അമേരിക്കൻ ജനതയെ ഭരിക്കാൻ ട്രംപ് ഭരണകൂടം പ്രയോഗിച്ചുകൊണ്ടിരിക്കുന്ന തന്ത്രം എല്ലായ്പ്പോഴും ആളുകളെ വീർപ്പുമുട്ടിക്കുക എന്നതാണ്. ഒന്നിനുപുറകെ ഒന്നായി നയങ്ങളും പ്രസ്താവനകളും നടപടികളുംകൊണ്ട് ജനങ്ങളെ തളർത്തുക, ഓരോ അതിക്രമവും ഓർത്തുവയ്ക്കാൻ കഴിയാത്തതരത്തിൽ ഒന്നിനുപുറകെ ഒന്നായി അടുത്തത് അഴിച്ചുവിടുക. ഈ ബഹളത്തിനിടയിൽ എപ്പോഴാണ് ജനാധിപത്യത്തിന്റെ ദൗർബല്യങ്ങൾ വേഷംമാറി, അതിനേക്കാൾ ഇരുണ്ട ഒന്നിലേക്ക് സമൂഹം എത്തിച്ചേർന്നതെന്ന് മനസ്സിലാകാതെ വരും. അടിച്ചമർത്തൽ, ഇടയ്ക്കിടെ ആവർത്തിക്കുന്ന ഒരു ഇടപാട് എന്നതിലുപരി, സമൂഹത്തിന്റെ ഘടനയുടെ അവിഭാജ്യഭാഗമായി തീർന്നത് എന്നാണെന്ന് ഓർക്കാതെയാകും. മിനിയാപൊളീസിൽ കണ്ടത് അതാണ്.
അമേരിക്കയിൽനിന്ന് കുടിയേറിവന്ന അമേരിക്കൻ പൗരന്മാരായവരുടെ പിൻതലമുറയാണ് മിനിയാപൊളീസിൽ ഭൂരിഭാഗവും. ഇങ്ങനെ കുടിയേറിവന്നവർ, അമേരിക്കയിൽ തലമുറകളായി താമസിക്കുന്നവരുടെ തൊഴിൽ കൈയടക്കുകയാണെന്നും കുടിയേറ്റക്കാർ മയക്കുമരുന്ന് കച്ചവടംപോലെയുള്ള നിയമവിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെടുന്നവരാണെന്നുമുള്ള ഒരു പ്രചാരണം കുറെ കാലങ്ങളായി വലതുപക്ഷ പാർട്ടികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. കുടിയേറ്റക്കാരെ അമേരിക്കയിൽനിന്നും പുറത്താക്കണം എന്നാണ് ഇവർ പറയുന്നത്.
കഴിഞ്ഞ ഡിസംബറിൽ ട്രംപ്, കുടിയേറിവന്നവരെയും അനധികൃതമായി താമസിക്കുന്നവരെയും കണ്ടുപിടിക്കാനായി കുപ്രസിദ്ധമായ ഐസിഇ (എമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്) എന്ന കുടിയേറ്റ വിരുദ്ധസേനയെ മിനിയാപൊളീസിലേക്ക് അഴിച്ചുവിട്ടു. അവർ അനധികൃത നുഴഞ്ഞുകയറ്റക്കാരെ കണ്ടുപിടിക്കാനെന്ന വ്യാജേന മൊത്തം ലാറ്റിൻ അമേരിക്കൻ വിഭാഗങ്ങൾക്കിടയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇന്ത്യയിൽ എങ്ങനെയാണോ മോദി നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാനെന്ന വ്യാജേന മൊത്തം മുസ്ലീം വിഭാഗങ്ങളെയും ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്നത് സമാനമായ സംഭവങ്ങളാണ് മിനിയാപൊളീസിലും നടന്നത്. ആത്യന്തികമായി രണ്ടു കൂട്ടരുടെയും ലക്ഷ്യം ഒന്നാണ്. ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുക.
