കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ ജൂൺ 18ന് ഒരു പ്രസംഗമദ്ധ്യേ ഇംഗ്ലീഷ് ഭാഷക്കെതിരെ ദുരുദ്ദേശപരമായ പരാമർശങ്ങൾ നടത്തുകയുണ്ടായി. “ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കുന്ന സ്ഥിതി താമസിയാതെ വന്നു ചേരും. നമ്മുടെ സംസ്കാരത്തിലെ രത്നങ്ങളാണ് നമ്മുടെ ഭാഷകൾ. അവയില്ലാതെ നമുക്ക് യഥാർത്ഥ ഭാരതീയരായിരിക്കാൻ കഴിയില്ല. നമ്മുടെ ചരിത്രമോ സംസ്കാരമോ മതമോ ഒന്നും മനസ്സിലാക്കാനുമാവില്ല. അതിന് ഭാരതീയ ഭാഷകളും ഭാരതീയത്വവും ആവശ്യമാണ്.” ഇതായിരുന്നു അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായം.
ഭാരതീയ ഭാഷകൾ എന്നാണ് പറയുന്നതെങ്കിലും ഹിന്ദിഭാഷയും ഹിന്ദുക്കളും മാത്രമുള്ളൊരു ഹിന്ദുസ്ഥാൻ എന്നതാണ് സംഘപരിവാറിന്റെ സ്വപ്നം. അത് സാക്ഷാത്കരിക്കാൻ പ്രത്യക്ഷവും പരോക്ഷവുമായ അനേകം നടപടികളാണ് കേന്ദ്രസർക്കാർ കൈക്കൊള്ളുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെയും മറ്റും ഹിന്ദി അടിച്ചേല്പിക്കാൻ ശ്രമം നടത്തുന്നു. ഹിന്ദുക്കളല്ലാത്തവർക്ക് രാജ്യത്ത് സ്ഥാനമില്ലെന്ന ഗോൾവാൾക്കർ പ്രബോധനം ഇടയ്ക്കിടെ ഓർമിപ്പിക്കുന്നു. ഇംഗ്ലീഷ് ഭാഷയ്ക്കെതിരെ അമിത് ഷാ നടത്തിയ പരാമർശവും ഈ ബൃഹദ് പദ്ധതിയുടെ ഭാഗം തന്നെയാണ്.
കാതലായ വിഷയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാൻ രാഷ്ട്രീയ നേതാക്കൾ വിവാദങ്ങളുണ്ടാക്കാറുണ്ട്. ബീഹാർ തിരഞ്ഞെടുപ്പിനുമുമ്പ് ഹിന്ദിക്കുവേണ്ടി വാദിക്കുന്നത് പത്ത് വോട്ടുകിട്ടാൻ ഉതകുകയും ചെയ്യും. എന്നാൽ ഈ താത്കാലിക നേട്ടത്തിനപ്പുറം ദീർഘകാലലക്ഷ്യം മുൻനിർത്തിയുള്ളതാണ് അമിത്ഷായുടെ അഭിപ്രായ പ്രകടനം എന്നു മനസ്സിലാക്കാൻ വിഷമമില്ല.
ദീർഘകാലത്തെ ബ്രിട്ടീഷ് വാഴ്ച ബ്രിട്ടീഷുകാരുടെ ഭാഷയോടും തദ്ദേശീയരിൽ വെറുപ്പുണ്ടാക്കി. ബോധപൂർവ്വമായ ശ്രമങ്ങളുടെകൂടി ഫലമായിരുന്നു അത്. സ്വദേശിപ്രസ്ഥാനത്തോടൊപ്പം സ്വദേശിഭാഷക്കു വേണ്ടിയും ജനങ്ങൾ നില കൊണ്ടു. എന്നാൽ ബ്രിട്ടീഷ് വാഴ്ച അവസാനിച്ചതോടെ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടു.
