ട്രംപിന്റെ തീരുവ യുദ്ധം : വിപണിയെച്ചൊല്ലി സാമ്രാജ്യത്വ ശക്തികൾ തമ്മിൽ തീവ്രമാകുന്ന വൈരുദ്ധ്യത്തെ പ്രതിഫലിപ്പിക്കുന്നു

122226633.avif
Share

റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്ന രാജ്യങ്ങള്‍ക്ക് 500 ശതമാനംവരെ ഇറക്കുമതിചുങ്കം ചുമത്തുന്ന ഉപരോധ ബില്ലിന് ട്രംപ് പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്ന രണ്ടാമത്തെ രാജ്യമെന്ന നിലയില്‍ ഈ നീക്കം ഇന്ത്യയെ പ്രതികൂലമായി ബാധിക്കും. വെനസ്വേലയിലെ സൈനിക നടപടിയും അമേരിക്കയുമായി നടത്തുന്ന എണ്ണ ഇടപാടിലൂടെ ലഭിക്കുന്ന പണമുപയോഗിച്ച് അമേരിക്കന്‍ ഉല്പന്നങ്ങള്‍ മാത്രമേ വെനസ്വേല വാങ്ങു എന്ന പ്രഖ്യാപനവുമൊക്കെ അമേരിക്ക നേരിടുന്ന രൂക്ഷമായ പ്രതിസന്ധിയുടെ പ്രതിഫലനമാണ്.

രണ്ടാം തവണ പ്രസിഡന്റായി അധികാരത്തിൽ തിരിച്ചെത്തിയ ശേഷം, ഡൊണാൾഡ് ട്രംപ് “അമേരിക്കയെ വീണ്ടും മഹത്തരമാക്കുക” എന്നു പ്രഖ്യാപിച്ചുകൊണ്ട് ചില നടപടികൾ തുടങ്ങിവെച്ചു. ഗസയെ തകർത്തു തരിപ്പണമാക്കി ഒരു യുഎസ് കോളനിയും വിനോദസഞ്ചാര കേന്ദ്രവുമാക്കി മാറ്റാൻ മിഡിൽ ഈസ്റ്റിലെ അദ്ദേഹത്തിന്റെ മുൻനിര ബ്രിഗേഡ് ആയ സയണിസ്റ്റ് ഇസ്രയേലി ഭരണാധികാരികളെ സഹായിച്ചുകൊണ്ട് ആ അജണ്ട എങ്ങനെ പ്രാവർത്തികമാക്കാൻ തുടങ്ങി എന്ന് നമ്മൾ കണ്ടു. തുടർന്ന് വെനസ്വേലയെ ഭീഷണിപ്പെടുത്തി കീഴടക്കാനും അതിന്റെ വലിയ എണ്ണ ശേഖരം കൈവശപ്പെടുത്താനും ലക്ഷ്യംവെച്ചുകൊണ്ട് ആ രാജ്യത്തേക്ക് യുഎസ് നാവിക സേനയെ അയച്ചു. അതിനുശേഷം, പഹൽഗാം തീവ്രവാദ അക്രമത്തിന് പ്രതികാരമാണെന്ന് പറഞ്ഞുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി മോദി ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചതിനുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ കരാർ ഒപ്പിട്ടതായി അദ്ദേഹം പെട്ടെന്ന് പ്രഖ്യാപിച്ചു. ആ ഉടമ്പടി ഏർപ്പെടുത്തിയതായി അവകാശപ്പെട്ടതോടൊപ്പം, ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിക്കാനായി നികുതിയെ ഫലപ്രദമായി ഉപയോഗിച്ചതായി വിശേഷിപ്പിക്കുകയും ചെയ്തു.
2025 ആഗസ്റ്റ് 1ന് ട്രംപ് ഭരണകൂടം ആദ്യമായി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% തീരുവ ഏർപ്പെടുത്തി. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയും മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ് യുഎസ് എന്ന് ട്രംപിന് അറിയാമായിരുന്നു, മൊത്തം വ്യാപാരം 130 ബില്യൺ ഡോളറാണ്. യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ സാധനങ്ങൾ, സേവനങ്ങൾ, പ്രത്യേകിച്ച് ഐടി, ബിസിനസ് സംബന്ധമായ ഔട്ട്സോഴ്സിംഗ് എന്നിവ ഉൾപ്പെടുന്നു. 2024ൽ, ഇന്ത്യയിൽനിന്നുള്ള സാധനങ്ങളുടെ ഇറക്കുമതി ഏകദേശം 87.3 ബില്യൺ ഡോളറായിരുന്നു. നേരെമറിച്ച്, അതേവർഷം ഇന്ത്യയിലേക്കുള്ള കയറ്റുമതി 42 ബില്യൺ ഡോളറായിരുന്നു. അതിനാൽ, അമേരിക്ക 45.8 ബില്യൺ ഡോളറിന്റെ വ്യാപാര കമ്മി വരുത്തി. അതിനാൽ, താരിഫ് ഉയർത്തുന്നത് അമേരിക്കൻ കാർഷിക, പാലുൽപ്പന്നങ്ങൾക്കായി ഇന്ത്യൻ വിപണി തുറക്കാൻ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് വ്യക്തമാണ്.
അതനുസരിച്ച്, ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതികൾക്ക് 25% അധിക തീരുവ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ട്രംപ് ആഗസ്റ്റ് 6ന് ഒപ്പുവച്ചു. എണ്ണ, സൈനിക ഉപകരണങ്ങൾ എന്നിവക്കായി ഇന്ത്യ റഷ്യയെ വളരെയധികം ആശ്രയിക്കുന്നത് കുറയ്ക്കാനും യുഎസ് ആഗ്രഹിക്കുന്നു. 2025 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ റഷ്യയിൽനിന്നുള്ള ആകെ എണ്ണ ഇറക്കുമതി 87.54 ദശലക്ഷം മെട്രിക് ടൺ (MMT) ആയിരുന്നു, അതേസമയം യുഎസിൽനിന്നുള്ളത് 5.45 MMT ആയിരുന്നു. യുഎസിൽനിന്ന് ഇന്ത്യ വാങ്ങിയ ആയുധങ്ങളുടെ മൂല്യം 1.67 ബില്യൺ ഡോളറായിരുന്നു, അതേസമയം റഷ്യ ഇന്ത്യയിലേക്ക് 67.15 ബില്യൺ ഡോളറിന്റെ ആയുധങ്ങൾ കയറ്റുമതി ചെയ്തു. ഇന്ത്യൻ ഭരണാധികാരികൾ ഏറെ അഭിമാനിക്കുന്ന, മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ തുടങ്ങിയിട്ടുള്ള ബ്രഹ്മോസ് മിസൈലുകൾപോലും ഇന്ത്യയും റഷ്യയും തമ്മിൽ സംയുക്തമായി വികസിപ്പിച്ചതാണ്. ഈ പൊരുത്തക്കേട് പരിഹരിക്കുന്നതിനും റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യയെ നിർബന്ധിക്കുന്നതിനുമായി, ആഗസ്റ്റ് 6ന് ട്രംപ് അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ 25% അധിക തീരുവ ചുമത്തി. അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം ഉപയോഗിച്ച് തിരഞ്ഞെടുത്ത ഇന്ത്യൻ കയറ്റുമതികളിൽ 50% ലെവി ചുമത്തിയ ട്രംപിന്റെ നടപടി യുഎസ് ഫെഡറൽ അപ്പീൽ കോടതി അസാധുവാക്കിയിട്ടുണ്ട്.


