നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്ന രാഷ്ട്രീയ ദിശ എന്ത്?

1469471-uppp.webp
Share

അഞ്ചുവർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് എംഎൽഎ പി.വി.അൻവർ രാജിവച്ച ഒഴിവിൽ വന്നതാണ് നിലമ്പൂർ തെരഞ്ഞെടുപ്പ്. ഇടതുരാഷ്ട്രീയത്തിന്റെ പ്രതിനിധിയാകാൻ വിദൂര യോഗ്യത പോലുമില്ലാത്ത ഒരാളെ, കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയാക്കി, അയാളുടെ പണത്തിന്റെ ബലത്തിൽ യുഡിഎഫിന്റെ കുത്തകമണ്ഡലം പിടിച്ചെടുക്കാൻ സിപിഐ(എം) നടത്തിയ നെറിവുകെട്ട പാർലമെന്ററി രാഷ്ട്രീയത്തിന്റെ സ്വഭാവികപരിണതിയായിരുന്നു ഈ ഉപതെരഞ്ഞെടുപ്പ്.

നാല് വോട്ട് കിട്ടാനിടയുണ്ടെങ്കിൽ ബൂർഷ്വാ രാഷ്ട്രീയത്തിന്റെ എത്ര അഴുകിയ മുഖത്തെയും ആനയിക്കാനും ഇടതുരാഷ്ട്രീയത്തിന്റെ പ്രതിനിധിയായി ചിത്രീകരിക്കാനും ഒരു മടിയുമില്ലാത്ത സിപിഐ(എം)ന്റെ എല്ലാ സീമകളും ലംഘിക്കുന്ന അവസരവാദരാഷ്ട്രീയത്തിന്റെ സൃഷ്ടി മാത്രമായിരുന്നു നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്. നിയമസഭാ കലാവധി അവസാനിക്കാൻ വെറും 10 മാസം മാത്രം അവശേഷിക്കേ, ഒരു ഉപതെരഞ്ഞെടുപ്പ് ജനങ്ങളുടെ ശിരസ്സിൽ അടിച്ചേൽപ്പിക്കപ്പെട്ടു. അതിന്റെ പ്രഥമ ഉത്തരവാദിത്തം സിപിഐ(എം) നയിക്കുന്ന എൽഡിഎഫിനു തന്നെയാണ്.

എംഎൽഎ ആയിരുന്ന കാലയളവിൽ അൻവറിനെതിരെ ഉയർന്നുവന്ന, നിയമവിരുദ്ധമായി മിച്ചഭൂമി കൈവശം വച്ചതുൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളിൽ സംരക്ഷണമൊരുക്കിയത്  സിപിഐ(എം) ആയിരുന്നു. പിന്നീട് വഴിവിട്ട ഇടപാടുകളിലൂടെയുള്ള ‘നേട്ടങ്ങളുടെ’ വീതംവയ്പിൽ ഉണ്ടായ തർക്കത്തിൽ പി.വി.അൻവർ, എംഎൽഎ സ്ഥാനം രാജി വയ്ക്കുകയുണ്ടായി. ഇടതു മുന്നണി സർക്കാരിനെതിരെ, പ്രത്യേകിച്ച് പിണറായി വിജയനെതിരെ വളരെ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിക്കൊണ്ടാണ് അൻവർ രാജിവച്ചത്. ഇടതുഭരണത്തിനെതിരെയുള്ള ശക്തമായ ജനവികാരം മുതലെടുത്തു കൊണ്ട്സ്വയം പരിശുദ്ധനാകാൻ നടത്തിയ ശ്രമം മാത്രമായിരുന്നു അത്. രാജിവച്ച അൻവറും രാജി വാങ്ങിയ സിപിഐ(എം)ഉം ജനാധിപത്യരാഷ്ട്രീയ മഹിമയുടെ കണികപോലും പേറുന്നില്ല.

