ഫാസിസ്റ്റ് ശക്തികൾക്ക് കളമൊരുക്കുന്ന സിപിഐ(എം)ന്റെ വിദ്വേഷ പ്രചാരണം

Share

കക്കുംതോറും നശിക്കും, നശിക്കുംതോറും കക്കും’ എന്നൊരു പഴഞ്ചൊല്ലുണ്ട്. ഇത് അന്വര്‍ത്ഥമാക്കുന്ന നടപടികളാണ് തുടരെത്തുടരെ സിപിഐ(എം) നേതൃത്വത്തില്‍നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്.  ഓരോ തിരഞ്ഞെടുപ്പ് പരാജയവും കൂടുതല്‍ വര്‍ഗ്ഗീയവികാരമിളക്കി വോട്ടുനേടാനുള്ള പ്രേരണയാകുന്നു. ഇതാകട്ടെ കൂടുതല്‍ ദയനീയമായ പരാജയത്തിലേക്ക് കൂപ്പുകുത്താന്‍ കാരണവുമാകുന്നു. കേരളത്തിലെ ജനങ്ങളെ മുഴുവന്‍ ജാതിമതശക്തികളുടെ കള്ളികളില്‍ നിറച്ച് തിരഞ്ഞെടുപ്പുതന്ത്രങ്ങള്‍ മെനയുന്ന പാരമ്പര്യം ഇപ്പോള്‍ സിപിഐ(എം)നെ എത്തിച്ചിരിക്കുന്നത് കരകയറാനാകാത്തൊരു പതനത്തിലാണ്.
സംസ്ഥാനത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിനു തീപിടിപ്പിക്കുന്ന പ്രസ്താവനകളുമായി കഴിഞ്ഞ ഏതാനും ആഴ്ചകളായി സിപിഐ(എം) നേതാക്കൾ ആടിത്തിമിർക്കുകയാണ്. സിപിഐ(എം)ന്റെ മുതിർന്ന നേതാവ് എ.കെ.ബാലന്റെ മാറാട് പ്രസ്താവനയെ പിന്തുണച്ചുകൊണ്ട് സാക്ഷാൽ മുഖ്യമന്ത്രിതന്നെ രംഗത്തിറങ്ങിയതിൽനിന്നും, ഏതെങ്കിലും നേതാവിന്റെ ഒറ്റപ്പെട്ട പ്രസ്താവനയല്ല, മറിച്ച് വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുകൊണ്ട് സിപിഐ(എം) ആലോചിച്ചുറപ്പിച്ച് നടത്തുന്ന കർമ്മപരിപാടിയാണ് ഇതെന്നു വ്യക്തമാണ്. തൊട്ടുപിറകെ സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ വിഷം പുരട്ടിയ വാക്കുകൾകൂടെ വന്നതോടെ, സിപിഐ(എം)ന്റെ ലക്ഷ്യം എല്ലാ മറയും നീക്കിപുറത്തുവന്നു. ഹിന്ദുവർഗ്ഗീയ വികാരത്തെ മുതലെടുക്കുന്നതിനായി കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനുശേഷം സവിശേഷമായി തുടക്കംകുറിച്ച ഈ വിദ്വേഷ പ്രചാരണ യജ്ഞം എല്ലാ അതിരുകളും ലംഘിച്ച് മുന്നേറുകയാണ്. സംസ്ഥാനത്തെ ജനാധിപത്യ- മതേതര ബോധമുള്ള മുഴുവൻ മനുഷ്യരും ഈ വർഗ്ഗീയ പ്രചാരണത്തിൽ വേദനിക്കുകയും ആശങ്കപ്പെടുകയുമാണ്. നമ്മുടെ സംസ്ഥാനം ദശാബ്ദങ്ങളായി പ്രാണനുതുല്യം ഗണിക്കുന്ന മതേതര-ജനാധിപത്യ മൂല്യങ്ങളെ, ഉടനടിയുള്ള തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഈ വിധത്തിൽ  തകർക്കുന്നത് ആത്യന്തികമായി ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് കളമൊരുക്കും.    
പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ വേളയിൽ ന്യൂനപക്ഷ സംരക്ഷകരുടെ വേഷമണിഞ്ഞ സിപിഐ(എം)ന് പ്രതീക്ഷിച്ച നേട്ടം സൃഷ്ടിക്കാൻ കഴിഞ്ഞില്ല എന്ന വിലയിരുത്തലിൽനിന്നാണ് മുസ്ലീംവിരുദ്ധ പ്രചാരണത്തിലൂടെ ഹൈന്ദവ വർഗ്ഗീയവികാരത്തെ ധ്രുവീകരിക്കാനുള്ള ആശയം രൂപപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഏതു നീചമാർഗ്ഗവും സ്വീകരിക്കാൻ ഇക്കൂട്ടർ തയ്യാറാണെന്നത് ഇതിനുമുമ്പ് എത്രയോ തവണ തെളിയിച്ചിട്ടുള്ളതാണ്. ഇ.എം.എസിന്റെ നാളുകളിൽ ആവിഷ്കരിക്കപ്പെട്ട ‘ഭാരതവൽക്കരണം’ മുദ്രാവാക്യംമുതൽ  ‘അടവുനയവും’ കേരള കോൺഗ്രസ്സുമായുള്ള ഇപ്പോഴത്തെ കൂട്ടുകെട്ടുംവരെ അതിന്റെ വ്യക്തമായ തെളിവുകളാണ്.  