താരിഫ് വർദ്ധനവിന്റെ ആഘാതം ഇന്ത്യയുടെമേൽ


വിൽപ്പനയുടെ മൂന്നിലൊന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി ആയതിനാൽ, ഇന്ത്യൻ തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും കയറ്റുമതിക്കാരെ ഇതിന്റെ ആഘാതം ഉടനടി ബാധിച്ചു. അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയുടെ ഏകദേശം 70% ഇപ്പോൾ അനിശ്ചിത്വത്തിലാണ്. 2025 മെയ് മുതൽ ഒക്ടോബർവരെ, ഇന്ത്യയുടെ കയറ്റുമതി ഏകദേശം 29% കുറഞ്ഞതായി റിപ്പോർട്ടുണ്ട്. ഇത് തുണിത്തരങ്ങൾപോലെ വളരെയധികം തൊഴിലാളികൾ പണിയെടുക്കുന്ന വ്യവസായ മേഖലകളിൽ നിന്നാണ്. വ്യവസായത്തെ നിലനിർത്താൻ, ഇന്ത്യൻ സർക്കാർ ചെലവ് ലഘൂകരിക്കാൻ ശ്രമിച്ചു. ഏറ്റവും വിവാദപരമായ നടപടികളിലൊന്ന് പരുത്തിയുടെ 11% ഇറക്കുമതി തീരുവ താൽക്കാലികമായി നീക്കംചെയ്യുകയും പിന്നീട് 2025 അവസാനംവരെ നീട്ടുകയും ചെയ്തുകൊണ്ട് തീരുവരഹിത ഇറക്കുമതി അനുവദിച്ചു. ആഭ്യന്തര വിളവെടുപ്പിന് തൊട്ടുമുമ്പ് വിലകുറഞ്ഞ ഇറക്കുമതികൾ, വിലയും ഉപജീവനമാർഗ്ഗവും തകർക്കുമെന്ന് കർഷകർ ഭയക്കുന്നു. ഇന്ത്യയിലെ പരുത്തി കർഷകരുടെ താൽപ്പര്യത്തിന് ഇത് ഹാനികരമായിട്ടുണ്ട് എന്നത് വ്യക്തമാണ്. മറുവശത്ത്, ചെലവുകുറച്ചുകൊണ്ട് ലാഭം വർദ്ധിപ്പിക്കാനുള്ള സാധ്യത ലഭിക്കുമെന്നതിനാൽ വസ്ത്രനിർമ്മാണ കോർപ്പറേറ്റുകൾ ആഹ്ലാദത്തിലാണ്.


