യുഎസ് സാമ്രാജ്യത്വം പോറ്റിവളർത്തുന്ന മധ്യപൂർവ്വദേശത്തെ ‘തെമ്മാടിരാഷ്ട്രം’ എന്ന വിശേഷണം അന്വർത്ഥമാക്കുംവിധംമാണ് ഇസ്രയേൽ, ഇക്കഴിഞ്ഞ ജൂൺ 13ന് ഇറാന്റെ തന്ത്രപ്രധാനമായ മേഖലകളിൽ വ്യോമാക്രമണം നടത്തിയത്. ഇറാന്റെ പല മുൻനിര സൈനികനേതാക്കളെയും പത്തോളം ആണവശാസ്ത്രജ്ഞരെയും ഇസ്രയേൽ വധിച്ചു. മൂവായിരത്തോളം പൗരന്മാരെ കൊല്ലുകയോ പരിക്കേല്പിക്കുകയോ ചെയ്തിരിക്കുന്നു. ആണവായുധ നിർമ്മാണത്തിലേക്കു നയിക്കുന്ന വിധത്തിൽ ഇറാൻ സമ്പുഷ്ട യുറേനിയം സംസ്കരിച്ചെടുത്തെന്നും അതു തങ്ങളുടെ സുരക്ഷയ്ക്ക് അപകടമാണെന്നും അതിനാൽ തങ്ങൾക്ക് ഇറാനെ ആക്രമിക്കാൻ അധികാരമുണ്ടെന്നുമാണ് ആക്രമണത്തിനു ന്യായീകരണമായി ഇസ്രയേൽ അവകാശപ്പെട്ടത്. സ്വയരക്ഷയ്ക്കുള്ള ഇസ്രയേലിന്റെ അവകാശത്തെ തങ്ങളും അംഗീകരിക്കുന്നവെന്ന് യുഎസ്എയും നാറ്റോ സഖ്യകക്ഷികളും പ്രഖ്യാപിച്ചു. തുടർന്ന് ജൂൺ 21ന് യുഎസ്എ തന്നെ, ഇറാന്റെ ആണവകേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നു എന്നു പറയപ്പെടുന്ന ഇടങ്ങളിൽ സകല അന്താരാഷ്ട്രമര്യാദകളെയും ലംഘിച്ചുകൊണ്ട് ബോംബാക്രമണം നടത്തി. നതാൻസ്, ഇസ്ഫഹാൻ, ഫോർദോ തുടങ്ങിയ ഭൂമിക്കടിയിലുള്ള ആണവോർജപരീക്ഷണകേന്ദ്രങ്ങളിൽ B2 പോർവിമാനങ്ങൾ വഴി 60 മീറ്ററോളം ആഴത്തിൽ നാശം വിതയ്ക്കാൻ കഴിവുള്ള ബോംബുകളാണ് അമേരിക്ക പ്രയോഗിച്ചത്. ഉണ്ടായേക്കാവുന്ന ആണവവികിരണച്ചോർച്ചയെക്കുറിച്ച് തരിമ്പും വേവലാതിയില്ലാതെ നടത്തിയ ഈ ആക്രമണം ലോകജനതയുടെ ജീവനെ എത്ര നിസ്സാരമായാണു സാമ്രാജ്യത്വയുദ്ധവെറിയന്മാർ കാണുന്നതെന്നു തെളിയിക്കുന്നു. ഇറാൻജനതയുടെ ശക്തമായ പിന്തുണയോടെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിലും ലോകമെമ്പാടും ഉയർന്ന പ്രതിഷേധത്തിലും ഭയന്നിട്ടാകണം ജൂൺ 24ന് ഇസ്രയേലും ഇറാനും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നതായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നു. ഒരു യുദ്ധസാഹചര്യം താല്ക്കാലികമായിപ്പോലും ഇല്ലാതാക്കുന്നത് ആശ്വാസകരമാണെങ്കിലും ലോക സാമ്രാജ്യത്വശക്തികളുടെ ആന്തരികവൈരുദ്ധ്യങ്ങളും ലോകസമാധാനപ്രസ്ഥാനത്തിന്റെ ദൗർബ്ബല്യങ്ങളും നീണ്ടു നില്ക്കുന്ന ഒരു സമാധാനസാഹചര്യം ഉറപ്പാക്കുന്നില്ല. തുടർന്നുകൊണ്ടേയിരിക്കുന്ന ഒരു യാഥാർത്ഥ്യമായി യുദ്ധം നിലനിൽക്കുന്ന ഇന്നത്തെ അന്തർദ്ദേശീയസാഹപര്യത്തിൽ പ്രത്യേകിച്ചും.
