മതേതര മൂല്യങ്ങളും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും ആവേശവും ഉയർത്തിപ്പിടിച്ച ഇടത്-ജനാധിപത്യ പ്രസ്ഥാനത്തിന്റെ കോട്ടയായാണ് പശ്ചിമ ബംഗാൾ അറിയപ്പെട്ടിരുന്നത്. എന്നാൽ ഇന്ന്, രാജ്യവിഭജനത്തെത്തുടർന്ന് രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ട അതേ ബംഗാളിൽ വർഗീയമായ അട്ടഹാസങ്ങളാൽ അന്തരീക്ഷം മുഖരിതമാണ്.
ഇന്ത്യൻ നവോത്ഥാന പ്രസ്ഥാനം മുളപൊട്ടിയത് അവിഭക്ത ബംഗാളിലായിരുന്നു. വിദേശ സാമ്രാജ്യത്വ ഭരണത്തിന്റെ നുകത്തിൽനിന്ന് മാതൃഭൂമിയെ മോചിപ്പിക്കാൻ സന്തോഷത്തോടെ തൂക്കുമരം ഏറ്റുവാങ്ങിയ, ധീരരായ അചഞ്ചലരായ ഒരു കൂട്ടം യുവാക്കൾക്ക് ജന്മംനൽകിയത് അവിഭക്ത ബംഗാളായിരുന്നു. വംശം, മതം, ജാതി എന്നിവക്കെല്ലാം ഉപരിയായിനിന്ന് വൈദേശിക ഭരണാധികാരികൾക്കെതിരെ കൈകോർത്ത് എങ്ങനെ പോരാടണമെന്ന് അവിഭക്ത ബംഗാൾ കാണിച്ചുതന്നു.
എന്നാൽ ഇന്ന്, അവിഭക്ത ബംഗാളിന്റെ കിഴക്കൻ ഭാഗമായ ബംഗ്ലാദേശിൽ, ഏറ്റവും മോശമായ വർഗീയ-മൗലികവാദ ശക്തികൾ അഴിഞ്ഞാടുകയും അക്രമങ്ങൾ അഴിച്ചുവിടുകയും തീവെപ്പും അക്രമവും നടത്തുകയും ചെയ്യുന്നു. സാമുദായിക ഐക്യം, സൗഹാർദ്ദപരമായ ജീവിതം, മാനുഷിക മൂല്യങ്ങളുടെ പോഷണം, സഹവർത്തിത്വം എന്നീ തത്വങ്ങളെല്ലാം ഏതാണ്ട് കുഴിച്ചുമൂടപ്പെട്ടതായി തോന്നുന്നു. മറുവശത്ത്, പശ്ചിമ ബംഗാളിലും വർഗീയ-മൗലികവാദ ശക്തികൾ തലപൊക്കുകയും സംസ്ഥാനത്തിന്റെ വൈവിധ്യത്തിന് ഭീഷണിയുയർത്തുകയും ചെയ്യുന്നു. അധികാരം പിടിച്ചെടുക്കുന്നതിനായി ആർഎസ്എസ്-ബിജെപി സഖ്യം കാലഹരണപ്പെട്ട ഹിന്ദുത്വ സിദ്ധാന്തം പ്രയോഗിച്ച് അന്തരീക്ഷത്തെ വിഷലിപ്തമാക്കുന്നു. അവർ മതന്യൂനപക്ഷങ്ങൾക്കെതിരെ പരസ്യമായി വിഷം തുപ്പുകയും ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ശത്രുതയുണ്ടാക്കുകയും അതുവഴി വോട്ടുനേടുന്നതിനായി മതപരമായ ധ്രുവീകരണം സൃഷ്ടിക്കുകയും ചെയ്യുന്നു. ഹിന്ദു മൗലികവാദത്തോടുള്ള പ്രതികരണമെന്ന നിലയിൽ ഇസ്ലാമിക മൗലികവാദികളും ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ഒരു ഇടം കണ്ടെത്താൻ ശ്രമിക്കുന്നു. ഈ മത-സാമുദായിക ഭ്രാന്ത് ഇപ്പോൾ സംസ്ഥാനത്ത് ഗുരുതരമായ അളവിൽ എത്തിയിരിക്കുന്നു.