ഇവിടെ അവസാനിക്കുന്നില്ല. ഔഷധസസ്യങ്ങളുടെ പേറ്റന്റുകളുടെ നിത്യഹരിതവൽക്കരണം അനുവദിക്കണമെന്ന് ഇന്ത്യയോട് അമേരിക്ക ആവശ്യപ്പെടുന്നു.(കാര്യമായ പുതിയ ചികിത്സാ ഗുണങ്ങൾ നൽകാതെ, ചെറിയ പരിഷ്‌കാരങ്ങളിലൂടെ, മരുന്നുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അറിയപ്പെടുന്ന ഒരു ഔഷധ ഉൽപ്പന്നത്തിന്മേൽ, എക്സ്ക്ലൂസീവ് അവകാശങ്ങളോ വിപണി ആധിപത്യമോ വ്യാപിപ്പിക്കുന്ന വിവാദപരമായ രീതി) ബൗദ്ധിക സ്വത്തവകാശത്തിന്റെ പശ്ചാത്തലത്തിൽ, നിത്യഹരിതവൽക്കരണം ഒരു തന്ത്രമാണ്, പ്രത്യേകിച്ച് ഔഷധ വ്യവസായത്തിൽ ഇത് വ്യാപകമാണ്. അവിടെ കമ്പനികൾ പേറ്റന്റിൽ നിന്ന് പുറത്തുവരാൻ പോകുന്ന ഒരു മരുന്നിന്റെ ചെറിയ വ്യതിയാനങ്ങൾക്ക് ദ്വിതീയ പേറ്റന്റുകൾനേടുന്നു. ആ ആവശ്യം അംഗീകരിക്കപ്പെട്ടാൽ, അത് ഇന്ത്യയുടെ ലോകപ്രശസ്ത ജനറിക് മരുന്ന് ഉല്പാദനത്തെ തകർക്കുകയും മരുന്നുകളുടെ വില കൂടുതൽ ഉയർത്തുകയും ചെയ്യും. ഇന്ത്യയുടെ വലിയ ഗവർണ്മെന്റ് സംഭരണ കോണ്ട്രാക്ടിൽ മുൻഗണനാ പ്രവേശനം, ഡിജിറ്റൽ സേവന നികുതികൾ ഉപേക്ഷിക്കൽ, ഉപാധികളില്ലാത്ത ഡേറ്റാ ഫ്ളോ, യുഎസ് ടെക് സ്ഥാപനങ്ങളുമായി പൊതു ഡാറ്റ പങ്കിടൽ തുടങ്ങിയവ അമേരിക്ക ആവശ്യപ്പെടുന്നു. ഇത് ഇന്ത്യയുടെ ഡാറ്റാ പ്രാദേശികവൽക്കരണ ശ്രമങ്ങളെയും ദേശീയ സുരക്ഷയെയും ദുർബലപ്പെടുത്തുന്നതാണ്. ക്രിപ്റ്റോകറൻസിയെ (ബാങ്കുകളോ മൂന്നാം കക്ഷികളോ നിയന്ത്രിക്കേണ്ട ആവശ്യമില്ലാത്ത എൻക്രിപ്ഷൻ അൽഗോരിതങ്ങൾ ഉപയോഗിച്ച് സൃഷ്ടിച്ച ഒരു ബദൽ പേയ്‌മെന്റ് രൂപമായ ഡിജിറ്റൽ കറൻസി-പ്രതിസന്ധി നിറഞ്ഞ മുതലാളിത്തം നൽകുന്ന ഓൺലൈൻ ഊഹക്കച്ചവടത്തിന്റെ ഒരു പുതിയ ഉപകരണം) അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നത് തുടരുന്നു. ‘സ്വതന്ത്ര വ്യാപാരം’ എന്ന ബാനറിൽ ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ അപകടപ്പെടുത്തുന്ന നിയന്ത്രണപരമായ ഇളവ് തേടുന്ന ഒരു അജണ്ടയാണ് ട്രംപ് ഭരണകൂടം മുന്നോട്ടുവെക്കുന്നത്. ഇതെല്ലാം ഭൗമരാഷ്ട്രീയ സ്വാധീനത്തിനായി വ്യാപാരത്തെ ആയുധമാക്കാനുള്ള അമേരിക്കൻ സാമ്രാജ്യത്വ ഭരണകൂടത്തിന്റെ വ്യക്തമായ ശ്രമമാണ്.


ഉഭയകക്ഷി വ്യാപാരത്തിൽ ഇന്ത്യ ഇതിനകംതന്നെ അമേരിക്കയോട്
വിധേയത്വം കാണിക്കാൻ തുടങ്ങി