മതവികാരത്തെ പ്രയോജനപ്പെടുത്താൻ ഒരു പ്രത്യേക മതവിഭാഗത്തെ പ്രീണിപ്പിക്കുകയെന്നതല്ല സംഘപരിവാർ കാലത്തെ രീതി. ഒരു മതവിഭാഗത്തിനെതിരെ വെറുപ്പും ശത്രുതയും വളർത്തി, മറുവിഭാഗത്തെ ഏകോപിപ്പിക്കുകയാണ് തിരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി പരീക്ഷിച്ച് വിജയിച്ച തന്ത്രം. അത് അപ്പടി പകർത്തുകയാണ് ഇന്ന് സിപിഐ(എം) ചെയ്യുന്നത്. മൂന്നാമതും അധികാരത്തിൽ വരുന്നതിനുവേണ്ടി ഏതറ്റംവരെയും പോകാൻ സിപിഐ(എം) തയ്യാറായിക്കഴിഞ്ഞു. അല്ലെങ്കിൽ ഈ വിധത്തിൽ പ്രസ്താവനകൾ പുറപ്പെടുവിക്കാൻ എങ്ങിനെയാണ് കഴിയുക. നിലമ്പൂർ തിരഞ്ഞെടുപ്പിന്റെ വേളയിൽ ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും ചൂണ്ടിക്കാട്ടിയത് മറുവിഭാഗത്തിനുള്ളിൽ ഭീതി പരത്തുന്നതിനുവേണ്ടി മാത്രമാണ്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തെ സംബന്ധിച്ചുള്ള സിപിഐ(എം) വിലയിരുത്തലിലും മുസ്ലീം വിരുദ്ധതയുടെ ഈ രാഷ്ട്രീയം കാണാം.  
യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാ അത്തെ ഇസ്ലാമി ആഭ്യന്തരവകുപ്പ് ഭരിക്കുമെന്നും മാറാടുകൾ ആവർത്തിക്കപ്പെടുമെന്നുമുള്ള മുൻ കേന്ദ്രക്കമ്മിറ്റിയംഗം എ.കെ.ബാലന്റെ വിഷം വമിക്കുന്ന പ്രസ്താവന ഏറ്റവും നീചമായ കണക്കുകൂട്ടലോടെ നടത്തിയിട്ടുള്ള ഒന്നുമാത്രമാണ്. കോൺഗ്രസ് ജയിച്ചാൽ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രിയാകുമെന്ന, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലെ ബിജെപി പ്രചാരണത്തിന്റെ കൃത്യം പകർപ്പാണ് ഈ പ്രസ്താവന. ജമാ അത്തെ ഇസ്ലാമിക്കും ന്യൂനപക്ഷങ്ങളുടെ പേരിൽ പ്രവർത്തിക്കുന്ന മറ്റു ചില സംഘടനകൾക്കും കേരള രാഷ്ട്രീയത്തിൽ തീർത്തും അപ്രസക്തമായ ഒരു പങ്ക് മാത്രമേ ഉള്ളൂവെന്ന് ഏവർക്കും അറിയാവുന്ന വസ്തുതയാണ്. അവരെ ഈ വിധത്തിൽ പെരുപ്പിച്ച് കാട്ടുന്നത് മറുവിഭാഗത്തിൽ അങ്കലാപ്പ് വളർത്തുന്നതിനുവേണ്ടി മാത്രമാണ്. യുഡിഎഫിനെ ജയിക്കാൻ അനുവദിച്ചാൽ മുസ്ലീങ്ങൾ അനർഹമായി പലതുംനേടുമെന്നും അതിനിട നൽകരുതെന്നും ഹിന്ദുമതവിശ്വാസികളെ ഭയപ്പെടുത്തുക മാത്രമാണ് ഈ പ്രസ്താവനയുടെ ലക്ഷ്യം. മതങ്ങളെ പരസ്പരം സാഹോദര്യത്തോടെ കാണുന്ന ലക്ഷക്കണത്തിന് മതവിശ്വാസികളെ വർഗ്ഗീയമായി ചിന്തിക്കാൻ പരിശീലിപ്പിക്കുകയാണ് സിപിഐ(എം). ഇതൊക്കെ ചെയ്തുകൂട്ടിയതിനുശേഷവും തങ്ങൾ വർഗ്ഗീയതക്കെതിരെ പോരാടുകയാണെന്ന് സമസ്തയുടെ വേദിയിൽ പ്രസംഗിക്കുന്ന മുഖ്യമന്ത്രിയുടെ ഉളുപ്പില്ലായ്മ അപാരംതന്നെ.  