വീണ്ടും അൻവർ മാതൃകയിലുള്ള ഒരു സ്വതന്ത്രനെയോ പാലക്കാട് മാതൃകയിൽ ഒരു യുഡിഎഫ് വിമതനെയോ ആയിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ കാത്തിരുന്നത്. ഒടുവിൽ യുഡിഎഫ് ക്യാമ്പ് ഏതാണ്ട് ഒറ്റക്കെട്ടായി ആര്യാടൻ  ഷൗക്കത്തിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും അൻവർ വീണ്ടും സ്വതന്ത്രനായി മത്സര രംഗത്തിറങ്ങുകയും ചെയ്തതിനുശേഷം സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം.സ്വരാജിനെ  വാഗ്മിയും വായനക്കാരനുമെന്നൊക്കെയുള്ള വിശേഷണങ്ങളോടെ എൽഡിഎഫ് സ്ഥാനാർത്ഥിയായി അവതരിപ്പിച്ചു. 

പാർലമെന്റ് തെരഞ്ഞെടുപ്പിനുശേഷം സിപിഐ(എം) കുടിലബുദ്ധിയോടെ ആവിഷ്കരിച്ചിരിക്കുന്ന പ്രചാരണത്തിന്റെ കേന്ദ്രം ന്യൂനപക്ഷ വർഗ്ഗീയതക്കെതിരായ ശക്തിയായി സ്വയം അവതരിക്കുക എന്നതാണ്. ന്യൂനപക്ഷങ്ങളുടെ പേരിൽ പ്രവർത്തിക്കുന്ന സംഘടനകളെ മറ്റെല്ലാവരേക്കാളും അപകടകാരികളായി ചിത്രീകരിക്കുക എന്നതാണ്. മലപ്പുറം ജില്ല കള്ളക്കടത്തിന്റെയും കുറ്റകൃത്യങ്ങളുടെയും ഭീകരവാദ പ്രവർത്തനങ്ങ ളുടെയും ഹബ്ബായി മാറി എന്ന പിണറായി വിജയന്റെ കുപ്രസിദ്ധമായ പ്രസ്താവനയും  ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖവും സിപിഐ(എം) നേതാക്കളുടെ പ്രസ്താവനകളും പി.ജയരാജൻ രചിച്ച പുസ്തകവും എല്ലാം ഒരേ അജണ്ടയുടെ വ്യത്യസ്ത വ്യാഖ്യാനങ്ങളാണ്. പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം സിപിഐ(എം) നടത്തിയ പ്രതികരണം, മതേതര നിലപാട് സ്വീകരിക്കുന്ന മുസ്ലീം വിഭാഗത്തിലെ ഭൂരിപക്ഷത്തെയും വർഗ്ഗീയവാദികളെന്നു മുദ്രകുത്തുന്നതായിരുന്നു. വടകര പാർലമെന്റ് മണ്ഡലത്തിൽ എൽഡിഎഫ് ബുദ്ധികേന്ദ്രങ്ങൾ വികസിപ്പിച്ച, ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനിടയു ണ്ടായിരുന്ന കാഫിർ സ്ക്രീൻ ഷോട്ടും ഈ ഗണത്തിൽപ്പെടുന്നതാണ്. സംഘപരിവാര ശക്തികളെ തോൽപ്പിക്കുംവിധം, മുസ്ലീംനാമം പേറുന്നതെന്തും വർഗ്ഗീയമാണെന്ന നിലയിലുള്ള പ്രചാരണത്തിന്റെ ലക്ഷ്യം വളരെ വ്യക്തമാണ്.  ന്യൂനപക്ഷ വർഗ്ഗീതയുടെ പേരിൽ ഭീതിപടർത്തി, ഭൂരിപക്ഷ വർഗ്ഗീയ ചിന്താഗതിയെ ശക്തിപ്പെടുത്തി, ഒരു ധ്രുവീകരണം സൃഷ്ടിക്കുക എന്നതാണത്.  ഇതിന്റെ തനിയാവർത്തനമായിരുന്നു നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫ് നിർവ്വഹിച്ചത്. 

