ശബരിമല സ്വർണക്കൊള്ള: അഴിമതിയും വെട്ടിപ്പും മുഖമുദ്രയാക്കിയ ഭരണരാഷ്ട്രീയം

Share

കേരളത്തിലെ ആരാധനാലയങ്ങളിൽ പ്രമുഖ സ്ഥാനത്തുള്ള ഒന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ശബരിമല. വർഷംതോറും ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നെത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികളും, അവരിൽനിന്നുണ്ടാക്കുന്ന വരുമാനവുംകൊണ്ട് കേരളത്തിൽ ഏറ്റവുമധികം ശ്രദ്ധകിട്ടുന്ന ക്ഷേത്രമാണിത്. എന്നാല്‍ കുറച്ചുകാലമായി ശബരിമലയെ ചുറ്റിപ്പറ്റി ഒട്ടേറെ രാഷ്ട്രീയവിവാദങ്ങളുണ്ടാകുന്നു, തിരഞ്ഞെടുപ്പ് മുതലെടുപ്പുകളുണ്ടാകുന്നു. ഇപ്പോഴാകട്ടെ ഞെട്ടിപ്പിക്കുന്ന സ്വർണക്കൊള്ളയുടെയും വെട്ടിപ്പിന്റെയും വാർത്തകളാണ് ശബരിമലയെ സംബന്ധിച്ച് കേൾക്കുന്നത്.

ശബരിമല ക്ഷേത്രത്തെ പരിപാലിക്കാൻ നിയുക്തരായിരുന്നവർ ഒത്തുചേർന്ന് നടത്തിയ സ്വര്‍ണക്കൊള്ളയുടെ വിശദാംശങ്ങളാണ് ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സിപിഐ(എം)ന്റെ മുതിർന്ന നേതാവും മുന്‍എംഎല്‍എയുമായ എ.പത്മകുമാർ അടക്കം ദേവസ്വം ബോർഡിന്റെ രണ്ട് മുൻപ്രസിഡന്റുമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കുപുറമേ, ശബരിമലയിലെ വിശ്വാസപരമായ കാര്യങ്ങളെയും പൂജാരീതികളെയും നിയന്ത്രിക്കുന്ന തന്ത്രികുടുംബത്തിലെ പ്രമുഖാംഗവും സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നു. അന്വേഷണം പുരോഗമിക്കുമ്പോൾ, സ്വർണവെട്ടിപ്പ് മാത്രമല്ല, കാലങ്ങളായി ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന മറ്റനവധി വെട്ടിപ്പുകളും അഴിമതിയും സംബന്ധിച്ച സൂചനകൾ കൂടിയാണ് പുറത്തുവരുന്നത്. ഭരണനേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഇത്ര വലിയ വെട്ടിപ്പുകൾ ശബരിമല പോലെയൊരു സ്ഥലത്ത് ദീർഘനാളായി തുടരാനാവില്ല എന്നത് വ്യക്തമാണ്. വിശ്വാസികളെ മാത്രമല്ല, പൊതുസമൂഹത്തെയുംകൂടെയാണ് ഇവർ വഞ്ചിക്കുന്നത്.


