ആശാപ്രവര്ത്തകരുടെ സമരം ആരംഭിച്ചിട്ട് അഞ്ച് മാസം പിന്നിടുകയാണ്. ഏറ്റവും ദൈർഘ്യമേറിയ തൊഴിലാളി സമരമായും സ്ത്രീകളുടെ സമരമായും കേരളത്തിന്റെ സമര ചരിത്രത്തിൽ ആശാ സമരം എഴുതി ചേർക്കപ്പെട്ടു കഴിഞ്ഞു. എണ്ണമറ്റ, വിവരിക്കാനാവാത്ത സഹനത്തിലൂടെയും ത്യാഗത്തിലൂടെയുമാണ് ഇത്രയും നാൾ സമരം മുന്നോട്ടു പോയത്. ഈ സഹനങ്ങളെല്ലാം ആശമാരെ കൂടുതൽ കരുത്തരാക്കി ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ പ്രാപ്തിയുള്ളവരാക്കി മാറ്റി.
തികച്ചും ന്യായമായ ഡിമാന്റുകൾ ഉന്നയിച്ചുകൊണ്ട് ആരംഭിച്ച ഈ സമരം അധികാരികളുടെയും ഭരണകക്ഷി നേതാക്കളുടെയും അവഗണനയെയും ആക്ഷേപങ്ങളെയും നേരിട്ടുകൊണ്ടാണ് മുന്നേറുന്നത്. തൊഴിലാളികളെന്നോ സ്ത്രീകളെന്നോ ഉള്ള യാതൊരു പരിഗണനയും ഇല്ലാതെ സമരക്കാരെ തെരുവിലിരുത്തി കൈകാര്യം ചെയ്യാമെന്ന സർക്കാരിന്റെ വ്യാമോഹം ഓരോ ദിവസവും പരാജയപ്പെടുകയാണ്. ആശാ സമരം അഞ്ചുമാസം പിന്നിടുമ്പോൾ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ ധാരാളം വസ്തുതകൾ മനസ്സിലാക്കാൻ ആശമാർക്കും പൊതുസമൂഹത്തിനും സാധിച്ചിരിക്കുന്നു എന്നുള്ളതാണ് യാഥാർത്ഥ്യം. തീവ്രവലതു പക്ഷത്തേക്ക് ചാഞ്ഞിരിക്കുന്ന ഒരു ഗവൺമെന്റിന്റെ അങ്ങേയറ്റം പിന്തിരിപ്പനായ തൊഴിലാളി വിരുദ്ധ നടപടികൾ പൊതുസമൂഹം ഒന്നാകെ ചർച്ച ചെയ്യുവാൻ ഈ സമരം ഇടയാക്കിയിരിക്കുന്നു.
ദരിദ്ര ജനവിഭാഗത്തിൽപ്പെടുന്ന ആശമാർക്ക് ഇതുവരെയും തങ്ങളുടെ ജീവിതാവസ്ഥ എന്താണെന്ന് തിരിഞ്ഞുനോക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇന്നിപ്പോൾ ഈ സമരമുഖത്തിരുന്നുകൊണ്ട് തങ്ങളുടെ ഭൂതകാലം എത്ര ദയനീയമായിരുന്നു എന്ന് നോക്കിക്കാണുവാൻ അവർക്ക് സാധിക്കുന്നു. ഈ രംഗത്ത് എത്രമാത്രം അടിമയായിരുന്നു തങ്ങളെന്ന് തിരിച്ചറിയുന്നു. ഈ തിരിച്ചറിവാണ് അഞ്ചാം മാസത്തിലേക്ക് കടക്കുന്ന സമരമുഖത്തേക്ക് വീണ്ടും വീണ്ടും ആവേശത്തോടെ കടന്നുവരാൻ അവരെ പ്രേരിപ്പിക്കുന്നത്.
