ഓപ്പറേഷൻ സിന്ദൂർ: ഇനിയും ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾ

Share

നാല് ദിവസം നീണ്ടുനിന്ന ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിച്ചതിനുശേഷം 2025 മെയ് 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആദ്യ പൊതുപ്രസംഗത്തിൽ, ഇന്ത്യയുടെ സായുധസേന ആരംഭിച്ച ‘ഓപ്പറേഷൻ സിന്ദൂർ’ പാകിസ്ഥാനെയും അതിന്റെ ഭീകരപ്രവർത്തകരെയും കീഴടങ്ങാൻ നിർബന്ധിതരാക്കി എന്ന് പറഞ്ഞു. “(ഹിന്ദു)സ്ത്രീകളുടെ നെറ്റിയിൽ നിന്ന് സിന്ദൂരം തുടയ്ക്കാൻ പുറപ്പെട്ടവരെ തകർത്തു”. “ഭാരതമാതാവിന്റെ സേവകൻ മോദി നെഞ്ചുയർത്തി ഇവിടെ നിൽക്കുന്നു. മോദിയുടെ മനസ്സ് തണുത്തതായിരിക്കാം, പക്ഷേ മോദിയുടെ രക്തം ചൂടുള്ളതാണ്. ഇപ്പോൾ, എന്റെ സിരകളിൽ ഒഴുകുന്നത് രക്തമല്ല, ചൂടുള്ള സിന്ദൂരമാണ്… സിന്ദൂരം ബറൂദ് (വെടിമരുന്ന്) ആയി മാറുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ലോകവും രാജ്യത്തിന്റെ ശത്രുക്കളും കണ്ടു”. പാകിസ്ഥാനെതിരായ ഇന്ത്യയുടെ സൈനിക നടപടിക്ക് അദ്ദേഹം നൽകിയ പേരാണ് ‘ഓപ്പറേഷൻ സിന്ദൂർ’. കാശ്മീരിലെ പഹൽഗാം എന്ന റിസോർട്ട് പട്ടണത്തിൽനിന്ന് ആറ് കിലോമീറ്റർ അകലെയുള്ള മനോഹരമായ പുൽമേടും വിനോദസഞ്ചാര കേന്ദ്രവുമായ ബൈസാരന്റെ ശാന്തമായ സൗന്ദര്യം കഴിഞ്ഞ ഏപ്രിൽ 22 ന് നിരപരാധികളായ വിനോദസഞ്ചാരികളുടെ രക്തത്തിൽ കുതിർന്നതിന് ശേഷമായിരുന്നു ഇത്. അവിടെ ഒരു കൂട്ടം തീവ്രവാദികൾ 28 പേരെ വെടിവച്ചുകൊന്നു. അവരിൽ ഭൂരിഭാഗവും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളാണ്. ഒരു ഡസനിലധികം പേർക്ക് പരിക്കേറ്റു.

എങ്ങനെയാണ് കടുത്ത
സുരക്ഷാവലയം തീവ്രവാദികൾക്ക് ഭേദിക്കാനായത്?

തീവ്രദേശീയവാദം ഉണർത്താൻവേണ്ടി പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദി നടത്തിയ വീമ്പിളക്കലുകൾ അവിടെ നിൽക്കട്ടെ. ഇന്ത്യയുടെ സൈന്യത്തിന്റെയും പോലീസിന്റെയും കനത്ത സുരക്ഷയെ മറികടന്ന് ആയുധധാരികളായ തീവ്രവാദികൾക്ക് എങ്ങനെ ആ സ്ഥലത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞുവെന്നതാണ് ആദ്യത്തെ ചോദ്യം. ദൃക്‌സാക്ഷികളുടെ അഭിപ്രായത്തിൽ, ഇത്രയും ഭയാനകമായ ഒരു കുറ്റകൃത്യം നടന്ന സ്ഥലത്ത് ഒരു പോലീസുകാരനെപ്പോലും കാണാനായില്ല. ഇരകളെ കൊലപ്പെടുത്തിയ ശേഷം, 2023ലെ പൂഞ്ച് ഭീകരാക്രമണത്തിലും 2024 ലെ ഗഗാംഗീർ ഗുൽമാർഗ് ഭീകരാക്രമണത്തിലും ഉൾപ്പെട്ടതായി പറയപ്പെടുന്ന ഈ കുറ്റവാളികൾക്ക് എളുപ്പത്തിൽ രക്ഷപ്പെടാൻ കഴിഞ്ഞു. ഏകദേശം രണ്ട് മാസമായിട്ടും ഇന്നുവരെ അവരെ കണ്ടെത്താനായിട്ടില്ല.

തീവ്രവാദം തുടച്ചുനീക്കും എന്ന മുൻവാഗ്ദാനങ്ങൾ വെറും പൊള്ളയോ?

