ജനവിരുദ്ധ ഭരണനയങ്ങൾക്കെതിരെ ജനങ്ങളുടെ സമരപക്ഷം പടുത്തുയർത്തുക എന്ന സുപ്രധാന ലക്ഷ്യത്തോടെ വിളിച്ചുചേർക്കപ്പെട്ട സംസ്ഥാന ജനകീയ പ്രതിരോധ കൺവൻഷൻ അചഞ്ചലമായ പോരാട്ടത്തിന്റെ അളവറ്റ ഊർജ്ജസ്രോതസ്സായി മാറി. രാജ്യത്തിന്റെ തകരുന്ന ജനാധിപത്യ-മതേതരഘടനയെപ്രതി വേദനിക്കുകയും പ്രതിഷേധിക്കു കയും ചെയ്യുന്ന മനസ്സുമായി, വാർദ്ധക്യത്തിന്റെ അവശതകൾ പരിഗണിക്കാതെ മഹാരാഷ്ട്രയില്‍നിന്ന് ഉദ്ഘാടകൻ ഡോ.രാം പുനിയാനി, തളരാത്ത സമരാവേശത്തിന്റെ പ്രതിനിധി, പ്രതിരോധ സമിതി പ്രസിഡണ്ട് പ്രൊഫ.കെ.അരവിന്ദാക്ഷൻ, ജനതാൽപ്പര്യത്തിനായി അക്ഷീണം പൊരുതുന്ന പ്രൊഫ.എം.പി.മത്തായി, യഥാർത്ഥ ഇടതുരാഷ്ട്രീയത്തിന്റെ കാവലാൾ ജോസഫ് സി. മാത്യു, പരിസ്ഥിതിയുടെ ജനപക്ഷ രാഷ്ട്രീയം വിട്ടുവീഴ്ചയില്ലാതെ ഉയർത്തിപ്പിടിക്കുന്ന ശ്രീധർ രാധാകൃഷ്ണൻ, ജനകീയ സമരങ്ങളുടെ നേതാക്കൾ സി.ആർ.നീലകണ്ഠൻ, ഡോ.ഡി.സുരേന്ദ്രനാഥ്, ഡോ.ആസാദ്, പി.കെ.പോക്കർ, പ്രമോദ് പുഴങ്കര തുടങ്ങി സംസ്ഥാനത്തെ അമ്പതിലധികം സാമൂഹ്യ-സാംസ്കാരിക-സാഹിത്യ വ്യക്തിത്വങ്ങൾ അണിനിരന്ന പ്രൗഢമായ സമ്മേളനവേദി. സംസ്ഥാനമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന ജനകീയസമരങ്ങളുടെ നേതാക്കളും നൂറുകണക്കിന് സജീവസംഘടാകരുകരും തിങ്ങിനിറഞ്ഞ സംഗമസദസ്. 2024 ഡിസംബർ 29 ന് ആലപ്പുഴ ജെൻഡർ പാർക്ക് ആഡിറ്റോറിയം, കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിലെ അപൂർവ്വമായ ദൃശ്യത്തിന് സാക്ഷ്യം വഹിച്ചു. വിവിധ മേഖലകളിൽ അതിജീവനത്തിനായി സമരം ചെയ്യുന്ന ജനങ്ങളുടെ യോജിച്ച പ്രതിരോധത്തിന്റെ വികാരം അലതല്ലിയ സമ്മേളനമായി പ്രതിരോധ കൺവൻഷൻ മാറി. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ സ്ഥാപക പ്രസിഡണ്ട് ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെയും സ്ഥാപക ജനറൽ സെക്രട്ടറി ഡോ.വി.വേണുഗോപാലിന്റെയും ദീപ്തസ്മരണകൾ, കീഴടങ്ങാതെ പൊരുതാനുള്ള ആവേശം ഏവരിലും ഉണർത്തി.