ജമാ-അത്തെ ഇസ്ലാമിയും അവരുടെ രാഷ്ട്രീയകക്ഷിയായ വെൽഫെയർ പാർട്ടിയും യുഡിഎഫിന് നൽകിയ പിന്തുണയെ ചൂണ്ടിക്കാട്ടി യുഡിഎഫ് വർഗ്ഗീയശക്തികളുമായി കൂട്ടുചേർന്നിരിക്കുന്നു എന്നതായിരുന്നു ഇടതുമുന്നണിയുടെ മുഖ്യപ്രചാരണം. 2019 വരെ ദശാബ്ദങ്ങളായി എൽഡിഎഫിനോടൊപ്പം നിന്ന ജമാ-അത്തെ ഇസ്ലാമി യുഡിഎഫിനെ പിന്തുണച്ചതോടെ മതരാഷ്ട്ര വാദികളായ തീവ്രവർഗീയ ശക്തിയായി മാറി. എൽഡിഎഫിനെ പിന്തുണയ്ക്കുമ്പോൾ മതേതരവും അവരെ എതിർക്കുമ്പോൾ വർഗ്ഗീയശക്തിയും! അപ്പോൾ ഇത് വർഗ്ഗീയതക്കെതിരായ പോരാട്ടമൊന്നുമല്ല എന്ന് പകൽപോലെ വ്യക്തം. വോട്ട് രാഷ്ട്രീയത്തിന്റെ നിർലജ്ജമായ ലക്ഷ്യം മാത്രം. മുസ്ലിം ജനവിഭാഗത്തിലെ ഒരു ചെറു ന്യൂനപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന ജമാ-അത്തെ ഇസ്ലാമി കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന ഒരു വമ്പൻ ശക്തി എന്ന് സ്ഥാനം ചാർത്തി കൊടുക്കുന്നതു വഴി സൃഷ്ടിക്കപ്പെടുന്ന ആഘാതമെന്തെന്നുപോലും ഗണിക്കുന്നില്ല.  പിഡിപിയും ഒരു ‘അഖില ഭാരത ഹിന്ദു മഹാസഭ’യും എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. പിഡിപിയാകട്ടെ പീഡിപ്പിക്കപ്പെടുന്നവരുടെ പ്രസ്ഥാനമാണെ ന്നും അതിനാൽ അവരെ ചേർത്തുപിടിക്കുന്നത് പുരോഗമനപരമെന്നും വ്യാഖ്യാനിക്കപ്പെട്ടു. ഹിന്ദുമഹാസഭയുടെ പിന്തുണ വേണ്ടെന്ന് പറഞ്ഞതുമില്ല. അങ്ങനെ തെരഞ്ഞെടുപ്പ് വേദിയിൽ നിരവധി ഹാസ്യപ്രഹസനങ്ങൾ നിറഞ്ഞാടി. സ്വന്തം പാളയത്തിലെ സമസ്ത, കാന്തപുരം തുടങ്ങിയ ബന്ധുക്കളെ നന്ദിപൂർവ്വം ചേർത്ത് പിടിക്കുകയും ചെയ്തു.

യുഡിഎഫിന്റെ വിജയത്തെ വർഗീയതയുടെയും മതരാഷ്ട്രവാദത്തിന്റെയും അപകടകരമായ വിജയം എന്ന് എൽഡിഎഫ് വിശേഷിപ്പിച്ചതും ഈ പ്രചാരണപദ്ധതിയുടെ ഭാഗമാണ്. നിലമ്പൂർ ജനതയുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന ഒന്നായി അത് പരിണമിക്കുകയും ചെയ്തു.

