കൊളംബിയ, ക്യൂബ, പാനമ, കാനഡ, ഗ്രീൻലാൻഡ്…ഡൊണാൾഡ് ട്രംപിന്റെ കഴുകൻ കണ്ണുകൾ മറ്റ് രാജ്യങ്ങളിലേക്ക് നീളുന്നു

US-Donald-Trump-Third-World.jpg
Share

ഡൊണാൾഡ് ട്രംപ് തന്റെ സാമ്രാജ്യത്വ പദ്ധതികൾ വ്യാപിപ്പിക്കുകയാണ്. മുതലാളിത്ത വ്യവസ്ഥയുടെ അന്തർലീനമായ നിയമങ്ങൾ സൃഷ്ടിച്ച പരിഹരിക്കാനാകാത്ത, വളരുന്ന പ്രതിസന്ധികളെയാണ് അമേരിക്കൻ സാമ്രാജ്യത്വ സമ്പദ്‌വ്യവസ്ഥ ഇന്ന് അഭിമുഖീകരിക്കുന്നത്. യുഎസ് കുത്തകകളുടെയും ബഹുരാഷ്ട്ര കമ്പനികളുടെയും വിശ്വസ്ത സേവകനെന്ന നിലയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, സാമ്രാജ്യത്വ നയങ്ങൾ അതിന്റെ ഏറ്റവും പരുക്കൻ രൂപത്തിൽ ‘ഡോൺ-റോ സിദ്ധാന്തം’(Don-roe Doctrine) ആയി പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ്. പടിഞ്ഞാറൻ അർദ്ധഗോളത്തിൽ അമേരിക്കൻ ആധിപത്യം ഉറപ്പിക്കുന്നതിനായി പത്തൊൻപതാം നൂറ്റാണ്ടിലെ കുപ്രസിദ്ധമായ ‘മൺറോ സിദ്ധാന്തത്തെ’ പരിഷ്കരിച്ചുകൊണ്ട് ട്രംപ് സ്വീകരിച്ചിട്ടുള്ള 2026ലെ വിദേശനയ സമീപനത്തെയാണ് ഈ പദം സൂചിപ്പിക്കുന്നത്.

തന്ത്രപ്രധാനമായ പ്രദേശങ്ങൾ സുരക്ഷിതമാക്കാനും സൈനിക ഇടപെടലിലൂടെയും സാമ്പത്തിക ഉപരോധങ്ങളിലൂടെയും വിഭവങ്ങൾക്കും വ്യാപാര പാതകൾക്കുംമേൽ ആധിപത്യം പുനഃസ്ഥാപിക്കാനു മാണ് അമേരിക്കൻ സാമ്രാജ്യത്വ സ്രാവുകൾ ഇപ്പോൾ ലക്ഷ്യമിടുന്നത്. തങ്ങളുടെ കൽപ്പനകൾക്ക് മുന്നിൽ മുട്ടുകുത്താൻ വിസമ്മതിക്കുന്നവർക്കെതിരെ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന തുറന്ന ഭീഷണിയും അവർ ഉയർത്തുന്നുണ്ട്. നിയമസാധുതകൾ എങ്ങനെയൊക്കെ വളച്ചൊടിക്കാം അല്ലെങ്കിൽ പാടെ അവഗണിക്കാം എന്ന നയമാണ് ഇവിടെ സ്വീകരിക്കുന്നത്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് സൂചിപ്പിച്ച ട്രംപ് കൊളംബിയയെയും പ്രസിഡന്റ് ഗുസ്താവോ പെട്രോയെയും ഭീഷണിപ്പെടുത്തുകയുണ്ടായി. കാര്യങ്ങൾ ശരിയായി കൈകാര്യം ചെയ്യാൻ മെക്സിക്കൻ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയ ട്രംപ്, ക്യൂബ വീഴാൻ തയ്യാറായി നിൽക്കുകയാണെന്നും പ്രസ്താവിച്ചു. അതോടൊപ്പം ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിനെയും കാനഡയെയും തന്റെ ശക്തമായ പിടിയിലാക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്.


