വളരെ ധൃതിപിടിച്ച്, യാതൊരു ചർച്ചയുമില്ലാതെ ലോക്‌സഭയിൽ ഡിസംബർ 17നും പിറ്റേന്നുതന്നെ രാജ്യസഭയിലും പാസ്സാക്കിയെടുത്തിരിക്കുന്ന ഈ ശാന്തി ആക്ട് എന്തിനെക്കുറിച്ചാണ്? പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചെങ്കിലും രാഷ്ട്രപതി ഒരാഴ്ചക്കകം നിയമത്തിന് അനുമതി നൽകി. നിയമത്തിന്റെ മുഴുവൻപേര് Sustainable Harnessing and Advancement of Nuclear Energy for Transforming India(SHANTI) ആക്ട് 2025 എന്നാണ്. അന്താരാഷ്ട്ര സഹകരണത്തോടെ 700 മെഗാവാട്ടും 1000 മെഗാവാട്ടും ശേഷിയുള്ള ആണവ റിയാക്ടറുകൾ ആരംഭിക്കാനുള്ള നിയമാനുമതിയാണിത്. 2047ഓടെ ഉല്പാദനശേഷി 100 ഗിഗാവാട്ട് ആക്കി ഉയർത്താനും പരിപാടിയുണ്ട്.
പ്രധാനമന്ത്രി മോദിക്ക് ചുരുക്കപ്പേരുകൾ വലിയ പഥ്യമാണ്. പുതിയ പദ്ധതികളുടെയൊക്കെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേരുമ്പോൾ അതൊരു ഹിന്ദി പദമായിരിക്കാൻ മോദി ശ്രദ്ധിക്കാറുമുണ്ട്. POSHAN, G RAM G, MUDRA, UDAY, SATAT ഇപ്പോഴിതാ ശാന്തിയും. ശാന്തി എന്നാൽ സമാധാനം. ഇമ്പമുള്ള പേരുകള്‍ക്കുപുറകിൽ പതിയിരിക്കുന്ന അപകടം പക്ഷേ, വളരെ വലുതാണ്.
ഒരു സാമ്രാജ്യത്വ-മുതലാളിത്ത രാജ്യം ആത്യന്തികമായി മുതലാളിത്ത താൽപര്യങ്ങളാണ് സംരക്ഷിക്കുക. അവർക്ക് ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾ പരിഗണനാവിഷയമേ അല്ല. മുതലാളിത്ത സംവിധാനത്തിനകത്ത് മറ്റെല്ലാ ഉല്പാദനവുമെന്നതുപോലെ പരമാവധി ലാഭം ലാക്കാക്കിയാണ് ഊർജ്ജോല്പാദനവും. അതിനാൽത്തന്നെ, ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തിൽ ശാസ്ത്രീയമായി ആണവോർജ്ജം ഉല്പാദിക്കാനാണ് പദ്ധതിയെന്ന് നാം പ്രതീക്ഷിക്കരുത്. സത്യത്തിൽ ആണവോർജ്ജത്തെക്കാൾ സുരക്ഷിതമായ മറ്റ് ഊർജ്ജ സ്രോതസ്സുകൾ ഉണ്ടെന്നിരിക്കെ ഗവൺമെന്റ് ഇക്കാര്യത്തിൽ ഇത്രയും താല്പര്യമെടുക്കുന്നതിന്റെ പിന്നിലെന്താണ്? അതും പലരാജ്യങ്ങളും ഇത്തരം ബ്രീഡർ റിയാക്ടറുകൾ സുരക്ഷിതമല്ല എന്നുകണ്ട് ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന അവസരത്തിൽ. ഇത് മനസ്സിലാകണമെങ്കിൽ ആണവോർജ്ജവും ആണവായുധങ്ങളും നിർമ്മിക്കുന്നതിലെ പ്രക്രിയകൾ തമ്മിലുള്ള സാമ്യം തിരിച്ചറിയണം.
