ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് വിഭാവനം ചെയ്യാൻ സാധിക്കാത്ത തരത്തിലുള്ള ക്രൂരതകളാണ് സ്ത്രീകൾക്കുനേരെ നടക്കുന്നത്. ബലാൽക്കാരങ്ങളും കൂട്ടബലാൽസംഗങ്ങളും നിത്യസംഭവങ്ങളാകുന്നു; ഇരകൾ ക്രൂരമായി കൊല്ലപ്പെടുന്നു. കുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങളും പ്രായപൂർത്തിയാകാത്തവർ പ്രതി സ്ഥാനത്തുവരുന്ന കേസുകളും വർദ്ധിക്കുന്നു. ജനകീയ സമരങ്ങളെ ഒതുക്കാൻപോലും കൂട്ടബലാൽസംഗങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് നന്ദിഗ്രാം സമരത്തിന്റെ സമയത്ത് ചരിത്രത്തിലാദ്യമായി സിപിഐ(എം) കാണിച്ചു.
ഓരോ മിനിറ്റിലും സ്ത്രീകൾക്കുനേരെയുള്ള ഒരു അതിക്രമം റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. പുരുഷാധിപത്യ മനോഘടനയിൽ വേരൂന്നിയ ശാരീരികവും മാനസികവുമായ നിരവധി പീഡനങ്ങൾ ഈ അതിക്രമങ്ങളിൽ ഉൾപ്പെടുന്നു. വീടിനുള്ളിലും പുറത്തും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഓഫീസുകളിലും തെരുവുകളിലും, എന്തിന് പോലീസും സൈന്യവും ഉൾപ്പെടെയുള്ള ഭരണസംവിധാനങ്ങളിൽനിന്നുവരെ ഈ അതിക്രമങ്ങൾ നടക്കുന്നു. ഒട്ടുമിക്ക കേസുകളിലും ഭരണകൂടം പങ്കാളിയാണ്. സ്ത്രീഭ്രൂണഹത്യ, പെൺശിശുഹത്യ, സ്ത്രീധന പീഡനങ്ങളും കൊലപാതകങ്ങളും, സ്ത്രീഹത്യ, ആസിഡ് ആക്രമണങ്ങൾ, ദുരഭിമാനക്കൊല, ഗാർഹിക പീഡനം, ശൈശവ വിവാഹം, സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോകൽ, സൈബർ കുറ്റകൃത്യങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ സൃഷ്ടിക്കുന്ന വിലക്കുകൾ തുടങ്ങി സഞ്ചാരസ്വാതന്ത്ര്യവും വിദ്യാഭ്യാസവും തടയുന്നതുൾപ്പെടെയുള്ള നിരവധി അതിക്രമങ്ങൾക്ക് സ്ത്രീകൾ നിത്യേന ഇരയാക്കപ്പെടുകയാണ്. യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും സാഹചര്യത്തിൽ ലൈംഗികാതിക്രമങ്ങൾ, ലൈംഗികാടിമത്തം, നിർബന്ധിത ഗർഭധാരണം തുടങ്ങിയ അങ്ങേയറ്റം ഹീനമായ കുറ്റകൃത്യങ്ങൾ സ്ത്രീകൾക്കുമേൽ നടക്കുന്നു. പിഞ്ചുകുഞ്ഞുങ്ങൾപോലും ഇവ്വിധത്തിൽ പീഡനങ്ങൾക്ക് ഇരയാക്കപ്പെടുന്നു. എംഎൽഎമാരും എംപിമാരുമായ 151 പേർ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ് എന്നത് ഏറെ ഞെട്ടലുളവാക്കുന്ന കാര്യമാണ്.