ആത്മവിശ്വാസത്തോടെ അടിയുറച്ചുനിന്നു പൊരുതാന്‍ സാധ്യമാകുന്ന ഈടുറ്റ ഒരു ചെറുത്തുനില്പ്പുപ്രസ്ഥാനമെന്ന നിലയില്‍ കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങളിലെല്ലാം വമ്പിച്ച വിശ്വാസ്യത നേടിയിട്ടുള്ള ജനകീയ പ്രതിരോധ സമിതിയുടെ തുടക്കം തൊള്ളായിരത്തി തൊണ്ണൂറുകളുടെ ആദ്യമാണ്. ആചാരാനുഷ്ഠാന വൈജാത്യങ്ങള്‍ക്കും കക്ഷിരാഷ്ട്രീയ ഭിന്നതകള്‍ക്കും ഉപരിയായി ജനങ്ങള്‍ സ്വന്തം ജീവത്പ്രശ്നങ്ങള്ക്കുമേല് ഒത്തൊരുമിക്കാന്‍ ജനകീയ പ്രതിരോധ സമിതി ആഹ്വാനം നല്കി. ജനായത്തവാഴ്ചയുടെയും ക്ഷേമരാഷ്ട്ര സങ്കല്പ്പത്തിന്റെയും എല്ലാ നല്ല മൂല്യങ്ങളെയും ധിക്കാരപൂര്‍വ്വം കാറ്റില്പറത്തിക്കൊണ്ട്, സാധാരണക്കാരായ ജനങ്ങള്‍ക്ക് ദുരിതവും കഷ്ടപ്പാടുകളും മാത്രം സമ്മാനിക്കുന്ന ആധുനിക ഭരണാധിപന്മാര്ക്കെതിരെ പ്രബുദ്ധമായ ജനശക്തി സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ സമിതി ആഹ്വാനം ചെയ്തു. ജനങ്ങളുടെ ചുട്ടുനീറുന്ന പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരവും പാവനങ്ങളായ ജനകീയാവകാശങ്ങളുടെ ഭദ്രമായ സംരക്ഷണവും ഉറപ്പാക്കാന്‍ ജനങ്ങളുടെ മുന്‍കൈ സദാ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും ജനകീയ പ്രതിരോധ സമിതി ഉയര്‍ത്തിക്കാട്ടി. കേരളത്തിലെ എണ്ണമറ്റ ജനകീയ സമരങ്ങള്‍ക്ക് ആത്മവിശ്വാസവും പ്രചോദനവുമായി മൂന്നു പതിറ്റാണ്ടിലേറെയായി കേരളമണ്ണിലെ സജീവസമരനേതൃത്വമാണ് ജനകീയ പ്രതിരോധ സമിതി. ഡിസംബര്‍ 29ന്റെ പ്രതിരോധ കണ്വന്ഷന് ജനകീയ സമരനേതാക്കളുടെയും സമരസംഘടനകളുടെയും സംഗമവുമായി.
സംസ്ഥാനത്തെ ഒട്ടുമിക്ക ജനകീയ സമര നേതാക്കളും ഡിസംബർ 29 ന് രാവിലെത്തന്നെ ആലപ്പുഴ ജെൻഡർ പാർക്ക് ഹാളിൽ എത്തിച്ചേർന്നതോടെ സംസ്ഥാന ജനകീയ പ്രതിരോധ കൺവൻഷന് തുടക്കമായി.സംസ്ഥാന പ്രസിഡന്റ് പ്രൊഫ.കെ. അരവിന്ദാക്ഷന്റെ അധ്യക്ഷതയിൽ ആരംഭിച്ച ആദ്യ സെഷൻ, ഡോ.രാം പുനിയാനി ഉദ്ഘാടനം ചെയ്തു. ജനകീയ പ്രതിരോധ സമിതിയുടെ സ്ഥാപക ജനറൽ സെക്രട്ടറി ഡോ.വി.വേണുഗോപാൽ, ഡോ. നന്ദിയോട് രാമചന്ദ്രൻ, ഫാദർ എബ്രഹാം ജോസഫ് തുടങ്ങി സമീപകാലത്ത് അന്തരിച്ച നേതാക്കൾക്ക് ആദരാഞ്ജലിയർപ്പിക്കുന്ന അനുശോചന പ്രമേയം ടി.ബി.വിശ്വനാഥൻ അവതരിപ്പിച്ചുകൊണ്ടാണ് കൺവൻഷൻ നടപടികൾ ആരംഭിച്ചത്.
ഇന്ത്യൻ ജനാധിപത്യം വെല്ലുവിളി നേരിടുന്നു; ബൃഹത്തായ ജനകീയ മുന്നേറ്റങ്ങൾ ഉണ്ടാകണം-ഡോ. രാം പുനിയാനി
ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ടുള്ള ഡോ. രാം പുനിയാനിയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു. ‘1998ല്‍ വാജ്പേയി സർക്കാർ വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുന്ന നടപടികൾക്ക് തുടക്കം കുറിച്ചു. യുക്തിചിന്തയെ തടയുകയായിരുന്നു ലക്ഷ്യം. ശാസ്ത്രീയ ചിന്തയ്ക്ക് തുരങ്കം വച്ചും ചരിത്രത്തെ അതിനുള്ള ഉപകരണമാക്കിയും ജനങ്ങളെ ഭിന്നിപ്പിക്കുന്നു. കൊറോണയെ നേരിടാൻ മട്ടുപ്പാവിൽ കയറി നിന്ന് കൈയടിച്ചാൽ മതി എന്നു പറയുന്നത് ഈ പദ്ധതിയുടെ ഭാഗമാണ്. മുസ്ലീങ്ങളെ അപകടകാരികളാക്കി ചിത്രീകരിക്കുന്നതിനുപിന്നിലും ഇതേ ഗൂഢ പദ്ധതിയാണുള്ളത്.
