സമൂഹമാധ്യമ രംഗത്തെ പ്രവർത്തകർ രാഷ്ട്രീയമായും സാംസ്കാരികമായും സജ്ജരായ പ്രചാരകരാകണം

47038515_2081213508583625_4933488788132331520_n.jpg
Share

2025 നവംബർ 9 മുതൽ കൊൽക്കത്തയിൽ നടന്ന സോഷ്യൽ മീഡിയയുടെ ദേശീയ വർക്ക് ഷോപ്പിൽ എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജനറല്‍സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് നടത്തിയ പ്രസംഗം

സഖാക്കളേ,


നിങ്ങൾക്കെല്ലാവർക്കും എന്റെ വിപ്ലവ അഭിവാദ്യങ്ങൾ.


ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ വിപ്ലവ പാർട്ടിയായ നമ്മുടെ പാർട്ടിയുടെ സോഷ്യൽ മീഡിയ വികസിപ്പിക്കാനുള്ള നിങ്ങളുടെ ധീരമായ മുൻകൈയെ ഞാൻ സ്വാഗതം ചെയ്യുന്നു. സഖാക്കളേ, ഈ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ, ഞാൻ ഇതുവരെ കാലുകുത്താത്ത ഒരു മേഖലയിലേക്ക് പ്രവേശിക്കാൻ ഏതാണ്ട് നിർബന്ധിതനായിരിക്കുകയാണ്. എനിക്ക് ഇതിനെക്കുറിച്ച് ഒട്ടും അറിവില്ല. ഒരു ചർച്ച ഉപസംഹരിക്കുക എന്നതിനർത്ഥം ചർച്ചയിലെ എല്ലാ പോയിന്റുകളും സംഗ്രഹിക്കുകയും നമ്മുടെ ചുമതലകളെക്കുറിച്ച് ഒരു മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്യുക എന്നാണ്. ചർച്ചയിൽ ഒട്ടും പങ്കെടുത്തിട്ടില്ലെങ്കിലും നിങ്ങളുടെ മുന്നിൽ ചില കാര്യങ്ങൾ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
സോഷ്യൽ മീഡിയ പ്രചാരണത്തിന്റെ ശക്തമായ ആയുധമായി വികസിച്ചിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്. ബൂർഷ്വാവർഗ താൽപ്പര്യങ്ങൾക്ക് കീഴ്‌പ്പെട്ട ശക്തികളും ബൂർഷ്വാ പാർട്ടികളുമാണ് ഈ സോഷ്യൽ മീഡിയയെ നിയന്ത്രിക്കുന്നത് എന്നതും ഒരു വസ്തുതയാണ്. അവർ അത് സ്വന്തം വർഗ താൽപ്പര്യത്തിനായി ഉപയോഗിക്കുന്നു. ഇപ്പോൾ, വിപ്ലവ തൊഴിലാളിവർഗത്തിന്റെ കാഴ്ചപ്പാടിൽനിന്ന് അതിനെ ചെറുക്കേണ്ടതും ബൂർഷ്വാ പ്രചരണങ്ങളെ തുറന്നുകാട്ടേണ്ടതും ജനങ്ങളുടെ മനസ്സിനെ അതിന്റെ ദോഷകരമായ സ്വാധീനങ്ങളിൽനിന്ന് മുക്തമാക്കേണ്ടതും ആവശ്യമാണ്. അതിനാൽ, ഈ മേഖലയിലും ഇതൊരു വർഗസമരമാണ്.
