ആഗോള കുത്തക കമ്പനികൾക്ക് ഇന്ത്യൻ കാർഷികരംഗം സ്വൈരവിഹാരത്തിനു തുറന്നു കൊടുക്കുന്ന വിത്ത് നിയമം 2025

Seed-Bill.jpg
Share

മുതലാളിത്ത ഇന്ത്യയിൽ കര്‍ഷകരുടെ ദുരിതവും ദാരിദ്ര്യവും അനുദിനം വര്‍ദ്ധിച്ചുവരികയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും ഭരണ കുത്തക യജമാനന്മാരെ സേവിച്ചുകൊണ്ടിരിക്കുന്നു. ഭൂമി, വളം, കീടനാശിനികള്‍, വിത്തുകള്‍, വിപണനം, സംഭരണം എന്നിങ്ങനെ ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ എല്ലാ മേഖലകളിലും അവര്‍ കോര്‍പ്പറേറ്റ് അനുകൂല നയങ്ങള്‍ സ്വീകരിച്ചുവരികയാണ്. തല്‍ഫലമായി ദശലക്ഷക്കണക്കിന് കര്‍ഷകര്‍ ഭൂരഹിതരായി, കര്‍ഷകത്തൊഴിലാളികളായി മാറിയിരിക്കുന്നു. കേന്ദ്ര ബിജെപി  സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ വിത്ത് ബില്‍ 2025 ഈ നയങ്ങളുടെ തുടര്‍ച്ചയാണ്.

2025ലെ കരട് വിത്ത് ബില്‍ 2025 നവംബര്‍ 12ന് അവതരിപ്പിച്ചു. ഈ ബില്ലിന്റെ പ്രധാന സവിശേഷതകള്‍ താഴെ പറയുന്നവയാണ്:


1. രാജ്യത്ത് ഗുണനിലവാരമുള്ള വിത്തുകളുടെ വില്പന, ഇറക്കുമതി, കയറ്റുമതി, ഉല്പാദനം, സംഭരണം, വിതരണം എന്നിവയുടെ മേല്‍നോട്ടം വഹിക്കുന്നതിനായി നിലവിലുള്ള 1966ലെ വിത്ത് നിയമത്തിന്, പകരമായി ഒരു സമഗ്ര നിയന്ത്രണ സംവിധാനം സ്ഥാപിക്കുക.
2. കര്‍ഷകര്‍, ഡീലര്‍മാര്‍, വിതരണക്കാര്‍, ഉല്പാദകര്‍ എന്നിവരെ പ്രത്യേക, പ്രത്യേക റോളുകളും ഉത്തരവാദിത്തങ്ങളുമുള്ള നിയന്ത്രിത സ്ഥാപനങ്ങളായി നിര്‍വചിക്കുക.
3. വിത്ത് നിയന്ത്രണത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനായി 27 അംഗ കേന്ദ്ര വിത്ത് കമ്മിറ്റിയും 15 അംഗ സംസ്ഥാന വിത്ത് കമ്മിറ്റിയും രൂപീകരിക്കുക.
4.’വിത്ത്’ എന്നാല്‍ പുതിയ സസ്യമായി വളരാന്‍ കഴിയുന്ന, ജീവനുള്ള ഏതൊരു സസ്യ വസ്തുവിനെയും സൂചിപ്പിക്കുന്നു. ഇതില്‍ വിത്തുകള്‍, തൈകള്‍, കിഴങ്ങുകള്‍, ബള്‍ബുകള്‍, റൈസോമുകള്‍, വേരുകള്‍, തണ്ടുകള്‍, ഗ്രാഫ്റ്റ‍ുകള്‍, ടിഷ്യു കള്‍ച്ചര്‍ സസ്യങ്ങള്‍, സിന്തറ്റിക് വിത്തുകള്‍, സസ്യപരമായി പുനരുല്പാദിപ്പിക്കാന്‍ കഴിയുന്ന മറ്റ് വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു. പുതിയ ചെടി യഥാര്‍ത്ഥ ഇനത്തിന് അനുസൃതമായി വളരണം എന്നതാണ് അടിസ്ഥാനം.  ഇവിടെ ആദ്യ തലമുറയില്‍ മാത്രം ഫലം ഉറപ്പുനല്‍കുന്ന ഹൈബ്രിഡ് വിത്തുകളെ ഒഴിവാക്കിയിട്ടുണ്ട്. ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍, നാരുകള്‍, കാലിത്തീറ്റ വിളകള്‍, പച്ചിലവള വിളകള്‍, പഞ്ചസാര വിളകള്‍, പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പൂക്കള്‍, അലങ്കാര സസ്യങ്ങള്‍, തോട്ടവിളകള്‍ എന്നിവയുടെ വിത്തുകള്‍ ഈ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നു.
5. വിത്തുകളുടെ സ്വഭാവവിശേഷങ്ങള്‍, ആരോഗ്യം, വളര്‍ച്ച, ജനിതക പരിശുദ്ധി എന്നിവയ്ക്കുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങള്‍ ശുപാര്‍ശ ചെയ്യുതിനുള്ള അധികാരം കേന്ദ്ര വിത്ത് കമ്മിറ്റിക്ക് നല്കൽ.
6. വിത്ത് ഉല്പാദകര്‍, വിത്ത് വ്യാപാരികള്‍, സംസ്‌കരണ യൂണിറ്റുകള്‍, നഴ്‌സറികള്‍ എന്നിവയുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് അതത് സര്‍ക്കാരുകളെ ഉപദേശിക്കാന്‍ സംസ്ഥാന വിത്ത് കമ്മിറ്റികള്‍ക്ക് അധികാരം നല്‍കുന്നു.
7. വിത്ത് ഉല്പാദകര്‍, വിത്ത് സംസ്‌കരണ യൂണിറ്റുകള്‍, വിത്ത് വ്യാപാരികള്‍, വിതരണക്കാര്‍, സസ്യ നഴ്‌സറികള്‍ എന്നിവയുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുക. എല്ലാത്തരം വിത്തുകളുടെയും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുകയും ചില നിശ്ചിത മിനിമം മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. ഉദാഹരണത്തിന്, ജനിതക മാറ്റത്തിനു വിധേയമായ വിത്തുകള്‍ക്ക്, 1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമപ്രകാരം രജിസ്‌ട്രേഷന്‍ നേടണം.
8. ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന്, വ്യത്യസ്ത ലൈസന്‍സുകളില്ലാതെ ഒന്നിലധികം സംസ്ഥാനങ്ങളിലായി ദേശീയ അംഗീകാരമുള്ള വിത്ത് കമ്പനികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ഒരു കേന്ദ്ര അക്രഡിറ്റേഷന്‍ സംവിധാനത്തെ അനുവദിക്കുക.