പള്ളികൾക്കു കീഴിലെല്ലാം ക്ഷേത്രങ്ങൾ ഉണ്ടെന്ന് പ്രചരിപ്പിക്കുന്നു. ഔറംഗസേബ് ക്ഷേത്രങ്ങളെല്ലാം തകർത്തു എന്നു പറയുന്നു. 12 ക്ഷേത്രങ്ങൾ തകർത്തപ്പോൾ അനേകം ക്ഷേത്രങ്ങൾക്ക് സഹായം നൽകി. അത് പറയുന്നില്ല. പണ്ടുള്ളവരുടെ ചെയ്തികൾക്ക് ഇന്നുള്ളവർ എന്തു പിഴച്ചു. ഭൂതകാലത്തിലെ ചെയ്തികൾക്ക് പ്രതികാരം ചെയ്യുന്നത് പരിഷ്കൃത ചിന്തയല്ല. ക്ഷേത്രങ്ങൾക്കടിയിൽ ബുദ്ധവിഹാരങ്ങൾ ഉണ്ടാകും.
നെഹ്റു അണക്കെട്ടുകളെയും യൂണിവേഴ്സിറ്റികളെയും ഒക്കെ ക്ഷേത്രങ്ങൾ എന്ന് വിശേഷിപ്പിച്ചു. ആധുനിക ഇന്ത്യ കെട്ടിപ്പടുക്കാൻ ആഹ്വാനം ചെയ്തു. എന്നാൽ ഇന്ന് കെട്ടിപ്പടുക്കുകയല്ല കുഴി തോണ്ടുകയാണ്. മതം രാഷ്ട്രീയത്തിന്റെ അടിത്തറയാകുന്നു. വർഗീയതയുമായി മാത്രമല്ല കോർപ്പറേറ്റുകളുമായും ചങ്ങാത്തത്തിലാണ് ഭരണസംവിധാനം. കോർപ്പറേറ്റുകൾ ജീവിതം ദുസ്സഹമാക്കുന്നു. വർഗീയത ദേശീയ ഐക്യം ദുർബലമാക്കുന്നു. അടിസ്ഥാന ജീവിത പ്രശ്നങ്ങൾ പിന്നോട്ടടിക്കപ്പെടുന്നു.
എല്ലാ മതങ്ങളെയും ചിന്താഗതികളെയും സഹിഷ്ണുതയോടെ കണ്ട പാരമ്പര്യമാണ് നമ്മുടേത്. ഇന്ന് ക്രിസ്തുമസ് ആഘോഷം പോലും അലങ്കോലമാക്കുന്നു. പ്രധാനമന്ത്രി മതമേലധ്യക്ഷന്മാരുമായി ക്രിസ്തുമസ് ആഘോഷിക്കുന്നുണ്ട്. അതിനുപിന്നിൽ സങ്കുചിത താല്പര്യങ്ങളാണ്. നമ്മുടെ ജനാധിപത്യ വ്യവസ്ഥ വലിയ ഭീഷണി നേരിടുകയാണ്. സാമൂഹ്യ മുന്നേറ്റങ്ങൾ അസാധ്യമാക്കുകയാണ് ഉദ്ദേശ്യം. ഭഗത് സിംഗ്, അംബേദ്കർ, ഗാന്ധിജി തുടങ്ങിയവർ ജനങ്ങൾക്ക് വഴികാട്ടിയവരാണ്. ആധുനിക ഇന്ത്യ സൃഷ്ടിച്ചവരാണ്. വിവിധ ജനവിഭാഗങ്ങൾ ഒന്നിച്ചപ്പോൾ സ്വാതന്ത്ര്യസമര പ്രസ്ഥാനം ശക്തിപ്പെട്ടു. അപ്പോൾ സ്ഥാപിത താല്പര്യക്കാർ ഹിന്ദുമഹാസഭയും ആർഎസ്എസും മുസ്ലിംലീഗും ഉണ്ടാക്കി ജനങ്ങളുടെ ഐക്യം തകർക്കാൻ ആരംഭിച്ചു.
നമ്മുടെ ഭരണഘടന പശ്ചാത്യ മൂല്യങ്ങളിൽ അധിഷ്ഠിതമാണെന്ന് ആർഎസ്എസ് ആരോപിക്കുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ആദർശങ്ങളൊക്കെ പാശ്ചാത്യമാണോ? അതോ മുഴുവൻ മനുഷ്യരുടേതുമാണോ? ആധുനിക സമൂഹത്തിന്റെ മൂല്യങ്ങളാണത് ഉദ്ഘോഷിക്കുന്നത്. മനുസ്മൃതിപോലുള്ള പഴഞ്ചൻ പ്രമാണങ്ങളും ഹിന്ദുമത മൂല്യങ്ങളും പുന:സ്ഥാപിക്കാൻ ശ്രമിക്കുകയാണ് ബിജെപി ഭരണം. അംബേദ്കർ മനുസ്മൃതി കത്തിക്കുകയാണ് ചെയ്തത്. ആശയപരമായി നമ്മൾ വളരെ മുന്നേറിയിട്ടുണ്ട്. ധാരാളം വിശകലനങ്ങളും കൃതികളുമൊക്കെ യുണ്ട്. എന്നാൽ അതുകൊണ്ടു മാത്രമായില്ല. ശരിയായ ആശയങ്ങൾ ജനസാമാന്യത്തിൽ എത്തിക്കണം. ഭരണഘടനാ മൂല്യങ്ങൾ ജനങ്ങൾ മനസ്സിലാക്കണം. എങ്കിൽ മാത്രമേ രാജ്യം നേരിടുന്ന വിപത്തിനെ ചെറുക്കാനാകൂ.’
