കേന്ദ്ര ബിജെപി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾക്കും, സ്ഥിരംതൊഴിൽ ഇല്ലാതാക്കുന്ന സർക്കാർ/പൊതുമേഖലയുടെ സ്വകാര്യവൽക്കരണത്തിനുമെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി ആഹ്വാനം ചെയ്ത 2025 ജൂലായ് 9 അഖിലേന്ത്യ പൊതുപണിമുടക്ക് വിജയിപ്പിക്കുക

67440604.avif
Share

ണിയെടുത്ത് ഉപജീവനം നടത്തുന്ന തൊഴിലാളിവർഗ്ഗത്തെ ബഹുരാഷ്ട്ര കുത്തകമുതലാളിമാരുടെ താല്പര്യാർത്ഥം അടിമത്തത്തിനു സമാനമായ തൊഴിൽ സാഹചര്യത്തിലേക്ക് കൂടുതൽ കൂടുതൽ  തള്ളിവിടുകയാണ് കേന്ദ്ര ബിജെപി സർക്കാർ. രാജ്യത്തെ ട്രേഡ് യൂണിയനുകൾ ഒന്നടങ്കം എതിർത്തിട്ടും തൊഴിലാളിവിരുദ്ധമായ നാലു ലേബർ കോഡുകൾ സർക്കാർ നടപ്പിലാക്കുകയാണ്. അതുപോലെ വർഷംപ്രതി ആയിരക്കണക്കിന് സ്ഥിരം തൊഴിൽ പ്രദാനം ചെയ്തിരുന്ന റെയിൽവേ ഉൾപ്പെടെയുള്ള സർക്കാർ മേഖലകളും പൊതുമേഖലാ സ്ഥാപനങ്ങളും കുത്തകകൾക്ക് കൈമാറുന്നതിന്റെ ഭാഗമായി തൊഴിലവകാശങ്ങൾ ഇല്ലാത്ത ഹ്രസ്വകാല കരാർ തൊഴിൽ വ്യാപകമാക്കിയിരിക്കുന്നു. തൊഴിൽ സമയം വർദ്ധിപ്പിക്കുക, മിനിമം കൂലി ഇല്ലാതാക്കുക, പെൻഷൻ ഉൾപ്പെടെയുളള വിരമിക്കൽ ആനുകൂല്യങ്ങൾ നിഷേധിക്കുക, തൊഴിൽ അവ്യവസ്ഥാപിതമാക്കുക, സ്ത്രീ തൊഴിലാളികളെ കടുത്ത തൊഴിൽചൂഷണത്തിന് വിധേയമാക്കുക തുടങ്ങിയ നടപടികൾ സംഘടിത-അസംഘടിതമേഖല വ്യത്യാസമില്ലാതെ വ്യാപകമായി നടപ്പിലാക്കുകയാണ്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകളും കേന്ദ്രത്തിന്റെ ഈ നവലിബറൽ സാമ്പത്തിക-വ്യവസായ-തൊഴിൽ നയങ്ങളാണ് പിന്തുടരുന്നത്.

ഈ സാഹചര്യം, രാജ്യവ്യാപകമായി പണിയെടുത്തു ജീവിക്കുന്ന തൊഴിലാളികളുടെ ജീവിതം അങ്ങേയറ്റം ദുരിതത്തിലാക്കിയി രിക്കുകയാണ്. രാജ്യത്തെ ഒരു ചെറുന്യൂനപക്ഷം വരുന്ന കുത്തകകൾക്ക് ആഗോള തലത്തിൽ മത്സരശേഷി വർദ്ധിപ്പിക്കുവാൻവേണ്ടി മഹാ ഭൂരിപക്ഷംവരുന്ന അദ്ധ്വാനിച്ചു ജീവിക്കുന്ന തൊഴിലാളികളെ മുച്ചൂടും തകർക്കുന്ന കേന്ദ്ര സർക്കാർ നയ-നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സ്വതന്ത്ര സെക്ടറൽ ഫെഡറേഷൻ /അസോസിയേഷനുകളുടേയും സംയുക്തവേദിയുടെ ആഭിമുഖ്യത്തിൽ 2025 മാർച്ച് 18ന് ഡൽഹിയിൽ ചേർന്ന തൊഴിലാളികളുടെ ദേശീയ കൺവൻഷൻ 2025 മേയ് 20 ന് അഖിലേന്ത്യ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. പണിമുടക്ക് വിജയിപ്പിക്കുവാൻ രാജ്യവ്യാപകമായ തയ്യാറെടുപ്പുകൾ യൂണിയനുകൾ നടത്തികൊണ്ടിരുന്നതിനിടയിലാണ് പഹൽഗാമിൽ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നതും തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സൈനിക സംഘർഷങ്ങളുണ്ടായതും. ഈ സാഹചര്യത്തിലാണ് മേയ് 20 ന് നടത്തുവാനിരുന്ന അഖിലേന്ത്യ പൊതുപണിമുടക്ക് ജൂലൈ 9 ലേക്ക്  മാറ്റിയത്. 

