കഷ്ടപ്പെടുന്ന മനുഷ്യരുടെ പ്രശ്നങ്ങൾ പിന്തള്ളിക്കൊണ്ട്, വർഗ്ഗീയ വിഷം ചീറ്റി, ന്യൂനപക്ഷ വിഭാഗത്തിനെതിരെ വിദ്വേഷം വളർത്തി, സങ്കുചിത ദേശീയ വികാരം ഇളക്കിവിട്ട് ശത്രുത പടർത്തി ജനങ്ങളെ തമ്മിലടിപ്പിക്കാൻ ബിജെപി നേതാക്കൾ മത്സരിക്കുകയാണ്. ചൂഷിതരായ ദശലക്ഷക്കണക്കിന് മനുഷ്യരുടെ ഐക്യത്തിൽ വിള്ളൽ വീഴ്ത്തിക്കൊണ്ട് ചൂഷണവാഴ്ച നിലനിർത്താൻ ശ്രമിക്കുന്ന ഭരണാധികാരികളുടെ പ്രീതി പിടിച്ചുപറ്റാൻ മറ്റാരേക്കാളും മികച്ച വിദ്വേഷ പ്രചാരകൻ താനാണെന്ന് തെളിയിക്കാൻ ഓരോരുത്തരും മത്സരിക്കുകയാണ്.
കേന്ദ്ര മന്ത്രിസഭയിൽ അംഗമായ അനുരാഗ് താക്കൂർ മതന്യൂനപക്ഷങ്ങളെ വെടിവെക്കാൻ പരസ്യമായി ആഹ്വാനം ചെയ്തത് നമ്മൾ ഓർക്കുന്നുണ്ടാകും. ഇപ്പോൾ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, തീവ്ര വർഗീയ ഹിന്ദുത്വത്തിന്റെ മുഖമാണ് തന്റേതെന്ന് തെളിയിക്കുന്നതിൽ മറ്റെല്ലാവരെയും മറികടന്നിരിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനമായ അസമിലെ ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങളെ സാമൂഹ്യമായും സാമ്പത്തികമായും ബഹിഷ്കരിക്കാൻ അദ്ദേഹം പരസ്യമായി ആഹ്വാനം ചെയ്തിരിക്കുകയാണ്. അവർക്ക് ഭൂമിയും ഗതാഗത സൗകര്യങ്ങളും ഉപജീവനമാർഗങ്ങളും നിഷേധിക്കണമെന്നും അതുവഴി അവരെ സംസ്ഥാനം വിടാൻ നിർബന്ധിതരാക്കണമെന്നും അദ്ദേഹം പൗരന്മാരോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 7ന് അസം ബിജെപി ഘടകത്തിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പങ്കുവെച്ച ഒരു വീഡിയോയിൽ, അദ്ദേഹം മുസ്ലീങ്ങളെ പ്രതീകാത്മകമായി വെടിവെക്കുന്നതായും കാണാം. അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന ജീവിതനിലവാരം, വർദ്ധിച്ചുവരുന്ന ദുരിതം, ദാരിദ്ര്യം എന്നിവയിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ മറ്റെന്താണ് അദ്ദേഹത്തിന് ചെയ്യാൻ കഴിയുക?
അസമിലെ ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങൾ സംസ്ഥാനത്തെ സാമൂഹ്യമായും സാമ്പത്തികമായും ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽപ്പെട്ടവരാണെന്നത് ഓർക്കേണ്ടതാണ്. തലമുറകളായി അവിടെ താമസിക്കുന്നവരാണെങ്കിലും, ആർഎസ്എസ്-ബിജെപി നേതാക്കൾ അവരെ ‘പുറത്തുള്ളവർ’ അല്ലെങ്കിൽ ‘നിയമവിരുദ്ധമായി കുടിയേറിയവർ’ എന്ന് ചിത്രീകരിക്കുന്നു. ഈ ആഖ്യാനമാണ് കുടിയൊഴിപ്പിക്കലുകൾക്കും വോട്ടവകാശം നിഷേധിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഭരണപരമായ നടപടികൾക്ക് ആക്കംകൂട്ടുന്നത്. അവരെ നിയമവിരുദ്ധരായ ‘വിദേശികൾ’ എന്ന് മുദ്രകുത്തുന്നതും രാജ്യം വിടാൻ നിർബന്ധിക്കുന്നതും ഇന്ത്യൻ ഭരണഘടനയുടെ തത്വങ്ങളുടെ ലംഘനം കൂടിയാണ്.