തടയേണ്ടവർ തന്നെ വെട്ടിപ്പിൽ പങ്കാളികളാകുന്നു


ശബരിമലയിൽ നിന്നാണ്, ഇന്ന് ദേവസ്വം ബോർഡിന്റെ വരുമാനത്തിന്റെ സിംഹഭാഗവും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലെ ഒട്ടനവധി ചെറുക്ഷേത്രങ്ങളെയും, ദേവസ്വം ബോർഡിലും ബോർഡ് സ്ഥാപനങ്ങളിലുമുള്ള ജീവനക്കാരെയും നിലനിർത്തുന്നതിലും ശബരിമല ഒരു പ്രധാനപങ്കു വഹിക്കുന്നുണ്ട്. അതേസമയം തന്നെ, വൃശ്ചികമാസം മുതൽ മകരംവരെ നീളുന്ന ശബരിമലയിലെ പ്രധാന തീർത്ഥാടന കാലത്ത്, കേരളത്തിലെ ഏറെക്കുറെ എല്ലാ പ്രധാന സർക്കാർ വകുപ്പുകളെയും ഉൾപ്പെടുത്തി ഒരു സമാന്തരസംവിധാനം ഒരുക്കി തീർത്ഥാടനം സുഗമമാക്കുന്നതിനായി കോടിക്കണക്കിന് രൂപ സംസ്ഥാന സർക്കാർ മുടക്കുന്നുമുണ്ട്. ശബരിമലയുമായി ബന്ധപ്പെടുത്തിയുള്ള അടിസ്ഥാന സൗകര്യവികസനത്തിനും സർക്കാർതന്നെ പണം കണ്ടെത്തുന്നു. പെരിയാർ കടുവാസങ്കേതത്തിനുള്ളിലാണ് ശബരിമല ക്ഷേത്രം. അതിന്റെ ഭാഗമായുള്ള പരിസ്ഥിതി നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ടുമാത്രം ഭരണനേതൃത്വവും റിയൽഎസ്റ്റേറ്റ് ലോബിയും ആഗ്രഹിക്കുന്ന തരത്തിൽ വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ ശബരിമലയിൽ നടത്താനാകുന്നില്ല. പക്ഷേ, ശബരിമല വിമാനത്താവളംപോലെയുള്ള റിയൽ എസ്റ്റേറ്റ് പദ്ധതികളുമായി ഈ സർക്കാരും മുന്നോട്ടുപോകുന്നുണ്ട്. ഇത്തരത്തിലുള്ള വാണിജ്യസാദ്ധ്യതകളും തിരഞ്ഞെടുപ്പ് രാഷ്ട്രീയവും മുന്നിൽക്കണ്ടാണ് എൽഡിഎഫ് സർക്കാർ കുറച്ചുനാളുകൾക്കുമുമ്പ് ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചത്. അയ്യപ്പസംഗമം നടത്തി ദിവസങ്ങൾക്കുള്ളിലാണ് ശബരിമലയിൽ നടന്ന സ്വര്‍ണവെട്ടിപ്പ് സംബന്ധിച്ച വിവരം പുറത്തുവരുന്നതും ഹൈക്കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം ആരംഭിക്കുന്നതും.


ദ്വാരപാലക ശിൽപങ്ങളിലെ ചെമ്പ് പാളികളിൽ സ്വർണം പൊതിയൽ നടത്തിയതിലെ നഷ്ടങ്ങളും ക്രമക്കേടുകളും പുറത്തുവന്നതാണ് വിവാദത്തിന്റെ പശ്ചാത്തലം. സ്വർണം നഷ്ടപ്പെട്ടെന്നും ഇത് മോഷണവും വിശ്വാസവഞ്ചനയും ക്രിമിനൽ ക്രമക്കേടുമാണെന്നും ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിലയിരുത്തിയിട്ടുണ്ട്. ശബരിമല ക്ഷേത്രത്തിലെ വിലപ്പെട്ട വസ്തുക്കളുടെ വിശദമായ പരിശോധനയ്ക്കും കണക്കെടുപ്പിനും ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് വിഷയം പൊതുജനശ്രദ്ധയിലേക്ക് വന്നത്. ദ്വാരപാലക ശിൽപങ്ങളുടെ സ്വർണം പൊതിഞ്ഞ ചെമ്പ് പാളികൾ, കോടതിയുടെ അനുമതിയില്ലാതെയും നിരീക്ഷണ സംവിധാനങ്ങൾ ഇല്ലാതെയും അറ്റകുറ്റപ്പണിക്കായി പുറത്തേക്ക് കൊണ്ടുപോയെന്ന റിപ്പോർട്ടുകളാണ് കോടതിയുടെ ഈ ഇടപെടലിന് കാരണം. 1999ൽ മദ്യവ്യവസായി വിജയ് മല്ല്യ സംഭാവന ചെയ്ത 30 കിലോഗ്രാമിലധികം സ്വർണം ഉപയോഗിച്ച് ശ്രീകോവിലിനൊപ്പം ദ്വാരപാലക ശിൽപങ്ങളിലും സ്വര്‍ണം പൊതിഞ്ഞിരുന്നു. 20 വർഷങ്ങൾക്കുശേഷം, 2019ൽ, തിരുവനന്തപുരം സ്വദേശിയായ ഉണ്ണികൃഷ്ണൻ പോറ്റി എന്ന സ്പോൺസർക്ക് ദ്വാരപാലക ശിൽപങ്ങളിലെ പാളികൾ സ്വർണം പൂശാനായി കൈമാറി. കൈമാറുമ്പോൾ ഇവയുടെ തൂക്കം 42.8 കിലോഗ്രാം. സ്വർണം പൂശാനായി പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചപ്പോൾ തൂക്കം 38.258 കിലോ. അതായത് 4.541 കിലോയുടെ കുറവ്. കൂടാതെ, സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് അഴിച്ചുനൽകിയതിലും തിരികെ സ്ഥാപിച്ചതിലും നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കളിൽ ഇത്തരം പണികൾ നടത്തേണ്ടത് ക്ഷേത്രത്തിനുള്ളിൽവെച്ച് തന്നെയായിരിക്കണമെന്ന ചട്ടങ്ങൾ ലംഘിച്ചാണ് പോറ്റിക്ക് ഇത് കൈമാറിയത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഉണ്ടായിരുന്ന സ്വാധീനം വളരെ വലുതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. ശബരിമലയിലെ മുഖ്യപൂജാരിയുടെ സഹായിയായിരുന്ന പോറ്റി, രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമായി നല്ല ബന്ധം സ്ഥാപിച്ചിട്ടുണ്ട്.


