ഇടതുലേബലിൽ കൊഴുക്കുന്ന അധോലോക വാഴ്ച

protection-.1725305733.webp
Share

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിപ്പെടുത്തലുകളുടെ അലയൊലികൾ അടങ്ങുംമുമ്പേ സിപിഐ(എം)ന്റെ സ്വതന്ത്ര എംഎൽഎ പി.വി. അൻവർ സംസ്ഥാന പൊലീസ് ഭരണത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ്. ഇടതുഭരണത്തിന്റെ തിരശ്ശീലയ്ക്കുപിറകിൽ അധോലോകപ്രവർത്തനങ്ങൾ ആസൂത്രിതമായി അരങ്ങേറുന്നുവെന്ന് ഒരു എംഎല്‍എ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അന്ധാളിപ്പ് ഉളവാക്കുന്നു. ഒപ്പം ഈ ആരോപണങ്ങൾ ഇടതുജനാധിപത്യ വിശ്വാസികൾ ഏവരെയും ആശങ്കാകുലരുമാക്കുന്നു.

ആരോപണങ്ങൾ വാക്കാൽ ഉന്നയിക്കുക മാത്രമല്ല, മലപ്പുറം മുൻ എസ്‌പിയും നിലവില്‍ പത്തനംതിട്ട എസ്‌പിയുമായ ഐപിഎസ് ഉദ്യോഗസ്ഥനുമായി നടന്ന ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും അൻവർ പുറത്തുവിട്ടു. ഔദ്യോഗിക ക്വാർട്ടേഴ്സിലെ മരംമുറിച്ച് സ്വന്തം ആവശ്യത്തിന് ഫർണ്ണിച്ചർ നിർമ്മിച്ച സംഭവത്തിൽ എംഎൽഎ നൽകിയ പരാതി പിൻവലിക്കാൻ ഈ ഉദ്യോഗസ്ഥൻ കേണപേക്ഷിക്കുന്നതാണ് കേരളം കേട്ടത്. അതിൽ ഇപ്പോഴത്തെ എസ്‌പിക്കും, ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കുമെതിരെ ഈ ഐപിഎസ് ഉദ്യോഗസ്ഥൻ നടത്തുന്ന പരാമർശങ്ങൾ കേൾക്കുന്ന ജനാധിപത്യബോധമുള്ള ഏതൊരാൾക്കും കേരളത്തിലെ പൊലീസ് സേനയുടെ ഇപ്പോഴത്തെ അവസ്ഥ ഞെട്ടലുണ്ടാക്കും. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണ്ണക്കടത്തിലെ പ്രധാനകണ്ണിയാണ് ഈ ഐപിഎസ് ഉദ്യോഗസ്ഥനെന്നും, സംസ്ഥാനത്തെ സ്വർണ്ണക്കടത്ത് ഏകോപിപ്പിക്കുന്ന ആളാണ് എഡിജിപി എന്നും അൻവർ ആരോപിക്കുന്നു. അതിനായി കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുക, വേണ്ടപ്പെട്ടവർക്കുവേണ്ടി കേസുകൾ ഒതുക്കിക്കൊടുക്കുക, മറ്റുപലർക്കുമെതിരെ കള്ളക്കേസുകളുണ്ടാക്കുക എന്നിങ്ങനെയുള്ള കൃത്യങ്ങൾ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ആജ്ഞാനുസരണം നടത്തിക്കൊടുക്കുന്ന ആളാണ് എഡിജിപി എം.ആർ.അജിത് കുമാർ എന്ന് അൻവർ പറയുന്നു. തിരുവനന്തപുരത്തെ ഏറ്റവും കണ്ണായ സ്ഥലത്ത് കോടികൾ മുടക്കി ഈ ഉദ്യോഗസ്ഥൻ ബംഗ്ലാവ് പണിയുന്നതിന്റെ തെളിവുകളും എംഎൽഎ പുറത്തുവിട്ടു. മന്ത്രിമാരുടെ അടക്കം പല രാഷ്ട്രീയനേതാക്കളുടെയും പല മാധ്യമപ്രവർത്തകരുടെയും ഫോണുകൾ നിയമവിരുദ്ധമായി ഈ ഉദ്യോഗസ്ഥൻ ചോർത്തുന്നുണ്ട് എന്ന ഗുരുതര ആരോപണവും അൻവർ ഉന്നയിച്ചു. മലപ്പുറത്തെ നിലവിലെ എസ് പിയുമായി കുറച്ചു ദിവസങ്ങളായി തുറന്ന പോരിലായിരുന്നു എംഎൽഎ. അതിന്റെ തുടർച്ചയാണ് ഈ സംഭവവികാസങ്ങൾ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും അവിടെനിന്ന് ആഭ്യന്തരവകുപ്പിനെ നിയന്ത്രിക്കുന്ന പൊളിറ്റിക്കൽ സെക്രട്ടറിയും സിപിഐ(എം) സംസ്ഥാനക്കമ്മിറ്റി അംഗവുമായ പി.ശശിയിലേക്കുമാണ് അൻവറിന്റെ ആരോപണങ്ങൾ നീണ്ടത്.

ഭരണകക്ഷി എംഎൽഎ തന്നെ ഇങ്ങനെ ഗുരുതരമായ ഒരു ആരോപണം ഉന്നയിച്ചിട്ടും പ്രതിരോധിക്കാനോ തള്ളിപ്പറയാനോ മുഖ്യമന്ത്രിയോ പാർട്ടിനേതൃത്വമോ തയ്യാറായില്ല. മറ്റൊരു സിപിഐ(എം) സ്വതന്ത്ര എംഎൽഎയും മുൻമന്ത്രിയുമായ കെ.ടി.ജലീൽ, മുൻ എംഎൽഎ കാരാട്ട് റസാഖ് തുടങ്ങിയവരാകട്ടെ അൻവറിനു തുറന്ന പിന്തുണയുമായെത്തി. തുടർന്ന്, ഇതേ എഡിജിപിയെ വേദിയിലിരുത്തി മുഖ്യമന്ത്രി പരസ്യമായി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും, അത് പ്രഹസനമായി ഭവിക്കുന്നതും ജനങ്ങൾ കണ്ടു. ആരോപണവിധേയനായ ഉന്നതഉദ്യോഗസ്ഥനും പൊളിറ്റിക്കൽ സെക്രട്ടറിയും പദവികളിൽ തുടരുന്നു. എഡിജിപിയുടെ തന്നെ കീഴുദ്യോഗസ്ഥരെയാണ് അദ്ദേഹത്തിനെതിരെ അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. ഇതിനപ്പുറം പ്രഹസനം എന്തുണ്ട്? സേനയ്ക്ക് മാനക്കേടുണ്ടാക്കിയതിന്റെ പേരിൽ അൻവറുമായി ഫോണിൽ സംസാരിച്ച എസ് പിയെ സസ്പെന്റ് ചെയ്തിട്ടുണ്ട്. എഡിജിപിയെ പദവിയിൽനിന്ന് മാറ്റിനിർത്തി അന്വേഷിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി തയ്യാറായില്ല എന്നാണ് റിപ്പോർട്ടുകൾ. പ്രതിപക്ഷവും ഭരണമുന്നണിയിലെ രണ്ടാമനായ സിപിഐ ഉൾപ്പെടെ പല ഘടകകക്ഷികളഉം ആവശ്യപ്പെട്ടിട്ടും ഇപ്പോഴും അജിത് കുമാർ തൽസ്ഥാനത്ത് തുടരുന്നു.