ആർഎസ്എസിനോട് ചേർന്ന് തങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെന്ന സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവന, ഇപ്പോൾ സിപിഐ(എം) കൈക്കൊണ്ടിട്ടുള്ള പ്രചാരവേലയോട്പൂർണ്ണമായും ഒത്തിണങ്ങുന്നതാണ്. അത് വെറും ചരിത്രം പറച്ചിലല്ല. നിന്ദ്യമായ വർഗ്ഗീയ കണക്കുകൂട്ടലോടെ നടത്തിയ കുടിലമായ രാഷ്ട്രീയ നീക്കമാണത്. ആർഎസ്എസ് തങ്ങൾക്ക്തൊട്ടുകൂടാത്തവരല്ല എന്ന്  തെരഞ്ഞെടുപ്പ് കാലത്ത് പറയുന്നത് ആരെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഏതൊരാൾക്കും മനസ്സിലാകും. ഇതിനൊക്കെശേഷവും അവർ വർഗ്ഗീയതക്കെതിരെ പോരാടുകയാണെന്ന് ജനങ്ങൾ മനസ്സിലാക്കണമത്രേ!

തെരഞ്ഞെടുപ്പിനുവേണ്ടി തരാതരംപോലെ ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയ സാധ്യതകൾ എടുത്ത് പ്രയോഗിക്കാൻ യാതൊരു സങ്കോചവുമില്ലാത്ത ഒരു പ്രസ്ഥാനമായി സിപിഐ(എം) മാറിയിരിക്കുന്നു. കേരളത്തിലെ ജനാധിപത്യ അന്തരീക്ഷത്തിൽ  അപകടകരമായ അധ:പതനം ഉണ്ടാക്കുന്ന പ്രവണതയാണിതെന്ന് ഞങ്ങൾ നിരവധി സന്ദർഭങ്ങളിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. 

പിണറായി വിജയൻ നയിക്കുന്ന ഇടതുഭരണത്തിന്റെ ജനദ്രോഹനയങ്ങളും നടപടികളും തെരഞ്ഞെടുപ്പിന്റെ വേദിയിൽ ചർച്ചയാകാതിരിക്കാൻ സിപിഐ(എം)ന്  കഠിനാദ്ധ്വാനം ചെയ്യേണ്ടി വന്നു.  വർഗ്ഗീയതയെ കേന്ദ്രബിന്ദുവാക്കിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ആവിഷ്കകരിച്ചതുതന്നെ ജനകീയപ്രശ്നങ്ങളെ തമസ്കരിക്കാനുള്ള തന്ത്രമായിരുന്നു.   വൈദ്യുതി കമ്പിയിൽ തട്ടി ഒരു ബാലൻ ദാരുണമായി മരണമടഞ്ഞ സംഭവം ഒരു തെരഞ്ഞെടുപ്പ് വിഷയമാക്കാൻ അപഹാസ്യമാംവിധം ശ്രമിച്ചു പരാജയപ്പെടുന്നത് കേരളം കണ്ടു. ജൂലൈ 20ന് ക്ഷേമപെൻഷൻ കുടിശ്ശിക വിതരണ പ്രഖ്യാപനം നടത്തിയും ക്ഷേമപെൻഷനെ സംബന്ധിച്ച നട്ടാൽകുരുക്കാത്ത നുണകൾ പ്രചരിപ്പിച്ചും സ്വന്തം നില ഭദ്രമാക്കാൻ ശ്രമിച്ചു.

