എട്ടു കൈകൾകൊണ്ട് ഇരയെ വരിഞ്ഞു മുറുക്കുന്ന ഒരു കടൽജീവിയാണ് ഒക്ടോപ്പസ്. ദേശീയ വിദ്യാഭ്യാസ നയം-2020(NEP -2020)നെ രൂപകാത്മകമായി ഈ വികൃത ജീവിയോട് ഉപമിക്കാം. വിദ്യാഭ്യാസത്തെ ഒരു ചരക്കാക്കി മാറ്റുന്നതിനായി ഈ നയം വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളിലും ആക്രമണങ്ങൾ അഴിച്ചുവിടുകയാണ്. പ്രാഥമിക തലത്തിൽ കനത്ത ആഘാതം ഏൽപ്പിച്ച NEP-2020ന്റെ ശില്പികൾ ഉന്നതവിദ്യാഭ്യാസത്തെയും വെറുതെ വിടുന്നില്ല. അതിനെ നശിപ്പിക്കാൻ അവർ പുതിയ രീതികൾ കണ്ടുപിടിച്ചു.
എന്താണ് NCrF?
നമുക്ക് നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്കിൽ (NCrF) നിന്ന് തുടങ്ങാം. NEP-2020 നിർദ്ദേശിച്ചിട്ടുള്ള നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് (NCrF) പ്രാഥമികതലം മുതൽ എല്ലാ സെക്കണ്ടറി, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും വൊക്കേഷണൽ എജ്യുക്കേഷൻ&ട്രെയിനിംഗ് സ്ഥാപനങ്ങളെയും ഒരേപോലെ ബാധിക്കുന്നതാണ്. എല്ലാ കേന്ദ്ര-സംസ്ഥാന സ്കൂൾ ബോർഡുകളും, ഓപ്പൺ സ്കൂൾ ബോർഡുകളും, സർവ്വകലാശാലകളും, സ്വയംഭരണ കോളേജുകളും ഈ NCrF പിന്തുടരണമത്രേ. ഇത് കാലം തെളിയിച്ച ശാസ്ത്രീയ വിദ്യാഭ്യാസ സമ്പ്രദായത്തെ പൂർണ്ണമായും അട്ടിമറിക്കുന്നതാണ്. നേരത്തെ, അക്കാദമിക പഠനത്തോടൊപ്പം ചില മേഖലകളിൽ തൊഴിൽ പഠനവും നിലനിന്നിരുന്നു. അവ രണ്ടും കൂട്ടിക്കലർത്തുന്നത് സാധ്യമല്ല, അത് ശാസ്ത്രീയവുമല്ല. എന്നാൽ NCrF അനുസരിച്ച്, വിദ്യാർത്ഥികൾക്ക് അക്കാദമിക, വൊക്കേഷണൽ, അനുഭവപഠന (experiential) കോഴ്സുകളിൽ നിന്ന് ഒരു പോലെ ക്രെഡിറ്റ് പോയിന്റുകൾ നേടാം. ഈ തൊഴിൽ പഠന സമ്പ്രദായം ദീർഘകാല-ഹ്രസ്വകാല പ്രൊഫഷണൽ അല്ലെങ്കിൽ വൊക്കേഷണൽ കോഴ്സുകൾ നൽകും. അത്തരം തൊഴിൽ കോഴ്സുകളിൽ നിന്ന് വിദ്യാർത്ഥികൾക്ക് അധിക ക്രെഡിറ്റ് പോയിന്റുകൾ നേടാം. ഈ ക്രെഡിറ്റുകൾ വിദ്യാർത്ഥികൾക്ക് മുന്നറിവില്ലാത്ത അക്കാദമിക കോഴ്സുകളിലേക്ക് മാറ്റാൻ കഴിയും. ഉദാഹരണത്തിന്, ഒരു വിദ്യാർത്ഥി രണ്ട് വർഷത്തെ ഐടിഐ കോഴ്സ് പൂർത്തിയാക്കി 80 ക്രെഡിറ്റ് പോയിന്റുകൾ (40+40) നേടിയാൽ, അയാൾക്ക് ഒന്നാം വർഷ ബിരുദം (UG-1) ഒഴിവാക്കി നേരിട്ട് രണ്ടാം വർഷ ബിരുദ ക്ലാസ്സിൽ (UG-2) പ്രവേശനം നേടാം. ഇത് അക്കാദമിക്-വൊക്കേഷണൽ വിദ്യാഭ്യാസത്തെ കൂട്ടിക്കലർത്തുന്നതും അക്കാദമിക വിദ്യാഭ്യാസത്തെ തൊഴിൽവൽക്കരിക്കുന്ന നടപടിയ്ക്ക് ആക്കം കൂട്ടുന്നതുമാണ്.
NCrF ഒരു ‘എക്സ്പീരിയൻഷ്യൽ എജ്യുക്കേഷൻ സിസ്റ്റവും’ (അനുഭവാധിഷ്ഠിത പഠനരീതി) അവതരിപ്പിച്ചിട്ടുണ്ട്. ഒരു വാണിജ്യ കമ്പനിയിൽ ജോലി ചെയ്യുന്നതിലൂടെ ലഭിക്കുന്ന അനുഭവത്തിൽനിന്നും കഴിവിൽനിന്നും ഒരു വിദ്യാർത്ഥിക്ക് നാല് തലങ്ങളിൽ (Trained, Proficient, Expert and Master) ക്രെഡിറ്റ് പോയിന്റുകൾ നേടാമെന്ന് ഈ ചട്ടക്കൂട് പറയുന്നു. ഇത്തരം കമ്പനികളുമായി സഹകരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്രെഡിറ്റ് പോയിന്റുകൾ നൽകും. ഉദാഹരണത്തിന്, ഒരു വർക്ക്ഷോപ്പിൽ ജോലി ചെയ്യുന്ന മോട്ടോർ മെക്കാനിക്ക് നാല് തലങ്ങൾ പൂർത്തിയാക്കിയാൽ ക്രെഡിറ്റ് പോയിന്റുകൾ നേടാം. അനൗപചാരിക പഠനത്തിലൂടെയും സന്നദ്ധ സംഘടനകളുടെ (NGO) പ്രവർത്തനങ്ങ ളിലൂടെപോലും ഒരു വിദ്യാർത്ഥിക്ക് അനുഭവജ്ഞാന ക്രെഡിറ്റ് പോയിന്റുകൾ നേടാമത്രെ. ഈ ക്രെഡിറ്റ് പോയിന്റുകൾ അക്കാദമിക് അല്ലെങ്കിൽ വൊക്കേഷണൽ സ്ട്രീമുകളിലേക്കും മാറ്റാം. അതിനാൽ, വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൂർണ്ണമായും കോർപ്പറേറ്റുകളെ സേവിക്കുന്ന ഒരു തലമുറയെ പരിശീലിപ്പിക്കുക എന്നതായി മാറുമെന്ന് എളുപ്പത്തിൽ മനസ്സിലാക്കാം.
അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് (ABC)
NEP-2020 അനുസരിച്ച്, സ്കൂൾ തലം മുതൽ പിഎച്ച്ഡി തലം വരെ ഒരു വിദ്യാർത്ഥി നേടുന്ന ക്രെഡിറ്റുകൾ ‘അക്കാദമിക ബാങ്ക് ഓഫ് ക്രെഡിറ്റി’(ABC)ൽ സൂക്ഷിക്കും, ഇത് അയാളുടെ കരിയറിൽ ഉടനീളം സാധുവായിരിക്കും. ഈ രാജ്യത്തെ ഓരോ വിദ്യാർത്ഥിയും ഇത്തരമൊരു അക്കൗണ്ട് തുറക്കേണ്ടതുണ്ട്. ഇതൊരു ബാങ്ക് അക്കൗണ്ട് പോലെയായിരിക്കും. വ്യത്യാസം എന്തെന്നാൽ, ABCയിൽ നിന്ന് ക്രെഡിറ്റുകൾ നീക്കം ചെയ്യപ്പെടുകയോ പിൻവലിക്കപ്പെടുകയോ ചെയ്യില്ല. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ കരിയറിൽ എപ്പോൾ വേണമെങ്കിലും പഠനശാഖയോ സ്ഥാപനമോ മാറ്റാം. അവിടെ നേടുന്ന ക്രെഡിറ്റുകൾ ABCയിൽ നിക്ഷേപിക്കപ്പെടും. യുഎസ്എ അല്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങൾ പോലുള്ള വികസിത മുതലാളിത്ത രാജ്യങ്ങൾ ഇതിനകം തന്നെ ഈ ക്രെഡിറ്റ്-ബാങ്ക് സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തെ ലാഭകരമായ ഒരു ചരക്കായി കാണുന്ന കമ്പോള സമ്പദ്‌വ്യവസ്ഥയ്ക്ക് അനുയോജ്യമായ ഒന്നാണിത്.
ലോകത്തെവിടെയുമുള്ള ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറുകളിൽ ഉപഭോക്താവ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതുപോലെ, ഒരു വിദ്യാർത്ഥി നേടിയ ക്രെഡിറ്റുകൾ ഏത് ‘വിദ്യാഭ്യാസ വിപണിയിലും’ ഉപയോഗിക്കാം. അതിനാൽ, വിദ്യാഭ്യാസത്തിന്റെ വിൽപനയ്ക്കും വാങ്ങലിനും സഹായിക്കാനാണ് ഈ ABC. ലക്ഷക്കണക്കിന് രൂപ നൽകി വിദ്യാർത്ഥിക്ക് ക്രെഡിറ്റ് പോയിന്റുകൾ ഏതെങ്കിലും വിദേശ സ്ഥാപനത്തിലേക്ക് മാറ്റാം.
അമേരിക്ക പോലെയുള്ള ഒരു രാജ്യത്തുപോലും ഈ രീതി പൂർണ്ണമായും നടപ്പാക്കാൻ പറ്റാത്ത സാഹചര്യത്തിൽ, നിരവധി ബോർഡുകളും, അസ്ഥിരമായ സമയക്രമങ്ങളും, ഫലപ്രഖ്യാപനത്തിലെ കാലതാമസവും, സെമസ്റ്ററുകളുടെ അതിവ്യാപനവുംഅഴിമതി നിറഞ്ഞ ഭരണസംവിധാനങ്ങളുമുള്ള ഇന്ത്യയെപ്പോലെയുള്ള ഒരു വലിയ രാജ്യത്ത് ഇത് എങ്ങനെ പ്രായോഗികമാകും? കോടിക്കണക്കിന് വിദ്യാർത്ഥികളുടെ ക്രെഡിറ്റുകൾ പതിറ്റാണ്ടുകളോളം ABCയിൽ കൃത്യമായി രേഖപ്പെടുത്തപ്പെടുമെന്ന് നമുക്ക് എങ്ങനെ പ്രതീക്ഷിക്കാനാകും? രണ്ടാമതായി, NEP-2020 അനുസരിച്ച്, ഒരു വിദ്യാർത്ഥിയുടെ ഏക ലക്ഷ്യം ക്രെഡിറ്റുകൾ നേടുക എന്നതായിരിക്കും. അറിവ് സമ്പാദിക്കാനുള്ള മാർഗ്ഗമാണ് വിദ്യാഭ്യാസം എന്നാണ് നമ്മുടെ പൂർവ്വികർ പഠിപ്പിച്ചത്.
മനുഷ്യനെ വാർത്തെടുക്കലും സ്വഭാവരൂപീകരണവുമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് നവോത്ഥാനം ഉയർത്തിപ്പിടിച്ചു. എന്നാൽ, മുതലാളിത്തം, മറ്റെല്ലാ മനുഷ്യസർഗ്ഗാത്മകതയെയും പോലെ, വിദ്യാഭ്യാസത്തെയും ചില ക്രെഡിറ്റുകൾ നേടാനുള്ള ഒ രീതിയായി തരംതാഴ്ത്തിയിരിക്കുന്നു.
പഠനസമയത്തെ അടിസ്ഥാനമാക്കിയുള്ള ക്രെഡിറ്റ്
പുതിയ നയം പൂർണ്ണമായും ഒരു ക്രെഡിറ്റ് സമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ എന്താണ് ‘ക്രെഡിറ്റി’ന്റെ നിർവചനം? അത് എങ്ങനെ വിലയിരുത്തപ്പെടും? ക്രെഡിറ്റ് പോയിന്റുകൾ നിർണ്ണയിക്കപ്പെടുന്നത് ഒരു വിദ്യാർത്ഥി നിശ്ചിത സമയപരിധിക്കുള്ളിൽ ആർജ്ജിച്ച സൈദ്ധാന്തികവും പ്രായോഗികവുമായ അറിവിന്റെ അടിസ്ഥാനത്തിലല്ല. പകരം, വിദ്യാഭ്യാസത്തിന്റെ വിവിധ തലങ്ങളിൽ ഒരു വിദ്യാർത്ഥി ചെലവഴിച്ച ‘വിദ്യാഭ്യാസ മണിക്കൂറുകളെ’(educational hours) ആശ്രയിച്ചായിരിക്കും അത് കണക്കാക്കുന്നത്.
ഉദാഹരണത്തിന്, പ്രീ-പ്രൈമറി തലം മുതൽ രണ്ടാം ക്ലാസ് വരെ (ആകെ 5 വർഷം), ഒരു വിദ്യാർത്ഥി പ്രതിവർഷം 800 പഠനമണിക്കൂറുകൾ പൂർത്തിയാക്കി ഓരോ വർഷവും 27 ക്രെഡിറ്റുകൾ നേടണം. അതുപോലെ, മൂന്നുമുതൽ അഞ്ചുവരെ ക്ലാസുകളിൽ പ്രതിവർഷം 1000 പഠനമണിക്കൂറുകൾക്ക് 33 ക്രെഡിറ്റുകളും, ആറാം ക്ലാസ് മുതൽ പിഎച്ച്ഡി തലം വരെ പ്രതിവർഷം 1200 പഠനമണിക്കൂറുകൾ പൂർത്തിയാക്കുന്നതിന് 40 ക്രെഡിറ്റുകളും ലഭിക്കും.
ചുരുക്കത്തിൽ, ഇത് പഠനമണിക്കൂറുകളുടെ കഥയാണ്. സ്ഥാപനങ്ങളിൽ പോകുക, ക്ലാസുകളിൽ പങ്കെടുക്കുക, ലബോറട്ടറി ജോലികൾ ചെയ്യുക, ഫീൽഡ് സർവ്വേകളിൽ പങ്കെടുക്കുക, സെമിനാറുകളിൽ പങ്കെടുക്കുക, പരീക്ഷകളിൽ ഇരിക്കുക—നിങ്ങൾക്ക് ക്രെഡിറ്റ് പോയിന്റുകൾ ലഭിക്കും. നിങ്ങളുടെ പ്രകടനത്തിന് അവിടെ മൂല്യമില്ല. ക്രെഡിറ്റ് പോയിന്റുകൾ പഠനമണിക്കൂറുകൾക്ക് തുല്യമാണ്, അല്ലാതെ വിദ്യാർത്ഥിയുടെ അറിവിന്റെ മൂല്യനിർണ്ണയമല്ല.