മുഖ്യമന്ത്രിയെ നേരിട്ടുകണ്ട അൻവർ തുടക്കത്തിൽ മയപ്പെട്ടുവെങ്കിലും, അടുത്ത ദിവസങ്ങളിൽ വീണ്ടും പൊലീസ് ഉന്നതർക്കെതിരെ ആഞ്ഞടിക്കുകയുണ്ടായി. പിന്നാലെ, എഡിജിപി അജിത് കുമാർ ആർഎസ്എസ് ജനറൽ സെക്രട്ടറിയുമായും ആ‍ർഎസ്എസ്-ബിജെപി നേതാവ് റാംമാധവുമായും കൂടിക്കാഴ്ച്ച നടത്തിയതിന്റെയും വിവരം പുറത്തുവന്നു. ആർഎസ്എസിന്റെ സംഘടനാ സംവിധാനത്തിൽ രണ്ടാമനായ ദത്താത്രേയ ഹോസബെല്ലയുമായി കൂടിക്കാഴ്ച്ച നടത്തിയത് അജിത് കുമാർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പിണറായി വിജയന്റെ വിശ്വസ്തനായ ഈ ഉദ്യോഗസ്ഥൻ, ലോക് സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ആർഎസ്എസ് നേതാക്കളുമായി ച‍ർച്ച നടത്തിയെന്നത് വലിയൊരു രാഷ്ട്രീയവിവാദത്തിനു തിരികൊളുത്തി. തൃശൂർ പൂരം കലക്കി ബിജെപി വിജയത്തിനു വഴിവെട്ടിയതിനു പിന്നിൽ എഡിജിപിയുടെ ഇടപെടലുണ്ടെന്ന് പറഞ്ഞത് പി.വി.അൻവർ എംഎൽഎ തന്നെയാണ്. എഡിജിപിയുടെ സന്ദർശനം മുഖ്യമന്ത്രി അറിയാതെ നടക്കില്ല എന്നത് സിപിഐ(എം) അണികൾക്കു പോലും അറിയാം. ഇന്റലിജൻസ് വിഭാഗവും സ്പെഷ്യൽ ബ്രാഞ്ചുമൊക്കെ വഴി ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ചെവിയിലെത്തിയിട്ടുണ്ടെന്നത് തർക്കമില്ലാത്ത വസ്തുതയാണ്.


പിണറായി വിജയൻ സർക്കാരിന്റെ നാളിതുവരെയുള്ള ഭരണത്തിൽ കേന്ദ്രത്തിലെ ബിജെപി സർക്കാരിനോട് നയപരമായുള്ള വിധേയത്വത്തിന് എത്രയോ തെളിവുകളുണ്ട്. എന്നാൽ, മുഖ്യമന്ത്രിയുടെ അറിവോടെ അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തൻ ആ‍ർഎസ്എസുമായി രഹസ്യചർച്ചകൾ നടത്തിയതിലൂടെ വഞ്ചിക്കപ്പെട്ടത് കേരളത്തിലെ ഇടതുപക്ഷമനഃസാക്ഷിയും ഇന്നും സിപിഐ(എം)ൽ അടിയുറച്ചു വിശ്വസിക്കുന്ന അണികളുമാണ്. ഇനി അദ്ദേഹം ഇതൊന്നും അറിഞ്ഞില്ല എന്നാണ് വാദമെങ്കിൽ, മൂക്കിനു താഴെനടക്കുന്ന കാര്യങ്ങൾപോലും അറിയാൻ കെൽപ്പില്ലാത്ത, തടയാൻ ശേഷിയില്ലാത്ത ഇങ്ങനെയൊരാളാണോ കേരളത്തിന്റെ ഭരണം മുന്നോട്ടുകൊണ്ടുപോകേണ്ടത് എന്ന് രാഷ്ട്രീയകേരളം ചിന്തിക്കേണ്ടതുണ്ട്. അധികാരത്തിന്റെ തണലിൽ മാഫിയ സ്വഭാവത്തിലുള്ള പ്രവർത്തനങ്ങളും കുറ്റകൃത്യങ്ങളും വളരുകയാണ് കേരളത്തിൽ എന്നതും തെളിഞ്ഞ കാര്യമാണ്.


പിണറായി വിജയന്റെ കഴിഞ്ഞ ഭരണകാലത്താണ് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് സംശയനിഴലിൽ വന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എം.ശിവശങ്കർ ഈ കേസിൽ അറസ്റ്റിലാകുകയും ജയിലിൽ കിടക്കുകയും ചെയ്തു. ഏറെ മുന്നോട്ടുപോകാതെ അന്വേഷണം മരവിച്ചുവെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതർ അതിൽ ഇടപെട്ടിട്ടുണ്ടെന്നത് പകൽപോലെ വ്യക്തമായി. ഇപ്പോഴത്തെ ആരോപണങ്ങൾ എത്തിനിൽക്കുന്നതാകട്ടെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും വിവിധ ആരോപണങ്ങളാൽ കളങ്കിതനായി സിപിഐ(എം)ൽനിന്നും പുറത്താക്കേണ്ടി വന്നിട്ടുള്ളതുമായ പി.ശശിയിലും. സ്വർണ്ണക്കടത്തും അതുമായി ബന്ധപ്പെട്ട് കൊലപാതകമടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളും ആ ഓഫീസിന്റെ മറയിൽ ആസൂത്രണം ചെയ്യുന്നു എന്ന ആരോപണമുയരുമ്പോഴും ശക്തമായ പ്രതിരോധമോ, വ്യക്തമായ തിരുത്തൽനടപടികളോ, പേരിനുപോലും അന്വേഷണമോ ഉണ്ടാകുന്നില്ല. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണം സംബന്ധിച്ച അന്വേഷണങ്ങളും എങ്ങനെ പോകുന്നു വെന്ന് നമ്മൾ കാണുന്നുണ്ട്.