പ്രതിരോധസമിതി മഹത്തായ പാരമ്പര്യമുള്ള പ്രസ്ഥാനം – പ്രൊഫ. കെ അരവിന്ദാക്ഷൻ.
വിശ്വപൗരൻ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരും ലക്ഷ്മി എൻ. മേനോനും മറ്റും നേതൃത്വം നൽകിയ മഹാ പ്രസ്ഥാനമാണ് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയെന്നും ഇന്നത്തെ അങ്ങേയറ്റത്തെ പ്രതിസന്ധിയുടെ കാലത്തു അവർ കാട്ടിയ നേതൃത്വ മാതൃകയിൽ നിന്ന് പാഠങ്ങളും ഊർജ്ജവും ഉൾക്കൊള്ളണമെന്നും പ്രസിഡന്റ് പ്രൊഫ. കെ.അരവിന്ദാക്ഷൻ പറഞ്ഞു.
പ്രതിലോമത്വം വളരുന്ന കേരളം -പി.കെ.പോക്കർ
പ്രതിലോമ ആശയങ്ങൾ ഇടതുപക്ഷ കേരളത്തിൽ അപകടകരമാം വിധം വളരുന്നത് എന്തുകൊണ്ടാണെന്ന് പി.കെ.പോക്കർ ചോദിച്ചു. അതേ അവസരത്തിൽ പുരോഗമനപരമായ ചിന്തകൾക്ക് ശോഷണം നേരിടുകയും ചെയ്യുന്നത് നമ്മെ ഭയപ്പെടുത്തുന്നു. പുരോഗമന ചിന്ത വീണ്ടെടുക്കേണ്ടത് അനിവാര്യമായിമാറിയിരിക്കുന്നു.എം. എഫ്. ഹുസൈൻ എന്ന ലോകപ്രസിദ്ധ ചിത്രകാരന് ഇന്ത്യവിടേണ്ടിവന്നപ്പോൾപ്പോലും പ്രതികരിക്കാൻ ഇവിടെ ആളുണ്ടായിരുന്നില്ല.കേരളത്തിൽ ശരിയായ ഇടതുപക്ഷ പുരോഗമന മുന്നേറ്റം വളർന്നു വരണം.
ഫാസിസം മൂലധന ശക്തികളുടെ അജണ്ട – പ്രമോദ് പുഴങ്കര
ഫാസിസം സാംസ്കാരികരംഗത്ത് മാത്രമല്ലെന്നും അതൊരു സാമ്പത്തിക കേന്ദ്രീകരണം ലക്ഷ്യമിടുന്ന മൂലധന ശക്തികളുടെ കൃത്യമായ അജണ്ടയാണെന്നും നാം തിരിച്ചറിയണം. ആചാരം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് സിപിഐ(എം) നേതാവ് പ്രസംഗിക്കുന്ന ഒരു ചടങ്ങ് കാണാൻ ഇടയായി. ഭീകരമായ തീവ്രവലതുപക്ഷവൽക്കരണം ഇതിനകം സംഭവിച്ച കേരളത്തിലാണ് നാം ജീവിക്കുന്നത് എന്നാണ് അത് കാണിക്കുന്നത്. എന്തിനെയും മത, വർഗ്ഗീയ, സാമുദായിക വീക്ഷണത്തിൽ വിലയിരുത്തുന്ന ഈ കാലത്ത്, സമൂഹത്തെ അഭിസംബോധന ചെയ്യാൻ പുതിയ ശൈലികൾ രൂപപ്പെടുത്തിയെടുക്കേ ണ്ടതുണ്ട്. ഗാന്ധിജി പറഞ്ഞ ‘ഹേ റാമി’ൽ നിന്നും വില്ലു കുലച്ചു സംഹാര രൂപിയായി നിൽക്കുന്ന രാമനിലേക്കുള്ള മാറ്റം ബിജെപി, ആർഎസ്എസ് പിന്തിരിപ്പൻ ശക്തികളുടെ കടന്നുകയറ്റത്തെ വെളിപ്പെടുത്തുന്നു. അതിന്റെ ഉത്തര വാദിത്വം മുഖ്യമായും സിപിഐ(എം)ന് തന്നെയാണ്.
ജനകീയ സമരങ്ങളാണ് കേരളത്തിന്റെ ഭാവി – ശ്രീധർ രാധാകൃഷ്ണൻ
ഇന്ന് നടന്നുവരുന്ന ജനകീയ സമരങ്ങളെ ആശ്രയിച്ചാണ് കേരളത്തിന്റെ യഥാർത്ഥ ഭാവി. ഈ ജനകീയ സമരങ്ങൾ ഏറ്റെടുത്തില്ലെങ്കിൽ നമുക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല. കെ റെയിൽ ഇരകൾ സംഘടിച്ചപ്പോൾ ആണ് ആ സമരം താൽക്കാലികമായെങ്കിലും വിജയം കൈവരിച്ചത്. കേരളത്തിലെ പള്ളി മേധാവിത്വവും കമ്മ്യൂണിസ്റ്റ് എന്ന് പറയുന്നവരും ചേർന്നാണ് മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് തകർത്തത്.