ഓരോ സംഭവങ്ങളുണ്ടാകുമ്പോഴും പ്രതിപക്ഷ-ഭരണപക്ഷ കക്ഷികൾ പരസ്പരം പഴിചാരും. ബിജെപി ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്തരമൊരു സംഭവമുണ്ടാകുന്നതെങ്കിൽ കോൺഗ്രസ്, സിപിഐ, സിപിഐ(എം), തൃണമൂൽ ഉൾപ്പെടെയുള്ള പാർട്ടികൾ ബിജെപിക്കെതിരെ രംഗത്തുവരും. മറിച്ച് ഇക്കൂട്ടരിൽ ആരെങ്കിലും ഭരിക്കുന്ന സംസ്ഥാനമാണെങ്കിൽ ബിജെപി രംഗത്തുവരും. ഇതെല്ലാം വോട്ടു ലക്ഷ്യമാക്കിയുള്ള കളികൾ മാത്രമാണ്. ഏതു പാർട്ടി ഭരിച്ചാലും സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളിൽ ഒന്നാം സ്ഥാനത്ത് ഉത്തര്‍പ്രദേശും രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയും മൂന്നാം സ്ഥാനത്ത് രാജസ്ഥാനും നാലും അഞ്ചും സ്ഥാനങ്ങളിൽ യഥാക്രമം മധ്യപ്രദേശും പശ്ചിമബംഗാളുമാണ്. ഇതിൽ നാല് സംസ്ഥാനങ്ങളും ബിജെപി ഭരണത്തിൻ കീഴിലുള്ളവയാണ്. ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്നതുകൊണ്ടാണ് ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിച്ചിരിക്കുന്നതെന്ന് ഈ സംസ്ഥാനങ്ങളിലെ സർക്കാരുകളും അതല്ല, കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതുകൊണ്ടാണ് അതിക്രമങ്ങൾ പെരുകുന്നതായി തോന്നുന്നതെന്ന് മറ്റ് സംസ്ഥാനങ്ങളും ന്യായം കണ്ടെത്തുന്നു. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം കേരളത്തിലും ഓരോ വർഷവും സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നേരെയുള്ള അതിക്രമങ്ങളിൽ വർദ്ധനവാണ് കാണിക്കുന്നത്. കുഞ്ഞുങ്ങൾക്കുനേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നുവെന്നും അക്രമികൾ മിക്കവാറും അടുത്ത ബന്ധുക്കളോ പരിചയക്കാരോ ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഗുജറാത്ത് കലാപത്തിനിടയിൽ ക്രൂരമായ പീഡനത്തിന് ഇരയാക്കപ്പെട്ട ബിൽക്കിസ് ബാനുവിന്റെ കേസിലെ പതിനൊന്നു പ്രതികളും കള്ളത്തെളിവുകളുടെ അടിസ്ഥാനത്തിൽ ജയിൽ വിമോചിതരായതും അവരുടെ മോചനം ബിജെപി ആഘോഷിച്ചതും നാം കണ്ടതാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ഉത്തര്‍പ്രദേശിലെ ഉന്നാവോയിൽ 2017ൽ നടന്ന പീഡനക്കേസിലെ പ്രതി സ്ഥലം എംഎൽഎയും ബിെജപി നേതാവുമാണ്. 2020ൽ ഉത്തർപ്രദേശിലെ തന്നെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെയാണ് പോലീസ് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചത്. പ്രസ്തുത കേസിൽ മതിയായ തെളിവുകളുടെ അഭാവത്തിൽ നാലു പ്രതികളിൽ മൂന്നുപേരെ എസ്‌സിഎസ്‌ടി കോടതി കോടതി വെറുതെവിട്ടു. മനപൂർവ്വമല്ലാത്ത നരഹത്യയുടെ വകുപ്പിലാണ് ഒരുവൻ ശിക്ഷിക്കപ്പെട്ടത്. കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ മൃതദേഹം സംസ്കരിച്ചതുൾപ്പടെ യുപി പോലീസ് കേസ് കൈകാര്യം ചെയ്ത വിഷയത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്.