മൺറോ മുതൽ ട്രംപ് വരെ


പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ഉയർന്നുവന്ന സ്വാതന്ത്ര്യ സമരങ്ങളുടെ പശ്ചാത്തലത്തിൽ, 1823ലാണ് യുഎസ് ആധിപത്യം ‘മൺറോ സിദ്ധാന്ത’ത്തിലൂടെ പ്രതികരിച്ചത്. അമേരിക്കൻ ഭൂഖണ്ഡത്തിലെ കാര്യങ്ങളിൽ ഇടപെടാനോ പ്രദേശം കൈക്കലാക്കാനോ ഉള്ള യൂറോപ്യൻ ശക്തികളുടെ ഏതൊരു ശ്രമവും അമേരിക്കയോടുള്ള ശത്രുതാപരമായ നടപടിയായി കണക്കാക്കുമെന്ന് അഞ്ചാമത്തെ പ്രസിഡന്റ് ജെയിംസ് മൺറോ പ്രഖ്യാപിച്ചു. ‘അമേരിക്കക്കാർക്കായി അമേരിക്ക’ എന്ന മുദ്രാവാക്യത്തിന് കീഴിൽ പടിഞ്ഞാറൻ അർദ്ധഗോളത്തിലെ ഏക കൊളോണിയൽ ശക്തിയായി നിലകൊള്ളാനാണ് യുഎസ് ശ്രമിച്ചത്. അന്ന് മുതൽ 1857നും 1891നും ഇടയിൽ ഇരുപതോളം തവണയാണ് യുഎസ് ഇടപെടലുകൾ നടത്തിയത്. മൺറോ സിദ്ധാന്തം എന്നത് അധിനിവേശത്തിനായുള്ള ഒരു നിയമപരമായ കെട്ടുകഥയായിരുന്നു; തുടക്കം മുതൽ അത് അമേരിക്കൻ മൂലധനത്തിനുള്ള ഒരുപകരണമായിട്ടാണ് പ്രവർത്തിച്ചത്.
ഡൊണാൾഡ് ട്രംപ് ഇപ്പോൾ ഇതിനെ ‘ഡോൺ-റോ സിദ്ധാന്തം’ എന്ന് പുനർനാമകരണം ചെയ്യുന്നത് വെറുമൊരു അനുകരണമല്ല, മറിച്ച് നഗ്നമായ ഒരു തുറന്നുപറച്ചിലാണ്. ഇത്രയും കാലം നിലനിന്നിരുന്ന ജനാധിപത്യത്തിന്റെ നേർത്ത ആവരണംപോലും ഇപ്പോൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. ആധിപത്യവും ഗുണ്ടായിസവും ഇപ്പോൾ അവകാശങ്ങളായി പ്രഖ്യാപിക്ക പ്പെടുന്നു; അധികാരം ലജ്ജയേതുമില്ലാതെ പ്രകടമാക്കപ്പെടുകയാണ്. ഗാസയിലെ വംശഹത്യയോ വെനിസ്വേലൻ പ്രസിഡന്റിനെ പിടികൂടിയതോ വെറുമൊരു ആകസ്മികതയല്ല, മറിച്ച് അവ വരാനിരിക്കുന്ന വലിയ അധിനിവേശങ്ങളുടെ കേവലമായ ട്രെയിലറുകൾ മാത്രമായിരുന്നു.
‘ഡോൺ-റോ സിദ്ധാന്തം’ എന്നത് മരണാസന്നമായ മുതലാളിത്തത്തിന്റെ പ്രതിസന്ധി പ്രകടമാകുന്ന സിദ്ധാന്തമാണ്. സൈനികമായ കരുത്തിലും, നിയമപരമായ വളച്ചൊടിക്കലുകളിലും, ചൂഷണ മനോഭാവത്തിലുമാണ് ഇത് നിലകൊള്ളുന്നത്. ഗ്രീൻലാൻഡ്, ക്യൂബ, കൊളംബിയ, കാനഡ, പനാമ എന്നിവ കേവലം ഒറ്റപ്പെട്ട ലക്ഷ്യങ്ങളല്ല; മറിച്ച് അവ ഒരേ സാമ്രാജ്യത്വ വലക്കണ്ണിയിലെ ഭാഗങ്ങളാണ്. ഇവിടെ പരമാധികാരം നിബന്ധനകൾക്ക് വഴങ്ങാൻ നിർബന്ധിതമാവുകയാണ്. സമ്മതത്തിന് പകരം ബലപ്രയോഗം ഉപയോഗിക്കപ്പെടുകയും അതുവഴി സാർവ്വദേശീയ നിയമങ്ങളെല്ലാം ഹോമിക്കപ്പെടുകയും ചെയ്യുന്നു.