സഖാക്കൾ സാങ്കേതികമായി സജ്ജരാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. പലരും ഈ മേഖലയിലും മുന്നേറുന്നുണ്ടെന്ന് മുതിർന്ന നേതാക്കൾ എന്നോട് പറഞ്ഞു. എന്നാൽ സാങ്കേതിക അറിവ് മാത്രം പോരാ. ഒരു നല്ല പ്രചാരകനാകാൻ, ഒരാൾ സൈദ്ധാന്തികമായും രാഷ്ട്രീയമായും സംഘടനാപരമായും സാംസ്കാരികമായും സജ്ജനായിരിക്കണം എന്നത് അത്യന്താപേക്ഷിതമാണ്. അതൊരു മുന്നുപാധിയാണ്. അതിനാൽ, അടിച്ചമർത്തപ്പെട്ട ജനങ്ങളോട് ആഭിമുഖ്യമുള്ള, വർഗസമരത്തിൽ മുഴുകിയിരിക്കുന്ന സഖാക്കൾക്ക് മാത്രമേ നല്ല പ്രചാരകരാകാൻ കഴിയൂ. ഈ ആഭിമുഖ്യം ഒരു അമൂർത്ത രൂപത്തിലല്ല, മറിച്ച് മൂർത്തമായ രൂപത്തിലായിരിക്കണം. പാതയോരങ്ങളിൽ കഴിയുന്നവർ, തെരുവിൽ കഴിയുന്നവർ, ഭിക്ഷാടനം നടത്തുന്നവർ, അതിജീവനത്തിനായി കേഴുന്നവർ തുടങ്ങിയവരുടെ  വേദനകൾ എന്റെ ഹൃദയത്തെയും മനസാക്ഷിയെയും എപ്പോഴും അലട്ടുന്നു. ഞാൻ അവർക്കായി നിലകൊള്ളുന്നു.എന്റെ മനസ്സ് എപ്പോഴും അതിൽ മുഴുകിയിരിക്കുന്നു. അതിനായിട്ടാണ് ഞാൻ വിമോചനത്തിന്റെ പാത തേടുന്നത്. അതാണ് ഒരാളെ വിപ്ലവകാരിയും നല്ല കമ്മ്യൂണിസ്റ്റുമാക്കുന്നത്. അതിനായി മാർക്സിസം-ലെനിനിസം-ശിബ്‌ദാസ് ഘോഷ് ചിന്തകളിൽനിന്ന് വിപ്ലവകരമായ അറിവ് നേടേണ്ടതുണ്ട്. ഇത് ഒരു നിശ്ചിത കാലയളവിലേക്കോ പ്രത്യേക സമയത്തേക്കോ  വേണ്ടിയുള്ളതല്ല, മറിച്ച് ഒരു നിരന്തരമായ പോരാട്ടമായിരിക്കണം. ഒരാളുടെ മനസ്സ് എപ്പോഴും അതിൽ മുഴുകിയിരിക്കണം. അല്ലാത്തപക്ഷം, ഒരാൾ സാങ്കേതികമായി തികവുള്ള ആളായിരിക്കാം, പക്ഷേ അത് പ്രയോജനപ്പെടില്ല.


അവതരണം ജീവസ്സുറ്റതും മൂർത്തവുമായിരിക്കണം: അത് ജനങ്ങളെ ബോധവൽക്കരിക്കുകയും പ്രബുദ്ധരാക്കുകയും പ്രചോദിപ്പിക്കുകയും, അനീതിക്കെതിരെ പോരാടുന്നതിന് അവരെ ഒന്നിപ്പിക്കാനും സംഘടിപ്പിക്കാനും സഹായിക്കുകയും വേണം. അതിനാൽ, ഈ രംഗത്തെ പോരാളികൾ എന്ന നിലയിൽ ഒരു മുറിയിൽ ഒതുങ്ങിക്കഴിയുന്നവരാകരുത്. വർഗസമരത്തിലും തെരുവുപോരാട്ടത്തിലും ഏർപ്പെടണം.