രണ്ടാമതായി, ഒരു വർഷം മുമ്പ് ഒരു മാധ്യമ അഭിമുഖത്തിൽ പ്രധാനമന്ത്രി മോദി തന്റെ ജനനം ജൈവികമല്ലെന്നും, ദൈവിക ദൗത്യം നിറവേറ്റുന്നതിനായി തന്നെ ദൈവം അയച്ചതാണെന്നും അവകാശപ്പെട്ടിരുന്നു. അതിനാൽ, സ്വയം പുകഴ്ത്തുന്നത് പ്രധാനമന്ത്രി മോദിക്ക് പുതിയ കാര്യമല്ല. എന്നാൽ, കഴിഞ്ഞ ഒരു ദശകത്തിലെ ഇന്ത്യയിലെ സംഭവവികാസങ്ങളെക്കുറിച്ച് പരിചയമില്ലാത്ത ഒരാൾക്ക്, അത്തരം വീരവാദങ്ങളിൽ ആകൃഷ്ടനാകാനും ‘ഓപ്പറേഷൻ സിന്ദൂർ’ തീവ്രവാദത്തിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയടിച്ചതായി അനുമാനിക്കാനും സാധ്യതയുണ്ട്. ഇന്ത്യയുടെ സൈന്യം പാകിസ്ഥാനിലെ തീവ്രവാദ ഒളിത്താവളങ്ങളും സന്നാഹകേന്ദ്രങ്ങളും തകർത്തുവെന്ന് അവകാശപ്പെടുകയാണ് പ്രധാനമന്ത്രി. എന്നാൽ ‘ഓപ്പറേഷൻ സിന്ദൂറി’ന് ശേഷം തീവ്രവാദം യഥാർത്ഥത്തിൽ തുടച്ചുനീക്കപ്പെട്ടോ എന്നതാണ് ചോദ്യം. ഇതിന് നേരിട്ടുള്ള ഉത്തരമില്ല. 2016ൽ നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോൾ, അതിന്റെ മൂന്ന് ലക്ഷ്യങ്ങളിൽ ഒന്ന് ഭീകരതയ്ക്കുള്ള ധനസഹായം തടയുക എന്നതായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. പിന്നീട്, 2019ൽ, ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിൽ 40 സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന ഒരു വാഹനം പാകിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികൾ തകർത്തു. പാകിസ്ഥാനിലെ ജെയ്‌ഷെ-ഇ-മുഹമ്മദ് എന്ന ഭീകരസംഘടനയുടെ ആസ്ഥാനമായ ബാലാകോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതായി പ്രധാനമന്ത്രി മോദിയും ബിജെപി ഉന്നതരും അവകാശപ്പെട്ടു. ആ സമയത്ത് തങ്ങളുടെ യുദ്ധവിമാനങ്ങൾ സ്ഥലത്തെ ഭീകരഗ്രൂപ്പിന്റെ പരിശീലന ക്യാമ്പിൽ ആക്രമണം നടത്തി നിരവധി തീവ്രവാദികളെ കൊന്നതായി ഇന്ത്യ അവകാശപ്പെട്ടു. എന്നാൽ ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങൾ അവലോകനം ചെയ്ത് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്, വടക്കുകിഴക്കൻ പാകിസ്ഥാനിൽ ജെയ്‌ഷെ-ഇ-മുഹമ്മദ്  നടത്തുന്ന ഒരു ‘മതപാഠശാല’, പ്രസ്തുത ആക്രമണത്തിന് ദിവസങ്ങൾക്ക് ശേഷവും നിലകൊള്ളുന്നതായി കാണപ്പെടുന്നു എന്നാണ്. ഒരു കാക്കയും കുറച്ച് മരങ്ങളും മാത്രമേ ഇല്ലാതായുള്ളൂ എന്നാണത്രേ ചില പ്രദേശവാസികൾ പറഞ്ഞത്. എന്തായാലും, ആ സമയത്തും തീവ്രവാദം നിയന്ത്രണത്തിലാണെന്ന് മോദി സർക്കാർ നമ്മളോട് പറഞ്ഞു. ബാലകോട്ട് വ്യോമാക്രമണത്തെയും “പാകിസ്ഥാൻ പ്രദേശത്തേക്ക് പ്രവേശിച്ച് ആക്രമണം നടത്താനുള്ള ധൈര്യത്തെയും” ഉയർത്തിക്കാട്ടികൊണ്ട്, “ശത്രുരാജ്യത്തിന്റെ കുതന്ത്രങ്ങളിൽനിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിന്റെ വിജയഗാഥയുമായി” തെരഞ്ഞെടുപ്പിൽ ജനങ്ങളെ ആകർഷിച്ച് വിജയം നേടാൻ ബിജെപിക്ക് കഴിഞ്ഞു. സ്വാതന്ത്ര്യാനന്തരം  അന്ന് നാട്ടുരാജ്യമായിരുന്ന ജമ്മു-കാശ്മീരിനെ ഇന്ത്യയിലേക്കു കൂട്ടിച്ചേർക്കാനുണ്ടാക്കിയ കരാറിലെ ഒരു വ്യവസ്ഥയായ ഭരണഘടനയുടെ 370-ാം വകുപ്പ് ഏകപക്ഷീയമായി റദ്ദാക്കിയപ്പോൾ, കാശ്മീരി ജനതയെ അത് വളരെയധികം വേദനിപ്പിച്ചു. ഇനി മുതൽ തീവ്രവാദം അതിന്റെ വൃത്തികെട്ട തല ഉയർത്തില്ലെന്ന് സർക്കാർ പറഞ്ഞു. പക്ഷേ കഷ്ടം! ഇത്രയും വലിയ നടപടികൾ സ്വീകരിച്ചിട്ടും പാകിസ്ഥാനെതിരെ ഇടയ്ക്കിടെ യുദ്ധഭീഷണി മുഴക്കിയിട്ടും, തീവ്രവാദം കീഴടക്കപ്പെട്ടിട്ടില്ല. അപ്പോൾ പ്രധാനമന്ത്രിയുടെ അവകാശവാദങ്ങളുടെയും വാഗ്ദാനങ്ങളുടെയും വിശ്വാസ്യത എന്താണ്?

എങ്ങനെയാണ് വെടിനി‍ർത്തൽ
പ്രഖ്യാപിച്ചത്? എന്തൊക്കെയായിരുന്നു നിബന്ധനകൾ?

മൂന്നാമതായി, പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ മന്ത്രിസഭാ സഹപ്രവർത്തകരും സൈനിക ജനറൽമാരും അവകാശപ്പെടുന്നത്, ‘ഓപ്പറേഷൻ സിന്ദൂറി’ലൂടെ ഇന്ത്യയുടെ സൈന്യം പാകിസ്ഥാനെ അനങ്ങാനാകാത്തപോലെ ബന്ധിച്ച്, പിന്മാറാനും ഒരു വെടിനിർത്തൽ തേടാനും നിർബന്ധിതരാക്കി എന്നാണ്. സത്യം അങ്ങനെയാണെങ്കിൽ, പഹൽഗാമിലെ ക്രൂരമായ കൊലപാതകത്തിന് നേതൃത്വം നൽകിയ തീവ്രവാദികളെ പാകിസ്ഥാൻ സ്പോൺസർ ചെയ്തതാണെങ്കിൽ, യുദ്ധവിരാമത്തിന്റെ പ്രധാന വ്യവസ്ഥകളിൽ ഒന്ന് ഈ കുറ്റവാളികളെയും പാകിസ്ഥാന്റെ മണ്ണിൽ കൂടുകൂട്ടിയിരിക്കുന്ന മറ്റ് എല്ലാ തീവ്രവാദികളെയും നിരുപാധികം ഇന്ത്യയ്ക്ക് കൈമാറുക എന്നതാകണ്ടേ? അങ്ങനെ സംഭവിച്ചിട്ടുണ്ടോ? അത്തരമൊരു നിബന്ധന നൽകിയിരുന്നോ? ഇല്ല. നേരെമറിച്ച്, ഏറ്റവും ആശ്ചര്യകരമായ കാര്യം, യുദ്ധം ആരംഭിച്ച് നാലാം ദിവസം, അതായത് മെയ് 10ന്, തന്റെ രാജ്യത്തിന്റെ മധ്യസ്ഥതയിൽ ‘‘നീണ്ട രാത്രി ചർച്ചകൾക്ക്’’ ശേഷം ഇന്ത്യയും പാകിസ്ഥാനും ‘‘പൂർണ്ണവും ഉടനടിയുമുള്ള’’ വെടിനിർത്തലിന് സമ്മതിച്ചതായി പ്രഖ്യാപിച്ചത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് എന്നതാണ്. കുറച്ച് സമയത്തിനു ശേഷം, ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിദേശകാര്യ മന്ത്രാലയങ്ങൾ ആ വെടിനിർത്തൽ സ്ഥിരീകരിച്ചു. വ്യാപാരക്കരാറുകൾ കാട്ടി പ്രലോഭിപ്പിച്ച് താൻ വെടിനി‍ർത്തലിലേക്ക് ഇരുരാജ്യങ്ങളേയും നയിച്ചു എന്ന് ട്രംപ് വീമ്പിളക്കി. അങ്ങനെയാണെങ്കിൽ, വെടിനിർത്തൽ നിബന്ധനകൾ എന്തൊക്കെയാണ്, ഇന്ത്യയുടെ നിബന്ധനകൾക്ക് മുന്നിൽ പാകിസ്ഥാൻ എങ്ങനെയാണ് വഴങ്ങിയത്, ട്രംപിന്റെ നിബന്ധനകൾക്ക് മുന്നിൽ ഇന്ത്യയുടെ നിലപാട് എന്തുകൊണ്ട് വഴങ്ങി? കൂടാതെ, ട്രംപിന്റെ നിർദ്ദേശങ്ങൾ തൽക്ഷണം അംഗീകരിക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചതെന്താണ്? എന്തൊരു അവിശ്വസനീയമായ വിരോധാഭാസമാണിത്! യുദ്ധം ചെയ്യുന്ന രണ്ട് രാജ്യങ്ങൾക്കിടയിൽ ഒരു മൂന്നാം രാഷ്ട്രത്തലവൻ ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചതായി ഒരിക്കലും കേട്ടിട്ടില്ല. പ്രസിഡന്റ് ട്രംപ് കുറഞ്ഞത് 11 തവണയെങ്കിലും വെടിനിർത്തൽ നടപ്പാക്കുന്നതിൽ തന്റെ മധ്യസ്ഥതയെക്കുറിച്ച് ആവർത്തിച്ചിട്ടും, പ്രധാനമന്ത്രി മോദി ഈ കാര്യത്തിൽ ഭയാനകമായ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്?

