ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ കാർഷിക മേഖലയെ തകർക്കും – AIKKMS

Rice-Cultivation.jpg
Share

കാർഷികമേഖലയിലുൾപ്പെടെ രാജ്യത്തിന്റെ സാമ്പത്തികജീവിതത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് ഇന്ത്യ-യു എസ് വ്യാപാരക്കരാറെന്ന് അഖിലേന്ത്യ കിസാൻ ഖേത് മസ്ദൂർ സംഘടന  ജനറൽ സെക്രട്ടറി ശങ്കർ ഘോഷ് 2026 ഫെബ്രുവരി 4ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
ഒരു വർഷത്തിലേറെയായി മുടങ്ങിക്കിടന്ന ഈ കരാർ അന്തിമമായെന്ന വാർത്തകൾ പുറത്തുവന്നത് ഫെബ്രുവരി 3നാണ്. കർഷക വിരുദ്ധവും ജനവിരുദ്ധവും കോർപ്പറേറ്റ് അനുകൂലവുമായ കേന്ദ്രബജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണിത്. ഇന്ത്യയെയും പ്രത്യേകിച്ച് ഇന്ത്യൻ കർഷക സമൂഹത്തെയും ബാധിക്കുന്ന ഉഭയകക്ഷി വ്യാപാരക്കരാറിനെക്കുറിച്ചുള്ള പ്രഖ്യാപനം ഇന്ത്യൻ പാർലമെന്റ് സമ്മേളിച്ചുകൊണ്ടിരിക്കെ യുഎസ് പ്രസിഡന്റ് ട്രംപ് നടത്തിയത് വിരോധാഭാസമാണ്. അമേരിക്കയുമായുള്ള അന്തിമ കരാറിനെക്കുറിച്ച് പ്രധാനമന്ത്രി ഇതുവരെ രാജ്യത്തോട് ഔദ്യോഗികമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ബിജെപി സർക്കാരിലെ വാണിജ്യമന്ത്രി കരാറിനെക്കുറിച്ച് ചില സൂചനകൾ നൽകിയതല്ലാതെ വിശദാംശങ്ങൾ നൽകിയിട്ടില്ല.


പ്രസിഡന്റ് ട്രംപ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഇന്ത്യ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്തുകയും യുഎസ് വഴി വെനസ്വേലയിൽനിന്ന് എണ്ണ വാങ്ങുകയും ചെയ്യും. കൂടാതെ, ഇന്ത്യൻ ഇറക്കുമതിക്ക് യുഎസ് ചുമത്തിയിരുന്ന 50% നികുതി 18% ആയി കുറയ്ക്കും. അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ നികുതി ഇന്ത്യ പൂജ്യമായി കുറയ്ക്കുമെന്ന് അമേരിക്ക അവകാശപ്പെടുന്നു. 45.5 ലക്ഷം കോടി രൂപയുടെ അമേരിക്കൻ സാധനങ്ങൾ വാങ്ങുമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തതായും ട്രംപ് അവകാശപ്പെട്ടു.


കർഷകരെ വലിയ തോതിൽ ദോഷകരമായി ബാധിക്കുന്ന  കാര്യങ്ങൾ ഇനിയുമുണ്ട്. ചോളം, ജനിതകമാറ്റം വരുത്തിയ സോയാബീൻ എന്നിവയുൾപ്പെടെയുള്ള യുഎസ് കാർഷിക ഉല്പന്നങ്ങൾക്ക് ഇന്ത്യ പ്രവേശനം അനുവദിക്കാൻ സമ്മതിച്ചിട്ടുണ്ട്. ഇത് അമേരിക്കയുടെ 1.3 ബില്യൺ ഡോളറിന്റെ കാർഷിക വ്യാപാര കമ്മി കുറയ്ക്കാൻ സഹായിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നു. യുഎസിലെ സബ്സിഡി നൽകുന്ന ഡയറി ഉല്പന്നങ്ങൾക്കായി ഇന്ത്യ വിപണി തുറന്നുകൊടുക്കുന്നത് ഇന്ത്യൻ ക്ഷീരകർഷകർക്ക് പ്രതിവർഷം 1.03 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് യുഎസിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പി ക്കുന്നു. അമേരിക്കൻ ഡയറി ഉല്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ ഒഴുകുന്നതിനായി എല്ലാ സംരക്ഷണ കവചങ്ങളും നീക്കം ചെയ്യും. യുഎസ് കൃഷി സെക്രട്ടറി ഈ കരാറിനെ വലിയ വിജയമായി വിശേഷിപ്പിച്ചു.


നിരവധി കാർഷിക ഉല്പന്നങ്ങളുടെ നികുതിയും നികുതിയിതര തടസ്സങ്ങളും കുറയ്ക്കാനോ ഒഴിവാക്കാനോ ഇന്ത്യ സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. ബദാം, പിസ്ത തുടങ്ങിയവയുടെ കയറ്റുമതിയിൽ അമേരിക്കയുടെ പ്രധാന വിപണിയാണ് ഇന്ത്യ. പയർവർഗ്ഗങ്ങൾക്ക് നിലവിലുള്ള 30% സംരക്ഷണ നികുതി കുറയ്ക്കുകയോ അല്ലെങ്കിൽ പൂജ്യമാക്കുകയോ ചെയ്യും. ഇത് ഇന്ത്യൻ കർഷകരിൽ എത്രത്തോളം വിനാശകരമായ സ്വാധീനം ചെലുത്തുമെന്ന് പറയേണ്ടതില്ലല്ലോ. ബ്രിട്ടനുമായുള്ള FETA കരാർ ഒപ്പിട്ടതിനും പരുത്തിയുടെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 0 ശതമാനമായി കുറച്ചതിനും ശേഷം വിപണിയിൽ പരുത്തി വില ഇടിയുകയും ഇന്ത്യയിലെ പരുത്തി കർഷകർക്ക് വൻ നഷ്ടം സംഭവിക്കുകയും ചെയ്തത് എല്ലാവർക്കും അറിവുള്ളതാണ്.


ചുരുക്കത്തിൽ, ഇന്ത്യയും യുഎസും തമ്മിലുള്ള ഈ വ്യാപാര കരാർ സാധാരണ കർഷകരുടെ താല്പര്യങ്ങൾക്ക് തികച്ചും വിരുദ്ധമാണ്, അതിനാൽ ഈ നീക്കത്തെ പരാജയപ്പെടുത്താൻ ഒറ്റക്കെട്ടായി പോരാടുകയല്ലാതെ മറ്റൊരു വഴിയുമില്ല. ഈ ഹീനമായ കരാറിനെ  മുഴുവൻ കരുത്തും സമാഹരിച്ച് പ്രതിരോധിക്കാൻ കഷ്ടപ്പെടുന്ന കർഷകരോടും അധ്വാനിക്കുന്ന ജനങ്ങളോടും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.

Share this post

scroll to top