എന്നാൽ, ജനങ്ങൾ നേരിടുന്ന രൂക്ഷമായ ജീവിത പ്രതിസന്ധി വിധിയെഴുത്തിന്റെ മാനദണ്ഡമായി വരികതന്നെ ചെയ്തു. കഴിഞ്ഞ നാലുമാസത്തിലേറെ കാലമായി കേരളത്തെ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്ന ആശാ സമരത്തിന്റെ പ്രതിഫലനങ്ങൾ വലിയ തരംഗങ്ങളായി നിലമ്പൂരിൽ അലയടിച്ചു. സമരം ആരംഭിച്ചതിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയിൽ ആശ സമരത്തോട് സർക്കാർ എടുത്ത നിലപാടിനോടുള്ള ഹിതപരിശോധന കൂടെയായിരുന്നു നിലമ്പൂർ തെരഞ്ഞെടുപ്പ്. കടുത്ത തൊഴിൽ ചൂഷണത്തിന് വിധേയമായിരിക്കുന്ന ദരിദ്ര, സ്ത്രീ വിഭാഗത്തിൽപ്പെട്ട ആശമാർ നടത്തുന്ന സമരത്തെയും സമര നേതൃത്വത്തെയും നികൃഷ്ടമായ പദപ്രയോഗങ്ങൾ വഴി അധിക്ഷേപിക്കുകയും സമരത്തെ തകർക്കാൻ ശ്രമിക്കുകയും ചെയ്ത സിപിഐ(എം)നും, അധിക്ഷേപ ആക്രമണങ്ങൾ രൂക്ഷമായ രീതിയിൽ അവതരിപ്പിക്കുകയും ചെയ്ത സ്ഥാനാർത്ഥിക്കുമെതിരെ നിലപാടെടുക്കുക എന്നത് അനിവാര്യമായ കടമയായിരുന്നു. കാസർഗോഡ് നിന്ന് ആരംഭിച്ച ആശമാരുടെ രാപകൽ സമര യാത്ര നിലമ്പൂരിൽ വലിയ ചലനങ്ങൾ ഉളവാക്കിക്കൊണ്ടാണ് കടന്നുപോയത്. ജൂൺ 12 മുതൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ്  അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനിയുടെ നേതൃത്വത്തിൽ നിലമ്പൂർ ഉള്ള ആശമാർ മണ്ഡലത്തിൽ വീടുവീടാന്തരം പ്രചാരണം നടത്തി. ‘നിങ്ങളോട് സർക്കാർ കൈക്കൊള്ളുന്ന അനീതി ഞങ്ങൾക്കറിയാം’ എന്നാണ് ജനങ്ങൾ വ്യാപകമായി പ്രതികരിച്ചത്. ആർക്കാണ് വോട്ട് ചെയ്യേണ്ടത് എന്ന് സംഘടന പറയുകയുണ്ടായില്ല എന്നതും ശ്രദ്ധേയമായി. അങ്ങനെ നിലമ്പൂരിൽ ബഹുഭൂരിപക്ഷവും സർക്കാരിന്റെ നിലപാടുകൾക്കെതിരെ പ്രതികരിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി വലിയ മാർജിനിൽ പരാജയപ്പെട്ടു. പരാജയത്തിൽ നിന്ന് യഥാർത്ഥ പാഠങ്ങൾ എടുക്കുവാനും അതിനൊത്ത് തങ്ങളുടെ ജനവിരുദ്ധ നയങ്ങൾ മാറ്റാനും തയ്യാറല്ല എന്ന പ്രഖ്യാപനമാണ് പരാജയകാരണങ്ങളെ പറ്റിയുള്ള എൽഡിഎഫിന്റെ വിലയിരുത്തലുകൾ കാണിക്കുന്നത്.

മുഖ്യമന്ത്രിയും ഒരു ഡസനിലധികം മന്ത്രിമാരും കക്ഷി നേതാക്കളും എംഎൽഎമാരും നിലമ്പൂരിൽ ക്യാമ്പ് ചെയ്തു. പഞ്ചായത്തടിസ്ഥാനത്തിൽ ഇവരൊക്കെ ചുമതലയേറ്റ്  ഓരോ വോട്ടർമാരുടെയും മനസ്സിലിരിപ്പുവരെ പരിശോധിച്ചു നടത്തിയ ഈ തെരഞ്ഞെടുപ്പിൽ സർക്കാരിന്റെ ഭരണ നേട്ടത്തിനുള്ള വോട്ടെല്ലാം അൻവർ കൊണ്ടുപോയി എന്ന് പറയുന്നതിന്റെ യുക്തി അപാരം തന്നെ. അൻവറിന്റെ പ്രചാരണമാകെ പിണറായിക്കെതിരായ ആരോപണങ്ങളിലും ഊന്നിനിന്നായിരുന്നു എന്നത് കണക്കാക്കുമ്പോൾ യഥാർത്ഥത്തിൽ സർക്കാർ വിരുദ്ധ വോട്ടുകൾ ഏതാണ്ട് ഒരു ലക്ഷത്തോളമാണ്.