കഴിഞ്ഞ നാലുപതിറ്റാണ്ടിന്നിടയിൽ നടന്നിട്ടുള്ള തിരഞ്ഞെടുപ്പുകളിൽ  ജമാ അത്തെ ഇസ്ലാമി ഏറ്റവും കൂടുതൽ തവണ പിന്തുണ നൽകിയിട്ടുള്ളത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കാണ്. അപൂർവ്വമായിട്ടുമാത്രമേ ഇവർ യുഡിഎഫിന് പിന്തുണ നൽകിയിട്ടുള്ളൂ.   ഏതാണ്ട് മൂന്നര പതിറ്റാണ്ടു കാലത്ത് പിന്തുണ സ്വീകരിക്കുകയും നേട്ടങ്ങൾ കൊയ്യുകയും മാത്രമല്ല, പിന്തുണ നൽകിയ ജമാ അത്തെ ഇസ്ലാമിയെ  വാനോളം പ്രശംസിച്ചുകൊണ്ട് സിപിഐ(എം) നേതാക്കളും അവരുടെ ജിഹ്വകളും നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും ജമാ അത്തെ ഇസ്ലാമിക്കാർ തീവ്രവാദികളുമല്ല, വർഗ്ഗീയവാദികളുമല്ല. യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെ, ഒരൊറ്റ രാത്രികൊണ്ട് അവർ സംസ്ഥാനത്തെ ഏറ്റവും അപകടകാരികളായി മാറി.  നാലുവോട്ടിനുവേണ്ടി എന്ത് ചെറ്റത്തരവും കാട്ടുന്ന പാർട്ടിയല്ല സിപിഐ(എം) എന്ന പിണറായി വിജയന്റെ പ്രസ്താവന എത്ര കൃത്യമായി നടപ്പാക്കിയിരിക്കുന്നു! ജമാ അത്തെ ഇസ്ലാമി യുഡിഎഫിനെ പിന്തുണയ്ക്കുന്നു എന്ന സൗകര്യം പ്രയോജനപ്പെടുത്തി മുസ്ലീങ്ങൾക്കെ തിരെ വിദ്വേഷം പ്രചരിപ്പിക്കാൻ വീണുകിട്ടിയ അവസരം മുതലാക്കുന്നു എന്നുമാത്രമേയുള്ളൂ. വർഗ്ഗീയതക്കെതിരായ പോരാട്ടത്തിന്റെ ഒരു പ്രശ്നവും ഇതിൽ അന്തർഭവിച്ചിട്ടില്ല. പരിഹാസ്യമായ, നെറിവുകെട്ട ഈ അവസരവാദ രാഷ്ട്രീയം ഏറ്റവും പിന്തിരിപ്പനായ  സംഘപരിവാർ ശക്തികൾക്ക് വളക്കൂറുള്ള മണ്ണ് സൃഷ്ടിക്കുകയാണ്.  
ഇതിലും അപകടകരമായ ഒന്നാണ് മാറാട് കലാപത്തെ സംബന്ധിച്ച എ.കെ.ബാലന്റെ പരാമർശം. ഹിന്ദുക്കൾക്കെതിരെ മുസ്ലീങ്ങൾ സംഘടിപ്പിച്ച ഏറ്റുമുട്ടലായി മാറാട് സംഭവത്തെ കണ്ടിട്ടുള്ളത് സംഘപരിവാർ ശക്തികൾ മാത്രമാണ്. സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കായി മതഭിന്നതകളെ ചൂഷണം ചെയ്തതാണ് മാറാടിന്റെ കാരണമെന്ന് ചൂണ്ടിക്കാട്ടി, ആർഎസ്എസ്, ബിജെപി, മുസ്ലീം ലീഗ്, സിപിഐ(എം) കക്ഷികളെ, മാറാട് കലാപത്തെ സംബന്ധിച്ച് അന്വേഷണം നടത്തിയ തോമസ് പി.ജോസഫ് കമ്മീഷൻ രൂക്ഷമായി വിമർശിച്ചത് മറച്ചുവച്ചുകൊണ്ട്, മാറാടിന്റെ മുഴുവൻ കുറ്റവും മുസ്ലീങ്ങളുടെമേൽ ചുമത്തുകയാണ് എ.കെ.ബാലൻ. ഇടുങ്ങിയ രാഷ്ട്രീയ നേട്ടങ്ങൾക്കായി എത്ര നീചമായാണ് വസ്തുതകളെ വളച്ചൊടിക്കുന്നതെന്ന് കാണണം. ഏതെങ്കിലും ഒരു മതവിഭാഗത്തെമാത്രം ആക്രമണകാരികളാക്കി ചിത്രീകരിച്ചുകൊണ്ട് മാറാടുകൾ ആവർത്തിക്കപ്പെടുമെന്ന് പറഞ്ഞാൽ അത് സമൂഹത്തിൽ ആഴമാർന്ന വിള്ളൽ സൃഷ്ടിക്കുക തന്നെ ചെയ്യും. പ്രത്യേകിച്ചും 2003 നെക്കാൾ വിദ്വേഷരാഷ്ട്രീയം രാജ്യത്തും സംസ്ഥാനത്തും അതിന്റെ ദ്രംഷ്ടകൾ കൂടുതൽ ഭയാനകമായി പുറത്തുകാട്ടുന്ന ഈ വേളയിൽ.  ഉണങ്ങിയ മുറിവുകൾ  കുത്തിപ്പുണ്ണാക്കുന്നത് സമൂഹത്തിൽ പുലരുന്ന ഐക്യവും ശാന്തിയും ഉലയാൻ മാത്രമല്ലേ ഇടവരുത്തുക?  നാലുവോട്ടിനുവേണ്ടി എത്ര നിരുത്തരവാദപരമായിട്ടാണ് ഈ നേതാക്കൾ പ്രവർത്തിക്കുന്നതെന്ന് കണ്ട് കേരളം ഞെട്ടുകയാണ്.