ഐസിഇയുടെ ഗുണ്ടായിസം
അമേരിക്കയിലെ ആഭ്യന്തര സുരക്ഷാ മന്ത്രാലയത്തിന്റെ സൃഷ്ടിയാണ് ഐസിഇ അഥവാ എമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്. ആളുകളെ അവരുടെ രൂപത്തിന്റെയും സംസാരത്തിന്റെയും അടിസ്ഥാനത്തിൽ, അവർ നിയമാനുസൃതരായി വന്നവരാണോ അല്ലയോ എന്ന് സംശയിക്കാനും അങ്ങനെ തങ്ങൾക്ക് സംശയം തോന്നുന്നവരെയെല്ലാം കസ്റ്റഡിയിലെടുക്കാനും രാജ്യത്തിന് പുറത്താക്കാനും പീഡിപ്പിക്കാനും എല്ലാം അനിയന്ത്രിതമായ അധികാരങ്ങൾ ഉള്ള ഒരു സേനയാണിത്. ഈ ഗുണ്ടകൾക്ക് ഏത് സമയവും വാറണ്ടില്ലാതെ ഏതു വീട്ടിലും ഇടിച്ചുകയറാനും പരിശോധിക്കാനും അധികാരമുണ്ട്. വ്യക്തിയുടെ സ്വകാര്യതയെ മാനിക്കുന്ന അമേരിക്കൻ ഭരണഘടനയുടെ നഗ്നമായ ലംഘനമാണ് ഈ അധികാരപ്രയോഗം. നിയമവാഴ്ച ഉറപ്പുവരുത്തുന്നു എന്നാണ് ഇവരുടെ ഭാവം. എന്നാൽ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഭീകരമായ അടിച്ചമർത്തൽ നടപടികളുടെ നടത്തിപ്പുകാരാണ് ഐസിഇ. ജമ്മു കാശ്മീരിലെ ഇന്ത്യൻ സെക്യൂരിറ്റി സേനയുടെയും മണിപ്പൂരിലെ സായുധസേനയുടെയും വിശേഷ അധികാരങ്ങൾക്ക് സമാനമായ രീതിയിൽ, ആരോടും സമാധാനം ബോധിപ്പിക്കേണ്ടതില്ലാത്ത, ആരോടും ഉത്തരവാദിത്തമില്ലാത്ത, ഒരു തെമ്മാടിത്തത്തിനും നാട്ടിലെ നിയമത്തിനു മുന്നിൽ മറുപടി പറയേണ്ടതില്ലാത്ത, ഭരണകൂടത്തിന്റെ ഒത്താശയോടെ പ്രവർത്തിക്കുന്ന ഭീകര സംഘമാണ് ഐസിഇ.
മിനസോട്ടയിൽ ട്രംപിന്റെ നടപടികളിൽ പ്രതിഷേധം ആളിക്കത്തിയപ്പോൾ 3000 ത്തോളം ഐസിഇ സേനാംഗങ്ങളെയാണ് അവിടെ വിന്യസിച്ചത്. തങ്ങൾ ഏറ്റവും മോശക്കാരായ ആളുകളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഭരണാധികാരികൾ ആവർത്തിച്ചുകൊണ്ടിരിക്കുമ്പോഴും യാതൊരു ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്ത അമേരിക്കൻ പൗരന്മാരായ ലാറ്റിൻ അമേരിക്കൻ വംശജരെയാണ് ഐസിഇ പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. സാധാരണക്കാരായ ജനങ്ങൾ നിത്യേന ചെറു ഗ്രൂപ്പുകളായി തിരിഞ്ഞ് ഐസിഇയുടെ പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യാൻ ശ്രമിച്ചു. ഇതേ മിനിയാപൊളീസ് ആയിരുന്നു ജോർജ് ഫ്ലോയ്ഡ് കൊലപാതകത്തിനെതിരെ ഉയർന്നുവന്ന പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രം.
ജനുവരി 7ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ കണ്ടു മടങ്ങുകയായിരുന്ന മൂന്നു മക്കളുടെ അമ്മയായ റെനി ഗുഡിനെ ഈ ഐസിഐ ഗുണ്ടകൾ പ്രകോപനമില്ലാതെ വെടിവെച്ചുകൊന്നു. ജനുവരി 20ന് ലിയാം കൊനെജോ റാമോസ് എന്ന അഞ്ചുവയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി. ഈ തെമ്മാടിത്തരങ്ങൾ വലിയ പ്രതിഷേധത്തിന് ഇടയാക്കി. ജനുവരി 23ന് 50,000 ത്തോളം ആളുകൾ അതിനെതിരെ നടത്തിയ വൻപ്രതിഷേധം മിനിയാപൊളീസിനെയും സമീപസ്ഥമായ നൂറുകണക്കിന് നഗരങ്ങളെയും സ്തംഭിപ്പിച്ചു. എങ്കിലും പ്രതിഷേധം തണുത്തില്ല. പിറ്റേദിവസം ഐസിഇയുടെ റെയ്ഡുകൾ റെക്കോർഡ് ചെയ്യുകയായിരുന്ന അലക്സ് പ്രെറ്റി എന്ന ഐസിയു നഴ്സിനെ അവർ വെടിവെച്ചുകൊന്നു. അതേത്തുടർന്ന് ജനുവരി 30ന് പ്രതിഷേധക്കാർ സമരം പ്രഖ്യാപിച്ചു. “പണിയെടുക്കില്ല, സ്കൂളിൽ പോകില്ല, ഷോപ്പിംഗ് നടത്തില്ല, ഐസിഇക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക”, തുടങ്ങിയ മുദ്രാവാക്യം അമേരിക്കയിലുടനീളം അലയടിച്ചു. പല നഗരങ്ങളും സ്കൂളുകൾക്ക് അവധി കൊടുത്തു.