കേരളത്തിൽ ഇന്ന് 4000 ക്വാറികൾ ഉണ്ട്. നമ്മുടെ ആവാസ വ്യവസ്ഥയെ തകർത്തുകൊണ്ടിരിക്കുകയാണ് ഈ ക്വാറികൾ. നമ്മുടെ നദികൾ ഏറ്റവും മലീമസം ആയിരിക്കുന്നു. നെൽവയൽ -നീർത്തട സംരക്ഷണ നിയമം, ഇടതുപക്ഷം വന്നപ്പോൾ ഭേദഗതി കൊണ്ടുവന്നു. ലുലുവിനുവേണ്ടി 80-90 ഏക്കർ ഭൂമി നികത്തുന്നത് മുഖ്യമന്ത്രി വിലക്കിയില്ല. കരിമണൽ ഖനനത്തിലൂടെ തീരം മുഴുവൻ കൊള്ളയടിക്കുകയാണ്. അത് വൻ വിനാശത്തിന് വഴിയൊരുക്കും. 2018ലെ പ്രളയത്തിനുശേഷം കേരളത്തിൽ ഉരുൾപൊട്ടലും മലയിടിച്ചിലും പതിവായിരിക്കുന്നു. കേരളം പാരിസ്ഥിതികമായി വളരെ ദുർബലമാണ്. ‘എക്കോ ലിറ്ററസി’യെക്കുറിച്ച് അറിവില്ലാത്ത അധികാരികൾ കേരളത്തെ ദുരന്തത്തിലേക്ക് നയിക്കും.
വ്യാപാരി, ബഹുജന സമരൈക്യം വേണം – എ.ജെ. ഷാജഹാൻ
10 ലക്ഷത്തോളം ആളുകൾ തൊഴിൽ കണ്ടെത്തുന്ന ഒരു മേഖലയാണ് കേരളത്തിലെ ചെറുകിട വ്യാപാര മേഖല. കേന്ദ്രസർക്കാരിന്റെ നയങ്ങൾ ഈ മേഖലയിൽ വലിയ തകർച്ചയ്ക്ക് ഇടവരുത്തി. 100% വിദേശ നിക്ഷേപം അനുവദിച്ചു. എന്നുമാത്രമല്ല സ്വദേശ കുത്തകകൾക്കും ഈ മേഖലയെ വീതം വെച്ച് കൊടുത്തിരിക്കുന്നു. വൻകിട കുത്തകകൾ ഓൺലൈൻ വ്യാപാര രംഗത്ത് കൂടി എത്തിയതോടെ, ചെറുകിട വ്യാപാര രംഗം രക്ഷപ്പെടാൻ ആവാത്ത വിധം പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നു. ഇതിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയും ചേർന്ന് സുശക്തമായ പ്രക്ഷോഭണം കെട്ടിപ്പടുക്കണം.
വിവിധ ജനസമര നേതാക്കൾ ഒന്നിച്ചണിനിരക്കുന്ന സവിശേഷ ചരിത്രമുഹൂർത്തം – പ്രൊഫ.എം.പി.മത്തായി
ദേശീയ വിദ്യാഭ്യാസ നയം 2020, മൂലധന ശക്തികളുടെ താല്പര്യാർഥം പൊതുവിദ്യാഭ്യാസത്തെ ഇല്ലായ്മ ചെയ്യുകയും ആധുനിക വൈജ്ഞാനിക ശാഖകളെ നിഷേധിച്ചുകൊണ്ട് പൗരാണിക വിശ്വാസപ്രമാണങ്ങളെ വിദ്യാഭ്യാസം എന്ന പേരിൽ പുതിയ തലമുറയ്ക്കുമേൽ കെട്ടിവയ്ക്കുകയും ചെയ്യുന്ന ഈ വിദ്യാഭ്യാസ വിരുദ്ധ പദ്ധതിയെ ഏതർത്ഥത്തിലും ചെറുത്ത് പരാജയപ്പെടുത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. വിവിധ ജനസമര നേതാക്കൾ ഒന്നിച്ചണിനിരക്കുന്ന സവിശേഷ ചരിത്ര മുഹൂർത്തമാണിത്.
തകർന്ന നടപ്പാതകൾ സർക്കാരിന്റെ ഗതാഗത നയം ജനവിരുദ്ധമെന്ന് തെളിയിക്കുന്നു – സി.ആർ.നീലകണ്ഠൻ
ഗതാഗത നയം പോലെയുള്ള സുപ്രധാനമായ നയങ്ങൾ തീരുമാനിക്കുന്നത് ജനതാല്പര്യത്തെ തീരെ മാനിക്കാതെയാണ് . ഒരു രാജ്യത്തെ ഗതാഗത സംവിധാനം മനസ്സിലാക്കാൻ ഫുട്ട് പാത്തുകൾ ശ്രദ്ധിച്ചാൽ മതിയാവും.സാധാരണക്കാർക്ക് നടപ്പാതകൾ പോലും ഇല്ലാത്ത ഗതാഗത നയമാണ് നമ്മുടെ സർക്കാരുകൾ പിന്തുടരുന്നത്.