മൾട്ടിപ്പിൾ എൻട്രി ആന്റ് എക്സിറ്റ് ഗേറ്റ് (ഒന്നിലധികം പ്രവേശന-പുറത്തുകടക്കൽ കവാടങ്ങൾ)
‘മൾട്ടിപ്പിൾ എൻട്രി ആൻഡ് എക്സിറ്റ് സിസ്റ്റം’ NEP-2020 നിർദ്ദേശിക്കുകയും നടപ്പിലാക്കുകയും ചെയ്യുകയാണ്. ഇതിനർത്ഥം ഒരു വിദ്യാർത്ഥിക്ക് വിദ്യാഭ്യാസത്തിന്റെ ഏത് ഘട്ടത്തിലും തന്റെ സ്ഥാപനം മാറ്റാം എന്നാണ്. നിലവിലുള്ള രീതിയിൽ, ആവശ്യമെങ്കിൽ മൈഗ്രേഷൻ (സ്ഥലംമാറ്റം) ചെയ്യാനുള്ള വ്യവസ്ഥയുണ്ട്. അങ്ങനെയെങ്കിൽ ഇത്തരം മൾട്ടിപ്പിൾ എൻട്രി, എക്സിറ്റ് ഗേറ്റുകളുടെ ഉദ്ദേശ്യം എന്താണ്? വിദ്യാർത്ഥിയെ ഒന്നിലധികം സ്ഥാപനങ്ങളുടെ ഉപഭോക്താവാക്കി മാറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സ്ഥാപനങ്ങൾ മാറ്റാൻ ഈ സംവിധാനം വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു. ഈ സമീപനം വിദ്യാഭ്യാസക്കച്ചവടത്തെ പരിപോഷിപ്പിച്ചേക്കാം, പക്ഷേ കാലങ്ങളായി അധ്യാപക – വിദ്യാർത്ഥി ബന്ധത്തെ തകർക്കുകയും അതിനുപകരം ഒരു ഉപഭോക്താവ്- ദാതാവ് (customer-provider) ബന്ധം സ്ഥാപിക്കുകയും ചെയ്യും. ഇതെങ്ങനെ അഭികാമ്യമാവും?
മൾട്ടി-ഡിസിപ്ലിനറി സിബിസിഎസ്
NEP-2020 അവതരിപ്പിക്കുന്നതിന് എത്രയോ മുമ്പുതന്നെ വിദ്യാഭ്യാസ മന്ത്രാലയം തിരഞ്ഞെടുക്കാവുന്ന ക്രെഡിറ്റ് സമ്പ്രദായത്തെ (Choice-Based Credit System – CBCS) അനുകൂലിച്ചിരുന്നു. ഇതൊരു മൾട്ടി-ഡിസിപ്ലിനറി (ബഹുവിഷയ) സംവിധാനമാണ്. നവോത്ഥാനത്തിനുശേഷം യൂറോപ്പിലും ഇന്ത്യയിലും ആധുനിക വിദ്യാഭ്യാസ സമ്പ്രദായം വികസിച്ചപ്പോൾ, സയൻസ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ്, വിഷ്വൽ ആർട്‌സ്, എഞ്ചിനീയറിംഗ് & ടെക്‌നിക്കൽ എജ്യുക്കേഷൻ, ലോ, മെഡിക്കൽ സയൻസസ് എന്നിങ്ങനെ പ്രത്യേക പഠനശാഖകൾ ഉയർന്നുവന്നു. പരസ്പരം ബന്ധമുള്ള ഏതാനും വിഷയങ്ങളുടെ സംയോജനമാണ് ഒരു പ്രത്യേക പഠനശാഖയും. അവ പരസ്പരബന്ധിതം മാത്രമല്ല, സമഗ്രമായ അറിവ് നൽകുന്നവയുമാണ്. ഉദാഹരണത്തിന്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് തുടങ്ങിയവ ചേർന്നതാണ് സയൻസ്. ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി തുടങ്ങിയവ ചേർന്നതാണ് ഹ്യൂമാനിറ്റീസ്. മൾട്ടി-ഡിസിപ്ലിനറി സമ്പ്രദായം നടപ്പിലാക്കിയാൽ, ഏത് പഠനശാഖയിൽ നിന്നുള്ള വിഷയങ്ങളും എടുത്ത് ഒരു വിദ്യാർത്ഥിക്ക് ക്രെഡിറ്റ് പോയിന്റുകൾ നേടാം. എന്നാൽ ഇതിന്റെ ആവശ്യകത എന്താണ്? പൊളിറ്റിക്കൽ സയൻസിലെ അറിവ് ഒരു ഫിസിക്സ് വിദ്യാർത്ഥിയെ സഹായിക്കുമോ? കെമിസ്ട്രി പഠനം ഒരു ഹിസ്റ്ററി വിദ്യാർത്ഥിയെ സഹായിക്കുമോ? തീർച്ചയായും ഇല്ല. വിദ്യാഭ്യാസ സ്ഥാപനം എന്നത് ഒരു പലചരക്ക് കടയല്ല.
ഓൺലൈൻ അല്ലെങ്കിൽ ബ്ലെൻഡിംഗ് മോഡ് പ്രോത്സാഹിപ്പിക്കുന്നു
വിദ്യാഭ്യാസരീതി മാറ്റാനുള്ള അവസരവും NEP-2020 നൽകുന്നു. നിലവിൽ ഓഫ്‌ലൈൻ മോഡിൽ (ക്ലാസ്റൂം വിദ്യാഭ്യാസം) പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക് അടുത്ത വർഷം പഠനം ഓൺലൈൻ മോഡിലോ ODL(Open&Distance Learning – ഓപ്പൺ &ഡിസ്റ്റൻസ് ലേണിംഗ്) രീതിയിലോ ബ്ലെൻഡിംഗ് മോഡിലോ (ഓഫ്‌ലൈനും ഓൺലൈനും ചേർന്ന രീതി) തുടരാം. ഒരു വിഷയത്തെ കൃത്യമായി മനസ്സിലാക്കുന്നതിന് ഇത് ദോഷകരമാണ്.
നാല് വർഷത്തെ ബിരുദ പ്രോഗ്രാം (FYUGP)
പരമ്പരാഗതമായ മൂന്ന് വർഷത്തെ ബിരുദ കോഴ്‌സിനു പകരം നാല് വർഷത്തെ ബിരുദ പ്രോഗ്രാം (FYUGP) NEP-2020 അവതരിപ്പിച്ചു. എന്നാൽ, നാല് വർഷത്തെ ബിരുദ കോഴ്‌സിന്റെ ആവശ്യകതയെക്കുറിച്ച് പുതിയ ദേശീയ വിദ്യാഭ്യാസ നയമോ വിദ്യാഭ്യാസ മന്ത്രാലയമോ വ്യക്തത വരുത്തിയിട്ടില്ല. അടിസ്ഥാന സൗകര്യ വികസനങ്ങളൊന്നുമില്ലാതെ രാജ്യത്തുടനീളം ഈ നയം തിടുക്കത്തിൽ നടപ്പിലാക്കുകയാണ്. കോളേജുകളും സർവ്വകലാശാലകളും ഇതിനകംതന്നെ സ്ഥിരം അധ്യാപകരുടെ കുറവ്, മതിയായ ക്ലാസ് മുറികളുടെ അഭാവം, ലൈബ്രറി, ലബോറട്ടറി സൗകര്യങ്ങളുടെ പോരായ്മ എന്നിവയാൽ കഷ്ടപ്പെടുകയാണ്. അതിനാൽ, മിക്ക സ്ഥാപനങ്ങളിലും ബിരുദ തലത്തിലെ അധികമായ ഒരു വർഷം ഒരു വലിയ ബാധ്യതയായി മാറിയിരിക്കുന്നു.