വിത്ത് മേഖലയുടെ ഉത്ഭവവും പരിണാമവും


ബില്ലിന്റെ വിശദാംശങ്ങളിലേക്ക് കൂടുതല്‍ കടക്കുന്നതിനു മുമ്പ്, സ്വാതന്ത്ര്യത്തിനുമുമ്പുള്ള കാലഘട്ടത്തിലെ വിത്ത് മേഖലയുടെ ഉത്ഭവവും പരിണാമവും ചുരുക്കത്തില്‍ നോക്കാം. കാര്‍ഷിക ഉല്പാദനത്തിനുള്ള അടിസ്ഥാന ഘടകമാണ് വിത്ത്. മറ്റെല്ലാ ഘടകങ്ങളുടെയും പ്രവര്‍ത്തനം പ്രധാനമായും വിത്തുകളുടെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യ പ്രാഥമികമായി ഒരു കാര്‍ഷിക രാജ്യമായിരുന്നതിനാല്‍, പരമ്പരാഗതമായി കര്‍ഷകര്‍ക്കിടയില്‍  കൈമാറ്റം ചെയ്താണ്, കൂടുതലായും വിത്തിന്റെ ആവശ്യകത നിറവേറ്റിയിരുന്നത്. അങ്ങനെ വിത്ത്, കര്‍ഷകരുടെ സ്വത്തായി കണക്കാക്കപ്പെട്ടു. കര്‍ഷകര്‍ തന്നെയാണ് ഉല്പാദനം, സംസ്‌കരണം, സംഭരണം, വിതരണം എന്നിവ കൈകാര്യം ചെയ്തിരുന്നത്. സ്വാതന്ത്ര്യം നേടിയതിനുശേഷം, കാര്‍ഷിക ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും, ഭക്ഷ്യ ഉല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി വില്പനയ്ക്കുള്ള വിത്തിന്റെ ഗുണനിലവാരം കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കാന്‍ ആരംഭിച്ചു.