ഇതിനെയെല്ലാം കടത്തിവെട്ടിക്കൊണ്ട് സാംസ്കാരികവകുപ്പ്  മന്ത്രി സജി ചെറിയാൻ ജനുവരി 18ന് ആലപ്പുഴയിൽ, മലപ്പുറത്തും കാസർകോട്ടും ജയിച്ചവരുടെ പേരുകൾ ശ്രദ്ധിച്ചാൽ മാത്രം അവിടെ വർഗ്ഗീയത എത്രത്തോളം പ്രവർത്തിച്ചു എന്ന് മനസ്സിലാക്കാമെന്നു പ്രസ്താവിക്കുകയുണ്ടായി. ഈ പ്രസ്താവനയുടെ അർത്ഥമെന്താണ്?  മുസ്ലീം പേരുള്ളവർ ജയിച്ചുവരുന്നതുമാത്രം മതിയത്രേ വർഗ്ഗീയതയാണെന്ന് തെളിയിക്കാൻ! മുസ്ലീം പേര് വർഗ്ഗീയതയാണ്, മുസ്ലീം വേഷം രാജ്യദ്രോഹമാണ്! മുസ്ലീം അസ്തിത്വത്തെ രാജ്യദ്രോഹത്തോടും വർഗ്ഗീയതയോടും സമീകരിച്ചുകൊണ്ട് അന്യവൽക്കരിക്കാൻ നടത്തുന്ന ബിജെപിയുടെ ആപൽക്കരമായ നീക്കം സിപിഐ(എം) അതേപടി ആവർത്തിക്കുകയാണ്. സിപിഐ(എം) ഈ സംസ്ഥാനത്തെ എവിടേക്കാണ് നയിക്കുന്നത്? കലാപത്തിലും കവർച്ചയിലും ഏർപ്പെടുന്നവരെ അവരുടെ വേഷത്തിലൂടെ തിരിച്ചറിയാൻ കഴിയുമെന്ന് 2019 ഡിസംബർ 15 ന് നരേന്ദ്ര മോദി ജാർഖണ്ഡിൽ നടത്തിയ പ്രസ്താവനയുടെ ശബ്ദം അപ്പടി മന്ത്രിയുടെ പ്രസ്താവനയിൽ മുഴങ്ങുന്നു. മുസ്ലീങ്ങളുടെ പേരിൽ പ്രവർത്തിക്കുന്ന ചില സംഘടനകളോടുള്ള എതിർപ്പിനെ മുസ്ലീം സമുദായത്തോടുള്ള എതിർപ്പായി വ്യാഖ്യാനിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ജനുവരി 28ന് നിയമസഭയിൽ സങ്കടപ്പെടുകയുണ്ടായി. ജയിച്ച വർഗ്ഗീയവാദികളെല്ലാം മുസ്ലീം പേരുകാരാണെന്ന് സ്വന്തം മന്ത്രിസഭയിലെ അംഗം വ്യക്തമാക്കിക്കഴിഞ്ഞതിനുശേഷവും “ഞങ്ങൾ മുസ്ലീം സമുദായത്തിനെതിരല്ല” എന്ന് മുഖ്യമന്ത്രി സാക്ഷ്യപ്പെടുത്തുന്നത്, ആ വഴിക്ക് കിട്ടേണ്ട നാല് വോട്ട് നഷ്ടമാകരുതെന്ന കുടിലബുദ്ധി മാത്രമാണ്.