ഗ്രീൻലാൻഡ്: മഞ്ഞുപാളികളും ധാതുക്കളും


ഗ്രീൻലാൻഡിനോടുള്ള ട്രംപിന്റെ താൽപ്പര്യം ഈ സാമ്രാജ്യത്വ സിദ്ധാന്തത്തിന്റെ ഭൗതികമായ അന്തസത്തയെ പൂർണ്ണമായും തുറന്നുകാട്ടുന്നു. സമീപ വർഷങ്ങളിൽ, അപൂർവ്വ ധാതുക്കൾ (rare earth minerals), യുറേനിയം, ഇരുമ്പ് എന്നിവയുൾപ്പെടെ ഗ്രീൻലാൻഡിന്റെ വിപുലമായ പ്രകൃതി വിഭവങ്ങളിൽ അമേരിക്ക വലിയ താൽപ്പര്യമാണ് പ്രകടിപ്പിക്കുന്നത്. അവിടെ ഗണ്യമായ എണ്ണ, വാതക നിക്ഷേപങ്ങളും ഉണ്ടായേക്കാമെന്നാണ് വിലയിരുത്തൽ. കൂടാതെ, ദ്വീപിലെ മഞ്ഞ് ഉരുകുന്നത് പുതിയ കപ്പൽ പാതകൾ തുറക്കുന്നതിനും യൂറോപ്പിനുമേലുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിനും യുഎസിന് തന്ത്രപരമായ മുൻതൂക്കം നൽകുന്നു. വാസ്തവത്തിൽ, ശീതയുദ്ധകാലത്ത് ഈ ദ്വീപിൽ ആണവ മിസൈലുകൾ സ്ഥാപിക്കാൻ യുഎസിന് പദ്ധതിയുണ്ടായിരുന്നുവെങ്കിലും ഡെന്മാർക്കിന്റെ എതിർപ്പും സാങ്കേതിക തടസ്സങ്ങളും കാരണം അത് ഉപേക്ഷിക്കേണ്ടി വരികയായിരുന്നു.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഡെന്മാർക്ക് ജർമ്മനിയുടെ പിടിയിലായപ്പോൾ ഈ പ്രദേശത്തെ സംരക്ഷിക്കാൻ നടത്തിയ ശ്രമങ്ങളുടെ പേരിൽ, ഗ്രീൻലാൻഡിനുമേൽ അവകാശവാദം ഉന്നയിക്കാമെന്ന് ട്രംപ് ഇപ്പോൾ വാദിക്കുന്നു. യുഎസിന് മാത്രമേ ഗ്രീൻലാൻഡിനെ സംരക്ഷിക്കാനും വികസിപ്പിക്കാനും കഴിയൂ എന്ന നിലപാടാണ് അദ്ദേഹം ഉയർത്തുന്നത്. തന്റെ ഈ ‘പുണ്യ ആഗ്രഹത്തെ’ എതിർക്കുന്ന ഡെന്മാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് യുഎസിലേക്ക് അയക്കുന്ന എല്ലാ ഉല്പന്നങ്ങൾക്കും 10% മുതൽ 25% വരെ പുതിയ വ്യാപാര നികുതി ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിക്കഴിഞ്ഞു. ഇതിനെതിരെ “യൂറോപ്പിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ കഴിയില്ല” എന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ വ്യക്തമാക്കിയപ്പോൾ, ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് നീൽസൺ യുഎസ് നിയന്ത്രണമെന്ന ആശയത്തെ ഒരു ‘ഫാന്റസി’ മാത്രമായി തള്ളിക്കളഞ്ഞു.
എന്നിട്ടും, ഗ്രീൻലാൻഡിന്റെ പേരിൽ ആരും യുഎസിനോട് സൈനികമായി ഏറ്റുമുട്ടില്ലെന്ന ധാർഷ്ട്യത്തോടെയാണ് ഈ അവകാശവാദം നിലനിൽക്കുന്നത്. ഇത് നയതന്ത്രമല്ല, മറിച്ച് നഗ്നമായ പിടിച്ചടക്കലാണ്. മൂലധന കൂമ്പാരത്തിനു മുകളിൽ ഇരിക്കുന്ന സാമ്രാജ്യത്വ ശക്തികളെ സംബന്ധിച്ചിടത്തോളം ആർട്ടിക് പ്രദേശം എന്നത് പ്രാഥമികമായ മൂലധന സമാഹരണത്തിനുള്ള ഒരു മേഖല മാത്രമാണ്. അവിടെ കാലാവസ്ഥാ ദുരന്തം ഒരു അവസരമായും, തദ്ദേശീയമായ പരമാധികാരം വെറുമൊരു അസൗകര്യമായും അവർ കാണുന്നു. അധിനിവേശത്തെ ‘ദേശീയ സുരക്ഷ’ എന്ന് വിശേഷിപ്പിക്കുന്നതിലൂടെ, യുഎസ് സാമ്രാജ്യത്വം തങ്ങളുടെ യഥാർത്ഥ ലക്ഷ്യം മറച്ചുവെക്കുകയാണ്.