പഹൽഗാം കൂട്ടക്കൊലയ്ക്കു ശേഷം എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി കാശ്മീർ സന്ദർശിക്കാത്തത്?

മാത്രമല്ല, സൗദി അറേബ്യ സന്ദർശനം വെട്ടിച്ചുരുക്കി രാജ്യത്തേക്ക് മടങ്ങിയ പ്രധാനമന്ത്രി മോദി എന്തുകൊണ്ടാണ് കാശ്മീരിലേക്ക് പോകാതിരുന്നതെന്നും സ്ഥിതിഗതികൾ വിലയിരുത്തിയ സർവകക്ഷി യോഗത്തിൽപോലും പങ്കെടുക്കാതിരുന്നതെന്നും പ്രധാനമന്ത്രി മോദിയോ, മന്ത്രിസഭയിലെ മറ്റ് സഹപ്രവർത്തകരോ വ്യക്തമാക്കിയിട്ടില്ല. പകരം, ‘ഓപ്പറേഷൻ സിന്ദൂർ’ ഉയർത്തിക്കാട്ടുന്ന തിരഞ്ഞെടുപ്പ് റാലികളിൽ പ്രസംഗിക്കാൻ അദ്ദേഹം തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബീഹാറിലേക്ക് പറക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാണ്? വിവാഹിതരായ ഹിന്ദു സ്ത്രീകളുടെ ശിരസ്സിൽ സിന്ദൂരം ചാർത്തുന്നത് ഒരു പവിത്രമായ അടയാളമായി കണക്കാക്കപ്പെടുന്നതിനാൽ, അതുപയോഗിച്ച് കപട ദേശസ്നേഹം വളർത്തുകയും ഹിന്ദുത്വവികാരം വളർത്തുകയും ചെയ്യുക എന്നതാണോ അദ്ദേഹത്തിന്റെ ഏക ദൗത്യം? കൂടാതെ, പഹൽഗാം സംഭവത്തിന് മൂന്ന് ദിവസം മുമ്പ്, കാശ്മീരിൽ ഒരു ഭീകരാക്രമണം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി മോദിക്ക് ഇന്റലിജൻസ് വിവരങ്ങൾ ലഭിച്ചിരുന്നുവെന്നും തുടർന്ന് അദ്ദേഹം സ്വന്തം കാശ്മീർ യാത്ര റദ്ദാക്കിയെന്നും പറയപ്പെടുന്നു. അങ്ങനെയാണെങ്കിൽ, നിരപരാധികളായ വിനോദസഞ്ചാരികളെ ബൈസരൻ സന്ദർശിക്കാൻ അനുവദിച്ചത് എന്തുകൊണ്ടാണ്, അതും ഒരു സുരക്ഷാ ക്രമീകരണവുമില്ലാതെ? ‘ഓപ്പറേഷൻ സിന്ദൂറി’ന്റെ വിജയം ഉയർത്തിക്കാട്ടുന്നതിനായി പ്രധാനമന്ത്രി മോദിയും ബിജെപി നേതാക്കളും രാജ്യമെമ്പാടും ‘തിരംഗ യാത്ര’ എത്ര ആവേശത്തോടെ സംഘടിപ്പിച്ചാലും, ബൈസരനിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും അതിർത്തി ഗ്രാമങ്ങളിൽ പാകിസ്ഥാൻ സൈന്യത്തിന്റെ മിസൈൽ ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങളും ഈ സാധുവായ ചോദ്യങ്ങൾ ഉന്നയിക്കില്ലേ?

പാകിസ്ഥാൻ ഭരണാധികാരികളും ഒരുപോലെ വഞ്ചകരാണ്

ഇന്ത്യയ്‌ക്കെതിരായ വിദ്വേഷത്തിന്റെയും യുദ്ധമുറവിളിയുടെയും കടുത്ത പുകമറ സൃഷ്ടിച്ച്,  ദുരിതമനുഭവിക്കുന്ന തങ്ങളുടെ നാട്ടുകാരെ കബളിപ്പിക്കുന്ന പാകിസ്ഥാൻ ഭരണാധികാരികളുടെ കാര്യവും ഇതുതന്നെയാണ്. സൈന്യം ആധിപത്യം പുലർത്തുന്നതും ഇസ്ലാമിക മതഭ്രാന്തിൽ നങ്കൂരമിടുന്നതുമായ ഒരു ചൂഷണ മുതലാളിത്ത രാഷ്ട്രം കൂടിയായ പാകിസ്ഥാൻ, ആ രാജ്യത്തെ ഇന്ത്യക്കാരെ സമാനമായി നാടുകടത്തി തിരിച്ചടിച്ചു. ഇന്ത്യയുടെ വിമാനങ്ങൾക്കു മുന്നിൽ വ്യോമാതിർത്തിയും കപ്പലുകൾക്ക് തുറമുഖങ്ങളും അടച്ചു. ഇരുപക്ഷവും അതിർത്തിക്കപ്പുറത്ത് സൈന്യത്തെ അണിനിരത്തുകയും യുദ്ധവിളികളുമായി അന്തരീക്ഷം നിറയ്ക്കുകയും ചെയ്തു. കാരണം, രണ്ട് രാജ്യങ്ങളിലെയും ഭരണമുതലാളിവർഗ്ഗത്തിന് ഒരേ വർഗ്ഗതാൽപ്പര്യമുണ്ട്. അതിനാൽ അവരിരുപേരും ഏതാണ്ട് സമാനമായ നയങ്ങൾ സ്വീകരിക്കുന്നു.