1966ലെ വിത്ത് നിയമം

സ്വാതന്ത്ര്യാനന്തരം, ഈ മേഖലയിലെ ആദ്യത്തെ നിയമം 1966 ലെ വിത്ത് നിയമം ആയിരുന്നു. വിത്തിന്റെ സര്‍ട്ടിഫിക്കേഷന്‍, ഇന്‍സ്‌പെക്ഷന്‍, ടെസ്റ്റിംഗ് എന്നിങ്ങനെ മൂന്ന് പ്രധാന വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇവ ഓരോന്നും പ്രാധാന്യമേറിയതും, അതേസമയം, അന്യോന്യം ശക്തിപ്പെടുത്തുന്നതുമാണ്. വിജ്ഞാപനംചെയ്ത വിത്തുകളുടെ ഇനങ്ങളെ മാത്രമേ ഈ നിയമം നിയന്ത്രിച്ചിരുന്നുള്ളൂ. 1968ല്‍ വിത്ത് നിയമങ്ങള്‍ നടപ്പിലാക്കിയതോടെയാണ് ഇത് പ്രാബല്യത്തില്‍ വന്നത്. വീണ്ടും, 1972, 1973, 1974, 1978 വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ വിത്ത് നിയമത്തിലും ചട്ടങ്ങളിലും ഭേദഗതികള്‍ വരുത്തി. 1955 ലെ അവശ്യവസ്തു നിയമപ്രകാരം വിത്തുകള്‍ അവശ്യവസ്തുവായി പ്രഖ്യാപിച്ചു. 1983ല്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു വിത്ത് (നിയന്ത്രണ) ഉത്തരവും പുറപ്പെടുവിച്ചിരുന്നു. അതില്‍ വിത്ത് വ്യാപാരികള്‍ക്ക് നിര്‍ബന്ധിത ലൈസന്‍സ് നല്കല്‍, വില നിയന്ത്രണം, വിത്ത് വ്യാപന നിയന്ത്രണം, വിത്തിന്റെ സംഭരണത്തെയും വില്പനയെയും കുറിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിക്കല്‍ തുടങ്ങിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നു. കോടതിയിലെ വ്യവഹാരം കാരണം 1994 ജൂലൈ മുതല്‍ മാത്രമേ ഉത്തരവ് നടപ്പിലാക്കാന്‍ കഴിഞ്ഞുള്ളൂ. 1966ലെ വിത്ത് നിയമം, രാജ്യത്തെ വ്യത്യസ്ത ഭൂ കാലാവസ്ഥാ കാര്‍ഷിക മേഖലകള്‍ക്ക് അനുയോജ്യമായ പുതിയ ഇനങ്ങള്‍ വികസിപ്പിക്കുന്നതിനുവേണ്ട ഗവേഷണം പൊതുമേഖലയില്‍  തുടങ്ങുന്നതിന് വലിയൊരു പരിധിവരെ സഹായകമായി.


ലോക വ്യാപാര സംഘടനയ്ക്ക് കീഴിലുള്ള വിത്ത് വികസനം, ആഗോളവല്‍ക്കരണം, TRIPS എന്നിവയെക്കുറിച്ചുള്ള നയം


1988ല്‍ പുതിയ വിത്ത് വികസന നയം (NPSD) നിലവില്‍ വന്നതോടെ ഇന്ത്യന്‍ വിത്ത് വ്യവസായം ഉദാരവല്‍ക്കരിക്കപ്പെട്ടു. 1980കളുടെ അവസാനംവരെ, ഇന്ത്യയിലെ വിത്ത് വ്യവസായത്തില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം രണ്ട് ഘടകങ്ങളാല്‍ പരിമിതപ്പെടുത്തിയിരുന്നു: വിദേശ നിക്ഷേപവും ലൈസന്‍സിംഗും നിയന്ത്രിക്കുന്ന അന്നത്തെ സാമ്പത്തിക നയങ്ങളും, ഗവേഷണ അല്ലെങ്കില്‍ ബ്രീഡര്‍ വിത്തുകളുടെ ഇറക്കുമതി കര്‍ശനമായി നിയന്ത്രിച്ചുകൊണ്ട് ‘ചെറുകിട’ പങ്കാളികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ വിത്ത്-നിര്‍ദ്ദിഷ്ട നയങ്ങളും ആയിരുന്നു അവ. 1988ലെ പുതിയ വിത്ത് നയം നടപ്പിലാക്കിയതോടെ, ‘ചെറുകിട’ പരിധി നീക്കംചെയ്യപ്പെട്ടു, ഇറക്കുമതി നിയന്ത്രണങ്ങള്‍ നീക്കി വലിയ ആഭ്യന്തര, വിദേശ സ്ഥാപനങ്ങളുടെ പ്രവേശനം അനുവദിച്ചു. 1991ല്‍ അന്നത്തെ കോൺഗ്രസ് ഗവൺമെന്റ് കുത്തക മൂലധനത്തിന്റെ താല്പര്യങ്ങള്‍ക്കായി മുതലാളിത്ത ആഗോളവല്‍ക്കരണ നയങ്ങള്‍ സ്വീകരിച്ചതിനുശേഷം, വ്യാവസായിക ലൈസന്‍സിംഗ് സംവിധാനവും നേരിട്ടുള്ള വിദേശ നിക്ഷേപ (FDI) നിയന്ത്രണങ്ങളും നിര്‍ത്തലാക്കുകയും 1994ല്‍ ലോക വ്യാപാര സംഘടന (WTO) നിര്‍ദ്ദേശിച്ച വ്യാപാര-ബന്ധിത ബൗദ്ധിക സ്വത്തവകാശ (TRIPS) വ്യവസ്ഥകള്‍ അംഗീകരിക്കുകയും ചെയ്തു. TRIPS കരാറിന്റെ ആര്‍ട്ടിക്കിള്‍ 27.3(b) അനുസരിച്ച്, സസ്യ വൈവിധ്യം സംരക്ഷിക്കണമെങ്കില്‍, പേറ്റന്റുകള്‍ നേടണം അല്ലെങ്കില്‍ സംരക്ഷണത്തിനായി ഒരു പ്രത്യേക സംവിധാനം സൃഷ്ടിക്കണം (sui generis), അല്ലെങ്കില്‍ രണ്ടും ചേര്‍ ന്ന ഒരു സംവിധാനം ഉണ്ടാകണം.