പൊതുമേഖലകളുടേയും സർക്കാർ മേഖലകളുടേയും  ആസ്തികൾ വിറ്റഴിച്ച് ധനസമാഹരണം നടത്തുന്ന പദ്ധതി (എൻഎംപി) ഉപേക്ഷിക്കുക, സാധാരണക്കാർക്ക് വൈദ്യുതി അന്യമാക്കുന്ന വൈദ്യുതി(ഭേദഗതി) ബിൽ 2023 പിൻവലിക്കുക, സ്മാർട്ട് മീറ്റർ പദ്ധതി ഉപേക്ഷിക്കുക, സർക്കാർ ജീവനക്കാർ ഒന്നടങ്കം എതിർക്കുന്ന പുതിയ പെൻഷൻ പദ്ധതിയും ഏകീകൃത പെൻഷൻ പദ്ധതിയും പിൻവലിച്ച് വിലസൂചികയുമായി ബന്ധപ്പെടുത്തിയ പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുക, ആശ, അംഗനവാടി, ഉച്ച ഭക്ഷണം തുടങ്ങിയ സ്കീം തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക; അതുവരെ മിനിമം കൂലി അവർക്ക് ഉറപ്പാക്കുക, നിർമ്മാണം, മത്സ്യ ബന്ധനം, മത്സ്യ സംസ്കരണം, ഗാർഹിക തൊഴിൽ, തയ്യൽ തുടങ്ങിയ അസംഘടിത മേഖലാ  തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷിതത്വവും പര്യാപ്തമായ സാമൂഹ്യക്ഷേമ പദ്ധതികളും നടപ്പിലാക്കുക, ഓൺലൈൻ പ്ലാറ്റ്ഫോം, ഗിഗ് തൊഴിലാളികൾക്ക് തൊഴിൽ നിയമങ്ങൾ ബാധകമാക്കുക തുടങ്ങിയ രാജ്യത്ത് പണിയെടുക്കുന്നവരുടെ ജീവൽപ്രധാനങ്ങളായ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ടാണ് ദേശീയ കൺവൻഷൻ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

അടിസ്ഥാന തൊഴിലവകാശങ്ങൾ നിയമപരമായി ഉറപ്പാക്കിയിരുന്ന 29 കേന്ദ്ര തൊഴിൽ നിയമങ്ങൾ റദ്ദാക്കിയാണ് നാലു ലേബർ കോഡുകൾ കേന്ദ്രം പാസ്സാക്കിയത്.  8 മണിക്കൂർ തൊഴിൽ സമയം, മിനിമം വേതനം, സാമൂഹിക സുരക്ഷ, തുല്യ ജോലിക്ക് തുല്യ വേതനം, ട്രേഡ് യൂണിയനിൽ സംഘടിക്കാനും പണിമുടക്ക് ഉൾപ്പെടെയുള്ള കൂട്ടായ വിലപേശൽ നടത്താനുമുള്ള അവകാശം തുടങ്ങിയവയെല്ലാം നിഷേധിക്കുന്നതാണ് ലേബർ കോഡുകൾ. തൊഴിൽ കരാർവൽക്കരണവും, പുറം തൊഴിൽ സമ്പ്രദായവും അതിവേഗതയിൽ വ്യാപകമാക്കുകയാണ്. ഹ്രസ്വകാല അല്ലെങ്കിൽ ഫിക്സഡ് ടേം എംപ്ലോയ്‌മെന്റ് എന്ന പുതിയ തൊഴിൽ സമ്പ്രദായം സ്ഥിരം തൊഴിലും തൊഴിലാവകാശങ്ങളും ഇല്ലാതാക്കുകയാണ്.  കോർപ്പറേറ്റുകൾക്കുവേണ്ടി മാത്രമുള്ള “ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സ്” എന്ന ലോകബാങ്ക് തത്വം നടപ്പാക്കിക്കൊണ്ടാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇപ്പോൾ തൊഴിലാളികളുടെ മേൽ കടുത്ത ചൂഷണം നടത്തുന്നത്. ബിസിനസ്സ് പാർട്ണർമാർ എന്ന ഓമനപ്പേരിൽ കൊടിയ ചൂഷണത്തിന് വിധേയരാകുന്ന ലക്ഷക്കണക്കിന് വരുന്ന ഗിഗ്, പ്ലാറ്റുഫോം തൊഴിലാളികൾക്ക് അടിസ്ഥാന തൊഴിലാവകാശങ്ങൾ ഉറപ്പുവരുത്താൻ തൊഴിൽ നിയമങ്ങൾ ബാധകമാക്കണമെന്നതും ഈ പണിമുടക്കിന്റെ ഡിമാന്റാണ്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലുള്ള നമ്മുടെ സംസ്ഥാനത്ത് വിവിധ തൊഴിൽ രംഗങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ ഇന്ത്യയിലെ പൊതു സാഹചര്യത്തിൽനിന്ന് ഒട്ടും വിഭിന്നമല്ല. കേന്ദ്ര ലേബർ കോഡുകൾക്ക് എതിരാണെന്ന് പെരുമ്പറ മുഴക്കുകയും അതേസമയം ലേബർ കോഡുകൾക്ക് സംസ്ഥാന ചട്ടങ്ങൾ രൂപീകരിക്കുകയും ചെയ്തിരിക്കുകയാണ് എൽഡിഎഫ് സർക്കാർ. 8 മണിക്കൂർ തൊഴിൽ സമയം എന്ന അവകാശത്തെപ്പോലും ഒരു പൊതുമേഖലയായ കെഎസ്ആർടിസിയിൽ അട്ടിമറിച്ചിരിക്കുകയാണ്. സിംഗിൾ ഡ്യൂട്ടി 8 മണിക്കൂറിൽനിന്നും 12 മണിക്കൂറാക്കി വർദ്ധിപ്പിച്ചിരിക്കുകയാണ്. കെഎസ്ആർടിസിക്കുള്ളിൽ സ്വകാര്യ കമ്പനി നടത്തുന്നതുപോലെയാണ് സ്വിഫ്റ്റ് പ്രവർത്തിപ്പിക്കുന്നത്. 715 രൂപ ദിവസ വേതനമല്ലാതെ മറ്റൊരു ആനുകൂല്യവും ഇല്ലാത്ത ഹ്രസ്വകാല കരാർ തൊഴിലാളികളെവച്ചാണ് അത് പ്രവർത്തിപ്പിക്കുന്നത്.  ഈ സമ്പ്രദായം കെഎസ്‌ഇബിയിലും, കേരള വാട്ടർ അതോറിറ്റിയിലേക്കും വ്യാപിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