ലോകമെമ്പാടും എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതു കൊണ്ട് ഈ യോഗത്തിൽ അത് വിശദീകരിക്കേണ്ട ആവശ്യമില്ല. മുതിർന്ന സഖാക്കളെന്ന നിലയിൽ നിങ്ങൾ അവ നിരീക്ഷിക്കുന്നുണ്ട്. രണ്ട് സാമ്രാജ്യത്വ ശക്തികളായ അമേരിക്കയും ചൈനയും പരസ്പരം പോരടിക്കുകയാണ്. ലോകത്ത് രണ്ടാം നിര സാമ്രാജ്യത്വ ശക്തികളും മൂന്നാം നിര സാമ്രാജ്യത്വ ശക്തികളും ഉണ്ട്. ഇന്ത്യ മൂന്നാം വിഭാഗത്തിൽ പെടുന്നു. ബ്രിട്ടന്‍, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ തുടങ്ങിയ വികസിത യൂറോപ്യൻ രാജ്യങ്ങളാണ് രണ്ടാം നിര സാമ്രാജ്യത്വ ശക്തികൾ. വ്യാപാരയുദ്ധം ഒരു നിഴൽയുദ്ധമാണ്, എന്നാൽ അതൊരു യുദ്ധമാണ് – സാമ്പത്തിക ആധിപത്യം നേടാനുള്ള യുദ്ധം. സായുധയുദ്ധവും നടക്കുന്നുണ്ട്. പ്രാദേശിക യുദ്ധം ഒരു പ്രദേശത്ത് മാത്രം ഒതുങ്ങുന്നില്ല. എല്ലാ വൻശക്തികളും നേരിട്ടോ അല്ലാതെയോ അത്തരം പ്രാദേശിക യുദ്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. ചൈനീസ് സാമ്രാജ്യത്വവാദികൾ അത്തരം യുദ്ധങ്ങളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് കരുതരുത്. അവരും ഉൾപ്പെട്ടിട്ടുണ്ട്. ചിലപ്പോൾ, അറബ് അല്ലെങ്കിൽ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് യുഎസ് സാമ്രാജ്യത്വം പിന്മാറുമ്പോൾ, അനുയോജ്യമായ സമയത്ത് കടന്നുകയറാൻ അവർ തക്കം പാർത്തിരിക്കുകയാണ്. അതാണ് അവരുടെ യഥാർത്ഥ താൽപ്പര്യം. സഹായം നൽകുന്നതിന്റെ പേരിൽ അവർ അവരെ കെണിയിൽ പെടുത്തുന്നു. അതും നടക്കുന്നുണ്ട്. സാമ്രാജ്യത്വ-മുതലാളിത്തം ഇന്ന് മരണവെപ്രാളത്തിലാണ്, രൂക്ഷമായ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്. വർദ്ധിച്ചുവരുന്ന അസംതൃപ്തികൾ വമ്പിച്ച പ്രതിഷേധങ്ങളായി അലയടിക്കുന്നു. അത്തരം പ്രതിഷേധങ്ങൾ മുളപൊട്ടുന്നുണ്ടെങ്കിലും പിന്നീട് ഇല്ലാതാകുന്നു.


യൂറോപ്യൻ രാജ്യങ്ങളിലും ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും പ്രകടനങ്ങൾ, പ്രക്ഷോഭങ്ങൾ, പണിമുടക്കുകൾ എന്നിവ നിത്യസംഭവമാണ്. അതുകൊണ്ടാണ്, അമേരിക്കൻ ജനത  തെരുവിലിറങ്ങി “രാജാവ് വേണ്ട” (NO KING) എന്ന മുദ്രാവാക്യം വിളിക്കുന്നത് നിങ്ങൾ കണ്ടത്. എന്നാൽ ഈ ജനങ്ങൾക്ക് വർഗപരമായ കാഴ്ചപ്പാടില്ല, വിപ്ലവ കാഴ്ചപ്പാടില്ല, അവരെ നയിക്കാൻ യഥാർത്ഥ വിപ്ലവ പാർട്ടിയില്ല. ശരിയായ വിപ്ലവ നേതൃത്വത്തിൻകീഴിൽ ജനങ്ങളുടെ പ്രതിഷേധങ്ങളെ അവയുടെ യുക്തിസഹമായ പരിസമാപ്തിയിലേക്ക് നയിക്കുക എന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം.
അതിനാൽ, നമ്മുടെ പാർട്ടി അളവിലും ഗുണത്തിലും അതിവേഗം വികസിക്കേണ്ടതുണ്ട്. ഇന്ത്യയിലെ സാഹചര്യം നിങ്ങൾക്കറിയാം. എല്ലാ പാർട്ടികളെയും ജനങ്ങൾ മടുത്തിരിക്കുകയാണ്, അവർ നിരാശരാണ്. എന്നാൽ ഈ പാർട്ടികൾ പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും തുറന്നുകാട്ടപ്പെട്ടിട്ടില്ല. അതാണ് സാഹചര്യം. അതിനാൽ, ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുമ്പോൾ നിങ്ങളുടെ ചുമതല എന്താണെന്ന് നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.