ഇന്ന് ഇംഗ്ലീഷിന് ആഗോള ബന്ധഭാഷയുടെ സ്ഥാനമാണുള്ളത്. ലോകത്തെ മറ്റൊരു വികസിതഭാഷയ്ക്കും ആസ്ഥാനം നേടാനായിട്ടില്ല. ബ്രിട്ടീഷുകാർ ലോകം മുഴുവൻ കോളണികൾ സ്ഥാപിച്ചതു കൊണ്ടാണ് ഇത് സാദ്ധ്യമായത്. ഇന്ന് അന്തർദ്ദേശീയ ബന്ധങ്ങൾക്ക് ഏതു രാജ്യത്തിനും ഇംഗ്ലീഷ് ഭാഷ അനിവാര്യമാണ്. ഇംഗ്ലീഷിനെതിരെ പ്രസംഗിക്കുന്ന അമിത് ഷായും മോദിയുമൊക്കെ ഇത് നന്നായി അറിയാവുന്നവരുമാണ്. ബിജെ പി നേതാക്കളിൽ പലരുടെയും മക്കൾ വിദേശത്തുണ്ട്. എല്ലാം രാജ്യാതിർത്തികൾ ഭേദിച്ചു പായുന്ന കാലത്ത് കിണറ്റിലെ തവളയാകാൻ ആർക്കും കഴിയില്ല.
ബ്രിട്ടീഷുകാർ സ്ഥാപിച്ച ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവരാണ് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് മുന്നിട്ടിറങ്ങിയത് എന്നതും മറക്കരുത്. വിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും ചക്രവാളങ്ങൾ വികസ്വരമാകാൻ ഇംഗ്ലീഷ് പഠനം ഉപകരിച്ചുവെന്നർത്ഥം. ജനാധിപത്യ-മതേതര ധാരണകൾ പ്രബലമാകാനും അതിനായി പൊരുതാനും അത് ജനങ്ങളെ പ്രാപ്തരാക്കി.
വികസിതമായ ഭാഷയിലൂടെയാണ് വികസിതമായ ചിന്ത സാദ്ധ്യമാകുന്നത്. ഇന്ത്യയിലെ ഒരു ഭാഷയ്ക്കും ഇംഗ്ലീഷിനോളം വികാസമുണ്ടായിരുന്നില്ല. ഇംഗ്ലീഷുമായുള്ള സഹവാസത്തിലൂടെയാണ് ഇന്ത്യൻഭാഷകൾ വളർന്നത്.
പിന്നെന്തിനാണ് പഴയ ഇംഗ്ലീഷ് വി രോധം ചിലർ ഇപ്പോഴും കുത്തിപ്പൊക്കുന്നത്? വികസിത ഭാഷയും വികസിത ചിന്തയും നിഷേധിക്കുക തന്നെ ലക്ഷ്യം. ബഹുഭൂരിപക്ഷം ജനങ്ങളെയും പിന്നാക്കാവസ്ഥയിൽ തളച്ചിടുക. അവരിൽ സങ്കുചിത ഭാവങ്ങൾ വളർത്തിയെടുക്കുക. ഭരണവർഗത്തിന്റെ ആജ്ഞാനുവർത്തികളാക്കി പുരോഗമന മുന്നേറ്റങ്ങൾക്കെതിരെ ഉപയോഗിക്കുക. ഈ ഹീനതന്ത്രമാണ് സംഘപരിവാർ ഇന്ന് പയറ്റുന്നത്. സയൻസ് പഠനം വികലമാക്കുന്നതും ചരിത്ര പാഠങ്ങൾ നിഷേധിക്കുന്നതും പോലെതന്നെയാണ് ഇംഗ്ലീഷ് വിരോധം കുത്തിവയ്ക്കുന്നതും.
ഇന്ത്യയിലെ എല്ലാ ഭാഷകളും നമുക്ക് പ്രിയപ്പെട്ടതാണ്. എല്ലാം ദേശീയ ഭാഷകൾ തന്നെ. എന്നാൽ, ഒരു ബന്ധഭാഷ എന്ന സ്ഥാനം ഏറ്റെടുക്കാൻ പാകത്തിൽ ഒരു ഇന്ത്യൻ ഭാഷയും വളർന്നിട്ടില്ല. ഏതെങ്കിലും ഭാഷ അതിന് പ്രാപ്തമാകും വരെ ഇംഗ്ലീഷിനെ ബന്ധഭാഷയായി നിലനിർത്തേണ്ടത് ആവശ്യമാണ്. ഉന്നത വിദ്യാഭ്യാസരംഗത്തും ഇംഗ്ലീഷ് ഒഴിച്ചു കൂടാനാവാത്ത സ്ഥിതിയുണ്ട്. മാതൃഭാഷയും ഇംഗ്ലീഷും എന്ന ദ്വിഭാഷാപദ്ധതിയുടെ പ്രാധാന്യവും ഇതുതന്നെ. രാഷ്ട്രഭാഷ എന്ന നിലയിൽ ഹിന്ദി അടിച്ചേല്പിക്കുന്നത് അശാസ്ത്രീയവും എതിർപ്പ് ക്ഷണിച്ചു വരുത്തുന്നതുമാണ്. ഹിന്ദി ഇന്ത്യയിൽ കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ മാത്രമാണ്. ഹിന്ദി മാത്രം അറിയുന്നവർക്ക് രാജ്യത്തിനുള്ളിൽ പോലും ഏകോപനം സാദ്ധ്യമാക്കാൻ കഴിയില്ല.
