കേരളത്തിൽ സർക്കാർ ജീവനക്കാർക്ക് എല്ലാവർഷവും ജനുവരി, ജൂലൈ മാസങ്ങളിൽ കേന്ദ്രഗവൺമെന്റ് പ്രഖ്യാപിക്കുന്ന നിരക്കിന്റെ അടിസ്ഥാനത്തിൽ ഡിഎ നൽകി വന്നിരുന്നു. എന്നാൽ രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനുശേഷം 2021 മുതൽ തുടർച്ചയായി 39 മാസം ഡിഎ വർദ്ധനവ് നൽകാതിരുന്നു. പിന്നീട് ഡിഎ നൽകിയപ്പോഴാകട്ടെ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാകാത്ത തരത്തിൽ, കേന്ദ്രഗവൺമെന്റ് ഡിഎ പ്രഖാപിച്ചതു മുതൽ സംസ്ഥാന ഗവൺമെന്റ് ഡിഎ അനുവദിച്ചതുവരെയുള്ള കാലയളവിലെ കുടിശ്ശിക ഡിഎ നിഷേധിച്ചുകൊണ്ട്, ജീവനക്കാർക്കെതിരായ പുതിയ ഒരു കീഴ്‌വഴക്കം സൃഷ്ടിച്ചു. ഇത്തരം നീതി നിഷേധങ്ങൾക്കെതിരെ ചില സർവീസ് സംഘടനകൾ ഹൈക്കോടതിയെ സമീപിക്കുകയും കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ‘ഡിഎ അവകാശമല്ല’ എന്ന വാദം സർക്കാർ ഉയർത്തിയത്.
പൊതുസമൂഹത്തിൽനിന്ന് ശക്തമായ എതിർപ്പുയർന്നപ്പോൾ, ക്ഷാമബത്തയും മറ്റ് ആനുകൂല്യങ്ങളും നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി ബാലഗോപാലിന് പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കേണ്ടിവന്നു. നിയമപരമായ ആനുകൂല്യം നിഷേധിക്കാനാവശ്യമായ വാദങ്ങൾ സർക്കാർ അഭിഭാഷകർ നിരത്തുമ്പോൾതന്നെ “ഡിഎ അവകാശമാണ്” എന്നുപറഞ്ഞ് ജനവികാരം തണുപ്പിക്കാൻ കോടതിക്കുപുറത്ത് മന്ത്രിയും ശ്രമിക്കുന്നു. ഡിഎ കോടതിൽ പോയല്ല നേടേണ്ടതെന്ന് സിപിഐ(എം) കാപ്‌സ്യൂളും ഇറക്കുന്നു. മന്ത്രി പത്രസമ്മേളനത്തിൽ പറയുന്നത് കോടതിയുടെ മുന്നിൽ തെളിവല്ല, സർക്കാരിന്റെ ഔദ്യോഗിക നിലപാടുമല്ല. എന്നാൽ കോടതി മുമ്പാകെ നൽകുന്ന സത്യവാങ്മൂലം തിരുത്താത്തിടത്തോളം അത് സർക്കാരിന്റ നയമാണ്.