മനുഷ്യജീവികളെന്ന പരിഗണന പോലുമില്ലാതെ, വംശഹത്യതന്നെ ലക്ഷ്യമാക്കി ഇസ്രയേൽ പതിറ്റാണ്ടുകളായി നടത്തുന്ന കൊടിയ ആക്രമണങ്ങൾക്കും നീതിനിഷേധങ്ങൾക്കുമൊടുവിലാണ് ഗതികെട്ട അവസ്ഥയിൽ 2023 ഒക്ടോബർ 7ന് ഇസ്രയേലിനുള്ളിലേക്കു കടന്നുകയറി പലസ്തീന്റെ പോരാട്ട വിഭാഗമായ ഹമാസ് പ്രത്യാക്രമണം നടത്തിയത്. ഇസ്രയേൽ സൈന്യശേഷിയെ അപേക്ഷിച്ച് എത്രയോ ദുർബ്ബലമായ ഹമാസിന്റെ നീക്കം ഇസ്രയേൽ ഇന്റലിജൻസ് അറിഞ്ഞിട്ടും അവരെ സ്വന്തം രാജ്യത്തേക്കു കടത്തിവിടുകയായിരുന്നു എന്ന് പിന്നീട് മാധ്യമങ്ങൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരു ജനത എന്ന നിലയിലും മനുഷ്യവംശത്തിലെ അംഗങ്ങളെന്ന നിലയിലും നിലനില്പിനായി പ്രത്യാക്രമണം നടത്താനുള്ള പലസ്തീൻ ജനതയുടെ അവകാശത്തെ ഈ ഘട്ടത്തിൽ ഒരു സാമ്രാജ്യത്വശക്തിയും പരിഗണിച്ചില്ല. തുടർന്ന് മനുഷ്യസമൂഹം ഇന്നേവരെ കണ്ടതിൽ വച്ചേറ്റവും ക്രൂരമായ വംശഹത്യയാണ് ഇസ്രയേൽ പലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്നത്. വടക്കൻ ഗാസയിൽ സ്കൂളുകൾ, ആശുപത്രികൾ, ദുരിതാശ്വാസ കേന്ദ്രങ്ങൾ തുടങ്ങിയവയൊന്നും ഭൂമിക്കുമുകളിൽ നിലനില്ക്കുന്നില്ല ഇപ്പോൾ. അൽ അസർ യൂണിവേഴ്സിറ്റി, പുരാതന ദേവാലയങ്ങൾ ഇവയെല്ലാം തകർക്കപ്പെട്ടിരിക്കുന്നു. നൂറുകണക്കിനു കലാപ്രവർത്തകർ, മാധ്യമപ്രവർത്തകർ, ബുദ്ധിജീവികൾ തുടങ്ങിയവർ വെടിയേറ്റു വീണിരിക്കുന്നു. ഭക്ഷണവും മരുന്നുമായെത്തുന്ന വിദേശ സന്നദ്ധപ്രവർത്തകരെയും കൊന്നൊടുക്കുന്നു. 1948ലെ യുഎൻ വംശഹത്യാകൺവൻഷൻ ആർട്ടികൾ രണ്ട് വംശഹത്യയെ നിർവ്വചിക്കുന്നത് ‘ദേശീയമോ വംശീയമോ ഗോത്രപരമോ മതപരമോ ആയ ഒരു വിഭാഗം ജനങ്ങളെ, ഭാഗികമായോ പൂർണ്ണമായോ നശിപ്പിക്കാനുള്ള പ്രവർത്തനങ്ങളെ’ന്നാണ്. അതെ, സമ്പൂർണ്ണമായ വംശഹത്യയാണ് ഗാസയിൽ നടന്നുകൊണ്ടിരിക്കുന്നത്.
പശ്ചിമേഷ്യയിൽ അമേരിക്കയ്ക്കു കീഴടങ്ങാതെ നിലകൊള്ളുന്ന ഇറാന്റെ തന്ത്രപ്രധാനമായ സ്ഥാനവും പലസ്തീൻ പോരാളികളെ ഇറാൻ സഹായിക്കുന്നു എന്ന ഇസ്രയേൽ ആരോപണങ്ങളും ഇറാനെ അമേരിക്കയുടെ കണ്ണിലെ കരടാക്കിയിട്ടുണ്ട്.