ഇതേ സമയത്തുതന്നെയാണ് വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷം മുറ്റിയ പ്രസ്താവനയുംവന്നത്. യുഡിഎഫ് ജയിച്ചാൽ ലീഗുകാർ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുമെന്നതായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.  ജനാധിപത്യക്രമത്തിൽ എംഎൽഎ ആയി ജയിച്ചുവരുന്ന ഏതൊരാൾക്കും ഏതു വകുപ്പിലെയും മന്ത്രിയാകാം. എന്നാൽ വെള്ളാപ്പള്ളിയുടെ പ്രസ്താവന പ്രകാരം ജയിച്ചുവരുന്നത് മുസ്ലീങ്ങൾ ആണെങ്കിൽ ആഭ്യന്തരമന്ത്രിയാകാൻ പാടില്ലത്രേ!  അങ്ങനെ സംഭവിച്ചാൽ അത് രാജ്യത്തിനും മറ്റ് മതസ്ഥർക്കും വലിയ വിനയായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഇത്തരമൊരു പ്രസ്താവന നടത്താൻ നടേശന് ധൈര്യം നൽകിയത് ആരാണ്? മുസ്ലീം മന്ത്രിയാകാൻ പാടില്ല എന്നതാണ് ആദ്യഘട്ടം. അടുത്തഘട്ടം തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ പാടില്ല എന്നാകും. അതിനടുത്തത് മുസ്ലീം വോട്ടുചെയ്യാൻ പാടില്ല എന്നും. പൗരത്വമില്ല എന്നതാകും അടുത്ത ഘട്ടം. യാതൊരു അവകാശവുമില്ല എന്നതായിരിക്കും അതിന്റെ തുടർച്ച. മുസ്ലീങ്ങള്‍ ഹിന്ദുക്കള്‍ക്ക് വിധേയരായി യാതൊരവകാശങ്ങളുമില്ലാത്തവരായി കഴിഞ്ഞുകൊള്ളണമെന്ന ആര്‍എസ്എസ് ആചാര്യൻഗോള്‍വാള്‍ക്കറുടെ പ്രബോധനമാണ് ഇവിടെ പ്രതിധ്വനിക്കുന്നത്. രാജ്യത്തിന്റെ ഭരണഘടനയെയും അത് ഉറപ്പുനൽകുന്ന അവകാശങ്ങളെയും ഇത്ര നിർഭയമായി ചോദ്യം ചെയ്ത വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ തള്ളിപ്പറയാനോ വിമർശിക്കാനോപോലും സിപിഐ(എം) തയ്യാറായില്ല എന്നതും പ്രത്യേകം കാണണം.  
2024 സെപ്റ്റംബർ 29ന് ദില്ലിയിൽ ഹിന്ദു ദിനപ്പത്രവുമായി മുഖ്യമന്ത്രി നടത്തിയ അഭിമുഖം അച്ചടിച്ചുവന്നപ്പോൾ മലപ്പുറത്തുനിന്നുള്ള ഹവാല പണം രാജ്യദ്രോഹപ്രവർത്തനങ്ങൾക്കുവേണ്ടി ഉപയോഗിക്കപ്പെടുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി അതിൽ ഉണ്ടായിരുന്നു. തൊട്ടടുത്ത ദിവസം പ്രസ്തുത പരാമർശത്തെ നിഷേിച്ചുകൊണ്ട്, മുഖ്യമന്ത്രി അപ്രകാരം പറഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. തുടർന്ന് സെപ്റ്റംബർ 30ന് ഹിന്ദു ദിനപ്പത്രം, പ്രസ്തുത വാചകം മുഖ്യമന്ത്രി പറഞ്ഞതല്ലെന്നും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന പിആർ ഏജൻസിയുടെ വക്താവ് നിർദ്ദേശിച്ചതനുസരിച്ച് കൂട്ടിച്ചേർത്തതാണെന്നും വാർത്ത നൽകി. ഈ വിശദീകരണം അതീവ ഗുരുതരമായ ചില ചോദ്യങ്ങൾ കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിൽ ഉയർത്തി.  ഒപ്പം സിപിഐ(എം) നടത്തുന്ന ചില ഗൂഢനീക്കങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുകയും ചെയ്തു. പിആർ ഏജൻസിയുടെ നിർദ്ദേശപ്രകരമാണ് മുഖ്യമന്ത്രി പറയാത്ത ഒരു വാചകം കൂട്ടിചേർത്തതെന്ന വിശദീകരണം നൽകിയ ഹിന്ദു ദിനപ്പത്രം വ്യാജപ്രസ്താവന നടത്തിയതല്ലെങ്കിൽ,  ഒരു സംസ്ഥാന ഭരണാധികാരിയുടെ അഭിമുഖത്തിൽ, ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനിടയാക്കുന്ന ഒരു വാചകം കൂട്ടിചേർക്കുക എന്ന ഗൗരവതരമായ കുറ്റകൃത്യമാണ് പ്രസ്തുത പിആർ ഏജൻസി ചെയ്തിട്ടുള്ളത്. എന്ത് നടപടിയാണ് അവർക്കെതിരെ സർക്കാർ കൈക്കൊണ്ടത്? അവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം നടത്താൻ ഒരുമ്പെട്ടാൽ ഈ വിഷയത്തിൽ സർക്കാരിന്റെ ഞെട്ടിപ്പിക്കുന്ന പല ഗൂഢനീക്കങ്ങളും പുറത്തവരുമെന്നതിനാൽ മാത്രമാണ് ഒരു കേസുപോലും രജിസ്റ്റർ ചെയ്യാൻ തയ്യാറാകാതിരുന്നത്. കെയ്സൺ എന്ന പിആർ ഏജൻസിക്കുവേണ്ടി സിപിഐ(എം) മുൻ എംഎൽഎ റ്റി.കെ.ദേവകുമാറിന്റെ മകൻ സുബ്രഹ്മണ്യനാണ് ഈ ഇന്റർവ്യൂ നിശ്ചയിച്ച് മുഖ്യമന്ത്രിയെ ഉറപ്പാക്കിയത്.