മറ്റൊരു ചോദ്യം. തെറ്റായ വിവരങ്ങളുടെയും വ്യാജപ്രചരണങ്ങളുടെയും ഇടയിൽ വിജയം നേടുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ മാത്രമാണ് ഇരുവിഭാഗത്തിലെയും സൈനിക കമാൻഡർമാർ നടത്തിവരുന്നത്. സായുധ പോരാട്ടത്തിലെ തങ്ങളുടെ വിജയം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിനായി, പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കാശ്മീരിലെയും (പി‌ഒ‌കെ) ഒമ്പത് പ്രധാന ഭീകര പരിശീലനകേന്ദ്രങ്ങൾ വിജയകരമായി നശിപ്പിച്ചതായി ഇന്ത്യ അവകാശപ്പെട്ടു. ലഷ്കർ-ഇ-തൊയ്ബ, ജയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ എന്നിവരുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇത്. മറുവശത്ത്, ഇന്ത്യയുടെ മിസൈലുകൾ തടഞ്ഞുവെന്നും പാകിസ്ഥാൻ വ്യോമസേനയുടെ എല്ലാ സ്വത്തുക്കളും സുരക്ഷിതമാണെന്നും പാകിസ്ഥാൻ സൈന്യം പറഞ്ഞു. ഇന്ത്യയുടെ കിഴക്കൻ പഞ്ചാബിലും അഫ്ഗാനിസ്ഥാനിലും ചില ഇന്ത്യൻ മിസൈലുകൾ പതിച്ചതായും പാകിസ്ഥാന് അതിന് തെളിവുണ്ടെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി അവകാശപ്പെട്ടു. ലോകത്തിന് മുന്നിൽ വിജയം തെളിയിക്കാൻ, പാകിസ്ഥാൻ തങ്ങളുടെ സൈനിക മേധാവിക്ക് ഫീൽഡ് മാർഷൽ പദവി നൽകി. അതേസമയം, റാവൽപിണ്ടിയിലെ ഒരു വിമാനത്താവളം ഉൾപ്പെടെ പാകിസ്ഥാനുള്ളിലെ നിരവധി സ്ഥലങ്ങളിൽ ഇന്ത്യയുടെ മിസൈലുകൾ ആക്രമണം നടത്തിയതായി പാകിസ്ഥാൻ പ്രധാനമന്ത്രി സമ്മതിക്കുകയും യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടതായി ഇന്ത്യയുടെ സൈനിക മേധാവി സമ്മതിക്കുകയും ചെയ്തു.

ആരാണ് ഏറ്റവും ദുരിതമനുഭവിക്കുന്നവ‍ർ?

എന്നാൽ പ്രധാന കാര്യം, സൈനിക നഷ്ടങ്ങൾക്കും നേട്ടങ്ങൾക്കും അപ്പുറം, ആരാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ അനുഭവിച്ചത് എന്നതാണ്? ഇന്ത്യയിലെയോ പാകിസ്ഥാനിലേയോ നേതാക്കളുടെമേൽ ഒരു പോറലെങ്കിലും ഉണ്ടായിട്ടുണ്ടോ? ഇല്ല. പക്ഷേ, അതിർത്തി പ്രദേശങ്ങളിൽ താമസിച്ചിരുന്ന 26 ഇന്ത്യൻ പൗരന്മാർക്കും 20 പാകിസ്ഥാൻ പൗരന്മാർക്കും ജീവൻ നഷ്ടപ്പെട്ടു. പലരുടെയും കിടപ്പാടം തകർന്നു. അപ്പോൾ, ചോദ്യം ഇതാണ്. ഇത്തരം ഭീകരപ്രവർത്തനങ്ങൾക്ക് ഉത്തരവാദികൾ സാധാരണക്കാരായ പാകിസ്ഥാനികളോ ഇന്ത്യക്കാരോ ആണോ? പിന്നെ ഭരണാധികാരികളുടെ താത്പര്യപ്രകാരം ഇടയ്ക്കിടെ ഇത്തരം യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ അവർ എന്തിന് ഇരകളാക്കപ്പെടണം? കൂടാതെ, സൈനിക വിജയത്തിന്റെ അവകാശവാദങ്ങൾക്കും പ്രത്യാക്രമണങ്ങൾ ക്കും ഇടയിൽ, തീവ്രവാദത്തിന് തടയിടുക എന്ന വിഷയം പിന്നിലേക്ക് തള്ളപ്പെട്ടു എന്നതാണ് തിരിച്ചറിയേണ്ട മറ്റൊരു കാര്യം.

എന്തുകൊണ്ടാണ്
വസ്തുതകൾ പ്രഹേളികകളാൽ
പൊതിഞ്ഞിരിക്കുന്നത്?

ഇതിനിടയിൽ വന്ന മറ്റൊരു വെളിപ്പെടുത്തൽ എല്ലാവരെയും ഞെട്ടിച്ചു. ‘ഓപ്പറേഷൻ സിന്ദൂറി’ന്റെ ആദ്യഘട്ടം അവസാനിച്ച് 30 മിനിറ്റുകൾക്കുശേഷം പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയതായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റിയെ അറിയിച്ചു. ഇത് മറ്റൊരു കടങ്കഥയാണ്. അപ്പോൾ നമ്മൾ എന്താണ് മനസ്സിലാക്കേണ്ടത്? ഈ യുദ്ധം പരസ്പരസമ്മതത്തോടെയായിരുന്നോ? അതോ തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കുന്നതിനോ അല്ലെങ്കിൽ ഭയാനകമായ വിലക്കയറ്റം, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, തീവ്രമാകുന്ന അസമത്വം, കുതിച്ചുയരുന്ന ദാരിദ്ര്യം, വരുമാനത്തിലുള്ള ഇടിവ് തുടങ്ങിയ നീറുന്ന ജീവിതപ്രശ്‌നങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയുള്ള ഒരു പ്രകടനം മാത്രമായിരുന്നുവെന്നോ? ‘രാജ്യം അപകടത്തിലാണ്. ശത്രുവിന്റെ ആക്രമണത്തിൽനിന്ന് അതിനെ രക്ഷിക്കുക എന്നതാണ് മറ്റെല്ലാ പ്രശ്‌നങ്ങളെയും, അത് എത്ര തന്നെ അടിയന്തരമാണെങ്കിലും അതിനെക്കാൾ പ്രധാന്യമുള്ള കടമ’ – തീവ്രദേശീയവാദവും കപട ദേശസ്‌നേഹവും ഉത്തേജിപ്പിക്കുന്ന ഈ മുദ്രാവാക്യം, വർഗവിഭജിത ഇന്ത്യയിലെ അടിച്ചമർത്തി ഭരിക്കുന്ന കുത്തകകളുടെ വർഗതാൽപ്പര്യത്തിന് കീഴ്പ്പെട്ട ഒരു ഭരണ സംവിധാനത്തിന് പിന്നിൽ ജനങ്ങളെ അണിനിരത്തുന്നതിനുള്ള ഫലപ്രദമായ ഒരു തന്ത്രമാണ്. പ്രസക്തമായ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാത്തതിനാൽ, ‘ഓപ്പറേഷൻ സിന്ദൂറി’നോടുള്ള ഈ അമിതമായ ആവേശത്തിന് പിന്നിൽ അത്തരമൊരു ലക്ഷ്യമുണ്ടെന്ന് കരുതുന്നത് തെറ്റാണോ?