സെക്രട്ടേറിയറ്റിനു മുന്നിലെ സമര പന്തൽ ഇന്ന് കേവലമൊരു സമര കേന്ദ്രമല്ല. അതൊരു സമഗ്ര വളർച്ചയുടെയും വികാസത്തിന്റെയും കേന്ദ്രം കൂടിയായി മാറിക്കൊണ്ടിരിക്കുന്നു. അവരവരുടെ ജീവിത പ്രയാസങ്ങളെ മുൻനിർത്തി സമരമുഖത്തേക്കുവന്നവർ ഇന്ന് മറ്റുള്ളവരുടെ ജീവിതദുരിതങ്ങൾ മനസ്സിലാക്കാനും രാഷ്ട്രീയ നിലപാടുകളെ വിശകലനം ചെയ്യാനും ശേഷിയുള്ളവരായി മാറിക്കഴിഞ്ഞു. ചവിട്ടിയരയ്ക്കപ്പെടുന്നവർ തങ്ങൾ മാത്രമല്ലെന്ന യാഥാർത്ഥ്യവും കഷ്ടതയനുഭവിക്കുന്നവരുടെ യോജിച്ച പ്രക്ഷോഭങ്ങൾ അനിവാര്യമാണെന്നും തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ എന്തുതരം ബുദ്ധിമുട്ടുകളെ നേരിട്ടുകൊണ്ടും ഡിമാന്റുകൾ നേടിയെടുത്ത് വിജയം വരിക്കുന്നതുവരെ സമരം ചെയ്യാൻ ഇന്ന് ആശാ വർക്കർമാർ പ്രാപ്തരായിക്കഴിഞ്ഞു.
സമരപന്തലിൽ ലൈബ്രറി സ്ഥാപിച്ചു
സമര പന്തലാകട്ടെ ഓരോ ദിവസവും വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളും പരിപാടികളുംകൊണ്ട് കൂടുതൽ സജീവമാകുന്നു. സമരത്തിന്റെ ആദ്യദിവസം മുതൽ തന്നെ കലാപ്രകടനങ്ങളുടെ വേദി കൂടിയായി സമര പന്തൽ മാറി. കലാരംഗത്ത് തങ്ങൾക്കുണ്ടായിരുന്ന ശേഷി പൊടി തട്ടിയെടുക്കാനും അവതരിപ്പിക്കാനും ആസ്വദിക്കുവാനും സമരകേന്ദ്രം വേദിയാകുന്നു.
സാമൂഹിക-സാംസ്കാരിക സാഹിത്യ മേഖലകളിലുള്ളവരുടെ സന്ദർശനം സമരവേദിക്ക് കൂടുതൽ കരുത്തും ആവേശവും പകർന്നുനല്‍കുന്നു. അതിന്റെ ഫലമായി ഒരു ലൈബ്രറി പന്തലിനുള്ളിൽതന്നെ സ്ഥാപിക്കുവാൻ സമരസമിതിക്ക് കഴിഞ്ഞു. ലൈബ്രറി എന്ന ആശയം രൂപപ്പെട്ട ഉടനെതന്നെ നിരവധി ആളുകൾ പുസ്തകങ്ങളുമായി സമരപ്പന്തിലേക്ക് വന്നുചേരുകയുണ്ടായി. അവർ നൽകിയ പുസ്തകങ്ങൾകൊണ്ട് ആരംഭിച്ച സംരംഭം ഓരോ ദിവസവും കൂടുതൽ ആളുകൾ പുസ്തകങ്ങളുമായി എത്തിച്ചേരുന്ന ഇടമായി മാറി. രാവിലെതന്നെ സമരപ്പന്തലിൽ എത്തിച്ചേരുന്ന ആശമാർ മടങ്ങി പോകുന്നതിനുള്ളിൽ ഒരു പുസ്തകമെങ്കിലും വായിച്ചു തീർക്കാനുള്ള വ്യഗ്രതയും കാണിക്കുന്നുണ്ട്. ഇത് സമരമുഖത്തെ പുതിയൊരു കാഴ്ചയാണ്. ലൈബ്രറി നടത്തിക്കൊണ്ടുപോകാനുള്ള ഒരു സംവിധാനവും ഇതിനോടകം രൂപപ്പെടുത്തി ക്കഴിഞ്ഞു. വൈകുന്നേരങ്ങളിൽ പുസ്തകചർച്ചയും സംഗീത നാടകപരിശീലനങ്ങളും വരും ദിവസങ്ങളിൽ സംഘടിപ്പിക്കും.