നിലവിലുണ്ടായിരുന്ന 1962ലെ ആണവോർജ്ജനിയമം, 2010ലെ ആണവ അപകടങ്ങളിലെ ബാധ്യതയെക്കുറിച്ചുള്ള നിയമം(civil liability for nuclear damage act 2010) എന്നിവ റദ്ദാക്കിക്കൊണ്ടാണ് ശാന്തി ആക്ട് അവതരിപ്പിച്ചിരിക്കുന്നത്. സിവിലിയൻ ആവശ്യങ്ങൾക്കുള്ള ആണവോർജ്ജ ഉല്പാദനത്തിന് സ്വകാര്യകമ്പനികൾക്ക് അനുമതി നൽകുന്നു എന്നതാണ് പുതിയ നിയമത്തിന്റെ പ്രധാന സവിശേഷത. ഇത്രയുംകാലം ഗവൺമെന്റ് ഏജൻസികൾക്കുമാത്രമേ ആണവ വസ്തുകൾ കൈകാര്യം ചെയ്യാൻ അനുമതിയുണ്ടായിരുന്നുള്ളൂ. പുതിയ നിയമത്തിൻ കീഴിലും സുരക്ഷാ പ്രധാനമായ യുറേനിയം സമ്പുഷ്ടമാക്കൽ, ഘനജലത്തിന്റെ(heavy water) ഉല്പാദനം, ഉപയോഗിച്ച ഇന്ധനം കൈകാര്യം ചെയ്യൽ തുടങ്ങിയവ ഗവൺമെന്റ് നിയന്ത്രണത്തിൽ തുടരും എന്നുപറയുന്നു. ആണവസാമഗ്രികളും ആണവവികിരണങ്ങൾ പ്രസരിപ്പിക്കുന്ന ഉപകരണങ്ങളും കേന്ദ്രഗവൺമെന്റിന്റെ നിയന്ത്രണത്തിൽ തുടരും എന്നാണ് പറയുന്നത്. ന്യൂക്ലിയർ പ്ലാന്റുകൾ നിർമ്മിക്കുക, അവ പ്രവർത്തിപ്പിച്ച് വൈദ്യുതി വിതരണംചെയ്യുക എന്നിവയായിരിക്കും സ്വകാര്യകമ്പനികളുടെ പണി. ബാക്കിയെല്ലാം കേന്ദ്രഗവൺമെന്റിന്റെ നിയന്ത്രണത്തിലായിരിക്കും. എന്നാൽ പരിപോഷിപ്പിക്കപ്പെട്ട യുറേനിയം സുരക്ഷിതമായി കൈകാര്യം ചെയ്യാൻ സ്വകാര്യകമ്പനികൾക്ക് എത്രത്തോളം സാധിക്കുമെന്നത് സംശയാസ്പദമാണ്.