എന്തുകൊണ്ടാണ് ആഗോളതലത്തിൽ ഇന്ത്യ ഒറ്റപ്പെട്ടതുപോലെ കാണുന്നത്?

എന്നാൽ ചോദ്യങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. ലോകമെമ്പാടും ഇന്ത്യയുടെ ശബ്ദമാണിന്ന് മുഴങ്ങുന്നതെന്നാണ് പ്രധാനമന്ത്രി മോദി വളരെക്കാലമായി വിളിച്ചുപറയുന്നത്. അങ്ങനെയാണെങ്കിൽ, ‘ഓപ്പറേഷൻ സിന്ദൂർ’ സംബന്ധിച്ച് ഇന്ത്യയുടെ നിലപാടിനെ ഒരു രാജ്യവും അംഗീകരിക്കാത്തത് എന്തുകൊണ്ടാണ്? പൊതുഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഇന്ത്യയുടെ കാഴ്ചപ്പാട് വിശദീകരിക്കാൻ 33 രാജ്യങ്ങളിലേക്ക് 7 സർവകക്ഷി സംഘങ്ങളെ അയയ്ക്കേണ്ടി വന്നത് എന്തുകൊണ്ട്? വിവിധ രാജ്യങ്ങളുമായുള്ള ഇത്തരം ചർച്ചകളിൽ എന്താണ് സംഭവിച്ചതെന്ന് അറിയാൻ നാട്ടുകാർക്ക് അവകാശമില്ലേ? പഹൽഗാം തീവ്രവാദ കൂട്ടക്കൊലയെ എല്ലാ രാജ്യങ്ങളും അപലപിച്ചിട്ടും, ആരും പാകിസ്ഥാനെ അതിന് ഉത്തരവാദിയായി കണക്കാക്കാത്തത് എന്തുകൊണ്ടാണ്? മാത്രമല്ല, പാകിസ്ഥാനെ തീവ്രവാദത്തിന്റെ ഈറ്റില്ലമായി ഇന്ത്യ കണക്കാക്കുമ്പോൾ, 2025ൽ പാകിസ്ഥാനെ ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ താലിബാൻ ഉപരോധ സമിതിയുടെ ചെയർപേഴ്‌സണാക്കി. 15 രാജ്യങ്ങളുള്ള യുഎൻ തീവ്രവാദവിരുദ്ധ സമിതിയുടെ വൈസ് ചെയർപേഴ്‌സണായും പാകിസ്ഥാൻ പ്രവർത്തിക്കും. ജൂൺ 14ന് നടക്കുന്ന യുഎസ് സൈനിക ദിനാഘോഷത്തിൽ പങ്കെടുക്കാൻ പാകിസ്ഥാൻ സൈനിക മേധാവിയെ യുഎസ് ക്ഷണിച്ചു. പ്രധാനമന്ത്രി മോദിയും മറ്റുള്ളവരും അവകാശപ്പെടുന്നത് പോലെ, അന്താരാഷ്ട്ര നയതന്ത്ര മേഖലയിൽ ഇന്ത്യയ്ക്ക് ഒരു പ്രധാന സ്ഥാനം ഉണ്ടെങ്കിൽ, ഐക്യരാഷ്ട്രസഭ അംഗസമിതികളുടെ അംഗീകാരത്തോടെ പാകിസ്ഥാനെ അത്തരമൊരു സ്ഥാനത്തേക്ക് എങ്ങനെ തിരഞ്ഞെടുക്കാൻ കഴിയും? മാത്രമല്ല, പാകിസ്ഥാൻ സെനറ്റ് ചെയർമാനും മുൻപ്രധാനമന്ത്രിയുമായ യൂസഫ് റാസ ഗിലാനിയുടെ നേതൃത്വത്തിലുള്ള ഒരു ഉന്നതതല പാകിസ്ഥാൻ പാർലമെന്ററി പ്രതിനിധി സംഘം കഴിഞ്ഞ മാസം ന്യൂയോർക്കിലെ യുഎൻ ആസ്ഥാനം സന്ദർശിച്ചു എന്നത് ശ്രദ്ധേയമാണ്. മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടെ നേതൃത്വത്തിൽ ന്യൂയോർക്ക്, വാഷിംഗ്ടൺ ഡിസി, ലണ്ടൻ, ബ്രസ്സൽസ്, മോസ്കോ എന്നിവിടങ്ങളിലേക്ക് ഒരു ഉന്നതതല ബഹുകക്ഷി രാഷ്ട്രീയ പ്രതിനിധിസംഘത്തെയും പാകിസ്ഥാൻ അയച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് ഇത് നയതന്ത്രപരമായ തിരിച്ചടിയല്ലേ?

എന്തുകൊണ്ടാണ് മുസ്ലീം വിദ്വേഷം രൂക്ഷമാകുന്നത്?