2021ൽ സകിനകയിൽ സ്ത്രീയെ ബലാത്ക്കാരംചെയ്ത് കൊലപ്പെടുത്തിയ സംഭവവും, ബീഡ് കൂട്ടബലാത്സംഗകേസും മഹാരാഷ്ട്രയിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. നാനൂറോളം ആളുകൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്ക്കാരത്തിന് ഇരയാക്കിയതാണ് ബീഡ് കേസ്. പെൺകുട്ടി സാമൂഹ്യമായ ബഹിഷ്കരണം നേരിടുമ്പോഴും പ്രതികൾ നിയമത്തിന്റെ പഴുതിൽക്കൂടെ രക്ഷപ്പെടുന്നതാണ് കാണുന്നത്. 2025 ജനുവരിക്കും ജൂണിനുമിടയിൽ ഇരുനൂറോളം കൂട്ടബലാത്സംഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്രേ. ബലാത്ക്കാരത്തിന് ഇരയാക്കപ്പെട്ട അഞ്ചുപെൺകുട്ടികൾ കൊല്ലപ്പെട്ടിരിക്കുന്നു. കൽക്കത്തയിലെ ആർജികർ മെഡിക്കൽ കോളജിൽ പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനി ഡോക്ടർ ബലാത്ക്കാരത്തെത്തുടർന്ന് കൊല്ലപ്പെട്ടത് രാജ്യമെമ്പാടും കോളിളക്കം സൃഷ്ടിച്ചു. പശ്ചിമബംഗാളിൽത്തന്നെ വർദ്ധമാൻ ജില്ലയിലെ മെഡിക്കൽ കോളജിൽ എംബിബിഎസ് വിദ്യാർത്ഥിനി ബലാത്ക്കാരം ചെയ്യപ്പെട്ട കേസിൽ ഇനിയും പ്രതികൾ അറസ്റ്റിലായിട്ടില്ല. മുഖ്യമന്ത്രി മമത ബാനർജിയാകട്ടെ പെൺകുട്ടിയെന്തിനാണ് അസമയത്ത് പുറത്തുപോയത് എന്ന നിരുത്തരവാദപരമായ പ്രസ്താവന നടത്തുകയാണുണ്ടായത്. നിർഭയ സംഭവമുണ്ടായപ്പോൾ ഡൽഹി പോലീസ് ചീഫ് പറഞ്ഞത് പെൺകുട്ടികൾ രാത്രിയിൽ പുറത്തിറങ്ങാൻ പാടില്ല എന്നായിരുന്നു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ ഉത്തരവാദിത്തപ്പെട്ട സർക്കാരും പോലീസും പ്രതികളെ അറസ്റ്റുചെയ്ത് കർശനവും മാതൃകാപരവുമായ ശിക്ഷ ഉറപ്പാക്കുന്നതിനുപകരം ഇരയാക്കപ്പെട്ടവരെ പ്രതിയാക്കുകയാണ്. സമാനമായ അഭിപ്രായമാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രകടിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സ്ത്രീകളെ സ്വതന്ത്രരായി വിടാൻ പാടില്ല. അവരുടെ ഊർജ്ജം നിയന്ത്രിക്കുന്നില്ലെങ്കിൽ അത് വിനാശകരമോ ഉപയോഗശൂന്യമോ ആയിത്തീർന്നേക്കാം. 1990ൽ ബംഗാളിൽ ജ്യോതിബസു മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഒരു സർക്കാർ ഉദ്യോഗസ്ഥ ബലാത്ക്കാരത്തെ ത്തുടർന്ന് കൊല്ലപ്പെട്ട സംഭവം ഉണ്ടായി. അവരുടെ മൃതദേഹം കൊലപാതകികൾ വയലിലെറിഞ്ഞു. ആ സംഭവത്തെ നിസ്സാരവത്ക്കരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് ഇതൊക്കെ എല്ലായിടത്തും നടക്കുന്നുണ്ട് എന്നാണ്. സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങളെ സംബന്ധിച്ച് കക്ഷിയേതായാലും നേതാക്കന്മാർ ഈ സമീപനം വച്ചുപുലർത്തുന്നവരാണ്. ഈ സമീപനം കുറ്റകൃത്യങ്ങളെ ഫലത്തിൽ പ്രോത്സാഹിപ്പിക്കുകയാണ് െചയ്യുന്നത്. ഏതൊരുവനെയും കുറ്റവാളിയാക്കുന്നത് ജീർണ്ണിച്ച മുതലാളിത്ത സാമൂഹ്യക്രമമാണ്. സിനിമകളും ടിവിയും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന അശ്ലീലതയും ആഭാസങ്ങളും സ്ത്രീവിരുദ്ധതയും സമൂഹമനസ്സിൽ ലൈംഗികവൈകൃതങ്ങളും മാനസിക വൈകല്യങ്ങളും ജീർണ്ണതയും പടർത്തുന്നു, സാമൂഹ്യവിരുദ്ധ സംഘങ്ങളും രൂപംകൊള്ളുന്നു. ഈ കുറ്റവാളിസംഘങ്ങൾ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഇഷ്ടക്കാരാണ്. തിരഞ്ഞെടുപ്പിന്റെ വേളയിലുൾപ്പടെ ഈ സംഘങ്ങളെ ആശ്രയിക്കുന്ന രാഷ്ട്രീയ പാർട്ടികൾ തിരിച്ച് ഈ ക്രിമിനൽ സംഘങ്ങൾക്കും സുരക്ഷ ഒരുക്കുന്നു.