പിണറായി സർക്കാർ തൊഴിലാളികളോട് കൈക്കൊണ്ടുവരുന്ന നയനടപടികൾ പരിശോധിച്ചാൽ, ഡിഎ സംബന്ധിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത് യാദൃശ്ചികമായി സംഭവിച്ചതോ ഉദ്യോഗസ്ഥതലത്തിൽ പിഴവുപറ്റിയതോ ആണെന്നു കരുതുവാൻ ഒരു ന്യായവുമില്ല. കഴിഞ്ഞ 10 വർഷമായി ‘ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്’ ൽ ചാമ്പ്യൻമാരായി മുതലാളിമാരുടെ വിശ്വസ്ത സേവകരാണെന്ന സ്ഥാനം ആർജ്ജിക്കുവാൻ നടത്തിവരുന്ന തൊഴിലാളി വിരുദ്ധനീക്കങ്ങളുടെ ഭാഗംതന്നെയാണ് ഈ സത്യവാങ്മൂലം. വിലക്കയറ്റംമൂലം യഥാർത്ഥ വേതനത്തിലുണ്ടാകുന്ന കുറവ് ഭാഗികമായി നികത്തുന്ന ക്ഷാമബത്ത അവകാശമല്ല എന്നു പറയുന്നതുവഴി തൊഴിലാളികളുടെ യഥാർത്ഥ വേതനം കുറക്കാൻ സർക്കാരിന് അവകാശമുണ്ടെന്ന് സ്ഥാപിക്കുകയാണ്. ‘കൂലിക്കൊള്ള’ എന്ന നിർവചനത്തിൽ ഇത് ഉൾപ്പെടും. മാതൃകാ തൊഴിലുടമ എന്ന സ്ഥാനത്തിരിക്കുന്ന സർക്കാർ ഇതേ മാതൃക പിന്തുടരാൻ ഇതര മേഖലകളിലെ മുതലാളിമാർക്ക് നിർദ്ദേശം നൽകുന്നതിനു തുല്യമാണിത്. പെൻഷൻ അവകാശമല്ല, എല്ലാ മാസവും ശമ്പളം ലഭിക്കുക എന്നത് അവകാശമല്ല, ശമ്പളവർദ്ധനവ് അവകാശമല്ല എന്നൊക്കെയുള്ള വാദങ്ങൾ പിന്നാലെ വരാം.
ഡിഎ നിഷേധിക്കുന്നതിന് ന്യായീകരണമായി ദരിദ്രവിഭാഗങ്ങളുടെ ക്ഷേമത്തിന് ഫണ്ട് ആവശ്യമുണ്ട് എന്ന വാദം കോടതിക്കുമുന്നിൽവെച്ചുകൊണ്ട് സാധാരണ ജനങ്ങളെ ജീവനക്കാർക്കെതിരെ തിരിക്കാനുള്ള ഹീനതന്ത്രവും സർക്കാർ പയറ്റുന്നു. യഥാർത്ഥത്തിൽ കഴിഞ്ഞ 4 വർഷത്തിലധികമായി ജീവനക്കാരെ കൊള്ളയടിച്ച് സ്വരൂപിച്ച ഒരുലക്ഷം കോടിയിൽ ഒരു രൂപപോലും ദരിദ്രവിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി നീക്കിവച്ചിട്ടില്ല. വികസനം എന്നപേരിൽ നടക്കുന്ന മുതലാളിത്ത പോഷണത്തിനും സർക്കാരിന്റെ ധൂർത്തിനും വേണ്ടിയാണ് ആ പണം വിനിയോഗിച്ചത്.
സർക്കാർ ഈ സത്യവാങ്മൂലത്തിൽ, ഡിഎ നൽകുന്നതിന് ഒരു പുതിയ രീതി അവലംബിച്ചിരിക്കുകയാണ് എന്ന് കോടതിയെ അറിയിക്കുന്നു. അതായത് സംസ്ഥാന സർക്കാരിന്റെ ഡിഎ ഉത്തരവ് തീയതി മുതൽ മാത്രമേ ഡിഎക്ക് പ്രാബല്യം ഉണ്ടാകൂ. അതിനാൽ അനുവദിച്ച ഡിഎ ഗഡുക്കൾക്ക് ഇനി കുടിശിക ഒന്നും ബാക്കി ഇല്ല. ജീവനക്കാർക്ക് ഏറ്റവും ആശങ്കയുണ്ടാക്കുന്ന പരാമർശമാണിത്. എല്ലാ വർഷവും വിലക്കയറ്റത്തിന്റെ തോതനുസരിച്ച് ജനുവരിയിലും ജൂലൈയിലും കേന്ദ്ര ഗവൺമെന്റ് പ്രഖാപിക്കുന്ന ഡിഎ ഇനി കേരളത്തിൽ ഇല്ല. തിരഞ്ഞെടുപ്പുകൾക്കുമുമ്പ് സർക്കാർ നൽകുന്ന പരിതോഷികങ്ങളായി ഡിഎയെ മാറ്റിയിരിക്കുന്നു.