സെപ്റ്റംബർ 13ന് ഇതേ ഏജൻസി, ‘സ്വർണ്ണ-ഹവാല മാഫിയയ്ക്കെതിരെയുള്ള കേരള സർക്കാരിന്റെ പോരാട്ടമാണോ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾക്ക് ഇന്ധനം പകരുന്നത്’ എന്ന ശീർഷകത്തിൽ ഒരു കുറിപ്പ് ദില്ലിയിലെ പത്രക്കാർക്കിടയിൽ വിതരണം ചെയ്യുകയുണ്ടായി. കേരള സർക്കാരിനെ വെള്ളപൂശുന്ന പ്രവർത്തനം നടത്താൻ ആരാണ് ഈ ഏജൻസിയെ ഏൽപ്പിച്ചത്? ഒരു സ്വകാര്യ ഏജൻസി സംസ്ഥാന സർക്കാരിന്റെ ‘തീവ്രവാദവിരുദ്ധ’ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി പ്രതിഫലേച്ഛ കൂടാതെ സർക്കാരിനുവേണ്ടി പ്രവർത്തിക്കാൻ തയ്യാറായതാണോ? ആടിനെ പട്ടിയാക്കുന്ന ഈ സമ്പ്രദായത്തിൽ നാട്ടുകാർ വിശ്വാസമർപ്പിക്കുമെന്നാണോ ഇക്കൂട്ടർ കരുതുന്നത്.  


‘കേരളം: മുസ്ലീംരാഷ്ട്രീയം, രാഷ്ട്രീയ ഇ സ്ലാം’ എന്ന പേരിൽ ഒരു കൃതി പ്രസിദ്ധീകരിക്കാൻ സിപിഐ(എം) സംസ്ഥാന നേതാവ് പി.ജയരാജനെ പ്രകോപിപ്പിച്ച സാഹചര്യമെന്താണ്? ഒരു പുസ്തകം എഴുതി തുറന്നുകാട്ടപ്പെടത്തക്കവിധം സാമൂഹ്യഭദ്രതയെ തകർക്കുന്ന എന്തുപ്രവർത്തനമാണ് കേരളത്തിൽ  മുസ്ലീം ഐഡന്റിറ്റിയിൽ നടക്കുന്നത്? സംസ്ഥാനം നേരിടുന്ന പ്രഥമ ഭീഷണിയും വെല്ലുവിളിയും രാഷ്ട്രീയ ഇസ്ലാമാണെന്ന് സ്ഥാപിക്കാൻ ഈ കൃതിയിലൂടെ ശ്രമിക്കുകയാണ്. ഒരു നേതാവിന് പെട്ടെന്നുണ്ടായ ഉൾവിളിയിൽ എഴുതപ്പെട്ട പുസ്തകമല്ലിത്. സിപിഐ(എം) ഇപ്പോൾ ഉന്നം വയ്ക്കുന്ന രാഷ്ട്രീയപ്രചാരണത്തെ സ്ഥിരീകരിക്കത്തക്കവിധമാണ്   കൃതിയുടെ ഉള്ളടക്കം. അതിനാലാണ് ഇതിന്റെ പ്രകാശനം നിർവ്വഹിക്കാൻ മുഖ്യമന്ത്രി നേരിട്ട് എത്തിയതും.  
എ.കെ.ബാലന്റെയും മന്ത്രി സജി ചെറിയാന്റെയും മറ്റ് ഒട്ടനവധി നേതാക്കളുടെയും പ്രസ്താവനകൾ, പിആർ ഏജൻസി വിതരണംചെയ്ത പത്രക്കുറിപ്പുകൾ, ദില്ലിയിൽ നടന്ന മുഖ്യമന്ത്രിയടെ ഇന്റർവ്യു, പി. ജയരാജന്റെ പുസ്തകം തുടങ്ങിയവയിലെല്ലാം  തിരഞ്ഞെടുപ്പ് വിജയത്തിനായി സിപിഐ(എം) രൂപകൽപ്പന ചെയ്തിരിക്കുന്ന മുസ്ലീം വിരുദ്ധതയെന്ന ‘ഗ്രാന്റ് ഡിസൈനി’ന്റെ നടപ്പാക്കലാണ് നാം കാണുന്നത്.