നടത്തിപ്പുകാരുടെ ബാധ്യത പരിമിതപ്പെടുത്തിയിരിക്കുന്നു
നിലവിലുണ്ടായിരുന്ന ആണവബാധ്യതാനിയമത്തിൽ, 17(b) ആണവനിലയത്തിന്റെ നടത്തിപ്പുകാരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള അവകാശം നൽകിയിരുന്നു. അതായത് ആണവസാമഗ്രികളുടെയോ ഉപകരണങ്ങളുടെയോ കുഴപ്പംമൂലമോ അത് വിതരണംചെയ്ത കമ്പനിയുടെയോ അഥവാ ജീവനക്കാരുടെയോ വീഴ്ചമൂലമോ എന്തെങ്കിലും അപകടമുണ്ടായാൽ അതിനുള്ള നഷ്ടപരിഹാരം. എന്നാൽ ശാന്തി ആക്ടിൽ ഈ ഭാഗം പൂർണ്ണമായും എടുത്തുകളഞ്ഞിരിക്കുന്നു. ഈ മേഖലയിലേക്ക് കടന്നുവരുന്ന സ്വകാര്യകമ്പനികളെ എല്ലാ ഉത്തരവാദിത്തത്തിൽനിന്നും ഒഴിവാക്കിയിരിക്കുന്നു എന്നുചുരുക്കം. എന്നുമാത്രമല്ല, പഴയ നിയമത്തിൽ 46-ാം വകുപ്പ് പറയുന്നു: ഈ നിയമത്തിലെ വ്യവസ്ഥകളെല്ലാംതന്നെ നിലനിൽക്കുന്ന മറ്റ് നിയമങ്ങൾ ഉപയോഗിക്കുന്നതിനെ തടസ്സപ്പെടുത്തുന്നില്ല. നിലനിൽക്കുന്ന നിയമങ്ങൾക്കനുസരിച്ചുള്ള നടപടികളിൽനിന്ന് നടത്തിപ്പുകാരെ ഒഴിവാക്കാൻ ഈ നിയമത്തിലെ വകുപ്പുകൾ ഉപയോഗിക്കാവുന്നതല്ല എന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ പുതിയ നിയമത്തിലെ 81-ാം വകുപ്പ് ആണവ അപകടങ്ങളെ സിവിൽ കോടതികളുടെ അധികാരപരിധിയിൽനിന്ന് എടുത്തുമാറ്റിക്കൊണ്ട് ആ വഴിയും അടച്ചിരിക്കുകയാണ്. നിലനിൽക്കുന്ന നിയമമനുസരിച്ച് എന്തെങ്കിലും തരത്തിലുള്ള ബാധ്യത ആണവനിലയത്തിന്റെ നടത്തിപ്പുകാർക്ക് വരാതിരിക്കാനാണ് ഈ മുൻകരുതൽ.
ഭോപ്പാൽ ദുരന്തത്തിനുശേഷം ഇരകള്‍ക്ക് പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടിവന്നു എന്തെങ്കിലും നഷ്ടപരിഹാരം ലഭിക്കാൻ. ആ പശ്ചാത്തലത്തിലാണ് 2010ലെ ആണവ അപകടങ്ങളുടെ ബാധ്യതാനിയമം വരുന്നത്. അന്നത്തെ അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് നടത്തിപ്പുകാരന്റെ നേരിട്ടുള്ള പിഴവുകൊണ്ടല്ലെങ്കിലും അയാൾക്ക് ഉത്തരവാദിത്തമുണ്ടെന്ന നിലപാടാണ് നിയമത്തിൽ സ്വീകരിച്ചത്. മാത്രവുമല്ല, ഇരകൾക്ക് മറ്റ് നിയമനടപടികൾ സ്വീകരിക്കാനുള്ള സാധ്യതയും പ്രസ്തുത നിയമം അനുവദിച്ചിരുന്നു. എന്നാൽ പുതിയ നിയമത്തിൽനിന്ന് അതെല്ലാം എടുത്തുകളഞ്ഞിരിക്കുന്നു.
ശാന്തി ആക്ടിന്റെ 13(1)-ാം വകുപ്പുപ്രകാരം ഓരോ ആണവ അപകടത്തിലും നടത്തിപ്പുകാരുടെ ബാധ്യത പരമാവധി മുപ്പത് മില്യൺ special drawing rights(IMF നിർദ്ദേശിച്ച അന്താരാഷ്ട്ര കരുതൽ ധനം) ന് തത്തുല്യമായ ഇന്ത്യൻ രൂപയോ അല്ലെങ്കിൽ കേന്ദ്രഗവൺമെന്റ് നിർദ്ദേശിക്കുന്ന തുകയോ ആയിരിക്കും. ഇതിന്റെ രണ്ടാം ഭാഗത്തിൽ ഓരോ പ്രത്യേകതരം ആണവ അപകടങ്ങൾക്കുമുള്ള പരമാവധി നഷ്ടപരിഹാര തുകയും നിർദ്ദേശിക്കുന്നുണ്ട്. പുതിയ നിയമപ്രകാരം കേന്ദ്ര ഗവൺമെന്റ് ‘ആണവ ബാധ്യത ഫണ്ട്’ എന്ന പേരിൽ ഒരു പുതിയ ഫണ്ട് മാറ്റിവെക്കും. നടത്തിപ്പുകാരന്റെ ബാധ്യതയിൽ കവിയുന്ന എല്ലാത്തരം നഷ്ടപരിഹാരങ്ങളും ഈ ഫണ്ടിൽനിന്നാണ് നൽകുക. ചുരുക്കിപ്പറഞ്ഞാൽ സ്വകാര്യകമ്പനികളുടെ വീഴ്ചകൊണ്ടുണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും നികുതിദായകരുടെ പണംതന്നെ ഉപയോഗിക്കും. അഥവാ, തൊഴിൽ സുരക്ഷയും തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും ആരോഗ്യം സംരക്ഷിക്കാനുള്ള ബാധ്യതയിൽനിന്നും വമ്പൻ മുതലാളിമാരെ ഒഴിവാക്കിയിരിക്കുന്നു.