ഇറാൻ ആണവായുധങ്ങൾ കരസ്ഥമാക്കാൻ പോകുന്നു എന്ന ഭീതിയുണർത്തിയാണ് ആറു രാജ്യങ്ങൾ ചേർന്ന് 2015ൽ ഇറാനുമായി JCPOA (ജോയിന്റ് കോമ്പ്രിഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ) എന്ന പേരിൽ ഒരു ആണവായുധ നിരോധനകരാർ നിലനിൽവന്നത്. ആണവായുധനിർമ്മാണത്തിലേക്കു പോകുന്നതിൽനിന്ന് ഇറാനെ തടയുന്ന കരാർ, പകരമായി അവരുടെമേലുണ്ടായിരുന്ന നിരവധി വ്യാപാരനിരോധനങ്ങൾ എടുത്തുകളയുകയും ചെയ്തു. എന്നാൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ 2018ൽ അമേരിക്ക ഈ കരാറിൽനിന്നു ഏകപക്ഷീയമായി പിന്മാറുകയും കരാർ അസാധുവാക്കുകയും ചെയ്തു. തുടർന്ന് വീണ്ടും ഇറാൻ ആണവായുധനിർമ്മാണം ലക്ഷ്യമാക്കി സമ്പുഷ്ടയുറേനിയം നിർമ്മിച്ചെടുക്കുന്നു എന്ന് ഇസ്രയേൽ ആരോപിക്കുകയും ഇറാനെതിരെ പല തലത്തിലും ആക്രമണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. 2024 ഏപ്രിലിൽ സിറിയയിലെ ഡമാസ്കസിൽ ഇറാനിയൻ കോൺസുലേറ്റ് ആക്രമിച്ച് ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇസ്രയേൽ വധിച്ചു. ഈ സംഘർഷ സാഹചര്യം തുടരുന്നതിനിടയി ലാണ് 2025 ജൂൺ 12ന് അമേരിക്ക, യു.കെ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങൾ തയ്യാറാക്കിയ ഒരു പ്രമേയം അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി അംഗീകരിക്കുന്നത്. തങ്ങളുടെ ആണവ ഉത്തരവാദിത്തങ്ങൾ ഇറാൻ പാലിക്കുന്നില്ല എന്നതായിരുന്നു ആ പ്രമേയം. ഇതൊരവസരമായെടുത്ത് ഇസ്രയേൽ ജൂൺ 13ന് ഒരു പ്രകോപനവും കൂടാതെ ഇറാനെ ആക്രമിച്ചത് അമേരിക്കയുടെ നിർദ്ദേശത്തോടെയും പിന്തുണയോടെയും ആണെന്ന് വ്യക്തം. അതു സ്ഥാപിക്കുന്ന വിധത്തിൽ ജൂൺ 21ന് അമേരിക്ക മേൽ സൂചിപ്പിച്ചതുപോലെ ഇറാൻ ആണവ കേന്ദ്രങ്ങൾക്കുനേരേ ബോംബാക്രമണം നടത്തുകയും ചെയ്തു. യുദ്ധത്തിലോ അന്തർദ്ദേശീയവ്യാപാരത്തിലോ താല്പര്യമോ പങ്കോ ഇല്ലാത്ത സാധാരണ ജനങ്ങളാണ് ഈ യുദ്ധങ്ങളിലെല്ലാം പിടഞ്ഞുവീണു മരിക്കുന്നത് എന്നത് ഈ യുദ്ധവെറിയൻ ഭരണാധികാരികളുടെ പരിഗണനയേ അല്ല.
അന്തർദ്ദേശീയരംഗത്ത് ഇവയൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. 2022 ഫെബ്രുവരിയിലാരംഭിച്ച റഷ്യ-യുക്രൈൻ യുദ്ധം ഒരു തടസ്സവും കൂടാതെ തുടരുന്നു. ഈ യുദ്ധത്തിനുപിന്നിലെ സാമ്രാജ്യത്വ താല്പര്യങ്ങളെക്കുറിച്ച് പല തവണ യൂണിറ്റി വിശദീകരിച്ചിട്ടുണ്ട്. ആഫ്രിക്കയിലെ പല രാജ്യങ്ങളും പ്രാദേശികയുദ്ധങ്ങളുടെ ഇടയിലാണ്. ഭരണകൂടത്തോളം വളർന്ന സൈനിക ഗ്രൂപ്പുകളുടെ പിടിയിലാണ് ജനജീവിതം. വിലപിടിപ്പുള്ള ധാതുശേഖരമുള്ള ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുമായി റുവാണ്ട, ഉഗാണ്ട തുടങ്ങിയ അയൽരാജ്യങ്ങളും സൈനികസംഘങ്ങളും യുദ്ധത്തിലാണ്. പട്ടിണിയിലും നിത്യദാരിദ്ര്യത്തിലും കഴിയുന്ന ആഫ്രിക്കൻജനതയുടെ മേലാണ് യുദ്ധത്തിന്റെയും കെടുതികൾ വന്നു പതിക്കുന്നത്.
സംഘർഷഭരിതമായ അതിർത്തി പങ്കിടുന്ന ഇന്ത്യയും പാകിസ്ഥാനും ഈ ജൂൺ മാസത്തിലാണ് ഒരു യുദ്ധസമാനമായ സാഹചര്യത്തിലേക്കെത്തിയത്. പഹൽഗാമിലെ ഭീകരവാദ ആക്രമണം നടത്തിയവരെ ഇതേവരെ കണ്ടെത്തിയില്ലെങ്കിലും പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെന്ന് പറയുന്ന സ്ഥലങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തി. ഇരുരാജ്യങ്ങളിലെയും ജനങ്ങളുയർത്തിയ സമ്മർദ്ദത്തിൽ ഈ സംഘർഷം ഉയർന്ന ഘട്ടത്തിലേക്കെത്താതെ വഴിമാറി. ചുരുക്കത്തിൽ, ലോകത്തെല്ലായിടത്തും യുദ്ധമോ യുദ്ധസമാനമായ സംഘർഷങ്ങളോ ജനജീവിതത്തിന്റെ സ്വൈര്യം കെടുത്തിക്കൊണ്ടിരിക്കുകയാണ്. അതതു സ്ഥലങ്ങളിലെ ഭരണാധികാരികളുടെ എന്തെങ്കിലും സ്വഭാവസവിശേഷതയാണ് യുദ്ധസംഘർഷം സൃഷ്ടിക്കുന്നത് എന്നതല്ല യാഥാർത്ഥ്യം. മുതലാളിത്തത്തിന്റെ ചൂഷണവാഴ്ച്ച മുന്നോട്ടു പോകുന്നതനുസരിച്ച് അതിന്റെ വിപണിതാൽപ്പര്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ സൃഷ്ടിക്കുന്നതാണ് യുദ്ധം. വിശേഷിച്ച്, സാമ്രാജ്യത്വയുദ്ധം. ‘സാമ്രാജ്യത്വം അനിവാര്യമായും യുദ്ധം സൃഷ്ടിക്കുന്നു’ എന്ന ലെനിന്റെ പാഠം ഇവിടെയോർക്കാം.