ഭരണകൂടത്തിന്റെ ബലിഷ്ഠകരങ്ങള്‍ ന്യൂപക്ഷവിഭാഗത്തെ വേട്ടയാടുന്നതിന് രാജ്യം സാക്ഷിയാവുകയാണ്. ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യ-മതേതര മൂല്യങ്ങളെ ഒന്നാകെ കുഴിച്ചുമൂടിക്കൊണ്ട്  ബാബറി മസ്ജിദ് തകർത്തു. മുസ്ലീം വിഭാഗത്തിൽ മാത്രമല്ല, രാജ്യമെമ്പാടുമുള്ള ജനാധിപത്യവിശ്വാസികളിലും ഒരിക്കലും ഉണങ്ങാത്ത മുറിവ് സൃഷ്ടിക്കാൻ അതിടയാക്കി. ബാബറി കേസിൽ സുപ്രീം കോടതി വിധിയിലൂടെ നിഷേധിക്കപ്പെട്ട നീതി ഈ മുറിവിൽ വീണ്ടും നീറ്റലുണ്ടാക്കി.  രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ഉലച്ചു. ഗോധ്ര സംഭവത്തെത്തുടർന്ന് ഗുജറാത്ത് എന്ന സംസ്ഥാനം നടുക്കുന്ന വംശഹത്യക്ക് വേദിയായി. സംസ്ഥാന ഭരണകൂടം ഒന്നാകെ ഏകപക്ഷീയമായ ആക്രമണത്തിന് കൂട്ടുനിന്നു. നീതിക്കും സുരക്ഷക്കുമായി ആശ്രയിക്കാൻ ന്യൂനപക്ഷവിഭാഗങ്ങൾക്ക് ഒരിടവും ഇല്ലാതായി. എണ്ണിയാലൊടുങ്ങാത്ത ക്ലേശങ്ങൾ നേരിട്ട് കോടതികളിലെത്തിച്ച കേസുകളിൽ ഒട്ടുമിക്കവയിലും പ്രതികളെ വെറുതെവിട്ടു. അവിടെയും നീതി നടപ്പായില്ല. തലമുറകളായി ഈ മണ്ണിൽ ജീവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരെ നിയമഭേദഗതിയിലൂടെ പൗരന്മാരല്ലാതാക്കി മാറ്റി. പൗരത്വം തെളിയിക്കാൻ കഴിയാതെ പോകുന്ന ഹതഭാഗ്യർ ഡിറ്റൻഷൻ സെന്ററുകളിൽ അടക്കപ്പെട്ടു. പൗരത്വനിയമഭേദഗതിക്കെതിരെ സമരംചെയ്ത ഒട്ടനവധിപേർ തുറുങ്കിലടയ്ക്കപ്പെട്ടു. ഉമർ ഖാലിദും ഷർജീൽ ഇമാമും ജാമ്യം നിഷേധിക്കപ്പെട്ട് ഇപ്പോഴും ജയിലിലാണ്. സർവ്വകലാശാല അദ്ധ്യാപകരും വിദ്യാർത്ഥികളും ഭീകരമർദ്ദനങ്ങൾക്ക് ഇരയായി. സുപ്രീം കോടതി ഒന്നിലധികം തവണ ശക്തമായ ഭാഷയിൽ വിലക്കിയിട്ടും രാജ്യത്തെ പല സംസ്ഥാനങ്ങളിലും ‘ബുൾഡോസർ രാജ്’ നടപ്പാക്കി. മുസ്ലീം നാമധാരികൾ പ്രതികളായ കേസുകളിൽ കോടതിവിധി വരുന്നതിനുമുമ്പുതന്നെ സംസ്ഥാന ഭരണകൂടങ്ങൾ അവരുടെ വീടുകൾ ഇടിച്ചുനിരപ്പാക്കി. ചരിത്രപാഠപുസ്തകങ്ങളെല്ലാം തിരുത്തിയെഴുതപ്പെട്ടു. ഏറ്റവും ഒടുവിൽ എസ്‌ഐആറിലൂടെ വോട്ടവകാശവും നിഷേധിക്കപ്പെടുകയാണ്.  അങ്ങിനെ ന്യൂനപക്ഷങ്ങളിലെ മഹാഭൂരിപക്ഷവും ഇന്ന് നിശ്ശബ്ദമായി, വിവരണാതീതമായ അനീതിക്കും വിവേചനത്തിനും ഇരകളായി, രണ്ടാംതരം പൗരന്മാരായി ഭീതിയോടെ കഴിയുന്നതാണ് നാം കാണുന്നത്. ഇവർക്കെതിരെയാണ് ബിജെപി വെറുപ്പിന്റെ രാഷ്ട്രീയം ആളിക്കത്തിക്കുന്നത്. അത് ഏറ്റുപാടുകയാണ് കേരളത്തിൽ സിപിഐ(എം). വെറുപ്പും അന്യമതവിദ്വേഷവും വളർത്തിയെടുത്ത് പൊതുമണ്ഡലത്തിൽ സംഘപരിവാർ ശക്തികൾ ആസൂത്രിതമായി  സൃഷ്ടിക്കുന്ന ഇസ്ലാമോഫോബിയയുടെ ഭീതിജനകമായ സാമൂഹ്യാന്തരീക്ഷത്തെ വീണ്ടും കലുഷിതമാക്കാൻ തങ്ങളുടെ പ്രസ്താവനകൾ ഇടവരുത്തുമെന്ന് സിപിഐ(എം) നേതാക്കൾക്ക് ഉത്തമബോദ്ധ്യമുണ്ട്. അതുതന്നെയാണ് അവരുടെ കണക്കുകൂട്ടലും. ഈ പാർട്ടിയുടെ അപചയം അപാരംതന്നെ.