വിപ്ലവ പോരാളികളെന്ന നിലയിൽ നിങ്ങൾ ഒരു ലക്ഷ്യബോധത്തോടെ വേണം ഈ രംഗത്ത് പ്രവർത്തിക്കാൻ. എന്നാൽ, സോഷ്യൽ മീഡിയ അച്ചടി മാധ്യമത്തിന് പകരമാകില്ല എന്നതാണ് എന്റെ കാഴ്ചപ്പാട്. അച്ചടി മാധ്യമത്തിന് നൽകാൻ കഴിയുന്ന സമഗ്രമായ കാഴ്ചപ്പാട് നൽകാൻ സോഷ്യൽ മീഡിയയ്ക്ക് കഴിയില്ല. അച്ചടി മാധ്യമമാണ് പ്രാഥമിക ആയുധം. സോഷ്യൽ മീഡിയ ഒരു അനുബന്ധ ആയുധമായി പ്രവർത്തിക്കാം. ഉദാഹരണത്തിന്, നമുക്ക് ഒരു ചുവരെഴുത്തിൽ ഒരു ഉദ്ധരണി നൽകാം. എന്നാൽ അത് ഒരു പ്രത്യേക വിഷയത്തിന്റെ സംക്ഷിപ്ത വശം മാത്രമേ നൽകൂ. എന്നാൽ ആ വിഷയത്തിൽ സമഗ്രമായ ഒരു കാഴ്ചപ്പാട് നൽകാൻ അതിന് കഴിയില്ല. ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്, ഒരു വിഷയത്തിന്റെ സത്ത, അതിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് മനസ്സിലാക്കുന്നതിന് ഒരു പുസ്തകമോ ലേഖനമോ ഹാർഡ് കോപ്പിയിൽനിന്നോ ഡിജിറ്റൽ മീഡിയയിൽ നിന്നോ ആവർത്തിച്ച് വായിക്കുന്നതിലൂടെ മാത്രമേ സാധ്യമാകൂ എന്നാണ്. എങ്കിൽ മാത്രമേ ഒരാൾക്ക് വിഷയത്തെക്കുറിച്ച് സമഗ്രമായ ധാരണ വളർത്തിയെടുക്കാൻ കഴിയൂ. ഇത് എന്റെ അഭിപ്രായമാണ്, മറ്റുള്ളവർക്ക് എന്നോട് വിയോജിപ്പുണ്ടാകാം.


നമ്മുടെ പാർട്ടിയെയും ബാധിക്കുന്ന, വളർന്നുവരുന്ന ഒരു പ്രശ്നമുണ്ട് – ചില സഖാക്കൾ അച്ചടി മാധ്യമങ്ങൾ ഒഴിവാക്കുന്നു. ലോകമെമ്പാടും ജനങ്ങൾ അസ്വസ്ഥരാണ്. ജനങ്ങൾ അസ്വസ്ഥരായതിനാൽ, ഒരു പത്രമോ ലേഖനമോ വായിക്കാൻ അവർക്ക് ഒരു മണിക്കൂറോ രണ്ടോ മണിക്കൂറോ മാറ്റിവെക്കാൻ കഴിയില്ല. അതിനാൽ, എന്തിനെക്കുറിച്ചും സംഗ്രഹിച്ച രൂപത്തിൽ, ഹ്രസ്വമായ രൂപത്തിൽ അറിവ് നേടാനുള്ള ഒരു മനോഭാവം വികസിച്ചു വന്നിട്ടുണ്ട്. ഏതാനും മിനിറ്റുകൾക്കുള്ളിൽ ഒരാൾക്ക് ഒരു വിഷയത്തെക്കുറിച്ച് ബോധവാനാകണം. ഇത് എല്ലായ്പ്പോഴും സമയക്കുറവ് കൊണ്ടല്ല. അവർക്ക് ക്ഷമയില്ലാത്തതുകൊണ്ടുകൂടിയാണ്. അസ്വസ്ഥതയാണ് പ്രാഥമിക കാരണം. അതിനാൽ വായനാശീലം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇത് മനസ്സിന്മേലുള്ള മുതലാളിത്ത ആക്രമണമാണ്. സമൂഹം ജീർണ്ണിക്കുന്നു, ധാർമ്മിക അടിത്തറ തകരുന്നു, ചിന്താപ്രക്രിയ തെറ്റായ ദിശയിലേക്ക് നയിക്കപ്പെടുന്നു. അതിനാൽ, അസ്വസ്ഥത വളരുന്നു. സോഷ്യൽ മീഡിയയുടെ വരവോടെ, അച്ചടി മാധ്യമത്തിന് പകരമായി പെട്ടെന്ന് ഒന്ന് കണ്ണോടിക്കുന്ന, അല്ലെങ്കിൽ ഉപരിപ്ലവമായ കാഴ്ചപ്പാട് സ്വീകരിക്കുന്ന ഈ പ്രവണത ശക്തി പ്രാപിക്കുന്നു. ഇത് പ്രോത്സാഹിപ്പിക്കരുത്. നമ്മൾ അച്ചടി മാധ്യമത്തിന് ഊന്നൽ നൽകണം. സമഗ്രമായ അറിവ് നേടുന്നതിന് പുസ്തകങ്ങളിലൂടെയും അച്ചടിച്ച ലേഖനങ്ങളിലൂടെയും കടന്നുപോകാൻ സഖാക്കളെ ആവർത്തിച്ച് ബോധവൽക്കരിക്കണം. അതേസമയം, സോഷ്യൽ മീഡിയ ഒരു അനുബന്ധ ആശയവിനിമയ മാർഗമായി നമ്മൾ ഉപയോഗിക്കണം. അതാണ് എന്റെ കാഴ്ചപ്പാട്.