ജനുവരി 30ന്റെ പ്രതിഷേധം ന്യൂയോർക്ക്, ലോസ്ഏഞ്ചലസ്, ഷിക്കാഗോ തുടങ്ങി അമേരിക്കയിലെ എല്ലാ നഗരങ്ങളിലേക്കും പടർന്നു. ആയിരക്കണക്കിന് മനുഷ്യർ കടുത്ത ശൈത്യംവകവയ്ക്കാതെ തെരുവുകളിലൂടെ മാർച്ച് ചെയ്തു. വിദ്യാർത്ഥികൾ സ്കൂളുകൾ ബഹിഷ്കരിച്ചു. “എത്രയധികം ആളുകൾ ഈ നയങ്ങൾക്കെതിരെ ആണെന്നും ഇതെങ്ങനെ നമ്മുടെ നാടിനെ കുഴപ്പത്തിലാക്കുമെന്നും ഇന്നത്തെ പ്രതിഷേധം കാണിക്കുന്നു”, അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിക്കവേ ഒരു വിദ്യാർത്ഥി പറഞ്ഞു. വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞു കിടന്നു.
ഐസിഇ വെടിവെച്ചുകൊന്ന രണ്ടുപേരും, റെനി ഗുഡും, അലക്സ് പ്രെറ്റിയും സമൂഹത്തിലെ പ്രധാനപ്പെട്ട രണ്ട് പൗരന്മാരായിരുന്നു. അവരുടെ കൊലപാതകം വിരൽ ചൂണ്ടുന്നത് ഒരു യാഥാർത്ഥ്യത്തിലേക്കാണ്. ഭരണകൂടത്തിന്റെ അടിച്ചമർത്തലിൽനിന്ന് രക്ഷനേടാൻ പൗരത്വം സഹായിക്കില്ല. ഈ കൊലപാതകങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളുമല്ല. കുടിയേറ്റ നിയന്ത്രണ സേനയെ ആഭ്യന്തര കലാപം അമർച്ചചെയ്യാൻ നിയോഗിക്കുന്ന ഒരു ഭരണകൂട പദ്ധതിയുടെ അനന്തരഫലമാണ് ഈ കൊലപാതകങ്ങൾ. പൗരന്മാരെ നാട്ടിൽനിന്ന് പുറത്താക്കുക അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ അടിച്ചമർത്തൽ നടപടികളുടെ ഭാഗമായി എന്നും നിലനിന്നതാണ്. അത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനോ, അതിർത്തി കാത്തുസൂക്ഷിക്കാനോ വേണ്ടിയല്ല. മയക്കുമരുന്ന് കടത്തുപോലെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ എല്ലായ്പ്പോഴും അഴിമതി ഗ്രസ്ഥമായ ഭരണകൂടത്തിന്റെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് എങ്ങും നടക്കുന്നത്. അമേരിക്കയിലും ഇതുതന്നെയാണ് യാഥാർത്ഥ്യം. ആളുകളെ പുറത്താക്കുമെന്ന് ഭയപ്പെടുത്തി അവർ സംഘടിക്കുന്നത് തടയാനും അങ്ങനെ തുച്ഛമായ വേതനത്തിന് പണിയെടുക്കാൻ നിർബന്ധിതരായ, നിഷ്പ്രയാസം ഒഴിവാക്കാൻ സാധിക്കുന്ന, സദാ ഭയന്നു കഴിയുന്ന ഒരു തൊഴിൽ സേനയെ സൃഷ്ടിക്കാനുമുള്ള സാമ്രാജ്യത്വത്തിന്റെ തന്ത്രമാണിത്.