ഒന്നാം വർഷം (UG-1) മുതൽ നാലാം വർഷം (UG-4) വരെ ഒരു വിദ്യാർത്ഥി ഓരോ വർഷവും 40 ക്രെഡിറ്റുകൾ (കൂടാതെ വൊക്കേഷണൽ കോഴ്സുകളിൽ നിന്നുള്ള 4 ക്രെഡിറ്റുകളും) പൂർത്തിയാക്കണം. ഒരു വിദ്യാർത്ഥി UG-1 കഴിഞ്ഞ് പഠനം നിർത്തുകയാണെങ്കിൽ അയാൾക്ക് ‘അണ്ടർഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ്’ ലഭിക്കും. UG-2 കഴിഞ്ഞാൽ ‘അണ്ടർഗ്രാജുവേറ്റ് ഡിപ്ലോമ’ നൽകും. ഈ ഘട്ടത്തിൽ വിദ്യാർത്ഥി പഠനം നിർത്തുകയാണെങ്കിൽ, 3 വർഷത്തിനുള്ളിൽ ഏത് കോളേജിലും/സ്ഥാപനത്തിലും വീണ്ടും പ്രവേശനം നേടാം, കൂടാതെ പരമാവധി 7 വർഷത്തിനുള്ളിൽ നാല് വർഷത്തെ ബിരുദ കോഴ്സ് പൂർത്തിയാക്കുകയും വേണം.
അതുപോലെ, UG-3 കഴിഞ്ഞാൽ വിദ്യാർത്ഥിക്ക് ‘ബാച്ചിലേഴ്സ് ഡിഗ്രി’ ലഭിക്കും. ഒടുവിൽ, UG-4ന് ശേഷം, ഒരു വിദ്യാർത്ഥി ആകെ 160-176 ക്രെഡിറ്റുകൾ നേടിയാൽ ‘ബാച്ചിലേഴ്സ് ഡിഗ്രി വിത്ത് ഓണേഴ്സ്/റിസർച്ച്’ നൽകും. ഒരു വിദ്യാർത്ഥി UG-4ൽ ഗവേഷണ പ്രവർത്തനങ്ങൾ നടത്തിയാൽ അയാൾക്ക് 12 ക്രെഡിറ്റ് പോയിന്റുകൾ ലഭിക്കും. എന്നാൽ ഗവേഷണം ഏറ്റെടുക്കാത്ത ഓണേഴ്സ് വിദ്യാർത്ഥികൾ ഗവേഷണ പ്രോജക്റ്റിന്/ പ്രബന്ധത്തിന് പകരം 12 ക്രെഡിറ്റുകൾക്കായി 3 കോഴ്സുകൾ ചെയ്യും. അതിനാൽ, ഒരു ഗവേഷണ പ്രോജക്റ്റ് എടുക്കുന്ന വിദ്യാർത്ഥി ആ തിയറി പേപ്പറുകൾ ഒഴിവാക്കും. അതിനാൽ, ‘ബാച്ചിലേഴ്സ് ഡിഗ്രി വിത്ത് ഓണേഴ്സ്/റിസർച്ച്’ ലഭിക്കുന്ന ഒരു വിദ്യാർത്ഥിക്ക് കുറഞ്ഞ സൈദ്ധാന്തിക അറിവ് തുലോം തുച്ഛം ആയിരിക്കും എന്നർത്ഥം! എന്തൊരു ഏർപ്പാടാണത്!
മാത്രമല്ല, ഒരു വിദ്യാർത്ഥിക്ക് ‘ബാച്ചിലേഴ്സ് ഡിഗ്രി വിത്ത് ഓണേഴ്സ്/റിസർച്ച്’ ലഭിക്കുകയും 75% മാർക്ക് നേടുകയും ചെയ്താൽ അയാൾക്ക് നേരിട്ട് പിഎച്ച്ഡിക്ക് അർഹതയുണ്ടാകും. ആ വിദ്യാർത്ഥിക്ക് ഒരു വർഷത്തെ മാസ്റ്റേഴ്സ് കോഴ്സ് ആവശ്യമില്ല. അല്ലാത്തപക്ഷം പിഎച്ച്ഡിക്ക് അർഹത നേടുന്നതിന് അയാൾ ഒരു വർഷത്തെ മാസ്റ്റേഴ്സ് കോഴ്സ് പൂർത്തിയാക്കണം. എത്ര വിചിത്രമായ നയം! മാസ്റ്റേഴ്സ് ബിരുദമില്ലാതെ ഒരു വിദ്യാർത്ഥി പിഎച്ച്ഡി കോഴ്സിന് അർഹനാകുന്നു! NEP-2020നെ അനുകൂലിക്കുന്നവർ പറയും: അവർ യോഗ്യരാണ്, അവർ UG-4 കാലയളവിൽ ഗവേഷണ പ്രോജക്റ്റുകൾ ചെയ്തിട്ടുണ്ട് എന്ന്. എന്നാൽ, എല്ലാ വിഷയങ്ങളിലും ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നതിന് എത്ര കോളേജുകൾക്ക് ശരിയായ അടിസ്ഥാന സൗകര്യങ്ങളും ഗവേഷണ ഗൈഡുകളും മറ്റ് ആവശ്യമായ ക്രമീകരണങ്ങളുമുണ്ട്? തീർച്ചയായും, വളരെ കുറച്ചു മാത്രം. സ്വകാര്യ സ്ഥാപനങ്ങൾ ഈ വലിയ അവസരത്തിനായി കാത്തിരിക്കുകയാണ്. വലിയ ഫീസ് ഘടനയുമായി അവർ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യും.