സംസ്ഥാനത്തെ പദ്ധതി നിർവ്വഹണം ഇന്ന് നിയന്ത്രിക്കുന്നത് ധനകാര്യവകുപ്പല്ല, കിഫ്ബിയാണ്. കിഫ്ബിയുടെ തലപ്പത്തുള്ളത് മുഖ്യമന്ത്രിയുടെ മുഖ്യ പ്രിന്‍സിപ്പൽ സെക്രട്ടറി സ്ഥാനം കൂടി ക്യാബിനറ്റ് റാങ്കോടെ വഹിക്കുന്ന മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമാണ്. പഴയ എൽഡിഎഫ് സർക്കാരുകളിൽ പാർട്ടി ഭരിക്കുന്ന വകുപ്പുകളുടെ നിയന്ത്രണം പാർട്ടി സംസ്ഥാനനേതൃത്വത്തിനായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. എന്നാൽ പിണറായി വിജയൻ സർക്കാരിൽ പാർട്ടിയല്ല, മുഖ്യമന്ത്രിയുടെ ഓഫീസാണ് എല്ലാ വകുപ്പുകളും നിയന്ത്രിക്കുന്നത്. പല വകുപ്പുകളിലും മന്ത്രിമാർ റബ്ബർസ്റ്റാമ്പുകൾ മാത്രമാകുന്നു. വകുപ്പു മേധാവികളായ ഐഎഎസുകാരിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് കാര്യങ്ങൾ നിയന്ത്രിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ നയിക്കുന്ന കുറച്ച് ഉപദേശകരും, സ‍ർവ്വീസിലുള്ളവരും വിരമിച്ചവരുമായ കുറച്ച് ഉദ്യോഗസ്ഥരും പിന്നെ പൊളിറ്റിക്കൽ സെക്രട്ടറിയും ഉൾപ്പെടുന്ന അധികാരകേന്ദ്രമാണ് സംസ്ഥാന ഭരണത്തെ ആകമാനം നയിക്കുന്നത്. മൂലധനതാൽപ്പര്യം മാത്രം മുൻനിർത്തിക്കൊണ്ട് ആഗോളവൽക്കരണ-നവലിബറൽ നയങ്ങളുടെ സമഗ്രനടത്തിപ്പ് ഉറപ്പാക്കാനുള്ളതാണ് ഈ അധികാരകേന്ദ്രം. സർക്കാരിനെ നയിക്കുന്ന പാർട്ടി ഏതാണെങ്കിലും നയങ്ങളുടെ കടുകിട മാറാത്ത തുടർച്ച ഉറപ്പാക്കുന്നതും ഈ അധികാരകേന്ദ്രമാണ്.
പിണറായി വിജയന്റെ കഴിഞ്ഞ തവണത്തെയും ഇത്തവണത്തെയും സർക്കാരുകളുടെ കാലയളവുകളിൽ ഉണ്ടായ എല്ലാ വിവാദ ഇടപാടുകളും ചെന്നുനിന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. ജനാധിപത്യാതീത ശക്തിയായി പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയുമൊക്കെ ഓഫീസ് മാറുന്നതാണ് ചങ്ങാത്ത മുതലാളിത്തത്തിന്റെ ഇക്കാലത്ത് ഇന്ത്യയിൽ നമ്മൾ കാണുന്നത്. അതു തന്നെയാണ് സിപിഐ(എം) നേതൃത്വത്തിൽ ഭരണം നടക്കുന്ന കേരളത്തിലും സംഭവിക്കുന്നത്. ഇപ്പോൾ അന്‍വർ എംഎൽഎയുടെ ആരോപണങ്ങൾ, സ്വർണ്ണം പൊട്ടിക്കലുൾപ്പടെ, ചെന്നെത്തിനിൽക്കുന്നതും മുഖ്യമന്ത്രിയുടെ ഓഫീസിലാണ്.


അന്താരാഷ്ട്ര സ്വർണ്ണക്കള്ളക്കടത്തിന്റെ ശൃംഖലയിലേക്ക് കേരളവും കണ്ണിചേർക്കപ്പെട്ടിട്ടുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ആഫ്രിക്കയിൽനിന്ന് അനധികൃതമായി ഖനനം ചെയ്യപ്പെടുന്ന സ്വർണ്ണം ഗൾഫ് വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്ന കള്ളക്കടത്ത് ശൃംഖല പ്രവർത്തിക്കു ന്നുണ്ടെന്നത് അന്താരാഷ്ട്രമാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്ത കാര്യമാണ്. ഗൾഫിൽനിന്നും കേരളത്തിലേക്കുള്ള സ്വർണ്ണക്കടത്താകട്ടെ, എത്രയോ കാലമായി യാഥാർത്ഥ്യവുമാണ്. ചെറിയ തോതിലുള്ള കടത്തിനു പകരം സ്വർണ്ണക്കള്ളക്കടത്തിന്റെയും അതുമായി ബന്ധപ്പെട്ട പണമിടപാടുകളുടെയും ഹബ്ബായി കേരളം മാറി. പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തശേഷം ഇതിന് വളരെ ആക്കം കൂടിയതായാണ് റിപ്പോർട്ടുകൾ. ഒന്നാം പിണറായി സർക്കാരിനെ പിടിച്ചുകുലുക്കിയ സ്വർണ്ണക്കടത്തുകേസും ഇതിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു വരെയെത്തിയ അന്വേഷണവും ഓർക്കുക. നയതന്ത്ര ചാനലുകൾ ഉപയോഗിച്ചുവരെ സ്വർണ്ണം കടത്തിയതായി കണ്ടെത്തിയിരുന്നു. ശിവശങ്കർ അഴിക്കകത്തായതോടെ അന്വേഷണം നിലച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ന ഇഡിക്ക് പല്ലും നഖവും നൽകിയ പിഎംഎൽഎ നിയമം കള്ളക്കടത്തും അതുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കലും അന്വേഷിക്കാനും നടപടിയെടുക്കാനുമാണ്. എന്നാൽ ഇത്തരത്തിൽ, രാജ്യത്തെ തന്നെ ഏറ്റവും പ്രമാദമായ കേസായി ഉയർന്നുവന്നിട്ടും, അതിൽ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഘടകങ്ങളുണ്ടായിട്ടും ഇഡിയോ കേന്ദ്രസർക്കാരിന്റെ മറ്റ് ഏജൻസികളോ ഇതിൽ അന്വേഷണം മുന്നോട്ടുകൊണ്ടു പോവുകയോ നടപടികളെടുക്കുകയോ ചെയ്തോ? വീണ്ടും വീണ്ടും സ്വർണ്ണക്കടത്ത് പിടിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ആരെല്ലാമാണിതിന്റെ ഗുണഭോക്താക്കൾ? എവിടെയെല്ലാമാണീ തുകകൾ നിക്ഷേപിക്കപ്പെടുന്നത്? അന്വേഷിക്കേണ്ടത് കേവലം സംസ്ഥാന പൊലീസ് മാത്രമല്ല. രാജ്യത്തിന്റെ സാമ്പത്തിക ഘടനയെത്തന്നെ അട്ടിമറിക്കുന്ന ഈ വിഷയത്തിൽ എത്ര ഉദാസീനമായ നിലപാടാണ് കേന്ദ്രസർക്കാർ കൈക്കൊള്ളുന്നത്. താരതമ്യേന ഇതിലുമെത്രയോ ആഘാതം കുറഞ്ഞ കേസുകളിലാണ് മറ്റു സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരടക്കം അഴിക്കുള്ളിലായത്. എന്നാൽ പ്രതിപക്ഷം ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ ഉറഞ്ഞുതുള്ളുന്ന ഇഡി, അന്വേഷണം പിണറായി വിജയനിലേക്കെത്തുമ്പോൾ വാലുചുരുട്ടി പിൻവാങ്ങുന്നു. വീണ വിജയന്റെ സ്ഥാപനം ഉൾപ്പെട്ട സിഎംആർഎൽ മാസപ്പടി കേസിലും,കള്ളപ്പണം വെളുപ്പിക്കൽ ആരോപണമുണ്ടായിരിക്കെ ഇഡിയുടെ മുട്ടിടിക്കുന്നത് നമ്മൾ കാണുന്നുണ്ട്.