‘സ്വതന്ത്രമത്സരത്തിന്റെ’ സുവർണ്ണ കാലത്തായിരുന്നു 19-ാം നൂറ്റാണ്ടിൽ മുതലാളിത്തം വളർന്നത്. മനുഷ്യരാശി അന്നേവരെ കണ്ടതിൽ വച്ചേറ്റവും ക്രൂരമായ ചൂഷണത്തിലൂടെ മുതലാളിത്തം എങ്ങനെ ‘മൂലധനം’ സ്വരൂപിച്ചുവെന്നും അത് പിന്നീട് സാമൂഹിക ജീവിതത്തിൽ ചൂഷണോപാധിയായി ആധിപത്യം സ്ഥാപിച്ചുവെന്നും അസാമാന്യതെളിമയോടെ മാർക്സ് സ്ഥാപിച്ചു. 19-ാംനൂറ്റാണ്ടിന്റെ അവസാനത്തോടെ നടന്ന കുത്തകകളുടെ രൂപീകരണം സ്വതന്ത്രമത്സരത്തെ വിഴുങ്ങിക്കൊണ്ട് വിപണിയുടെ വെട്ടിപ്പിടുത്തം ആരംഭിച്ചിരുന്നു.
എന്നാൽ ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തോടെ വർദ്ധിതമായി ഉയർന്നുവന്ന കുത്തകകളുടെ സാന്നിദ്ധ്യം മുതലാളിത്ത ചൂഷണത്തെ എങ്ങനെ പുതിയ ഘട്ടത്തിലേക്കെത്തിച്ചുവെന്ന് വിശദീകരിച്ചതും ഈ പുതിയ ഘട്ടത്തെ സാമ്രാജ്യത്വം എന്നു വിളിച്ചതും ലെനിനായിരുന്നു. ലെനിൻ എഴുതുന്നു, “അരനൂറ്റാണ്ടിനുമുമ്പ് മാർക്സ് മൂലധനം എഴുതുമ്പോൾ സ്വതന്ത്രമത്സരത്തെ ഒരു ‘പ്രകൃതിനിയമ’മായിട്ടാണ് ബഹുഭൂരിപക്ഷം ധനശാസ്ത്രജ്ഞന്മാരും കണ്ടത്. സ്വതന്ത്രമത്സരം ഉൽപ്പാദനത്തിന്റെ കേന്ദ്രീകരണത്തിന് ഇടയാക്കുമെന്നും ആ കേന്ദ്രീകരണം ഒരു നിശ്ചിതവികാസഘട്ടത്തിൽ കുത്തകയ്ക്കു വഴിതെളിക്കുമെന്നും മുതലാളിത്തത്തെ സൈദ്ധാന്തികമായും ചരിത്രപരമായും അപഗ്രഥിച്ചു കൊണ്ട് തെളിയിച്ച മാർക്സിന്റെ കൃതികളെ മൗനം എന്ന ഗൂഢാലോചന വഴി കുഴിച്ചുമൂടാൻ ഔദ്യോഗികശാസ്ത്രം ശ്രമിച്ചുനോക്കി. ഇന്നു കുത്തക ഒരു യാഥാർത്ഥ്യമായി കഴിഞ്ഞിരിക്കുന്നു.” (സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം – ലെനിൻ) സാമ്രാജ്യത്വത്തിന്റെ അഞ്ചു മൗലിക സവിശേഷതകൾ അദ്ദേഹം വ്യക്തമാക്കുന്നു.
