട്ടതാണ് ‘കേരള സ്റ്റോറി’ എന്നതിന്റെ സ്ഥിരീകരണമായിരുന്നു ബിജെപിയുടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഈ നടപടികൾ.


നാസി ഗീബൽസിയൻ രീതികളിൽ നിന്നു പ്രചോദനമുൾക്കൊണ്ട് സംഘപരിവാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന, സിനിമയെ ഉപയോഗിച്ചുള്ള ഈ പ്രചാരവേല ‘കേരള സ്റ്റോറി’യിൽ അവസാനിക്കുന്നില്ല. ‘ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ’, ‘താഷ്കെന്റ് ഫയൽസ്’ എന്നീ ചിത്രങ്ങളിലൂടെ എതിരാളികളായ കോൺഗ്രസിന്റെ വിശ്വാസ്യത തകർക്കാനുള്ള ശ്രമം ഇതിലേറ്റവും തീവ്രത കുറഞ്ഞതാണെന്ന് പറയേണ്ടിവരും. അഭിഷേക് ശർമ്മയുടെ ‘രാംസേതു’, വിവേക് അഗ്നിഹോത്രിയുടെ ‘വാക്സിൻ വാർ’പോലെയുള്ള ചിത്രങ്ങളും, ഭരണകക്ഷിയുടെ രാഷ്ട്രീയതാത്പര്യങ്ങളനുസരിച്ച് പടച്ചുവിട്ടവയാണ്. അടുത്തയിടെ രാജ്യത്ത് കളക്ഷൻ റെക്കോർഡുകൾ തകർത്തതായി അവകാശപ്പെട്ട ‘ധുരന്ധർ’ എന്ന ചിത്രവും നിർവ്വഹിക്കുന്ന ധർമ്മം മറ്റൊന്നല്ല. സംഘപരിവാർ താത്പര്യാനുസൃതമുള്ള ബിംബസൃഷ്ടി ലക്ഷ്യംവെച്ചുകൊണ്ട്, ‘സാമ്രാട്ട് പ്രിഥ്വിരാജ്’, ‘സ്വതന്ത്ര വീർ സവർക്കർ’, ‘ഡോ.ഹെഗ്ഡേവാർ’, ‘സാം ബഹാദൂർ’, ‘മേം ദീൻദയാൽ ഹും’, ‘പദ്മാവത്’, ‘തൻഹാജി’ തുടങ്ങിയ ചിത്രങ്ങൾ പുറത്തിറങ്ങിയതും യാദൃച്ഛികമല്ല. മുസ്ലീംവിരുദ്ധത ഒളിച്ചുവെക്കാതെതന്നെ ഇതിൽ പലതിലും വ്യക്തമാണ്. ഹിന്ദുപുരാണങ്ങളിൽനിന്നുള്ള കഥാപാത്രങ്ങളെ ആധുനികരീതിയിൽ അവതരിപ്പിച്ചുകൊണ്ടുള്ള ഭൂരിപക്ഷ വർഗീയതയുടെ താത്പര്യസംരക്ഷണമാണ് ‘ബ്രഹ്മാസ്ത്ര’, ‘കൽക്കി’, ‘ആദിപുരുഷ്’ എന്നീ ചിത്രങ്ങളിൽ കാണാനാവുക. വികലമായി ഔറംഗസീബിനെ അവതരിപ്പിച്ച ‘ഛാവാ’ എന്ന ചലച്ചിത്രത്തിന്റെ പ്രദർശനം മഹാരാഷ്ട്രപോലുള്ള സംസ്ഥാനങ്ങളിൽ അക്രമസംഭവങ്ങൾക്ക് വഴിവെച്ചതും ഓർക്കേണ്ടതുണ്ട്.