തീരദേശ ഹൈവേയും മലയോര ഹൈവേയും വലിയ ദുരന്തമാണ് സൃഷ്ടിക്കുന്നത്. ഇത് കുടിയിറക്കലിന്റെ കാലമാണ്. കിഴക്കുനിന്നും പടിഞ്ഞാറ് നിന്നും ജനം കുടിയിറങ്ങുകയാണ്. ദേശീയപാത വികസനം ഇപ്പോൾ ജനങ്ങളുടെ സൗകര്യം വർധിപ്പിക്കുകയല്ല മറിച്ച് കുറയ്ക്കുകയാണ് ചെയ്യുന്നത്. നിലവിലുള്ള ജലപാതകൾ സംരക്ഷിക്കുവാൻ കഴിയാതെ പോകുന്നു. വേഗത്തിൽ പോകണോ പോകണ്ടായോ എന്നതല്ല പ്രശ്നം. നിലവിലുള്ള സഞ്ചാര പാതകൾ കൂടുതൽ മെച്ചപ്പെടുത്തി പൊതുസമൂഹത്തിന് പ്രയോജനപ്രദമാക്കി തീർക്കുക എന്നതാണ് ഇവിടെ ഉണ്ടാകേണ്ടത്.
കൺവൻഷൻ അംഗീകരിച്ച ആലപ്പുഴ പ്രഖ്യാപനം
“കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ രൂപീകരണ കൺവൻഷൻ കൈക്കൊണ്ട പ്രമേയം, പ്രതിരോധ സമിതി ഒരു മാനിഫെസ്റ്റോ എന്ന നിലയിൽ എക്കാലവും ഉയർത്തിപ്പിടിക്കുന്നു. ആ പ്രമേയത്തിൽ പറയുന്നു” ജനജീവിതത്തിന്റെ നീറുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വം നൽകുക എന്ന ഉത്തരവാദിത്വം മറന്നുകൊണ്ട്, തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ജനങ്ങൾക്ക് ദണ്ഡനവും പീഡനവും മാത്രം നൽകുന്ന അധികാരസ്ഥാനമായി അധഃപതിച്ചാൽ, അതിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം ജനാധിപത്യ വ്യവസ്ഥ തന്നെ ജനങ്ങൾക്ക് നൽകുന്നുണ്ട്. യഥാർത്ഥത്തിൽ ഒരു ജനാധിപത്യ വ്യവസ്ഥിതിയുടെ പരിപാവനമായ അടിത്തറ, ജനങ്ങളുടെ ഉണർവും പ്രബുദ്ധതയും ജാഗ്രതയും ജനകീയ പോരാട്ടങ്ങളുമാണ്. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ, നിലനിർത്താൻ, വിപുലീകരിക്കാൻ കരുത്തുറ്റ ജനകീയ പ്രസ്ഥാനത്തിന്റെ ഊർജ്ജത്തിന് കഴിയും. ഉദ്ദേശ്യലക്ഷ്യങ്ങളിൽ നന്മനിറഞ്ഞവരും നന്മ കാംക്ഷിക്കുന്നവരുമായ ആൾക്കാർ ഒന്നിച്ചു ചേരുമ്പോൾ ജനങ്ങൾക്ക് ആത്മവിശ്വാസത്തോടെ മുന്നേറാൻ കഴിയും.”
അധികാരികളുടെ ആക്രമണങ്ങൾക്കും അനീതിക്കും സാമൂഹ്യതിന്മകൾക്കുമെതിരെ സ്വയം സംഘടിച്ച് പൊരുതുക എന്ന അടിസ്ഥാന കാഴ്ചപ്പാട്, കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി അചഞ്ചലം ഉയർത്തിപ്പിടിക്കുന്ന കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ഭാവിയിലും ആ പാതയിലൂടെത്തന്നെ അടിയുറച്ച് മുന്നേറുമെന്ന്, ആലപ്പുഴയിൽ നടക്കുന്ന ഈ സംസ്ഥാന കൺവൻഷൻ പ്രഖ്യാപിക്കുന്നു.
ആഗോളീകരണ നയങ്ങൾക്കനുസൃതമായി സേവന മേഖലകളും ക്ഷേമ പ്രവർത്തനങ്ങളും കൈയൊഴിയുന്ന ഗവണ്മെന്റ് നടപടികളെ, ജനപക്ഷത്തുനിന്ന് പ്രതിരോധ സമിതി ചെറുക്കും. ആത്മഹത്യയിലഭയംപ്രാപിക്കേണ്ടിവരുന്ന കർഷകരെ സമരശക്തിയായി പരിവർത്തിപ്പിക്കുകയെന്ന ദൗത്യം സമിതി തുടർന്നും നിറവേറ്റും. തൊഴിൽ രഹിതരോടും തൊഴിലിടങ്ങളിൽ അടിമപ്പണി ചെയ്യേണ്ടി വരുന്നവരോടും ഐക്യദാർഢ്യം പുലർത്തും.