കേരളത്തിൽ പിടിമുറുക്കിയിരിക്കുന്ന ക്രിമിനൽ സ്വഭാവമുള്ള മൂലധനവും അത് സൃഷ്ടിക്കുന്ന പ്രതിസന്ധികളും നമ്മൾ ചർച്ച ചെയ്യേണ്ടതുണ്ട്. അത് സ്വർണ്ണക്കടത്തിലോ മറ്റ് കള്ളക്കടത്തിലോ മാത്രം ഒതുങ്ങുന്നതല്ല. വിവിധ മാഫിയകളുടെ പിടിയിലാണിന്ന് കേരളം എന്നു പറഞ്ഞാൽ അതിശയോക്തിയില്ല. കേരളത്തിന്റെ മലകൾ തുരന്നും തകർത്തും യാതൊരു ദാക്ഷിണ്യവുമില്ലാതെ പാറപൊട്ടിച്ചു കടത്തുന്ന ക്വാറി-ക്രഷർ യൂണിറ്റുകൾ എത്രയോ ഇടങ്ങളിൽ സാധാരണക്കാരുടെ സ്വൈരജീവിതത്തിന് ഭീഷണിയാണിന്ന്. ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്കൊപ്പമല്ല, അവരുടെ ജീവനും സ്വത്തിനും ഭീഷണിയായ ക്വാറിമാഫിയയ്ക്കൊപ്പമാണ് ഭരണകൂടം. വയനാട് അടക്കമുള്ള ദുരന്തങ്ങൾ ആവർത്തിച്ചിട്ടും യാതൊരു മാറ്റവും ഇതിൽ കാണുന്നില്ല. കേരളമെമ്പാടും പിടിമുറുക്കി, സാധാരണക്കാരന് ഒരു തുണ്ട് ഭൂമിപോലും വാങ്ങാനാകാത്ത സ്ഥിതി സൃഷ്ടിക്കുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്യുന്ന റിയൽ എസ്റ്റേറ്റ് സംഘങ്ങളും പ്രവർത്തിക്കുന്നു. ആലപ്പുഴയിലെ തോട്ടപ്പള്ളിയിൽ മാഫിയ സ്വഭാവത്തിൽ തന്നെയാണ് കരിമണൽ ഖനനം നടത്തുന്നത്. കെഎംഎംഎല്ലിന്റെയും പ്രളയ പ്രതിരോധത്തിന്റെയുമൊക്കെ പേരു പറഞ്ഞാണ് ആ പ്രദേശത്തെ ഇല്ലാതാക്കുംവിധം മണൽ കടത്തുന്നത്.


നമ്മുടെ കുട്ടികളെപ്പോലും ഇരകളാക്കികൊണ്ട്, കേരളീയ യുവതയെ അടിമകളാക്കി ലഹരിമാഫിയ തഴയ്ക്കുകയാണ്. സ്വർണ്ണം പോലെതന്നെ ലഹരിക്കടത്തിന്റെയും ഹബ്ബായി കേരളം മാറുകയാണെന്നാണ് റിപ്പോർട്ടുകൾ. സിന്തറ്റിക് ലഹരിയെന്ന അതിമാരക പദാർത്ഥങ്ങൾ ഗ്രാമങ്ങളിൽ പ്പോലും സുലഭമാകുന്നു. മറുവശത്ത്, സ്ത്രീകളെയും കുട്ടികളെയുംപോലും ലഹരിയിലേക്ക് കൈപിടിച്ചു നടത്താൻ പാകത്തിൽ മദ്യം കുത്തിയൊഴുക്കി സംസ്ഥാന സർക്കാർ തന്നെ ലഹരിവ്യാപനത്തിന് അടിത്തറയൊരുക്കുന്നു. എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി നിർല്ലോഭമായി ബാർ ലൈസൻസുകൾ അനുവദിച്ചതും ബെവ്കോ വിൽപ്പനശാലകൾ വ‍ർധിപ്പിച്ചതും പിണറായി വിജയൻ സർക്കാരാണ്.
തൊഴിൽനിയമങ്ങൾ കാറ്റിൽപ്പറത്തി അങ്ങേയറ്റം തൊഴിൽചൂഷണം നടമാടുന്ന തരത്തിലാണ് കേരളത്തിൽ പുത്തൻ മൂലധന സംരംഭങ്ങൾ പലതും പ്രവർത്തിക്കുന്നത്. നിയമപരമായും അല്ലാതെയും പ്രവർത്തിക്കുന്ന പണമിടപാട് സ്ഥാപനങ്ങൾ വെറേ. മൂലധനത്തിന് ക്രിമിനൽ സ്വഭാവമേറുന്നു. ക്രിമിനൽ രീതിയിൽ സമാഹരിക്കപ്പെടുന്ന മൂലധനം നിക്ഷേപമായി മാറി, കോർപ്പറേറ്റ് മൂലധനമായി പരിവർത്തനപ്പെടുന്നത് സമീപകാല യാഥാർത്ഥ്യമാണ്. അത് ഏതുവിധേനയും കൂടുതൽ വളരാനും വികസിക്കാനും ഭരണകൂടത്തിന്റെ ചങ്ങാത്തവും തണലും ഉപയോഗപ്പെടുത്തി, വഴിവിട്ടതും ജനാധിപത്യവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ മാർഗ്ഗങ്ങളടക്കം സ്വീകരിക്കുന്നു.