വിവിധ മാർഗങ്ങളിലൂടെ ഇന്ത്യൻ വിപണിയിലേക്ക് ആഴത്തിൽ നുഴഞ്ഞുകയറുന്നതിൽ യുഎസ് സാമ്രാജ്യത്വം ഇതുവരെ നിഷ്ക്രിയമായിരിക്കുകയായിരുന്നില്ല. ഇന്ത്യൻ സർക്കാരും അത് അനുവദിച്ചുകൊണ്ടിരുന്നു. സാമ്പത്തിക മേഖലയിൽ, ഉദാരവൽക്കരണത്തിന്റെ മറവിൽ അമേരിക്കൻ കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്കായി അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള ഫിൻടെക് സ്ഥാപനമായ ആക്സിയോയെ ആമസോൺ ഏറ്റെടുത്തത് (ഇ-കൊമേഴ്സ് ഭീമന് നേരിട്ടു വായ്പ കൊടുക്കാനുള്ള ലൈസൻസ് നൽകിയത്) ഒരു ബിസിനസ് ഇടപാടിനും മുകളിലാണ്. ഈ രീതിയിൽ, സാമ്പത്തിക പരമാധികാരത്തിന് നിർണായകമായ മേഖലകളിൽപോലും ഇന്ത്യയുടെ സാമ്പത്തിക കവാടങ്ങൾ തുറന്നിടുകയാണ്. യുഎസ് സർക്കാരിന്റെ ആക്രമണാത്മക നിലപാട് മുൻകൂട്ടികണ്ടുകൊണ്ട്, ഇന്ത്യ ഇതിനകം തന്നെ യുഎസ് ഉത്തരവുകളുമായി യോജിച്ചുപോകാൻ തുടങ്ങി. 2025-26ലെ കേന്ദ്ര ബജറ്റ,് അമേരിക്കൻ ബ്രാൻഡായ, ഹാർലി – ഡേവിഡ്‌സൺ പോലെ ഉയർന്നശേഷിയുള്ള മോട്ടോർസൈക്കിളുകളുടെ ഇറക്കുമതിതീരുവ കുറച്ചു. ഫെബ്രുവരി 13ന് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അമേരിക്കൻ ബർബൺ വിസ്കിയുടെ തീരുവ 150% ൽ നിന്ന് 100% ആയി കുറച്ചു. വാഷിംഗ്ടണ്‍ ആപ്പിളിന്റെ ഇറക്കുമതി തീരുവ 50% ൽ നിന്ന് 15% ആയി ഇന്ത്യാ ഗവൺമെന്റ് കുറച്ചു. വാൽനട്ട്, ക്രാൻബെറി, പാലുൽപ്പന്നങ്ങൾ തുടങ്ങിയ ഹോർട്ടികൾച്ചർ ഉല്പന്നങ്ങളുടെ താരിഫ് കുറയ്ക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. പിഎൽഐ ഇൻസെന്റീവും മറ്റ് ഇളവുകളും കണക്കിലെടുത്തശേഷം, യുഎസിലേക്കുള്ള ഇന്ത്യയുടെ ഐഫോണുകളുടെ കയറ്റുമതിയിൽ നിന്നുള്ള യഥാർത്ഥ വരുമാനം പൂജ്യത്തോടടുത്താണ്’ എന്ന് ഒരു സമീപകാല പഠനം കണ്ടെത്തി. താരിഫ് യുദ്ധത്തിന്റെ രഹസ്യ ഭീഷണിയെ മിതപ്പെടുത്തുന്നതിനായി, കഴിഞ്ഞ ഫെബ്രുവരി ആദ്യം പ്രധാനമന്ത്രി മോദി, യുഎസിന് നിരവധി വ്യാപാര ഇളവുകൾ നൽകാനുള്ള നിർദ്ദേശവുമായി വാഷിംഗ്ടണിൽ എത്തിയിരുന്നു. അവയിൽ ചിലത് ഇതിനകം ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രസിഡന്റ് ട്രംപുമായുള്ള പ്രധാനമന്ത്രി മോദിയുടെ ‘സൗഹൃദം’ യുഎസ് കുത്തകകളുടെയും, ബഹുരാഷ്ട്ര കമ്പനികളുടെയും ലാഭം പരമാവധിയാക്കാനുള്ള നീക്കത്തെ തടഞ്ഞില്ല. അവരുടെ രാഷ്ട്രീയ മാനേജരായ ട്രംപ് നടപ്പിലാക്കിയ സമ്മർദ്ദ തന്ത്രങ്ങളിലൂടെ ഇന്ത്യൻ വിപണിയിലേക്ക് വർദ്ധിച്ച കടന്നുകയറ്റങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.
ട്രംപ്  തീരുവ വർധന  പ്രഖ്യാപിക്കുന്നതിന് വെറും 24 മണിക്കൂർ മുമ്പ്, ഇന്ത്യ അഞ്ചാം തലമുറ മൾട്ടി റോൾ കോംബാറ്റ് എയർക്രാഫ്റ്റ് നിർമ്മിക്കുന്നതുവരെ, ഒരു താൽക്കാലിക പ്ലാറ്റ്ഫോമായി യുഎസ് എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾക്ക് മുൻഗണന നൽകണമെന്ന് ഇന്ത്യൻ വ്യോമസേന സർക്കാരിനോട് ശുപാർശ ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ, യുഎസുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമായിരുന്നു. ആഗസ്റ്റ് 1നു മുമ്പ് ഇത്രയും രഹസ്യ വിവരങ്ങൾ അടങ്ങിയ വാർത്താ റിപ്പോർട്ട് വ്യക്തമായി ആസൂത്രണം ചെയ്തിറക്കിയത് ഫെബ്രുവരിയിലെ പ്രധാനമന്ത്രി മോദിയുടെ സന്ദർശനവേളയിൽ പ്രധാനമന്ത്രി മോദിക്ക് എഫ് 35 സ്റ്റൈൽത്ത് ഫൈറ്റർ നേരിട്ട് വാഗ്ദാനംചെയ്തത് ട്രംപാണെന്ന് ഓർമ്മിപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു. എന്നാൽ അത്തരം ശ്രമങ്ങളെല്ലാം പാഴായി. ഉയർന്ന ഇറക്കുമതി താരിഫ് ഏർപ്പെടുത്തുന്നതിനുപുറമേ, നിയമപരമായ കുടിയേറ്റത്തിനെതിരായ വിശാലമായ നടപടിയുടെ ഭാഗമായി, പ്രസിഡന്റ് ട്രംപ് വിസ നിയമം നടപ്പിലാക്കുകയും H-1B വിദഗ്ധ തൊഴിലാളി വിസകൾക്കായി കർശനമായ പരിശോധനകൾ നടപ്പിലാക്കുകയും ചെയ്തു. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ പ്രമുഖ ഇന്ത്യൻ ഐടി കമ്പനികൾ യുഎസ് കേന്ദ്രീകൃത കരാറുകളിലും വിതരണ ശൃംഖലകളിലും ആഴത്തിൽ ഉൾപ്പെട്ടിരിക്കുന്നു. അമേരിക്കൻ ക്ലയന്റുകളിൽ നിന്നും, നിയമന മാന്ദ്യമോ, നിയമന മരവിപ്പിക്കലോ ഉണ്ടായാൽ, അത് നേരിട്ടുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. വാസ്തവത്തിൽ, വിസ നിയന്ത്രണ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, പദ്ധതി കാലതാമസവും ആഗോള ഡിമാൻഡിലെ അനിശ്ചിതത്വവും ചൂണ്ടിക്കാട്ടി ടിസിഎസ് 12,000 ജീവനക്കാരെ പിരിച്ചുവിട്ടു. ട്രംപിന്റെ പരാമർശങ്ങളുമായി ബന്ധമൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും, സമയം യാദൃശ്ചികമല്ല. ആയിരക്കണക്കിന് യുവ ഇന്ത്യൻ എഞ്ചിനീയർമാർക്ക്, പ്രത്യേകിച്ച് ചെറിയ പട്ടണങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പുറത്തുവരുന്നവർക്ക്, ഐടി മേഖലയിൽ സ്ഥിരതയുള്ള ജോലി വാഗ്ദാനം ഇതിനകം തന്നെ ഭീഷണിയിലാണ്. ഇന്ത്യയുടെ കാർഷിക മേഖലയെ തുറന്നു കൊടുക്കണമെന്ന യുഎസിന്റെ നിർബന്ധമാണ് ഒരു വലിയ തടസ്സം. പ്രത്യേകിച്ച്, ജനിതകമാറ്റം വരുത്തിയ വിളകൾ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാൻ യുഎസ് ആഗ്രഹിക്കുന്നു. അങ്ങനെ സംഭവിച്ചാൽ, കാർഷിക മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന 700 ദശലക്ഷം ഇന്ത്യൻ ജനങ്ങളെ അത് ഗുരുതരമായി ബാധിക്കും.