വിരമിക്കുന്നവർക്ക് ഗ്രാറ്റുവിറ്റിയും പെൻഷനും നിഷേധിച്ചുകൊണ്ട് പങ്കാളിത്ത പെൻഷൻ സമ്പ്രദായം ഇന്ത്യയിൽ ഏറ്റവും ക്രൂരമായി നടപ്പിലാക്കുകയും, ജീവനക്കാർ സ്വന്തം നിക്ഷേപത്തിലൂടെ പെൻഷൻ കണ്ടെത്താൻ പുതിയ പദ്ധതികൾ കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്യുന്ന പിണറായി സർക്കാർ ക്ഷാമബത്തയുടെ കാര്യത്തിലും തികഞ്ഞ തൊഴിലാളിവിരുദ്ധ മാതൃക വിളംബരം ചെയ്യുകയാണ്. യാതൊരുകാരണവശാലും തങ്ങള്‍ ഇടതുപക്ഷമല്ല എന്നും തൊഴിലാളിവിരുദ്ധരാണ് എന്നും ഹൈക്കോടതിയിലെ സത്യവാങ്മൂലത്തിലൂടെ പിണറായി സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ്.
എന്താണ് ഡിഎ അഥവാ ക്ഷാമബത്ത?
കേന്ദ്ര ലേബർ ബ്യൂറോ പ്രതിമാസം പുറത്തിറക്കുന്ന AICPI-IW (All India Consumer Price Index for Industrial Workers) എന്ന വിലസൂചികയെ അടിസ്ഥാനമാക്കിയാണ് ഡിഎ നിശ്ചയിക്കുന്നത്. നിയമപരമായി രാജ്യത്തുള്ള എല്ലാ തൊഴിലാളികൾക്കും പൊതുവിൽ ഇത് ബാധകമാണ്. പണപ്പെരുപ്പം (Inflation) കൂടുമ്പോൾ നാണയത്തിന്റെ മൂല്യം ഇടിയുന്നു എന്ന സാമ്പത്തിക ശാസ്ത്രമാണ് ഡിഎക്ക് ആധാരം. അതായത് ഒരു തൊഴിലാളിക്ക് 10,000 രൂപ ശമ്പളം ലഭിക്കുമ്പോൾ, 10% വിലക്കയറ്റം ഉണ്ടായാൽ ആ ശമ്പളത്തിന്റെ യഥാർത്ഥ മൂല്യം 9000 രൂപയായി കുറയുന്നു. ഈ 1,000 രൂപയുടെ കുറവ് നികത്താനാണ് ക്ഷാമബത്ത നൽകുന്നത്. അതുകൊണ്ടുതന്നെ ഡിഎ എന്നത് ശമ്പളത്തിന് പുറത്തുള്ള ഒരു വരുമാനമല്ല, മറിച്ച് ശമ്പളം കുറയാതെ നിർത്താനുള്ള ഒരു സുരക്ഷാ കവചമാണ്. ഡിഎ കണക്കാക്കുന്നതിന് സ്വീകരിച്ചുവരുന്ന തൊഴിലാളിവിരുദ്ധ നിലപാട് കാരണം യഥാർത്ഥ വിലക്കയറ്റം ഡിഎയിൽ പ്രതിഫലിക്കുന്നില്ല എന്നത് വസ്തുതയാണ് . ആ സാഹചര്യത്തിൽ ഇത് നൽകാതിരിക്കുക വഴി സർക്കാർ എത്ര വലിയ അനീതിയാണ് ജീവനക്കാരോട് ചെയ്യുന്നത്.