മണ്ഡലത്തിലെങ്ങും ഭരണവിരുദ്ധ വികാരം ഇല്ലായിരുന്നു എന്നു പറയുന്ന അതേ ശ്വാസത്തിൽ തന്നെയാണ് ഭരണനേട്ടത്തിന്റെ വോട്ടുകൾ തങ്ങൾക്ക് കിട്ടിയില്ലെന്നും പറയുന്നത്.  ബിജെപിക്കും എസ്‌ഡിപിഐക്കും മുൻകാലങ്ങളേക്കാൾ വോട്ട് കുറഞ്ഞുവെന്നും അതെല്ലാം യുഡിഎഫിന് ചോർത്തിക്കൊടുത്തു എന്നു പറയുന്നതും അവരൊക്കെ വലിയ രാഷ്ട്രീയശക്തികളാണെന്നും അവർക്ക് വൻതോതിൽ നിശ്ചിതമായ സ്ഥിരം വോട്ട് ഉണ്ടെന്നും സാക്ഷ്യപ്പെടുത്തുന്നതിന് തുല്യമാണ്. സർക്കാരിന്റെ ജനദ്രോഹ തൊഴിലാളിവിരുദ്ധ നയങ്ങൾ അനുഭവിക്കുന്ന സാധാരണ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണെന്നത് ഉൾക്കൊള്ളാനാവാത്ത വിധം ജനങ്ങളുമായുള്ള ഇഴയടുപ്പം  നഷ്ടപ്പെട്ട് പോയെന്നല്ലേ കരുതേണ്ടത്? വികസനം എന്ന പേരിൽ മൂലധന ശക്തികളെ പോഷിപ്പിക്കാനെടുക്കുന്ന നടപടികൾവഴി സാധാരണ മനുഷ്യരുടെ തൊഴിലും കൂലിയും കുറയുകയാണെന്നതും അത് സാമൂഹിക അരക്ഷിതാവസ്ഥ വർദ്ധിപ്പിക്കുകയാണെന്നതും ഓരോ മനുഷ്യനും അനുഭവവേദ്യമാണ്.  കൂടാതെ കർഷകർ ഉൾപ്പെടെയുള്ള മലയോര ജനതയുടെ സ്വസ്ഥജീവിതം തകർത്തിരിക്കുകയാണ്. വന്യജീവി ആക്രമണങ്ങളുടെ യുദ്ധസമാനമായ കെടുതികളാണ് അവർ നേരിടുന്നത്. രക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥ. പ്രശ്നത്തെ കേന്ദ്ര-സംസ്ഥാന തർക്കങ്ങളിൽ കുടുക്കിയിടാനാണ് സർക്കാർ തുനിയുന്നത്. കേരള സർക്കാരിന്റെ പിടിപ്പുകേടാണ് ഈ വിഷയത്തിൽ വെളിപ്പെടുന്നത്.  ഇക്കാര്യത്തിൽ നിലമ്പൂരിലെ ജനങ്ങൾക്കുള്ള രോഷം തെരഞ്ഞെടുപ്പിൽ അവർ പ്രകടിപ്പിക്കുക തന്നെ ചെയ്തു.

