പത്തുവർഷംകൊണ്ട് ജനജീവിതത്തിന്റെ സർവ്വ മേഖലകളിലും ദുരിതം വിതച്ച പിണറായി സർക്കാർ തിരഞ്ഞെടുപ്പിനെ മുന്നില്‍കണ്ട്, നിസ്സാരമായ ആനുകൂല്യങ്ങൾ എറിഞ്ഞു കൊടുത്ത് ഭരണകാലത്തെ ദുഷ്‌ചെയ്തികളെയാകെ മൂടിവയ്ക്കാമെന്ന് വ്യാമോഹിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് സംസ്ഥാന ബജറ്റിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. അടുത്ത സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് മുമ്പുതന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നും പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്നും ഉറപ്പുള്ളതുകൊണ്ട് പൊള്ളയായ പ്രഖ്യാപനങ്ങളും വ്യാജമായ വാഗ്ദാനങ്ങളുംകൊണ്ട് കസർത്ത് നടത്തിയിരിക്കുകയാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ആശാവർക്കർമാർക്ക് മിനിമം കൂലി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. വെറും ആയിരം രൂപയുടെ വർദ്ധനവുമാത്രമാണ് നൽകിയിരിക്കുന്നത്. അതുപോലെപങ്കാളിത്തപെന്‍ഷനു പകരം പഴയ പെൻഷൻ പുനഃസ്ഥാപിക്കപ്പെടില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് പുതിയൊരു കോൺട്രിബ്യൂട്ടറി പെൻഷൻ പ്രഖ്യാപിച്ചിരിക്കുകയാണ്. ജീവനക്കാരിൽനിന്ന് തട്ടിയെടുത്ത പതിനായിരക്കണക്കിന് കോടി രൂപയിൽ ചെറിയൊരു വിഹിതം മാത്രമാണ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. സര്‍വ്വമേഖലകളിലും ഇന്‍ഷുറന്‍സ് രാജും ഏര്‍പ്പെടുത്തിയിരിക്കുന്നു.
ജനങ്ങൾക്ക് എന്തൊക്കെയോ വാരിക്കോരി നൽകിയെന്ന പ്രീതീതി സൃഷ്ടിച്ചുകൊണ്ട്, അതിന്റെ മറവിൽ സംസ്ഥാനത്തെ സര്‍വ്വനാശത്തിലേക്ക് നയിക്കുന്ന മൂലധനസേവയ്ക്കുള്ള പദ്ധതികളും പ്രഖ്യാപിച്ചിരിക്കുക യാണ്. സമുദ്രസമ്പത്തും തീരസമ്പത്തും വൻതോതിൽ തുരന്നെടുക്കാനും തീരജനതയുടെ കടലവകാശങ്ങൾ നിഷേധിക്കുവാനും ഉദ്ദേശിച്ചു കൊണ്ടുള്ള ‘ബ്ലൂ ഇക്കണോമി’ എന്ന ആഗോള മുതലാളിത്ത പദ്ധതി വർദ്ധിത വീര്യത്തോടെ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കു കയാണ്. കേരളത്തിന്റെ ധാതുസമ്പത്താകെ കവരുന്ന കരിമണൽ കൊള്ളക്കായി ‘റയർ എർത്ത് കോറിഡോർ’ എന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു. കേരളം തള്ളിക്കളഞ്ഞ കെ റെയിൽ പദ്ധതി പേരുമാറ്റി അവതരിപ്പിച്ചിരിക്കുന്നു. അദാനി കുടുംബത്തിന്റെ ആസ്തി പെരുപ്പിക്കുന്ന വിഴിഞ്ഞം പദ്ധതിക്കുവേണ്ടി കേരള ഖജനാവ് കുത്തിയൊഴുക്കുന്നത് ഈ ബജറ്റിലും തുടരുകയാണ്.
ചുരുക്കത്തിൽ തിരഞ്ഞെടുപ്പ് എത്തുമ്പോൾ ജനങ്ങളോട് വോട്ട് ചോദിച്ച് വീടുകളിൽ ചെല്ലാൻ പറ്റാത്ത വിധത്തിലുള്ള ജനരോഷത്തെ തണുപ്പിക്കാനുള്ള വിദ്യകളും മൂലധനശക്തികളെ സേവിക്കാൻ തങ്ങൾ സന്നദ്ധരാണെന്നുള്ള സന്ദേശവും നൽകുന്നതാണ് ഇത്തവണത്തെ കേരള ബജറ്റ്.