ഇതിന്റെ ചുവടുപിടിച്ചാണ് ‘കേരള സ്റ്റോറി’യുടെ രണ്ടാംഭാഗം തിയേറ്ററുകളിലെത്താൻ ഒരുങ്ങുന്നത്. കേരളം, ബംഗാൾ, തമിഴ്‌നാട് എന്നീ ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോളാണ് ഈ ചിത്രംവരുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ചിത്രത്തിന്റെ പുറത്തുവന്ന ട്രെയിലറിൽനിന്നും മനസ്സിലാകുന്നത്, പറഞ്ഞുപഴകിയ ലവ് ജിഹാദിലും മുസ്ലീം വിരുദ്ധതയിലും തന്നെയാണ് ചിത്രം ഊന്നുന്നത് എന്നാണ്. വിവിധ സംസ്ഥാനങ്ങളിൽ ഹിന്ദു യുവതികളെ മുൻനിശ്ചയിച്ചതു പ്രകാരം മുസ്ലീം യുവാക്കൾ പ്രണയം നടിച്ച് വിവാഹം കഴിച്ച് ദ്രോഹിക്കുന്ന അത്യന്തം പ്രകോപനപരമായ ദൃശ്യങ്ങൾ ട്രെയിലറിൽ കാണാം. ബലമായി ബീഫ് കഴിപ്പിക്കുന്ന ഒരു രംഗം ഇപ്പോൾത്തന്നെ വിവാദമായിക്കഴിഞ്ഞു. വെറുപ്പിന്റെയും വർഗീയതയുടെയും അപരവിദ്വേഷത്തിന്റെയും പ്രചാരണമല്ലാതെ മറ്റൊന്നും നൽകാനില്ലാത്ത മറ്റൊരു ചലച്ചിത്ര ആഭാസമായിരിക്കും വീണ്ടും എത്തുകയെന്നത് ട്രെയിലറിൽനിന്നും വ്യക്തമാണ്. ഇത് അങ്ങേയറ്റം എതിർക്കപ്പെടേണ്ടതാണ്. അനുരാഗ് കശ്യപിനെപ്പോലെയുള്ള ബോളിവുഡ് സംവിധായകർ ഈ ചിത്രത്തിനെതിരെ രംഗത്തുവരുന്നത് സ്വാഗതാർഹമാണ്. അതേസമയം കേരളത്തിനെതിരെ വിദ്വേഷം വമിപ്പിക്കുന്ന ഈ ചലച്ചിത്രങ്ങൾക്കെതിരെ കേരളത്തിലെ മുഖ്യധാരാ ചലച്ചിത്രപ്രവർത്തകരിൽ പ്രമുഖരടക്കം പുലർത്തുന്ന മൗനം ആശങ്കാജനകവുമാണ്.
സിനിമ, ഒരു മാധ്യമമാണ്, അതിശക്തമായ ഒരു കലാരൂപമാണ്. മറ്റ് ഏതൊരു കലാരൂപത്തേയുംകാൾ സമൂഹത്തിലേക്കിറങ്ങിച്ചെല്ലാനും, വ്യക്തിയെ മനഃശാസ്ത്രപരമായി സ്വാധീനിക്കാനും ശേഷിയുള്ള കലാരൂപം. പ്രത്യേകിച്ചും ഇന്ത്യപോലെയൊരു രാജ്യത്ത്, സിനിമയ്ക്കും സിനിമക്കാർക്കും ലഭിക്കുന്ന സ്ഥാനം വളരെ വലുതാണ്. സിനിമയിലൂടെ നിർമ്മിച്ചെടുത്ത പ്രതിബിംബങ്ങളുടെ ബലംകൊണ്ടുമാത്രം രാഷ്ട്രീയമായ സ്ഥാനം ഉറപ്പിച്ചെടുത്തവരുണ്ട് എന്നതുതന്നെ ഉദാഹരണം. കാലാകാലങ്ങളിലെ ഭരണകൂട-ഭരണപക്ഷ താത്പര്യങ്ങളോട് ഒത്തുപോകാത്ത സിനിമകളെ തടയാനുള്ള ശ്രമങ്ങളുണ്ടാകുമ്പോൾ അത് ഭരണഘടനാദത്തമായ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ ലംഘനമായാണ് കണക്കാക്കപ്പെടുക. ഒരുപക്ഷേ ഇങ്ങനെ, ആവിഷ്കാരസ്വാതന്ത്ര്യത്തെ വെല്ലുവിളിച്ചുകൊണ്ട്, ഏറ്റവുമധികം തവണ രാജ്യത്ത് സിനിമകൾക്കെതിരെ നേരിട്ടും അല്ലാതെയും ആക്രമണങ്ങള്‍ അഴിച്ചുവിട്ടിട്ടുണ്ടാവുക സംഘപരിവാർ ശക്തികളാകും. ‘കേരളാ സ്റ്റോറി’ പോലെയുള്ള, പ്രത്യക്ഷത്തിൽതന്നെ വെറുപ്പിന്റെയും ഭിന്നിപ്പിന്റെയും പ്രചാരണത്തിനുമാത്രം സൃഷ്ടിക്കപ്പെടുന്ന സിനിമകൾക്കെതിരെ ശബ്ദമുയരുമ്പോൾ, ഇതേ ശക്തികൾ തന്നെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ വാദമുയർത്തി രംഗത്തുവരുന്ന വിരോധാഭാസം നമുക്കു കാണാം. ഒരു സിനിമയിലൂടെ നിർമ്മാതാക്കൾ അവതരിപ്പിക്കുന്ന കാര്യങ്ങൾ അവരുടെ കാഴ്ച്ചപ്പാടാണ്. ആ അഭിപ്രായപ്രകടനത്തിന് അവർക്കു സ്വാതന്ത്ര്യമുണ്ടെന്ന് സാങ്കേതികമായി പറയുമ്പോൾതന്നെ, ഒരു ജനാധിപത്യ സമൂഹത്തിൽ ആ സ്വാതന്ത്ര്യത്തിന് പരിധികളുണ്ടെന്നതും മനസ്സിലാക്കേണ്ടതുണ്ട്. സിനിമയുടെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി സംഘപരിവാറിനുൾപ്പെടെ തങ്ങളുടെ രാഷ്ട്രീയദർശനങ്ങൾ അവതരിപ്പിക്കാം. പക്ഷേ, അത് ബോധപൂർവം ഒരു വിഭാഗം ജനങ്ങള്‍ക്കെതിരെ, ഒരു പ്രദേശത്തിനെതിരെയുള്ള വിദ്വേഷ പ്രചാരണം മാത്രമാകുമ്പോൾ, അത് ആവിഷ്കാരസ്വാതന്ത്ര്യമല്ല, മനഃപൂർവ്വമായ കുറ്റകൃത്യമാണ്. സംഘപരിവാറിനു കീഴടങ്ങി വർഗ്ഗീയവിദ്വേഷത്തിന്റെ കുഴലൂത്തുകാരായി മാറിയ മുഖ്യധാരാ ചലച്ചിത്രകാരന്മാരും ആത്മപരിശോധന നടത്തേണ്ടതാണ്. മറുവശത്ത്, സമൂഹത്തിൽ വർധിച്ചുവരുന്ന അസമത്വങ്ങൾക്കും അനീതികൾക്കും ഭിന്നിപ്പുകൾക്കുമെതിരെ മനുഷ്യപക്ഷത്തുനിന്നുകൊണ്ട് സംസാരിക്കുന്ന ചലച്ചിത്രങ്ങൾക്കും കലാകാരന്മാർക്കും ഭരണകൂടത്തിന്റെയും വിഭജനശക്തികളുടെയും എതിർപ്പിനെ നേരിടേണ്ടിയും വരുന്നു. നമ്മുടെ നാട്ടിൽ നിലനിൽക്കേണ്ട അടിസ്ഥാന ജനാധിപത്യ അന്തരീക്ഷത്തെ പോലും ഇല്ലാതാക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ഉറച്ചു നിലകൊള്ളേണ്ടത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന നാമോരോരുത്തരുടേയും ഉത്തരവാദിത്തമാണ്. ഫാസിസ്റ്റ് ജർമ്മനിയുടെ അനുഭവം നമുക്ക് മറക്കാതിരിക്കാം.