സ്വർണക്കൊള്ളക്കേസിൽ സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റി ആണ് ഒന്നാം പ്രതി. ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി.സുധീഷ് കുമാർ, മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്.ബൈജു, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും ദേവസ്വം മുൻ കമ്മീഷണറും സിപിഐ(എം) നേതാവുമായ എൻ.വാസു, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ, ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ശ്രീകുമാർ, സിപിഐ നേതാവ് കെ.പി.ശങ്കരദാസ്, സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറിയുടമ ഗോവർധൻ, ദേവസ്വം ബോർഡ് മുൻ അംഗം എൻ.വിജയകുമാർ, മുൻ തന്ത്രി താഴമൺമഠം കണ്ഠരര് രാജീവര് എന്നിവരാണ് ഇതിനകം തുറുങ്കിലടക്കപ്പെട്ടവർ. എന്നാൽ എസ്ഐടിയെ സമ്മർദ്ദത്തിലാക്കി, അന്വേഷണത്തെ സർക്കാർ തടസ്സപ്പെടുത്തുകയാണെന്നും, രാഷ്ട്രീയനേതൃത്വത്തിന്റെ അറിവോടെയല്ലാതെ ഇത്രയും വലിയ വെട്ടിപ്പുകൾ ശബരിമലയിൽ നടക്കില്ലെന്നും, ഇതിലേറെ അവിടെ നടക്കുന്നുണ്ടാകാമെന്നുമൊക്കെ പ്രതിപക്ഷമടക്കം ആരോപിക്കുന്നു. സർക്കാരാകട്ടെ ഉരുണ്ടുകളിക്കുന്നു. അന്വേഷണത്തെ തുടർന്ന് ജയിലിലായ പത്മകുമാറിനെതിരെ യാതൊരു നടപടിയുമെടുക്കാന്‍ സിപിഐ(എം) തയ്യാറായിട്ടുമില്ല. മറുവശത്ത്, തന്ത്രിയുടെ പങ്ക് വെളിപ്പെട്ട് അദ്ദേഹം അറസ്റ്റിലായപ്പോൾ വിശ്വാസത്തിന്റെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പുകളിലേക്കുകൂടെ വെളിച്ചം വീണുതുടങ്ങുന്നു. ചുരുക്കത്തിൽ, ക്ഷേത്രത്തെയും ക്ഷേത്രസ്വത്തുക്കളെയും വിശ്വാസപരമായ കാര്യങ്ങളെയുമൊക്കെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ടവർ തന്നെ കാലങ്ങളായി വിശ്വാസികളെ വഞ്ചിച്ചുകൊണ്ട് കൊള്ളനടത്തുകയായിരുന്നു എന്നതാണ് വസ്തുത. ഭക്തിയുടെയും വിശ്വാസത്തിന്റെയും പേരിൽ സാധാരണക്കാരായ ജനങ്ങളെ ചൂഷണം ചെയ്യുകയാണ് എന്നതുകൂടെയാണ് ഇവിടെ തെളിയിക്കപ്പെടുന്നത്.