നഷ്ടപരിഹാരത്തിന് കാലാവധി
പുതിയ നിയമത്തിലെ 64(3) വകുപ്പുപ്രകാരം ആണവവികിരണങ്ങൾമൂലം എന്തെങ്കിലും നഷ്ടമുണ്ടായാൽ അതുണ്ടായ വ്യക്തി, മൂന്നുവർഷത്തിനകം നഷ്ടപരിഹാരത്തിന് അപേക്ഷിച്ചിരിക്കണം. വസ്തുവകകൾക്കുണ്ടാകുന്ന നഷ്ടത്തിന് പത്തുവർഷം കഴിഞ്ഞാലുംവ്യക്തികൾക്കുണ്ടാകുന്ന അപകടങ്ങൾക്ക് ഇരുപതുവർഷത്തിനുശേഷവും യാതൊരുവിധ നഷ്ടപരിഹാരത്തിനും അർഹതയുണ്ടായിരിക്കുന്നതല്ല (67-ാം വകുപ്പ്). ആണവ വികിരണങ്ങൾമൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ പുറത്തറിയാൻ ഒരുപാട് കാലമെടുത്തേക്കാം. ജനതികവൈകല്യംമൂലം കാൻസർപോലുള്ള അസുഖങ്ങൾ വരുന്നതിന് മുപ്പതുവർഷംവരെ എടുത്തേക്കാം. അത്തരം സാഹചര്യങ്ങളിലൊന്നും നഷ്ടപരിഹാരം ആവശ്യപ്പെടാൻ സാധിക്കില്ലെന്ന് ചുരുക്കം.
ആണവമേഖലയിലെ ഉദാരനയം ആയുധവ്യാപാരത്തെ സഹായിക്കാൻ
പുതിയ നിയമം ആണവനിലയങ്ങളിൽനിന്നും വൈദ്യുതി ഉല്പാദിപ്പിക്കാനല്ല, കോർപ്പറേറ്റുകൾക്കുവേണ്ടിയാണ്. ടാറ്റയും അദാനിയും മഹീന്ദ്രയുമെല്ലാം ആയുധ ഉല്പാദനത്തിലേക്ക് കാൽവെച്ചുകഴിഞ്ഞു. അമേരിക്കൻ ആയുധ നിർമ്മാണ കമ്പനിയായ ലോക് ഹീഡും ടാറ്റയും പരസ്പരധാരണയിലെത്തിക്കഴിഞ്ഞു. ബോയിംഗും ബ്രിട്ടീഷ് കമ്പനിയായ ബിഎഇ സിസ്റ്റംസും മഹീന്ദ്രയുമായി ധാരണയിലാണ്. Kaleid EO, EtherealX, Aadyah space തുടങ്ങി ഏഴ് ഇന്ത്യൻ കമ്പനികൾ, അമേരിക്കയുമായി ബഹിരാകാശ പ്രതിരോധ മേഖലയിൽ ഒന്നിച്ചു പ്രവർത്തിക്കുന്ന ഒരു പ്രോഗ്രാമിന്റെ ഭാഗമാണ്. അവർ അമേരിക്കയിലെ പ്രതിരോധ മേഖലയിലെ കമ്പനികളുമായി യോജിച്ച് അവരിൽനിന്ന് സാങ്കേതിക വിദ്യയും മറ്റ് അറിവുകളും സ്വായത്തമാക്കും.