ഫാസിസം കരുത്താര്‍ജ്ജിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ എല്ലാ ഘടകങ്ങള്‍ക്കും ജീര്‍ണ്ണത ബാധിക്കും. സര്‍വ്വരംഗങ്ങളിലും ഒരു തിരിച്ചുപോക്കിന്റെ കുത്തൊഴുക്ക് ഉണ്ടാകും. ഏതെങ്കിലുമൊരു മേഖല മാത്രമായി നമുക്ക് സംരക്ഷിച്ചുനിര്‍ത്താനാകില്ല. സര്‍വ്വതല സ്പര്‍ശിയായ ജനാധിപത്യ പ്രബുദ്ധത വളര്‍ത്തിയെടുത്തും ബൃഹത്തായ മുന്നേറ്റങ്ങള്‍ സമസ്ത രംഗങ്ങളിലും സൃഷ്ടിച്ചെടുത്തുകൊണ്ടുംമാത്രമേ മാനുഷിക മൂല്യങ്ങളുടെയും മനുഷ്യനന്മയുടെയും നിലനില്‍പ്പ് ഉറപ്പുവരുത്താനാകൂ. ഓരോരോ നടപടികളെ ഒറ്റപ്പെട്ട സംഭവങ്ങളായി കാണാതെ സമഗ്രമായി വീക്ഷിച്ചുകൊണ്ട് ജനാധിപത്യ, മതേതര കാഴ്ചപ്പാടുകളുടെ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട പോരാളികളായി സ്വയം തിരിച്ചറിഞ്ഞുകൊണ്ട് മുന്നോട്ടുവരാന്‍ നമുക്ക് ഓരോരുത്തര്‍ക്കും കഴിയേണ്ടതുണ്ട്.

Share this post

scroll to top