സർക്കാരിന്റെ പഠന കമ്മിറ്റി
സമരത്തിന്റെ 53-ാം ദിവസം ആരോഗ്യമന്ത്രി വിളിച്ചുചേർത്ത ചർച്ചയിലാണ് ഒരു കമ്മിറ്റിയെവച്ച് 3 മാസംകൊണ്ട് പഠിച്ചു വേതന വർദ്ധനവ് ആലോചിക്കാമെന്ന അഭിപ്രായം ഗവൺമെന്റ് മുന്നോട്ടുവച്ചത്. സമരസമിതി ഒഴിച്ച് മറ്റെല്ലാ യൂണിയനുകളും ഈ നിർദ്ദേശത്തെ പിന്താങ്ങി. പണിയെടുക്കുന്നവർ ന്യായമായ കൂലി ആവശ്യപ്പെടുമ്പോൾ കമ്മിറ്റിയെവച്ച് പഠിക്കണമെന്ന അങ്ങേയറ്റം തൊഴിലാളിവിരുദ്ധ നിലപാട് സമരസമിതി തള്ളിക്കളഞ്ഞിരുന്നു.
സർക്കാരിന്റെ ആത്മാർത്ഥതയില്ലായ്മയായി അന്നു തന്നെ ഈ നടപടി ചൂണ്ടിക്കാണിക്കപ്പെ ട്ടിരുന്നു. എന്തായാലും ചർച്ച കഴിഞ്ഞ് ഒന്നര മാസക്കാലത്തിനു ശേഷം രൂപപ്പെട്ട കമ്മിറ്റി വിഷയം പഠിക്കാനായി 141-ാം ദിവസം സമരസമിതിയുടെ അഭിപ്രായങ്ങൾ ആരാഞ്ഞു. ആശാവർക്കർമാരെ ആരോഗ്യ വകുപ്പിൽ സ്ഥിരപ്പെടുത്തുന്നതുവരെ ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കുക, യാതൊരു മാനദണ്ഡവുമില്ലാതെ എല്ലാമാസവും 5-ാം തീയതിക്കുള്ളിൽ വേതനം നൽകുക, 65 വയസ്സ് വിരമിക്കൽ പ്രായമായി നിശ്ചയിച്ചുകൊണ്ട് വിരമിക്കുന്നവർക്ക് 5ലക്ഷം രൂപയും പെൻഷനും ഉറപ്പാക്കുക എന്നതടക്കം 27 ഡിമാന്റുകൾ പഠന സമിതിക്കുമുന്നിൽ അവതരിപ്പിച്ചു. ആശമാരുടെ ജോലി സംബന്ധിച്ച് ഏകീകൃത സ്വഭാവം നിശ്ചയിച്ച് ഉത്തരവിറക്കണമെന്ന പ്രധാനപ്പെട്ട എല്ലാ ഡിമാന്റുകളും ഇതിൽ ഉൾപ്പെടുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു, വൈസ് പ്രസിഡന്റുമാരായ കെ.പി.റോസമ്മ, ബിനി സുദർശനൻ എന്നിവർ പങ്കെടുത്ത തെളിവെടുപ്പിൽ ഡിമാന്റുകളെ സംബന്ധിച്ച വിശദമായ വാദങ്ങളും അവതരിപ്പിച്ചു.
അഞ്ചാംഘട്ട പ്രക്ഷോഭം: സംസ്ഥാനത്തുടനീളം 1000 പ്രതിഷേധ സദസ്സ്
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടന്നുവരുന്ന സമരത്തിന്റെ അഞ്ചാം ഘട്ടം പ്രഖ്യാപിച്ചു. മെയ് 5ന് കാസർകോഡുനിന്ന് ആരംഭിച്ച് ജൂൺ 18ന് തിരുവനന്തപുരത്ത് സമാപിച്ച രാപകൽ സമര യാത്ര സംസ്ഥാനമെമ്പാടും പൊതു സമൂഹത്തിനും ആശ മാർക്കിടയിലും വലിയ ചലനം സൃഷ്ടിച്ചു. അതിന്റെ തുടർച്ചയെന്ന നിലയിൽ പഞ്ചായത്ത് തലത്തിൽ 1000 പ്രതിഷേധ സദസ്സ് ജൂലൈ -ആഗസ്റ്റ് മാസങ്ങളിൽ സംഘടിപ്പിക്കും. ആശാസമരസമിതിയും സമരത്തെ പിന്തുണക്കുന്നവരും ചേർന്നാണ് താഴെത്തലങ്ങളിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുന്നത്. ഡിമാന്റുകൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് സമരസമിതി സംസ്ഥാനകമ്മിറ്റി യോഗം ചേർന്ന് ഐകകണ്ഠ്യേന തീരുമാനിച്ചു.