വിചാരണ കൂടാതെ അഞ്ച് വർഷത്തെ തടവിനുശേഷവും ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീംകോടതി ജാമ്യം നിഷേധിച്ചത് ഗുരുതരമായ ആശങ്കയുണ്ടാക്കുന്നു. ഖാലിദിന് ആറ് വർഷത്തിലധികം ജയിലിൽ കഴിയേണ്ടിവന്നു, ഇമാമിന് ഏഴ് വർഷവും. പൗരത്വ ഭേദഗതി നിയമത്തിനും (CAA) ദേശീയ പൗരത്വ രജിസ്റ്ററിനും (NRC) എതിരെയുള്ള പ്രതിഷേധത്തിനിടെ 2020 ഫെബ്രുവരി 24ന് വടക്കുകിഴക്കൻ ഡൽഹിയിലെ ജാഫ്രാബാദ് മേഖലയിലുണ്ടായ സംഘർഷത്തിൽ 50ലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട് ഖാലിദും ഇമാമും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമാണ് (UAPA) തടവിലാക്കപ്പെട്ടിരിക്കുന്നത്.
ഡൽഹിയിലെ അക്രമങ്ങൾക്ക് പ്രേരിപ്പിച്ചത് ആരാണ്? ‘ജയ് ശ്രീറാം’ എന്നുവിളിക്കുന്നതും മതപരമായ അധിക്ഷേപങ്ങൾ നടത്തുന്നതും കല്ലുകൾ ശേഖരിച്ച് ട്രക്കിൽ കയറ്റുന്നതുമായ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, ബിജെപി നേതാക്കളായ കപിൽ മിശ്ര, പ്രവേശ് വർമ്മ തുടങ്ങിയവർ ‘ദേശ് കെ ഗദ്ദാരോ കോ ഗോലി മാരോ സാലോ കോ’ [രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലുക] എന്ന പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നതായും കണ്ടെത്തി. ഇത് വടക്കുകിഴക്കൻ ഡൽഹിയിലെ ന്യൂനപക്ഷ സമുദായത്തിനുനേരെ വർഗീയമായി പ്രേരിപ്പിക്കപ്പെട്ട ആൾക്കൂട്ട ആക്രമണങ്ങൾക്ക് കാരണമായതായി ആരോപിക്കപ്പെടുന്നു. ഒരു വീഡിയോയിൽ, കല്ലുകളും ഇഷ്ടികകളും ട്രാക്ടറില്‍നിന്ന് ഇറക്കുമ്പോൾ ഒരു സംഘം മുദ്രാവാക്യം വിളിക്കുന്നതും ആഹ്ലാദിക്കുന്നതും കാണാം. മുസ്ലീമായ ഒരു മനുഷ്യനെ കലാപകാരികൾ മർദ്ദിക്കുന്ന റോയിട്ടേഴ്സ് ഫോട്ടോ ചില പ്രമുഖ ദിനപത്രങ്ങളുടെ മുൻപേജിൽ പ്രത്യക്ഷപ്പെട്ടു. പ്രദേശവാസികൾ പറയുന്നതനുസരിച്ച്, പോലീസിന്റെ സാന്നിധ്യത്തിൽ ഒരു സംഘം പ്രദേശത്ത് റെയ്ഡ് നടത്തുകയും കടകളും വീടുകളും പള്ളികളും അഗ്നിക്കിരയാക്കുകയും ചെയ്തു. ഡൽഹിയുടെ പലഭാഗങ്ങളും, പ്രത്യേകിച്ച് വടക്കുകിഴക്കൻ ഡൽഹി കത്തിയെരിഞ്ഞു. ഒരു മുസ്ലീം പുരുഷനെയും ബുർഖ ധരിച്ച സ്ത്രീയെയും ഒരു സംഘം വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് മർദ്ദിക്കുന്നത് റോയിട്ടേഴ്സ് കണ്ടു.