അടുത്തതായി വരുന്ന മറ്റൊരു ചോദ്യം, പഹൽഗാം കൂട്ടക്കൊലയ്ക്ക് ശേഷം ആർ‌എസ്‌എസ്സും ബിജെപിയും അവരുടെ കുപ്രസിദ്ധമായ ഐടി സെല്ലും മുസ്ലീം വിരുദ്ധ പ്രചാരണത്തിൽ മുഴുകുന്നത് എന്തുകൊണ്ടാണ് എന്നതാണ്. എന്തുകൊണ്ടാണ് കുത്തക നിയന്ത്രിത മുഖ്യധാരാ മാധ്യമങ്ങൾ ഭീകരാക്രമണത്തിന്റെ മുസ്ലീം വശത്തെ അമിതമായി ഉയർത്തിക്കാട്ടുന്നതും, തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചു എന്നു പറഞ്ഞ് കാശ്മീരി ജനതയ്ക്കെതിരെ ആളുകളെ വഴിതിരിച്ചുവിടുന്നതും?  ഇന്ത്യയിലുടനീളം താമസിക്കുന്ന കാശ്മീരികൾക്കുനേരേ, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് നേരേ, ഹിന്ദുത്വ ഗ്രൂപ്പുകളുടെ പീഡനങ്ങളും ഭീഷണികളും റിപ്പോർട്ട് ചെയ്യുന്നത് എന്തുകൊണ്ട്? ഏപ്രിൽ 25ന്, തിരക്കേറിയ ഒരു പ്രദേശത്തുള്ള, പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന തീവ്രവാദിയെന്ന് ആരോപിക്കപ്പെടുന്ന ഒരാളുടെ കുടുംബത്തിന്റെ മൂന്ന് നില വീട് സുരക്ഷാ സേന തകർത്തത് എന്തുകൊണ്ടാണ്? രാജസ്ഥാനിലെ ഒരു ബിജെപി എംഎൽഎ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ഒരു പള്ളിയിൽ കയറി ‘ജയ് ശ്രീറാം’ വിളിച്ചതും ‘പാകിസ്ഥാൻ മുർദാബാദ്’ എന്ന ബോർഡ് സ്ഥാപിച്ചതും എന്തിനാണ്? മധ്യപ്രദേശിലെ ഒരു മുസ്ലീം കോൺഗ്രസ് എംഎൽഎയ്ക്ക് നേരേ വധഭീഷണി മുഴക്കിയത് എന്തിനാണ്? തീവ്രവാദികൾക്ക് ഏതെങ്കിലും നിശ്ചിത മതമോ വംശമോ ഉണ്ടോ? തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിൽ എല്ലാ മുസ്ലീങ്ങളെയും ലക്ഷ്യം വെയ്ക്കുന്നുവെന്നാണെങ്കിൽ, വളരെയധികം ഹിന്ദുക്കൾ ഭീകരതയിലും അക്രമത്തിലും ഏർപ്പെട്ടിരിക്കുന്നു എന്നതു കൊണ്ട് എല്ലാ ഹിന്ദുക്കളെയും തീവ്രവാദികളായി മുദ്രകുത്തിക്കൂടേ? ഒഡീഷയിലെ കിയോഞ്ജറിൽ, ഹിന്ദുത്വ ബ്രിഗേഡിന്റെ ഒരു ഘടകമായ ബജ്‌റംഗ് ദൾ പ്രവർത്തകർ ഓസ്‌ട്രേലിയൻ മിഷനറിയായ ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളെയും ചുട്ടുകൊന്നിരുന്നു. പത്രപ്രവർത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിനെ ഹിന്ദുത്വ ഗ്രൂപ്പിലെ അംഗങ്ങൾ വെടിവച്ചു കൊന്നിരുന്നു. 2008ൽ മുംബൈയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുള്ള മാലേഗാവിൽ റംസാൻ വ്രതകാലത്ത് മുസ്ലീം ഭൂരിപക്ഷ പ്രദേശത്തുള്ള ഒരു പള്ളിക്ക് സമീപം ബോംബ് സ്‌ഫോടനം നടത്തിയതിന് ഭരണകക്ഷിയായ ബിജെപിയുടെ മുൻ എംപി പ്രജ്ഞാ സിംഗ് താക്കൂർ, ലെഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിത്, മുൻ മേജർ രമേശ് ഉപാധ്യായ,  അജയ് രഹിർക്കർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽക്കർണി എന്നിവർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) കേസെടുത്തിട്ടുണ്ട്. വെള്ളക്കാരുടെ മേധാവിത്വം അവകാശപ്പെടുന്ന ഒരു ക്രിസ്ത്യൻ സംഘടനയായ ‘കു ക്ലക്സ് ക്ലാൻ’ നിരവധി കറുത്തവർഗ്ഗക്കാരായ ആഫ്രിക്കക്കാരെയും അമേരിക്കക്കാരെയും കൊന്നൊടുക്കിയിട്ടുണ്ട്. അതുകൊണ്ട് എല്ലാ ക്രിസ്ത്യാനികളും തീവ്രവാദികളാണെന്ന് ആരെങ്കിലും പറയുമോ? തീവ്രവാദികൾക്ക് വാസ്തവത്തിൽ എന്തെങ്കിലും  മതമോ വംശമോ ഉണ്ടോ? അതോ, ജനങ്ങളെ ഭയപ്പെടുത്താനും, അധ്വാനിക്കുന്ന ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനും, യുക്തിസഹമായ ചിന്താപ്രക്രിയയെ മുരടിപ്പിക്കാനുമായി വർഗീയതയെയും മൗലികവാദത്തെയും പ്രോത്സാഹിപ്പിക്കാനും, അതുവഴി ക്രൂരമായി അടിച്ചമർത്തുന്ന സാമ്രാജ്യത്വ-മുതലാളിത്തത്തിന്റെ താത്പര്യത്തിനായി ജനങ്ങളെ പരുവപ്പെടുത്താനും സാമ്രാജ്യത്വ-മുതലാളിത്ത ശക്തികൾ തന്നെ പ്രായോജകരാകുന്ന ഭീകര വ്യാപാരികളാണോ അവർ? 