ഹിന്ദു മനസ്സിനെ ആകർഷിക്കാൻ ബിജെപി പണ്ടേ മന്ദിർ-മസ്ജിദ് വിഷയം പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. അതിനെ പ്രതിരോധിക്കാൻ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും(ടിഎംസി) ഹിന്ദു വിഗ്രഹാരാധനയുടെ പ്രചാരകരായി മാറിയിരിക്കുന്നു, അത് ഇപ്പോൾ ഒരുതരം മതഭ്രാന്തായി മാറിയിട്ടുണ്ട്. പുരി മാതൃകയിലുള്ള ഒരു വലിയ ജഗന്നാഥ ക്ഷേത്രം ടൂറിസ്റ്റ് കേന്ദ്രമായ ദിഘയിൽ 250 കോടി രൂപ ചെലവഴിച്ച് ടിഎംസി സർക്കാർ നിർമ്മിച്ചു. ടിഎംസിയുടെ നിർദ്ദേശപ്രകാരം സിലിഗുരിയിലെ മാറ്റിഗരയിൽ ഒരു ‘മഹാകാൽ’ ക്ഷേത്രവും നിർമ്മാണത്തിലാണ്, അവിടെ ഭീമാകാരമായ ശിവരൂപം സ്ഥാപിക്കും. കഴിഞ്ഞ ഡിസംബർ 13ന് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ആർഎസ്എസ്-ബിജെപി-സംഘപരിവാർ നേതൃത്വത്തിൽ അഞ്ച് ലക്ഷം പേർ പങ്കെടുത്ത ‘ഗീതാ പാരായണം’ സംഘടിപ്പിച്ചു. കീഴ്തട്ടുമുതൽ ഉന്നതതലംവരെയുള്ള ബിജെപി, ആർഎസ്എസ് നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇതിനിടെ കോൺഗ്രസ്, ടിഎംസി, ബിജെപി എന്നീ പാർട്ടികളിലായി മാറിമാറി പ്രവർത്തിച്ച ചരിത്രമുള്ള, ടിഎംസിയിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഹുമയൂൺ കബീർ, മുർഷിദാബാദിലെ റെജിനഗറിൽ ‘ബാബറി മസ്ജിദിന്’ തറക്കല്ലിട്ടു. വോട്ടുബാങ്ക് ലക്ഷ്യമിട്ട് മുസ്ലീം വികാരം മുതലെടുക്കാനാണ് ബാബറി മസ്ജിദ് തകർക്കപ്പെട്ട കറുത്ത ദിനത്തിൽ അദ്ദേഹം ഇതുചെയ്തത്. വാസ്തവത്തിൽ, സംസ്ഥാനത്ത് അധികാരത്തിനായുള്ള രണ്ട് പ്രധാന മത്സരക്കാരായ ടിഎംസിയും ബിജെപിയും തമ്മിൽ ആരാണ് കൂടുതൽ ഹിന്ദു എന്ന കാര്യത്തിലുള്ള മത്സരമാണ് നടക്കുന്നത്. ബിജെപി ഹിന്ദുത്വത്തിന്റെ കൊടി ഉയർത്തുമ്പോൾ, ടിഎംസി ഹിന്ദു, മുസ്ലീം സമുദായങ്ങളെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയം കളിക്കുന്നു. ടിഎംസി ക്ഷേത്രങ്ങൾ പണിയുകയും രജിസ്റ്റർചെയ്ത 44,000ത്തിലധികം ദുർഗ്ഗാപൂജ കമ്മിറ്റികൾക്ക് ഒരു ലക്ഷത്തി പതിനായിരം രൂപ വീതം നൽകുകയും ചെയ്യുന്നു. മുസ്ലീം സമുദായത്തെ സന്തോഷിപ്പിക്കാൻ ടിഎംസി സർക്കാർ മോസ്കുകളിലെ മുഅദ്ദിൻമാർക്ക് അലവൻസും നൽകുന്നുണ്ട്. ഇത് മനസിലാക്കിയ ഇസ്ലാമിക മൗലികവാദികൾ തങ്ങൾ അവരുടെ രക്ഷകരാണെന്ന് നടിച്ച് മുസ്ലീം ന്യൂനപക്ഷങ്ങൾ ക്കിടയിൽ ഇടം പിടിക്കാൻ ശ്രമിക്കുന്നു. ബാബറി മസ്ജിദ് തകർക്കുന്നതിൽ പങ്കാളികളായ ബിജെപി, ഹുമയൂണിന്റെ ഈ നീക്കത്തെക്കുറിച്ച് ഒരക്ഷരംപോലും മിണ്ടിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഫുർഫുറ ശരീഫിലെ പീർസാദ അബ്ബാസ് സിദ്ദിഖി സ്ഥാപിച്ച ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ISF) നേതാവ് ഭായ്ജാൻ അബു സിദ്ദിഖ് സംസ്ഥാനത്ത് ശക്തമായ വർഗീയ പരാമർശങ്ങൾ നടത്തിയപ്പോഴും ബിജെപി മൗനം പാലിച്ചു. എന്തുകൊണ്ടാണ് ഈ നിഗൂഢമായ നിശ്ശബ്ദത?