കോർപ്പറേറ്റ് താല്പര്യങ്ങൾ പേറുന്ന വികസന പദ്ധതികളുടെ പേരിൽ കുടിയൊഴിപ്പിക്കപ്പെടു ന്നവരുടെ അവകാശ പോരാട്ടങ്ങളിൽ പ്രതിരോധ സമിതി വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളും. പ്രകൃതിദുരന്തങ്ങൾക്കിരയാകുന്നവരുടെ അതിജീവന സമരങ്ങളിൽ സമിതി ഒപ്പമുണ്ടാകും. പരിസ്ഥിതി സംരക്ഷണത്തിനായി പ്രയത്നിക്കുകയും പരിസ്ഥിതിയെ തകർക്കുന്ന എല്ലാ നീക്കങ്ങളെയും എതിർക്കുകയും ചെയ്യും. സാർവ്വത്രികവും സൗജന്യവുമായ വിദ്യാഭ്യാസമെന്ന അടിസ്ഥാന അവകാശം സ്ഥാപിച്ചെടുക്കാൻ ജനകീയ മുന്നേറ്റങ്ങൾ സംഘടിപ്പിക്കും. ജനാധിപത്യാവകാശങ്ങളും മതേതര മൂല്യങ്ങളും സംരക്ഷിക്കാൻ മനുഷ്യാന്തസ്സ് ഉയർത്തിപ്പിടിച്ചുകൊണ്ട് സമിതി നിലകൊള്ളും. സ്ത്രീകളുടെ തുല്യതയ്ക്കായി വാദിക്കുകയും എല്ലാ ദുർബല ജനവിഭാഗങ്ങളോടും അനുഭാവം പുലർത്തുകയും ചെയ്യും. ഉന്നതമായ മാനുഷിക മൂല്യങ്ങളിൽ അടിയുറച്ച രാഷ്ട്രീയ പ്രബുദ്ധത വളർത്തിയെടുക്കാൻ സമിതി നിരന്തര പരിശ്രമം നടത്തും. നാടിന്റെ നന്മയ്ക്കായി ജീവിതം സമർപ്പിച്ച എല്ലാ മഹാത്മാക്കളുടെയും ജീവിത സന്ദേശം ഉൾക്കൊണ്ട് പ്രവർത്തിക്കുമെന്നും കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ ആലപ്പുഴ കൺവൻഷൻ പ്രതിജ്ഞ ചെയ്യുന്നു.
കർമ്മപദ്ധതിക്ക് രൂപംനല്കിയ ചർച്ചാസമ്മേളനങ്ങൾ
ഇക്കഴിഞ്ഞ സംവത്സരങ്ങളിൽ പ്രതിരോധ സമിതി നടത്തിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ട് ജനറൽ സെക്രട്ടറി എം. ഷാജർഖാൻ അവതരിപ്പിച്ചു.
ജീവിത ദുരിതങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരുമ്പോൾ പ്രതിരോധ പ്രവർത്തകരുടെ ഉത്തരവാദിത്തങ്ങൾ ഏറിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ കരുത്തുറ്റതും ഏകോപിതവുമായ സമര സംഘാടനം നടത്തുവാൻ കാലം നമ്മോട് ആവശ്യപ്പെടുന്നു. വ്യത്യസ്ത സമരമുഖങ്ങളിൽ അതിജീവനത്തിനായി പൊരുതുന്നവർ ഒറ്റക്കെട്ടായി പോരാടുമെങ്കിൽ, ഭരണാധികാരികളുടെ ഏത് കൊടിയ ആക്രമണത്തെയും പ്രതിരോധിക്കാനാവുമെന്നതാണ് ഇക്കഴിഞ്ഞ ദശാബ്ദങ്ങളിലെ സമരാനുഭവങ്ങൾ പകർന്നു നൽകുന്ന വിലപ്പെട്ട പാഠമെന്ന് റിപ്പോർട്ടിൽ ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.
കൺവൻഷനിൽ വിവിധ വിഷയങ്ങളെ ആധാരമാക്കി നാലു ചർച്ചാ സമ്മേളനങ്ങൾ നടന്നു.
‘പാരിസ്ഥിതിക ദുരന്തങ്ങൾ, കാരണങ്ങൾ’ എന്നിവയെ സംബന്ധിക്കുന്ന ചർച്ചാസമ്മേളനത്തിൽ ബി.ദിലീപൻ മോഡറേറ്റർ ആയിരുന്നു. പ്രൊഫ.കുസുമം ജോസഫ്, എം.പി.ബാബുരാജ്, ആർ.പാർത്ഥസാരഥി വർമ്മ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. ‘വിനാശ വികസനം പൊതുഗതാഗതം തുടച്ചുനീക്കുന്നത് എങ്ങനെ’ എന്ന ചർച്ചയിൽ ശൈവപ്രസാദ് മോഡറേറ്ററായി. ജോസഫ് സി. മാത്യു, ഡോ.ആസാദ്, എസ്. സീതിലാൽ, മിനി കെ.ഫിലിപ്പ് എന്നിവർ സംസാരിച്ചു.