ക്യൂബ: പട്ടിണി നയമാക്കി മാറ്റുന്ന സാമ്രാജ്യത്വ തന്ത്രം


കരീബിയൻ മേഖലയിലുടനീളം തങ്ങളുടെ സ്വാധീനവലയം വ്യാപിപ്പിക്കാനുള്ള യുഎസിന്റെ സാമ്രാജ്യത്വ വ്യാമോഹങ്ങൾക്ക് ക്യൂബ കാലങ്ങളായി ഒരു വലിയ തടസ്സമാണ്. ചരക്ക് നീക്കങ്ങൾ തടയാനുള്ള നാവിക ഉപരോധങ്ങൾ, അന്ന് ക്യൂബയിൽ വിന്യസിച്ചിരുന്ന യുഎസ്എസ്ആറിന്റെ (USSR) മിസൈലുകൾ നീക്കം ചെയ്യണമെന്ന ആവശ്യം തുടങ്ങി എല്ലാവിധ സമ്മർദ്ദങ്ങൾക്കിടയിലും യുഎസ് സാമ്രാജ്യത്വവാദികൾക്ക് ക്യൂബയെ ഭയപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. 1959 ജനുവരി 1ന് യുഎസ് സാമ്രാജ്യത്വത്തിന്റെ വിശ്വസ്തനായിരുന്ന ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ സ്വേച്ഛാധിപത്യ ഭരണത്തെ അട്ടിമറിച്ച ക്യൂബൻ വിപ്ലവത്തിലൂടെ നിലവിൽവന്ന സോഷ്യലിസ്റ്റ് സംവിധാനമാണ് ഈ പ്രതിരോധത്തിന്റെ കരുത്ത്. എന്നാൽ വെനിസ്വേലയിലെ യുഎസ് ഇടപെടലിനെത്തുടർന്ന് അവിടെ നിന്നുള്ള എണ്ണ ഇറക്കുമതി ഗണ്യമായി കുറഞ്ഞതും മെക്സിക്കൻ വിതരണത്തിലുണ്ടായ ഇടിവും സമീപകാലത്ത് ക്യൂബയുടെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. ക്യൂബ ഇപ്പോൾ ഒരു സായുധ അധിനിവേശത്തെ പ്രതിരോധിക്കാൻ കഴിയാത്തവിധം ദുർബലമാണെന്ന് അനുമാനിച്ചുകൊണ്ടാണ് ട്രംപ് ആ ദ്വീപ് രാജ്യത്തേക്ക് ശ്രദ്ധ തിരിക്കുന്നത്.


“നമുക്ക് യാതൊരു നടപടിയും ആവശ്യമായി വരില്ലെന്ന് ഞാൻ കരുതുന്നു” എന്ന ട്രംപിന്റെ പരാമർശം അവരുടെ യഥാർത്ഥ തന്ത്രം വെളിപ്പെടുത്തുന്നു: അതായത്, ക്യൂബയിലെ വിഭവ ദൗർലഭ്യം അതിന്റെ ജോലി ചെയ്യട്ടെ എന്ന ഹീനമായ നിലപാടാണത്. ഉപരോധങ്ങളെ ഒരു അനിവാര്യതയായി ചിത്രീകരിക്കുകയും, ‘ഭരണകൂടത്തിന്റെ പരാജയം’ എന്ന വാചാടോപത്തിലൂടെ തങ്ങളുടെ ഉപരോധം സൃഷ്ടിക്കുന്ന മാനുഷിക പ്രത്യാഘാതങ്ങൾ മായ്ച്ചുകളയുകയും ചെയ്യുന്നു. ഇത് പതിറ്റാണ്ടുകളായി യുഎസ് പരിഷ്കരിച്ചെടുത്ത ‘ഉപരോധം ഒരു നയം’ (siege as policy) എന്ന രീതിയാണ്. കടുത്ത പ്രതിസന്ധികൾക്കിടയിൽ ക്യൂബയെ നിസ്സഹായതയോടെ കീഴടങ്ങാൻ പ്രേരിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഹവാന “ആശങ്കപ്പെടണം” എന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകുന്നത്, ദാരിദ്ര്യത്തെയും ഇല്ലായ്മയെയും ഒരു സമ്മർദ്ദ തന്ത്രമായി ഉപയോഗിക്കുന്ന സാമ്രാജ്യത്വശക്തിയുടെ അതേ ഭാഷയിലാണ്.