“1. സാമ്പത്തികജീവിതത്തിൽ നിർണ്ണായകമായ പങ്കുവഹിക്കുന്ന കുത്തകകളെ സൃഷ്ടിക്കത്തക്കവണ്ണം ഉയർന്നഘട്ടത്തിലേക്ക് ഉൽപ്പാദനത്തിന്റെയും മൂലധനത്തിന്റെയും കേന്ദ്രീകരണം വളർന്നിരിക്കുന്നു. 2. ബാങ്കുമൂലധനവും വ്യാവസായികമൂലധനവും തമ്മിൽ ലയിച്ചു ചേരുകയും ഈ ‘ഫിനാൻസ് മൂലധന’ത്തിന്റെ അടിസ്ഥാനത്തിൽ ഒരു ഫിനാൻസ് പ്രഭുത്വം സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുന്നു. 3. ചരക്കുകളുടെ കയറ്റുമതിയിൽനിന്ന് വ്യത്യസ്തമായി മൂലധനത്തിന്റെ കയറ്റുമതി അസാമാന്യമായ പ്രാധാന്യമാർജ്ജി ക്കുന്നു. 4. ലോകമാകെ തങ്ങൾക്കിടയിൽ പങ്കിട്ടെടുക്കുന്ന തരത്തിൽ സാർവ്വദേശീയ കുത്തക മുതലാളിത്ത സംഘടനകൾ രൂപീകരിക്കപ്പെടുന്നു. 5. ഏറ്റവും വലിയ മുതലാളിത്ത ശക്തികൾക്കിടയിൽ മുഴുവൻലോകവും പ്രാദേശികമായി വീതിക്കപ്പെടുന്നത് പൂർത്തിയായിരിക്കുന്നു.” (അതേ കൃതി)
സാമ്രാജ്യത്വം ലോകമെമ്പാടും അസമമായ വികസനം സൃഷ്ടിക്കുകയും വഷളാക്കുകയും ചെയ്തുവെന്നും ഇത് മുതലാളിത്ത ശക്തികൾ തമ്മിലുള്ള തീവ്രമായ മത്സരത്തിനും സംഘർഷത്തിനും കാരണമായി എന്നും അദ്ദേഹം വിശദീകരിച്ചു. ലോകമാകെയുള്ള പങ്കിട്ടെടുക്കൽ സ്ഥിരമല്ല. ശാക്തികബലാബലങ്ങൾക്കനുസരിച്ച് ലോകകമ്പോളത്തിന്റെ പുനർവിഭജനം നടന്നു കൊണ്ടിരിക്കും. ഈ പുനർവിഭജനശ്രമങ്ങളുടെ ഉൽപ്പന്നമാണ് യുദ്ധം. സാമ്രാജ്യത്വ രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ ആകസ്മികമല്ല, മറിച്ച് മുതലാളിത്തവ്യവസ്ഥയിൽ അന്തർലീനമായ വൈരുദ്ധ്യങ്ങളുടെ അനിവാര്യമായ ഫലമാണെന്ന് ലെനിൻ കാട്ടിത്തന്നു. ഒന്നാം ലോകയുദ്ധം 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലോകകമ്പോളത്തിനായുള്ള രൂക്ഷമായ പിടിവലിയുടെ ഫലമായിരുന്നു. ആ വൈരുദ്ധ്യം പരിഹരിക്കപ്പെടാതെ 1939ൽ രണ്ടാം ലോകയുദ്ധത്തിന്റെ പൊട്ടിപ്പുറപ്പെടലിലേക്കെത്തി. തുടർന്നും പ്രാദേശികമോ നീണ്ടുനിൽക്കുന്നതോ ആയ യുദ്ധങ്ങളില്ലാത്ത ഒരു വർഷവും കടന്നു പോയിട്ടില്ല.
കമ്പോളത്തിനായുള്ള കടുത്ത മത്സരം കൈവിട്ട നിലയിലേക്കുപോകാതെ, ലോകത്തെ വമ്പൻകുത്തകകൾക്ക് ഏതു രാജ്യത്തിന്റെയും കമ്പോളത്തിലേക്കു കടന്നു ചെല്ലാൻ വഴിയൊരുക്കാനാണ് 1990 കളിൽ ആഗോളീകരണ, ഉദാരീകരണ, സ്വകാര്യവൽക്കരണ നയങ്ങൾ ആവിഷ്ക്കരിക്കപ്പെട്ടത്. എന്നാലതും 30 കൊല്ലത്തെ അനുഭവത്തിൽ സാമ്രാജ്യത്വമുതലാളിത്തരാഷ്ട്രങ്ങളുടെ കമ്പോളപ്രതിസന്ധി പരിഹരിക്കുന്നില്ല. മറ്റു രാജ്യങ്ങളുടെ ദേശീയവിപണി തുറന്നുകിട്ടാൻ ആവശ്യപ്പെടുന്ന വൻകിടരാജ്യങ്ങൾ പ്രത്യേകിച്ച് അമേരിക്ക, സ്വന്തം വിപണിയെ സംരക്ഷിച്ചു നിറുത്താനാണു ശ്രമിക്കുന്നത്. ഇറക്കുമതിച്ചുങ്കം വർദ്ധിപ്പിച്ചു കൊണ്ടുള്ള താരിഫ് യുദ്ധം സകലസീമകളും കടന്നിരിക്കുന്നു. അമേരിക്കയിൽ വീണ്ടും അധികാരത്തിലേറിയ ട്രംപ് ‘മേക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ (MAGA) എന്ന മുദ്രാവാക്യമുയർത്തി ജനങ്ങളെ പാട്ടിലാക്കി സാമ്രാജ്യത്വതാല്പര്യം സംരക്ഷിക്കാനാണു ശ്രമിക്കുന്നത്.