സെമസ്റ്റർ സമ്പ്രദായത്തിന്റെ സത്യാവസ്ഥ
NEP-2020ന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടർന്ന് വിദ്യാഭ്യാസ വകുപ്പ് 90 ദിവസത്തെ സെമസ്റ്റർ സമ്പ്രദായം അവതരിപ്പിച്ചു. ഒരു വിദ്യാഭ്യാസ വർഷത്തെ രണ്ട് സെമസ്റ്ററുകളായി തിരിച്ചിരിക്കുന്നു. അതിനാൽ നാല് വർഷത്തെ ബിരുദ കോഴ്സിൽ ആകെ 8 സെമസ്റ്ററുകൾ ഉണ്ടാകും. എന്നാൽ, 180 ദിവസത്തിന് പകരം ഓരോ സെമസ്റ്ററിനും 90 ദിവസം മാത്രമേ ലഭിക്കൂ! ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ സിലബസ് പൂർത്തിയാക്കുക എന്നത് വളരെ പ്രയാസകരമാണ്. ഇതിനുപുറമെ, വേനൽക്കാല അവധിക്കാലത്ത് നിർബന്ധിത എട്ട് ആഴ്ചത്തെ (ഏകദേശം രണ്ട് മാസം) ഇന്റേൺഷിപ്പ് അല്ലെങ്കിൽ വൊക്കേഷണൽ വിദ്യാഭ്യാസം അല്ലെങ്കിൽ പരിശീലനം ഉണ്ടായിരിക്കും. അതുകൊണ്ട്, ആകെ വിദ്യാഭ്യാസ കാലയളവ് 12 മാസത്തിൽ നിന്ന് 8 മാസമായി ചുരുങ്ങുന്നു (ഇതിൽ രണ്ട് മാസത്തെ നിർബന്ധിത വൊക്കേഷണൽ വിദ്യാഭ്യാസവുമുണ്ട്)! സ്വാഭാവികമായും ഇത് ചോദ്യമുയർത്തുന്നു: ബാക്കി നാല് മാസത്തെ പ്ലാൻ എന്താണ്? സെമസ്റ്റർ സമ്പ്രദായം അധ്യാപന/മൂല്യനിർണ്ണയ സമ്പ്രദായത്തിലെ ഒരു പുതിയ രീതിയായിട്ടാണ് വിഭാവനം ചെയ്തത്. സിലബസിനെ ചെറിയ മൊഡ്യൂളുകളായി വിഭജിക്കുന്നത് തുടക്കത്തിൽ ഒരു വിദ്യാർത്ഥിക്ക് സഹായകമായേക്കാം, എന്നാൽ അഞ്ചാം സെമസ്റ്ററിലെ വിദ്യാർത്ഥി ഒന്നാം സെമസ്റ്ററിലെ വിഷയങ്ങൾ മറന്നുപോയതായി പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നു. സെമസ്റ്റർ സമ്പ്രദായം പ്രായോഗികമായി ‘പഠിക്കുക, മറക്കുക’ എന്ന രീതിയായി മാറി. സെമസ്റ്റർ സമ്പ്രദായം ഫീസ് വർദ്ധിപ്പിക്കുകയും, വിദ്യാഭ്യാസ മണിക്കൂറുകൾ കുറയ്ക്കുകയും, പരീക്ഷാ പ്രക്രിയ സങ്കീർണ്ണമാക്കുകയും, സമഗ്രമായ അറിവ് നേടുന്ന പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്തു.
കേന്ദ്രീകരണവും കേന്ദ്രസർക്കാർ നിയന്ത്രണവുംമൂലം കിതയ്ക്കുന്ന ഉന്നതവിദ്യാഭ്യാസം
ഇതിനെല്ലാം പുറമേയാണ്, പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ച വികസിത് ഭാരത് ശിക്ഷാ അധിക്ഷൺ ബിൽ. ഈ ബിൽ നിയമമാവുകയാണെങ്കിൽ, നിലവിലെ നിയന്ത്രണസംവിധാനങ്ങളായ യുജിസി, എഐസിടിഇ, എൻസിടിഇ, എന്നിവയെല്ലാം നിർത്തലാക്കി, തൽസ്ഥാനത്ത്, വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ (വിബിഎസ്എ) എന്ന നിയന്ത്രണ സംവിധാനം രൂപീകരിക്കുകയും, നിയമവും വൈദ്യശാസ്ത്രവുമൊഴികെയുള്ള ഉന്നതവിദ്യാഭ്യാസത്തിന്റെ ഏറിയപങ്കും ഒരൊറ്റ കേന്ദ്രത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരികയും ചെയ്യും. ഇതുവരെ, പൊതുവായ ഉന്നതവിദ്യാഭ്യാസത്തിന്റെ ചുമതല യുജിസിക്കും, സാങ്കേതിക-മാനേജ്മെന്റ് മേഖലകളിലെ വിദ്യാഭ്യാസത്തിന്റെ മേൽനോട്ടം എഐസിടിഇക്കും, അധ്യാപക പരിശീലനമേഖലയുടെ ഉത്തരവാദിത്തം എൻസിടിഇക്കും ആയിരുന്നു. ഇതെല്ലാം ഇനി ഒറ്റ റെഗുലേറ്ററി അതോറിട്ടിയുടെ കീഴിൽ വരും. അതായത്, ഉന്നതവിദ്യാഭ്യാസത്തിന്റെ സമ്പൂർണമായ കേന്ദ്രീകരണവും അക്കാദമിക സ്വയംഭരണത്തെ കീഴ്മേൽ മറിക്കലുമാണ് നടപ്പാവുന്നത്. ഫെഡറൽ ഘടന അട്ടിമറിച്ചുകൊണ്ട്, രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിനുമേൽ കേന്ദ്രസർക്കാരിന്റെ ഇത്തരത്തിലൊരു നിയന്ത്രണമാണ് NEP–2020 വിഭാവനം ചെയ്തിരിക്കുന്നത്. വാസ്തവത്തിൽ എൻഇപിയുടെ രേഖയിൽതന്നെ ഇത്തരത്തിലൊരു കമ്മീഷൻ രൂപീകരിക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു.
അക്കാദമിക സ്വയംഭരണം പൂർണമായും തകർക്കുന്നതിനുള്ള രണ്ടാമത്തെ ശ്രമം
ഇത് രണ്ടാം തവണയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ, ഉന്നതവിദ്യാഭ്യാസത്തിനുമേലുള്ള കേന്ദ്രീകൃത നിയന്ത്രണം നിയമനിർമ്മാണം വഴി സാധുവാക്കാൻ ശ്രമിക്കുന്നത്. 2018ൽ യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ റദ്ദാക്കൽ ബിൽ കൊണ്ടുവന്നതായിരുന്നു ആദ്യശ്രമം. യുജിസിയെ ഇല്ലാതാക്കാൻ ലക്ഷ്യംവെച്ചുകൊണ്ട് ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ രൂപീകരിക്കുക എന്നതായിരുന്നു രൂപരേഖ. എന്നാൽ ഇതുസംബന്ധിച്ച് രാജ്യത്തുടനീളം വ്യാപകമായ വിമർശനങ്ങളുണ്ടായി. ബിൽ നിയമമാവുകയാണെങ്കിൽ ഉന്നതവിദ്യാഭ്യാസത്തിന്റെ സ്വയംഭരണം നഷ്ടമാവുകയും വിദ്യാഭ്യാസം സമ്പൂർണമായും കേന്ദ്രീകൃതമാവുകയും ചെയ്യും. പ്രതിഷേധങ്ങളുടെ സമ്മർദ്ദത്താൽ ബിൽ പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായി. എന്നാൽ 2025ൽ, പുതിയ രൂപത്തിൽ കൂടുതൽ പല്ലും നഖവുമായി, വളരെ ധൃതിപിടിച്ച് നിയമത്തെ മുന്നോട്ടു കൊണ്ടുവന്നിരിക്കുകയാണ്. 2018ലെ ബില്ലിൽ യുജിസിയെ മാത്രം അവസാനിപ്പിക്കാനായിരുന്നു ഉദ്ദേശ്യമെങ്കിൽ 2025ലെ ബില്ലിൽ, എഐസിടിഇയും എൻസിടിഇയും കൂടി ഇല്ലാതാക്കപ്പെടുന്നു.