ഷാരൂഖ് എന്ന് പോലീസ് തിരിച്ചറിഞ്ഞ ഒരു പ്രതിഷേധക്കാരൻ (പിന്നീട് സംഘപരിവാർ പ്രവർത്തകനായ ചന്ദ്രൽ ശുക്ലയാണെന്ന് വെളിപ്പെട്ടു) ഒരു പോലീസുകാരന്റെ സാന്നിദ്ധ്യത്തിൽ വെടിവയ്ക്കുന്നതായി കാണപ്പെട്ടു. മുസ്ലീംപേരുള്ള ഒരു കട ആൾക്കൂട്ടം തകർക്കുമ്പോഴും വാഹനങ്ങൾ വലിച്ചിറക്കി തീയിടുമ്പോഴും പോലീസ് നോക്കിനിന്നു. “മുന്നോട്ട് പോയി കല്ലെറിയൂ,” ഒരു പോലീസുകാരൻ ആക്രമിക്കുന്ന സംഘത്തോട് ആക്രോശിച്ചു. ട്വിറ്ററിൽ പോസ്റ്റുചെയ്ത ഒരു വീഡിയോയിൽ, കല്ലെറിയുന്ന ആൾക്കൂട്ടത്തിന്റെ ഭാഗമായ ഒരാൾ തങ്ങൾക്ക് പോലീസിന്റെ പിന്തുണയുണ്ടെന്ന് വ്യക്തമായി അവകാശപ്പെടുന്നുണ്ട്. വീഡിയോ റെക്കോർഡ് ചെയ്യുന്നയാൾ തന്റെ ഹിന്ദു വർഗീയ ഐഡന്റിറ്റി പ്രഖ്യാപിക്കുന്ന മുദ്രാവാക്യങ്ങൾ വിളിക്കുന്നതിനൊപ്പം “പോലീസ് പ്രശാസൻ സിന്ദാബാദ്” (പോലീസ് സേന സിന്ദാബാദ്) എന്നും വിളിച്ചു പറഞ്ഞു. ആ പ്രദേശത്തെ ഇരു സമുദായങ്ങളിലുംപെട്ട സാധാരണക്കാരുടെയും കടയുടമകളുടെയും മുഖത്ത് ഭീതി പ്രകടമായിരുന്നു. ശ്രദ്ധേയമായ കാര്യം, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ നടത്തിയ പ്രസംഗങ്ങളുടെ പേരിൽ 2020 ജനുവരി 28ന് ദിവസങ്ങൾക്കുമുമ്പുതന്നെ ഇമാം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു എന്നതാണ്. അതേ വർഷം സെപ്റ്റംബർ 13നാണ് ഖാലിദ് അറസ്റ്റിലായത്. എന്നാൽ രക്തച്ചൊരിച്ചിലിനും അക്രമങ്ങൾക്കും നേതൃത്വം നൽകിയ തീവ്രഹിന്ദുത്വവാദികൾ നിയമനടപടികളൊന്നും നേരിട്ടില്ല; ക്രിമിനൽ കുറ്റത്തിന് അവരെ ശാസിച്ചുപോലുമില്ല.