പൊതു, സ്വകാര്യ മേഖലകളുടെ പങ്ക്

അന്നുമുതല്‍ സ്വകാര്യ മേഖല വിത്ത് വ്യവസായത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ തുടങ്ങി. നിലവില്‍, വിത്ത് ഉല്പാദനത്തിലോ, വിത്ത് വ്യാപാരത്തിലോ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികളുടെ എണ്ണം 400 മുതല്‍ 500 വരെയാണ്. എന്നിരുന്നാലും, സ്വകാര്യ വിത്ത് കമ്പനികളുടെ പ്രധാന ശ്രദ്ധ ഉയര്‍ന്നമൂല്യമുള്ള കുറഞ്ഞ അളവിലുള്ള വിത്തുകളിലായിരുന്നു. മറുവശത്ത്, കുറഞ്ഞ മൂല്യമുള്ള ഉയര്‍ന്ന അളവിലുള്ള വിത്ത് വിപണിയില്‍, ഇപ്പോഴും പൊതുമേഖലാ കോര്‍പ്പറേഷനുകളാണ് ആധിപത്യം പുലര്‍ത്തുന്നത്. ഹോര്‍ട്ടികള്‍ച്ചറല്‍ വിളകളായ, പച്ചക്കറി വിത്തുകളിലും നടാനുള്ള തൈച്ചെടികളിലും സ്വകാര്യ മേഖല ആധിപത്യം പുലര്‍ത്തുന്നു. പ്രധാനമായും ചോളം, സൂര്യകാന്തി, പരുത്തി തുടങ്ങിയവ. മറുവശത്ത്, ഗോതമ്പ്, നെല്ല്, മറ്റ് ധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍, പയര്‍വര്‍ഗ്ഗങ്ങള്‍  തുടങ്ങിയ കൂടുതല്‍ ഉല്‍പ്പാദനവും കുറഞ്ഞ ലാഭവും ഉള്ള സി-വിത്തുകളുടെ ഉല്പാദനം പൊതുമേഖല പ്രധാനമായും നിയന്ത്രിക്കുന്നു. ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍ എന്നിവയുടെ നിയന്ത്രണത്തില്‍ പൊതുമേഖലാ വിത്ത് കോര്‍പ്പറേഷനുകള്‍ ഭാവിയിലും പ്രബലമായി തുടരാന്‍ സാധ്യതയുണ്ട്.


സ്വകാര്യ കമ്പനികളുടെ വിത്ത് മേഖലയിലെ നിയന്ത്രണം

സാമ്പത്തിക പരിഷ്‌കാരങ്ങളുടെയും TRIPS നിബന്ധനകളുടെയും ഫലമായി, വിദേശ, ആഭ്യന്തര കമ്പനികള്‍ ഇന്ത്യന്‍ വിത്ത് മേഖലയിലേക്ക് കടന്നുവരികയും വിപണിക്കായി പരസ്പരം മത്സരിക്കുകയും ചെയ്തു. പുതിയ ഗവേഷണ-തീവ്ര വിദേശ സ്ഥാപനങ്ങളുടെ പ്രവേശനവുമായി മത്സരിക്കുന്നതിനായി ആഭ്യന്തര സ്ഥാപനങ്ങള്‍ സാങ്കേതികവിദ്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തി. ഇത് വിത്ത് ഉല്പാദനച്ചെലവില്‍ വലിയ വര്‍ദ്ധനവിന് കാരണമായി, ഇത് വിത്തിന്റെ വിലയെ കാര്യമായി ബാധിച്ചു. മാത്രമല്ല, കര്‍ഷകര്‍ക്ക് സൂക്ഷിച്ചു വെക്കാനും തുടർന്നുള്ള വര്‍ഷങ്ങളില്‍ പുനരുപയോഗിക്കാനും കഴിയുന്ന ഓപ്പ-പരാഗണം നടത്തുന്ന ഇനങ്ങളില്‍ (OPV-IÄ) പുനരുപയോഗിക്കാന്‍ (വിളവിലും ഗുണനിലവാരത്തിലും ഗണ്യമായ കുറവില്ലാതെ) കഴിയാത്ത സങ്കരയിനങ്ങളിലേക്കുള്ള മാറ്റം കര്‍ഷകരെ എല്ലാ വര്‍ഷവും വിത്തുകള്‍ വാങ്ങാന്‍ നിര്‍ബന്ധിതരാക്കി. ജേണല്‍ ഓഫ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സില്‍, മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ഒരു സര്‍വേ റിപ്പോര്‍ട്ട് പ്രകാരം (വാല്യം 21, പേജ് 73-88), ഇന്ത്യന്‍ ആഭ്യന്തര വിത്ത് വ്യവസായത്തിന്റെ മൂല്യം 1988ല്‍ 600 കോടി രൂപയില്‍ നിന്ന് 2011 ല്‍ 10,000 കോടി രൂപയായി വര്‍ദ്ധിച്ചു, ഇത് പൊതു-സ്വകാര്യ മേഖലകളുടെ വളരെ സങ്കീര്‍ണ്ണമായ ഉല്പാദനത്തെ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ വിത്ത് വിപണിയിലെ കുത്തക സങ്കരയിനങ്ങളുടെ മൂല്യത്തിന്റെ വിഹിതം 1988ല്‍ 16.66% ആയിരുത് 2011-ല്‍ 60% ആയി വര്‍ദ്ധിച്ചു. 1988ലെ പുതിയ വിത്ത് നയം ഇന്ത്യന്‍ വിത്ത് വ്യവസായത്തിന്റെ സ്വകാര്യവല്‍ക്കരണ പ്രക്രിയയ്ക്ക് തുടക്കമിടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തല്‍ഫലമായി, വിത്ത് ബിസിനസില്‍ സ്വകാര്യ മേഖലയുടെ വിഹിതം 1984-95ല്‍ 50-60% ആയിരുത് 2010ല്‍ 80% ആയി വര്‍ദ്ധിച്ചു.