യുഎസ് താരിഫ് വർദ്ധനവിനോടുള്ള ഇന്ത്യയുടെ പ്രതികരണം
പ്രകടമായി നിശ്ശബ്ദമാണ്


അങ്ങനെ, പ്രസിഡന്റ് ട്രംപ് ഇന്ത്യയുടെ ആയുധ വാങ്ങലുകളും റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയും തന്റെ ഇന്ത്യാനയത്തിന്റെ കേന്ദ്രബിന്ദുവാക്കിയിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ആവശ്യങ്ങളുടെ പട്ടികയിൽ നിരവധി ഉദാരവൽക്കരണ നയങ്ങളും ഉൾപ്പെടുന്നു. മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വഴി തനിക്ക് ഇതെല്ലാം നേടാൻ കഴിയുമെന്ന് അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ടെന്ന് തോന്നുന്നു. ഉയർന്ന താരിഫ് ചുമത്തി ഇന്ത്യയെ ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിലൂടെ, ട്രംപ് യഥാർത്ഥത്തിൽ അമേരിക്കയുടെ ആവശ്യങ്ങൾ നേടുന്നതിനായി സമ്മർദ്ദം ചെലുത്തുകയാണ്. ഇന്ത്യൻ സർക്കാർ വഴിക്കുവന്നാൽ, അദ്ദേഹം പേരിനുവേണ്ടി ചെറിയ ഇളവുകൾ നൽകിയേക്കാം. ബിജെപിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാർ ഇതിനെ ഇന്ത്യൻ നയതന്ത്രത്തിന്റെ വിജയമായി വാഴ്ത്തിയാൽ അതിശയിക്കാനില്ല.
എന്നിട്ടും ഇത്തരം താരിഫ് ഭീഷണികളോടുള്ള ഇന്ത്യൻ സർക്കാരിന്റെ പ്രതികരണം കൗതുകകരമെന്നു പറയട്ടെ, നിശ്ശബ്ദമാണ്. പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ മന്ത്രിസഭാ സഹപ്രവർത്തകരോ രാജ്യത്തെ അഭിസംബോധന ചെയ്തില്ല, ധവളപത്രം ഇറക്കിയില്ല. എന്തിന് പ്രധാനമന്ത്രി പത്രസമ്മേളനംപോലും നടത്തിയില്ല. പകരം, ട്രംപിന്റെ സ്വന്തം പ്രഖ്യാപനങ്ങളിലൂടെയും ഇന്ത്യൻ ഉദ്യോഗസ്ഥരിൽ നിന്നുള്ള അനൗദ്യോഗിക വിശദീകരണങ്ങളിലൂടെയുമാണ് ഇന്ത്യൻ പൗരന്മാർ ഇന്ത്യയുടെ വ്യാപാര നയത്തെക്കുറിച്ച് കേട്ടത്. തുടർന്ന് തിരക്കേറിയ ചർച്ചകൾ ആരംഭിച്ചു. ട്രംപുമായുള്ള തന്റെ സൗഹൃദം നയതന്ത്രബന്ധത്തിന് മുകളിലാണെന്ന് പ്രധാനമന്ത്രി മോദി ഇതുവരെ നടിച്ചു. എന്നാൽ ട്രംപ് ഏകപക്ഷീയമായി താരിഫ് വർദ്ധിപ്പിച്ചതോടെ ആ കുമിള പൊട്ടി. അതിനാൽ, ട്രംപിനെ നേരിട്ട് കാണുന്നത് ഒഴിവാക്കാൻ പ്രധാനമന്ത്രി മോദി തീരുമാനിച്ചു. ട്രംപ് ആ കോൺക്ലേവിൽ പങ്കെടുക്കാൻ ഇല്ലെന്ന് പ്രഖ്യാപിച്ചതിനുശേഷമാണ് അദ്ദേഹം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ജി-20 സമ്മേളനത്തിൽ പങ്കെടുക്കാൻ സമ്മതിച്ചത്. അതിനാൽ, യുഎസുമായുള്ള വ്യാപാര ചർച്ചകൾക്കായി വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനെ വാഷിംഗ്ടണിലേക്ക് അയച്ചു, തുടർന്ന് ഇന്ത്യ താരിഫ് കുറയ്ക്കാൻ സമ്മതിച്ചതായി ട്രംപ് അവകാശപ്പെട്ടു. എന്നാൽ അത്തരം അവകാശവാദങ്ങളോട് പ്രതികരിക്കാനോ, സ്ഥിരീകരിക്കാനോ ഇന്ത്യൻ സർക്കാർ തയാറായില്ല. വാഷിംഗ്ണിൽ യുഎസുമായി കരാറുകൾ ചർച്ച ചെയ്യുന്നതിനുള്ള ജോലി, വാണിജ്യ സെക്രട്ടറിയായ രാജേഷ് അഗർവാളിനെ ഏൽപ്പിച്ചു. തുടർന്ന് ഇന്ത്യയും അമേരിക്കയും ന്യൂഡൽഹിയിൽ മറ്റൊരു റൗണ്ട് വ്യാപാര ചർച്ചകൾ നടത്താൻ തീരുമാനിച്ചതായി കേട്ടു. യുഎസുമായുള്ള ഇന്ത്യയുടെ നിലവിലുള്ള വ്യാപാര ചർച്ചകൾ രഹസ്യമായി നടന്നുകൊണ്ടിരിക്കുന്നു-ഇത് സുതാര്യത, ദേശീയ താൽപ്പര്യം, ഹ്രസ്വകാല ഇളവുകളുടെ ദീർഘകാല ചെലവ് എന്നിവയെക്കുറിച്ച് ആശങ്ക ഉയർത്തുന്നു. യുഎസുമായുള്ള ചർച്ച നടക്കുന്നുവെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ അംഗീകരിച്ചിട്ടുണ്ടെങ്കിലും, അതിന്റെ വ്യാപ്തിയെയോ ഉള്ളടക്കത്തെയോ സംബന്ധിച്ച് അദ്ദേഹം ഒരു വ്യക്തതയും നൽകിയിട്ടില്ല. മറുവശത്ത്, അമേരിക്കൻ ഇറക്കുമതി തീരുവയിൽ, മേഖലാടിസ്ഥാനത്തിലുള്ള ഇളവിനു പകരം, മൊത്തത്തിലുള്ള നികുതിയിളവിനുള്ള തീരുമാനമാണ് വേണ്ടതെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്ടിക് വാദിച്ചു. കാർഷിക ഉല്പന്നങ്ങളുടെ തീരുവ പിൻവലിക്കുന്നത് ഇന്ത്യൻ സർക്കാരിന് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് പറഞ്ഞപ്പോൾ, ഇന്ത്യയുടെ കാർഷിക വിപണി ‘തുറക്കേണ്ടതുണ്ട്, അത് അടച്ചിടാൻ പാടില്ല’ എന്ന് ലുട്ടിക് മറുപടി നൽകി. യുഎസ് അതിന്റെ ആക്രമണാത്മക രീതി തുടരുന്നതിന്റെ സൂചനയാണിത്.