കമ്പോളപ്രതിസന്ധിയ്ക്ക് ഒറ്റമൂലിയെന്ന നിലയിൽ സാമ്രാജ്യത്വശക്തികൾ കൊണ്ടുവന്ന ആഗോളീകരണത്തിന്റെ ഹീനസിദ്ധാന്തം, ‘താരതമ്യേന അവികസിതമായ മുതലാളിത്ത രാജ്യങ്ങളുടെ ആഭ്യന്തര കമ്പോളം പിടിച്ചുപറിക്കാനുള്ള’ സാമ്രാജ്യത്വ ശക്തികളുടെ കൈകളിലെ ഉപകരണമല്ലാതെ മറ്റൊന്നുമല്ലെന്ന് അന്തർദ്ദേശിയ സാഹചര്യങ്ങളെക്കുറിച്ചുള്ള എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)ന്റെ രണ്ടാം പാർട്ടി കോൺഗ്രസ്സിന്റെ തിസീസ് സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ, ആഗോളീകരണം സാധാരണക്കാരുടെ ജീവിതത്തിൽ എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങൾ വിതച്ചുവെങ്കിലും അതിന്റെ നീണ്ടവർഷങ്ങളിലെ പ്രയോഗം ഫലശൂന്യമായെന്നും മുതലാളിത്ത സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിൽ നിന്നു കരകയറ്റാൻ അതിനു കഴിഞ്ഞിട്ടില്ലെന്നും തെളിയിക്കപ്പെട്ടിരിക്കുന്നു. ഇപ്പോൾ ഗതികെട്ട നിലയിൽ അമേരിക്ക അടക്കമുള്ള സാമ്രാജ്യത്വരാജ്യങ്ങൾ, സ്വന്തം ആഭ്യന്തരകമ്പോളം പലവിധേനയും സംരക്ഷിക്കാനുള്ള ശ്രമത്തിലാണ്. ഒരിക്കൽ അമേരിക്ക ആഗോളീകരണത്തിന്റെയും തുറന്ന കമ്പോളത്തിന്റെയുമൊക്കെ മുഖ്യവക്താവ് ആയിരുന്നുവെങ്കിൽ ഇന്നവർ സംരക്ഷണനയത്തിൽ അഭയം പ്രാപിക്കുകയാണ്. സഖാവ് ശിബ്‌ദാസ് ഘോഷ് സൂചിപ്പിച്ച അത്തരമൊരു സാഹചര്യം ഓർമ്മിക്കട്ടെ, “ഒരു ദുർഘട പ്രതിസന്ധിയിൽനിന്ന് പുറത്തുകടക്കാൻ ബൂർഷ്വാസി എടുക്കുന്ന ഒരു നടപടി മറ്റൊരു വലിയ പ്രതിസന്ധിയുടെ ആഴങ്ങളിലേക്കു വീഴ്ത്താൻ മാത്രമാണുപകരിക്കുന്നത്… വികസനത്തിനായി ഒരു ശ്വാസമെടുക്കാനുള്ള ഇടം പോലും അവർക്കു ലഭിക്കുന്നില്ല… അത് അതിന്റെ പരമോന്നത ഘട്ടത്തിൽ, സാമ്രാജ്യത്വത്തിന്റെ ഘട്ടത്തിലെത്തിയിരിക്കുകയും പിന്തിരിപ്പനായി മാറിയിരിക്കുകയും ചെയ്തിരിക്കുന്നു… ഒന്നിനുപിറകെ ഒന്നായി അതു പ്രതിസന്ധികൾക്കു ജന്മം നൽകുന്നു.” ഡൊണാൾഡ് ട്രംപ് ഇപ്പോൾ ‘അമേരിക്ക ആദ്യം’ എന്ന മുറവിളി കൂട്ടുകയും അമേരിക്കൻ ഉല്പന്നങ്ങൾക്കുമേൽ ഇറക്കുമതിത്തീരുവ ചുമത്തുന്ന രാജ്യങ്ങളെ കഠിനമായി വിമർശിക്കുകയും ചെയ്യുന്നു. യുഎസ്എ അവരുടെ ആഭ്യന്തര കമ്പോളത്തിന്റെ സംരക്ഷണത്തിനായി വ്യാപാരക്കടമ്പകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനു തിരിച്ചടിയെന്ന നിലയിൽ ചൈന, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചുങ്കം വഴി പ്രതിരോധം തീർക്കുകയാണ്.”