പിപിവിഎഫ്ആര്‍എ നിയമവും പിഎസ്‍സിയുടെ ആവിര്‍ഭാവവും


1995ല്‍ ഇന്ത്യ WTOയില്‍ ഒപ്പുവെച്ചതോടെ പുതിയ ഇനം വിത്തുകളുടെ സ്വകാര്യ ഗവേഷണത്തിനും വികസനത്തിനും വഴിയൊരുക്കേണ്ടിവന്നു. ഇന്ത്യയിലെ സസ്യ ഇനങ്ങളുടെ സംരക്ഷണത്തിനായി, ബ്രീഡര്‍മാരുടെയും കര്‍ഷകരുടെയും ഗ്രാമീണ സമൂഹങ്ങളുടെയും അവകാശങ്ങള്‍ സംയോജിപ്പിച്ചുകൊണ്ട് സസ്യ ഇനങ്ങളുടെയും കര്‍ഷക അവകാശങ്ങളുടെയും സംരക്ഷണ നിയമം (PPVFRA) 2001 രൂപീകരിച്ചു. എന്നിരുന്നാലും, സ്വകാര്യ വിത്ത് കമ്പനികള്‍ക്ക് നിക്ഷേപിക്കാന്‍ കൂടുതല്‍ വിഭവങ്ങളുള്ളതിനാല്‍, പുതിയ ഇനങ്ങളുടെ 90 ശതമാനവും ഉള്‍ക്കൊള്ളുന്ന ഹൈബ്രിഡ് വിത്ത് ഉല്പാദനത്തിന്റെ നിയന്ത്രണം അവര്‍ ഉടന്‍ സ്ഥാപിച്ചു, അവയ്ക്ക് സസ്യ വൈവിധ്യ സംരക്ഷണ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചു. വര്‍ദ്ധിച്ച നിക്ഷേപത്തിലൂടെ മെച്ചപ്പെട്ട സാങ്കേതികവിദ്യ ആര്‍ജ്ജിച്ച സ്വകാര്യ മേഖല, ഉയര്‍ന്ന വിലയ്ക്ക് മികച്ച വിത്തുകള്‍ വാങ്ങാന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കി. അങ്ങനെ, വിത്തുകളുടെ ആഭ്യന്തരഉല്‍പ്പാദനം, ശേഖരണം, തിരഞ്ഞെടുക്കല്‍, കൈമാറ്റം തുടങ്ങിയവ സ്വന്തമായി ചെയ്യുന്നതില്‍നിന്നും കര്‍ഷകര്‍ വിലക്കപ്പെട്ടു. നിയമപരമായ തടസ്സത്തേക്കാള്‍ ഇന്ത്യയില്‍ കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സാങ്കേതിക തടസ്സം കൂടുതല്‍ ആഴമേറിയതാണെന്ന് ഇത് വ്യക്തമാക്കുന്നു.