കൊളംബിയ: സാമ്രാജ്യത്വ കടന്നുകയറ്റത്തിന്റെ നഗ്നരൂപം


സാമ്രാജ്യത്വ ശക്തികളുടെ, പ്രത്യേകിച്ച് അമേരിക്കയുടെ മുൻകാല ഇടപെടലുകളുടെ ഏറ്റവും നഗ്നമായ തുടർച്ചയാണ് കൊളംബിയയിൽ വെളിപ്പെടുന്നത്. പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ കീഴിൽ കൊക്കെയ്ൻ ഉല്പാദനം കുതിച്ചുയരുന്നു എന്ന ആരോപണങ്ങൾ, യുഎസ് സാമ്രാജ്യത്വത്തിന് ബലപ്രയോഗം നടത്തുന്നതിനുള്ള പഴയ ‘മയക്കുമരുന്ന് രാഷ്ട്രം’ (narco-state) എന്ന തന്ത്രപരമായ പ്രയോഗത്തെ വീണ്ടും പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ്. ഒരു സൈനിക നടപടി “നന്നായിരിക്കും” എന്ന് പ്രസിഡന്റ് ട്രംപ് ചിന്തിക്കുമ്പോൾ, അദ്ദേഹം നിയമപാലനത്തെ യുദ്ധമാക്കി മാറ്റുകയും അന്താരാഷ്ട്ര നിയമങ്ങൾ അനുശാസിക്കുന്ന വേർതിരിവുകൾ പാടെ ഇല്ലാതാക്കുകയും ചെയ്യുന്നു.


എന്നാൽ ഈ ഭീഷണികൾക്ക് മുന്നിൽ കൊളംബിയ പരിഭ്രമിക്കുന്നില്ല. ഡൊണാൾഡ് ട്രംപിന്റെ ഭീഷണികളുടെ പശ്ചാത്തലത്തിൽ, തങ്ങളുടെ പരമാധികാരം ലംഘിക്കപ്പെട്ടാൽ ശക്തമായ സൈനിക മറുപടി നൽകുമെന്ന് കൊളംബിയൻ വിദേശകാര്യ മന്ത്രി റോസ യോളാൻഡ വില്ലാവിസെൻസിയോ മുന്നറിയിപ്പ് നൽകി. ആക്രമിക്കപ്പെട്ടാൽ സ്വയം പ്രതിരോധിക്കാനുള്ള അവകാശം അന്താരാഷ്ട്ര നിയമമനുസരിച്ച് എല്ലാ രാജ്യങ്ങൾക്കുമുണ്ടെന്ന് അവർ അടിവരയിട്ടു പറഞ്ഞു.
മാതൃരാജ്യത്തെ സംരക്ഷിക്കുമെന്ന കൊളംബിയൻ മന്ത്രിയുടെ ധീരമായ ഈ പ്രതികരണം, ‘പ്ലാൻ കൊളംബിയ’ മുതൽ മയക്കുമരുന്ന് ബോട്ടുകളെന്ന് ആരോപിക്കപ്പെടുന്നവയ്ക്കു നേരെയുള്ള ഡ്രോൺ ആക്രമണങ്ങൾ വരെയുള്ള കൊളംബിയയുടെ ആഭ്യന്തര സംഘർഷങ്ങളിലെ യുഎസ് ഇടപെടലിന്റെ ദീർഘകാല ചരിത്രത്തെയാണ് ഓർമ്മിപ്പിക്കുന്നത്. ഈ ആക്രമണങ്ങളിൽ സാധാരണക്കാർക്ക് ദോഷം സംഭവിച്ചിട്ടില്ലെന്ന യുഎസ് അവകാശവാദം തീർത്തും അവിശ്വസനീയമാണ്. വാസ്തവത്തിൽ ഇവിടെ അപകടത്തിലായിരിക്കുന്നത് മയക്കുമരുന്നല്ല, മറിച്ച് നിയന്ത്രണമാണ്—ഭൂപ്രദേശത്തിന്റെ നിയന്ത്രണം, രാഷ്ട്രീയ ഗതിയുടെ നിയന്ത്രണം, കൂടാതെ വാഷിംഗ്ടണിന്റെ കൽപ്പനകൾക്ക് പൂർണ്ണമായി വഴങ്ങാത്ത ഒരു സർക്കാരിന്റെ നിയന്ത്രണം. ഇത് ആധിപത്യത്തിന്റെ (hegemonism) വ്യക്തമായ ഒരു സാമ്രാജ്യത്വ പ്രഖ്യാപനമാണ്.