സുപ്രീംകോടതിയുടെ നിരീക്ഷണം
ഖാലിദിനും ഇമാമിനും ജാമ്യം നിഷേധിച്ചതിനെ ന്യായീകരിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു: “നിയമവിരുദ്ധമായ പ്രവർത്തനമോ തീവ്രവാദ പ്രവർത്തനമോ ആസൂത്രണം ചെയ്തവരോ നയിച്ചവരോ എന്ന് ആരോപിക്കപ്പെടുന്നവർ, കേവലം സഹായം നൽകുകയോ മറ്റൊരു തലത്തിൽ പങ്കാളികളാവുകയോ ചെയ്തവരിൽനിന്ന് വ്യത്യസ്തമായ നിയമതലത്തിലാണ് നിൽക്കുന്നത്. അത്തരം വ്യത്യാസങ്ങൾ അവഗണിക്കുന്നത് ഏകപക്ഷീയതയ്ക്ക് കാരണമാകും.” വിചാരണയിലെ കാലതാമസം നിയമപരമായ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാൻ ഉപയോഗിക്കാവുന്ന ഒരു ‘തുറുപ്പുചീട്ട്’ അല്ലെന്നും ബെഞ്ച് പറഞ്ഞു, അതായത് ‘ജാമ്യം നിയമവും ജയിൽ അപവാദവുമാണ്’ എന്ന ക്രിമിനൽ നീതിയുടെ അടിസ്ഥാന തത്വത്തിന് വിരുദ്ധമാണിത്. “ഭരണഘടന വ്യക്തിസ്വാതന്ത്ര്യം ഉറപ്പുനൽകുന്നു, എന്നാൽ സ്വാതന്ത്ര്യത്തെ സമൂഹത്തിന്റെ സുരക്ഷയിൽനിന്ന് വേർപെടുത്തപ്പെട്ട ഒന്നായി കാണുന്നില്ല,” ജഡ്ജിമാർ പറഞ്ഞു. ഖാലിദിന്റെയും ഇമാമിന്റെയും ‘നീണ്ട തടവ്’ അവർക്ക് ജാമ്യം അനുവദിക്കാൻ മതിയായ കാരണമായി കോടതി കണ്ടില്ല, കൂടാതെ ഇരുവരും “ഗൂഢാലോചനയിൽ മുഖ്യ പങ്കുവഹിച്ചുവെന്നും” കോടതി പറഞ്ഞു.
ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കി ഗൂഢാലോചന കേസുകൾ
കെട്ടിച്ചമയ്ക്കുന്നു
എല്ലാവർക്കും അറിയാവുന്നതുപോലെ, ഖാലിദ് ആക്ഷേപകരമായി ഒന്നും പറഞ്ഞിട്ടില്ല. മഹാത്മാഗാന്ധിയുടെ ആയുധങ്ങൾ അഹിംസയും സിവിൽ നിയമലംഘനവും നിസ്സഹകരണവുമായിരുന്നു എന്നുമാത്രമാണ് അദ്ദേഹം നിരീക്ഷിച്ചത്. കലാപത്തിന്റെ ‘സൂത്രധാരൻ’ എന്ന് അദ്ദേഹത്തെ വിളിക്കാൻ പോലീസ് ഉപയോഗിച്ച ഏക പ്രസംഗം ഇതായിരുന്നു. ഡൽഹിയിൽ അക്രമം പൊട്ടിപ്പുറപ്പെടുന്നതിന് ഒരാഴ്ച മുമ്പ്, 1,500 കിലോമീറ്റർ അകലെയുള്ള മഹാരാഷ്ട്രയിൽവെച്ചാണ് ഖാലിദ് ഇത് പറഞ്ഞതെന്നത് ഏറെ ശ്രദ്ധേയമാണ്.
കഴിഞ്ഞ നാല് വർഷമായി, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച മുസ്ലീം പ്രവർത്തകരുടെമേൽ കലാപത്തിന്റെ പഴിചാരുക എന്ന മുൻകൂര്‍ നിശ്ചയിച്ച ലക്ഷ്യത്തിനായി ഊഹാപോഹങ്ങളും കെട്ടിച്ചമച്ച തെളിവുകളും രഹസ്യ സാക്ഷിമൊഴികളും ഉപയോഗിച്ച് ഈ ഗൂഢാലോചന കേസ് എങ്ങനെയാണ് കെട്ടിച്ചമച്ചിരിക്കുന്നത് എന്ന് നാം കണ്ടു. കലാപക്കേസുകളിൽ ഡൽഹി പോലീസ് തെളിവുകൾ കെട്ടിച്ചമയ്ക്കുന്നത് കീഴ്‌കോടതികൾ പലതവണ പിടികൂടിയിട്ടുണ്ട്. എന്നിട്ടും ഉമർ ഖാലിദിന്റെ കാര്യത്തിൽ, ഗൂഢാലോചനായോഗത്തെക്കുറിച്ചുള്ള പോലീസിന്റെ അവകാശവാദങ്ങൾ തകർന്നിട്ടും, അന്വേഷണത്തെ ചോദ്യംചെയ്യാൻ കോടതികൾ തയ്യാറാവുന്നില്ല. ഇത് മനുഷ്യാവകാശ ലംഘനത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ്.