സ്വന്തം പ്രയത്നത്തിലൂടെ വളർത്തിയെടുത്തവയെല്ലെങ്കിലും സമൂഹത്തിലെ ജനാധിപത്യ ശക്തികൾ പടുത്തുയർത്തുന്ന ന്യായമായ ജനകീയസമരങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് അവയെ രാഷ്ട്രീയമായി പ്രയോജനപ്പെടു ത്താൻ കഴിഞ്ഞ മൂന്നുനാല് പതിറ്റാണ്ടായി യുഡിഎഫ് ശ്രമിച്ചുകൊണ്ടി രിക്കുകയാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പകളിലെല്ലാം അത്തരം നീക്കങ്ങൾ യുഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടായി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും അതു വളരെ പ്രകടമായിരുന്നു. യുഡിഎഫിന്റെ വിജയത്തിൽ നിശ്ചയമായും അത് ഒരു പങ്ക് നിറവേറ്റിയിട്ടുണ്ട്. എന്നാൽ യുഡിഎഫ് പൊതുവിലും കോൺഗ്രസ്സ് വിശേഷിച്ചും പ്രതിനിധാനം ചെയ്യുന്ന സാമ്പത്തിക-ഭരണനയങ്ങൾക്ക് എതിരായവയാണ് ഈ ജനകീയസമരങ്ങളെന്നു ജനങ്ങൾ തിരിച്ചറിയുകതന്നെ വേണം.  മൂലധന നിക്ഷേപത്തിന് വഴിതുറന്നാലേ വികസനം സാധ്യമാകൂ എന്ന ആഗോളവൽക്കരനയത്തിന്റെ പിതാവ് കോൺഗ്രസ്സാണെന്നത് ഒരു നിമിഷനേരത്തേക്കുപോലും ജനങ്ങൾ വിസ്മരിക്കരുത്. സന്ദർഭവശാൽ പ്രതിപക്ഷത്തായിരിക്കുന്ന തുകൊണ്ടു മാത്രമാണ് കോൺഗ്രസ്സ് നയിക്കുന്ന യുഡിഎഫ് ഈ ജനസമരങ്ങളുടെ ചേരിയിയോടൊപ്പം നിലകൊള്ളുന്നതെന്ന് മനസ്സിലാക്കിയാൽ മാത്രമേ നാളെ യുഡിഎഫ് അധികാരത്തിലെത്തി, ഇതേ നയങ്ങളുടെ നടത്തിപ്പുകാരാകുമ്പോൾ ജനസമരങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനാകൂ.

തെരഞ്ഞെടുപ്പ് പരാജയം പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകും എന്ന് പതിവുപോലെ സിപിഐ(എം) സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. എങ്ങനെയാവും അവർ തിരുത്തുകയെന്നത് മുൻകാല അനുഭവങ്ങളിൽ നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. തെരഞ്ഞെടുപ്പ്- വോട്ട്-അധികാരം-മൂലധനസേവ എന്നതിനപ്പുറം യാതൊരു അജണ്ടയുമില്ലാത്ത, അടിമുടി സോഷ്യൽ ഡെമോക്രാറ്റിക് ശക്തിയായ സിപിഐ(എം)ൽ നിന്ന് തൊഴിലാളി വർഗ്ഗത്തിന് അനുകൂലമായ അടിസ്ഥാനപരമായ മാറ്റം പ്രതീക്ഷിക്കാ നാവില്ല. കൂടുതൽ വോട്ട് കിട്ടാനുതകുന്ന കുതന്ത്രങ്ങളും സാമുദായിക സമവായങ്ങളുമായിരിക്കും അവർ തേടുക. മൂലധനശക്തികൾക്ക് പ്രിയപ്പെട്ടവർ ആയിരിക്കുക എന്നതാണ മാർഗ്ഗദർശക തത്വം. തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ജനരോഷത്തെ തണുപ്പിക്കാനും താൽക്കാലിക ആനുകൂല്യ പ്രഖ്യാപനങ്ങളും ഉണ്ടാകും. പഞ്ചായത്തിലേക്കും  നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ  പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, അതിലൂടെ ജനജീവിതത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾക്കൊന്നും പരിഹാരമുണ്ടാവില്ല എന്നത് ഉറപ്പാണ്. കെടാതെ കത്തുന്ന ആശാസമര മാതൃകയിൽ തൊഴിലാളി, ബഹുജന പ്രക്ഷോഭണങ്ങളും അതിന്റെ സമ്മർദ്ദത്തിലൂടെ ഭരണാധികാരികളെ ജനാഭിലാഷത്തിനു മുന്നിൽ വഴങ്ങാൻ നിർബന്ധിതമാക്കുകയും ചെയ്യുക എന്ന മാർഗമാണ് മുന്നിലുള്ളത്.

Share this post

scroll to top