മാർച്ച് 2025ന് ഹോൾടെക് ഇന്റർനാഷണൽ എന്ന അമേരിക്കൻ കമ്പനി അവരുടെ SMR-300 എന്ന സാങ്കേതികവിദ്യ ഇന്ത്യൻ കമ്പനികൾക്ക് കൈമാറ്റം ചെയ്യാനുള്ള അനുമതി ഊർജ്ജവകുപ്പിൽനിന്നും കരസ്ഥമാക്കി. ഇന്ത്യയിലെയും അമേരിക്കയിലെയും ഭരണാധികാരികൾ രണ്ടുരാജ്യങ്ങൾക്കിടയിലുള്ള Indo-US civil nuclear agreement നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഒട്ടനവധി അമേരിക്കൻ കമ്പനികൾ ഇന്ത്യൻ കമ്പനികളുമായി സാങ്കേതികവിദ്യ കൈമാറ്റം ചെയ്യാനുള്ള അനുമതിക്കായി സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയായിരുന്നു. പുതിയ ശാന്തി ആക്ട് ഇത്തരം സഹകരണത്തിലൂടെ ഇന്ത്യയിൽ ആണവനിലയങ്ങൾ സ്ഥാപിക്കാനും നടത്താനും സ്വദേശ-വിദേശ കമ്പനികളെ നിർബാധം അനുവദിക്കുന്നതാണ്. എല്ലാ മുതലാളിത്ത-സാമ്രാജ്യത്വ രാജ്യങ്ങളും സമ്പദ്ഘടനയെ സൈനികവത്ക്കരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ആണവമേഖല വൻലാഭസാധ്യതയുള്ളതാണെന്ന് ഇവർ മനസ്സിലാക്കിയിരിക്കുകയാണ്.
ആണവോർജ്ജം ഏറ്റവും സുരക്ഷിതമായ ഊർജ്ജമാണ് എന്ന വാദം നിരര്‍ത്ഥകമാണ്. ആണവോർജ്ജം കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകാനിടയുള്ള ഭീമാകാരവും അപകടകരവുമായ ചോർച്ചയുടെ സാധ്യതയും ഉപയോഗിച്ചതിനുശേഷമുള്ള ആണവവസ്തുകൾ ഒഴിവാക്കുന്നതിലെ ബുദ്ധിമുട്ടുകളും കണ്ടില്ലെന്നു നടിക്കാനാകില്ല. ഇത്തരം സന്ദർഭങ്ങളിലുണ്ടാകുന്ന ആണവവികിരണങ്ങൾ നൂറ്റാണ്ടുകളോളം തുടർന്നേക്കാം.
സംസ്കരിച്ച യുറേനിയം ലഭ്യമാക്കാനും അതുവഴി ഭാവിയിൽ ആണവായുധ നിർമ്മാണം സുഗമമാക്കാനുമാണ് നിയമം ലക്ഷ്യമിടുന്നത് എന്ന യാഥാര്‍ത്ഥ്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. വിദേശത്തെ ആണവ പദാർത്ഥ വിതരണക്കാരുമായി കൈകോർക്കുവാൻ അവസരം കാത്തുനിൽക്കുന്ന ഇന്ത്യൻ കുത്തകകൾക്കുവേണ്ടി ഉള്ളതാണ് ഈ നിയമം. ആണവായുധ നിർമ്മാണം ശക്തിപ്പെടുത്താനുള്ള കൗശലംമാത്രമാണിത്.