പനാമ: കനാൽ പിടിച്ചെടുക്കലും ചരിത്രം തിരുത്തലും


മധ്യ അമേരിക്കയിലെ പനാമ എന്ന രാജ്യം അറ്റ്‌ലാന്റിക്-പസഫിക് സമുദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന 82 കിലോമീറ്റർ നീളമുള്ള കനാലിന്റെ പേരിലാണ് ആഗോളതലത്തിൽ അറിയപ്പെടുന്നത്. മുൻപ് അമേരിക്കയുടെ പൂർണ്ണ നിയന്ത്രണത്തിലായിരുന്ന ഈ കനാൽ, പനാമയിലെ ജനങ്ങളുടെ ദശാബ്ദങ്ങൾ നീണ്ട ഐതിഹാസികമായ പോരാട്ടത്തിനൊടുവിലാണ് ആ രാജ്യത്തിന് തിരിച്ചുലഭിച്ചത്. സാമ്രാജ്യത്വ ശക്തികളുടെ കടന്നുകയറ്റത്തിന്റെയും തോറ്റു പിൻവാങ്ങലിന്റെയും പ്രതീകമായാണ് ഈ കനാൽ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്.
എന്നാൽ, ഒരു ബിസിനസ് ഗ്രൂപ്പിന്റെ തുറമുഖ ഇടപാടിലൂടെ ഈ കനാലിനെ വീണ്ടും അമേരിക്കയുടെ നിയന്ത്രണത്തിലാക്കാനുള്ള തീവ്രമായ ശ്രമങ്ങൾ പ്രസിഡന്റ് ട്രംപ് ആരംഭിച്ചിരിക്കുകയാണ്. സാമ്പത്തികമായ ആധിപത്യം നേടിയെടുക്കുന്നതിലൂടെ ഒരു രാജ്യത്തിന്റെ പരമാധികാരത്തെത്തന്നെ കൈയിലൊതുക്കാം എന്ന സാമ്രാജ്യത്വ തന്ത്രമാണ് ഇവിടെ പ്രയോഗിക്കപ്പെടുന്നത്. പനാമയുടെ പ്രസിഡന്റ് ഈ നീക്കത്തെ നഗ്നമായ ഒരു ‘നുണ’ എന്ന് വിശേഷിപ്പിക്കുമ്പോൾ, ട്രംപിനെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു ‘ബിസിനസ്’ ഇടപാട് മാത്രമാണ്.
സൈന്യത്തെ നേരിട്ട് അയക്കുന്നതിന് പകരം ധനമൂലധനം ഉപയോഗിച്ച് ഒരു രാജ്യത്തിന്റെ രാഷ്ട്രീയ ഗതിയെ നിയന്ത്രിക്കുന്ന രീതിയാണിത്. എന്നിരുന്നാലും, ഇത്തരം സാമ്പത്തിക നീക്കങ്ങൾക്ക് പിന്നിൽ ബലപ്രയോഗത്തിന്റെ പരോക്ഷമായ ഭീഷണി ഒളിഞ്ഞിരിപ്പുണ്ട്. പനാമ കനാലിന്റെ തന്ത്രപ്രധാനമായ മൂല്യം കണക്കിലെടുത്ത് ആ രാജ്യത്തെ എപ്പോഴും തങ്ങളുടെ ആധിപത്യത്തിന് കീഴിൽ നിർത്താനാണ് അമേരിക്കൻ ഭരണകൂടം ലക്ഷ്യമിടുന്നത്.


കാനഡ: സാമ്പത്തിക യുദ്ധമുറകളും ലയന ഭീഷണിയും


1988 ജനുവരി 2 മുതൽ കാനഡയും യുഎസും തമ്മിൽ ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാർ (CUSFTA) നിലവിലുണ്ടായിരുന്നു. പത്ത് വർഷത്തെ കാലയളവിനുള്ളിൽ ഘട്ടം ഘട്ടമായി വ്യാപാര നിയന്ത്രണങ്ങൾ ഒഴിവാക്കിയ ഈ കരാർ, മുൻപത്തെ വ്യാപാര ഉടമ്പടികളേക്കാൾ മെച്ചപ്പെട്ട രീതിയിൽ അതിർത്തി കടന്നുള്ള വ്യാപാരത്തിൽ വലിയ വർദ്ധനവ് ഉണ്ടാക്കി. എന്നാൽ ആ കരാർ പാടേ ഉപേക്ഷിച്ചുകൊണ്ട്, 2025 ഫെബ്രുവരി 4 മുതൽ കാനഡയിൽനിന്നുള്ള ഇറക്കുമതിക്ക് ട്രംപ് 25% നികുതി (Tariff) ചുമത്തി. ഇതിന് മറുപടിയായി, അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, 20.6 ബില്യൺ ഡോളർ മൂല്യമുള്ള അമേരിക്കൻ ഉല്പന്നങ്ങൾക്കുമേൽ 25 ശതമാനം നികുതി ചുമത്തി തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു. മൂന്നാഴ്ചയ്ക്ക് ശേഷം ഇത് 106 ബില്യൺ ഡോളറായി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത ഒരു വ്യാപാര യുദ്ധം (Tariff war) ആരംഭിച്ചു. കാനഡ ചൈനയുമായി ഏതെങ്കിലും തരത്തിലുള്ള വ്യാപാര കരാറിൽ ഏർപ്പെടുകയാണെങ്കിൽ നികുതി 100% ആയി വർദ്ധിപ്പിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.