സാമ്പത്തിക ഗ്രാന്റുകളുടെ വിഷയം
നാളിതുവരെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പണം അനുവദിക്കാനുള്ള അധികാരം യുജിസിക്കുണ്ടായിരുന്നു. നിലവിലുണ്ടായിരുന്ന യുജിസി നിയമത്തിലും അതിനുവേണ്ടുന്ന വകുപ്പുകളുണ്ടായിരുന്നു. ഫണ്ട് അനുവദിക്കാനുള്ള ഈ അധികാരം 2018ലെ ബില്ലിലും എൻഇപിയിലും അംഗീകരിച്ചിരുന്നു നിയമപരമായ വ്യവസ്ഥകൾ നിലനിന്നിരുന്നുവെങ്കിലും, പ്രായോഗികതലത്തിൽ സർക്കാർ നയങ്ങൾ കാരണവും, പ്രധാനമായും യുജിസിയുടെ ബജറ്റിലെ ക്രമാനുഗതമായ വെട്ടിക്കുറയ്ക്കൽ മൂലവും സാമ്പത്തിക ഗ്രാന്റുകൾ നിർത്തലാക്കപ്പെട്ടു. വാസ്തവത്തിൽ, അക്കാദമിക് സമൂഹത്തിന്റെ പ്രതിഷേധങ്ങൾക്കിടയിലും ഒരു വർഷം മുമ്പ് യുജിസിയുടെ ബജറ്റിൽ 61 ശതമാനം വരുന്ന വലിയ കുറവ് വരുത്തിയിരുന്നു. ഇപ്പോഴാകട്ടെ, സാമ്പത്തിക ഗ്രാന്റുകൾ നൽകാനുള്ള നാമമാത്രമായ അധികാരം പോലും പുതിയ കമ്മീഷനായ വിബിഎസ്എയിൽ നിന്നും സർക്കാർ ഇപ്പോൾ ഔദ്യോഗികമായി എടുത്തുകളഞ്ഞിരിക്കുകയാണ്. ഇതിലും കഠിനമായ നിബന്ധനകൾ ഈ ബില്ലിലുണ്ട്. “ഈ നിയമത്തിലെ വ്യവസ്ഥകൾ ഏതെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനം ലംഘിക്കുകയാണെങ്കിൽ… റെഗുലേറ്ററി കൗൺസിലിന് മുപ്പത് ലക്ഷം രൂപയിൽ കുറയാത്ത പിഴ ചുമത്താവുന്നതാണ് [വകുപ്പ് 33(ബി)]; ഇനി ഉന്നത വിദ്യാഭ്യാസ സ്ഥാപനം ഈ നിയമത്തിലെ വ്യവസ്ഥകളോ ചട്ടങ്ങളോ വീണ്ടും ലംഘിക്കുകയാണെങ്കിൽ… എഴുപത്തഞ്ച് ലക്ഷം രൂപയിൽ കുറയാത്ത പിഴ ചുമത്തുകയോ, അല്ലെങ്കിൽ സാഹചര്യത്തിനനുസരിച്ച് കേന്ദ്ര സർക്കാരിനോടോ അതത് സംസ്ഥാന സർക്കാരിനോടോ പ്രസ്തുത സ്ഥാപനം അടച്ചുപൂട്ടാനോ നിർത്തലാക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യാവുന്നതാണ് [വകുപ്പ് 33(സി)].” ഈ ‘അടച്ചുപൂട്ടൽ’, NEP-2020ലെ വ്യവസ്ഥകൾക്ക് അനുസൃതമായി രാജ്യത്തുടനീളം നടന്നുകൊണ്ടിരിക്കുന്ന, ആയിരക്കണക്കിന് പൊതുവിദ്യാലയങ്ങളുടെ അടച്ചുപൂട്ടലിന് സമാനമായിരിക്കും. ചുരുക്കത്തിൽ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമേൽ ശിക്ഷാനടപടികളുടെ വടി വീശുകയാണ് കമ്മീഷൻ ചെയ്യുന്നത്.
അനന്തരഫലങ്ങൾ ദുരന്തമായിരിക്കും
ഈ ശിക്ഷാഭീഷണികളുടെ പ്രത്യാഘാതങ്ങൾ ഇപ്പോൾത്തന്നെ ദൃശ്യമായിക്കഴിഞ്ഞു. സർവ്വകലാശാലകളിലെ പാഠ്യപദ്ധതികൾ ഇപ്പോൾ തയ്യാറാക്കുന്നത് അധ്യാപകർ അംഗങ്ങളായ അക്കാദമിക് കൗൺസിലുകൾപോലുള്ള നിയമപരമായ സമിതികളാണ്. അതായത്, സിലബസ് രൂപീകരണം എന്നത് വിദഗ്ധരുടെ അധികാരപരിധിയിലുള്ള കാര്യമാണ്. എന്നിട്ടും സർക്കാർ ഈ ഉത്തരവാദിത്തം ഇപ്പോൾ യുജിസിയെ ഏൽപ്പിച്ചിരിക്കുകയാണ്. ഗണിതം, രസതന്ത്രം, കൊമേഴ്സ്, സാമ്പത്തികശാസ്ത്രം, ഭൂമിശാസ്ത്രം, നരവംശശാസ്ത്രം, രാഷ്ട്രമീമാംസ തുടങ്ങിയ വിഷയങ്ങളിൽ യുജിസി അടുത്തിടെ പുറത്തിറക്കിയ കരട് സിലബസുകൾ പ്രൊഫസർമാരെ സ്തബ്ധരാക്കി. ഗണിതശാസ്ത്ര സിലബസിൽ ‘ലൈഫ് സയൻസുകൾക്കായുള്ള ഗണിതം’, ‘ധ്യാനത്തിനായുള്ള ഗണിതം’, ചന്ദ്രതിഥികൾ നിശ്ചയിക്കുന്നതിനുള്ള രീതികൾ, നക്ഷത്രസമൂഹങ്ങൾ, ശുഭ-അശുഭ മുഹൂർത്തങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. സിലബസ് തയ്യാറാക്കിയവർ ഗണിതശാസ്ത്രത്തിലെ കാതലായ ഭാഗങ്ങളെ തഴയുകയും ‘ഭാരതീയ വിജ്ഞാന സമ്പ്രദായം’ എന്നപേരിൽ അശാസ്ത്രീയമായ പലതും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രവണത പ്രകടമാണ്. അതുകൂടാതെ, നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ള ‘വേദിക് മാത്തമാറ്റിക്സും’ ഇതിലുണ്ട്. ഇത്തരം പാഠ്യപദ്ധതികൾ ഒരു ‘ഹിന്ദു രാഷ്ട്രം’ കെട്ടിപ്പടുക്കാനുള്ള ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പദ്ധതിയെ സഹായിച്ചേക്കാമെങ്കിലും, വിദ്യാർത്ഥികളുടെ ഭാവിയെക്കുറിച്ച് അധ്യാപകർ അതീവ ആശങ്കാകുലരാണ്. ഈ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് 900ലധികം ഗണിതശാസ്ത്ര പ്രൊഫസർമാർ യുജിസിക്ക് ഒരു പ്രതിഷേധക്കത്ത് അയച്ചു. സിലബസിലെ ഭൂരിഭാഗം കാര്യങ്ങളും കാലഹരണപ്പെട്ടതും അശാസ്ത്രീയവുമാണെന്നും, ഇത് നമ്മുടെ നാഗരികതയെ നൂറുകണക്കിന് വർഷങ്ങൾ പിന്നോട്ട് കൊണ്ടുപോകുമെന്നും ആധുനിക ഗണിതശാസ്ത്രത്തെക്കുറിച്ച് വിദ്യാർത്ഥികളെ അറിവില്ലാത്തവരാക്കുമെന്നും അവർ കത്തിൽ ചൂണ്ടിക്കാട്ടി. ഇത്തരം വിപത്തുകൾ ഒഴിവാക്കാൻ യുജിസി ‘കുറച്ച് ഗണിതം പഠിക്കണം’എന്ന് അവർ ഉപദേശിച്ചു. മറ്റു വിഷയങ്ങളിലെ സിലബസുകളുടെ അവസ്ഥയും ഇതിൽനിന്നും ഒട്ടും വ്യത്യസ്തമല്ല.