കീഴടങ്ങൽ പ്രക്രിയയുടെ സുചന


അതേസമയം, അമേരിക്കൻ നിബന്ധനകൾക്ക് സാവധാനം കീഴടങ്ങാനുള്ള പദ്ധതി ഇന്ത്യൻ സർക്കാർ നടപ്പിലാക്കി. ഇന്ത്യ യുഎസിൽനിന്ന് 10 ബില്യൺ ഡോളർ എൽഎൻജി/എണ്ണ കൂടി വാങ്ങാൻ വാഗ്ദാനം ചെയ്തപ്പോഴാണ് കീഴടങ്ങലിന്റെ ആദ്യ വ്യക്തമായ സൂചന ലഭിച്ചത്. യുഎസ് കമ്പനികൾക്ക് ഇവിടെ ആണവ നിലയങ്ങൾ സ്ഥാപിക്കാൻ അനുവദിക്കുന്നതിനായി ഇന്ത്യ അതിന്റെ ആണവ ബാധ്യതാ നിയമത്തിൽ വെള്ളം ചേർത്തു. പരുത്തി ഇറക്കുമതി തീരുവ 11%ൽനിന്ന് പൂജ്യമായി കുറയ്ക്കാനുള്ള തീരുമാനത്തെക്കുറിച്ച് മുമ്പു സൂചിപ്പിച്ചിരുന്നല്ലോ?
മാധ്യമ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യ യുഎസ് നിർദ്ദേശങ്ങൾക്ക് വഴങ്ങിയാൽ, ഇന്ത്യയുടെ കയറ്റുമതിയുടെ 45% ത്തിലധികം സംഭാവന ചെയ്യുന്ന ഇന്ത്യയുടെ എംഎസ്എംഇകൾ കഷ്ടപ്പെടും, ഇന്ത്യൻ കാർഷികമേഖല മൂന്ന് തലങ്ങളിൽ വെല്ലുവിളികൾ നേരിടേണ്ടിവരും-രാജ്യത്താകമാനമുള്ള കാർഷിക മേഖല, ചില വിളകൾക്ക് ആഗോളവിപണികളിൽ മത്സരിക്കാനുള്ള പ്രയാസം, വർദ്ധിച്ച താരിഫ് ഇതര തടസ്സങ്ങൾ എന്നിവയാണത്. ഇന്ത്യയുടെ ജിഡിപി 10 ബേസിസ് പോയിന്റ് താഴേക്ക് പോയേക്കാം. വ്യാപാര കമ്മി ഗണ്യമായി ഉയരുകയും രൂപ കൂടുതൽ ദുർബലമാവുകയും ചെയ്യും. യുഎസ് ഉൽപ്പന്ന താരിഫ് കൂടുതൽ ഉയർത്തിയാൽ, മൂല്യവർധിത കാർഷിക കയറ്റുമതിയിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തിന്റെ ഭാഗമായി വളർന്നുവരുന്ന ഇന്ത്യയുടെ സംസ്‌കരിച്ച ഭക്ഷ്യ കയറ്റുമതി (റെഡി ടു ഈറ്റ് മീൽസ്, ലഘുഭക്ഷണങ്ങൾ), ചെമ്മീൻ, ധാന്യങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവയെ അത് സാരമായി ബാധിക്കും. യുഎസ് താരിഫുകളുടെ വർദ്ധനവ് വിലകുറഞ്ഞ ചൈനീസ് ഉൽപ്പന്നങ്ങളെ ഇന്ത്യയിലേക്ക് തള്ളിവിടുകയും പ്രാദേശിക നിർമ്മാതാക്കളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഫാർമസ്യൂട്ടിക്കൽസ്, തുണിത്തരങ്ങൾ, ഓട്ടോ ഘടകങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്ക് ചെലേവറിയ പുനഃക്രമീകരണങ്ങളും, വിതരണ ശൃംഖല തടസ്സങ്ങളും നേരിടേണ്ടിവരും.