മറ്റുള്ളവരെപ്പോലെ ആകർഷണീയത നിറഞ്ഞ അപ്‌ലോഡുകൾക്കായി നിങ്ങൾ പരക്കം പായരുത്. നിങ്ങളുടെ ശ്രമം അത് കൃത്യമായി ചെയ്യാനും, കൂടുതൽ വികസിപ്പിക്കാനും, ലക്ഷ്യബോധത്തോടെയും സർഗ്ഗാത്മകമായും ചെയ്യാനുമായിരിക്കണം. എന്നാൽ അമിതമായ പ്രകടനപരത ഒഴിവാക്കണം. കാരണം, അപ്പോൾ രൂപം ഉള്ളടക്കത്തിന്മേൽ ആധിപത്യം സ്ഥാപിക്കും. ഏത് അവതരണമാണ് വിപ്ലവലക്ഷ്യത്തിന് ഗുണകരമാകുക എന്ന് ശ്രദ്ധാപൂർവ്വം പരിഗണിക്കുക. നിങ്ങൾക്ക് മറ്റുള്ളവരിൽനിന്ന് പഠിക്കാം, പക്ഷേ മറ്റുള്ളവരെ അനുകരിക്കരുത്. പഠിക്കുക എന്നതിനർത്ഥം, മറ്റുള്ളവരിൽ നിന്ന് എന്ത് സ്വീകരിക്കണം, എന്ത് സ്വീകരിക്കരുത് എന്ന് ഒരാൾ വിലയിരുത്തുന്നു എന്നാണ്. അനുകരണം എന്നാൽ അന്ധമായ പിന്തുടരലാണ്. അതും നിങ്ങൾ ഒഴിവാക്കണം.
മറ്റൊരു പ്രധാന കാര്യം ടീംവർക്കിനെ സംബന്ധിച്ചാണ്. ചിലർ ഈ രംഗത്ത് ഏർപ്പെട്ടിരിക്കുന്നു, മറ്റു ചിലർ മറ്റ് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. കൂട്ടായ സമീപനത്തെ അടിസ്ഥാനമാക്കിയുള്ള നിങ്ങളുടെ ടീംവർക്ക് ഒരു പൊതു ലക്ഷ്യത്തിനു വേണ്ടിയുള്ളതായിരിക്കണം. അവിടെ വ്യക്തിപരമായ താൽപ്പര്യങ്ങളില്ല. വ്യക്തിപരമായ അഭിലാഷങ്ങളില്ല, വ്യക്തിപരമായ പേരിനും പ്രശസ്തിക്കും വേണ്ടിയുള്ള ആഗ്രഹങ്ങളില്ല. ഇവിടെയും സ്വയം ഉയർത്തിക്കാട്ടുന്നതിന്റെയോ അഹന്തയുടെയോ പ്രവണതയുമായി നിങ്ങൾ പോരാടേണ്ടിവരും. ശത്രു നമുക്കുള്ളിൽ തന്നെയുണ്ട്, ആ ശത്രു വ്യക്തിവാദമാണ്. നാമെല്ലാവരും മുതലാളിത്ത വ്യവസ്ഥിതിയുടെ ഉല്പന്നങ്ങളാണ്, അതിനാൽ പലപ്പോഴും മുതലാളിത്ത വ്യക്തിവാദത്തിന് ഇരയാകുന്നു. നമ്മൾ പാർട്ടിക്കുള്ളിൽ  നിരന്തരം പോരാടി ഇതിനെ തോൽപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.


