ബംഗ്ലാദേശിലെ സാംസ്കാരിക നായകർ ഇന്ത്യയിലെ ജനങ്ങളോട് നടത്തുന്ന അഭ്യർത്ഥന

Bengladesh-Slug.jpg
Share

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധം ഇന്ന് വളരെ പരിതാപകരമായ അവസ്ഥയിലാണ്. ഇത്തരമൊരു അവസ്ഥയിൽ ഇന്ത്യയിലെയും ബംഗ്ലാദേശിലെയും സാധാരണ ജനങ്ങൾക്കിടയിൽ വിള്ളൽ ഉണ്ടാക്കാൻ ചില തൽപര, വർഗീയ ശക്തികൾ സദാ ശ്രമിച്ചുകൊണ്ടി രിക്കുകയാണ്. ഇതിൽ വലിയ ആശങ്കയോടെയാണ് ഞങ്ങൾ ഈ കാഴ്ചപ്പാടുകൾ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത്.
ഇന്ത്യയിലെ ജനങ്ങളും ഇന്ത്യയിലെ ഗവൺമെന്റും ഒന്നാണെന്ന് ഞങ്ങൾ കരുതുന്നില്ല. ഇന്ത്യയിലെ ജനങ്ങൾ വർഗീയതക്കെതിരെയും ഹിന്ദു വർഗീയ ശക്തികൾക്കെതിരെയും പൊരുതുന്നവരാണ് എന്ന് ഞങ്ങൾക്കറിയാം. ദീർഘകാലത്തെ നിരന്തരമായ പോരാട്ടത്തിനൊടുവിൽ ഹസീനയുടെ ഫാസിസ്റ്റ് ഗവൺമെന്റിനെ പുറത്താക്കിയിരിക്കുകയാണ് ഞങ്ങൾ. ഞങ്ങളുടെ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് കഴിഞ്ഞ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഇന്ത്യയിലും പ്രകടനങ്ങളുണ്ടാ യിരുന്നു. നിങ്ങളുടെയും ഞങ്ങളുടെയും പോരാട്ടങ്ങൾക്കും സാഹോദര്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. നമ്മുടെ ഉപഭൂഖണ്ഡത്തിലെ ഒരു പൊതു ഭീഷണിയാണ് വർഗീയത. നമ്മൾ ഇരുകൂട്ടരും അതിനെതിരെ പൊരുതിക്കൊണ്ടിരിക്കുന്നവരാണ്. വർഗീയത ജനങ്ങളുടെ ഐക്യം തകർക്കുന്നു, അവരെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്നു. ഈ ഉപഭൂഖണ്ഡത്തിലെ ഭരണാധികാരികൾ എക്കാലത്തും ജനങ്ങളെ അവരുടെ ജീവിതത്തിന്റെ രൂക്ഷമായ പ്രശ്നങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്യാഭ്യാസത്തിന്റെയും മതിയായ ആരോഗ്യ സംവിധാനത്തിന്റെയും അഭാവം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്നിവക്കെതിരെ ഒന്നിച്ച് അണിനിരക്കുന്നത് തടയാൻ വർഗീയത ഉപയോഗിച്ചിട്ടുണ്ട്. അങ്ങനെ, ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും തമ്മിലടിപ്പിച്ചാണ് അവർ വോട്ടുകൾ നേടുന്നത്. പ്രത്യേകിച്ച് രാഷ്ട്രീയ മാറ്റങ്ങൾ നടക്കുന്ന വേളയിൽ ന്യൂനപക്ഷങ്ങൾ ക്കെതിരെ ആക്രമണങ്ങൾ നടക്കാറുണ്ട്. ഞങ്ങളുടെ നാട്ടിൽ അവാമി ലീഗ് ഭരണത്തിൽ ഉണ്ടായിരുന്നപ്പോൾ ന്യൂനപക്ഷ ഹിന്ദുക്കളുടെ ജീവനും സ്വത്തിനും ആരാധനാലയങ്ങൾക്കുമെതിരെ നിരവധി ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ഹിന്ദുക്കളുടെ ഭൂമി ബലംപ്രയോഗിച്ച് കൈയേറിയിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് ഹസീന ഗവൺമെന്റ് നിലം പതിച്ചതിനു ശേഷവും അത്തരം ആക്രമണങ്ങൾ ഉണ്ടായി. ഞങ്ങളുടെ പ്രക്ഷോഭത്തിൽനിന്ന് ആവേശം ഉൾക്കൊണ്ടുകൊണ്ട് പല രാഷ്ട്രീയ പാർട്ടികളും ഹിന്ദു ഭവനങ്ങൾക്കും അമ്പലങ്ങൾക്കും സംരക്ഷണം നൽകാൻ മുന്നോട്ടു വരികയുണ്ടായി. അങ്ങനെ മതസൗഹാർദത്തിന് അവർ പുതിയ മാതൃകകൾ സൃഷ്ടിച്ചു. ഇന്ത്യൻ ദേശീയ പതാകയെ ചവിട്ടിയരച്ചപ്പോഴും ബംഗ്ലാദേശിലെ ജനാധിപത്യവാദികൾ അതിൽ പ്രതിഷേധിച്ചു.