ഇന്ത്യന്‍ കര്‍ഷകരുടെ ദാരുണമായ അവസ്ഥ


ഇന്ത്യന്‍ കര്‍ഷകരുടെ ഇപ്പോഴത്തെ ദാരുണമായ അവസ്ഥയിലേക്ക്  ഒന്ന് കണ്ണോടിക്കാം. വിത്ത്, ഡീസല്‍, ജലസേചനം എന്നിവയുടെ അമിത വിലവര്‍ദ്ധനവ് കാരണം, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കാര്‍ഷിക ഉല്പാദനച്ചെലവ് വളരെയധികം വര്‍ദ്ധിച്ചു. ഉയര്‍ന്ന ചെലവില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിളകളുടെ ആദായ വില പാവപ്പെട്ട കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. മിനിമം താങ്ങു വില C2+ 50% ആയി നിജപ്പെടുത്തണം, സംഭരിക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് മിനിമം താങ്ങു വില നല്‍കണം, എന്നീ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബൂര്‍ഷ്വാ സര്‍ക്കാരുകള്‍,വഴങ്ങുന്നില്ല. അതിനാല്‍, അധ്വാനിക്കുന്ന കര്‍ഷകര്‍ക്ക് ജീവിക്കാനുള്ള വരുമാനം പോലും ലഭിക്കുന്നില്ല. ഉയര്‍ന്ന കടത്തില്‍ കുടുങ്ങി പലപ്പോഴും തുച്ഛമായ വിലയ്ക്ക് കൃഷിയിടം വില്‍പ്പന നടത്താന്‍ നിര്‍ബന്ധിതരാകുന്നതിനാല്‍, നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയോ, കൃഷി ഉപേക്ഷിച്ച് കുടിയേറ്റ തൊഴിലാളികളായി ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്യുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കനുസരിച്ച്, 2023 ല്‍ മാത്രം 10783 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 3 ലക്ഷത്തിലധികമാണെന്ന് അനൗദ്യോഗിക സ്രോതസ്സുകള്‍ പറയുന്നു.
കൃഷിയുടെ പ്രധാന പങ്കാളികള്‍ കര്‍ഷകരായതിനാല്‍, കൃഷിയെ നിയന്ത്രിക്കുന്ന നിയമങ്ങളില്‍ എന്തെങ്കിലും ഭേദഗതി വരുത്തുന്നതിനുമുമ്പ്, കര്‍ഷകരുടെ താല്പര്യങ്ങള്‍ക്ക് ഉയര്‍ന്ന മുന്‍ഗണന നല്‍കേണ്ടത് അത്യാവശ്യമാണ്. വിത്തുമായി ബന്ധപ്പെട്ട ചട്ടങ്ങളുടെ കാര്യത്തിലും ഇത് ബാധകമാണ്. ന്യായമായ വിലയ്ക്ക് ഗുണനിലവാരമുള്ള വിത്തുകള്‍ യഥാസമയം ലഭ്യമാകുക, വ്യാജമോ, കേടുള്ളതോ ആയ വിത്തുകള്‍ മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം ഉറപ്പുനല്‍കുക തുടങ്ങിയ കാര്യങ്ങള്‍ കര്‍ഷകര്‍ക്ക് പതിറ്റാണ്ടുകളായി നിഷേധിക്കപ്പെടുന്ന വിഷയങ്ങളാണ്. എന്നിട്ടും കൃഷിക്കാവശ്യമായ സാധനങ്ങള്‍ സംഭരിക്കുന്നതിലും, ന്യായമായ വിലയ്ക്ക് ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിലും നിലവിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ കൂടുതല്‍ കൂടുതല്‍ പ്രവര്‍ത്തനരഹിതമാക്കിക്കൊണ്ടിരിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉരുളക്കിഴങ്ങ്, പരുത്തി കര്‍ഷകര്‍ക്ക് സ്വകാര്യ വിത്ത് കോര്‍പ്പറേഷനുകള്‍ ഗുണനിലവാരമില്ലാത്ത വിത്തുകള്‍ വിറ്റതിനാല്‍ വന്‍തോതില്‍ നഷ്ടം സംഭവിച്ചു.  വ്യാജമോ തകരാറുള്ളതോ ആയ വിത്തുകള്‍ വിതരണം ചെയ്യുന്ന ഈ കുത്തക ഭീമന്മാര്‍ക്കും ബഹുരാഷ്ട്ര കമ്പനികള്‍ക്കും എതിരെ സാധാരണ കര്‍ഷകര്‍ക്ക് നിയമപരമായി പോരാടാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അത്തരം കമ്പനികളില്‍നിന്ന് നഷ്ടപരിഹാരം നേടാനോ അവരെ മാതൃകാപരമായ രീതിയില്‍ ശിക്ഷിക്കാനോ സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടില്ല.