സോഷ്യൽ മീഡിയ ടീമിൽ പ്രവർത്തിക്കുമ്പോഴും നിങ്ങൾ ഇതിനെതിരെ പോരാടണം. സഖാക്കൾ ഒരു പ്രത്യേക സംസ്ഥാനത്തോ അല്ലെങ്കിൽ വിവിധ സംസ്ഥാനങ്ങളിലോ കേന്ദ്രത്തിലോ പ്രവർത്തിക്കുന്നുണ്ടാകാം. എന്നാൽ അവരെല്ലാവരും ഒരു പൊതു വിപ്ലവ ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്, അതിനാൽ പരസ്പരം സഹായിക്കേണ്ടതുണ്ട്. ഏകോപനം എന്നാൽ യാന്ത്രികമായ ഏകോപനമല്ല. ഏകോപനം എന്നാൽ പരസ്പരം സഹായിക്കുക, പരസ്പരം പഠിക്കുക, എങ്ങനെ ഒന്നിനെ കൂടുതൽ മെച്ചപ്പെടുത്താം, കൂട്ടായ പരിശ്രമത്തിലൂടെ അതിനെ എങ്ങനെ കൂടുതൽ പൂർണ്ണമാക്കാം എന്നതാണ്.
ഓർക്കുക, വിപ്ലവ പ്രസ്ഥാനത്തിൽനിന്ന് നിങ്ങളെ വ്യതിചലിപ്പിക്കാൻ കഴിയുന്ന ഒരു മേഖലയാണിത്. നമ്മൾ അടിച്ചമർത്തപ്പെട്ട ജനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തണമെന്നും അവരുടെ വേദനയും കഷ്ടപ്പാടും അനുഭവിച്ചറിയണമെന്നും, വിപ്ലവ പ്രസ്ഥാനത്തിലും ബഹുജന സമരങ്ങളിലും പങ്കാളികളാകണമെന്നും, അതത് പാർട്ടി ഘടകങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തണമെന്നും ഞാൻ ഇവിടെ വീണ്ടും ഊന്നിപ്പറയുന്നു.
അറിവ് നേടുന്നതിന് രണ്ട് വഴികളുണ്ട്. ഒന്ന് നേരിട്ടുള്ള വഴിയാണ്. നിങ്ങൾ ജനങ്ങൾക്കൊപ്പമാണ്. നിങ്ങൾക്കറിയാം അവരെ. അവരുടെ ചോദ്യങ്ങളും സംശയങ്ങളും നിരാശകളും ഒക്കെ നിങ്ങൾക്കറിയാം. ഇവ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. എന്നാൽ നേരിട്ടുള്ള സമ്പർക്കത്തിലൂടെ നിങ്ങൾക്ക് അത് അനുഭവപ്പെടും. മറ്റൊരു വഴി പരോക്ഷമായ സമ്പർക്കമാണ്. മറ്റ് സഖാക്കളിലൂടെ നിങ്ങൾ അത് അറിയുന്നു. നിങ്ങൾ അവരുമായി ആശയവിനിമയം നടത്തുന്നു, അതിലൂടെ നിങ്ങൾ ശരിയായി കാര്യങ്ങൾ ഗ്രഹിക്കുന്നു. അതിനാൽ ഈ പരോക്ഷമായ രീതിയും ആവശ്യമാണ്.  സാങ്കേതിക വശങ്ങളെ സംബന്ധിച്ച്, നിങ്ങളെ നയിക്കാനും സഹായിക്കാനും കഴിയുന്ന നേതാക്കളുണ്ട്. നിങ്ങളുടെ സംസ്ഥാനത്തോ കേന്ദ്രത്തിലോ നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ എല്ലായ്പ്പോഴും പാർട്ടിയുടെ മാർഗ്ഗനിർദ്ദേശം തേടണം.