തിടുക്കത്തിലുള്ള പുടിന്റെ ഇന്ത്യാ സന്ദർശനം


ഇന്ത്യ തങ്ങളുടെ ക്യാമ്പിൽ പൂർണ്ണമായും ചേർന്നില്ലെങ്കിൽ ഉപരോധങ്ങൾ ഉൾപ്പെടെ കനത്ത വില നൽകേണ്ടിവരുമെന്ന ട്രംപിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ, വ്യാപാര ചർച്ചകൾക്കായി റഷ്യൻ പ്രധാനമന്ത്രി പുടിൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തി. ഇന്ത്യയിലേക്കുള്ള എണ്ണയുടെയും സൈനിക ഉപകരണങ്ങളുടെയും വിൽപ്പന റഷ്യയുടെ പ്രധാന കയറ്റുമതിയാണ്. ഈമേഖലയിൽ തൊഴിലാളി ക്ഷാമം നേരിടുന്നതിനാൽ, ഇന്ത്യയെ തൊഴിൽ വിദഗ്ധരുടെ വിലപ്പെട്ട ഉറവിടമായി അവർ കാണുന്നു. അതിനാൽ, യുഎസ് ഭീഷണി കാരണം ഇന്ത്യയുമായുള്ള ബിസിനസ്സ് ബന്ധങ്ങൾ അപകടത്തിലാകുന്നില്ലെന്ന് ഉറപ്പാക്കാൻ പുടിൻ ആഗ്രഹിച്ചു, പ്രത്യേകിച്ച് യുക്രൈനെതിരായ യുദ്ധം കാരണം, റഷ്യ ഇപ്പോൾ ആഗോള സമ്പദ്‌വ്യവസ്ഥയിൽ നിന്ന് വലിയതോതിൽ ഒറ്റപ്പെട്ടിരിക്കുന്ന ഈ അവസരത്തിൽ.
മറുവശത്ത്, പ്രധാനമന്ത്രി മോദി തന്റെ പതിവ് ജനകീയ പരിവേഷത്തിൽ, ശക്തനായ ഒരു ആഗോള നേതാവായി സ്വയം ഉയർത്തിക്കാട്ടിക്കൊണ്ട്, പ്രധാനമന്ത്രി പുടിനെ ആശ്ലേഷിച്ച് സ്വീകരിച്ചു. പ്രതീക്ഷിച്ചതുപോലെ മോദി തന്റെ നയതന്ത്രത്തിൽ വളരെ ശ്രദ്ധാലുവായി, നാട്ടിലും ലോകത്തിലുമുള്ള ഇന്ത്യക്കാരെ ഇപ്പോഴും പുടിനെ തന്റെ സഖ്യകക്ഷിയായി കണക്കാക്കുന്നുവെന്നും, പ്രസിഡന്റ് ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങിയിട്ടില്ലെന്നും കാണിച്ചു. കൂടാതെ, ഭരണകുത്തകകൾ അവരുടെ ബിസിനസ്സ് താൽപ്പര്യങ്ങൾ ഉറപ്പാക്കുന്നതിൽ നയതന്ത്ര രംഗത്ത് അദ്ദേഹത്തിന്റെ പ്രകടനത്തെ എപ്പോഴും വിലയിരുത്തുന്നു. യുഎസിന്റെ താരിഫ് നയം കണക്കിലെടുത്ത്, ഇന്ത്യയുടെ ഭൗമരാഷ്ട്രീയ സ്വയംഭരണാധികാരം പരീക്ഷിക്കപ്പെടുന്ന ഈ സാഹചര്യത്തിൽ, പ്രധാനമന്ത്രി പുടിന്റെ സന്ദർശനം പ്രധാനമന്ത്രി മോദിക്കും അദ്ദേഹത്തിന്റെ സർക്കാരിനും മുമ്പെന്ന ത്തേക്കാളും കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്തുന്നത് യുഎസുമായുള്ള നടന്നുകൊണ്ടിരിക്കുന്ന വ്യാപാര ചർച്ചകളെയും യൂറോപ്പുമായുള്ള പങ്കാളിത്തത്തെയും മറികടക്കുന്നില്ലെന്ന് തെളിയിക്കേണ്ടതും പ്രധാനമന്ത്രി മോദിക്ക് നിർബന്ധമായിരുന്നു. യുഎസിൽ നിന്നുള്ള ഉപരോധങ്ങൾ ഒഴിവാക്കാൻ ഇന്ത്യൻ എണ്ണക്കമ്പനികൾ ഇതിനകംതന്നെ റഷ്യയിൽനിന്നുള്ള എണ്ണ വാങ്ങലുകൾ കുറച്ചതിനാൽ, റഷ്യയുമായുള്ള വ്യാപാരം വർദ്ധിപ്പിക്കുന്നതിന് ഇന്ത്യ മറ്റുവഴികൾ തേടേണ്ടതുണ്ട്. ഒറ്റവാക്കിൽ പറഞ്ഞാൽ, അമേരിക്കയിൽനിന്നുള്ള സമ്മർദ്ദത്തെയും, മോസ്കോയെ ആശ്രയിക്കുന്നതിനെയും തന്ത്രപരമായി ബാലൻസ് ചെയ്യുന്നതിനൊപ്പം, സ്വയംഭരണം സംരക്ഷിക്കുക എന്നതായിരുന്നു ഇന്ത്യയെ സംബന്ധിച്ചിടത്തോളം വെല്ലുവിളി.
എന്നാൽ ഭീകരത, രാജ്യാന്തര തീവ്രവാദം, സംഘടിത കള്ളപ്പണം വെളുപ്പിക്കൽ, കുറ്റകൃത്യം, തീവ്രവാദ ധനസഹായം, നിയമവിരുദ്ധ മയക്കുമരുന്ന് കടത്ത് എന്നിവയെ ചെറുക്കുന്നതിന് ഉഭയകക്ഷി, ബഹുമുഖ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പതിവ് പ്രതിബദ്ധത ഇന്ത്യയും റഷ്യയും ആവർത്തിച്ച് ഉറപ്പിച്ചതൊഴിച്ചാൽ ഉഭയകക്ഷി ചർച്ചകളിൽനിന്ന് വ്യക്തമായ ഒന്നും ഉണ്ടായില്ലെന്ന് പിന്നീട് കാണപ്പെട്ടു. ബഹുധ്രുവ ലോകത്തും ബഹുധ്രുവ ഏഷ്യയിലും ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള പരിശ്രമം തുടരണമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടാണ് ഇരു പ്രധാനമന്ത്രിമാരും ചർച്ചകൾ അവസാനിപ്പിച്ചത്.