എണ്ണയും ധാതുലവണങ്ങളും കൊണ്ടു സമ്പന്നമായ മധ്യപൂർവ്വദേശത്ത് യുഎസ്എ തങ്ങളുടെ പ്രാദേശിക കാര്യകർത്താവായ ഇസ്രയേൽവഴി മേഖലയുടെ ആധിപത്യത്തിനു ശ്രമിക്കുന്നതും ഇസ്രയേലിനെപ്പോലൊരു തെമ്മാടിരാഷ്ട്രം മേഖലയുടെ സകല സമാധാനവും കൊടുത്തുന്നതും ഈ കമ്പോളപ്രതിസന്ധിയിൽനിന്നു പുറത്തു കടക്കാനുള്ള ശ്രമങ്ങൾ തന്നെയാണ്.
ആധുനികസാങ്കേതികവിദ്യകളിൽ അനിവാര്യമായ ഘനലോഹങ്ങളുടെയും ധാതുലവണങ്ങളുടെയും ഉറവിടങ്ങൾ അധീനപ്പെടുത്താൻ സാമ്രാജ്യത്വരാഷ്ട്രങ്ങൾ ശ്രമിക്കുന്നതും ഈ യുഗത്തിൽ യുദ്ധത്തിനു വഴി തെളിക്കുന്നു. റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയത് എന്തു കാരണം പറഞ്ഞാണെങ്കിലും യുദ്ധത്തിൽ യുക്രൈനെ സഹായിച്ചതിന്റെ പ്രതിഫലമായി യുക്രൈന്റെ അപൂർവ്വധാതുശേഖരത്തിന്റെ അവകാശം അമേരിക്ക അവസാനം കൈക്കലാക്കിയിരിക്കുന്നു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്കയുടെ ഈ താല്പര്യം വ്യക്തമായിരുന്നു. നൂറുവർഷം മുമ്പ് ലെനിൻ ഇങ്ങനെ സൂചിപ്പിച്ചു, “ട്രസ്റ്റുകൾഅവയുടെ സ്വത്തിനെ അതിൽ നിന്ന് ‘കിട്ടാവുന്ന'(കിട്ടിയതല്ല) ലാഭവും കുത്തകയുടെ അനന്തരഫലങ്ങളും കണക്കാക്കി അതിന്റെ രണ്ടോമൂന്നോ ഇരട്ടി വിലയ്ക്കുള്ള മൂലധനം ആക്കി മാറ്റുന്നതുപോലെ തന്നെ, ഫിനാൻസ് മൂലധനം അസംസ്കൃതപദാർത്ഥങ്ങൾ കണ്ടെത്താൻ സാധ്യതയുള്ള ഇടങ്ങൾ കണക്കിലെടുത്തുകൊണ്ടും ലോകത്തിന്റ ഇതേവരെ പങ്കിടാത്ത അവസാനശകലങ്ങൾക്കു വേണ്ടിയോ പങ്കിട്ടു കഴിഞ്ഞവയെ വീണ്ടും പങ്കിടാൻ വേണ്ടിയോ ഉള്ള ഉഗ്രസമരത്തിൽ പിന്നിലായിപ്പോയാലോ എന്നു ഭയന്നുകൊണ്ടും എല്ലായിടത്തും ഏതുതരം ഭൂമിയും കഴിയുന്നിടത്തോളം കൂടുതൽ കൈവശപ്പെടുത്താൻ പൊതുവിൽ ശ്രമിക്കുന്നുണ്ട്.” (സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നതഘട്ടം)
രണ്ടാം ലോകയുദ്ധാനന്തരം വികസിതവും അവികസിതവുമായ മുതലാളിത്ത ഭരണകൂടങ്ങളിൽ പ്രത്യക്ഷമായ ഒരു സ്വഭാവവിശേഷം വ്യക്തമാക്കിക്കൊണ്ട് സഖാവ് ശിബ്‌ദാസ് ഘോഷ് ഇങ്ങനെ നിരീക്ഷിച്ചു. “മുതലാളിത്തം പിന്തിരിപ്പനായി മാറി എന്നു മാത്രമല്ല അതിപ്പോൾ രൂക്ഷമായ ലോക മുതലാളിത്ത കമ്പോളപ്രതിസന്ധിയുടെ മൂന്നാംഘട്ടത്തെ നേരിട്ടു കൊണ്ടിരിക്കുകയുമാണ്, അതാകട്ടെ മുമ്പത്തേക്കാൾ തീവ്രവും ഭീകരമായ അളവിലുള്ളതുമാണ്. മുതലാളിത്തത്തിന്റെ ഇന്നത്തെ പ്രതിസന്ധി നിത്യേനയോ മണിക്കൂറുകൾ തോറുമോ എന്നവണ്ണമുള്ളതാണ്. പ്രഭാതത്തിൽ ഉണർവ്വിന്റെ ഒരു സൂചന കണ്ടാൽത്തന്നെ സായാഹ്നമാകുമ്പേഴേയ്ക്കും അതൊരു തകർച്ചയായി മാറുന്നു… ബഹുമുഖമായ ഈ പ്രതിസന്ധിയെ നേരിടുന്ന, വികസിത മുതലാളിത്ത രാജ്യങ്ങളിലേയും മുതലാളിത്ത ദിശയിൽ പുന:സംഘടിക്കപ്പെട്ട പിന്നോക്ക രാജ്യങ്ങളിലേയും മുതലാളിമാർ, തങ്ങളുടെ സമ്പദ് വ്യവസ്ഥയെയൊന്നാകെ സൈനിക സമ്പദ്‌വ്യവസ്ഥയുമായി കൂട്ടിയോജിപ്പിച്ചു കൊണ്ടിരിക്കുകയാണ്.” (കാലഘട്ടത്തിന്റെ ആഹ്വാനം, ശിബ്‌ദാസ് ഘോഷ്)