ബംഗ്ലാദേശിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ശരിയായ ചിത്രമല്ല മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത് എന്നത് ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോഴും അത് തുടർന്നുകൊണ്ടിരിക്കുന്നു. ഉദാഹരണത്തിന്, ഇക്കഴിഞ്ഞ നവംബർ 30ന് ഢാക്കയിൽ നിന്ന് അഗർത്തലവരെ പോകുന്ന ഒരു സ്വകാര്യ ബസ് ബ്രാഹ്മൺബാരിയയിൽ വെച്ച് അപകടത്തിൽപ്പെട്ടു. റോഡിന്റെ സൈഡിൽ നിർത്തിയിട്ടിരുന്ന ഒരു വാനിൽ ബസ് ചെന്ന് ഇടിക്കുകയായിരുന്നു. ഇന്ത്യയിലെ ഒരു മാധ്യമം ഇതൊരു ആസൂത്രിതമായ ആക്രമണമാണ് എന്ന നിലയിലാണ് പ്രചരിപ്പിച്ചത്. മണിക്കൂറുകൾക്കുള്ളിൽ അഗർത്തലയിലെ ബംഗ്ലാദേശ് ഹൈകമ്മീഷണറുടെ ഓഫീസ് ആക്രമിക്കപ്പെട്ടു. ബംഗ്ലാദേശിന്റെ ദേശീയ പതാക വലിച്ചുകീറി. ഇന്ത്യൻ ഗവൺമെന്റ് ഇതിൽ ഖേദം പ്രകടിപ്പിച്ചെങ്കിലും ഇത്തരം കപട വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാൻ നടപടികൾ ഒന്നും എടുത്തില്ല. ഈ വാർത്തയുടെ സത്യാവസ്ഥ ജനങ്ങൾ അറിയണം. ഇത്തരം കപട വാർത്തകളുടെ ഗുണഭോക്താക്കൾ സത്യത്തിൽ വർഗീയശക്തികളും അതത് നാടുകളിലെ ഗവൺമെന്റുകളും ആണ്. വർഗീയ വികാരത്തിന്റെ മുകളിൽ ഏറിയാണ് അവർ അധികാരമുറപ്പിക്കുന്നത്.


ചിന്മയ് കൃഷ്ണദാസ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ഇന്ത്യൻ ഗവൺമെന്റിന്റെ പ്രതികരണം അത്ഭുതപ്പെടുത്തുന്നതായിരുന്നു. അയാൾ ഒരു ഇന്ത്യൻ പൗരനല്ല. സത്യത്തിൽ അയാൾക്കെതിരെ ഇസ്കോണ്‍(ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നസ്)ന് അകത്തുതന്നെ ആരോപണങ്ങൾ ഉണ്ട്. അതിനെക്കുറിച്ചുള്ള ആഭ്യന്തര അന്വേഷണം തടസ്സപ്പെടുത്താൻ അയാൾ ഇസ്കോണിനെതിരെ കോടതിയിൽ അന്യായം ഫയൽ ചെയ്തിട്ടുമുണ്ട്. ചിന്മയ് കൃഷ്ണയ്ക്ക് നീതി ലഭിക്കാനുള്ള അവകാശത്തോടൊപ്പമാണ് ഞങ്ങളും. എല്ലാവർക്കും അതിനുള്ള അവകാശമുണ്ട്.
എന്നാൽ ഈ വിഷയത്തിൽ വളരെ ധൃതി പിടിച്ച് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം പ്രസ്താവന ഇറക്കിയത് ശരിക്കും അത്ഭുതപ്പെടുത്തുന്നു. അയാളെ കോടതിയിൽ ഹാജരാക്കിയ ദിവസം വലിയ പ്രശ്നങ്ങൾ ഉണ്ടായി; സൈഫുൽ ഇസ്ലാം അലിഫ് എന്ന വക്കീൽ കൊല്ലപ്പെട്ടു. ബംഗ്ലാദേശിലെ ജനങ്ങളുടെ ഒറ്റക്കെട്ടായ പരിശ്രമത്തിലൂടെയാണ് സ്ഥിതിഗതികൾ നിയന്ത്രണത്തിലായത്.
ഏതാനും ചില ഹിന്ദുമത സ്ഥാപനങ്ങൾ ഹിന്ദുക്കളെ മുഴുവൻ പ്രതിനിധീകരിക്കുന്നില്ല എന്ന് പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത്തരം വർഗീയ പ്രചാരണത്തിനെതിരെ പല ഹിന്ദുക്കളും ശബ്ദമുയർത്തിയിട്ടുണ്ട്. ത്രിപുരയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണറുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ പല ഹിന്ദുക്കളും ശക്തമായിതന്നെ പ്രതിഷേധിക്കുകയുണ്ടായി. ബംഗ്ലാദേശിലെ ഹിന്ദുക്കൾ അത്തരം പ്രതിഷേധങ്ങളിൽ വലിയ തോതിൽ പങ്കെടുക്കുകയും ചെയ്തു.