ഒരു രാജ്യത്തിന്റെ ഭാഷാനയം ഏറ്റവും ശാസ്ത്രീയമായിരിക്കണം. ബംഗാളിൽ ഒരിക്കൽ ഇടതുമുന്നണി സർക്കാർ പ്രൈമറി ക്ലാസ്സുകളിൽ ഇംഗ്ലീഷ് പഠനം നിഷേധിച്ചു. ശക്തമായൊരു ജനകീയ മുന്നേറ്റത്തി ലൂടെയാണ് ബംഗാൾ ജനത അന്ന് ആ തെറ്റ് തിരുത്തിച്ചത്.
ജനവിരുദ്ധശക്തികൾ വൈകാരികത വളർത്താൻ ഭാഷയെ കരുവാക്കുന്നു. ഭാഷയുടെ പേരിൽ നിരവധി കലാപങ്ങൾ നമ്മുടെ രാജ്യത്ത് നടന്നിട്ടുണ്ട്. വൈകാരികത വെടിഞ്ഞ്, ഉയർന്ന ധാരണയോടെ ഈ വിഷയത്തെ സമീപിക്കാൻ ജനങ്ങൾക്ക്, വിശേഷിച്ച് ചൂഷിതരും മർദ്ദിതരുമായ ജനങ്ങൾക്ക് കഴിയണം. ഭാഷയ്ക്ക് രാജ്യാതിർത്തികൾ ബാധകമല്ല. സയൻസിന്റെ കണ്ടുപിടുത്തങ്ങൾ പോലെ, ചരിത്രപാഠങ്ങൾ പോലെ അത് സാർവ്വദേശീയമാണ്. ഏതു ഭാഷയും ആർക്കും പഠിക്കാം. അത് പഠിക്കുന്നവർക്ക് സ്വന്തമാണ്. ഇംഗ്ലീഷുകാരുടെ ഭരണത്തെ എതിർക്കുമ്പോഴും അവരുടെ ഭാഷ സ്വായത്തമാക്കാൻ ശ്രമിക്കണം എന്ന കാഴ്ചപ്പാട് പുലർത്തിയവർ ധാരാളമുണ്ടായിരുന്നു.
ഇംഗ്ലീഷ് ഭാഷക്കെതിരെ അമിത് ഷായും കൂട്ടരും നടത്തുന്ന പ്രചാരണത്തിന്റെ പിന്നിലെ ദുഷ്ടലാക്ക് നമ്മൾ തിരിച്ചറിയണം. ലോകത്തെ ഏറ്റവും വികസിതമായ ഭാഷകളിലൊന്നായ ഇംഗ്ലീഷ് നിഷേധിച്ച്, വൈജ്ഞാനികമായും സാംസ്കാരികമായും ജനങ്ങളെ പിൻതള്ളി, കോർപ്പറേറ്റ് സേവ സുഗമമാക്കാനുള്ള തത്രപ്പാടിലാണ് ബിജെ പി ഭരണം. ഇതിനെതിരായ പോരാട്ടത്തിന്റെ മൂർച്ചയേറിയ ആയുധങ്ങളിലൊന്നാണ് ഇംഗ്ലീഷ് ഭാഷ. ഒരു രാജ്യം,ഒരു തിരഞ്ഞെടുപ്പ്, ഒരു നികുതി, ഒരു മതം, ഒരു ഭാഷ, ഒരു പാർട്ടി അങ്ങനെ മുദ്രാവാക്യങ്ങൾ ഒന്നൊന്നായി വന്നു കൊണ്ടിരിക്കുന്നു. നാടിന്റെ വൈവിദ്ധ്യങ്ങളെയും, ജനങ്ങളുടെ ഐക്യത്തെയും സാഹോദര്യത്തെയും തകർക്കുകയാണ് എല്ലാ മുദ്രാവാക്യങ്ങളും ഉന്നം വയ്ക്കുന്നത്. ഇതു തിരിച്ചറിഞ്ഞ്, നന്മകളെ സംരക്ഷിക്കാനും വൈവിദ്ധ്യങ്ങളെ ആശ്ലേഷിക്കാനും നമുക്കൊന്നിക്കാം.