പി.വി.അൻവറിന്റെ ആരോപണങ്ങൾ ഇപ്പോൾ മറനീക്കി പുറത്തു കൊണ്ടുവന്നിരിക്കുന്ന ഒരു വസ്തുത, പിണറായി വി‍ജയൻ സർക്കാരിൽ സംഘപരിവാറിനുള്ള സ്വാധീനമാണ്. പ്രത്യേകിച്ചും പൊലീസിൽ. എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ സന്ദർശിച്ച് ചർച്ച നടത്തിയത് കേവലം യാദൃച്ഛികമായ സംഗതിയല്ല. ശബരിമല വിവാദത്തിൽ മുതലെടുക്കാൻ ബിജെപിക്കും സംഘപരിവാറിനും പൊലീസ് അവസരമൊരുക്കിക്കൊടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പുകാലത്ത് തൃശൂർ പൂരത്തിൽ പൊലീസ് കുഴപ്പമുണ്ടാക്കിയത് അങ്ങേയറ്റം ദുരൂഹമാണ്. അതിനെക്കുറിച്ച് നടന്ന പോലീസ് അന്വേഷണത്തിന്റെ റിപ്പോർട്ട് 4 മാസം പിന്നിട്ടിട്ടും പുറത്തുവിട്ടിട്ടില്ല. പൂരം കലക്കൽ കേവലം അധികാരദു‍ർവിനിയോഗം മാത്രമായിരുന്നില്ല, ആസൂത്രിതമായി അരങ്ങേറിയതാണെന്ന് ഇപ്പോൾ ഭരണകക്ഷി എംഎൽഎ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അതിന്റെ ഗുണഭോക്താവാരാ യിരുന്നു എന്നും നമുക്കറിയാം. പൊലീസിൽ ഇന്ന് സിപിഐ(എം)ന്റെ പ്രാദേശികനേതാക്കളെക്കാൾ സ്വാധീനം പലയിടത്തും ബിജെപി നേതാക്കൾക്കുണ്ടെന്ന് അവർക്കുതന്നെയറിയാം. സംസ്ഥാന പൊലീസിന്റെ തലപ്പത്തുനിന്ന് പിണറായി സർക്കാരിന് അനഭിമതരായ ഉദ്യോഗസ്ഥർ യോഗ്യതയുണ്ടായിട്ടും മാറ്റിനിർത്തപ്പെടുമ്പോഴും ബിജെപി കേന്ദ്രനേതൃത്വത്തിന് താത്പര്യമുള്ളവർ അവരോധിക്കപ്പെടുന്നുണ്ട്. വിരമിച്ചശേഷം ബിജെപി പാളയത്തിൽ ചേരുന്ന ഉന്നത ഉദ്യോഗസ്ഥരെയും നമ്മൾ കാണുന്നു. സിപിഐ(എം)നോട് അനുഭാവം പ്രകടിപ്പിക്കുന്ന സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ തീവെപ്പുകേസിൽ ആർഎസ്എസ് ബന്ധമുള്ള പ്രതികളെ സംരക്ഷിക്കാൻ പൊലീസ് നടത്തുന്ന കളികൾ ഇപ്പോൾ പി.വി.അൻവറും വെളിപ്പെടുത്തിയിട്ടുണ്ട്. ഈ കേസ് അന്വേഷിച്ച ഡിവൈഎസ് പി ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ബൂത്ത് ഏജന്റായി പ്രവർത്തിച്ചു എന്ന ഗുരുതര ആരോപണവും അൻവർ ഉന്നയിച്ചു. അതിനും എത്രയോ മുമ്പ്, കേരള പൊലീസിലെ ആർഎസ്എസ് സെല്ലുകളെക്കുറിച്ച് പരാമർശിച്ചത് സിപിഐയുടെ ദേശീയ നേതാവായ ആനി രാജയായിരുന്നു.
കേന്ദ്രസർക്കാരിന്റെ നോമിനിയായതിനാലാണ് രമണ്‍ ശ്രീവാസ്തവയെപ്പോലെ കുപ്രസിദ്ധനായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിണറായി വിജയന്റെ ഉപദേശകനായി, ചീഫ് സെക്രട്ടറി റാങ്കിൽ നിയമിതനായത്. അദ്ദേഹത്തെയെന്നല്ല, ലോക് നാഥ് ബെഹ്റ മുതലുള്ള ഏവരെയും സന്താഷപൂർവ്വം പിണറായി ഭരണം ഉന്നതങ്ങളിൽ കുടിയിരുത്തുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള സമവായത്തിന്റെ അടിസ്ഥാനത്തിലാണ്. ഇവരുടെ ഉപദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൂറുശതമാനവും പിണറായി സർക്കാരിന് സ്വീകാര്യമാണ്. യുഎപിഎ ചുമത്തൽ, മാവോ വേട്ടയുടെ പേരിലുള്ള ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, ഗൂണ്ടാവിളയാട്ടം, മാധ്യമവേട്ട, സമൂഹമാധ്യമ നിയന്ത്രണ നിയമങ്ങൾ തുടങ്ങി ഇരുസർക്കാരുകളുടെയും പോലീസ് നയങ്ങളിൽ കാണുന്ന അസാധാരണമായ സമവായം ഇപ്രകാരം വന്നതാണ്.
അൻവറിന്റെ ആരോപണങ്ങൾ നിഷേധിക്കാൻ സിപിഐ(എം)എം നേതൃത്വമോ സർക്കാരോ തയ്യാറായിട്ടില്ല എന്നതും ഗൗരവം വർദ്ധിപ്പിക്കുന്നു. നിഷേധിച്ചില്ല എന്നു മാത്രമല്ല, എഡിജിപി ആർഎസ്എസ് മേധാവിയുമായി ച‍ർച്ച നടത്തിയതിനെ യാതൊരു ഉളുപ്പുമില്ലാതെ സിപിഐ(എം)ന്റെ പ്രധാനനേതാക്കൾ ന്യായീകരിക്കുന്നു. സ്പീക്കർ എ.എൻ.ഷംസീറാകട്ടെ, ആർഎസ്എസ് ഒരു പ്രധാന സംഘടനയാണെന്നുവരെ പറഞ്ഞാണ് എഡിജിപിയുടെ സന്ദർശനത്തെ ന്യായീകരിച്ചത്. കേരള പൊലീസിലെ ആർഎസ്എസ് ഇടപെടലിൽ ഒരു പ്രശ്നവും ഇക്കൂട്ടർ കാണുന്നില്ലെന്നതാണ് ഏറ്റവും കൗതുകകരം. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇടതുമുന്നണി കണ്‍വീനറായിരുന്ന ഇ.പി.ജയരാജൻ നടത്തിയ കൂടിക്കാഴ്ച്ചയും ഇവിടെ കൂട്ടിവായിക്കണം. അപ്പോൾ യഥാർത്ഥത്തിൽ ഇവരുടെ രാഷ്ട്രീയം എന്തിനെ പ്രതിനിധാനം ചെയ്യുന്നുവെന്ന് ഇടത് അനുഭാവികളടക്കമുള്ള സാധാരണ ജനങ്ങൾ ആലോചിക്കേണ്ടിയിരിക്കുന്നു.


