പാരിസ്ഥിതികവും സാമൂഹ്യവും സാമ്പത്തികവുമായി ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞ് കേരള സമൂഹം തള്ളിക്കളഞ്ഞ പദ്ധതിയാണ് കെ റെയിൽ സിൽവർ ലൈൻ പദ്ധതി. ഏതുവിധേനയും പദ്ധതി നടപ്പിലാക്കാൻ സംസ്ഥാനസർക്കാർ ജനാധിപത്യവിരുദ്ധമായ രീതികളും സമ്പ്രദായങ്ങളുമാണ് സ്വീകരിച്ചത്. കെറെയിൽ കമ്പനിയും പോലീസും എല്ലാ നിയമങ്ങളും ലംഘിച്ച് സ്വകാര്യ വ്യക്തികളുടെ വസ്തുവിലും വീടുകളിലും അതിക്രമിച്ചു കയറി ബലം പ്രയോഗിച്ചു കല്ലിടുകയും പ്രതിഷേധിച്ചവരെ ക്രൂരമായി കൈകാര്യം ചെയ്യുകയും ചെയ്തു. നൂറുകണക്കിനാളുകളുടെമേൽ കള്ളക്കേസുകൾ ചുമത്തി. നീതിയും ന്യായവും തങ്ങളുടെ ഭാഗത്താണെന്ന് ബോധ്യപ്പെട്ട ഇരകളും അവരോടൊപ്പം പൊതുസമൂഹവും അണിനിരന്ന് സർവ്വേ കുറ്റികൾ പിഴുതെറിഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു പദ്ധതിരേഖ പൊതുജനങ്ങൾ വിശദമായ ചർച്ചയ്ക്ക് വിധേയമാക്കി. അത് അപൂർണ്ണവും അശാസ്ത്രീയവും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണെ ന്നും വിലയിരുത്തപ്പെട്ടു. കേന്ദ്ര ഗവൺമെന്റിന് ഡിപിആറിന് അംഗീകാരം നൽകാൻ കഴിയാത്ത സ്ഥിതി വന്നു. തുടർന്ന് കേരള സർക്കാർ പിൻമാറുകയും പിൻവാതിലിലൂടെ പദ്ധതി നടപ്പിലാക്കാനുള്ള ഗൂഢശ്രമം തുടരുകയുംചെയ്തു.
കേന്ദ്ര ഗവൺമെന്റിന്റെ പ്രതിനിധിയായ ഇ.ശ്രീധരനെ സ്വാധീനിച്ച് അതിവേഗപാത എന്നൊരു പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഈ ശ്രീധരൻ കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവുമായി ചർച്ചനടത്തി, അതിവേഗ പാതയുടെ ഓഫീസ് പൊന്നാനിയിൽ ഉദ്ഘാടനം ചെയ്തു!! ബ്രോഡ്ഗേജിൽ 350 കിലോമീറ്റർ വേഗതയിൽ അതിവേഗപ്പാത എന്ന് അദ്ദേഹം മുമ്പ് പറഞ്ഞിരുന്നതിൽനിന്നും വ്യത്യസ്തമായി സ്റ്റാൻഡേർഡ്ഗേജിൽ 200 കിലോമീറ്റർ വേഗത മാത്രമുള്ള പദ്ധതിയെക്കുറിച്ചാണ് ഇപ്പോൾ പറയുന്നത്. വിദേശ വായ്പ ആകാമെന്നും നിർദ്ദേശിക്കുന്നു.
തൊട്ടുപിന്നാലെയാണ് കേരള സർക്കാർ RRTS (റീജിയണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം) പ്രഖ്യാപിച്ചത്. അതും സ്റ്റാൻഡേർഡ്ഗേജ് 200 കിലോമീറ്റർ വേഗതതന്നെ. ഇരുപത് ശതമാനം കേന്ദ്രവിഹിതവും ഇരുപതുശതമാനം സംസ്ഥാനവിവിഹതവും. ബാക്കി അറുപത് ശതമാനം വായ്പ! പ്രത്യാഘാതങ്ങളെക്കുറിച്ച് ലേശവും ചിന്തയില്ലാതെയാണ് ഈ പ്രഖ്യാപനങ്ങളെല്ലാം. ഇതെല്ലാം ജനങ്ങളിൽ വലിയ ആശയ കുഴപ്പവും ആശങ്കകളും സൃഷ്ടിച്ചിരിക്കുകയാ ണ്. പറഞ്ഞു വരുമ്പോൾ രണ്ടുപദ്ധതികളും ഒന്നുതന്നെയാണ്.
യഥാർത്ഥത്തിൽ ഇത് കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന യാത്രാദുരിതങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനുള്ള ശ്രമമല്ല. ഇതിനൊക്കെമേലെയാണ് കുത്തകകളോടുള്ള കൂറ്. യാത്രാപ്രശ്നങ്ങളും ദുരിതങ്ങളും പരിഹരിക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ ചെയ്യേണ്ടത് നിലവിലുള്ള ബ്രോഡ്ഗേജ് പാതയുടെ സിഗ്നൽ സംവിധാനം പരിഷ്കരിക്കുകയും മൂന്നും നാലും പാതകൾ പണിത് അതിവേഗ ട്രെയിനുകൾ ഓടിക്കുകയുമാണ്. സാധാരണക്കാരായ യാത്രക്കാർക്ക് താങ്ങാൻ കഴിയാത്ത, നിലവിലുള്ളതിന്റെ പത്തിരട്ടി ചാർജ്ജാണ് നിർദ്ദിഷ്ട പദ്ധതികൾക്ക്. സ്റ്റോപ്പുകൾ കുറവും.
