ഉന്നാവോ: പീഡനത്തിനിരയായ പെൺകുട്ടിക്കുനേരെ നടന്ന  വധശ്രമത്തിൽ രാജ്യമെമ്പാടും പ്രതിഷേധം

Unnao-Protest-Kolkatha-2.jpg
Share

ഉന്നാവോ പീഡനക്കേസിലെ പെൺകുട്ടിയെ കൊലപ്പെടുത്താൻ നടന്ന ആസൂത്രിത നീക്കത്തിനെതിരെ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)ന്റെയും എഐഎംഎസ്എസ്, എഐഡിവൈഒ, എഐഡിഎസ്ഒ തുടങ്ങി വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.
സ്ത്രീ സുരക്ഷാ സമിതിയുടെ നേതൃത്വത്തിൽ മുളന്തുരുത്തിയിൽ ജനകീയ സംഗമം സംഘടിപ്പിച്ചു. അതിക്രമങ്ങൾക്കിരയായ പെൺകുട്ടിയെയും ബന്ധുക്കളെയും അഭിഭാഷകനെയും കൊലപ്പെടുത്തി കേസ് ഇല്ലാതാക്കാൻ ശ്രമിക്കുന്ന പ്രതികൾക്ക് കർശനശിക്ഷ ഉറപ്പാക്കുന്നതിനും അക്രമികൾക്ക് പിന്തുണ നൽകുന്ന കേന്ദ്ര-സംസ്ഥാന ബിജെപി സർക്കാരുകളുടെ മനുഷ്യത്വരഹിതമായ നീക്കം അവസാനിപ്പിക്കുന്നതിനും രാജ്യത്ത് സ്ത്രീസുരക്ഷയും മാനവികതയും കാത്തുപുലർത്തുന്നതിനും നിയമവാഴ്ച ഉറപ്പുവരുത്തുന്നതിനും  മനുഷ്യസ്‌നേഹികളും ജനാധിപത്യവിശ്വാസികളും കക്ഷിരാഷ്ടീയത്തിനതീതമായി തെരുവിലിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സ്ത്രീ സുരക്ഷാ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ: വിൻസെന്റ് മാളിയേക്കൽ അഭിപ്രായപ്പെട്ടു.
സ്ത്രീ സുരക്ഷാ സമിതി ജില്ലാ സെക്രട്ടറി എം.കെ.ഉഷ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ശോഭ(ജില്ലാസെക്രട്ടറി, എഐഎംഎസ്എസ്), കെ.കെ.ഗോപി നായർ(ജില്ലാ പ്രസിഡന്റ്, മദ്യ വിരുദ്ധ ജനകീയ സമര സമിതി), കെ.സുനിൽകുമാർ (മാധ്യമ പ്രവർത്തകൻ), കെ.പി. ശാന്തകുമാരി (ജില്ലാ വൈസ് പ്രസിഡന്റ്, സ്ത്രീ സുരക്ഷാ സമിതി), കെ.ഒ.സുധീർ (ജനകീയ പ്രതിരോധ സമിതി), നിലീന മോഹൻകുമാർ (ജില്ലാസെക്രട്ടറി, എഐഡിഎസ്ഒ), നിള മോഹൻ കുമാർ (പ്രചോദന) എന്നിവർ പ്രസംഗിച്ചു. എം.ആർ.സെനിത് കുമാർ, കെ.കെ.സുകുമാരൻ, ബിനോയ് പുത്തൻകുരിശ്, എം.പി.സുധ, എ.ജി.ലസിത, കെ.എൻ. രാജി, എസ.് ലബിഷ, സി.കെ.ശിവദാസൻ, എൻ.സി.നാരായണൻ, സി.ബി.അശോകൻ, കെ.വി.സന്തോഷ് തുടങ്ങിയവർ ജനകീയസംഗമത്തിന് നേതൃത്വം നൽകി.

അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ കൊല്ലം ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
ബിജെപിയുടെ ഭരണത്തിൻ കീഴിൽ സ്ത്രീകളുടെ സാമൂഹിക സുരക്ഷിതത്വം എന്തായിരിക്കും എന്നതിന്റെ നേർചിത്രമാണ് ഉന്നാവോയിൽ നടന്നതെന്നും അതിക്രമങ്ങളെ ചോദ്യംചെയ്യുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കുന്ന സാമൂഹ്യ സാഹചര്യം സംഘപരിവാറിന്റെ നേതൃത്വത്തിൽ സൃഷ്ടി ച്ചെടുത്തുകൊണ്ടിരിക്കുകയാണെും യോഗം ഉദ്ഘാടനം ചെയ്ത അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന ദേശീയ വൈസ്പ്രസിഡന്റ് ഷൈലാ കെ.ജോൺ അഭിപ്രായപ്പെട്ടു. എഐഎംഎസ്എസ്  ജില്ലാ പ്രസിഡന്റ് അഡ്വ: ഇ.എൻ.ശാന്തിരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ട്വിങ്കിൾ പ്രഭാകരൻ പ്രസംഗിച്ചു. പി.ജി.ഷീജ, വി.ലീല തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
തിരുവനന്തപുരം, പത്തനംതിട്ട, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.

Share this post

scroll to top