ആരാണ് പി.വി.അൻവർ? നീതിയുടെ പക്ഷത്തുനിന്ന് പോരാട്ടം നയിച്ച വീരകഥകളുടെ ചരിത്രമൊന്നും ഇദ്ദേഹത്തിനില്ല. എംഎൽഎയും കുടുംബവും 31.26 ഏക്കർ മിച്ചഭൂമി കേരള ഭൂപരിഷ്കരണ നിയമത്തിനുവിരുദ്ധമായി കൈവശംവച്ചിട്ടുണ്ടെന്ന് താമരശ്ശേരി ലാന്റ് ബോർഡ് റിപ്പോർട്ട് നൽകിയിരുന്നത് കേരളം മറന്നിട്ടില്ല. കൈവശംവച്ച മിച്ചഭൂമിയെ സംബന്ധിച്ച് എംഎൽഎ വ്യാജരേഖകൾ ചമച്ച് ലാന്റ് യൂസ് ബോർഡിനു നൽകിയെന്നും റിപ്പോർട്ടിലുണ്ട്. പരിസ്ഥിതി നിയമം ലംഘിച്ച് നദിയുടെ പ്രവാഹത്തെ തടഞ്ഞുകൊണ്ട് ഇദ്ദേഹം പണിത തടയണ പൊളിച്ചുമാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇദ്ദേഹം നടത്തിയിട്ടുള്ള പരിസ്ഥിതി നിയമലംഘനങ്ങളുടെ തൽസ്ഥിതി മനസ്സിലാക്കാൻ 2019ൽ അവിടെ സന്ദർശിക്കാൻ പോയ എം.എൻ.കാരശ്ശേരി മാഷിന്റെ നേതൃത്വത്തിലുള്ള പരിസ്ഥതി പ്രവർത്തകരുടെ സംഘത്തെ തടയുകയും കൈയേറ്റം ചെയ്യുകയും അവരുടെ ഫോൺ പിടിച്ചുവാങ്ങുകയും വാട്ടർ പാർക്കിന്റെ ദൃശ്യങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഘടിത ആക്രമണത്തിന് പോലീസിന്റെ എല്ലാ ഒത്താശയും ഉണ്ടായിരുന്നു. ഇദ്ദേഹം കൊലപാതകക്കേസിൽ വിചാരണ നേരിടുന്ന ആളുമാണ്. നിയമവിരുദ്ധമായി മറ്റുള്ളവരുടെ ഫോൺ ചോർത്തിയിട്ടുണ്ടെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ ആളുമാണ്.
അതിനാൽ ഇദ്ദേഹം നയിക്കുന്നത് അഴിമതിവിരുദ്ധ പോരാട്ടമൊന്നുമല്ല. എംഎൽഎ എന്ന നിലയിലും പണത്തിന്റെ മുഷ്കിലും ഭരണതലത്തിൽ തന്റെ എല്ലാത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഒത്താശ ലഭിച്ചിരുന്ന ആളുമായിരുന്നു അദ്ദേഹം. ഈ ഒത്താശകൾക്ക് എവിടെയോ തടസ്സം വന്നപ്പോൾ, ചിലരുടെ അധോലോകനടപടികൾ പരസ്യമാക്കി അദ്ദേഹം വിലപേശുകയാണ്. സ്വന്തം താല്പര്യം സംരക്ഷിച്ചെടുക്കുന്നതിൽ അൻവറിനു വന്ന എന്തെങ്കിലും തടസ്സമോ പാർട്ടിയെയും ഭരണത്തെയും നിയന്ത്രിക്കുന്ന ഒരു വിഭാഗത്തിന്റെ നീരസമോ ഒക്കെയാകാം ഈ പെട്ടെന്നുള്ള പടയൊരുക്കത്തിനു കാരണം എന്നാണ് ന്യായമായും കരുതാവുന്നത്.
എന്നാൽ, ഈ വിലപേശലിന്റെ മുമ്പിൽ നിരായുധമായി, കീഴടങ്ങി നിൽക്കേണ്ട അപമാനകരമായ ഗതികേട് എന്തുകൊണ്ട് മുഖ്യമന്ത്രിക്കും കൂട്ടർക്കും ഉണ്ടായി? ഓരോരുത്തരുടെയും ഇരുണ്ട കൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം മറ്റുള്ളവരുടെ കയ്യിലുണ്ട്. ഈ ഭരണത്തിന്റെ പിന്നിൽ ഇന്നോളം നടന്നിട്ടുള്ള എണ്ണമറ്റ മാഫിയാ പ്രവർത്തനങ്ങളിലെ പങ്കാളിയും സാക്ഷിയുമായ പി.വി.അൻവറെ ശത്രുപക്ഷത്തേക്ക് തള്ളിവിടാതിരിക്കാനുള്ള തത്രപ്പാടാണ് നാം കാണുന്നത്. മറ്റുള്ളവരുടെ ഫോൺ ചോർത്തി എന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന എംഎൽഎക്കെതിരെ ഒരു എഫ്ഐആർ പോലും ഇടാൻ കഴിയാത്തതും ഒരു ഫലവുമുണ്ടാക്കാത്ത അന്വേഷണം പ്രഖ്യാപിച്ച് കാര്യങ്ങൾ ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതും അതിനാലാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സ്വർണ്ണക്കടത്തും ഡോളർ കടത്തും ഉൾപ്പടെയുള്ള അധോലോകഇടപാടുകളുടെ കേന്ദ്രമാണെന്ന ആരോപണം നേരത്തെ ഉയരുകയും അന്വേഷണം നേരിടുകയും ചെയ്യുന്ന ഘട്ടത്തിലാണ്, ഇവയ്ക്കെല്ലാം കുടപിടിക്കുകയും കേസുകൾ ഒതുക്കിത്തീർക്കാൻ ഉപജാപം നടത്തുകയുമാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പോലീസിലെ ഒരു ക്രിമിനൽ സംഘം ചെയ്യുന്നത് എന്ന അൻവറിന്റെ ആരോപണം പുറത്തുവന്നിട്ടുള്ളത്. അവയെ സംബന്ധിച്ച കൂടുതൽ വെളിപ്പെടുത്തലുകളെ മുഖ്യമന്ത്രിയും കൂട്ടരും ഭയപ്പെടുന്നു. അതിനാലാണ് ഈ ദയനീയമായ കീഴടങ്ങൽ.


ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗങ്ങളാകുന്നത് ആരാണ്? എന്താണ് അവരുടെ യോഗ്യത? ഏറ്റവും ചുരുങ്ങിയത്, തൊഴിലാളിവർഗ്ഗം ചൂഷണമനുഭവിക്കുക യാണെന്നും, ചൂഷകരായ മുതലാളിവർഗ്ഗത്തെ ഭരണകൂടാധികാരത്തിൽനിന്നും തൂത്തെറിഞ്ഞ് തൊഴിലാളിവ‍ർഗ്ഗഭരണകൂടം സ്ഥാപിക്കുവാനുള്ള വിപ്ലവപ്രവർത്തനത്തിൽ അണിചേരണമെന്നുമുള്ള ഉറച്ച ബോധ്യമെങ്കിലുമുള്ളയാളായിരിക്കണം. സിപിഐ(എം) അങ്ങനെയുള്ള വിപ്ലവബോധ്യമുള്ള സംഘടനയല്ലെങ്കിൽപോലും, ചൂഷണത്തിന് അന്ത്യമുണ്ടാകണം എന്ന് ആത്മാർ‍ത്ഥമായി ആഗ്രഹിച്ച് പ്രവർത്തിക്കുന്ന ഒട്ടനേകം പേർ അവർക്കൊപ്പമുണ്ട്. എന്നാൽ കഴിഞ്ഞ ഒന്നു രണ്ടു ദശകങ്ങളായി നമ്മൾ കാണുന്നതെന്താണ്? ഇടതുപക്ഷ രാഷ്ട്രീയത്തോട് യാതൊരു ബന്ധവുമില്ലാത്തവരെയും, തികഞ്ഞ ബൂർഷ്വാ സ്വഭാവമുള്ളവരെയുമാണ് ചുവപ്പുപരവതാനി വിരിച്ച് സിപിഐ(എം) ആനയിക്കുന്നതും താക്കോൽസ്ഥാനങ്ങളിൽ അവരോധിക്കുന്നതും. കോണ്‍ഗ്രസിൽനിന്നും മുസ്ലീം ലീഗിൽനിന്നും ബിജെപിയിൽനിന്നുമൊക്കെ കൂറുമാറിയെത്തുന്നവർ ഒറ്റരാത്രി കൊണ്ട് ‘സഖാക്കളാകുന്നു’, പ്രധാനസ്ഥാനങ്ങളിലെത്തുന്നു.
പി.വി.അൻവറിനെത്തന്നെ പരിശോധിക്കുക. എന്ത് ഇടതുപക്ഷരാഷ്ട്രീയമാണ് അദ്ദേഹത്തിന്റെ കൈമുതൽ? കോണ്‍ഗ്രസിനൊപ്പം സഞ്ചരിച്ചയാൾ റിബലായി, പിന്നീട് ഇടതു സ്വതന്ത്ര എംഎൽഎ ആയി. പരിസ്ഥിതിയെയും തൊഴിലാളികളെയും പരമാവധി ചൂഷണം ചെയ്യുമെന്നും, സമ്പത്തുണ്ടാക്കാനായി നിയമവിധേയമല്ലാതെപോലും ഏതറ്റംവരെയും പോകുമെന്നും പലവുരു തെളിയിച്ച തികഞ്ഞ മുതലാളിത്ത പ്രതിനിധികൾ സിപിഐ(എം)ന്റെ ലേബലിൽ സഖാവ് ചമയുമ്പോൾ തടയാനും തിരുത്താനും ആ പാർട്ടിയുടെ നേതൃത്വത്തിന് കഴിയുന്നില്ല. ഇതൊരു അൻവറിൽ മാത്രം ഒതുങ്ങുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം ആരോപണവിധേയനാവുകയും സ്ത്രീപീഡന പരാതിയിൽ പ്രതിസ്ഥാനത്തു വരികയുംചെയ്ത എം.മുകേഷ് സിപിഐ(എം)ന്റെ ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച എംഎൽഎയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പാർട്ടി സ്ഥാനാർത്ഥിയായിരുന്നു. എന്ത് ഇടതുപക്ഷ മൂല്യമാണ് ഇദ്ദേഹം നാളിതുവരെ പ്രദർശിപ്പിച്ചിട്ടു ള്ളത്? കെ.കെ.ശൈലജയ്ക്കുപകരം ആരോഗ്യമന്ത്രിയായ വീണ ജോർജ്ജ് ഇന്ന് പത്തനംതിട്ടയിൽ പാർട്ടിയുടെ ഉന്നതനേതാവായിക്കഴിഞ്ഞിരിക്കുന്നു. ക്രിമിനൽ പശ്ചാത്തലമുണ്ടായിട്ടുപോലും ബിജെപിയിൽനിന്നു വന്നവരെ ആർഭാടപൂർവ്വം പാർട്ടി അംഗത്വം കൊടുത്ത് ആഘോഷമാക്കാൻ ചുക്കാൻ പിടിച്ചത് നിലവിൽ ജില്ലാക്കമ്മിറ്റി അംഗമായ വീണ ജോ‍ർജ്ജാണ്. മന്ത്രിയുടെ ഭർത്താവ് നടത്തുന്ന അനധികൃത ഇടപെടലുകൾക്കെതിരെ പരാതിയുന്നയിച്ച പാർട്ടിയുടെ പ്രാദേശിക നേതാക്കൾക്ക് കിട്ടിയത് താക്കീതാണ്. 2009ലെ നവകേരളയാത്രയിൽ പിണറായി വിജയന്റെ വലംകൈയായി നിൽക്കുകയും ഒന്നാം പിണറായി മന്ത്രിസഭയിൽ അംഗമാവുകയും ഇപ്പോഴും എംഎൽഎയായി തുടരുകയും ചെയ്യുന്ന കെ.ടി.ജലീലിന് എന്ത് ഇടതുരാഷ്ട്രീയമാണ് ഉള്ളത്? യൂത്ത്കോണ്‍ഗ്രസ്സിന്റെ സംസ്ഥാനവൈസ് പ്രസിഡന്റ് ആയിരുന്ന പി.വി.ശ്രീനിജന്‍ കോണ്‍ഗ്രസ്സില്‍നിന്ന് പുറത്താക്കപ്പെട്ടത് വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദനത്തില്‍ വിജിലന്‍സ് അന്വേഷണം നേരിട്ടപ്പോഴാണ്. വി.എസ്.അച്ചുതാനന്ദന്റെ നേരിട്ടുള്ള ഇടപെടലിലൂടെയായിരുന്നു സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്റെ മരുമകന്‍കൂടെയായ ശ്രീനിജനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ സംശയനിഴലില്‍ നില്‍ക്കുന്ന ഇതേ ശ്രീനിജനെയാണ് ചുവപ്പുപരവതാനി വിരിച്ച് ആനയിച്ച് സിപിഐ(എം) ടിക്കറ്റില്‍ നിയമസഭാംഗം ആക്കിയിരിക്കുന്നത്. ഇങ്ങനെ, യാതൊരുവിധ സമരപാരമ്പര്യമോ പാ‍ർട്ടിപ്രവർത്തനമോ ഇല്ലാതെയും, മറ്റു പാർട്ടികളിൽ നിന്ന് കൂറുമാറി വന്നുമൊക്കെ സിപിഐ(എം)ന്റെ നിർണ്ണായക സ്ഥാനങ്ങളിരിക്കുന്ന അനേകംപേരെ ചൂണ്ടിക്കാണിക്കാനുണ്ട്. ഇവിടെ പരിശോധിക്കേണ്ടത്, ഇവരൊക്കെ ഇന്നും പുലർത്തുന്ന അടിസ്ഥാന രാഷ്ട്രീയമനോഭാവമെന്താണെന്നതും ഇവരുടെ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ഏതു വർഗ്ഗത്തിന്റെ കാഴ്ച്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നു എന്നതുമാണ്. അങ്ങനെ വിലയിരുത്തിയാൽ, അടിമുടി അന്യവർഗ്ഗ വീക്ഷണവും താത്പര്യങ്ങളും ശൈലിയും സംസ്ക്കാരവും മാത്രം കൈമുതലായുള്ളവരാണ് ഇവരെല്ലാം എന്നത് നിസ്സംശയമാണ്. ഇവരെ മാറ്റിനിർത്താം. സിപിഐ(എം)ന്റെ നേതൃത്വത്തിലിരിക്കുന്നവരുടെ ജീവിതവീക്ഷണവും ശൈലിയും ഇന്ന് ഏതു വർഗ്ഗത്തിന്റേതാണ്? അത് തൊഴിലാളിവർഗ്ഗത്തിന്റേതല്ല എന്നതിൽനിന്നാണ് എല്ലാ അപചയവും ഉരുത്തിരിയുന്നത്. മാർക്സിസം എന്ന മഹനീയ ദർശനത്തെത്തന്നെ തള്ളിപ്പറഞ്ഞ്, തൊഴിലാളിവർഗ്ഗവിപ്ലവമൊന്നും ഇന്ത്യയിൽ സാധ്യമല്ല എന്നൊക്കെ യാതൊരു ഉളുപ്പുമില്ലാതെ വിളിച്ചുകൂവുന്ന ഉന്നതനേതൃത്വത്തിന് എങ്ങനെയും അധികാരവും സമ്പത്തും നിലനിർത്തണം എന്നതിൽ കവിഞ്ഞ് യാതൊരു പരിഗണനയുമില്ല. മനുഷ്യവിമോചനത്തിന്റെ വിപ്ലവസ്വപ്നങ്ങളുമായി ഈ പാർട്ടിയിൽ അണിചേർന്ന് ഇന്നും വളരെ ആത്മാർത്ഥമായി ഒപ്പം നിൽക്കുന്ന ഇടതുപക്ഷ പ്രവർത്തകർക്ക് അങ്ങേയറ്റം നിരാശയല്ലേ ഇത് നൽകുന്നത്? അതിലുപരി, കമ്മ്യൂണിസത്തോടും ഇടതുപക്ഷ ചിന്തകളോടും അങ്ങേയറ്റം ആദരവും പ്രതീക്ഷയും വെച്ചുപുലർത്തിയിരുന്ന ഈ നാട്ടിലെ സാധാരണക്കാരും ബുദ്ധിജീവികളും നിഷ്പക്ഷമതികളുമെല്ലാം ഏറെ മനസ്സുമടുത്തിരിക്കുന്നു. മാത്രമോ, ഇടതുപക്ഷമെന്നോ കമ്മ്യൂണിസമെന്നോ കേട്ടാൽ തന്നെ വെറുക്കുന്ന അവസ്ഥയിലേക്ക് ഈ നാട്ടിലെ സാധാരണക്കാരെ തള്ളിവിടുകയാണ് ഇന്നത്തെ സിപിഐ(എം)ന്റെയും പിണറായി വിജയൻ സ‍ർക്കാരിന്റെയും പ്രവർത്തനമെന്നത് എത്ര ആപൽക്കരമാണ്. അതുകൊണ്ടുതന്നെ, ഇടതുപക്ഷത്തെ വഞ്ചിച്ച് സംഘപരിവാറിനെ പാലൂട്ടുന്ന ഈ വർഗ്ഗവഞ്ചകരുടെ കാപട്യം ഓരോ ഇടതുവിശ്വാസിയും കൂടുതൽ തിരിച്ചറിയേണ്ടതുണ്ട്.