ഇതിന് പിന്നിലൊരു കളിയുണ്ട്. മുസ്ലീങ്ങൾക്കായി പുതിയ പാർട്ടി രൂപീകരിക്കുമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് സംസാരിച്ചതായും ഹുമയൂൺ പറഞ്ഞു. ന്യൂനപക്ഷ വോട്ടുകൾ തങ്ങളോടൊപ്പം അണിനിരത്താനും അതുവഴി ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനുമാണ് ഇത്തരം ഭരണകൂട പിന്തുണയുള്ള മുസ്ലീം നേതാക്കൾ ശ്രമിക്കുന്നത്. അങ്ങനെ അവർ ഹിന്ദു മൗലികവാദികളുടെ വിശ്വസ്ത ഏജന്റുമാരായി പ്രവർത്തിക്കുകയും ഇന്ത്യൻ കുത്തകകളുടെ അനുഗ്രഹം നേടുകയും ചെയ്യുന്നു. വാസ്തവത്തിൽ അവരെല്ലാം ഭരണവർഗത്തിന്റെ കൈകളിലെ കരുക്കൾ മാത്രമാണ്. വോട്ടുനേടുക, ജനങ്ങളെ ഭിന്നിപ്പിച്ചു നിർത്തുക എന്നീ ഇരട്ടലക്ഷ്യത്തോടെയാണ് മതപരമായ ധ്രുവീകരണത്തിന്റെ ഈ നാടകം ആസൂത്രണം ചെയ്തിരിക്കുന്നത്.
അതിനാൽ, തിരഞ്ഞെടുപ്പ് വേളയിൽ ജനജീവിതത്തെ തളർത്തുന്ന യഥാർത്ഥ പ്രശ്നങ്ങളൊന്നും ചർച്ചയാകുന്നില്ല. പകരം മന്ദിർ-മസ്ജിദ്, വന്ദേ മാതരം, മുത്തലാഖ്, അനധികൃത നുഴഞ്ഞുകയറ്റം തുടങ്ങിയ കാര്യങ്ങളാണ് വിലക്കയറ്റം, തൊഴിലില്ലായ്മ, തൊഴിൽ നഷ്ടം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, കർഷകരുടെ ദുരിതം എന്നിവയേക്കാൾ പ്രാധാന്യത്തോടെ മുന്നിലെത്തു ന്നത്. ഏറ്റവും അസ്വസ്ഥജനകമായ കാര്യം, ഇടതുപക്ഷക്കാരായി സ്വയം വിശേഷിപ്പിക്കുന്ന കപട മാർക്സിസ്റ്റുകളും ഇതേ പാതയിലാണെന്നതാണ്. ഏതാനും സീറ്റുകൾക്കുവേണ്ടി വർഗീയ ലഹളകളുടെയും അടിയന്തരാവസ്ഥയുടെയും ചരിത്രമുള്ള കോൺഗ്രസുമായും ഐഎസ്എഫ് എന്ന പ്രാദേശിക ഇസ്ലാമിക പാർട്ടിയുമായും അവർ സഖ്യമുണ്ടാക്കുന്നു. അതുമാത്രമല്ല, സിപിഐ(എം) സംസ്ഥാന സെക്രട്ടറിയും മറ്റു നേതാക്കളും കഴിഞ്ഞ ദിവസം ഹിന്ദു ആരാധകരുടെ വേഷം ധരിക്കുകയും രാജ്ബൻഷി വിഭാഗത്തെ ക്ഷത്രിയവൽക്കരിക്കാൻ ശ്രമിച്ച പഞ്ചാനൻ ബർമ്മയുടെ പ്രതിമയിൽ മാല ചാർത്തുകയും ചെയ്തു.