NEP-2020 പ്രകാരം ബിരുദ കോഴ്സുകളുടെ കാലാവധി മൂന്ന് വർഷത്തിൽ നിന്ന് നാല് വർഷമാക്കി ഉയർത്തിയതോടെ പ്രശ്നങ്ങൾ പലമടങ്ങ് വർധിച്ചിരിക്കുകയാണ്. ‘നൈപുണ്യ വികസനം’, ‘മൂല്യവർദ്ധിത കോഴ്സുകൾ’ എന്നൊക്കെയുള്ള പേരുകളിൽ കാതലായ പാഠ്യവിഷയങ്ങളെ കരിക്കുലത്തിൽ നിന്നും പുറന്തള്ളിയിരിക്കുന്നു. ‘ഹാപ്പിനസ് സ്റ്റഡീസ്’, ‘ഫിറ്റ് ഇന്ത്യ’, ‘സ്വച്ഛ് ഭാരത്’, ‘വ്യക്തിത്വവികസനം’, ‘പശു ക്ഷേമം’, ‘ബ്രാഹ്മണ ക്ഷേമം’ തുടങ്ങിയ നിലവാരമില്ലാത്തതും അനാവശ്യവുമായ വിഷയങ്ങൾ പഠിക്കാൻ വിദ്യാർത്ഥികൾ നിർബന്ധിതരാകുന്നു. കോഴ്സിന്റെ ദൈർഘ്യം വർധിപ്പിച്ചതും ഇത്തരം ഉള്ളടക്കങ്ങൾ ഉൾപ്പെടുത്തിയതും വിദ്യാർത്ഥികൾക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസത്തോട് അവർക്ക് ഇപ്പോൾ യാതൊരു താല്പര്യവുമില്ല. കടുത്ത നിരാശമൂലം പലരും ഒന്നുകിൽ കോളേജുകളിൽ പ്രവേശനം നേടുന്നില്ല, അല്ലെങ്കിൽ പ്രവേശനം നേടിയ ശേഷം പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നു. മറ്റു ചിലരാകട്ടെ, ക്ലാസുകളിൽ ഹാജരാകാതെ രേഖകളിൽ മാത്രം വിദ്യാർത്ഥികളായി തുടരുന്നു. ഒരുകാലത്ത് വിദ്യാർത്ഥികളെക്കൊണ്ട് നിറഞ്ഞിരുന്ന ക്ലാസ് മുറികളിൽ ഇന്ന് വെറും അഞ്ചോ ആറോ കുട്ടികളെ മാത്രം പഠിപ്പിക്കേണ്ട അവസ്ഥയിലാണ് പ്രൊഫസർമാർ. രാജ്യത്തുടനീളമുള്ള ഉന്നതവിദ്യാഭ്യാസ മേഖലയുടെ ചിത്രം ഇതാണ്.
സർക്കാർ സ്ഥാപനങ്ങളിൽ അനവധി സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു
വിദ്യാർത്ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട സാഹചര്യം രാജ്യത്തുടനീളം ഒരുപോലെ ദയനീയമാണ്. ഈ വർഷം ഡൽഹി സർവ്വകലാശാല മൂന്ന് ഘട്ടങ്ങളിലായാണ് പ്രവേശനം നടത്തിയത്—ഒരു ‘സ്‌പോട്ട് റൗണ്ട്’, രണ്ട് ‘മോപ്പ്-അപ്പ് റൗണ്ടുകൾ’, കൂടാതെ ഒരു ‘സ്‌പോട്ട് മോപ്പ്-അപ്പ് റൗണ്ട്’ എന്നിങ്ങനെ. എന്നിട്ടുപോലും, 69 കോളേജുകളിലായി ആകെയുള്ള 71,000 സീറ്റുകളിൽ 5,000 എണ്ണം ഒഴിഞ്ഞുതന്നെ കിടന്നു. വെറും അഞ്ച് വർഷംമുമ്പ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളിൽ 98–99 ശതമാനമായിരുന്നു പ്രവേശനത്തിനുള്ള കുറഞ്ഞ കട്ട് ഓഫ് മാർക്ക്. എന്നിട്ടും അപേക്ഷകരുടെ തിരക്കുകാരണം കോളേജുകൾ നിശ്ചിത എണ്ണത്തേക്കാൾ 30 ശതമാനം വരെ കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകാറുണ്ടായിരുന്നു. എന്നാൽ ഇപ്പോഴാകട്ടെ, സീറ്റുകൾ നിറയ്ക്കുന്നതിന് ‘സ്‌പോട്ട് മോപ്പ്-അപ്പ് റൗണ്ടുകൾ’ വരെ ആവശ്യമായി വരുന്നു. ഇതിനെല്ലാം പുറമെ, പെൺകുട്ടികളുടെ പ്രവേശനനിരക്ക് എക്കാലത്തെയും കുറഞ്ഞ നിലയിലേക്ക് താഴ്ന്നു—2021-ലെ 61 ശതമാനത്തിൽനിന്ന് ഇപ്പോൾ ഇത് 54 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. പ്രവേശന നിരക്കിലുണ്ടാകുന്ന ഈ ഇടിവ് മറ്റു സംസ്ഥാനങ്ങളിലും വ്യക്തമാണ്. പശ്ചിമ ബംഗാളിലെ സർക്കാർ-എയ്ഡഡ് കോളേജുകളിലായി 9,36,215 ബിരുദ സീറ്റുകളാണുള്ളത്. കേന്ദ്രീകൃത പ്രവേശന പോർട്ടലിൽ 4,21,301 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തെങ്കിലും 2,69,777 പേർ മാത്രമാണ് പ്രവേശനം നേടിയത്—അതായത് ആകെ സീറ്റുകളുടെ 28.81 ശതമാനം മാത്രം. കഴിഞ്ഞ അധ്യയന വർഷം 4,44,000 സീറ്റുകളിൽ പ്രവേശനം നൽകിയിരുന്നു. 2024-25 അധ്യയന വർഷത്തിൽ ഒഡീഷയിൽ 1.15 ലക്ഷം സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ബനാറസ് ഹിന്ദു സർവകലാശാല പോലുള്ള ഒരു കേന്ദ്ര സർവ്വകലാശാലയിൽ പോലും ഒന്നാം റൗണ്ടിന് ശേഷം 2,700 സീറ്റുകൾ ഒഴിഞ്ഞുകിടന്നു.
വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണത്തിനും വാണിജ്യവൽക്കരണത്തിനുമുള്ള ഒരു ബ്ലൂപ്രിന്റ്
വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണത്തിനും വാണിജ്യവൽക്കരണത്തിനുമുള്ള ഒരു ബ്ലൂപ്രിന്റാണ് NEP-2020. നാല് പതിറ്റാണ്ട് മുമ്പ് NEP-1986 തുടങ്ങിവച്ചത് എന്താണോ, അത് NEP-2020 വിപുലമായ തോതിൽ പൂർത്തിയാക്കുകയാണ്. ഇന്ത്യൻ മുതലാളിത്ത വർഗ്ഗത്തിന്റെ വിശ്വസ്ത സേവകരായ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ, ഇത് നടപ്പിലാക്കാൻ എല്ലാ മാറ്റങ്ങളും വരുത്തുന്നു. UGC, AICTE, NEET, NCrF, CBSE/NCERT തുടങ്ങിയ ഭരണസമിതികളുടെ തലവന്മാർ അവരുടെ കളിപ്പാവകളാണ്. എല്ലാ ചാൻസലർമാരും വൈസ് ചാൻസലർമാരും ഈ നയങ്ങൾ പിന്തുടരണം; അല്ലാത്തപക്ഷം അവരുടെ സ്ഥാപനങ്ങൾക്ക് ഗ്രാന്റോ സർക്കാർ ധനസഹായമോ ലഭിക്കില്ല. എയ്ഡഡ് കോളേജുകൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. വിദ്യാർത്ഥികളില്ലാത്ത കോളേജുകളിലെയും സർവ്വകലാശാലകളിലെയും അധ്യാപകർക്കും പ്രൊഫസർമാർക്കും ശമ്പളം നൽകി ജനങ്ങളുടെ പണം എന്തിന് പാഴാക്കുന്നു എന്ന് സർക്കാർ ഉടൻ വാദിക്കും. അതിന്റെ ഫലമായി അവ അടച്ചുപൂട്ടും. അധ്യാപകരെ മാറ്റും. ആ തസ്തികകൾ എന്നെന്നേക്കുമായി ഇല്ലാതാകും. ഇതോടെ സ്വകാര്യ വിദ്യാഭ്യാസ കച്ചവടം കുതിച്ചുയരും.
കൂടാതെ, ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം ഇപ്പോൾ കേന്ദ്രീകൃതമായി നടത്തുന്ന സിയുഇടി(CUET) വഴിയാണ്. കോച്ചിംഗ് സെന്ററുകളെ അമിതമായി ആശ്രയിക്കേണ്ടി വരുന്നതിനാൽ ഇത് വളരെയധികം ചിലവേറിയതാണ്; തന്മൂലം സമ്പന്നർക്കൊഴികെ മറ്റുള്ളവർക്കെല്ലാം പ്രവേശനം ദുഷ്കരമാകുന്നു. അതേസമയം, സിയുഇടി ഫലപ്രഖ്യാപനത്തിലുണ്ടാകുന്ന കാലതാമസം കാരണം മെറിറ്റ് ഉള്ള വിദ്യാർത്ഥികൾ പോലും അശോക, അസിം പ്രേംജി തുടങ്ങിയ സ്വകാര്യ സർവ്വകലാശാലകളിൽ ചേരാൻ നിർബന്ധിതരാകുന്നു. ഫലത്തിൽ, വിദ്യാഭ്യാസത്തെ ലാഭം വർദ്ധിപ്പിക്കാനുള്ള ഒരു കച്ചവടച്ചരക്കായി കാണുന്ന സ്വകാര്യ മേഖലയെ സഹായിക്കുകയാണ് സിയുഇടി ചെയ്യുന്നത്. സ്വകാര്യ സ്ഥാപന ഉടമകൾ ഇതിനാൽ അതീവ സന്തുഷ്ടരാണ്. അതായത്, കേന്ദ്ര-സംസ്ഥാന തലങ്ങളിൽ വലിയ തുക ഈടാക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കാൻ വിദ്യാർത്ഥികൾ നിർബന്ധിതരാവുകയാണ്. വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണവും വാണിജ്യവൽക്കരണവും കച്ചവടവൽക്കരണവും വളരെ ആസൂത്രിതമായ രീതിയിലാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഉന്നതവിദ്യാഭ്യാസ അവസരങ്ങൾക്കുള്ള അവകാശത്തെ ഇല്ലാതാക്കുന്നു. ഇത് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണ്.
ബദല്‍ ജനകീയ വിദ്യാഭ്യാസ നയമാണ് പോംവഴി
ഈ വിനാശകരവും ജനാധിപത്യവിരുദ്ധവും ജനദ്രോഹപരവുമായ വിദ്യാഭ്യാസ നയത്തിനെതിരെ പ്രതിഷേധമുയർത്തുക എന്നതല്ലാതെ ജനങ്ങൾക്ക് മുന്നിൽ മറ്റ് മാർഗ്ഗങ്ങളില്ല. പ്രൊഫ. ഇർഫാൻ ഹബീബ്, പ്രൊഫ. റോമില ഥാപ്പർ തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസവിദഗ്ധരും നിരവധി മുൻ വൈസ് ചാൻസലർമാരും നിയമവിദഗ്ധരും പ്രശസ്ത ബുദ്ധിജീവികളും വിദ്യാഭ്യാസസ്നേഹികളും വിദ്യാഭ്യാസമേഖലയ്ക്ക് നേരെയുള്ള ഈ കടന്നുകയറ്റത്തെ ചെറുക്കാൻ രാജ്യത്തുടനീളം മുന്നോട്ടുവരുന്നുണ്ട്. ഈ വിനാശകരമായ നയത്തിനെതിരെ ശക്തമായൊരു വിദ്യാഭ്യാസ പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ ‘ആൾ ഇന്ത്യ സേവ് എജ്യുക്കേഷൻ കമ്മിറ്റി’ എന്ന ജനകീയ വേദി മുൻകൈ എടുത്തിരിക്കുകയാണ്.
പ്രൈമറിതലം മുതൽ സർവ്വകലാശാലതലം വരെയുള്ള ആയിരക്കണക്കിന് അധ്യാപകരുടെയും സമൂഹത്തിലെ വിവിധ പ്രബുദ്ധ വിഭാഗങ്ങളുടെയും നിർദ്ദേശങ്ങൾ സ്വീകരിച്ചുകൊണ്ട്, NEP-2020ന് ബദലായി ഒരു ‘കരട് ജനകീയ വിദ്യാഭ്യാസ നയം 2025(Draft People’s Education Policy 2025)’ സമിതി തയ്യാറാക്കിയിട്ടുണ്ട്. NEP-2020 ഇന്ത്യയുടെ പാർലമെന്റിൽ ഒട്ടും തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നില്ല. എന്നാൽ, ആൾ ഇന്ത്യ സേവ് എജ്യുക്കേഷൻ കമ്മിറ്റി 2026 ജനുവരി 24ന് ബാംഗ്ലൂരിൽ സംഘടിപ്പിക്കുന്ന ‘ജനകീയ പാർലമെന്റിൽ’ ഈ കരട് നയം വിശദമായി ചർച്ച ചെയ്യും. ആയിരക്കണക്കിന് വിദ്യാഭ്യാസവിദഗ്ധരും ബുദ്ധിജീവികളും ഇതിൽ പങ്കെടുക്കും, കരട് ജനകീയ വിദ്യാഭ്യാസ നയത്തിലെ വിവിധ നിർദ്ദേശങ്ങൾ സമഗ്രമായി ചർച്ച ചെയ്യും.ഒരു പുതിയ ‘ജനകീയ വിദ്യാഭ്യാസ നയം’ രൂപംകൊള്ളും. വിദ്യാഭ്യാസ രക്ഷാ പ്രസ്ഥാനത്തെ നമുക്ക് ഏവർക്കും ഒത്തുചേർന്ന് ശക്തിപ്പെടുത്താം.