വിശ്വാസത്തെ ചൂഷണം ചെയ്യുന്നവർ


തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ഒരു ഹൈന്ദവക്ഷേത്രമായാണ് പരിഗണിക്കുന്നതെങ്കിലും, മറ്റ് ക്ഷേത്രങ്ങളിൽനിന്നു വ്യത്യസ്തമായ പല പ്രത്യേകതകളും ശബരിമലയ്ക്കുണ്ട്. ജാതിമതവംശഭേദങ്ങൾ പരിഗണിക്കാതെ, സമ്പന്നനായാലും ദരിദ്രനായാലും ഒരേ നിഷ്ഠകളോടെ ഒരേ വസ്ത്രം ധരിച്ച്, സമന്മാരായി ഒരേ ബുദ്ധിമുട്ടുകൾ സഹിച്ച് തീർത്ഥാടനം നടത്തേണ്ടിയിരുന്ന ഒരു സ്ഥലമായാണ് ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. എന്നാൽ കൂടുതൽ ആളുകൾ എത്തിച്ചേരുമ്പോൾ വർധിക്കുന്ന വരുമാനസാധ്യത തിരിച്ചറിഞ്ഞുതുടങ്ങിയപ്പോൾ, തീർത്ഥാടനം സുഗമമാക്കാൻ എന്ന പേരിൽ ആചാരങ്ങളിലടക്കം വെള്ളംചേർത്തുതുടങ്ങി. സൗകര്യങ്ങൾ വർധിപ്പിക്കാൻ എന്ന പേരിൽ നിർമ്മാണപ്രവർത്തനങ്ങൾ, അനുബന്ധകരാറുകൾ, വർധിച്ച മാധ്യമശ്രദ്ധ–ശബരിമലയിലെ പരമ്പരാഗത തീർത്ഥാടനരീതികൾ പഴങ്കഥയായി. ഏറെക്കുറെ സമ്പൂർണമായും വൈദികബ്രാഹ്മണ രീതികൾ വിശ്വാസപരമായി ശബരിമലയിൽ നടപ്പിലായി. ഇതിന്റെയൊക്കെ മറവിൽ ശബരിമല, ദേവസ്വംബോർഡിന് പണംകായ്ക്കുന്ന മരമായി മാറി. വൈദികരുടേയോ, ഉദ്യോഗസ്ഥരുടേയോ ഒക്കെ പരിചയക്കാരായവർക്കും മറ്റ് വിഐപികൾക്കും ഏത് തിരക്കിലും പ്രത്യേക പരിഗണന കിട്ടിത്തുടങ്ങി, ഒപ്പം സമ്പന്നരായ വിശ്വാസികൾക്കും. ശബരിമലയിൽ വേണ്ടതും വേണ്ടാത്തതുമായ പല നിർമ്മാണപ്രവർത്തനങ്ങൾക്കും ഈ സമ്പന്നർ സ്പോൺസർമാരുമായി. സർക്കാർ നിയന്ത്രണങ്ങൾക്കുപുറത്ത് പ്രവൃത്തികൾ ചെയ്യുന്നതിന് ഈ സ്പോൺസർഷിപ്പ് പരിപാടി എന്ന കുറുക്കുവഴിയാണ് ഉപയോഗപ്പെടുത്തിയിരുന്നത്.