കാശ്മീരി ജനത കാണിച്ചുതന്ന തിളങ്ങുന്ന മാനുഷികമൂല്യം

പഹൽഗാം ദുരന്തത്തിനുശേഷം കാശ്മീരി ജനത മനുഷ്യത്വത്തിന്റെയും സാഹോദര്യവികാരത്തിന്റെയും തിളങ്ങുന്ന മാതൃക കാണിച്ചുതന്നു. ഹെലികോപ്റ്ററുകൾ എത്തുന്നതുവരെ, രക്ഷപ്പെട്ടവരെ പ്രധാനമായും കാശ്മീരിലെ മുസ്ലീങ്ങളാണ് സംരക്ഷിച്ചത്. പരിക്കേറ്റവരെ മുസ്ലീം ഡോക്ടർമാരുടെ ഒരു സംഘം ചികിത്സിച്ചു. അവിടത്തെ പ്രദേശവാസികൾ, പോണി ഹാൻഡ്‌ലർമാർ, ഓട്ടോറിക്ഷാക്കാർ, ഹോട്ടൽ ഉടമകൾ (എല്ലാവരും മുസ്ലീങ്ങൾ) എന്നിവരെല്ലാം സഞ്ചാരികളെ സഹായിച്ചു. സഞ്ചാരികളിൽ നിന്ന് പണം ഈടാക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ആക്രമണം നടന്ന സ്ഥലത്തുണ്ടായിരുന്ന നിരവധി വിനോദസഞ്ചാരികളെ അവരുടെ കാശ്മീരി ഗൈഡുകൾ സുരക്ഷിതമായി തിരികെ കൊണ്ടുപോയി. തീവ്രവാദികളോട് പ്രത്യാക്രമണം നടത്തി അവരിൽനിന്ന് തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ച ഒരു പ്രാദേശിക കുതിരസവാരിക്കാരന് ജീവൻ പോലും നഷ്ടമായി. ബൈസരനിൽനിന്ന് മടങ്ങിയെത്തിയ വിനോദസഞ്ചാരികൾ തദ്ദേശവാസികളുടെ ആതിഥ്യമര്യാദയെ പ്രശംസിച്ചു. “എന്റെ ഡ്രൈവർ ഉസാഫിറും സമീറും – അവർ എന്റെ സഹോദരന്മാരായി മാറി. എല്ലാ കാര്യങ്ങളിലും അവർ എന്നോടൊപ്പം നിന്നു… മോർച്ചറിയിലേക്ക് എന്റെ കൂടെവന്നു, അവിടത്തെ കാര്യങ്ങളിൽ സഹായിച്ചു. പുലർച്ചെ 3 മണി വരെ ഞാൻ അവിടെ കാത്തിരുന്നു… ഇപ്പോൾ എനിക്ക് കാശ്മീരിൽ രണ്ട് സഹോദരന്മാരുണ്ട്. അല്ലാഹു നിങ്ങളെ രണ്ടുപേരെയും സംരക്ഷിക്കട്ടെ,”ശ്രീനഗറിൽനിന്ന് കൊച്ചിയിലേക്ക് തിരികെ പോകുമ്പോൾ ആക്രമണത്തിനിരയായി പിതാവിനെ നഷ്ടപ്പെട്ട ഒരു സ്ത്രീ പറഞ്ഞതാണിത്. പഹൽഗാം ആക്രമണത്തിൽ പ്രതിഷേധിച്ച് ഏപ്രിൽ 23ന് താഴ്‌വര മുഴുവൻ പൂർണ്ണമായ അടച്ചുപൂട്ടൽ ആചരിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും അടച്ചു. ശ്രീനഗർ നഗരമധ്യത്തിലെ ലാൽ ചൗക്കിൽ, കാശ്മീരി ജനത ആ ഹീനമായ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നത് നമ്മൾ കണ്ടു. ‘ഹിന്ദു മുസ്ലീം ഭായ് ഭായ്’ (ഹിന്ദുക്കളും മുസ്ലീങ്ങളും സഹോദരങ്ങളാണ്) എന്ന മുദ്രാവാക്യം അന്തരീക്ഷത്തിൽ മുഴങ്ങി. “അക്രമം ഒരിക്കലും ജയിക്കില്ല”, “നിരപരാധികളുടെ കൊലപാതകങ്ങൾ നിർത്തുക”, “വിനോദസഞ്ചാരികൾ കാശ്മീരിന്റെ ജീവനാഡിയാണ്”,  തുടങ്ങിയ സന്ദേശങ്ങൾ പ്ലക്കാർഡുകളിൽ എഴുതിയ പ്രതിഷേധക്കാർ ഭീരുത്വം നിറഞ്ഞ കൊലപാതകങ്ങൾക്കെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചു. “ഇത് നമ്മുടെ സന്ദർശകർക്കെതിരായ ആക്രമണം മാത്രമല്ല, മറിച്ച് കാശ്മീരിന്റെ സ്വത്വത്തിനും വിലപ്പെട്ട മൂല്യങ്ങൾക്കും നേരെയുള്ള ആക്രമണമാണ്”, എന്നാണ് ഒരു കാശ്മീർ നിവാസി അഭിപ്രായപ്പെട്ടത്. കാശ്മീർ ജനതയുടെ സഹായമില്ലാതെ തീവ്രവാദ പ്രതിഭാസത്തെ നിയന്ത്രിക്കാൻ കഴിയുമോ? ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഭരണ മുതലാളിവർഗ്ഗത്തിന് അധികാരം കൈമാറിക്കൊണ്ട് ബ്രിട്ടീഷ് ഇന്ത്യ വിഭജിക്കപ്പെട്ടതിനെത്തുടർന്ന്, അന്നത്തെ നാട്ടുരാജ്യത്ത് ഒരു ഹിന്ദു രാജാവിന്റെ കീഴിലായിരുന്ന കാശ്മീരി ജനത അവരുടെ ആദരണീയ നേതാവായ ഷെയ്ഖ് അബ്ദുള്ളയുടെ ആഹ്വാനപ്രകാരം ഇന്ത്യാ രാജ്യത്തിന്റെ ഭാഗമാകാൻ സമ്മതിച്ചുവെന്ന് ആർക്കാണ് അറിയാത്തത്.

ജനങ്ങൾ ഏത് മതത്തിൽ പെട്ടവരാണെങ്കിലും, ഏത് ഭാഷ സംസാരിക്കുന്നവരായാലും, ഏത് വംശത്തിൽ പെട്ടവരായാലും, രാജ്യത്ത് ഏത് പ്രദേശത്തു താമസിക്കുന്നവരായാലും, അവർക്കിടയിൽ നാം കാണാൻ ആഗ്രഹിക്കുന്ന സൗഹൃദം, സാഹോദര്യം, ഐക്യദാർഢ്യം, ഐക്യം എന്നിവ ഇതാണ്. ഇന്ത്യയിലുടനീളം മുസ്ലീങ്ങൾക്കെതിരെ ഹിന്ദുക്കളെ ധ്രുവീകരിക്കാൻ തീവ്രവാദികളുടെ പ്രായോജകർ ആഗ്രഹിച്ചു. കാശ്മീരിനെ സംബന്ധിച്ചിടത്തോളം അവർ ഇക്കാര്യത്തിൽ പരാജയപ്പെട്ടിട്ടില്ലേ? ബാക്കിയുള്ള നമ്മളും സമാനമായി അവസരത്തിനൊത്ത് ഉയരേണ്ടത് അനിവാര്യമല്ലേ?

എന്നിട്ടും, എന്തിനാണ് ഹിന്ദു വർഗീയവാദികളായ ആർ‌എസ്‌എസ്സും ബിജെപിയും അവരുടെ അനുബന്ധ സംഘടനകളും മുസ്ലീം വിരുദ്ധ വിദ്വേഷം ഉയർത്തിക്കൊണ്ടുവന്നതും എല്ലാ കാശ്മീരി മുസ്ലീങ്ങളും തീവ്രവാദികളാണെന്ന് പ്രചരിപ്പിക്കുന്നതും? ഇത് സമാധാനപ്രിയരായ കാശ്മീരി ജനതയെ അനാവശ്യമായി ശത്രുതയുള്ളവരാക്കി, അവരിൽ അന്യതാബോധം വളർത്തിയെടുക്കുകയില്ലേ? പഹൽഗാം കൂട്ടക്കൊലയ്ക്കുശേഷം പ്രകടമായ കാശ്മീരികളുടെ തീവ്രവാദ വിരുദ്ധ മനോഭാവത്തെ പ്രോത്സാഹിപ്പിക്കുകയും തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ അവരെ ഉൾപ്പെടുത്തുകയും ചെയ്യേണ്ടതല്ലേ?