മാലേഗാവ് പ്രതികളെ മോചിപ്പിച്ചു
ഖാലിദും ഇമാമും ഗൂഢാലോചനക്കാരായി തുടരുമ്പോൾ, 2008ൽ മഹാരാഷ്ട്രയിലെ മുസ്ലീം ഭൂരിപക്ഷ പട്ടണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയുംചെയ്ത സ്ഫോടനക്കേസിലെ പ്രതികളായ മുൻ ബിജെപി എംപി സാധ്വി പ്രജ്ഞാ സിംഗ് താക്കൂർ, ലഫ്റ്റനന്റ് കേണൽ ശ്രീകാന്ത് പ്രസാദ് പുരോഹിത് തുടങ്ങിയ ഏഴ് പേരെ 2025 ജൂലൈയിൽ കോടതി വെറുതെ വിട്ടു. അവരും UAPA നിയമപ്രകാരം തടവിലായിരുന്നു. ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് എൻഐഎ പ്രത്യേക കോടതി ഇവർക്കെതിരെ ചുമത്തിയിരുന്നത്.
സംഝോത എക്സ്പ്രസ് സ്ഫോടനക്കേസ്
സംഝോത എക്സ്പ്രസ് സ്ഫോടനക്കേസിൽ സ്വാമി അസീമാനന്ദയെയും കൂട്ടാളികളെയും വിചാരണചെയ്ത സ്പെഷ്യൽ ജഡ്ജി ജഗദീപ് സിംഗിന്റെ 160 പേജുള്ള വിധിന്യായത്തിൽ കേസിലെ അന്വേഷണത്തിലെ പോരായ്‌മകൾ എടുത്തുപറയുന്നുണ്ട്. പ്രതികളെ കുറ്റക്കാരാക്കാൻ ആവശ്യമായ തെളിവുകൾ നൽകുന്നതിൽ എൻഐഎ പരാജയപ്പെട്ടുവെന്ന് വിധിയിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങളും റെയിൽവേ സ്റ്റേഷൻ ഡോർമിറ്ററി രേഖകളും ഹാജരാക്കുന്നതിലെ എൻഐഎയുടെ പരാജയവും തിരിച്ചറിയൽ പരേഡ് നടത്തുന്നതിലെ അശ്രദ്ധയും വിധിന്യായത്തിൽ അത്ഭുതത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട്. “വിശ്വസനീയവും സ്വീകാര്യവുമായ തെളിവുകളുടെ അഭാവംമൂലം ക്രൂരമായ അക്രമത്തിന് ശിക്ഷ ലഭിക്കാത്തതിൽ അതീവ വേദനയോടെ എനിക്ക് ഈ വിധി അവസാനിപ്പിക്കേണ്ടി വരുന്നു. പ്രോസിക്യൂഷൻ തെളിവുകളിൽ വലിയ വിടവുകളുണ്ട്, ഒരു തീവ്രവാദ പ്രവർത്തനം പരിഹരിക്കപ്പെടാതെ അവശേഷിക്കുന്നു. തീവ്രവാദത്തിന് മതമില്ല. കാരണം, ലോകത്തിലെ ഒരു മതവും അക്രമം പഠിപ്പിക്കുന്നില്ല…” എന്ന് ജഡ്ജി വിധിന്യായത്തിൽ രേഖപ്പെടുത്തി.