അസം മുഖ്യമന്ത്രിയും ആർഎസ്എസ്-ബിജെപി കൂട്ടുകെട്ടും അസമിലെ മതന്യൂനപക്ഷങ്ങളിൽപ്പെട്ട പാവപ്പെട്ട ഇന്ത്യൻ പൗരന്മാർക്കെതിരെ നടത്തുന്ന തുടർച്ചയായ വിഷലിപ്തമായ വിദ്വേഷ പ്രചാരണത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചുകൊണ്ട്, എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) അസം സംസ്ഥാന സെക്രട്ടറി സഖാവ് ചന്ദ്രലേഖ ദാസ് ഫെബ്രുവരി 3ന് പുറത്തിറക്കിയ പ്രസ്താവനയിൽ ഇപ്രകാരം പറഞ്ഞു:
“അപ്പർ അസമിലെ മതന്യൂനപക്ഷങ്ങളിൽപ്പെട്ട പാവപ്പെട്ട കൂലിപ്പണിക്കാർക്കുനേരെ അടുത്തയിടെ നടന്ന ആക്രമണം സംസ്ഥാനത്ത് നിലനിൽക്കുന്ന ഭയാനകമായ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യമാണ് വെളിവാക്കുന്നത്. കഠിനാധ്വാനികളായ ഈ പാവപ്പെട്ട മനുഷ്യർ യഥാർത്ഥ ഇന്ത്യൻ പൗരന്മാരാണ്. അവരിൽ ഭൂരിഭാഗവും കർഷകരാണ്, ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഠിനമായി അധ്വാനിക്കുകയും അതുവഴി സംസ്ഥാന സമ്പദ്വ്യവസ്ഥയിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നവരാണ്. ഈ പാവപ്പെട്ട ജനങ്ങൾക്കുനേരെയുള്ള ആക്രമണം നിയമവിരുദ്ധം മാത്രമല്ല, മനുഷ്യത്വരഹിതം കൂടിയാണ്. ഈ വിദ്വേഷ പ്രചാരണം സാമുദായിക ഐക്യത്തെ തകർക്കുക മാത്രമല്ല, സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെയും ദോഷകരമായി ബാധിക്കും. ഒരു വിഭാഗത്തിലെ പാവപ്പെട്ടവർ മറ്റൊരു വിഭാഗത്തിലെ പാവപ്പെട്ടവരുടെ അവകാശങ്ങൾ ഒരിക്കലും തട്ടിയെടുക്കുന്നില്ല എന്നത് പറയേണ്ടതില്ലല്ലോ; അതുകൊണ്ടുതന്നെ, രാജ്യത്തെ ഞെരിച്ചുകൊണ്ടിരിക്കുന്ന ചൂഷണാധിഷ്ഠിത മുതലാളിത്ത വ്യവസ്ഥക്കെതിരെ ഒരുമിച്ചുനിന്നു പോരാടുന്നതിലൂടെ മാത്രമേ അവരുടെ ഐക്യം കൂടുതൽ ശക്തിപ്പെടുത്താൻ കഴിയൂ.
സംസ്ഥാനത്തെ ജനങ്ങൾ കഠിനാധ്വാനികളായ ആ പാവപ്പെട്ട നിസ്സഹായർക്കൊപ്പം നിൽക്കണമെന്നും, ഭരണവർഗത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നവരുടെ പ്രലോഭനങ്ങളിൽ വീഴരുതെന്നും, സാമുദായിക ഐക്യം ഉറപ്പാക്കി ജനവിരുദ്ധ ശക്തികളുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്താൻ പരസ്പര സാഹോദര്യം ശക്തിപ്പെടുത്തണമെന്നും എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) ആഹ്വാനം ചെയ്യുന്നു.”