ഇതുകൂടാതെ ഒരു പടികൂടി കടന്ന്, കാനഡ യുഎസുമായി ലയിച്ച് അമേരിക്കയുടെ 51-ാം സംസ്ഥാനമാകുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നുപോലും ട്രംപ് നിർദ്ദേശിച്ചു. അമേരിക്കയുടെ നിയന്ത്രണത്തിലുള്ള കാനഡയിൽ, കാനഡക്കാർക്ക് കുറഞ്ഞ നികുതിയും മികച്ച ആരോഗ്യ പരിരക്ഷയും ലഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ചൈനയുമായി വ്യാപാര കരാറിൽ ഏർപ്പെട്ടാൽ കനേഡിയൻ ഉല്പന്നങ്ങൾക്ക് 100% നികുതി ചുമത്തുമെന്ന ട്രംപിന്റെ ഭീഷണി അങ്ങേയറ്റത്തെ സാമ്രാജ്യത്വ ധാർഷ്ട്യമാണ് പ്രകടമാക്കു ന്നത്.
ഈ നിരയിൽ കാനഡ ഒരു സൗമ്യമായ കക്ഷിയായി തോന്നാമെങ്കിലും, ട്രംപിന്റെ നികുതി നയങ്ങളും ഒരു രാജ്യത്തെ കൂട്ടിച്ചേർക്കുന്നതിനെ (Annexation) കുറിച്ചുള്ള ലാഘവത്തോടെയുള്ള സംസാരവും ഈ സിദ്ധാന്തത്തിന്റെ വിപുലീകരണ സ്വഭാവം കൃത്യമായി തുറന്നുകാട്ടുന്നു. ഇവിടെ ബലപ്രയോഗം എന്നത് സാമ്പത്തികമാണ്. ശിക്ഷാനടപടിയായ നികുതികളിലൂടെ (Punitive tariffs) അയൽരാജ്യത്തെ വരുതിയിലാക്കാൻ ശ്രമിക്കുകയാണ് അമേരിക്ക. അതുവരെ ബഹുമാനിക്കപ്പെട്ടിരുന്ന ഒരു രാജ്യത്തിന്റെ പരമാധികാരം ഇല്ലാതാക്കപ്പെടുന്നു—ഇതാണ് ‘ഡോൺ-റോ സിദ്ധാന്ത’ത്തിന്റെ ഭയാനകമായ ഉള്ളുകള്ളികൾ.


നിയമം, വർഗ്ഗം, ബലപ്രയോഗത്തിന്റെ സംവിധാനങ്ങൾ


ഇതിലെല്ലാം, അന്താരാഷ്ട്ര നിയമം എന്നത് സാമ്രാജ്യത്വത്തെ തടയാനുള്ള ഒരു ഉപാധിയായല്ല, മറിച്ച് വെറുമൊരു വാചാടോപമായിട്ടാണ് പ്രവർത്തിക്കുന്നത്. പരമാധികാരം, പ്രാദേശിക അഖണ്ഡത, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കൽ തുടങ്ങിയ യുഎൻ ചാർട്ടറിന്റെ (UN Charter) അടിസ്ഥാന തത്വങ്ങൾ യൂറോപ്യൻ രാജ്യങ്ങളുടെ പ്രസ്താവനകളിൽ ആവർത്തിക്കപ്പെടുന്നുണ്ടെങ്കിലും, പ്രായോഗിക തലത്തിൽ അവ പൂർണ്ണമായും അവഗണിക്കപ്പെടുകയാണ്. അന്താരാഷ്ട്ര തത്വങ്ങളും ഭൗതികമായ അധികാര ശക്തിയും തമ്മിലുള്ള ഈ വിടവ് ചൂഷണം ചെയ്തുകൊണ്ടാണ് ‘ഡോൺ-റോ സിദ്ധാന്തം’ ഈ രാഷ്ട്രീയ കാപട്യത്തിലൂടെ തഴച്ചുവളരുന്നത്.
മാർക്സിസ്റ്റ് കാഴ്ചപ്പാടിൽ വിശകലനം ചെയ്താൽ, ആഗോളതലത്തിൽ ഭരണവർഗമായ കുത്തകകളുടെ കാര്യനിർവഹണ സമിതിയായി (Executive Committee) സാമ്രാജ്യത്വ രാഷ്ട്രം പ്രവർത്തിക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. വ്യാപാര പാതകൾ, പ്രകൃതി വിഭവങ്ങൾ, അനുകൂലമായ നിക്ഷേപ സാഹചര്യങ്ങൾ എന്നിവ സുരക്ഷിതമാക്കാൻ സൈനിക ശക്തി ഉപയോഗിക്കപ്പെടുന്നു; സാമ്പത്തിക ഉപരോധങ്ങളാകട്ടെ തൊഴിലാളിവർഗത്തെയും സർക്കാരുകളെയും ഒരുപോലെ അടിച്ചമർത്താനുള്ള ആയുധങ്ങളായി മാറുന്നു. അസമത്വവും രാഷ്ട്രീയ ധ്രുവീകരണവും കൊണ്ട് തകർന്നടിഞ്ഞ ആഭ്യന്തരമായ ഭരണസാധുതയെ മറികടക്കാൻ വിദേശരാജ്യങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിക്കുക എന്ന മാർഗ്ഗമാണ് സാമ്രാജ്യത്വം സ്വീകരിക്കുന്നത്. ചുരുക്കത്തിൽ, വിഭവങ്ങളുടെ നീതിയുക്തമായ പുനർവിതരണത്തിന് (Redistribution) പകരമുള്ള ഒരു സാമ്രാജ്യത്വ അധിനിവേശ സംവിധാനമായി ഇത് മാറുന്നു.