2025ലെ സീഡ് ബില്ലിന്റെ മറ്റ് കര്‍ഷകവിരുദ്ധ വശങ്ങള്‍


2025ലെ നിര്‍ദ്ദിഷ്ട വിത്ത് ബില്ലിന്റെ മറ്റ് ചില നിര്‍ണായക വശങ്ങളിലേക്ക് നമുക്ക് വീണ്ടും വരാം. ഈ ബില്ലില്‍ ‘വിത്ത്’എന്നതിന്റെ നിര്‍വചനം (സെക്ഷന്‍ 2-z) എല്ലാ വിത്തുകളെയും സസ്യങ്ങളെയും അവയുടെ വ്യതിയാനങ്ങളെയും ഉള്‍ക്കൊള്ളുന്നു. അതേസമയം, 1966ലെ വിത്ത് നിയമം ചില തിരഞ്ഞെടുത്ത വിത്തുകള്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ.  അതായത്, കാര്‍ഷിക ഭീമന്മാര്‍ക്കും കോര്‍പ്പറേറ്റ് സ്രാവുകള്‍ക്കും വിശാലമായ വഴി ഒരുക്കിയിരിക്കുന്നു. കൂടാതെ, എല്ലാവര്‍ക്കും അറിയാവുന്നതുപോലെ, പാവപ്പെട്ട കര്‍ഷകര്‍ക്ക് പ്രാപ്യമല്ലാത്ത നിയമപരമായ മാര്‍ഗം നിര്‍ദ്ദേശിക്കുന്നത് ഒഴികെ, തെറ്റായ വിത്തുകള്‍ കാരണം വിളനാശം സംഭവിച്ചാല്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ബില്ലില്‍ ശക്തമായ വ്യവസ്ഥകളൊന്നുമില്ല. കൂടാതെ, വളരെ കുറച്ച് വ്യക്തിഗത കര്‍ഷകര്‍ വിത്തുകള്‍ സംരക്ഷിക്കുകയും പങ്കിടുകയും ചെയ്‌തേക്കാം എങ്കിലും, കര്‍ഷക ഉല്പാദക സംഘടനകള്‍ (FPOIA), വനിതാ വിത്ത് കൂട്ടായ്മകള്‍, പരമ്പരാഗത വിത്ത് സംരക്ഷണ ശൃംഖലകള്‍ എന്നിവ പോലുള്ള കമ്മ്യൂണിറ്റി ഗ്രൂപ്പുകളെ വാണിജ്യ സ്ഥാപനങ്ങളായി കണക്കാക്കും. വലിയ കമ്പനികളുടേതുപോലുള്ള ഉദ്യോഗസ്ഥ, ഡിജിറ്റല്‍ മാനദണ്ഡങ്ങള്‍ അവരും പാലിക്കേണ്ടി വരും. അതുപോലെ, വിത്തു സസ്യ ഇനങ്ങളുടെ വില നിര്‍ണ്ണയിക്കുന്നതിനുള്ള വ്യവസ്ഥകളൊന്നുമില്ല. ക്ഷാമംപോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ സര്‍ക്കാര്‍ ഇടപെടല്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളൂ. വിത്തുകളുടെ വില നിര്‍ണ്ണയം നിയമപ്രകാരം വിത്ത് സസ്യ ഇനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനത്തിന്റെ മാത്രം നിയന്ത്രണത്തിലായിരിക്കുമെന്നും ഇത് കാണിക്കുന്നു. ബില്ലിന്റെ പുതിയ രജിസ്‌ട്രേഷന്‍ ആവശ്യകതകള്‍, നിലവില്‍ രാജ്യത്തുടനീളം കുടില്‍ വ്യവസായങ്ങള്‍പോലെ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് വിത്ത് ഔട്ട്‌ലെറ്റുകളും നഴ്‌സറികളും അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമാക്കും. ബില്‍ വിപുലമായ ഡിജിറ്റല്‍ റിപ്പോര്‍ട്ടിംഗ് ആവശ്യപ്പെടുന്നു. പരിമിതമായ ഇന്റര്‍നെറ്റ് ലഭ്യത അല്ലെങ്കില്‍ ഡിജിറ്റല്‍ സാക്ഷരതയുള്ള ചെറിയ ഗ്രാമീണ വിത്ത് സൂക്ഷിപ്പുകാര്‍ക്ക്, ക്യുആർ കോഡുകള്‍, ഓൺലൈന്‍ റിപ്പോര്‍ട്ടിംഗ്, തുടര്‍ച്ചയായ ട്രാക്കിംഗ് എന്നിവ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. അതിനാല്‍, കൃഷിയുമായി ബന്ധപ്പെട്ട ഗണ്യമായ ജനസംഖ്യയുടെ ഉപജീവനമാര്‍ഗ്ഗം വളരെ പരിതാപകരമായ അവസ്ഥയിലേക്ക് മാറും. വിദേശ സംഘടനകള്‍ക്ക് വിസിയു (കൃഷിക്കും ഉപയോഗത്തിനുമുള്ള മൂല്യം) പരിശോധനയ്ക്ക് അംഗീകാരം നല്‍കാന്‍ ബില്‍ അനുവദിക്കുന്നു. ജനിതകമാറ്റം വരുത്തിയതോ, പേറ്റന്റ് ചെയ്തതോ ആയ വിത്തുകള്‍ വിദേശ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ മാത്രം ഇന്ത്യയില്‍ പ്രവേശിക്കാന്‍ ഇത് അനുവദിക്കും. ജനിതകമായി എഞ്ചിനീയറിംഗ് ചെയ്തതോ ജീന്‍ എഡിറ്റ് ചെയ്തതോ ആയ വിത്തുകള്‍ ശരിയായ പരിശോധന കൂടാതെ അനുവദിച്ചാല്‍, ‘മനുഷ്യന്റെയും ആവാസവ്യവസ്ഥയുടെയും ആരോഗ്യത്തിന് ഉണ്ടാകുന്ന അപകടങ്ങള്‍ വളരെയധികം വര്‍ദ്ധിക്കും; ചെറുകിട കര്‍ഷകര്‍ക്ക് നിലനില്‍പ്പില്ലാതാകും’, വിദഗ്ദ്ധര്‍ നിരീക്ഷിച്ചു.
ദേശീയ, സംസ്ഥാന തലങ്ങളില്‍ ഐസിഎആറിന്റെയും കൃഷി, സഹകരണ വകുപ്പിന്റെയും കീഴില്‍ സ്ഥാപിച്ചിട്ടുള്ള ഗവേഷണ വികസന സൗകര്യങ്ങള്‍ പിന്‍തള്ളപ്പെടും, പകരം സ്വകാര്യ വിത്ത് കമ്പനികള്‍ ഈ സൗകര്യങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്ത് അവ നടത്തിയേക്കാം. ഈ ബില്ലിലൂടെ, സംസ്ഥാന പട്ടികയില്‍ ഉള്‍പ്പെടുന്ന കൃഷിയുടെ അവശ്യ ഘടകമായ വിത്ത് മേഖലയുമായി ബന്ധപ്പെട്ട ഫെഡറല്‍ ഘടനയില്‍ ബിജെപി സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തും.
2025ലെ വിത്ത് ബില്ലിന്റെ പരിധിയില്‍നിന്ന് വ്യക്തിഗത കര്‍ഷകരെ ഒഴിവാക്കുന്നത് കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. വിത്ത് മേഖലയുടെ 80% സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് കൈമാറിയതിനുശേഷം, വ്യക്തിഗത കര്‍ഷകര്‍ അജ്ഞതയോ ദുരിതമോ കാരണം കുറഞ്ഞ വിളവ് നല്‍കുന്ന ഇനങ്ങള്‍ തന്നെ ഉപയോഗിക്കും, അതേസമയം ഉയര്‍ന്ന വിളവ് നല്‍കുന്ന ഇനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ ഉല്‍പ്പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യും. ഈ വിവേചനം ഭൂരിഭാഗം ചെറുകിട, ഇടത്തരം കര്‍ഷകരുടെയും താല്‍പ്പര്യത്തിന് ഹാനികരമായിരിക്കും.