നാളിതുവരെയുള്ള സർക്കാരുകളെല്ലാം വിശ്വാസത്തിന്റെ പേരിലുള്ള ജനവഞ്ചനകൾക്ക് കുടപിടിക്കുകയായിരുന്നു എന്നതാണ് യാഥാർത്ഥ്യം. 2011ൽ പുല്ലുമേട് ദുരന്തത്തെ തുടർന്നുണ്ടായ കേസിൽ അന്നത്തെ ദേവസ്വം ബോർഡിനും സർക്കാരിനും നിവൃത്തിയില്ലാതെ സമ്മതിക്കേണ്ടി വന്നതാണ് ശബരിമലയിലെ മകരവിളക്ക് ദിവ്യജ്യോതിയല്ല, മനുഷ്യൻ തന്നെ കത്തിക്കുന്നതാണെന്ന്. ജ്യോതി തെളിയിക്കുന്നത് സർക്കാർ സംവിധാനത്തിന്റെ സഹായത്തോടുകൂടിയാണെന്നും അതോടെ വ്യക്തമായതല്ലേ. അതായത്, പതിറ്റാണ്ടുകളായി അതിനെ ഒരു ദിവ്യപ്രതിഭാസമായി അവതരിപ്പിച്ച് ജനത്തെ വഞ്ചിച്ചു. അതിന് ഇക്കാലമത്രയും എൽഡിഎഫ് സർക്കാരുകളും കൂട്ടുനിന്നില്ലേ? ഇതൊരു ഉദാഹരണം മാത്രം. ശബരിമലയിൽതന്നെ, നിലനിന്നിരുന്ന ആചാരങ്ങളെയും ആദർശങ്ങളെയും കാറ്റിൽപ്പറത്തി, പരമാവധി ആളുകളെ ആകർഷിച്ചുവരുത്തി ഭക്തിയെ കച്ചവടച്ചരക്കാക്കുന്നതിനല്ലേ കക്ഷിരാഷ്ട്രീയഭേദമില്ലാതെ കേരളത്തിലെ ഭരണമുന്നണികൾ കൂട്ടുനിന്നിട്ടുള്ളത്. സിപിഐ(എം)നോ എൽഡിഎഫിനോ, എന്തെങ്കിലും ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ എന്തായിരുന്നു അവർ കാലങ്ങൾക്കുമുന്നേ ചെയ്യേണ്ടിയിരുന്നത്? വിശ്വാസികളെയും ക്ഷേത്രത്തെയും കൊള്ളയടിച്ച്, ശബരിമലയെ തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കേന്ദ്രമാക്കുന്നത് ഉറപ്പായും അവർ തടഞ്ഞേനെ. വിശ്വാസത്തിന്റെ മറവിൽ ശബരിമലയെ ഉപയോഗിച്ച് നിസ്സഹായരായ സാധാരണക്കാരുടെ വിശ്വാസത്തെ ചൂഷണംചെയ്യാൻ കൂട്ടുനിൽ ക്കില്ലായിരുന്നു. അന്ധവിശ്വാസത്തെ വളർത്തുന്ന കാപട്യങ്ങൾ തുറന്നുകാട്ടി, ശാസ്ത്രത്തെ മാത്രം അടിസ്ഥാനമാക്കി, ശബരിമല ഉൾപ്പെടെയുള്ള കേരളീയ സമൂഹത്തിന്റെയും വിശ്വാസങ്ങളുടെയും പരിണാമത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും സുതാര്യവും സത്യസന്ധവും നിഷ്പക്ഷവുമായ പഠനങ്ങൾക്ക് അവസരമൊരുക്കിയേനെ. ചരിത്രത്തിന്റെ യഥാർത്ഥ തെളിവുകള്‍ മായ്ച്ചുകളഞ്ഞ് അവിടെ, സങ്കുചിതവും വിഭാഗീയവുമായ താത്പര്യങ്ങൾ നടപ്പാക്കാൻ പഴുതുണ്ടാക്കില്ലായിരുന്നു. എന്നാൽ വാസ്തവത്തിൽ എന്താണ് അവർ ചെയ്തത്? ആ ചെയ്തികളുടെ അനിവാര്യമായ തുടർച്ചയായിട്ടാണ് ഇപ്പോഴത്തെ എൽഡിഎഫ് സർക്കാരിനു കീഴിൽ നടക്കുന്ന വെട്ടിപ്പുകളെയും കാണേണ്ടത്.