ബംഗ്ലാദേശിൽ വർഗീയത ഇല്ലാത്ത ഭരണം വരണമെന്നാണ് ഹിന്ദു സമുദായം കാലങ്ങളായി ആഗ്രഹിക്കുന്നത്. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമരത്തിലും ജനാധിപത്യ പ്രക്ഷോഭണങ്ങളിലും ഹിന്ദു സമുദായത്തിന്റെ പങ്ക് വളരെ വലുതാണ്. കഴിഞ്ഞ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ പ്രക്ഷോഭണങ്ങളിൽ ഹിന്ദുക്കളും പങ്കെടുക്കുകയും പലരും ജീവൻ ബലിയർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യൻ മാധ്യമങ്ങളിൽ പലരും പ്രചരിപ്പിച്ചത് ഇത് മുസ്ലീം വർഗീയവാദികളുടെ പ്രക്ഷോഭമാണെന്നാണ്. ഇത്തരം കപട പ്രചാരണങ്ങളെ ബംഗ്ലാദേശിലെ ഹിന്ദുക്കൾ എതിർക്കുന്നു. ജനകീയ പ്രക്ഷോഭണ സമയത്ത് വിവിധ വിഭാഗം ജനങ്ങൾ തമ്മിലുണ്ടാക്കിയ സാഹോദര്യം ഇന്നും നിലനിൽക്കുന്നുണ്ട്. എന്നാൽ വർഗീയശക്തികൾ വെറുതെ ഇരിക്കുകയാണ് എന്ന് ഇതിനർത്ഥമില്ല. ഇന്ത്യയിലെ ജനങ്ങളുടെ ഐക്യത്തോടും പിന്തുണയോടും കൂടെ മാത്രമേ അതിനെ ചെറുക്കാനാകൂ. രണ്ട് നാട്ടിലെയും ജനങ്ങൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം ഒന്നാണ്. വർഗീയ സംഘർഷങ്ങളിലൂടെയോ കലാപങ്ങളിലൂടെയോ അത് പരിഹരിക്കാനാവില്ല. ഹിന്ദു-മുസ്ലിം ഐക്യം തകർക്കുന്നതല്ല അതിന്റെ പരിഹാരം. രണ്ട് നാട്ടിലെയും ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ വിശകലനം ചെയ്താൽ അവ തമ്മിൽ അടിസ്ഥാനപരമായി വ്യത്യാസങ്ങൾ ഒന്നുമില്ല എന്ന് കാണാം.


ഞങ്ങളുടെ നാട്ടിലെ വർഗീയശക്തികൾക്കെതിരെ ഞങ്ങൾ പൊരുതും; നിങ്ങളുടെ നാട്ടിലെ വർഗീയശക്തികൾക്കെതിരെ നിങ്ങളും പൊരുതേണ്ടതുണ്ട്. നിങ്ങളുടെ നാട്ടിലെ ജനാധിപത്യ പ്രക്ഷോഭണ ങ്ങളിൽ ജീവൻ ബലിയർപ്പിച്ചവരുടെ ഓർമ്മകൾക്ക് ആദരവേകാൻ വർഗീയശക്തികളുടെ ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. രണ്ടു നാട്ടിലേയും ജനങ്ങൾ പൊരുതുന്നത് ഇന്ത്യയിലെ വൻ ബൂർഷ്വാസിയുടെ അടിച്ചമർത്തലിനും ചൂഷണത്തിനും പകൽകൊള്ളയ്ക്കും എതിരെയാണ്. നമ്മുടെ യോജിച്ച പോരാട്ടം, മതമൗലികവാദത്തിനും അത് വളർത്തുന്ന വെറുപ്പിനും അനൈക്യത്തിനും എതിരെയാണ്. വരുംദിവസങ്ങളിൽ ഈ പോരാട്ടം കൂടുതൽ ശക്തിപ്പെടുമെന്നും നമ്മൾ വിജയിക്കുമെന്നും ഞങ്ങൾ പ്രത്യാശിക്കുന്നു.
സധിൻ സെൻ, ദിപ്തി ദത്ത , സൗമ്യ സർക്കാർ, ശർമി ബറുവ, അനു മുഹമ്മദ്, സലിമുള്ള ഖാൻ, സയീദ് ഫിർദൗസ്, കംറൂൽ ഹസൻ മമുൻ, തുഹിൻ വദൂദ്…തുടങ്ങി സിനിമ പ്രവർത്തകരും എഴുത്തുകാരും ബുദ്ധിജീവികളും സാമൂഹ്യ പ്രവർത്തകരും ഒപ്പിട്ട അഭ്യര്‍ത്ഥന.

Share this post

scroll to top