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളിൽ കുത്തനെയുള്ള വർദ്ധനവാണ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കേരളത്തിൽ ഉണ്ടായിരിക്കുന്നത്. സ്ത്രീകൾക്കു നേരെയുള്ള പീഡനങ്ങളിൽ 30% വർദ്ധനവ് ഉണ്ടായിരിക്കുന്നു. ബലാൽസംഗ കേസുകളിൽ 75 ശതമാനം വർദ്ധനവ് ഉണ്ടായി കുട്ടികൾക്കെതിരായ അതിക്രമങ്ങളും വർദ്ധിച്ചു. ഈ കുറ്റകൃത്യങ്ങളിൽ ചെറിയൊരു ശതമാനം മാത്രമേ പ്രതികൾ ശിക്ഷിക്കപ്പെടുന്നുള്ളൂ. ശിക്ഷാനിരക്ക് വൻതോതിൽ കുറയുകയാണ്. 2018ൽ 6.3% ആയിരുന്നത് 2022 ൽ 5.27% ആയി കുറഞ്ഞു. പലപ്പോഴും പ്രതികൾക്ക നുകൂലമായാണ് ഭരണകർത്താക്കളും ഭരണകക്ഷി നേതാക്കളും ഇടപെടുന്നത്. വാളയാർ പാലത്തായി കേസുകളിലടക്കം ഇത് പൊതുസമൂഹം കണ്ടതാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ ഭരണസംവിധാനങ്ങളുടെ നിലപാടു കൊണ്ടു കൂടെയാണ് മുഖ്യപ്രതി രക്ഷപ്പെട്ടത്. ഈ സംഭവത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ ക്കൊടുവിൽ സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിക്കാൻ ഹേമ കമ്മിറ്റിയെ ചുമതലപ്പെടുത്തി യെങ്കിലും കമ്മറ്റിയുടെ റിപ്പോർട്ട് അഞ്ച് വർഷക്കാലം പൂഴ്ത്തിവെച്ചു കോടതി ഇടപെടലിനെത്തുടർന്ന് പ്രസക്തഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. എന്നാൽ അതിലുള്ള നിർദ്ദേശങ്ങളൊന്നും ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോയില്ല. പ്രതിദിന മെന്നോണം പെൺകുട്ടികൾ സ്ത്രീധനത്തിന്റെ പേരിലും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ പങ്കാളികളുടെ അതിക്രമങ്ങൾക്കിരയായും കൊലചെയ്യപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യുന്നു. ഭരണസംവിധാനമാകട്ടെ സമ്പൂർണ്ണമായും നിഷ്ക്രിയമാണ് മദ്യവും മയക്കുമരുന്നും ഒരു നിയന്ത്രണവുമില്ലാതെ കുത്തിയൊഴുകുന്നു. സൈബർ കുറ്റകൃത്യങ്ങളിലും സ്ത്രീകൾ വൻതോതിൽ ഇരകളാക്കപ്പെടുന്നു. എല്ലാക്കാലത്തും സ്ത്രീ പീഡനങ്ങളും പെൺവാണിഭ സംഭവങ്ങളും -സൂര്യനെല്ലി, ഐസ്ക്രീം പാർലർ – തിരഞ്ഞെടുപ്പിൽ വോട്ട് നേടാനും എതിരാളികളെ ആക്രമിക്കാനും മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്ന എന്ന് നിശ്ചയദാർഢ്യത്തോടെ നിലപാടുകൾ സ്വീകരിച്ചിട്ടില്ല. സ്വന്തം പാർട്ടിയിലെ സ്ത്രീപീഡന പ്രതികളായ ജനപ്രതിനിധികളെ അടക്കം സംരക്ഷിച്ചുകൊണ്ടാണ് പ്രതിപക്ഷ എംഎൽഎയ്ക്കെതിരെ നടപടിയുമായി പോകുന്നത്. അതുകൊണ്ടുതന്നെ ആ വിഷയത്തിൽ ഗവൺമെന്റിന്റെ ഉദ്ദേശശുദ്ധി ചോദ്യം െയ്യപ്പെടുകയാണ്. രാഷ്ട്രീയ പകപോക്കലുകൾക്കപ്പുറം കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടില്ലെന്നും ഉറപ്പാക്കാനുള്ള നടപടി ഉണ്ടാകുന്നില്ല.
സ്ത്രീകളുടെ സാമൂഹ്യസുരക്ഷിതത്വവും അന്തസ്സും അഭിമാനത്തോടെയുള്ള ജീവിതവും ആരും ദാനമായി നൽകില്ല, പോരാട്ടത്തിലൂടെ സ്വയം നേടിയെടുക്കേണ്ടതാണ്. ഈ പോരാട്ടം നിലനിൽക്കുന്ന സാമൂഹ്യവ്യവസ്ഥിതിക്കെതിരായുള്ള പോരാട്ടവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