മുതലാളിമാരെക്കൊണ്ട് യുദ്ധോപകരണങ്ങൾ നിർമ്മിക്കുകയും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സർക്കാർ തന്നെ അവയുടെ ഉപഭോക്താവാകുകയും ചെയ്തുകൊണ്ട് ഉല്പാദനത്തിന് കൃത്രിമമായ ഉത്തേജനം നൽകുന്നതാണ് ഇന്നത്തെ രീതി. കമ്പോളം ഉറപ്പാക്കുന്നു എന്നതിനോടൊപ്പം ഇത് നശീകരണ ആയുധങ്ങളുടെ വൻതോതിലുള്ള സംഭരണത്തിനും കാരണമാകുന്നു. ഒരു ഘട്ടം കഴിയുമ്പോൾ അവ ഉപയോഗിച്ചു തീർക്കുക എന്നതും വീണ്ടുമുള്ള ഉല്പാദനത്തിന് ആവശ്യമായി വരുന്നു. ഒരു കാരണവുമില്ലാതെയും യുദ്ധമുണ്ടാകുന്നത ങ്ങനെയൊണ്. ജനങ്ങൾ നിത്യേനരകത്തിലേക്ക് ആണ്ടുപോയാലും കുത്തകകൾ കൊഴുത്തു വീർക്കും. 2024ൽ ഇസ്രയേലിന്റെ ആയുധക്കയറ്റുമതി തുടർച്ചയായ നാലാംവർഷവും 14.8 ബില്യൺ ഡോളർ കടന്ന് റിക്കാർഡ് തകർത്തെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത് കാണാതെ പോകരുത്.
എന്നാൽ, ഇരുളടഞ്ഞ ഈ സമകാലീന സാഹചര്യം മനുഷ്യ സമൂഹത്തിന്റെ അനിവാര്യ വിധിയാണെന്നു കരുതേണ്ടതില്ല.സാമ്രാജ്യത്വത്തിന്റെയും യുദ്ധത്തി ന്റെയും മൂലകാരണങ്ങൾ സോഷ്യലിസത്തിന് മാത്രമേ ഇല്ലാതാക്കാൻ കഴിയൂ എന്ന് ശാസ്ത്രീയമായി വിശദീകരിച്ചു കൊണ്ട്, മുതലാളിത്ത വ്യവസ്ഥയെ വിപ്ലവകരമായി അട്ടിമറിക്കണമെന്ന് ലെനിൻ കാണിച്ചു. സാമ്രാജ്യത്വത്തെ മുതലാളിത്തത്തിന്റെ ഒരു പരിവർത്തന ഘട്ടമായിട്ടാണ് ലെനിൻ വീക്ഷിച്ചത്, വർഗസമരം തീവ്രമാക്കുകയും മുതലാളിത്ത വ്യവസ്ഥയുടെ വൈരുദ്ധ്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്തുകൊണ്ട് സോഷ്യലിസ്റ്റ് വിപ്ലവത്തിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന ഒന്ന്. സാമ്രാജ്യത്വത്തിന് കീഴിൽ ലാഭത്തിനും വികാസത്തിനും വേണ്ടിയുള്ള അന്തർലീനമായ പ്രേരണ അനിവാര്യമായും സംഘർഷത്തിലേക്ക് നയിക്കുമെന്നും ഒടുവിൽ തൊഴിലാളിവർഗം മുതലാളിത്തത്തെ അട്ടിമറിക്കുമെന്നും അദ്ദേഹം സംശയലേശമെന്യേ തെളിയിച്ചു.
യുദ്ധം സൃഷ്ടിക്കുന്ന വിനാശങ്ങൾക്കെതിരെ അന്താരാഷ്ട്രതലത്തിൽ ഉയർന്നുവരുന്ന ജനകീയപ്രക്ഷോഭങ്ങൾ കൂരിരുട്ടിലും വെളിച്ചം വീശുന്നു. ഓരോ രാജ്യത്തെയും കമ്മ്യൂണിസ്റ്റുകൾ ഈ സമാധാനപ്രക്ഷോഭണങ്ങളുടെ അകക്കാമ്പായി നിലകൊള്ളുകയും യുദ്ധവെറിയന്മാർക്കുമേൽ സമാധാനം അടിച്ചേല്പിക്കാൻ ശക്തി നേടുകയും ചെയ്യുമ്പോൾ അത് ജനങ്ങളുടെ മോചനപ്പോരാട്ടങ്ങൾക്കും വഴിയൊരുക്കും.