ഡിഎ-കേരള സർക്കാർ തുടർന്നുവരുന്ന സമീപനം
കേരളത്തിൽ ഉയർന്ന ശമ്പളം വാങ്ങുന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കും ജഡ്ജിമാർക്കും ഒരു രൂപപോലും ഡിഎ കുടിശ്ശികയില്ല. കേന്ദ്ര സർക്കാർ ഡിഎ പ്രഖാപിക്കുന്ന തീയതി മുതൽ അവർക്ക് കൃത്യമായി ഡിഎ അനുവദിച്ചിരിക്കും. എന്നാൽ കുറഞ്ഞ വരുമാനക്കാരായ സാധാരണ ജീവനക്കാർക്ക് ഇതുവരെയുള്ള കണക്കുപ്രകാരം ഡിഎ ഇനത്തിൽ ഏതാണ്ട് 28,000 കോടി രൂപ കുടിശ്ശികയാണ്. സമാനമായി പെൻഷൻകാരുടെ ഡിആർ കുടിശ്ശിക ഏതാണ്ട് 17,500 കോടിയിൽ എത്തിനിൽക്കുന്നു. 2021 ജനുവരി മുതൽ തുടർച്ചയായി 39 മാസം ഡിഎ അനുവദിക്കാതിരുന്നതിനെത്തുടർന്ന് ജീവനക്കാരുടെ പ്രതിഷേധം ശക്തമായപ്പോൾ പ്രതിവർഷം രണ്ടു ഗഡു ഡിഎ നൽകുമെന്ന് 2024 ജൂലൈ 10ന് മുഖ്യമന്ത്രി ചട്ടം 300 അനുസരിച്ച് നിയമസഭയിൽ പ്രസ്താവിച്ചു. എന്നാൽ ഓരോ വർഷവും ജനുവരിയിലും ജൂലൈയിലും പുതിയ ഡിഎ പ്രഖാപിക്കു ന്നതിനാൽ 6 ഗഡു ഡിഎ കുടിശ്ശികയായി നിലനിൽക്കും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഒക്ടോബറിൽ ഒരുഗഡുകൂടി അനുവദിച്ചെങ്കിലും 5 ഗഡു ഡിഎ കുടിശ്ശികയാണ്.
2024 മാർച്ച് മുതൽ ഡിഎ ഉത്തരവുകൾ ഇറങ്ങിയപ്പോൾ അവ എന്നു മുതലുള്ള ഗഡുവാണെന്നു വ്യക്തമാക്കിയില്ല, കുടിശ്ശികയെക്കുറിച്ച് പരാമർശിച്ചുമില്ല. അത് വലിയ നഷ്ടമാണ് ജീവനക്കാർക്കുണ്ടാക്കിയിരിക്കുന്നത്. സർക്കാരിന്റെ അഭിപ്രായത്തിൽ 3% ഡിഎ നൽകുമ്പോൾ പ്രതിവർഷം 2000 കോടി ശമ്പള-പെൻഷൻ ഇനത്തിൽ ചിലവുവരും. അങ്ങനെയെങ്കിൽ പിണറായി സർക്കാർ കഴിഞ്ഞ 5 ഡിഎ ഉത്തരവുകളിലുംകൂടി 15 ശതമാനം ഡിഎ കുടിശ്ശിക നിഷേധിച്ചതുവഴി ജീവനക്കാർക്കും പെൻഷൻകാർക്കും 31,166 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ 2023 ജൂലൈ മുതലുള്ള 5 ഗഡു 13% ഡിഎ ഇനി അനുവദിക്കാനുണ്ട്. ആ ഇനത്തിൽ ഏതാണ്ട് 14,167 കോടി രൂപ കുടിശ്ശികയുണ്ട്. ആകെ 45,333 കോടിയാണ് ഡിഎ ഇനത്തിൽ ഇതുവരെ കൊള്ളചെയ്യപ്പെട്ടത്. ഓരോ മാസവും അത് കൂടിക്കൊണ്ടിരിക്കും. ജീവനക്കാരുടെ വ്യക്തിഗത കണക്ക് നോക്കിയാൽ 2021 ജനുവരി 1 ന് സർവ്വീസിൽ കയറിയ 23,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന് ഇതുവരെ ഡിഎ ഇനത്തിൽ 2 ലക്ഷം രൂപ ഈ സർക്കാർ നൽകാനുണ്ട്. ഏതാണ്ട് രണ്ടുമാസത്തെ ശമ്പളം അഥവാ പെൻഷൻനു തുല്യമായ തുകയാണ് ഒരോ ജീവനക്കാരുടെ/പെൻഷൻകാരുടെ പക്കൽനിന്നും പ്രതിവർഷം കൊള്ളയടിക്കപ്പെട്ടത്. അതായത് ലഭിക്കേണ്ടുന്ന ശമ്പളത്തിന്റെ/പെൻഷന്റെ ഏതാണ്ട് 80% മാത്രമാണ് ഓരോ ജീവനക്കാരും പെൻഷൻകാരും പ്രതിമാസം കൈപ്പറ്റുന്നത്. ഇത് സീരിയസ് ഫ്രോഡ് സാമ്പത്തിക കുറ്റകൃത്യത്തെ അനുസ്മരിപ്പിക്കുന്ന കാര്യമാണ്.