ഇന്ത്യ അമേരിക്കയോട് അടുക്കുന്നു


ആഗോളതലത്തിൽ ഒരു വൻശക്തിയാകാൻ ആഗ്രഹിക്കുന്ന സാമ്രാജ്യത്വ ഇന്ത്യക്ക് അമേരിക്കയെ എതിർക്കാൻ കഴിയില്ലെന്ന് വെളിപ്പെട്ടിരിക്കുന്നു. അമേരിക്കയുടെ പിന്തുണയില്ലാതെ ഭരണകക്ഷിയായ ഇന്ത്യൻ കുത്തകകളുടെ ഈ അഭിലാഷം പൂർത്തീകരിക്കാൻ കഴിയില്ല. പ്രതിവിപ്ലവത്തിനുശേഷം ഇപ്പോൾ, യുഎസ് മേധാവിത്വത്തിന് ഗുരുതരമായ വെല്ലുവിളി ഉയർത്തുന്ന ഒരു ശക്തമായ സാമ്രാജ്യത്വ ശക്തിയായ ചൈനയെപ്പോലെ ഉയർന്നതോ തുല്യമോ ആയ സ്ഥാനം ഇന്ത്യയ്ക്ക് ഒരിക്കലും നിറവേറ്റാൻ കഴിയില്ല. ഇന്ത്യൻ ഭരണവർഗം അമേരിക്കയുമായി ഒരു ഉറച്ച ആഗോള പങ്കാളിത്തം തേടുകയാണെന്ന് അവർക്കറിയാം. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയ പ്രതിനിധിയായ, പ്രസിഡന്റ് ട്രംപുമായുള്ള സൗഹൃദത്തിനായുള്ള ഇന്ത്യൻ കുത്തകകളുടെ വർഗപരമായ ആവശ്യം സാക്ഷാത്കരിക്കാൻ ചുമതലപ്പെടുത്തിയ പ്രധാനമന്ത്രി മോദിയുടെ ഈ ഉത്സാഹത്തിന്റെ ലക്ഷ്യം ഇതാണെന്നും അവർക്കറിയാം. ഇന്ത്യൻ ബൂർഷ്വാസിയുടെ ഈ അഭിലാഷവും, അമേരിക്കയുമായി കൈകോർക്കാനുള്ള വെമ്പലും അറിയാവുന്ന പ്രസിഡന്റ് ട്രംപ്, ഭരണകക്ഷിയായ യുഎസ് കുത്തകകളും ബഹുരാഷ്ട്ര കമ്പനികളും നിർദ്ദേശിക്കുന്നതുപോലെ, താരിഫ് കാർഡ് കളിച്ച് ഇന്ത്യയിൽനിന്ന് അധിക സാമ്പത്തിക നേട്ടങ്ങൾ നേടിയെടുക്കുക എന്ന നയം പിന്തുടരുകയാണ്.
മറുവശത്ത്, ഭരണകക്ഷിയായ ഇന്ത്യൻ കുത്തകകളുടെയും ബഹുരാഷ്ട്ര കുത്തകകളുടെയും വിശ്വസ്ത സേവകരായ പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ ബിജെപി സർക്കാരും, ഈ കുരുക്കിൽനിന്ന് എങ്ങനെയെങ്കിലും പുറത്തുകടക്കാൻ ചർച്ചകൾ വഴിശ്രമിക്കുകയാണ്. ആർക്കാണ് നേട്ടമെന്ന് പിന്നീട് മാത്രമേ പറയാൻ കഴിയൂ. എന്നാൽ വിപണിയെച്ചൊല്ലി സാമ്രാജ്യത്വ ശക്തികൾ തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ തീവ്രതയാണ് വ്യക്തമാകുന്നത്. മുതലാളിത്ത ആഗോളവൽക്കരണം നടപ്പിലാക്കിയപ്പോൾ, താരിഫ് മതിൽ ഉണ്ടാകില്ലെന്നും ലോകം മുഴുവൻ ഒരു ആഗോള ഗ്രാമം പോലെയാകുമെന്നും അവകാശപ്പെട്ടിരുന്നുവെന്ന് ഓർക്കുക.

എന്നാൽ ഇപ്പോൾ ആഗോളവൽക്കരണം എന്ന ആശയം മുന്നോട്ടുവച്ച അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ വക്താവായ ട്രംപ് ഇപ്പോൾ ആഗോളവൽക്കരണം നിലവിലില്ല’ എന്ന് പറയുന്നു; മറിച്ച്, ആഗോളവൽക്കരണ പ്രത്യയശാസ്ത്രത്തിന്റെ ഒരു പ്രമുഖ വിമർശകനാണ് അദ്ദേഹം. ചുരുക്കത്തിൽ പറഞ്ഞാൽ, പരിഹരിക്കാനാവാത്ത വിപണി പ്രതിസന്ധിയിൽ കുടുങ്ങിക്കിടക്കുന്ന ലോക സാമ്രാജ്യത്വ മുതലാളിത്തത്തിന്, എല്ലാ ശ്രമങ്ങളും നടത്തിയിട്ടും, വളർന്നുവരുന്ന പ്രതിസന്ധി തടയാൻ കഴിയുന്നില്ല. ഇറക്കുമതി തീരുവയെച്ചൊല്ലി യുഎസും ഇന്ത്യയും തമ്മിലുള്ള ഈ വടംവലി അതിന്റെ ഒരു പ്രത്യക്ഷ ഉദാഹരണമാണ്. രഹസ്യ ചർച്ചകൾ നടത്തി ‘പരസ്പര താൽപ്പര്യങ്ങളെയും സംവേദനക്ഷമതകളെയും’ കുറിച്ചുള്ള അവ്യക്തമായ പ്രസ്താവനകൾ മാത്രം പുറത്തിറക്കുന്നതിലൂടെ, ഇന്ത്യൻ സർക്കാർ സുതാര്യമായ ഇടപാടുകൾക്കു പകരം സമയം ദീർഘിപ്പിക്കുകയാണ്. സാമ്രാജ്യത്വ- മുതലാളിത്തം ജനങ്ങളുടെ ജീവിതത്തിലെ എല്ലാ ദുരിതങ്ങളും പ്രതിസന്ധികളും വളർത്തുകയാണെന്നും, പ്രധാനമന്ത്രി മോദിയെപ്പോലുള്ള ബൂർഷ്വാ നേതാക്കൾ, അത് അവരുടെ വ്യക്തിപരമോ പാർട്ടിയുടെ അജണ്ടയോ എന്തുതന്നെയായാലും, ആത്യന്തികമായി ഭരണകക്ഷിയായ ഇന്ത്യൻ ബൂർഷ്വാസിയുടെ നിക്ഷിപ്ത വർഗ്ഗ താൽപ്പര്യം പ്രകടിപ്പിക്കുക യാണെന്നും സാധാരണക്കാരായ ഇന്ത്യക്കാർ മനസ്സിലാക്കേണ്ടതുണ്ട്.

Share this post

scroll to top