സംഘപരിവാറിന് പരവതാനി വിരിക്കുന്ന കാപട്യം


ബോധപൂർവ്വം വർഗീയപരാമർശങ്ങൾ നടത്തുന്ന നെറികെട്ട രാഷ്ട്രീയം സിപിഐ(എം) നേതൃത്വം പുറത്തെടുക്കുന്നതും നാം കാണുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മഹത്വത്തിൽ ആത്മാർത്ഥമായി വിശ്വസിച്ച് നാളിതുവരെ ഒപ്പംനിന്ന അസംഖ്യം പ്രവർത്തകരെയും അനുഭാവികളേയും വഞ്ചിക്കുകയാണ് ഈ പാർട്ടിയുടെ നേതൃത്വം.
ജാതിമതഭേദങ്ങളെ പരിഗണിക്കാതിരുന്ന ശബരിമലയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന് സംഘപരിവാർ ശക്തികൾ ഏറെക്കാലമായി ശ്രമിച്ചിരുന്നു. നിലയ്ക്കൽ പ്രശ്നം തൊട്ടേ ഇത് കാണാം. അവരുടെ കൈയിൽ വർഗീയ ധ്രൂവീകരണത്തിനുള്ള ആയുധമാക്കി ശബരിമലയെ കൈമാറിയത്, യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് എൽഡിഎഫ് സർക്കാർ കാട്ടിക്കൂട്ടിയ നടപടികളായിരുന്നു. മറുവശത്ത് ശബരിമലയിൽ തങ്ങൾ ആഗ്രഹിക്കുന്നതുപോലെയുള്ള വെട്ടിപ്പുകൾക്ക് മറയാക്കാനും ബോധപൂർവം സൃഷ്ടിച്ചെടുത്ത ഒന്നായിരുന്നോ അത് എന്ന് ഇപ്പോൾ സംശയിക്കേണ്ടിവരുന്നു. കാരണം ഇപ്പോൾ പുറത്തുവരുന്ന സ്വര്‍ണവെട്ടിപ്പിന് ആസ്പദമായ സംഭവങ്ങളും, ശബരിമലയിലെ അന്നത്തെ കോലാഹലങ്ങളും തമ്മിൽ വലിയ ദൂരമില്ല. ഒരുപക്ഷേ, ഈ കാലഘട്ടത്തിലെ ഇടപാടുകളെ സംബന്ധിച്ച് കൂടുതൽ ആഴത്തിലുള്ള അന്വേഷണത്തിന്റെ ആവശ്യകതയിലേക്കുകൂടിയാണ് ഇത് വിരൽചൂണ്ടുന്നത്.
രാഷ്ട്രീയമായി സംഘപരിവാർ ശക്തികൾ കേരളത്തിലുണ്ടാക്കുന്ന നേട്ടം അവരുടെ തിരഞ്ഞെടുപ്പ് വിജയങ്ങൾ കൊണ്ടുമാത്രമല്ല അളക്കേണ്ടത്. മുമ്പെന്നത്തേക്കാളും ആഴത്തിൽ കേരളീയസമൂഹത്തിൽ സംഘപരിവാറിന്റെ വിഭജനരാഷ്ട്രീയം പടർന്നെത്തിയിട്ടുണ്ട് എന്നത് വസ്തുതയാണ്. ഇതിന് വഴിയൊരുക്കിയതിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഭരണതലത്തിൽ, കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്റ് സ്വഭാവമുള്ള പദ്ധതികളെല്ലാം ഏറ്റവും വിശ്വസ്തതയോടെ നടത്തിക്കൊടുക്കുന്ന സംസ്ഥാനങ്ങളിലൊന്ന് ഇന്ന് കേരളമാണ്. പിഎംശ്രീയിലും എൻഇപിയിലും, തൊഴിലാളി നിയമ ഭേദഗതികളിലുമൊക്കെ നാമിത് കാണുന്നതാണ്. തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്തല്ലാതെ, കാതലായ വിഷയങ്ങളിൽ നരേന്ദ്രമോദി സർക്കാരിനെതിരെ ഒരുവാക്കും പറയാൻ പിണറായി വിജയൻ തയ്യാറായിരുന്നില്ല. രാജ്യവ്യാപകമായി തൊഴിലാളിസംഘടനകൾ മോദിസർക്കാരിനെതിരേ പ്രഖ്യാപിക്കുന്ന പണിമുടക്കുകൾ കേരളത്തിലെത്തുമ്പോൾ ചട്ടപ്പടി യോഗങ്ങളിലൊതുങ്ങുന്നത് നാം കാണുന്നു. കോർപ്പറേറ്റ് താത്പര്യങ്ങളുടെ മാത്രം സേവകരായി സർക്കാർ സംവിധാനങ്ങളെ പരുവപ്പെടുത്തുന്നതിനായി നരേന്ദ്രമോദി സർക്കാർ പ്രോത്സാഹിപ്പിക്കുന്ന ‘ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്’ എന്ന തൊഴിലാളിവിരുദ്ധ-ജനവിരുദ്ധ പരിപാടിയിൽ തുടർച്ചയായി ഒന്നാം സ്ഥാനം നേടുന്നത് തങ്ങളാണെന്ന് വീമ്പിളക്കുകയാണ് ഇടത് മുഖംമൂടിയണിയുന്ന സർക്കാർ. ഇതിനൊക്കെപുറമേ ഇപ്പോൾ സംഘപരിവാറിനെക്കാൾ പച്ചയായി വർഗീയത പറയുന്നത് സിപിഐ(എം)ന്റെ ഉന്നതനേതാക്കൾ തന്നെയാകുമ്പോൾ അത് ആരെയാണ് വളർത്തുന്നതെന്ന് ആത്മാർത്ഥതയുള്ള ഇടതുപക്ഷഅണികൾ ചിന്തിക്കണം.