2025 ല്‍ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട നാഷണൽ ഹൈവേയുടെ 23 റീച്ചുകളിൽ 6 എണ്ണം മാത്രമേ ഇക്കാലത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളൂ. നിർമ്മാണത്തിന് പാറയും മണ്ണും ലഭ്യമല്ല എന്നതാണ് പ്രധാന കാരണം. നിർമ്മാണത്തിലെ അശാസ്ത്രീയതമൂലം പലസ്ഥലങ്ങളിലും റോഡ് തകരുന്ന കാഴ്ചയും കാണാം. പല റീച്ചുകളിലും ശാസ്ത്രീയമായ ഡിപിആര്‍ പോലും തയ്യാറാക്കപ്പെട്ടിട്ടില്ല എന്ന വാര്‍ത്ത ഞെട്ടലുളവാക്കുന്നതാണ്. ഇരുവശവും ഉള്ളവരുടെ സഞ്ചാരസ്വാതന്ത്ര്യവും വേഗതയും തടസ്സപ്പെടുത്തിക്കൊണ്ട് നടത്തുന്ന നിർമ്മാണത്തിനെതിരെ, അടിപ്പാതയ്ക്കും മേൽപ്പാലത്തിനുംവേണ്ടിയുള്ള സമരങ്ങളും എല്ലായിടങ്ങളിലും നടക്കുന്നു. പണിപൂർത്തിയായ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയ അമിതമായ ടോൾ പിരിവിനെതിരെ ജനങ്ങളുടെ ശക്തമായ സമരം മൂലം ടോൾ പിരിവ് നിർത്തിവെക്കേണ്ടി വന്നിരിക്കുന്നു. ദേശീയ പാത ‘വികസനം’ കഴിഞ്ഞപ്പോള്‍ ചുങ്കപ്പാതയായി മാറി. ഇരുചക്രവാഹനങ്ങള്‍ക്കും ആട്ടോറിക്ഷകള്ക്കും പ്രവേശനം നിഷേധിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് പാരിസ്ഥിതികതകർച്ച രൂക്ഷമാക്കുന്ന കൂടുതൽ കുടിയൊഴിപ്പിക്കൽ വേണ്ടിവരുന്ന പുതിയ പദ്ധതി പ്രഖ്യാപനങ്ങൾ. സമഗ്രമായ പഠനങ്ങൾ നടത്തി നിലവിലുള്ളവ മെച്ചപ്പെടുത്തി പരിസ്ഥിതി സൗഹാർദ്ദവും ജനതാൽപര്യം പേറുന്നതുമായ പദ്ധതികൾക്ക് വേണ്ടിയാവണം സർക്കാരുകൾ ശ്രമിക്കേണ്ടത്.
എന്നാല്‍, ഇ.ശ്രീധരന്റെ അതിവേഗ പദ്ധതിക്കെതിരെ ആര്‍ആര്‍ടിഎസുമായി രംഗത്തുവന്ന സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ കേന്ദ്ര അതിവേഗമായാലും മതിയെന്ന നിലപാടിലെത്തിയിരിക്കുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍വന്നു നില്ക്കുന്ന ഘട്ടത്തില്‍ മൂലധന നിക്ഷേപസാധ്യതകള്ക്കുള്ള വന്‍കിട പദ്ധതികള്‍ക്കൊപ്പമാണ് സര്‍ക്കാരുകളെന്ന് കുത്തകകളെ ബോധ്യപ്പെടുത്താനുള്ള തിടുക്കംമാത്രമാണ് ഈ പദ്ധതിപ്രഖ്യാപനങ്ങള്‍ക്ക് പിന്നിലുള്ള താല്പര്യം.
പുതിയ പദ്ധതിക്കുവേണ്ടി കരുക്കൾ നീക്കുന്നതിനുമുമ്പ് സർക്കാർ ചെയ്യേണ്ടത് കെറെയിൽ സിൽവർലൈൻ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കുക എന്നതാണ്. എ ങ്കിൽ മാത്രമേ ഭൂമി അവകാശികൾക്ക് ക്രയവിക്രയം സാധ്യമാകത്തക്ക രീതിയിൽ സ്വതന്ത്രമാകുകയുള്ളൂ. കെ റെയിലിനെതിരെ പ്രതിഷേധിച്ചവർക്കു മേൽ ചുമത്തിയ എല്ലാ കേസുകളും ഉടൻ നിരുപാധികം പിൻവലിക്കുകയും ചെയ്യണം. സർക്കാരിന്റെ ദുഷ്ടലാക്കിന്റെയും അഹങ്കാരത്തിന്റെയും കെടുതികൾ നേരിടേണ്ടിവന്ന ജനങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയും സർക്കാരിനുണ്ട്.