ഭരണകൂടത്തിന്റെ മൃഗീയബലം ഉപയോഗപ്പെടുത്തിയുള്ള ബിജെപിയുടെ സംഘടിതമായ ആക്രമണത്തിനുമുമ്പിൽ  അന്യവൽക്കരിക്കപ്പെടുകയും അനാഥമാക്കപ്പെടുകയും ചെയ്യുന്ന ന്യൂനപക്ഷ ജനവിഭാഗത്തെ വൈര്യാഗ്യബുദ്ധിയോടെ വീണ്ടും ആക്രമിക്കുന്നതിന്റെ യുക്തി എന്താണ്? രാജ്യത്തെ ജനാധിപത്യവ്യവസ്ഥക്ക് എന്തു ഭീഷണിയാണ് ന്യൂനപക്ഷവിഭാഗം ഉയർത്തുന്നത്? ഒന്നിനു പിറകെ മറ്റൊന്നായി വന്നുകൊണ്ടിരിക്കുന്ന ഭരണകൂട ആക്രമണത്തിനുമുമ്പിൽ അന്യവൽക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ നിസ്സഹായതയും അവരിൽ ഉറഞ്ഞുകൂടുന്ന നിരാശയും മുതലെടുത്ത് അപകടകരമായ മുദ്രാവാക്യങ്ങളി ലേക്ക് അവരെ ആകർഷിക്കാൻ ശ്രമിക്കുന്ന ശക്തികളുണ്ടാകാം. അപൂർവ്വമായിട്ടെങ്കിലും അത്തരം മനോനില, ജനാധിപത്യക്രമത്തിന് ഒരു കാരണവശാലും അംഗീകരിക്കാനാവാത്ത, ഒറ്റപ്പെട്ട ഭീകര പ്രവൃത്തികൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ആകെ സാമൂഹ്യ സാഹചര്യം വിലയിരുത്തുമ്പോൾ രാജ്യത്തിന്റെ നിലനിൽപ്പിനെ അപകടപ്പെടുത്തത്തക്കവിധം ന്യൂനപക്ഷം ആകെത്തന്നെയോ അതിലെ ഏതെങ്കിലുമൊരു വിഭാഗമോ സംഘടിതമായി രാജ്യത്തിനെതിരെയുള്ള പ്രർത്തനങ്ങളിൽ വ്യാപരിക്കുന്നത് കാണാനാകുന്നുണ്ടോ? ന്യൂനപക്ഷ ഭീഷണിയെന്ന കൃത്രിമ ആഖ്യാനം ആത്യന്തികമായി സഹായിക്കുക സംഘപരിവാർ ശക്തികളെയായിരിക്കുമെന്ന് ഈ വൈകിവേളയിലെങ്കിലും തിരിച്ചറിഞ്ഞ് എത്രയും വേഗം ഈ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കാന്‍ നേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍സിപിഐ(എം) അണികള്‍ മുന്നോട്ടുവന്നേ മതിയാകൂ.

ബാബറി മസ്ജിദ് തകർക്കലിന്റെ സ്ഫോടനാത്മകമായ സ്ഥിതിയിൽപ്പോലും ജനൈക്യവും ശാന്തിയും പുലർത്തിയ, മതേതര മൂല്യങ്ങളുടെ അഭിമാനകരമായ സാമൂഹ്യനിലയുള്ള കേരളത്തെ വർഗ്ഗീയതക്കെതിരായ ഒരു നെടുങ്കോട്ടയായി നിലനിർത്താൻ,    ഒരൊറ്റ മനുഷ്യനായി നിലകൊണ്ടുകൊണ്ട് സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കായി നടത്തുന്ന വർഗ്ഗീയനീക്കങ്ങളെ അവജ്ഞയോടെ തള്ളിക്കളയാൻ ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം മുന്നോട്ടുവരേണ്ടത് അടിയന്തര കര്‍ത്തവ്യമായിരിക്കുന്നു.

Share this post

scroll to top