യുദ്ധം സൃഷ്ടിക്കുന്നതും യുദ്ധഭീതി നിലനിർത്തുന്നതും ഒരു കുടില മുതലാളിത്ത കുതന്ത്രമാണ്

തർക്കങ്ങളും യുദ്ധസംഘർഷങ്ങളും നിലനിർത്താൻ ആഗ്രഹിക്കുന്ന, ഇരു രാജ്യങ്ങളുടെയും തലപ്പത്തുള്ള ഭരണവർഗ്ഗത്തിന്റെ നിക്ഷിപ്ത താൽപ്പര്യമാണിതെന്ന് വിലയിരുത്തുക മാത്രമല്ല, ബോധ്യപ്പെടുകയും ചെയ്യുക എന്നതാണ് പ്രധാനം. എന്നാൽ ദുരിതവും ദാരിദ്ര്യവും അനുഭവിച്ചുകൊണ്ടിരിക്കുന്ന, യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന, അടിച്ചമർത്തപ്പെട്ട സാധാരണക്കാർക്ക് ഒരു തർക്കവും പരിഹരിക്കാൻ ഒരു തരത്തിലുള്ള യുദ്ധവും ഒരിക്കലും ആവശ്യമില്ല. തീവ്രവാദപ്രവർത്തനങ്ങൾ തുടച്ചുനീക്കുന്നതിൽ മുൻകാല സായുധ ആക്രമണങ്ങൾ വിജയിച്ചിട്ടുണ്ടോ? ഏറ്റവും ഒടുവിലത്തെ സൈനിക നടപടിക്കുശേഷവും തീവ്രവാദ പ്രവർത്തനങ്ങൾ ശാശ്വതമായി അവസാനിക്കുമെന്ന് എന്തെങ്കിലും ഉറപ്പുണ്ടോ? മുൻകാലങ്ങളിലെ യുദ്ധങ്ങൾ ഏതെങ്കിലും തർക്കവിഷയങ്ങൾ പരിഹരിച്ചോ? യുദ്ധവിരുദ്ധരും സമാധാനപ്രിയരുമായ ആളുകൾ ഈ കാര്യങ്ങൾ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.

മറ്റെന്തെങ്കിലും അദൃശ്യലക്ഷ്യങ്ങളുണ്ടോ?

കൂടാതെ, സംശയമുണർത്തുന്ന മറ്റൊരു ചോദ്യമുണ്ട്. വർഗീയവിദ്വേഷം വർദ്ധിപ്പിച്ച് ‘ഓപ്പറേഷൻ സിന്ദൂറി’ന്റെ വിജയം കൊട്ടിഘോഷിക്കുന്ന ആർ‌എസ്‌എസ് – ബിജെപി-സംഘപരിവാർ സഖ്യത്തിന് മറ്റെന്തെങ്കിലും ഗൂഢലക്ഷ്യമു ണ്ടോ? ഒന്നാമതായി, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, തീവ്രമാകുന്ന അസമത്വം, കുതിച്ചുയരുന്ന ദാരിദ്ര്യം, വരുമാനത്തിലെ ഇടിവ് തുടങ്ങിയ നീറുന്ന പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ യുദ്ധഭീതി സൃഷ്ടിക്കുന്നത് സൗകര്യപ്രദമായ ഒരു തന്ത്രമല്ലേ? രാജ്യം അപകടത്തിലാണ്. ശത്രുവിന്റെ ആക്രമണത്തിൽനിന്ന് അതിനെ രക്ഷിക്കുക എന്നതാണ് മറ്റ് എല്ലാ പ്രശ്‌നങ്ങളെയും, അത് എത്ര പ്രധാനപ്പെട്ടതാണെങ്കിലും, അവയെല്ലാം പിന്നിലേക്ക് തള്ളിവിടുന്ന പ്രധാന കടമ. ദേശീയ ഭ്രാന്തും കപട ദേശസ്‌നേഹവും ഉത്തേജിപ്പിക്കുന്ന ഈ മുദ്രാവാക്യം, വർഗ്ഗവിഭജിത ഇന്ത്യയിലെ അടിച്ചമർത്തി ഭരിക്കുന്ന ഭരണ കുത്തകകളുടെ വർഗതാൽപ്പര്യത്തിന് കീഴ്പ്പെട്ട ഭരണസംവിധാനത്തിനുപിന്നിൽ ജനങ്ങളെ അണിനിരത്തുന്നതിനുള്ള ഫലപ്രദമായ ഒരു തന്ത്രമാണ്. രണ്ടാമതായി, ബിജെപിക്ക് മറ്റൊരു താൽപ്പര്യമില്ലേ? അതായത്, മറ്റ് വിഷയങ്ങളുടെ കാര്യത്തിൽ ഒന്നും നല്ലത് പറയാനില്ലാത്തതിനാൽ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുമുമ്പ് അവരുടെ ഹിന്ദു വോട്ട് ബാങ്ക് ഏകീകരിക്കുക എന്നത്?

അടിച്ചമർത്തപ്പെടുന്ന ബഹുജനങ്ങൾ തിരിച്ചറിയേണ്ട സത്യം

ഇത്തരം സംഭവങ്ങളും പ്രതിഭാസങ്ങളും വിഘടന വിഭാഗീയ പ്രവൃത്തികളും സാമുദായികമായ ഭിന്നിപ്പിക്കലുകളും ദേശീയ വികാരം വിജ്രംഭിപ്പിക്കുവാൻ യുദ്ധ സാഹചര്യം ഉപയോഗപ്പെടുത്തുന്നതുമെല്ലാം കൃത്യമായ ലക്ഷ്യത്തോടെയും താൽപര്യങ്ങളോടെയുമാണ്. സാമൂഹ്യ മുന്നേറ്റത്തിന്റെയും പുരോഗതിയുടെയും അനിവാര്യ പരിണതിയായ മുതലാളിത്തവിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവത്തെ ഭയപ്പാടോടെ കാണുന്നതുകൊണ്ടാണ് മുതലാളിത്ത ഭരണകൂടങ്ങൾ, അത് ഇന്ത്യയോ, പാകിസ്ഥാനോ, മറ്റേത് രാജ്യമോ ആകട്ടെ, ജനങ്ങളുടെ ഐക്യത്തെ തകർക്കാനും യോജിച്ച മുന്നേറ്റങ്ങളെ എവ്വിധവും തടയുവാനും ശ്രമിക്കുന്നത്. ശരിയായ വിപ്ലവ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം ജനകീയ മുന്നേറ്റങ്ങൾ മുതലാളിത്ത വിരുദ്ധ സോഷ്യലിസ്റ്റ് വിപ്ളവത്തെ ത്വരിതപ്പെടുത്തും എന്നതാണ് ഇക്കൂ ട്ടരെ ഭയചകിതരാക്കുന്നത്.

Share this post

scroll to top