എന്തുകൊണ്ടാണ് ഇത്തരം സാമുദായിക-ജാതീയ-വിഭാഗീയ ചിന്താഗതികൾ അടിച്ചമർത്തപ്പെട്ട ഇന്ത്യക്കാരുടെ മനസ്സിൽ വേരൂന്നുന്നത്? ബംഗാളിൽ നവോത്ഥാന ചിന്തകൾ ഉദിച്ചപ്പോൾ, പുതിയ ജനാധിപത്യ മൂല്യങ്ങളും ധാർമ്മികതയും ഉയർത്തിപ്പിടിക്കാനും കാലഹരണപ്പെട്ട വിശ്വാസങ്ങളും മതഭ്രാന്തും ഉപേക്ഷിക്കാനുമാണ് ആഹ്വാനം ഉണ്ടായത്. ജാതീയതയുടെയും അന്ധവിശ്വാസത്തിന്റെയും ചങ്ങലകൾ പൊട്ടിച്ചെറിയാനും യുക്തിചിന്ത വളർത്താനും ബ്രിട്ടീഷ് ഇന്ത്യയിലെ വിവിധ സമുദായങ്ങൾക്കിടയിൽ ഐക്യവും സാഹോദര്യവും പ്രോത്സാഹിപ്പിക്കാനും നവോത്ഥാന നായകർ ആഹ്വാനം ചെയ്തു. ബ്രിട്ടീഷ് ഭരണത്തിനുമുൻപ് ഇന്ത്യ ഒരു ഏകീകൃത രാഷ്ട്രരൂപം കൈവരിച്ചിരുന്നില്ല, മറിച്ച് നിരവധി നാട്ടുരാജ്യങ്ങളുടെ കൂട്ടമായിരുന്നു. ബ്രിട്ടീഷ് ഭരണം സ്ഥാപിതമായതോടെയാണ് ഇന്ത്യൻ ദേശീയത എന്ന സങ്കൽപ്പത്തിന് ഭൗതിക സാഹചര്യം ഒരുങ്ങിയത്. സാമ്രാജ്യത്വവിരുദ്ധ ദേശീയ വിമോചന പ്രസ്ഥാനം ശക്തമായപ്പോൾ ജാതി, മതം, ഭാഷ എന്നിവയ്ക്ക് അതീതമായ ഇന്ത്യക്കാരുടെ ഐക്യമായിരുന്നു ലക്ഷ്യം. എന്നാൽ സാമൂഹ്യവും സാംസ്കാരികവുമായ വിഭജനം നിലനിന്നതിനാൽ ആ ലക്ഷ്യം പൂർണ്ണമായി ഫലവത്തായില്ല. എസ്യുസിഐ(സി)യുടെ സ്ഥാപക ജനറൽ സെക്രട്ടറിയും മാർക്സിസ്റ്റ് ചിന്തകനുമായ സഖാവ് ശിബ്ദാസ് ഘോഷ് പറഞ്ഞതുപോലെ, “സാമ്രാജ്യത്വത്തിനെതിരായ ദേശീയ വിമോചന പ്രസ്ഥാനത്തിലൂടെ വിവിധ ഭാഷകളും മതങ്ങളുമുള്ള ഇന്ത്യൻ ജനത രാഷ്ട്രീയമായി ഒരു രാഷ്ട്രമായി മാറി… എന്നാൽ സാമൂഹ്യമായും സാംസ്കാരികമായും അവർ മതം, ജാതി, ഭാഷ, വംശം എന്നിവയാൽ വിഭജിക്കപ്പെട്ട വിവിധ സമുദായങ്ങളായി തുടർന്നു.”