തൊഴിലാളികൾകൂടി വിഹിതമടച്ചു പ്രവർത്തിക്കുന്ന വിവിധ ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനവും സർക്കാർ തകിടം മറിക്കുകയാണ്. പെൻഷനും മറ്റു ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നത് വർഷങ്ങളായി കുടിശ്ശികയാണ്. ലേബർ കോഡിൽ നിർദ്ദേശിച്ച ക്ഷേമനിധി ബോർഡുകളുടെ ഏകീകരണം എന്നത് നടപ്പിലാക്കുന്ന തിരക്കിലാണ് സർക്കാർ.

ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക, പെൻഷൻ അനുവദിക്കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങൾ ഉയർത്തി ആശ വർക്കർമാർ കഴിഞ്ഞ അഞ്ചുമാസമായി തെരുവിൽ രാപകൽ സമരത്തിലാണ്. ലോക ശ്രദ്ധ പിടിച്ചു പറ്റിയ ഈ ഐതിഹാസിക സ്ത്രീതൊഴിലാളി സമരത്തെ എവ്വിധവും തകർക്കുവാനാണ്  ഇടതുപക്ഷമെന്ന് മേനി നടിക്കുന്ന സംസ്ഥാന സർക്കാർ  ശ്രമിക്കുന്നത്.

സോവിയറ്റ് യൂണിയനിൽ ഉണ്ടായിരുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥയുടേയും സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന സോഷ്യലിസ്റ്റ് ചേരിയുടേയും തകർച്ചയെ തുടർന്നുണ്ടായ ലോകസാഹചര്യം മുതലെടുത്താണ് കൊടിയ ചൂഷണത്തിന്റെ പദ്ധതിയായ നവലിബറൽ സാമ്പത്തിക നയങ്ങൾ  ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ആവിഷ്കരിച്ച് നടപ്പിലാക്കാൻ തുടങ്ങിയത്. പണിയെടുത്ത് ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തിൽ ഇതിനകം സർവ്വനാശം വിതച്ച ഈ നയങ്ങളെ ബിജെപിയുടെ മോദി സർക്കാർ  ആക്രമണോത്സുകതയോടെയാണ് നടപ്പിലാക്കുന്നത്. ജീവിതോപാധിയായ തൊഴിലും, തൊഴിൽ – ട്രേഡ് യൂണിയൻ അവകാശങ്ങളുമെല്ലാം കവർന്നെടുത്ത് കുത്തകകൾക്ക് കാഴ്ചവെച്ചിരിക്കുന്നു. ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലുള്ള കുത്തകകളുടെ സ്ഥാനം വീണ്ടും ഉയർത്തുന്നതിനുവേണ്ടി തൊഴിലാളി വർഗ്ഗത്തെ അടിമത്തത്തിനു സമാനമായ സാഹചര്യത്തിലേക്ക് തള്ളിവിടുന്ന ഈ നയനടപടികൾക്കെതിരെ വിശാലമായ സമരൈക്യം  സ്ഥാപിച്ചുകൊണ്ട് നീണ്ടുനില്ക്കുന്ന ഒരു പോരാട്ടത്തിന്റെ ഭാഗമാണ് ജൂലൈ 9ന്റെ പൊതുപണിമുടക്ക്. പൊതുപണിമുടക്ക് വൻ വിജയമാക്കുവാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.

Share this post

scroll to top