കര്‍ഷകര്‍ പുതിയ സമരത്തിന് ഒരുങ്ങുന്നു


കേന്ദ്ര ബിജെപി സര്‍ക്കാര്‍ 2025ലെ വിത്ത് ബില്‍ അവതരിപ്പിച്ചത്, കര്‍ഷകര്‍ക്കെതിരായി, ലാഭക്കൊതിയന്മാരായ കുത്തക കമ്പനികളുടെയും ബഹുരാഷ്ട്ര കമ്പനികളുടെയും താല്‍പ്പര്യങ്ങള്‍ക്കനുസൃതമായാണെന്ന് മേൽപറഞ്ഞ കാര്യങ്ങളിൽനിന്ന് വ്യക്തമാണ്. കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ഈ ജനവിരുദ്ധ, കുത്തകാനുകൂല സ്വഭാവം ഓരോ ദിവസം കഴിയുന്തോറും തുറന്നുകാട്ടപ്പെടുന്നു. മൂന്ന് കാര്‍ഷിക കരിനിയമങ്ങള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയ ചരിത്രപരമായ ഡല്‍ഹി കര്‍ഷക പ്രക്ഷോഭം, ദരിദ്രരായ കര്‍ഷകര്‍ക്കിടയില്‍ ഒരു പുതിയ പോരാട്ടവീര്യം ജ്വലിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ ഭരണ മുതലാളിവര്‍ഗ്ഗത്തിന്റെയും അവരുടെ അടിമ സര്‍ക്കാരുകളുടെയും എല്ലാത്തരം കര്‍ഷക വിരുദ്ധ-ജനവിരുദ്ധ നയങ്ങള്‍ക്കും എതിരെ പോരാടാന്‍ തയ്യാറെടുക്കുകയാണ്. ഗവമെന്റിനെ അടിയറവ് പറയാന്‍ നിര്‍ബന്ധിതമാക്കുന്ന ഐക്യത്തോടെയുള്ള സംഘടിതമായ സുസ്ഥിര പോരാട്ടത്തിന്റെ ചരിത്രം അവര്‍ വീണ്ടും സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

Share this post

scroll to top