സ്ഥിതിവിവരങ്ങൾ എല്ലായ്പ്പോഴും സത്യമാകണമെന്നില്ല. ബൂർഷ്വാ മാധ്യമങ്ങളും സ്ഥിതിവിവരങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. അടിച്ചമർത്തൽ, ബലാത്സംഗം, കൂട്ടബലാത്സംഗം, അഴിമതി എന്നിവയെക്കുറിച്ചൊക്കെയുള്ള ചർച്ചകളുണ്ട്. ബൂർഷ്വാ മാധ്യമങ്ങൾ ഇവയെല്ലാം ഒരു പ്രത്യേക രീതിയിൽ അവതരിപ്പിക്കുന്നു. നിങ്ങൾക്കും ഇതേ സ്ഥിതിവിവരങ്ങൾ അവതരിപ്പിക്കേണ്ടിവരും, പക്ഷേ മറ്റൊരു രീതിയിൽ. കേവലം ഒരു സ്ഥിതിവിവരം നിരത്തുക എന്നത് നിങ്ങളുടെ ലക്ഷ്യമാകരുത്. ഈ സ്ഥിതിവിവരങ്ങളിൽനിന്ന് സത്യം കണ്ടെത്തുകയും ജനങ്ങൾക്കിടയിൽ അത് ഉയർത്തിക്കാട്ടുകയും ചെയ്യുക എന്നതാണ് നിങ്ങളുടെ ജോലി. അതിനർത്ഥം സ്ഥിതിവിവരങ്ങളുടെ വിവരണം മാത്രമല്ല, ഈ പ്രശ്നങ്ങളുടെ മൂലകാരണം ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ അത് അവതരിപ്പിക്കണം. അതിലാണ് ചാതുര്യം നേടേണ്ടത്.


ഇതൊരു കലയാണ്. വിപ്ലവകരമായ കല. അത്തരത്തിൽ അവതരിപ്പിക്കുന്നതിലൂടെ നിങ്ങൾ ഒരു രാഷ്ട്രീയ വിദ്യാഭ്യാസവുംകൂടി നൽകുന്നു. നിങ്ങളുടെ മേഖലയിൽ നിങ്ങൾ ഇതും വളർത്തിയെടുക്കണം. സംസ്ഥാന തലത്തിൽ, നിങ്ങൾ എപ്പോഴും സംസ്ഥാന പാർട്ടി നേതൃത്വത്തിന്റെ മാർഗ്ഗനിർദ്ദേശം തേടണം. കേന്ദ്ര തലത്തിലും, നിങ്ങൾ നിരന്തരം കേന്ദ്ര പാർട്ടി നേതൃത്വവുമായി, പ്രത്യേകിച്ച് ഈ ആവശ്യത്തിനായി ചുമതലപ്പെടുത്തിയ നേതാക്കളുമായി സമ്പർക്കം പുലർത്തണം. തീരുമാനങ്ങൾ എടുക്കുന്നതിൽ മാത്രമല്ല, അവതരണ രീതിയിലും നിങ്ങൾ അഭിപ്രായം തേടണം. ചെറിയ ചെറിയ കാര്യങ്ങൾക്കായല്ല, മറിച്ച് വിപ്ലവകരമായ കാഴ്ചപ്പാടിൽ നയിക്കപ്പെടുന്നതിനു വേണ്ടിയാണ് നിങ്ങൾ പാർട്ടി നേതൃത്വത്തിന്റെ മാർഗ്ഗനിർദ്ദേശം തേടേണ്ടത്. ഈ കാര്യങ്ങൾ വ്യക്തമാണോ?
സഖാക്കളേ, ഈ വിഷയം എനിക്ക് കൂടുതൽ വെളിച്ചം വീശാൻ കഴിയുന്ന ഒന്നല്ല. പകരം എനിക്ക് വെളിച്ചം നൽകാൻ നിങ്ങൾക്ക് കഴിയും. എനിക്ക് ഇവിടെ നടന്ന ചർച്ചകൾ കേൾക്കാൻ കഴിഞ്ഞില്ല. എന്നിട്ടും എന്നോട് ചർച്ച ഉപസംഹരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ചർച്ച ശ്രദ്ധിക്കാതെ എനിക്ക് എങ്ങനെ ഉപസംഹരിക്കാൻ കഴിയും? എങ്കിലും, ഞാൻ എന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു, ഈ ഹ്രസ്വമായ ചർച്ച നിങ്ങൾക്ക് പ്രയോജനപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

Share this post

scroll to top