2021 വരെയുള്ള ഡിഎ ഉത്തരവുകളിൽ കേന്ദ്രഗവൺമെന്റ് ഡിഎ അനുവദിക്കുന്ന ഉത്തരവ് പരാമർശിച്ചുകൊണ്ടാണ് സംസ്ഥാന ഗവൺമെന്റ് ഡിഎ ഉത്തരവുകൾ ഇറക്കിയിരുന്നത്. കൂടാതെ ഈ ഉത്തരവുകളിൽ കേന്ദ്രഗവൺമെന്റ് ഡിഎ അനുവദിക്കുന്ന തീയതി മുതലുള്ള കുടിശ്ശിക കേരളത്തിലെ ജീവനക്കാർക്ക്/പെൻഷൻകാർക്ക് നൽകുന്നതിനുള്ള സമയബന്ധിതമായ നടപടിക്രമങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് ഇപ്പോഴത്തെ നയം കഴിഞ്ഞകാല സർക്കാരുകൾ പാലിച്ചുപോന്ന വ്യവസ്ഥാപിത സ്റ്റാറ്റ്യൂട്ടുകളുടെ നഗ്നമായ ലംഘനമാണ്. ഒരു വശത്ത് ഉന്നത ഉദ്ദോഗസ്ഥർക്കും സർക്കാർ സിൽബന്ദികളായ രാഷ്ട്രീയ ഭിക്ഷാംദേഹികൾക്കും പൊതുഖജനാവിലെ പണം വാരികോരി കൊടുക്കുന്നു, കോടികൾ മുടക്കി മാമാങ്കങ്ങൾ നടത്തുന്നു. മറുവശത്ത് ജീവനക്കാരുടെ ഡിഎയുടെയും കുടിശ്ശികയുടെയും കാര്യം ചോദിക്കുമ്പോൾ അയ്യോ ദരിദ്രരാണേ ഞങ്ങളുടെ കൈയിൽ നയാപൈസ ഇല്ലേ പ്രതിസന്ധിയിലാണേ എന്നും കരഞ്ഞു വിളിക്കുന്നു. കൊടുക്കാനുള്ള ഡിഎ പൂർണ്ണമായി കൊടുത്താൽ ശമ്പള-പെൻഷൻ ചെലവ് സംസ്ഥാന വരുമാനത്തിന്റെ നൂറു ശതമാനത്തിലേറെയാവുമെന്ന് ധനമന്ത്രി പച്ചനുണയും എഴുന്നള്ളിക്കുന്നു. വാർഷിക ബജറ്റിൽ വകയിരുത്തുന്ന തുകയാണ് നൽകാതിരിക്കുന്നത്. പണിയെടുക്കുന്നവന്റെ പോക്കറ്റടിച്ചാല്‍ അത് സഹസ്രകോടികൾ വരുമെന്നും അതുപയോഗിച്ച് ധനസാമ്രാജ്യംതന്നെ പണിയാമെന്നുമുള്ള അറുവഷളൻ മുതലാളിത്ത ആശയമാണ് ഭരണാധികാരികളെ നയിക്കുന്നത് എന്നതിനാൽ ഇതൊന്നും യാദൃശ്ചികമല്ല.
എന്നാല്‍ തൊഴിലാളികളുടെയും ജീവനക്കാരുടെയുമൊക്കെ വമ്പൻ സംഘടനകള്‍, ഇടതുപക്ഷമെന്ന് മേനിനടിക്കുന്നവരുടെ ഈ തൊഴിലാളിദ്രോഹം ചോദ്യംചെയ്യപ്പെടാതെ പോകരുത്. ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുംവിധമുള്ള തിരുത്തലുകള്‍ക്ക് സ്വന്തം നേതൃത്വം തയ്യാറായിരിക്കുന്നു എന്നുറപ്പുവരുത്താനുള്ള ഉത്തരവാദിത്തം ഈ സംഘടനകളില്‍ അംഗങ്ങളായിരിക്കുന്നവര്‍ക്ക് ഉണ്ടെന്ന കാര്യംകൂടെ ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.