സാമ്രാജ്യത്വ ധാർഷ്ട്യത്തിനെതിരെ സാർവ്വദേശീയ ഐക്യദാർഢ്യത്തിനായി
നിലകൊള്ളുക


‘ഡോൺ-റോ സിദ്ധാന്തം’ ഉയർത്തുന്ന യഥാർത്ഥ അപകടം അത് മുന്നോട്ടുവെക്കുന്ന അധിനിവേശ പദ്ധതികളിൽ മാത്രമല്ല, മറിച്ച് ഇത്തരം കൊള്ളരുതായ്മകളെ അത് ലോകത്തിനു മുന്നിൽ സാധാരണവൽക്കരിക്കുന്നു (Normalizes) എന്നതിലുമാണ്. നഗ്നമായ അധികാരപ്രയോഗത്തെക്കുറിച്ച് തുറന്നു സംസാരിക്കുന്നതിലൂടെ, അമേരിക്കൻ വിദേശനയത്തിന്റെ ജനാധിപത്യപരമായ അവസാനത്തെ മറയും ട്രംപ് നീക്കം ചെയ്തിരിക്കുകയാണ്. ജനാധിപത്യത്തിനും സമാധാനത്തിനുമായി നിലകൊള്ളുന്ന ജനകീയ പ്രസ്ഥാനങ്ങളെയും പണ്ഡിതന്മാരെയും നയരൂപീകരണ വിദഗ്ധരെയും സംബന്ധിച്ചിടത്തോളം, പഴയ മിഥ്യാധാരണകൾ പുനഃസ്ഥാപിക്കലല്ല ഇന്നത്തെ ദൗത്യം; മറിച്ച് സാമ്രാജ്യത്വത്തിന്റെ ഭൗതികമായ കടന്നാക്രമണ യുക്തിയെ നേരിട്ട് അഭിമുഖീകരിക്കുകയും പ്രതിരോധിക്കുകയുംചെയ്യുക എന്നതാണ്.
ഗ്രീൻലാൻഡിലെ മഞ്ഞും, കൊളംബിയയിലെ കൃഷിയിടങ്ങളും, ക്യൂബയിലെ തുറമുഖങ്ങളും, പനാമ കനാലും—ഇവ കേവലം ഒറ്റപ്പെട്ട പ്രലോഭനങ്ങളല്ല. മറിച്ച്, വിപുലീകരണത്തിലൂടെയും ബലപ്രയോഗത്തിലൂടെയും കൊള്ളയിലൂടെയും സാമ്രാജ്യത്വ-മുതലാളിത്തത്തിന്റെ വർദ്ധിച്ചുവരുന്ന വിപണി പ്രതിസന്ധിയെ താൽക്കാലികമായെങ്കിലും തടഞ്ഞുനിർത്താൻ ശ്രമിക്കുന്ന ഒരു വ്യവസ്ഥിതിയുടെ ഭാഗങ്ങളാണിവ. ഇതിനെതിരെ രാജ്യാതിർത്തികൾ ഭേദിച്ചുള്ള വിപ്ലവകരമായ ഐക്യദാർഢ്യം ഉയർന്നുവരേണ്ടതുണ്ട്. പെന്റഗൺ ഭരണകൂടത്തിന്റെ സാമ്രാജ്യത്വ മരണപ്പാച്ചിലിനെ തടയാനുള്ള ശക്തമായ ആയുധമെന്ന നിലയിൽ, ലോകമെമ്പാടുമുള്ള സാമ്രാജ്യത്വവിരുദ്ധ-യുദ്ധവിരുദ്ധ സമാധാന പ്രസ്ഥാനങ്ങളുടെ ശക്തമായ പുനർരൂപീകരണം ഇന്നത്തെ കാലഘട്ടം അനിവാര്യമായും ആവശ്യപ്പെടുന്നു.

Share this post

scroll to top