‘കേരള മോഡൽ ആരോഗ്യമേഖല ഇനിയെത്ര നാൾ’ എന്ന വിഷയത്തിലുള്ള ചർച്ചയിൽ ഡോ.ഡി.സുരേന്ദ്രനാഥ് മോഡറേറ്റർ ആയിരുന്നു. ഡോ.കെ.എസ്.മനോജ്, എൻ.കെ.ബിജു, എസ്. മിനി എന്നിവർ സംസാരിച്ചു.
‘വിദ്യാഭ്യാസത്തെ കുരുതി കൊടുക്കുന്ന കേന്ദ്ര, സംസ്ഥാന നയങ്ങൾ’ എന്ന വിഷയത്തിലുള്ള ചർച്ചയിൽ പ്രൊഫ.വിൻസന്റ് മാളിയേക്കൽ മോഡറേറ്ററായി. അഡ്വ. ബി.കെ.രാജഗോപാൽ പ്രൊഫ. ജോർജ് ജോസഫ്, അഡ്വ.ഇ.എൻ.ശാന്തിരാജ് എന്നിവർ സംസാരിച്ചു. സംസ്ഥാനമൊട്ടാകെ നടക്കുന്ന വിവിധ ജനകീയ സമരങ്ങളുടെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.
എസ്.രാജീവൻ (കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി, സംസ്ഥാന കൺവീനർ), എസ്.സുരേഷ്കുമാർ (കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി ചെയർമാൻ), റജീന അഷറഫ് (നെൽകർഷക സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി), റ്റി.ജെ.പീറ്റർ(കർഷക സമര ഐക്യദാർഢ്യ സമിതി), അഡ്വ.ഒ.ഹാരീസ് (സോഷ്യൽ ഫോറം, കായംകുളം), കെ.എസ്.ഗോപി(സാധുജന വിമോചന സംയുക്ത വേദി), ജോർജ്ജ് മാത്യു കൊടുമൺ (മദ്യവിരുദ്ധ ജനകീയ സമിതി), ഗോപി മാടപ്പാട്ട് (കൂട്ടിക്കൽ അതിജീവന കൂട്ടായ്മ), ഡോ. ബിനു (സചിവോത്തമപുരം ആശുപത്രി സംരക്ഷണ സമിതി), കെ.സി.ശ്രീകുമാർ(ആലപ്പാട് സമരസമിതി), പി.എം.വർഗ്ഗീസ് (സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ), പി.പി.എബ്രഹാം(ടാർ മിക്സിങ്ങ് വിരുദ്ധ സമരസമിതി), റെജി മലയാലപ്പുഴ (പശ്ചിമഘട്ട സംരക്ഷണ സമിതി, പത്തനംതിട്ട), കെ.ആർ.ഷാജി (പൊക്കാളി സംരക്ഷണ സമിതി) തുടങ്ങിയവർ പ്രസംഗിച്ചു.
ജനങ്ങളോടുള്ള കൂറും കറകളഞ്ഞ പൊതുപ്രവർത്തന പാരമ്പര്യവും മുറുകെപ്പിടിക്കുന്ന ജനകീയ നേതാക്കളുടെയും കേരളത്തിലെ ജനകീയ സമരങ്ങളുടെ പ്രതിനിധികളുടെയും വലിയനിരയെ ഉൾക്കൊള്ളുന്ന, കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ പുതിയ സംസ്ഥാന സംഘടനയെ കൺവൻഷൻ തിരഞ്ഞെടുത്തു.
പ്രൊഫ. കെ.അരവിന്ദാക്ഷൻ, ബിഷപ്പ് ഗീവർഗീസ് മാർ കുറിലോസ്, അഡ്വ. മഞ്ചേരി സുന്ദർരാജ്, അഡ്വ. മാത്യുവേളങ്ങാടൻ, ശ്രീധർ രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന ഉപദേശക സമിതി, പ്രൊഫ.എം.പി.മത്തായി(പ്രസിഡന്റ്), ഡോ.ഡി.സുരേന്ദ്രനാഥ്, സി.ആർ. നീലകണ്ഠൻ, പ്രൊഫ.വിൻസെന്റ് മാളിയേക്കൽ, എ.ജെയിംസ്, ഡോ.കെ.ജി.താര, ഡോ.ആസാദ്, രാജൻ ചെറുകാട്, ബി.ദിലീപൻ (വൈസ് പ്രസിഡന്റുമാർ), എം.ഷാജർഖാൻ(ജനറൽ സെക്രട്ടറി), പ്രൊഫ.ഫ്രാൻസിസ് കളത്തുങ്കൽ (ട്രഷറർ ) എന്നിവർക്കു പുറമെ, 38 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെയും 18 അംഗ സെക്രട്ടേറിയറ്റിനെയും 42 അംഗ ജനറൽ കൗൺസിലിനെയും കൺവൻഷൻ തിരഞ്ഞെടുത്തു.