ഇതേ തന്ത്രം മറ്റൊരു രീതിയിൽ ഇന്ത്യയിലും പയറ്റുന്നത് നമുക്ക് കാണാം. ദരിദ്രരായ ന്യൂനപക്ഷ-മുസ്ലിം വിഭാഗത്തിൽപ്പെട്ട തൊഴിലാളികളെ നുഴഞ്ഞുകയറ്റക്കാരുടെ മുദ്രകുത്തി, അവരെ നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു. ജർമ്മനിയിൽ നിയോ- നാസികളും ഇതേ ഭീഷണി ആ നാട്ടിൽ പണിയെടുക്കുന്ന ആഫ്രിക്കൻ ഏഷ്യൻ വംശജരോട് മുഴക്കുന്നുണ്ട്. തുച്ഛവേതനത്തിന് പണിയെടുക്കുന്ന തൊഴിലാളികളുടെമേൽ പുറത്താക്കലിന്റെ ഖഡ്ഗം സദാ തൂങ്ങിനിൽക്കുന്നു. അതിനാൽതന്നെ സംഘടിക്കുന്നതിനും പ്രതിഷേധിക്കുന്നതിനും അവർ മടിക്കുന്നു. അതിക്രമങ്ങൾ യഥാർത്ഥത്തിൽ ഇവരെ പുറത്താക്കാൻ ഉദ്ദേശിച്ചല്ല. മറിച്ച്, അത്തരം സമൂഹങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്, അവരെ ഭയപ്പെടുത്തി, ചൊൽപ്പടിയിൽ നിർത്താൻ ഉദ്ദേശിച്ചുള്ളതാണ്. കൂടുതൽ മെച്ചപ്പെട്ട വേതനവും തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെടുന്നതിനെക്കുറിച്ച് ആലോചിക്കാൻപോലും അവർ തയ്യാറാവില്ല.
പൗരന്മാരെ വെടിവെച്ചു കൊല്ലുന്ന അമേരിക്കൻ സേനാംഗങ്ങളെ സംരക്ഷിക്കുന്നതു വഴി ട്രംപ് കൊടുക്കുന്ന സന്ദേശം വ്യക്തമാണ്. ഈ സേന നിയമത്തിനും നിയമവാഴ്ചക്കും മീതെയാണ്. ആരും അവരിൽനിന്ന് സുരക്ഷിതരല്ല. എന്നാൽ അമേരിക്കൻ ഫെഡറൽ കോടതികളിലെ ഒരു ജഡ്ജ് സമാധാനപരമായി പ്രതിഷേധിക്കുന്ന പൗരന്മാർക്കെതിരെ ബലം പ്രയോഗിക്കാൻ പാടില്ലെന്ന് ഐസിഇയോട് വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം തന്നെയാണ് അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പ്രതിഷേധത്തിൽ പങ്കെടുത്ത മിനിയാപൊളീസ് മേയർ അടക്കമുള്ള പ്രതിപക്ഷ നേതാക്കന്മാർക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. നിയമ സംവിധാനത്തെ ഒന്നാകെ തങ്ങളുടെ എതിരാളികൾക്കെതിരെ ഉപയോഗിക്കുകയാണ് ട്രംപ് എന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു.
ഒരു ഫാസിസ്റ്റ് ഭരണകൂടം എങ്ങനെയാണ് ഭരണകൂട ഹിംസയെയും അതിനുനൽകുന്ന നിയമപരിരക്ഷകളിലൂടെയും തങ്ങളുടെ ഭരണം ഉറപ്പിച്ചെടുക്കുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് മിനിയാപൊളീസ്. എന്നാൽ ഇതിനിടയിലും സധീരം ചെറുത്തുനിൽപ്പിനായി ഒന്നിക്കുന്ന സാധാരണക്കാർ പ്രതീക്ഷയ്ക്ക് വകനൽകുന്നു. അതിനെ സർവ്വസന്നാഹങ്ങളോടെ നേരിടുകയും അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ഇത്തരം പ്രതിഷേധങ്ങൾ സാമ്രാജ്യത്വ ശക്തികളെ ഭയപ്പെടുത്തുന്നു എന്നതാണ് വസ്തുത. മിനിയാപൊളീസിൽ കഥ അവസാനിക്കുന്നില്ല. അടിച്ചമർത്തലിന് തടയിട്ടുകൊണ്ട് ചോര കൊണ്ടുവരച്ച അതിർത്തിയാണ് മിനിയാപൊളീസിലേത്. അത് വെറുതെയാവാൻ പോകുന്നില്ല.