ഇടതുമേലങ്കിയണിയുന്ന ക്രിമിനൽ രാഷ്ട്രീയത്തെ ഒറ്റപ്പെടുത്തുക

കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അഴിമതിയും ധൂർത്തും ധാർഷ്ട്യവും മാത്രം മുഖമുദ്രയാക്കിയ ഒരു സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. പച്ചയായ മുതലാളിവർഗ പ്രീണനവും, തൊഴിലാളിവിരുദ്ധ-ജനവിരുദ്ധ നടപടികളും യാതൊരു മടിയുമില്ലാതെ കൈക്കൊള്ളുന്നത് ഇടതുമുഖംമൂടിയണിഞ്ഞ ഈ സർക്കാരാണ്. അതിന്റെ പരിണതി കൊടിയ ജീവിതദുരിതമായി സാധാരണക്കാരും തൊഴിലാളികളും തൊഴിൽരഹിതരുമെല്ലാം അനുഭവിക്കേണ്ടിവരുന്നു. മരണോന്മുഖമുതലാളിത്തവും അതിന്റെ പിണിയാളുകളും സൃഷ്ടിക്കുന്ന ജീവിതപ്രതിസന്ധികളിൽനിന്ന് കരകയറാനാകാതെ, അതിലെ വർഗരാഷ്ട്രീയം തിരിച്ചറിയാനാകാതെപോകുന്ന നിസ്സഹായരായ സാധാരണക്കാർ, അൽപ്പം ആശ്വാസത്തിനായി ഇന്ന് വർധിച്ച അളവിൽ മതവിശ്വാസങ്ങളിലേക്കും അന്ധവിശ്വാസങ്ങളിലേക്കും തിരിയുന്നത് ഇന്ത്യയിലും മറ്റ് വികസ്വരരാജ്യങ്ങളിലും ദൃശ്യമാണ്. ഇതാകട്ടെ വളരെ ബോധപൂർവം മുതലാളിത്തവും മുതലാളിത്തഭരണകൂടവും പ്രോത്സാഹിപ്പിക്കുന്നു. അവിടെ ശരിയായ തൊഴിലാളിവർഗ അവബോധവും ജീവിതവീക്ഷണവും പകർന്നുനൽകി മുതലാളിത്തവിരുദ്ധ വിപ്ലവത്തിനായി അവരെ സജ്ജരാക്കുവാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുക എന്നതാണ് ഒരു യഥാർത്ഥ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പ്രാഥമികമായ കർത്തവ്യം. സങ്കുചിത നേട്ടങ്ങൾക്കായി മുതലാളിവർഗ്ഗ താത്പര്യങ്ങൾക്ക് കീഴടങ്ങുന്നതും, അവയുടെ നടത്തിപ്പുകാരായി മാറുന്നതും ഒരു തൊഴിലാളിവർഗപാർട്ടിയുടെ ലക്ഷണമല്ല. ആ കാപട്യം പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. ചെങ്കൊടിയുടെ മറവിൽ തങ്ങളുടെ ക്രിമിനൽ താത്പര്യങ്ങളും വെട്ടിപ്പും അഴിമതിയും വളർത്തുന്ന സംഘങ്ങളെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തേണ്ടത് ജനാധിപത്യവിശ്വാസികളുടെയും, ഇടതുപക്ഷരാഷ്ട്രീയത്തോട് ആത്മാർത്ഥതയുള്ള ഏതൊരാളുടെയും കടമയാണ്. അതുപോലെതന്നെ, വിശ്വാസമെന്നത് വളരെ വ്യക്തിപരമായ ഒന്നാണന്നും, വിശ്വാസം, സാമ്പത്തികമായോ സാമൂഹ്യമായോ തന്നെ ചൂഷണം ചെയ്യുന്നതിനായി മറ്റൊരാൾ ആയുധമാക്കുന്നത് അനുവദിക്കരുതെന്നും ഓരോ വിശ്വാസിയും തിരിച്ചറിയേണ്ടതുമുണ്ട്.

Share this post

scroll to top