ബിൽക്കിസ് ബാനു കേസിലെയും മറ്റു കേസുകളിലെയും പ്രതികളെ മോചിപ്പിച്ചു
അതുപോലെ, 2002ലെ ഗുജറാത്ത് കലാപത്തിനിടെ ഗർഭിണിയായ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട 11 ഹിന്ദുത്വ പ്രവർത്തകരെ ബിജെപി നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാർ പ്രത്യേക ഇളവ് നൽകി വിട്ടയച്ചു. അവർ ജയിലിൽനിന്ന് പുറത്തുവന്നപ്പോൾ ബിജെപി പ്രവർത്തകർ മാലയിട്ട് സ്വീകരിച്ചു. കൂടാതെ, രണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്തതിന് 20 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട രാം റഹീം സിംഗിന് 2017ലെ ശിക്ഷാവിധിക്കുശേഷം 15-ാം തവണയാണ് പരോൾ അനുവദിച്ചത്. 2025 ആഗസ്റ്റിലാണ് അദ്ദേഹം അവസാനമായി പരോളിൽ ഇറങ്ങിയത്.
ഫെബ്രുവരി 5ലെ ഡൽഹി അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി 2025 ഏപ്രിലിലും ജനുവരിയിലും അദ്ദേഹത്തിന് പരോൾ അനുവദിക്കപ്പെട്ടിരുന്നു. അതുപോലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്കുമുമ്പ് 2024 ഒക്ടോബർ 1നും അദ്ദേഹം പുറത്തിറങ്ങി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് ജയിലിലായിരുന്ന മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗറിന് ഡൽഹി ഹൈക്കോടതി കഴിഞ്ഞ മാസം ശിക്ഷാ കാലാവധി സസ്പെൻഡ് ചെയ്യുകയും ജാമ്യം അനുവദിക്കുകയും ചെയ്തു. ഗുസ്തി താരങ്ങളെ പീഡിപ്പിച്ച പരാതിയിൽ ബിജെപി നേതാവ് ബ്രിജ് ഭൂഷൺ സിംഗിനെതിരെയും നടപടികളൊന്നുമുണ്ടായില്ല.
മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം
ഒരു ജനാധിപത്യ രാജ്യത്ത് അന്വേഷണ ഏജൻസികൾ നിഷ്പക്ഷമായ രീതിയിൽ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഭരണഘടനാ സ്ഥാപനങ്ങളും ഭരണം നടത്തുന്ന നേതാക്കളും വർഗീയമായി പക്ഷപാതം കാണിക്കുന്നത് ആശാസ്യമല്ല. ഏത് സംഘടനയിൽപ്പെട്ടവരായാലും, ഏത് മതം വിശ്വസിക്കുന്നവരായാലും ബോംബ് സ്ഫോടനംപോലുള്ള ക്രൂരകൃത്യങ്ങൾ ചെയ്യുന്നവർക്ക് കടുത്തശിക്ഷ നൽകേണ്ടതാണ്. എന്നാൽ മുകളിൽ നൽകിയിരിക്കുന്ന ഉദാഹരണങ്ങൾ കാണിക്കുന്നത് അധികാരികൾ ഈ ജനാധിപത്യ തത്വത്തിന് മുൻഗണന നൽകുന്നില്ല എന്നാണ്. അധികാരികള്‍ വർഗീയതയും ന്യൂനപക്ഷ വിദ്വേഷവും വളർത്തുകയും അന്വേഷണ നടപടികളിൽ ഇടപെടുകയും ചെയ്യുന്നു. ‘നിയമം എല്ലാവർക്കും തുല്യമാണ്’എന്ന തത്വം ജനാധിപത്യത്തിൽ വെറും തമാശയായി മാറുന്നു. അതിന്റെ പേരാണ് ഫാസിസ്റ്റ് ഏകാധിപത്യം.