കാലക്രമേണ, സോഷ്യലിസ്റ്റ് വിപ്ലവത്തെ ഭയപ്പെട്ട ഭരണവർഗം പീഡിതരായ ഇന്ത്യക്കാർക്കിടയിൽ എല്ലാവിധ ഭിന്നതകളും വളർത്താൻ തുടങ്ങി. ചൂഷണത്തിനെതിരായ ജനങ്ങളുടെ യോജിച്ചപോരാട്ടം തടയുകയായിരുന്നു അവരുടെ ലക്ഷ്യം. ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ വിദ്വേഷം സൃഷ്ടിക്കുന്നതും വർഗീയ വികാരം ഉണർത്തുന്നതും ഇതിന്റെ ഭാഗമാണ്. ‘ഹിന്ദു രാഷ്ട്രം’ സൃഷ്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ബിജെപിയുടെ ഈ വിചിത്രമായ പെരുമാറ്റത്തിന് പിന്നിലെ ലക്ഷ്യമെന്താണ്?
ബിജെപി, കോൺഗ്രസിനെപ്പോലെതന്നെ ഇന്ത്യൻ ഭരണവർഗത്തെയാണ് സേവിക്കുന്നത്. വിദ്യാഭ്യാസ സമ്പ്രദായത്തെ തകർത്ത്, വർഗീയ വിഷം പടർത്തി, ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്ത് ഭരണവർഗത്തിന്റെ താൽപ്പര്യങ്ങൾ അവർ സംരക്ഷിക്കുന്നു. ചരിത്രത്തിനുപകരം കെട്ടുകഥകൾ അവതരിപ്പിച്ച് ജനങ്ങളെ അന്ധരായ അനുയായികളാക്കി മാറ്റുന്നു. മുതലാളിത്ത വ്യവസ്ഥയ്ക്കെതിരായ ഏതൊരു മുന്നേറ്റത്തെയും തടയാൻ ജനങ്ങളെ ഭിന്നിപ്പിച്ചു നിർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
മുതലാളിത്ത ഭരണകൂടത്തിനെതിരെ ഉന്നതമായ ധാർമ്മികതയിലും സംസ്കാരത്തിലും അധിഷ്ഠിതമായ ജനകീയ പ്രസ്ഥാനങ്ങളിലൂടെ മാത്രമേ ഈ വിനാശകരമായ രാഷ്ട്രീയത്തെ പരാജയപ്പെടുത്താൻ കഴിയൂ. ശരിയായ പ്രത്യയശാസ്ത്രത്തിന്റെ നേതൃത്വത്തിൻകീഴിൽ ചൂഷിത ജനലക്ഷങ്ങളുടെ ഐക്യം വളർത്തിയെടുക്കുകയാണ് ആവശ്യം. കോൺഗ്രസിനോ ടിഎംസിക്കോ ഇതിന് കഴിയില്ല. വോട്ട് രാഷ്ട്രീയത്തിന്റെ ഭാഗമായി മാറിയ വ്യാജ ഇടതുപക്ഷക്കാരിലും പ്രതീക്ഷയർപ്പിക്കുന്നതിൽ കാര്യമില്ല. അതിനാൽ ചരിത്രം ഏൽപ്പിച്ച ഈ ദൗത്യം യഥാർത്ഥ വിപ്ലവ ഇടതുപക്ഷം ഏറ്റെടുക്കേണ്ടതുണ്ട്. സഖാവ് ശിബ്ദാസ് ഘോഷ് രൂപീകരിച്ച എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) മന്ദിർ-മസ്ജിദ് രാഷ്ട്രീയത്തിനും അധികാര മോഹത്തിനുമെതിരെ ആ ചരിത്രപരമായ ഉത്തരവാദിത്തം നിറവേറ്റാൻ പ്രതിജ്ഞാബദ്ധമാണ്.