സിപിഐ(എം)ന്റെയും ഇടതുഭരണത്തിന്റെയും ഈ അധഃപതനം ഇപ്പോഴത്തെ ചില നേതാക്കളുടെ കുറ്റമോ കുറവോ കൊണ്ട് മാത്രം സംഭവിക്കുന്നതല്ല. കാലാന്തരത്തിൽ സംഭവിക്കുന്ന അപചയവുമല്ല. അടിസ്ഥാനപരമായിത്തന്നെ മാർക്സിസ്റ്റ് ദർശനം സ്വാംശീകരിക്കുന്നതിലും സ്വജീവിതത്തിലടക്കം അത് പകർത്തുന്നതിലും സിപിഐ, സിപിഐ(എം) പാർട്ടികൾക്കുണ്ടായ പരാജയത്തിന്റെ സ്വാഭാവിക പരിണതിയാണിത്. വ്യക്തികൾ മാറുന്നതുകൊണ്ടോ പരിഷ്ക്കരണനടപടികൾകൊണ്ടോ ഇത്തരം അപചയങ്ങൾ പരിഹരിക്കാനാകില്ല. 1948ൽ തന്നെ, കമ്മ്യൂണിസ്റ്റ് എന്ന പേരിൽ അന്ന് നിലനിന്നിരുന്ന പ്രസ്ഥാനങ്ങളെ ശാസ്ത്രീയമായി വിലയിരുത്തിക്കൊണ്ട് എസ്‌യുസിഐ(സി)യുടെ സ്ഥാപക ജനറൽ സെക്രട്ടറിയും സമുന്നത മാർക്സിസ്റ്റ് ആചാര്യനുമായ സഖാവ് ശിബ് ദാസ് ഘോഷ് മുന്നോട്ടുവച്ച വിലയിരുത്തൽ എത്ര പ്രവചനതുല്യമായിരുന്നുവന്ന് കാലം തെളിയിക്കുകയാണ്.
സഖാവ് ശിബ്‌ദാസ് ഘോഷിന്റെ പാഠങ്ങൾ ആഴത്തിൽ പഠിക്കുവാനുള്ള പരിശ്രമമാണ് ഇന്ന് കാലം ഓരോ ഇടതുപക്ഷവിശ്വാസിയോടും ആവശ്യപ്പെടുന്നത്. കപട മാ‍ർക്സിസ്റ്റുകളുടെ പ്രവൃത്തികളിലൂടെയല്ല മാർക്സിസം എന്ന മഹത്തായ ദർശനത്തെ നാം വിലയിരുത്തേണ്ടത്. ഇപ്പോൾ കാണുന്ന അപചയം മാർക്സിസത്തിന്റെയോ കമ്മ്യൂണിസത്തിന്റെയോ അപചയമോ പരിമിതിയോ പരാജയമോ അല്ല. മുതലാളിവർഗ്ഗ താത്പര്യങ്ങൾമാത്രം ചിന്തയിലും വ്യക്തിജീവിതത്തിലും പേറുന്നവർ, പുറമേ എന്തൊക്കെ പ്രസംഗിച്ചാലും, സ്വയം ഇടതെന്ന് വിളിച്ച് വിപ്ലവവാഗ്ധോരണി മുഴക്കിയാലും, ആത്യന്തികമായി പ്രതിഫലിപ്പിക്കുക ദുഷിച്ച മുതലാളിത്തത്തിന്റെ മൂല്യങ്ങളും സംസ്കാരവും മാത്രമാകുമെന്നതാണ് വസ്തുത. ഇത് തിരിച്ചറിഞ്ഞുകൊണ്ട്, മാ‍ർക്സിസം എന്ന ശാസ്ത്രത്തെ ശരിയായി ഉൾക്കൊള്ളുവാനും ജീവിതത്തിന്റെ സമസ്തവശങ്ങളിലും അത് പകർത്തുവാനുമുള്ള ആന്തരികസമരം കൂടി ധീരമായി ഏറ്റെടുക്കണമെന്ന് ഓരോ ഇടതുപക്ഷ വിശ്വാസിയോടും അധ്വാനിച്ചു ജീവിക്കുന്ന ഓരോരുത്തരോടും വിനീതമായി ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്.

Share this post

scroll to top